ഒന്നിച്ചു നില്‍ക്കാം; ഫലം പുറപ്പെടുവിക്കാം

ഒന്നിച്ചു നില്‍ക്കാം; ഫലം പുറപ്പെടുവിക്കാം

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ (സീറോ മലബാര്‍ സഭ)

തൃശ്ശൂര്‍ പട്ടണത്തിലാണ് എന്റെ വീട്. തൃശ്ശൂര്‍ പുത്തന്‍പള്ളി ബസിലിക്കയാണ് എന്റെ ഇടവക. ഞാന്‍ വീട്ടിലെ പത്താമത്തെ മകനാണ്. ഇളയതുമാണ്. ഞാന്‍ വൈദികനായിട്ട് 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. എന്റെ പൗരോഹിത്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സില്‍ ഓര്‍ക്കാന്‍ ഏറ്റവും ഇഷ്ടം ഉള്ളത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തില്‍ അപ്പം വര്‍ധിപ്പിച്ച കര്‍ത്താവിന്റെ ആദ്യത്തെ അടയാളമാണ്. കര്‍ത്താവിന് ജനത്തോട് അനുകമ്പ തോന്നി. അവര്‍ക്ക് വിശപ്പുണ്ട് എന്ന് തോന്നി. കര്‍ത്താവ് ശിഷ്യന്മാരെ വിളിച്ചു ചോദിച്ചു, ഇവര്‍ക്ക് എവിടെ നിന്ന് നമ്മള്‍ ഭക്ഷിക്കാന്‍ കൊടുക്കും? ശിഷ്യന്മാര്‍ പറഞ്ഞു, 5000 ത്തോളം പുരുഷന്മാരുണ്ട്. ആ സംഖ്യയില്‍ ഒരു സൂചനയുണ്ട്. അതിനേക്കാള്‍ കൂടുതല്‍ സ്ത്രീകളുണ്ട്, കുഞ്ഞുങ്ങളുണ്ട്. നമ്മുടെ കയ്യില്‍ 5 അപ്പമാണ് ഉള്ളത്, രണ്ടു മീനും. കര്‍ത്താവ് കരങ്ങള്‍ നീട്ടിയപ്പോള്‍ അഞ്ചപ്പവും രണ്ടു മീനും അവിടുത്തേക്ക് തന്നെ കൊടുത്തു. കര്‍ത്താവ് അത് എടുത്തുയര്‍ത്തി, വാഴ്ത്തി, മുറിച്ച്, അവരെ പന്തികളില്‍ ഇരുത്തി എല്ലാം വിതരണം ചെയ്തു. എല്ലാവരും തിന്നു തൃപ്തരായതിനുശേഷം ബാക്കിവന്നത് ശേഖരിച്ചു. അത് 12 കൊട്ട നിറയെ ഉണ്ടായിരുന്നു. പൗരോഹിത്യത്തെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തില്‍ എന്നും എനിക്ക് തോന്നിയിട്ടുള്ള ചിന്ത, ദൈവം എടുക്കുന്നു ഉയര്‍ത്തുന്നു, മുറിക്കുന്നു, നല്‍കുന്നു എന്നതാണ്.

മേജര്‍ ആര്‍ച്ചുബിഷപ്പ് ആകുമെന്ന ചിന്തയോടുകൂടി ഞാന്‍ ഈ സിനഡിനു വന്നതല്ല. പക്ഷേ ദൈവത്തിന്റെ നിയോഗം അതാണെങ്കില്‍ ഞാന്‍ കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ല. സിനഡ് എന്ന വാക്കിനര്‍ത്ഥം ഒരുമിച്ച് നടക്കുക എന്നതാണ്. ഞാന്‍ യോഗ്യത കൊണ്ടോ കഴിവുകൊണ്ടോ ഇത് ഏറ്റെടുക്കുകയല്ല. പക്ഷേ ദൈവത്തില്‍ ആശ്രയിച്ച്, പിതാക്കന്മാര്‍ എല്ലാവരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും ദൈവജനത്തിന്റെ മുഴുവനും സഹകരണത്തോടുകൂടി ഇത് ദൈവം ആഗ്രഹിക്കുന്നതു പോലെ നിര്‍വഹിക്കാന്‍ പരിശ്രമിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായത്തില്‍ കര്‍ത്താവ് പറഞ്ഞ മനോഹരമായിട്ടുള്ള ഒരു സാദൃശ്യമാണ്, ഞാന്‍ മുന്തിരിച്ചെടിയാണ്, നിങ്ങള്‍ ശാഖകളാണ്, ചേര്‍ന്നു നില്‍ക്കുക. ചേര്‍ന്ന് നില്‍ക്കുന്നതിനുള്ള വിളിയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. ഒന്നിച്ചു ചേര്‍ന്നു നിന്നാല്‍ ധാരാളം ഫലം പുറപ്പെടുവിക്കാന്‍ നമുക്ക് കഴിയും എന്ന് ഉറപ്പാണ്.

പൗലോസ് അപ്പസ്‌തോലന്റെ കോറിന്തോസ് ലേഖനത്തില്‍ കര്‍ത്താവ് സഭയെ കുറിച്ചുള്ള മനോഹരമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചു. സഭ ദൈവത്തിന്റെ മൗതിക ശരീരമാണ്, കര്‍ത്താവാണ് ശിരസ്സ്, നമ്മള്‍ അവയവങ്ങളാണ്. നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ. ഒരു ശരീരം ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണല്ലോ ആരോഗ്യകരമാകുന്നത്. നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ദൈവം അനുഗ്രഹം നല്‍കും. ഞാന്‍ അതിന് നേതൃത്വം കൊടുക്കാന്‍ വിളിക്കപ്പെട്ടു എന്നതിന്റെ പേരില്‍ എന്റെ ഉത്തരവാദിത്വം നിങ്ങളോട് സഹകരി ക്കുക എന്നുള്ളതാണ്. ഈ ദൗത്യം ഏറ്റെടുക്കുന്ന തിനു മുമ്പ് ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വം ചിന്തിച്ച പ്പോള്‍ പൗലോസ് അപ്പസ്‌തോലനെ ബലപ്പെടു ത്തിയ ഒരു വചനം കര്‍ത്താവ് തന്നു. രണ്ട് കോറിന്തോസ്, പന്ത്രണ്ടാം അധ്യായം ഒമ്പതാം വചനം: നിനക്ക് വേറൊന്നും വേണ്ട, എന്റെ കൃപ മതി.

നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞാന്‍ അപേക്ഷിക്കുക യാണ്. മെത്രാന്‍ ഒരു സ്വകാര്യസ്വ ത്തല്ല. മെത്രാന്‍ എല്ലാവരുടെയും പൊതുസ്വത്താണ്. അതുകൊണ്ട് എന്റെ ദൗത്യം കുറേക്കൂടി നിങ്ങളുടെ കൂടെ ആയിരിക്കുക, നിങ്ങള്‍ക്കുവേണ്ടി ആയിരിക്കുക എന്നതാണ്. ഞാന്‍ ഈ കാര്യത്തില്‍ ദൈവത്തില്‍ ആശ്രയിക്കും. കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നതുപോലെ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. എവിടെയെങ്കിലുമൊക്കെ നമുക്ക് കുറവുകള്‍ ഉണ്ടെങ്കില്‍ മറ്റ് അവയവങ്ങള്‍ ചേര്‍ന്ന് അത് പരിഹരിക്കണം. അങ്ങനെ പരിഹരിക്കുന്ന ഒരു ശൈലിയായിരിക്കണം എന്റേതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ഒറ്റയ്ക്ക് എല്ലാം ഭംഗിയായി ചെയ്യാന്‍ സാധിക്കും എന്ന് ഞാന്‍ കരുതിയിട്ടില്ല. നമ്മളെല്ലാവരും കൂടി ഒന്നിച്ചു നിന്നാല്‍ കര്‍ത്താവ് നമ്മിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

ഞാന്‍ വീട്ടില്‍ ആയിരിക്കുമ്പോള്‍ അമ്മ മരിക്കുന്നതിനു മുമ്പ് എന്നെ ഏല്‍പ്പിച്ച ഒരു സമ്മാനം ഉണ്ട്. ഞാനിന്നും ചൊല്ലിക്കൊണ്ടിരിക്കുന്ന കൊന്ത. അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, നീയത് ചേര്‍ത്തു പിടിക്കണം, കളഞ്ഞേക്കരുത്. പരിശുദ്ധ അമ്മ വഴി നടത്തും. കാനായിലെ കല്യാണവിരുന്നില്‍ ഏറ്റവും വലിയ ഒരു പ്രതിസന്ധിയുടെ നടുവില്‍ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍, അപമാനത്തില്‍, അപഹാസ്യതയുടെ നടുവില്‍ അമ്മ പറഞ്ഞു, മകനെ അവര്‍ക്ക് വീഞ്ഞില്ല. വീഞ്ഞ് തീര്‍ന്നുപോയ കല്‍ഭരണികളുടെ തായ, അപമാനത്തിന്റെയും സങ്കടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഒക്കെ ഒരു കാലാവസ്ഥ ആയിരിക്കാം. പക്ഷേ സാരമില്ല, അമ്മ അതെല്ലാം നമുക്ക് അനുകൂലമാക്കും.

നമ്മുടെ സഭയുടെ വളര്‍ച്ച നമ്മുടെ മെത്രാന്മാ രും വൈദികരും സന്യസ്തരും ജനങ്ങളും നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ്.

മേജര്‍ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്ക പ്പെട്ടുവെങ്കിലും ഒരു മാറ്റവും എനിക്ക് വന്നിട്ടില്ല. നിങ്ങളുടെ പഴയ തട്ടിലച്ചന്‍, തട്ടില്‍ പിതാവ് തുടരും.

  • (മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ നടത്തിയ പ്രഭാഷണം)

  • മാര്‍ റാഫേല്‍ തട്ടില്‍:

    ജീവിതരേഖ

തൃശ്ശൂര്‍ നഗരാതിര്‍ത്തിയാല്‍ തന്നെയുള്ള തട്ടില്‍ കുടുംബത്തില്‍ ഔസേഫിന്റെയും ത്രേസ്യയുടെയും മകനായി 1956 ഏപ്രില്‍ 21 നാണ് മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ അതിരൂപത മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം വടവാതൂര്‍ സെമിനാരിയിലെ പഠനശേഷം 1980 ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമില്‍ ഉപരിപഠനം നടത്തി, ഓറിയന്റല്‍ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 'സീറോ മലബാര്‍ സഭയിലെ വൈദിക രൂപീകരണം: ഒരു ചരിത്രനിയമ പഠനം' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം.

അതിരൂപത മതബോധന വിഭാഗം ഡയറക്ടറായും തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയുടെ സ്ഥാപക റെക്ടറായും സേവനം ചെയ്തിട്ടുണ്ട്. 2010 ല്‍ തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാനായി നിയമിതനായി. 2017 മുതല്‍ ഷംഷാബാദ് രൂപത മെത്രാനായി സേവനം ചെയ്തുവരികയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org