
അമേരിക്കയില്‍ എല്ലായിടത്തുംതന്നെ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാണ്. സ്‌കൂള്‍ ബസ്സും സൗജന്യമാണ്. എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ ബസ്സില്‍ കയറാന്‍ കഴിയില്ല. ഒരു കിലോമീറ്ററിനുപുറത്ത് താമസിക്കുന്നവര്‍ക്കു മാത്രമാണ് സ്‌കൂള്‍ ബസ്സില്‍ സാധാരണയായി പോകാന്‍ കഴിയുക. ഞങ്ങള്‍ ടെക്‌സസ്സിലാണ്. ടെക്‌സസ്സിനെ 1200 ഓളം സ്വതന്ത്ര സ്‌കൂള്‍ ജില്ല (Independent School Ditsrict - ISD)കളായി തിരിച്ചിരിക്കുകയാണ്. ഓരോ ജില്ലയ്ക്കും ഏരിയ നിശ്ചയിച്ചിട്ടുണ്ട്. ഒരു സ്‌കൂള്‍ ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ സ്‌കൂളുകളും ഉണ്ടാകും. ഒരു പ്രധാന കാര്യം ആ സ്‌കൂള്‍ ജില്ലയിലുള്ളവരുടെ കുട്ടികള്‍ അനുവദിച്ചിട്ടുള്ള സ്‌കൂളില്‍ മാത്രമേ കുട്ടികളെ വിടാന്‍ പാടുള്ളൂ. നമ്മളെപ്പോലെ എല്‍ കെ ജി കുട്ടികളെ കിലോമീറ്ററുകള്‍ ദൂരെ പഠിപ്പിക്കാന്‍ വിടാന്‍ കഴിയില്ല. അതുകൊണ്ട് ജനങ്ങള്‍ താമസസ്ഥലം തിരഞ്ഞെടുക്കുന്നതു തന്നെ ആ സ്‌കൂള്‍ ജില്ലയിലുള്ള സ്‌കൂളിന്റെ ഗുണമേന്മ അനുസരിച്ചാണ്. സ്‌കൂളിനൊക്കെ വ്യത്യസ്ത പേരുകളാണ്. അതൊന്നും സ്റ്റേറ്റ് സ്‌കൂളാണെന്ന് എങ്ങും പറഞ്ഞിട്ടുമില്ല. ചില സ്ഥലങ്ങളില്‍ പ്രൈവറ്റ് സ്‌കൂളുമുണ്ട്. അവിടെ പഠിപ്പിക്കാന്‍ വലിയ സാമ്പത്തിക ചെലവുണ്ട്.
പ്രീ കെ ജി (5 വയസ്സ്) മുതല്‍ 5-ാം ക്ലാസ് വരെ എലിമെന്ററി സ്‌കൂള്‍ ആണ്. അതുകഴിഞ്ഞാല്‍ വേറെ സ്‌കൂളില്‍ പോകണം. കുട്ടികള്‍ക്ക് പ്രത്യേക യൂണിഫോം കണ്ടില്ല, ടൈ ഇല്ല, മുട്ടുവരെയുള്ള സോക്‌സും ഇല്ല. ഏതു വേഷവും ധരിക്കാം. പെണ്‍കുട്ടികള്‍ മുടി കെട്ടിയിടണമെന്നൊന്നുമില്ല. പഠിപ്പിക്കുന്നവര്‍ക്കും വേഷ നിബന്ധനയൊന്നും കണ്ടില്ല. മിക്കവാറും എല്ലാ ദിവസവും കുട്ടിയെ സ്‌കൂളിലാക്കാനും കൊണ്ടുവരാനും പോകുമ്പോള്‍ കാറില്‍ ഞാനും പോകാറുണ്ട്. വെറുതെ ഒരു രസം. ആ സമയത്തു മാത്രം പ്രധാന റോഡില്‍ സ്‌കൂളിലേക്ക് തിരിയുന്ന വശത്തു റിച്ചാര്‍ഡ്‌സണ്‍ സിറ്റിയിലെ പൊലീസുണ്ടാകും. സ്റ്റേറ്റ് പൊലീസ് കൂടാതെ ഓരോ സിറ്റിക്കും വേറെ പൊലീസുണ്ട്. കുട്ടികളോ അവരുടെ മാതാപിതാക്കളോ റോഡിലേക്കു വരുന്നത് കണ്ടാല്‍ അവര്‍ കടന്നു പോകാതെ വാഹനങ്ങള്‍ ഒന്നും വിടില്ല. എല്ലാവരും പൊലീസുകാര്‍ക്ക് ഹലോ പറയാതെ പോകില്ല. കുട്ടികള്‍ അവരുടെ കയ്യില്‍ ഒന്ന് തൊട്ടിട്ടാവും പോകുക. അവര്‍ തമ്മിലുള്ള ആ സൗഹൃദം ഒന്ന് കാണേണ്ടതാണ്. അതാണ് പൊലീസ്. സ്‌കൂള്‍ കോമ്പൗണ്ട് തുറന്നു കിടക്കുകയാണ്. പ്രത്യേകം മതിലൊന്നുമില്ല. കാറില്‍ ചെന്നിറങ്ങുമ്പോള്‍, കാറിന്റെ വാതില്‍ തുറക്കാനും കുട്ടികളെ ഇറക്കാനും മുതിര്‍ന്ന കുട്ടികള്‍ പ്രത്യേകം ഉടുപ്പിട്ട് നില്‍ക്കുന്നുണ്ടാകും. എന്നിട്ട് അവര്‍ നമുക്ക് നല്ല ദിവസം ആശംസിക്കും. വലിയ ഗ്രൗണ്ടില്‍ വിശാലമായ സ്‌കൂള്‍ ആണ്. ഒരു ക്ലാസില്‍ 15-20 ല്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകില്ല. വലിയ യോഗ്യതകളുള്ള അധ്യാപകരും. ഇവിടെ പൊതുവെ ആളുകള്‍ എപ്പോഴും അവരുടെ ഓമനകളായ നായയെയും കൊണ്ടാവും നടക്കുക. പക്ഷേ സ്‌കൂള്‍ കോമ്പൗണ്ടില്‍ നായയെ പ്രവേശിപ്പിക്കരുത് എന്ന് എഴുതിവച്ചിട്ടുണ്ട്. ഇടറോഡില്‍ കുട്ടികളും മറ്റും റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലത്ത് പ്രായമായ ഒരു സ്ത്രീ പ്രത്യേകം യൂണിഫോമിട്ട് STOP പ്ലക്കാര്‍ഡും പിടിച്ചുകൊണ്ട് കുട്ടികളെയും മറ്റും കടത്തിവിടുന്നുണ്ട്. അവര്‍ക്ക് അലവന്‍സുമുണ്ട്, സ്‌കൂള്‍ ബസ്സ് മഞ്ഞനിറത്തില്‍ തന്നെയാണ്. ധാരാളം ലൈറ്റുകള്‍ ഉണ്ടാകും. ബസ്സ് നിര്‍ത്തി കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോള്‍ സ്റ്റോപ്പ് ബോര്‍ഡും ലൈറ്റും ഉണ്ടാകും. അപ്പോള്‍ ആരും ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല. അതാണ് നിയമം.
സ്‌കൂള്‍ തുറക്കുന്നതിന്റെ തലേദിവസവും, തുറക്കുന്ന ദിവസവും എല്ലാവര്‍ക്കും സ്‌കൂളില്‍ കയറാം. പിന്നെ സമ്മതിക്കില്ല. ഞങ്ങള്‍ ആറു പേരും കൂടി പോയി. അഞ്ചാം ക്ലാസുവരെ എലിമെന്ററി സ്‌കൂളാണ്. നല്ല മനോഹരമായ സ്‌കൂള്‍. നല്ല ലൈബ്രറി, കാന്റീന്‍, മ്യൂസിക് ക്ലാസ് എന്നിവയെല്ലാം. ഞങ്ങള്‍ ഇറങ്ങുമ്പോള്‍ പ്രിന്‍സിപ്പാളും, വൈസ് പ്രിന്‍സിപ്പാളും പുറത്ത് ഓരോരുത്തര്‍ക്കും Thank You പറയാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് സ്‌കൂളില്‍ ചെന്നപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് കാറില്‍നിന്നും ഇറക്കുന്നത് പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും ആയിരുന്നു. സാധാരണ അത് ചെയ്യുന്നത് സീനിയര്‍ കുട്ടികളാണ്.
ചില സ്വഭാവ വിശേഷങ്ങള്‍ വലിയ മാറ്റങ്ങള്‍ എല്ലാവരിലും സൃഷ്ടിക്കും. ഓരോ പുഞ്ചിരിയും മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന സന്തോഷം വളരെ വലുതാണ് എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ നന്നായി പെരുമാറാനും, നന്ദി പറയാനും, സോറി പറയാനും, നല്ല ദിവസം ആശംസിക്കാനും അധ്യാപകര്‍ പഠിപ്പിച്ചാല്‍ അത് ഭാവിയില്‍ വളരെ ഗുണം ചെയ്യും.
ലണ്ടന്‍ ലണ്ടന്‍ സര്‍വത്ര!
നാട്ടിലുള്ള ഒരു സുഹൃത്തിന്റെയും കുടുംബത്തിന്റെയും ഒരു യാത്രയുടെ ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടു. എവിടെയാണ് നിങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി. മറുപടി ഇങ്ങനെ ആയിരുന്നു: ലണ്ടന്‍ ടൊറന്റോ കാനഡ. ടോറോന്റോയും, കാനഡയും മനസ്സിലായി. പക്ഷേ അതിന്റെ കൂടെ ലണ്ടന്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ സംശയമായി. അപ്പോള്‍ അതിനെപ്പറ്റി അന്വേഷിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് മനസ്സിലായത് സാക്ഷാല്‍ ഇംഗ്ലണ്ടിലെ ലണ്ടന്‍ കൂടാതെ ലോകത്തില്‍ 13 രാജ്യങ്ങളിലായി 28 സ്ഥലങ്ങളില്‍ ലണ്ടന്‍ ഉണ്ടെന്നുള്ള കാര്യം. അമേരിക്കയില്‍ ഏകദേശം 15 ഓളം സ്ഥലങ്ങളില്‍ ലണ്ടന്‍ ഉണ്ട്. പിന്നെ ഗിനിയ, സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലും ലണ്ടന്‍ ഉണ്ട്. അതുപോലെ കാനഡയിലും ഒരു ലണ്ടന്‍ ഉണ്ട്. അത് ബ്രിട്ടനില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ സ്ഥാപിച്ചതാണ്. അതുകൊണ്ടാണ് അവര്‍ ലണ്ടന്‍ടൊറന്റോ കാനഡ എന്ന് പറഞ്ഞത്.
(തുടരും)