മുട്ടത്തമ്മയുടെ പള്ളി: സഹസ്രാബ്ദം പിന്നിടുന്ന ചരിത്ര സമ്പത്ത്

മുട്ടത്തമ്മയുടെ പള്ളി: സഹസ്രാബ്ദം പിന്നിടുന്ന ചരിത്ര സമ്പത്ത്

ആലപ്പുഴ ജില്ലയിലെ, ചേര്‍ത്തല താലൂക്കില്‍, പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന സുറിയാനി കത്തോലിക്കാദേവാലയമാണ് മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയം. ഭാരത ക്രൈസ്തവ പാരമ്പര്യമനുസരിച്ച് തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഏഴു സഭാസമൂഹങ്ങളില്‍ ഒന്നായ കോക്കമംഗലം ചേര്‍ത്തലയില്‍ നിന്നും മൂന്നു മൈല്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്നു. ഏ ഡി ഒന്നാം നൂറ്റാണ്ടില്‍ തന്നെ കോക്കമംഗലത്തെ ക്രൈസ്തവസമൂഹം അവിടെയുണ്ടായ മതപീഢനംമൂലം കായലിന് അക്കരെയുള്ള പള്ളിപ്പുറത്തേക്കു കുടിയേറിപ്പാര്‍ത്തു എന്നാണു പാരമ്പര്യം. വിസ്തൃതമായിരുന്ന കോക്കമംഗലം കായല്‍ ക്കരയുടെ കരപ്പുറമെന്നും മറ്റും പില്ക്കാലത്തു വിശേഷിക്കപ്പെട്ട ചേര്‍ത്തല പ്രദേശം ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ മൂലം കായലില്‍ നിന്നും രൂപപ്പെട്ട കരപ്പുറമായതിനാല്‍ കരയോടു കൂട്ടിച്ചേര്‍ക്കപ്പെട്ട സ്ഥലം എന്നര്‍ ത്ഥത്തിലാണു ചേര്‍ത്തല എന്ന പേരു (ചേര്‍ത്ത + തല) ലഭിച്ചെന്നു പഴമക്കാര്‍ പറയുന്നു. എട്ടാം നൂറ്റാണ്ടു മുതലാണ് ഇവിടെ ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം ചേര്‍ത്തലയില്‍ കുടിയേറി താമസമാക്കിയവരില്‍ യഹൂദരും സുറിയാനി ക്രിസ്ത്യാനികളും ഉള്‍പ്പെട്ടിരുന്നു എന്നതാണ് പാരമ്പര്യം. ചേര്‍ത്തലയില്‍ കുടിയേറിപ്പാര്‍ത്ത ആദിമ ക്രൈസ്തവസമൂഹം തങ്ങളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് പള്ളിപ്പുറം പള്ളിയിലായിരുന്നു. പള്ളിപ്പുറം പള്ളിയില്‍ ആത്മീയകാര്യങ്ങള്‍ക്കു പോയിരുന്നതിനാല്‍ കായലിനു ഇക്കരെയുള്ള ചേര്‍ത്തല നിവാസികളും പള്ളിപ്പുറം പള്ളി ഇടവകയുടെ ഭാഗമായി മാറി. ചേര്‍ ത്തലയിലെ നസ്രാണികള്‍ തങ്ങളുടെ കരയില്‍ സ്വന്തമായി ഒരു ദേവാലയം സ്ഥാപിച്ചപ്പോള്‍ പള്ളിപ്പുറത്തെ പുരാതന ദേവാലയത്തറവാട്ടില്‍ നിന്നും പിരിഞ്ഞുണ്ടായ ദേവാലയമാണ് മുട്ടത്തുപള്ളി എന്നുപറയുന്നതിനു സംഗതിയായി.

കുടിയേറ്റം എവിടെനിന്ന്?

മുട്ടത്തു പള്ളിയിലെ പുരാതന താളിയോലകളില്‍ എഴുതപ്പെട്ടിരിക്കുന്ന ചില പ്രമാണങ്ങള്‍, കച്ചീട്ടുകള്‍, ആധാരങ്ങള്‍ എന്നിവയില്‍നിന്നും ചേര്‍ത്തലയില്‍ കുടിയേറിപ്പാര്‍ത്തവരില്‍ ഒരു പ്രബലവിഭാഗം വന്നതു കൊടുങ്ങല്ലൂരില്‍ നിന്നാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ഈ താളിയോലകളില്‍ എഴുതിയിരിക്കുന്ന ഒരു പ്രയോഗമാണ് മേല്പറഞ്ഞ നിഗമനത്തിലേക്കു നയിക്കുന്നത്. അതില്‍ പറയുന്നത് ഇപ്രകാരമാണ്: 'മഹാതേവര്‍ പട്ടണത്തായ മുട്ടത്തങ്ങാടിയില്‍ കുടിയിരിക്കും'' ഇന്നിടത്ത് ഇന്നാര്, 'എഴുതുന്ന/എഴുതിക്കൊടുക്കുന്ന പ്രമാണം, കച്ചീട്ട്, വരിയോല, തീറാധാരം ആവിത്.''

മുട്ടത്ത് അങ്ങാടിയെ 'മഹാതേവര്‍ പട്ടണത്തായ മുട്ടത്തങ്ങാടി' എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശിവനെ മഹാദേവര്‍, മഹാതേവര്‍ എന്നെല്ലാം ഹൈന്ദവര്‍ വിശേഷിപ്പിക്കാറുണ്ട്. തന്മൂലം ശിവക്ഷേത്രത്തിനു സമീപമുള്ള അങ്ങാടിയെ 'മഹാതേവര്‍ പട്ടണത്തായ അങ്ങാടി' എന്നു വിശേഷിപ്പിക്കുക സ്വാഭാവികമാണ്. മുട്ടത്തങ്ങാടിയുടെ സമീപമുള്ളത് കാര്‍ ത്യായനിയമ്പലമാണ്. തന്മൂലം മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടു കിട്ടിയ പ്രയോഗമല്ല 'മഹാദേവര്‍ പട്ടണത്തായ മുട്ടത്തങ്ങാടി' എന്ന വിശേഷണം എന്നു തീര്‍ച്ചപ്പെടുത്താം. എങ്കില്‍ പിന്നെ ഈ പ്രയോഗം എവിടെനിന്നു വന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

പത്ത് പതിനൊന്നു നൂറ്റാണ്ടുകളില്‍ കൊടുങ്ങല്ലൂരുനിന്നും കുടിയേറിപ്പാര്‍ത്തവര്‍ (സുറിയാനി നസ്രാണികളും, യഹൂദരും) ചേര്‍ ത്തല കരപ്പുറത്തെ മുട്ടത്തു ദേശത്ത് രൂപംകൊടുത്ത അങ്ങാടിയായിരുന്നു മുട്ടത്തങ്ങാടി എന്നു സാരം. എട്ടാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന, ശുകസന്ദേശമെന്ന പുരാതന സംസ്‌കൃത കാ വ്യം രചിക്കപ്പെടുന്ന കാലത്ത് ചേര തലസ്ഥാനമായിരുന്ന, കൊടുങ്ങല്ലൂര്‍ അതിന്റെ സര്‍വമോടികളോടുംകൂടി ശോഭിച്ചിരുന്നു എന്നു പ്രസ്തുത കാവ്യത്തില്‍നിന്നും മനസ്സിലാക്കാം. കുലശേഖര പെരുമാക്കള്‍മാരുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്നതു കോട്ടപ്പുറം ഭാഗത്തായിരുന്നുവെന്നും ഈ സംസ്‌കൃത കാവ്യ വ്യാഖ്യാതാക്കള്‍ അവകാശപ്പെടുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരിലെ ചേരതലസ്ഥാനത്തിന്റെ പേരായിരുന്നു മഹോദയപുരം അഥവാ മഹാതേവര്‍ (മഹാദേവര്‍) പട്ടണം. ഈ പട്ടണം ചോളന്മാര്‍ ആക്രമിച്ചതായി കോകില സന്ദേശത്തില്‍ പറയുന്നു. രാജസിംഹനെന്ന ചേരരാജാവിന്റെ കാലത്ത് കേരളത്തിന്റെ മിക്കഭാഗങ്ങളും ചോളന്മാരുടെ ആക്രമണത്തിനു വിധേയമായി. പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ ഉണ്ടായ ചോളന്മാരുടെ ആക്രമണത്തിന്റെ ഫലമായി കൊടുങ്ങല്ലൂരില്‍ കച്ചവടപ്രമാണികളായിരുന്ന മണിഗ്രാമത്തിലെ ക്രൈസ്തവര്‍ കൊടുങ്ങല്ലൂരുനിന്നും മറ്റു പലദേശങ്ങളിലേക്കും കുടിയേറിപ്പാര്‍ത്ത് അങ്ങാടികള്‍ക്കു രൂപംകൊടുത്തു.

കൊടുങ്ങല്ലൂരിലെ മണിഗ്രാമത്തില്‍നിന്നും താഴേക്കാടിലേക്കു കുടിയേറിയ രണ്ടു ക്രൈസ്തവ കച്ചവട പ്രമാണികള്‍ക്കു പ്രത്യേക അവകാശങ്ങള്‍ രാജസിംഗന്റെ കാലത്തു (പതിനൊന്നാം നൂറ്റാണ്ടില്‍) അനുവദിച്ചുകൊടുത്തതാണു പ്രസിദ്ധമായ താഴേക്കാട് ശാസനം. കുലോത്തുംഗ ചോളന്റെ കാലത്തു മഹോദയപുരം തകര്‍ ക്കപ്പെട്ടു; അതോടെ കേരളത്തിന്റെ കേന്ദ്രീകൃത ഭരണത്തില്‍ വിള്ളല്‍ വീണു. മഹോദയപുരം തകര്‍ക്കപ്പെട്ടതോടെ മഹോദയപുരത്തെ കച്ചവടക്കാരായിരുന്ന സുറിയാനി നസ്രാണികള്‍ ചിതറിക്കപ്പെടുകയും അവരില്‍ ഒരു വിഭാഗം ചേര്‍ ത്തല കരപ്പുറത്തേക്കു കുടിയേറി കച്ചവടകേന്ദ്രത്തിനു (അങ്ങാടി) രൂപം കൊടുക്കുകയും ചെയ്തു. 'മാകോതൈ' അഥവാ 'മഹാകോത' എന്നത് ഒരു ചേര ബിരുദമാണെന്നു സംഘം കൃതികളിലെ ചേരരാജാക്കന്മാരുടെ പേരുകളില്‍ നിന്നും മനസ്സിലാക്കാം. ഇതു പിന്നീടു ചേര തലസ്ഥാനത്തിനും ബാധകമായിരിക്കണം. മഹാദേവര്‍ പട്ടണമാണു മാകോതൈ എന്നും പറയുന്നു. മഹാദേവര്‍ പട്ടണം ചേര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നല്ലോ. മഹോദയപുരമാണു മഹാദേവര്‍ പട്ടണം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. (വി വി കെ വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങള്‍: തൃശ്ശൂര്‍ ജില്ല, pp. 116-119). മഹോദയപുരത്തുനിന്നും അഥവാ മഹാദേവര്‍ പട്ടണത്തുനിന്നും മുട്ടത്തു കുടിയേറിപ്പാര്‍ത്തവര്‍ രൂപംകൊടുത്ത അങ്ങാടിക്കു തങ്ങളുടെ പൂര്‍വികസ്ഥാനത്തിന്റെ പേരും പഴയ പ്രതാപത്തിന്റെ പെരുമയും നിലനിറുത്തുന്നതിനുവേണ്ടി 'മഹാദേവര്‍ പട്ടണത്തായ' എന്ന വിശേഷണം കൂട്ടിച്ചേര്‍ത്തു എന്നു ന്യായമായും അനുമാനിക്കാം. അതിന്റെ ഫലമായി പത്താം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലോ, പതിനൊന്നാം നൂറ്റാണ്ടിലോ രൂപംകൊണ്ട മുട്ടത്തങ്ങാടിക്ക് അവിടുത്തെ പ്രബലരായ നസ്രാണികള്‍ 'മഹാദേവര്‍ പട്ടണത്തായ മുട്ടത്തങ്ങാടി' എന്ന പേരു നല്കിയതു സ്വാഭാവികം.

താളിയോലകളില്‍ പ്രതിപാദിക്കുന്ന 'പട്ടണം', 'അങ്ങാടി' എന്നീ രണ്ടു പദങ്ങളും ശ്രദ്ധേയമാണ്. പട്ടണം എന്നു വിശേഷിപ്പിക്കുന്നത് സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന കച്ചവടകേന്ദ്രത്തെയും അധിവാസസ്ഥാനത്തേയുമാണ് (Coastal settlement). എന്നാല്‍ അങ്ങാടി ഉള്‍നാടുകളിലെ, ഗ്രാമപ്രദേശങ്ങളിലെ, അധിവാസകേന്ദ്രങ്ങളും അവിടെ രൂപീകൃതമായിട്ടുള്ള കച്ചവടകേന്ദ്രങ്ങളുമാണ്. ആകയാല്‍ 'പട്ടണ'ത്തില്‍നിന്നും ഗ്രാമത്തിലേക്കു മുട്ടത്തേക്ക് (മുട്ടം = ഗ്രാമം) കുടിയേറിയ കച്ചവടക്കാര്‍ ഗ്രാമത്തില്‍ രൂപംകൊടുത്ത കച്ചവടസ്ഥാനമായി അങ്ങാടിയെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മേല്പറഞ്ഞവിധം കുടിയേറിയ നസ്രാണികള്‍ തങ്ങള്‍ രൂപംകൊടുത്ത അങ്ങാടിയില്‍ തങ്ങളുടെ ആരാധനാലയം സ്ഥാപിച്ചു എന്നതു ചരിത്രവസ്തുതയായി നിലകൊള്ളുന്നു. എന്തെന്നാല്‍ ക്രൈസ്തവര്‍ ദേവാലയത്തിനെ കേന്ദ്രസ്ഥാനമാക്കിയാണ് അങ്ങാടികള്‍ക്കു രൂപംകൊടുത്തിരുന്നതെന്നതിനു വളരെ ചരിത്രസാക്ഷ്യങ്ങളുണ്ട്. മുട്ടത്തും ദേവാലയത്തെ കേന്ദ്രസ്ഥാനമാക്കിയ അങ്ങാടിയാണു രൂപീകൃതമായത്. മുകളില്‍ പ്രതിപാദിച്ചവയില്‍ നിന്നും മുട്ടത്തങ്ങാടിയും മുട്ടത്തു പള്ളിയും പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായെന്ന് ഉറപ്പിക്കാവുന്നതാണ്. മുട്ടം എന്ന വാക്കിന്റെ അര്‍ത്ഥം ഗ്രാമം എന്നാണ്. മുട്ടത്തങ്ങാടി എന്നു പറഞ്ഞാല്‍ ഗ്രാമത്തിലെ അങ്ങാടി എന്നും മുട്ടത്തു പള്ളി ഗ്രാമത്തിലെ പള്ളി എന്നും അനുമാനിക്കണം.

ദേവാലയ സ്ഥാപനം:

പതിനൊന്നാം നൂറ്റാണ്ടില്‍ മുട്ടത്തങ്ങാടിയില്‍ പള്ളി സ്ഥാപിതമായി എന്നു പറയുമ്പോള്‍ അത് ഏതു വര്‍ഷമായിരിക്കും എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ദേവാലയ സ്ഥാപനവര്‍ഷത്തെക്കുറിച്ച് ആദ്യത്തെ പരാമര്‍ ശം ലഭിക്കുന്നത് സഭാപഞ്ചാംഗത്തില്‍ നിന്നാണ്. സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1887-ല്‍ കോട്ടയം, തൃശ്ശിവപേരൂര്‍ എന്നീ രണ്ടു വികാരിയാത്തുകള്‍ സ്ഥാപിതമായപ്പോള്‍ മുട്ടംപള്ളി കോട്ടയം വികാരിയാത്തില്‍ ഉള്‍പ്പെട്ടിരുന്നു. കോട്ടയം വികാരി അപ്പസ്‌തോലിക്കയായിരുന്ന ചാള്‍സ് ലവീഞ്ഞു മെത്രാന്‍ തന്റെ അധികാരത്തിലുള്ള പള്ളികളുടെ സ്ഥാപനകാലം എഴുതിയറിയിക്കാന്‍ 1889-ല്‍ വികാരിമാരോട് ആവശ്യപ്പെട്ടതുപ്രകാരം മുട്ടത്തുപള്ളി വികാരിയായിരുന്ന ബഹു. വളമംഗലത്ത് യൗസേപ്പ് കത്തനാര്‍ നല്കിയ മറുപടിയുടെ പശ്ചാത്തലത്തില്‍ 1890-ലെ സഭാപഞ്ചാംഗത്തില്‍ 'മുട്ടത്തു ശുദ്ധ മാതാ പരിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം കൊല്ലവര്‍ഷം 142-ല്‍ (ക്രിസ്തുവര്‍ഷം 967-ല്‍) സ്ഥാപിതമായി' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 1896-ല്‍ എറണാകുളം വികാരിയാത്തു സ്ഥാപിതമായതിനുശേഷം മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാന്‍ 1897-ല്‍ തന്റെ വികാരിയാത്തില്‍പെട്ട പള്ളികളുടെ സ്ഥാപനവര്‍ഷം നല്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുട്ടത്തു വികാരി നല്കിയ മറുപടിയില്‍ 'ഏ ഡി 1023ല്‍ മുട്ടത്ത് ശുദ്ധമാത മറിയത്തിന്റെ നാമത്തില്‍ പള്ളി സ്ഥാപിക്കപ്പെട്ടു' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

മാര്‍ ളൂയിസ് മ്രെതാന്‍ മുട്ടത്തുപള്ളിയുടെ സ്ഥാപന കാലമായി ഏ ഡി 1023-നെ ഔദ്യോഗികമായി നിശ്ചയിക്കുകയും 1901 മുതലുള്ള സഭാപഞ്ചാംഗത്തില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ഏ ഡി 1023-നു മുമ്പു പള്ളി സ്ഥാപിതമായിട്ടുണ്ടെന്ന് ഊഹിക്കാമെന്നു' 1908-ലെ സര്‍വേയിലും കൊല്ലവര്‍ഷം 142-ല്‍ സ്ഥാപിതമായെന്നു 1889-ലും വികാരി എഴുതിയിരുന്നെങ്കിലും അതിനെ തീര്‍ച്ചപ്പെടുത്താന്‍ മാര്‍ ളൂയിസ് മ്രെതാനു ബുദ്ധിമുട്ടുണ്ടായിരുന്നതിനാലാണു സ്മാരക ശിലയെ (tomb stone) അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഏ ഡി 1023 എന്ന വര്‍ഷത്തെ പള്ളിയുടെ സ്ഥാപനവര്‍ഷമായി മാര്‍ ളൂയിസ് മെത്രാന്‍ ഉറപ്പിച്ചത്. നിലവിലിരിക്കുന്ന പള്ളി ഏതു വര്‍ഷമാണു സ്ഥാപിച്ചതെന്ന ചോദ്യത്തിനു 300-ല്‍ ചില്വാനം കൊല്ലമായി എന്ന മറുപടിയാണല്ലോ വികാരി നല്കിയത്; അതും പാരമ്പര്യ വര്‍ത്തമാനമായി. എന്നാല്‍ 1653-ലെ കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്ന് ഇവിടത്തെ സ്ഥിതിഗതികള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയമിതനായ പേപ്പല്‍ കമ്മീഷന്റെ കൊമ്മിസറി (ചെയര്‍മാന്‍/കണ്‍വീനര്‍) യായി രുന്ന ഫാ. ജോസഫ് സെബസ് ത്യാനി 1666-ല്‍ പ്രസിദ്ധീകരിച്ച PRIMA SPEDITIONE ALL INDIE ORIENTALI എന്ന ഗ്രന്ഥത്തില്‍ 1657-ല്‍ മുട്ടം പള്ളി സന്ദര്‍ശിച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: 'മുട്ടത്ത് കാര്യങ്ങളെല്ലാം നന്നായി പോകുന്നെന്ന് കണ്ടപ്പോള്‍ അങ്ങോട്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചു. പോകുന്നവഴി എനിക്കൊരു കത്തു കിട്ടി. അതു കൊച്ചിയിലെ രാജാവിന്റേതായിരുന്നു. അദ്ദേഹം അവിടെ കാണുമെന്നും എന്നോടു സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതില്‍ പറഞ്ഞിരുന്നു. എന്നെ സഹായിക്കാമെന്ന വാഗ്ദാനവും അതിലുണ്ടായിരുന്നു. ഞാന്‍ മുട്ടത്ത് എത്തിയപ്പോള്‍ വലിയൊരു സ്വീകരണമാണ് എനിക്കു ലഭിച്ചത്. ഞാന്‍ കടവില്‍ എത്തിയപ്പോള്‍ കടുത്തുരുത്തിയിലെ രാജാവിന്റെ മകന്‍ ഞാന്‍ വന്നകാര്യം കൊച്ചിരാജാവിനെ അറിയിച്ചു. രാജാവാകട്ടെ പിറ്റേ ദിവസം രാവിലെ തന്നെ എന്നെ സന്ദര്‍ശിക്കാനായി രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ മുട്ടത്തേക്കയച്ചു...' (Joseph Sebastiani, PRIMA SPEDITIONE ALL INDIE ORIENTALI, വിവര്‍ത്തനം: ഫാ. പാട്രിക് മൂത്തേരില്‍, പൗരസ്ത്യ ഇന്ത്യയിലേക്കുള്ള പ്രേഷിത പ്രയാണങ്ങള്‍, p. 168).

ദേവാലയാശീര്‍വാദം:

കൊമ്മിസറിയായിരുന്ന ഫാ. സെബസ്ത്യാനി 1658-ല്‍ റോമിലേക്കു തിരിച്ചുപോയി. 1659-ല്‍ സുറിയാനി കത്തോലിക്കര്‍ക്കായി പ്രൊപ്പഗാന്ത തിരുസംഘത്തിനു കീഴില്‍ മലബാര്‍ വികാരിയാത്ത് സ്ഥാപിക്കപ്പെടുകയും പ്രഥമ വികാരി അപ്പസ്‌തോലിക്കയായി ഫാ. സെബസ്ത്യാനി നിയമിതനാവുകയും 1661-ല്‍ കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. കേരളത്തിലെത്തിയ സെബസ്ത്യാനി മെത്രാന്‍ തന്റെ രണ്ടാം പ്രേഷിത യാത്രയെക്കുറിച്ച് 1672-ല്‍ പ്രസിദ്ധീകരിച്ച SECONDO SPEDITIONE ALL INDIE ORIENTALI എന്ന ഗ്രന്ഥത്തില്‍ മുട്ടത്തെ ഇപ്പോഴത്തെ ദേവാലയം അദ്ദേഹം കൂദാശ ചെയ്തതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. 1661 ആഗസ്റ്റ് 23-നാണു ദേവാലയം ആശീര്‍വദിച്ചത്. അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: 'മുട്ടത്തുനിന്നു വിസീത്ത ആരംഭിക്കുന്നതിനാണ് ഞാന്‍ നിശ്ചയിച്ചത്. ആ പള്ളിയാണല്ലോ എനിക്ക് ആദ്യമായി വിധേയത്വം പ്രഖ്യാപിച്ചത്; എല്ലാം തയ്യാറായി കഴിഞ്ഞപ്പോള്‍ ആഗസ്റ്റ് 22-ാം തീയതി ഞാന്‍ യാത്ര തിരിച്ചു. ഇരുപതില്‍പരം വഞ്ചികള്‍, ചെണ്ട, തമ്പുരം തുടങ്ങിയ വാദ്യഘോഷങ്ങളോടെ അവര്‍ എനിക്ക് അകമ്പടി സേവിച്ചു.' '...ആ സ്ഥലങ്ങള്‍ വീണ്ടും കാണുവാന്‍ കഴിഞ്ഞതില്‍ എനിക്കു വളരെ സന്തോഷമുണ്ടായി. ആദ്യത്തെ വരവില്‍ ഞാന്‍ താമസിച്ചിരുന്ന ചെറുഭവനം സന്ദര്‍ശിക്കുന്നതിനു ഞാന്‍ പോയി. അതുപോലെതന്നെ അവിടെയുണ്ടായിരുന്ന നിത്യസഹായ മാതാവിന്റെ കപ്പേളയും ഞാന്‍ സന്ദര്‍ശിച്ചു. അവിടെയാണു ഞാന്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നത്' (ഫാ. മൂത്തേരില്‍, pp. 490-492).

ഇപ്രകാരം 1661 ആഗസ്റ്റ് 23-നു മാര്‍ സെബസ്ത്യാനി മെത്രാന്‍ ആശീര്‍വദിച്ച പ്രധാന ദേവാലയം കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വിധേയമായെങ്കിലും സര്‍വപ്രതാപത്തോടെ ഇന്നും നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org