ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണം: നിലപാടുകള്‍ക്ക് മരണമില്ല

ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണം: നിലപാടുകള്‍ക്ക് മരണമില്ല

ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ക്രൈസ്തവ സമീപനം പലപ്പോഴും ഭീരുത്വത്തിന്റെയും നിസ്സംഗതയുടെയും വൈകാരികതയുടേതുമായി മാറുന്നുണ്ട്. ഭൂരിപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്ന പ്രവണതകളും അടുത്തകാലത്ത് കണ്ടുവരുന്നു.

ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി വിചാരണതടവുകാരനായിരിക്കെ മരണപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ഓര്‍മ്മയായിട്ട് ജൂലൈ 5-ന് ഒരു വര്‍ഷം തികഞ്ഞു. ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സ്റ്റാനിന്റെ കസ്റ്റഡിമരണത്തെ ഐക്യരാഷ്ട്ര സംഘടനയും ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും അപലപിച്ചിരുന്നു. എന്നാല്‍ സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ നിശബ്ദത പുലര്‍ത്തിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. കേരളത്തിലാകട്ടെ ഒരു ക്രൈസ്തവ ദിനപത്രം ഒഴികെ മറ്റൊരു മാധ്യമവും ഫാ. സ്റ്റാനിനെ അനുസ്മരിച്ചില്ല. അത് മറവിയല്ലെന്നത് സുവ്യക്തം. നാം ആരെയോ ഭയപ്പെടുന്നു. ആഗസ്റ്റ് 15-ാം തീയതി ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനമാചരിക്കുമ്പോള്‍ ഭാരതജനതയും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഭയത്തിനടിമപ്പെട്ടിരിക്കുന്നുവെന്നത് ഏറെ വിചിത്രകരം.

കഴിഞ്ഞ ഒരു ദശകത്തിലധികമായി തികച്ചും ധാര്‍ഷ്ട്യത്തോടെയുള്ള ഏകാധിപത്യഭരണമാണ് ഇന്ത്യയില്‍ നടക്കുന്നത്. നിയമസംവിധാനങ്ങളും നീതിന്യായവ്യവസ്ഥയും സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയവും അജണ്ടയുമാണെവിടെയും നിലനില്‍ക്കുന്നത്. ഇലക്ഷനും തിരഞ്ഞെടുപ്പ് പ്രക്രിയകളും വെറും പ്രഹസനങ്ങള്‍ മാത്രം. മാധ്യമത്തിന്റെ സാധ്യത തീരെ പരിമിതപ്പെട്ടു. ഏറിയവയും ഭരണകൂടതാല്പര്യങ്ങളുടെ പ്രചരണോപാധികളായി മാറി. സ്വാതന്ത്ര്യവും വിമര്‍ശന ചിന്തകളും ഉദിച്ചുയരേണ്ട വിദ്യാക്ഷേത്രങ്ങളും സര്‍വകലാശാലകളും ഭയത്തിന്റെ നിഴലിലാണിന്ന്. ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. ഫാസിസത്തിന്റെയും വെറുപ്പ് രാഷ്ട്രീയത്തിന്റെയും ഇരകളാണവര്‍. വര്‍ഗീയതയെ മുന്‍നിറുത്തി അധികാരം കയ്യാളിയ ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെയും പൊതുസമൂഹത്തെയും വര്‍ഗീയവത്കരിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുടെ ശാക്തിക പ്രതിരോധം ഫലപ്രദമാകുന്നില്ലെന്ന് മാത്രമല്ല, അധികാരവര്‍ഗത്തെ അത് കൂടുതല്‍ പ്രബലമാക്കുന്നു. ഒപ്പം വ്യത്യാസങ്ങളെ ഉന്മൂലനം ചെയ്യുന്ന അപരവത്കരണ പ്രത്യയശാസ്ത്രങ്ങളും ശാക്തീകരിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ ഒഴിച്ചുനിറുത്തലുകളില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്നത് ന്യൂനപക്ഷങ്ങളും പാര്‍ശ്വവത്കൃത സമൂഹങ്ങളുമാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിട്ടുള്ള സമത്വവും സ്വാതന്ത്ര്യവും നീതിയും ഇന്ന് കേവലം ജലരേഖകള്‍ മാത്രമാണ്. പ്രതിരോധവും പ്രതിഷേധവും മനുഷ്യാവകാശ സമരങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളായി ബ്രാന്‍ഡ് ചെയ്യപ്പെട്ടുകഴിഞ്ഞു. കസ്റ്റഡിയില്‍ മരണപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിയും നിരത്തില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷും നരേന്ദ്ര ദാബോല്‍ക്കറും എം.എം. കല്‍ബുര്‍ഗിയും ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പനും ടീസ്ത സെതല്‍വാദും മുഹമ്മദ് സുബൈറുമൊക്കെ ജനാധിപത്യവിരോധാഭാസത്തിന്റെയും ഭരണകൂട ഭീകരതയുടെയും സമീപകാല ദൃഷ്ടാന്തങ്ങളാണ്. ചുരുക്കത്തില്‍, ഭൂരിപക്ഷവാദവും ഫാഷിസ്റ്റ് രാഷ്ട്രീയവും വര്‍ഗീയതയും ഭാരതീയ ജനാധിപത്യത്തെ ഗ്രസിച്ചുകഴിഞ്ഞു. ജനാധിപത്യ സംവിധാനങ്ങളുടെ അടിയുറപ്പിനും അധഃസ്ഥിത സമൂഹങ്ങളുടെ ഉന്നമനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഭാരതീയ പൗരനെന്ന നിലയിലും ക്രൈസ്തവനെന്ന നിലയിലും എന്തു ചെയ്യാനാവുമെന്ന് നാം ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതവും ദൗത്യവും മുന്‍പോട്ട് വയ്ക്കുന്നത് ഇതിനു സഹായകരമായ ചില ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളുമാണ്.

ഫാ. സ്റ്റാന്‍ ഒരു ഭീരുവായിരുന്നില്ല. ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം ജാര്‍ഖണ്ഡില്‍ എത്തിയത് ചില ബോധ്യങ്ങളുടെ വെളിച്ചത്തിലാണ്. സാമൂഹികനീതിക്കുവേണ്ടിയുള്ള പ്രയാണം സ്റ്റാനിനെ സംബന്ധിച്ചിടത്തോളം സന്ധിയില്ലാത്ത പ്രതിബദ്ധതയായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള പക്ഷം ചേരാനുള്ള ഈശോസഭാ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആധാരം. ആദിവാസി സമൂഹങ്ങളുടെ ഭൂമി - വനം - തൊഴില്‍ അവകാശങ്ങള്‍ക്കായി ദശാബ്ദങ്ങള്‍ക്കു മുന്‍പേ ഫാ. സ്റ്റാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. ആദിവാസികളുടെയും ദലിതരുടെയും ഉന്നമനത്തിനുവേണ്ടി രണ്ടായിരാമാണ്ടില്‍ റാഞ്ചിയില്‍ ബഗെയ്ച എന്ന പ്രസ്ഥാനം ആരംഭിച്ചു. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന്റെ പേരില്‍ അകാരണമായി ജയിലില്‍ അടയ്ക്കപ്പെട്ട ആദിവാസി - ദലിത് യുവാക്കള്‍ക്കായി സ്റ്റാന്‍ നിയമപോരാട്ടം നടത്തി. ഭരണഘടനയുടെ 5-ാം ഷെഡ്യൂള്‍ പ്രകാരവും 1996-ലെ പെസ ആക്ട് പ്രകാരവും തങ്ങളുടെ സ്വയംഭരണാവകാശങ്ങള്‍ക്കായി ആദിവാസികള്‍ സമരം ചെയ്തപ്പോള്‍ ഫാ. സ്റ്റാന്‍ അവരെ പിന്തുണച്ചു. ഇതേത്തുടര്‍ന്ന്, നക്‌സലൈറ്റ്‌സുമായി ബന്ധമുണ്ടെന്ന വ്യാജാരോപണത്തിന്റെ പിന്‍ബലത്തില്‍ 2020 ഒക്‌ടോബര്‍ മാസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മുംബൈ ജയിലിലടച്ചു. 2021 ജൂലൈ 5-ാം തീയതി ഒരു വിചാരണത്തടവുകാരനായി ഫാ. സ്റ്റാന്‍ മരണപ്പെട്ടു.

ഫാ. സ്റ്റാന്‍ സ്വാമിയുടെ വീരോചിത മരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉദാത്തമായ മാതൃകയും പ്രചോദനവുമാണ്. സ്റ്റാന്‍ സ്വാമി മരണപ്പെട്ടെന്നത് ശരി തന്നെ. എന്നാല്‍ അദ്ദേഹം ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ ഇന്നും സജീവമായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലുണ്ട്. ബഗെയ്ചയിലെ ഗവേഷണവും രീതിശാസ്ത്രവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി ആഴത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. സ്റ്റാനിന്റെ മരണശേഷം സാമൂഹികനീതി പ്രവര്‍ത്തനങ്ങള്‍ക്കായി അനേകം യുവതീയുവാക്കള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവരെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒപ്പം നടക്കുന്നുണ്ട്. എന്നാല്‍ സ്റ്റാന്‍ സ്വാമിയുടെ നിലപാടുകളും ജീവിതസമര്‍പ്പണവും അവരില്‍ ഒരു നവചൈതന്യമാണ് പകര്‍ന്നേകുന്നത്.

ക്രൈസ്തവസഭയ്ക്കും സാമൂഹിക പ്രേഷിതത്വത്തിനും ഫാ. സ്റ്റാന്‍ സ്വാമി നല്‍കിയ ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ രീതിശാസ്ത്രമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ അപചയപ്പെടുത്തുന്ന ഭരണകൂട സമീപനങ്ങളോട് എങ്ങനെ അക്രമരഹിതമായും ഭരണഘടനാപരമായും പ്രതികരിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. പ്രതികരണങ്ങള്‍ക്ക് ആധാരം സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ ശാസ്ത്രീയ വിശകലനവും പ്രത്യേകിച്ച് നീതിനിഷേധിക്കപ്പെട്ടവരുടെ ജീവിതാവസ്ഥയുടെ വിലയിരുത്തലുമായിരിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി. വിശകലനത്തോടൊപ്പം ജനതയെ ബോധവത്കരിക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും നയപരമായ മാര്‍ഗങ്ങള്‍ ആരായുന്നതിനും ഫാ. സ്റ്റാന്‍ ശ്രമിച്ചിരുന്നു. ഭയവും നിസ്സംഗതയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവും ദൗത്യവുമാണ് നാമിന്ന് ഏറ്റെടുക്കേണ്ടത്.

ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ക്രൈസ്തവ സമീപനം പലപ്പോഴും ഭീരുത്വത്തിന്റെയും നിസ്സംഗതയുടെയും വൈകാരികതയുടേതുമായി മാറുന്നുണ്ട്. ഭൂരിപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്ന പ്രവണതകളും അടുത്തകാലത്ത് കണ്ടുവരുന്നു. നിലനില്‍പ്പിന് വേണ്ടി സുവിശേഷമൂല്യങ്ങളില്‍ പോലും വിട്ടുവീഴ്ച നടത്തുന്നത് തികഞ്ഞ അപരാധമാണ്. ഭീരുത്വം വെടിഞ്ഞ് ധീരവും ധൈഷണികവും ധാര്‍മികവുമായ ഇടപെടലുകളാണ് സഭയിന്ന് നടത്തേണ്ടത്. ഈ ഇടപെടലുകളില്‍ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമായിരിക്കണം നമ്മുടെ മുന്‍ഗണന. ഇതാവശ്യപ്പെടുന്നത് നിതാന്തമായ ജാഗ്രതയും ധീരമായ നേതൃത്വവും ഐക്യബോധവുമാണ്.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഈശോസഭ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. പ്രശാന്ത് ഭൂഷണ്‍ന്റെ അഭിപ്രായത്തില്‍ ''വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ധീരമായ നിലപാടുകളുമാണ് ഇന്ന് ക്രൈസ്തവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.'' ഇവിടെ ഫാ. സ്റ്റാന്‍ സ്വാമി ഒരു മാര്‍ഗദീപമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org