സഭയുടെ ശൈലി മാറണം, കാലത്തിനനുസരിച്ച്

ഫാ. ലൂക്ക് പൂതൃക്കയില്‍
സഭയുടെ ശൈലി മാറണം, കാലത്തിനനുസരിച്ച്
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് പഴയവ പലതും തള്ളിക്കളയാനും പുതിയ പാതകളും ശൈലികളും വെട്ടിതുറക്കാനും തയ്യാറാകാതിരുന്നാല്‍ സമയ നഷ്ടത്തിനും ധന നഷ്ടത്തിനും നാം വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ മതി. സഭയുടെ പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും സഹായകമല്ലാത്തത് ഒന്നും ചെയ്യാതിരിക്കാന്‍ തയ്യാറാകണം.

ഇടവകകളും രൂപതകളും കേരള സഭയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന അനുഷ്ഠാനപരമായ ചടങ്ങുകളും കര്‍മ്മങ്ങളും പരമ്പരാഗതമായ പ്രവര്‍ത്തന തുടര്‍ച്ചകളും അടിസ്ഥാന ആത്മീയതയ്ക്ക് നിരക്കുന്നതോ കാലഘട്ടത്തിന്റെ ആവശ്യങ്ങളുമായി ഒത്തുപോകുന്നതോ ആയി തോന്നുന്നില്ല.

ഒരു ക്രൈസ്തവന് നിരവധിയായ സംവിധാന ചട്ടക്കൂടുകളിലൂടെയും ഇതര പ്രവര്‍ത്തനങ്ങളിലൂടെയും ജീവിതം കടന്നുപോകേണ്ടതുണ്ട്. തിരുബാലസഖ്യം, മിഷന്‍ലീഗ്, കെ.സി.എസ്.എല്‍., യുവജന പ്രസ്ഥാനം, പിതൃവേദി, മാതൃവേദി, ലീജിയന്‍ ഓഫ് മേരി, വിന്‍സെന്റ് ഡി പോള്‍, സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് തുടങ്ങി നിരവധി സംഘടനകളുടെ പ്രാദേശിക ഫൊറോന, മേഖല, രൂപതാതല മത്സരങ്ങള്‍ക്കും ക്യാമ്പുകള്‍ക്കും വിധേയമാകാനുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ വേദപാഠം പന്ത്രണ്ടാം ക്ലാസ്സ് വരെയും ഇതിനിടയില്‍ കോഴ്‌സുകളും സുലഭമായി ഉണ്ടാകുന്നുണ്ട്. സ്‌കൂള്‍ തലത്തിലും വേദപാഠവും മോറല്‍ സയന്‍സും ഉണ്ട്. ഇടവക തലങ്ങളിലും ധ്യാനമന്ദിരതലങ്ങളിലും കേന്ദ്രീകരിച്ച് ധ്യാനങ്ങളും സെമിനാറുകളും നടക്കുന്നു. ഇടവക തലങ്ങളിലും രൂപതാ തലങ്ങളിലും സംഘടനാ തലത്തിലും ബൈബിള്‍ കലോത്സവം, ലോഗോസ് ക്വിസ് മത്സരങ്ങള്‍, ചിത്ര രചനാ മത്സരങ്ങള്‍, പിക്‌നിക്കുകള്‍, തീര്‍ത്ഥാടന യാത്രകള്‍, സ്റ്റഡി ടൂറുകള്‍ തുടങ്ങിയവ അരങ്ങേറുന്നുണ്ട്. നേര്‍ച്ചഭക്ഷണം, ഊട്ടുനേര്‍ച്ച, കഞ്ഞിനേര്‍ച്ചകള്‍ തുടങ്ങിയവയും പള്ളികള്‍ തോറും നടക്കുന്നു. ചെറിയ തിരുനാളുകള്‍, മദ്ധ്യസ്ഥന്റെ തിരുനാള്‍, വലിയ തിരുനാളുകളും ധാരാളമുണ്ട്. വ്യക്തികളുടെയും സം ഘടനകളുടെയും സ്ഥാപനങ്ങളുടെയും സന്ന്യാസ സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലും പേരിലും വിവിധ വര്‍ഷങ്ങളുടെ പേരില്‍ ദശാബ്ദം, രജത റൂബി സുവര്‍ണ്ണ നവതി, ശതാബ്ദി, ശതോത്തര രജത ജൂബിലി, ദ്വിശതാബ്ദി തുടങ്ങിയ ആഘോഷങ്ങളും നടക്കാറുണ്ട്. ഓര്‍മ്മ ദിനാചരണങ്ങള്‍, പ്രവര്‍ത്തനോദ്ഘാടനങ്ങള്‍, ആനിവേഴ്‌സറികള്‍, കൂടിവരവുകള്‍, കരിസ്മാറ്റിക് യോഗങ്ങള്‍ തുടങ്ങിയവയ്ക്കും ഒരു കുറവുമില്ല. രൂപതാ ദിനാചരണം, പ്രേഷിത ദിനാചരണം, സഭാ ദിനാചരണം, യുവജന ദിനാചരണം, സന്ന്യസ്ത വര്‍ഷം, അല്മായ വര്‍ഷം, വൈദിക വര്‍ഷം, മരിയ വര്‍ഷം, മിഷന്‍ വര്‍ഷാചരണം ദിവ്യകാരുണ്യ വര്‍ഷാചരണം തുടങ്ങി എത്ര പ്രോഗ്രാമുകളാണ് ഓരോ വര്‍ഷവും അരങ്ങേറുക. മൂന്ന് നോമ്പ്, എട്ടുനോമ്പ്, പതിനഞ്ച് നോമ്പ്, ഇരുപത്തഞ്ചു നോമ്പ്, അമ്പത് നോമ്പ്, ഉപവാസങ്ങള്‍ തുടങ്ങിയവ ആത്മീയ വളര്‍ച്ചയെന്നപോലെ നടത്തുന്നുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ച് തിരുശേഷിപ്പ് പ്രയാണങ്ങള്‍, പേടക പ്രയാണങ്ങള്‍, റാലികള്‍, പദയാത്രകള്‍ പുഷ്പമുടിയാചരണം, കഴുന്ന്, അമ്പ് തുടങ്ങിവയും സഭയില്‍ നടക്കുന്നുണ്ട്. പ്രീ-മാര്യേജ് കോഴ്‌സുകള്‍, പോസ്റ്റ് മാര്യേജ് കോഴ്‌സുകള്‍, യുവജന ക്യാമ്പുകള്‍ തുടങ്ങിയവ ഇടവക മേഖലാ രൂപതാ തലങ്ങളിലും നടക്കുന്നുണ്ട്. വണക്കമാസങ്ങള്‍, നിയോഗസാദ്ധ്യ പ്രാര്‍ത്ഥനകള്‍, സമര്‍പ്പിത പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയും ധാരാളമുണ്ട്. കുരിശുപള്ളി പ്രാര്‍ത്ഥനകളും കുരിശുപള്ളി സ്ഥാപനങ്ങള്‍, കൊഴിക്കോട്ട നേര്‍ച്ച, നെയ്യപ്പ നേര്‍ച്ച, ബണ്ണ് നേര്‍ച്ച തുടങ്ങിയവയും, നീന്തലും മലകയറ്റങ്ങളും ഒക്കെ നാം നടത്തിക്കൊണ്ടിരിക്കുന്നു. അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒന്നിന് പിറകേ ഒന്നൊന്നായി ക്രൈസ്തവ ജീവിതത്തിലുണ്ട്. പ്രോഗ്രാമുകളുടെ നീണ്ട നിര ഓരോ ഇടവകയിലുമുണ്ട്.

ഇവയെല്ലാം സഭയുടെ പ്രവര്‍ത്തനഭാഗങ്ങളാണ് എന്നാല്‍ ഇവയെല്ലാം കൂട്ടിയാലും സഭ ആകുന്നുണ്ടോ? സഭ വളരുന്നുണ്ടോ? ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിന് മഹത്വമുണ്ടാകുന്നുണ്ടോ? ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദൈവരാജ്യ വികസനം നടക്കുന്നുണ്ടോ? സഭയെ പ്രതിരോധിക്കാനും ഏകോപിപ്പിക്കാനും വളര്‍ത്താനും ഇതിലേതെങ്കിലും പരിപാടികള്‍ കൊണ്ട് സാധിക്കുന്നുണ്ടോ? ഇല്ലെന്ന് മാത്രമല്ല ജനസംഖ്യകൊണ്ടും സാക്ഷ്യത്തിന്റെ കുറവുകൊണ്ടും അനുഷ്ഠാന ധാര്‍മ്മിക ശക്തിയില്‍ നാം പിറകോട്ട് പോയി എന്നതാണ് വാസ്തവം. ഫലം നോക്കാതെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പ്രോഗ്രാമിന് വേണ്ടി പ്രോഗ്രാമുകള്‍ നടത്തുന്നു. പഴയ ശൈലിയല്ലാതെ ഒന്നും തന്നെ നടക്കുന്നില്ലെന്നത് സത്യമാണ്. പഴയ വീഞ്ഞ് പുതിയ തോല്‍ക്കുടത്തില്‍ നിറയ്ക്കുന്നതേല്ലേയുള്ളൂ. ഏതാണ്ടൊക്കെ പ്രവര്‍ത്തിക്കുന്നതല്ലാതെ അവയുടെ റിപ്പോര്‍ട്ട് എഴുതി വയ്ക്കുന്നതല്ലാതെ അവയുടെ ഒക്കെ ഔട്ട്പുട്ട് എന്താണെന്ന് വിലയിരുത്താതെയുള്ള പ്രവര്‍ത്തനങ്ങളാണിവയെല്ലാം. സഭയുടെ പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും ഏകോപനത്തിനും വിശ്വാസ സംഹിത സംരക്ഷണത്തിനും ഇവയൊക്കെ എത്രമാത്രം സഹായിക്കുന്നു എന്നറിയാതെ നാം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് പഴയവ പലതും തള്ളിക്കളയാനും പുതിയ പാതകളും ശൈലികളും വെട്ടിതുറ ക്കാനും തയ്യാറാകാതിരുന്നാല്‍ സമയ നഷ്ടത്തിനും ധനനഷ്ടത്തിനും നാം വിധേയമായിക്കൊണ്ടിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ മതി. സഭയുടെ പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും സഹായകമല്ലാത്തത് ഒന്നും ചെയ്യാതിരിക്കാന്‍ തയ്യാറാകണം. വിശ്വാസപരമായി മാത്രമല്ല കാലികപരമായ ആക്രമണങ്ങളും ക്രൈസ്തവര്‍ നേരിടേണ്ടി വരുന്നു. രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ ഒരു കോര്‍ഗ്രൂപ്പ് ഇടവകകള്‍തോറും രൂപതകള്‍ തോറും ഉണ്ടായേ പറ്റൂ. രണ്ടു കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ക്രൈസ്തവ ജനസംഖ്യ പിടിച്ചു നിര്‍ത്തുക; മുന്നേറുക, രണ്ട് ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയെ പ്രതിരോധിക്കാന്‍ ധൈര്യവും തന്റേടവും ചുറുചുറുക്കും അപ്പസ്‌തോലിക തീക്ഷ്ണതയും ഉള്ളവരെ വാര്‍ത്തെടുക്കുക ക്രൈസ്തവ ജനങ്ങള്‍ക്ക് 'ത്രില്ല്' കൊടുക്കാന്‍ സഭാനേതൃത്വങ്ങള്‍ക്ക് ഇന്ന് സാധിക്കുന്നില്ല. ഒട്ടകപക്ഷിയെപ്പോലെ പ്രശ്‌നങ്ങള്‍ വന്നാല്‍ തല മണ്ണില്‍പൂഴ്ത്തുന്ന ഒരു നിലപാട് ആണ് നമ്മുടെ മുമ്പില്‍ പലപ്പോഴും നേതൃത്വങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുക. അനുഷ്ഠാന കര്‍മ്മങ്ങളില്‍ നിന്നും, മറ്റ് കാര്യങ്ങളില്‍ നിന്നും അല്പമൊക്കെ പിന്‍വലിഞ്ഞ് ക്രിസ്തുസഭയെ പ്രതിരോധിക്കാനും വളര്‍ത്താനുമുള്ള ചങ്കൂറ്റത്തോടെ രംഗത്തിറങ്ങാന്‍ പറ്റിയ പ്രബോധനങ്ങളും പ്രസംഗങ്ങളും മാതൃകകളുമാണാവശ്യം. ധ്യാനമന്ദിരങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുന്നവരില്‍ നിര്‍ഗുണതാ നിസ്സംഗത ചടുതലയില്ലായ്മ, ഒതുങ്ങിക്കഴിയുക, മൗനം പാലിക്കുക തുടങ്ങിയവ വര്‍ദ്ധിച്ചുവരുന്നു. പൗരോഹിത്യവും സന്യാസവും ദൈവവിളിയും ഒക്കെ വാഴ്ത്തി പറയുകയും കുടുംബജീവിതക്കാര്‍ക്ക് പ്രോത്സാഹനജനകമായത് ഒന്നും പറയാതിരിക്കുകയും ചെയ്യുന്നത് സഭയെ ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാക്കി. സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയകാര്യങ്ങള്‍ പഠിച്ചും വിലയിരുത്തിയും വിവേചിച്ചും അപ്പോഴപ്പോള്‍ സധൈര്യം പ്രതികരിച്ചും വേണ്ടി വന്നാല്‍ സമരമാര്‍ഗ്ഗത്തിലൂടെ കാല്‍ചുവട്ടിലുള്ള മണ്ണ് ഉതിര്‍ന്നു പോകാതിരിക്കാനുള്ള നടപടികളും സഭാ തലങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്.

കേരളത്തില്‍ തഴച്ചുവളര്‍ന്ന നസ്രാണി കേന്ദ്രങ്ങളെല്ലാം ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. 1980 മുതല്‍ 2010 വരെ ആരോഗ്യപൂര്‍ണ്ണമായ കുടുംബജീവിതം എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും ബാക്കിപത്രം ദമ്പതികള്‍ക്ക് 2 കുട്ടികള്‍ മാത്രമായി ചുരുങ്ങിയതാണ്. അതോടൊപ്പം ഈ കാലഘട്ടത്തില്‍ രൂപതകളും സന്ന്യാസ ഭവനങ്ങളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചതോടെ കുട്ടികളുടെ നല്ല ശിക്ഷണത്തിനും സാമ്പത്തിക ഞെരുക്കം ഉണ്ടാകാതിരിക്കാനും കുട്ടികളുടെ എണ്ണം ദമ്പതികള്‍ കുറച്ചു. മാത്രവുമല്ല ധ്യാനമന്ദിരങ്ങളിലും കണ്‍വെന്‍ഷന്‍ പന്തലുകളിലും പ്രസംഗിക്കപ്പെട്ട് ഭക്തിയും അനുഷ്ഠാന വ്യഗ്രതകളും കുടുംബങ്ങളെ ശോഷിപ്പിച്ചു. അമിതമായ ദൈവവിളി പ്രോത്സാഹനവും വിദേശത്തേയ്ക്ക് സമര്‍പ്പിതരെ കയറ്റുമതി ചെയ്തതും സഭയ്ക്ക് കോട്ടങ്ങളുണ്ടാക്കി. സിനിമ കാണാത്തവരും കൂട്ടുകാര്‍ ഇല്ലാത്തവരും രാഷ്ട്രീയം ഇല്ലാത്തവരും ആരാധനാലയങ്ങങ്ങളില്‍ മുടക്കം കൂടാതെ പോകുന്നവരും മദ്യം കഴിക്കാത്തവരും ആയ യുവാക്കള്‍ യോഗ്യരായവര്‍ എന്ന വിചാരം ഇക്കാലയളവില്‍ നാം ഉണ്ടാക്കിയെടുത്തു. വിവാഹത്തേക്കാള്‍ പഠനം, ജോലി, വിദേശ ജീവിതം എന്നിവയ്ക്ക് സഭാ നേതൃത്വങ്ങള്‍ തന്നെ പ്രോത്സാഹനം കൊടുത്തു. ഇതെല്ലാം സഭയെ ദുര്‍ബലപ്പെടുത്തി.

മതങ്ങളുടെ സ്വാധീനങ്ങള്‍ ഈ കാലയളവില്‍ ശക്തിപ്പെട്ടു. മതങ്ങളെല്ലാം തീവ്രമായ നിലപാടുകളിലേയ്ക്കു മാറുകയും വിഭാഗീയതയും കപട മതേതരത്വവും ശക്തിപ്പെടുകയും ചെയ്തു. ക്രിസ്തുമതം ഭക്തിക്ക് മാത്രം പ്രാധാന്യം കൊടുത്തു. വീടും പറമ്പും സംരംഭങ്ങളും ഒന്നും നഷ്ടപ്പെടാതെ ജീവിക്കാന്‍ ക്രൈസ്തവര്‍ക്ക് ഇന്ന് സാധിക്കുന്നില്ല. ക്രൈസ്തവ ജീവിതത്തിന്റെ ആത്മീയത ജപമാലയിലും ചില അനുഷ്ഠാനങ്ങളിലും ഒതുങ്ങിപ്പോയി. സ്വര്‍ഗ്ഗോന്മുഖതയും നിത്യസൗഭാഗ്യവും പ്രാര്‍ത്ഥനകളില്‍ ക്രമാതീതമായി കൂടി. ജീവിക്കുന്ന സാഹചര്യങ്ങളിലെ വെല്ലുവിളികളും പ്രതി സന്ധികളും കാണാതെ പോകുന്നതാണ് ഏറ്റവും വലിയ ദുരന്തം. വൈദികരുടേയും പ്രത്യേകിച്ചു സമര്‍പ്പിതരുടേയും മാനവശേഷി എപ്രകാരം പ്രയോജനപ്പെടുത്തുന്നു എന്ന് വിലയിരുത്തേണ്ടതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org