വി. എവുപ്രാസ്യാ: ആത്മീയപാതയിലെ പുണ്യപുഷ്പം

വി. എവുപ്രാസ്യാ: ആത്മീയപാതയിലെ പുണ്യപുഷ്പം
Published on

സിസ്റ്റര്‍ ബിന്‍സി തുമ്പാനത്ത് സിഎംസി

എവുപ്രാസ്യാ എന്ന എടുത്തുരുത്തിക്കാരി പ്രാര്‍ത്ഥിക്കുന്ന അമ്മയായും, ചലിക്കുന്ന ദിവ്യസക്രാരിയായും ദൈവസ്‌നേഹത്തിന്റെ പരിമളം പകരുന്ന പുണ്യപുഷ്പമായി വിരിഞ്ഞത് ആത്മീയ വീഥിയില്‍ ചരിക്കുന്നവര്‍ക്കെല്ലാം പ്രചോദനമാണ്. അനിതരസാധാരണമായതൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മലയാളി സന്യാസിനി, തന്റെ സ്വഭാവിക ജീവിതത്തെ അസാധാരണ തന്മയത്വത്തോടെ സമീപിച്ചു എന്നതിലാണ് ഈ ജീവിതത്തിന്റെ മഹത്വം നാം ദര്‍ശിക്കുന്നത്. തന്നെക്കുറിച്ചുള്ള ദൈവഹിതമറിഞ്ഞ് നിര്‍ബന്ധബുദ്ധിയോടെ കേരള കര്‍മ്മലീത്താ സന്ന്യാസിനി സമൂഹത്തില്‍ ചേരുമ്പോള്‍, എവുപ്രാസ്യാ തിരഞ്ഞെടുത്ത വഴിത്താര കൂടുതല്‍ പുണ്യങ്ങളാല്‍ അലംകൃതമാകുന്നത് നാമറിയുന്നു. ലളിതവും സാധാരണവുമായ ഈ ജീവിതത്തില്‍ വിളങ്ങിയിരുന്ന കര്‍മ്മോത്സുകതയെകുറിച്ചും ആന്തരീകമായ ഉണര്‍വിനെകുറിച്ചുമുള്ള വിശകലനം അന്നത്തെ സമൂഹത്തെയെന്നപ്പോലെ, ഇന്ന് നമ്മെയും പ്രചോദിപ്പിക്കുകയും ചലനാത്മകമാക്കുകയും ചെയ്യും.

സദാ ദൈവസാന്നിദ്ധ്യ സ്മരണയില്‍ സ്‌നേഹിക്കുന്നൊരു ഹൃദയവുമായി വ്യാപരിച്ചതിനാലാണ് എവുപ്രാസ്യാമ്മ 'സഞ്ചരിക്കുന്ന സക്രാരിയായി' അറിയപ്പെട്ടത്. മിശിഹായെ സ്വജീവിതത്തില്‍ വഹിച്ചവള്‍ എന്ന രീതിയില്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് മിശിഹായുടെ സ്‌നേഹവും സമാധാനവും നല്കിയവള്‍ എന്ന തലത്തിലും ഈ വിശേഷണം അര്‍ത്ഥവത്താണ്. തനിക്ക് ചുറ്റുമുള്ളവര്‍ക്കും തന്നെ സമീപിച്ചവര്‍ക്കും എന്നും ഒരു ആശ്വാസമായിരുന്നു എവുപ്രാസ്യാമ്മ. കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ, അവരുടെ വേദനയുടെയും ആകുലതകളുടെയും ആഴമറിഞ്ഞുകൊണ്ടുള്ള സ്‌നേഹനിധിയായ ഈ അമ്മയുടെ "മരിച്ചാലും മറക്കില്ലട്ടോ" എന്ന മൊഴികള്‍ എത്രയോപേരെ സമാശ്വസിപ്പിച്ചിരിക്കുന്നു. ഓരോരുത്തരുടെയും വിവിധങ്ങളായ നിയോഗങ്ങള്‍ക്കുവേണ്ടി ദിവ്യസക്രാരിക്ക് മുമ്പില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനാനിരതയായിരുന്നു എവുപ്രാസ്യാമ്മ. മാത്രവുമല്ല, താപസ കര്‍മ്മങ്ങളാല്‍ ത്യാഗപൂര്‍വ്വകമായിരുന്നു അമ്മയുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍. ജീവിതത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് ഉത്ഥിതനായ മിശിഹായുടെ സമാധാനവും ആശ്വാസവും നല്കുവാന്‍ എവുപ്രാസ്യാമ്മയ്ക്ക് സാധിച്ചത്, ക്രൂശിതനെ ആഞ്ഞുപുല്‍കിയതിലൂടെയുള്ള ആത്മസമര്‍പ്പണം കൊണ്ടാണ്. കാണപ്പെടുന്ന സഹോദരരില്‍ ദൈവത്തെ കാണാന്‍ കഴിയുന്ന ആദ്ധ്യാത്മിക സമീപനത്തിന്റെ ഉറവിടം, ദൈവം മാനവ രക്ഷയ്ക്കുവേണ്ടി സഹിച്ച സഹനത്തെ ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലാണ് എന്നത് എവുപ്രാസ്യാമ്മയുടെ ആത്മീയ യാത്രയില്‍നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് മറ്റുള്ളവരുടെ ക്ലേശങ്ങളും വേദനകളും ആകുലതകളും അറിയുമ്പോള്‍ അവര്‍ക്കായി ത്യാഗപൂര്‍വ്വം ദൈവ സന്നിധിയിലായിരിക്കാന്‍ എവു പ്രാസ്യാമ്മയ്ക്ക് കഴിഞ്ഞതും. സ്വമനസാ സ്വീകരിച്ച പരിത്യാഗങ്ങളിലൂടെ, അപരന്റെ സഹനങ്ങളെ, സ്‌നേഹപൂര്‍വ്വം മിശിഹായുടെ സഹനത്തോട് ചേര്‍ത്തുവെച്ചു കൊണ്ടു രക്ഷാകരമാക്കുന്ന സമര്‍പ്പിത ജീവിതത്തിന്റെ ശ്രേഷ്ഠതയാണ് എവുപ്രാസ്യാമ്മ വെളിപ്പെടുത്തുന്നത്.

ഉള്ളഴിഞ്ഞ നന്മപ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി, ദൈവസ്‌നേഹത്തിന്റെ കവിഞ്ഞൊഴുകലാണ് എന്ന തിരിച്ചറിവ് ആധുനിക സമര്‍പ്പിത ജീവിതത്തിന്റെ മാത്രമല്ല, ക്രിസ്തീയ ജീവിതത്തിന്റെയും അടിസ്ഥാനമാണ്. സഹനങ്ങളോടുള്ള ഭാവാത്മക സമീപനം, സഹിക്കുന്നവരോടുള്ള താദാത്മീകരണം, സ്വയം ത്യാഗങ്ങള്‍ സ്വീകരിച്ചു കൊണ്ട് മറ്റുള്ളവരുടെ സഹനങ്ങളില്‍ പ്രാര്‍ത്ഥനയോടെ പങ്കുചേരുന്ന കരുതല്‍ ഇവയൊക്കെ ഇന്നത്തെ ലോകത്തില്‍ വിശുദ്ധ എവുപ്രാസ്യാ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ഓരോരുത്തരും മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍, അപരന് തണലേകുന്ന, താങ്ങാകുന്ന ജീവിതത്തിന്റെ നേര്‍ച്ചിത്രമാണ് എവുപ്രാസ്യാമ്മ വരച്ചുകാട്ടുന്നത്.

'സദാ പ്രാര്‍ത്ഥിക്കുന്ന അമ്മയായ' എവുപ്രാസ്യായുടെ പ്രധാന പ്രാര്‍ത്ഥന ജപമാല ആയിരുന്നു. 'കൊന്ത ചൊല്ലി ജീവിച്ച്, കൊന്ത ചൊല്ലി മരിച്ചവള്‍' എന്നാണ് എവുപ്രാസ്യാമ്മയെക്കുറിച്ച് പറഞ്ഞിരുന്നത്. രാത്രി ഉറക്കത്തിനു മുമ്പ് കൊന്തയുടെ ഒരു രഹസ്യമെങ്കിലും ചൊല്ലണമെന്ന് എവുപ്രാസ്യാമ്മ എല്ലാവരോടും നിര്‍ബന്ധം പറഞ്ഞിരുന്നു. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത തേടികൊണ്ടാണ് ദിവ്യസക്രാരിയുടെ മുമ്പില്‍ എവുപ്രാസ്യാമ്മ കെടാവിളക്കായി ജ്വലിച്ചത്. ഈ അമ്മയുടെ വിശുദ്ധജീവിതത്തിന്റെ ഉറവിടവും ഉറപ്പും ത്യാഗപൂരിതവും നിരന്തരവുമായ പ്രാര്‍ത്ഥനയായിരുന്നു.

പുണ്യജീവിതത്തിലുള്ള വളര്‍ച്ച സ്വജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉറപ്പാക്കുവാന്‍ എവുപ്രാസ്യാമ്മ ശ്രദ്ധാലുവായിരുന്നു. അപ്രതീക്ഷിത തകര്‍ച്ചകളിലും സഹനങ്ങളിലും ജീവിത മുഴലുമ്പോഴും പുണ്യജീവിതത്തില്‍ വളര്‍ച്ചയല്ലാതെ തളര്‍ച്ച ഉണ്ടാവരുതെന്നായിരുന്നു എവു പ്രാസ്യാമ്മയുടെ പക്ഷം. സാമ്പത്തിക പ്രയാസങ്ങളില്‍പ്പെട്ട സ്വ സഹോദരനോട് എവുപ്രാസ്യാമ്മ പറഞ്ഞത് ഇത്തരുണത്തില്‍ ചിന്തനീയമാണ്: 'പണം കുറഞ്ഞാലും പുണ്യത്തില്‍ കുറവുണ്ടാകരുത്.' ദൈവത്തോടുള്ള സ്‌നേഹവും സമര്‍പ്പണവും മനുഷ്യരോടുള്ള കരുണയിലൂടെയും കരുതലിലൂടെയും പ്രകടമാക്കുന്ന, അവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ നിരന്തരം ഹൃദയമുയര്‍ത്തുന്ന ഒരു ജീവിതമാണ് എവുപ്രാസ്യാമ്മ നമുക്ക് കാണിച്ചുതരുന്നത്.

നമ്മള്‍ മറ്റുള്ളവരോട് വാഗ്ദാനം ചെയ്യുന്ന പ്രാര്‍ത്ഥനാ സഹായങ്ങള്‍ക്കുപോലും ആത്മാര്‍ഥത ഉണ്ടാകണമെന്നാണ് 'മരിച്ചാലും മറക്കില്ല' എന്ന മറുപടിയിലൂടെ എവുപ്രാസ്യാമ്മ നമ്മോട് പറയുന്നത്. മനുഷ്യന്റെ സഹനങ്ങളുടെ കനല്‍ വഴിത്താരകളില്‍, മുട്ടുകുത്തിയും കരങ്ങളുയര്‍ത്തിയും ജപങ്ങള്‍ ഉരുവിട്ടും ദൈവസ്‌നേഹത്തിന്റെ മേല്‍ക്കൂര ഒരുക്കുന്നവരാണ് സമര്‍പ്പിതരെന്ന് വിശുദ്ധ എവുപ്രാസ്യാ തന്റെ ലാളിത്യമാര്‍ന്ന ജീവിതത്തിലൂടെ തെളിയിച്ചു. ഉള്ളഴിഞ്ഞ നന്മപ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി, ദൈവസ്‌നേഹത്തിന്റെ കവിഞ്ഞൊഴുകലാണ് എന്ന തിരിച്ചറിവ് ആധുനിക സമര്‍പ്പിതജീവിതത്തിന്റെ മാത്രമല്ല, ക്രിസ്തീയ ജീവിതത്തിന്റെയും അടിസ്ഥാനമാണ്. സഹനങ്ങളോടുള്ള ഭാവാത്മക സമീപനം, സഹിക്കുന്നവരോടുള്ള താദാത്മീകരണം, സ്വയം ത്യാഗങ്ങള്‍ സ്വീകരിച്ചു കൊണ്ട് മറ്റുള്ളവരുടെ സഹനങ്ങളില്‍ പ്രാര്‍ത്ഥനയോടെ പങ്കുചേരുന്ന കരുതല്‍ ഇവയൊക്കെ ഇന്നത്തെ ലോകത്തില്‍ വിശുദ്ധ എവുപ്രാസ്യാ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ഓരോരുത്തരും മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍, അപരന് തണലേകുന്ന, താങ്ങാകുന്ന ജീവിതത്തിന്റെ നേര്‍ച്ചിത്രമാണ് എവുപ്രാസ്യാമ്മ വരച്ചുകാട്ടുന്നത്. വിശുദ്ധിയോടെ നിത്യതയെ പുണരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എവുപ്രാസ്യാമ്മ തെളിമയുള്ള മാര്‍ഗദീപമാണ്. ദൈവസ്‌നേഹത്തിന്റെ ഉറവിടമായ ദിവ്യസക്രാരിയെ ജീവിതത്തില്‍ സംവഹിച്ചു കൊണ്ട്, നിഷ്‌കാമ കര്‍മ്മത്തിന്റെ മനുഷ്യസ്‌നേഹികളായി ക്രൈസ്തവജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ സാക്ഷ്യപ്പെടുത്താന്‍ എവുപ്രാസ്യാമ്മയുടെ മഹനീയ ജീവിതം നമുക്ക് പ്രേരണയേകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org