

മേടച്ചൂടിൽ വെന്തുരുകിയ കാട്ടുപാതകളും നാട്ടുമ്പുറങ്ങളും മേഘങ്ങളുടെ തണലിലേക്ക് ഒതുങ്ങിക്കഴിഞ്ഞു. ഇടവപ്പാതിയുടെ ആദ്യ ചാറ്റൽമഴ മണ്ണിൽ വീഴുമ്പോൾ, കേരളത്തിലെ അക്ഷരമുറ്റങ്ങൾ വീണ്ടുമൊരു പുനർജന്മത്തിന് സാക്ഷ്യം വഹിക്കുകയാണ്. നീണ്ട രണ്ടു മാസത്തെ മധ്യവേനലവധിയുടെ ആലസ്യത്തിൽ നിന്നും കളിക്കൂട്ടു കെട്ടുകളിൽ നിന്നും വിദ്യാർത്ഥികൾ വീണ്ടും വിദ്യാലയങ്ങളിലേക്കും കോളേജുകളിലേക്കും മടങ്ങിയെത്തുന്നു. കുടകളുടെ വർണ്ണപ്രപഞ്ചവും, പുതിയ പുസ്തകങ്ങളുടെ ഗന്ധവും, ചിരിയും പിണക്കങ്ങളും നിറഞ്ഞ ആ പഴയ കലപില ശബ്ദങ്ങൾ ഇനി കലാലയങ്ങളെ ജീവസ്സുറ്റതാക്കും.
ടി.എസ്. എലിയറ്റിന്റെ ‘ദി റോക്ക്’ എന്ന നാടകത്തിന്റെ നാന്ദീഗീതത്തിലെ (Opening Chorus) വരികൾ പ്രസിദ്ധമാണ്:
“Where is the life we have lost in living
Where is the wisdom we have lost in knowledge
Where is the knowledge we have lost in information”
സമകാല വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചോർക്കുമ്പോൾ വിവരസാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും തീർക്കുന്ന അപര ലോകത്ത് നമ്മൾ പോലും അറിയാതെ നഷ്ടപ്പെടുന്ന ജ്ഞാന ത്തെക്കുറിച്ചുള്ള ആകുലതകളി ലേക്കും ആതുരതകളിലേക്കും മനസ്സ് പിടഞ്ഞുണരുന്നുണ്ട്. അറിവിനെ ആത്മജ്ഞാനമാക്കി മാറ്റി ഈ ലോകത്തിൽ നിന്ന് ഇനിയും മാഞ്ഞു പോകാതെ നിൽക്കുന്ന മഹാമനീഷികൾ പ്രസക്തരാകുന്നത് ഇത്തരം ആലോചനകളിലാണ്. ഭാരതീയ ദർശനം അനുസരിച്ച് അറിവ് (വിദ്യ) എന്നത് കേവലം വിവരശേഖരണം അല്ല, മറിച്ച് അത് മനുഷ്യനെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്, ബന്ധനങ്ങളിൽ നിന്ന് മോചനത്തിലേക്ക് നയിക്കുന്ന ഒന്നാണ്. “വിദ്യയാ വിന്ദതേ അമൃതം” - വിദ്യയിലൂടെ അമരത്വം ലഭിക്കുന്നു. ലൗകികമായ അറിവുകൾക്കപ്പുറം ആത്മീയമായ അറിവ് നേടുമ്പോഴാണ് ഒരു മനുഷ്യൻ പൂർണ്ണനാകുന്നത്. അനശ്വരമായ സന്തോഷവും സമാധാനവും നൽകുന്നതാണ് യഥാർത്ഥ വിദ്യ. ഗുരുവും ശിഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിലൂടെയാണ് അത് സംഭവിക്കുന്നത്.
ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്യാസിനീ സമൂഹമായ സിഎംസിയുടെ പ്രഥമ സുപ്പീരിയർ ജനറൽ മദർ മേരി സെലിന്റെ അർപ്പിത ജീവിതത്തിലെ പ്രേഷിത വൃത്തി ആരംഭിക്കുന്നത് അധ്യാപനത്തിലൂടെ യാണ്. 17 വർഷം അധ്യാപികയായും 18 വർഷം പ്രധാന അധ്യാപികയായും ശുശ്രൂഷ നിർവഹിച്ച മേരി സെലിൻ അമ്മയ്ക്ക് അധ്യാപനത്തെക്കുറിച്ചും ബോധന പ്രക്രിയയെക്കുറിച്ചും കൃത്യമായ ദർശനം ഉണ്ടായിരുന്നു. അറിവിനൊപ്പം ആത്മീയ മൂല്യബോധനം നൽകി ശിഷ്യഗണത്തെ പൂർണ്ണതയിലേക്ക് അമ്മ നയിച്ചത് ഓരോ നിമിഷവും സ്വന്തം ജീവിതത്തെ പുതുക്കിപ്പണിതുകൊണ്ടും പൂർണ്ണതയിലേക്ക് സ്വയം വളർന്നുകൊണ്ടുമായിരുന്നു. നീണ്ട പതിനാറു വർഷങ്ങൾ അധ്യാപകരെ വാർത്തെടു ക്കുന്ന (TTC) പാവന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി കേരളത്തിന്റെതന്നെ വിദ്യാഭ്യാസ പാരമ്പര്യത്തിൽ വ്യക്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ മദർ മേരി സെലിനു കഴിഞ്ഞു
ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്യാസിനീ സമൂഹമായ സിഎംസിയുടെ പ്രഥമ സുപ്പീരിയർ ജനറൽ മദർ മേരി സെലിന്റെ അർപ്പിത ജീവിതത്തിലെ പ്രേഷിത വൃത്തി ആരംഭിക്കുന്നത് അധ്യാപനത്തിലൂടെയാണ്.
കൈവിട്ടു പോകുന്ന മാനവിക മൂല്യങ്ങളെ തിരിച്ചു പിടിക്കാൻ വെമ്പൽ കൊള്ളുന്ന ഹൃദയത്തിന്റെ ഉടമയായിരുന്നു മദർ മേരീ സെലിൻ. നമ്മുടെ തന്നെ ജീവിതകാലത്ത് നാം ചവിട്ടി നടക്കുന്ന മണ്ണിൽ ചവിട്ടി നടന്നുകൊണ്ടും വിശുദ്ധരാകാൻ കഴിയും എന്ന് ഈ കാലത്തിനും ദേശത്തിനും മദറിന്റെ ജീവിതം പ്രത്യാശ നൽകുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ മാർത്തോമാ ശ്ലീഹായുടെ പവിത്ര പാദസ്പർശനമേറ്റ മലയാറ്റൂരിൽ നിന്നും അധികം അകലത്തല്ലാതെ നെടുമ്പാശ്ശേരി പഞ്ചായത്തിൽ മൂഴിക്കുളത്തിനടുത്ത് മള്ളുശ്ശേരി എന്ന ഗ്രാമത്തിൽ തട്ടാട് പയ്യപ്പിള്ളി കുടുംബത്തിൽ ഔസേപ്പ് കാരണവരുടെയും. പുത്തൻചിറ മാളിയേക്കൽ കൂനൻ കൊച്ചുമറിയ യുടെയും ആറു മക്കളിൽ ഇളയ സന്താനമായിട്ടാണ് അന്നക്കുട്ടി എന്ന ഈ ഗൃഹസ്ഥാശ്രമ നാമധാരി 1906 ഡിസംബർ 02 ന് ജനിക്കുന്നത്. ഏഴാം നാൾ മൂഴിക്കുളം സെന്റ് മേരിസ് ദേവാലയത്തിൽ ജ്ഞാനസ്നാനം. ക്രിസ്തീയ കുടുംബങ്ങളിൽ അന്ന് നിലനിന്നിരുന്ന പ്രാർഥനാന്തരീക്ഷവും അച്ചടക്കവും അവളിലെ സുകൃതിനിയെ മെല്ലെ മെല്ലെ വാർത്തുകൊണ്ടിരുന്നു.
പ്രൈമറി വിദ്യാഭ്യാസം മള്ളുശ്ശേരി വട്ടപ്പറമ്പ് എൽ ജി വി (Lower Grade Vernacular) സ്കൂളിൽ 1911-ൽ ആരംഭിച്ചു. 1915-ൽ കറുകുറ്റി കർമ്മലീത്താ മഠം വക സെന്റ് ജോസഫ് സ്കൂളിൽ ചേർന്ന് അവിടുത്തെ ബോർഡിങ്ങിൽ താമസിച്ച് പഠനം തുടർന്നു. ഒമ്പതാം വയസ്സിൽ കർമ്മലീത്താ മഠം വക ബോർഡിങ് സ്കൂളിലെത്തിയ ആ ബാലിക ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥനാ നിരതരായിരിക്കുന്ന കർമ്മലീത്താ സന്യാസിനിമാരെ കണ്ടും കേട്ടും പരിശീലിച്ചും പ്രാർഥനയുടെ ആഴങ്ങളിലേക്ക് പ്രവേശിച്ചു.
തന്റെ ജീവിതം ഈശ്വരാന്വേഷണത്തിനും ആത്മസാക്ഷാൽക്കാര ത്തിനും ആയി പൂർണ്ണമായും സമർപ്പിക്കുവാൻ ഒരു സന്യാസിനിയാകണമെന്ന അവളുടെ ആഗ്രഹവും തീരുമാനവുമറിഞ്ഞ് പഠനം പോലും പാതിവഴിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ അവളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോയി. അഞ്ചു വർഷത്തെ കണ്ണീരോടെയുള്ള കാത്തിരിപ്പിനും പ്രാർഥനയ്ക്കുംശേഷം ദൈവത്തിന്റെ പ്രത്യേക ഇടപെടലിലൂടെ 1921-ൽ അന്നക്കുട്ടി വീണ്ടും കറുകുറ്റി മഠത്തിലെത്തി. പഠനശേഷം 1925-ൽ മഠത്തിൽ അർത്ഥിനിയായി ചേർന്ന് ഉപരിപഠനം തുടർന്നു. 1928-ൽ കർമ്മലീത്ത സന്യാസ വസ്ത്രം സ്വീകരിച്ച് ഉണ്ണീശോയുടെ സിസ്റ്റർ മേരി സെലിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അതേ വർഷം തന്നെ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇന്റർ മീഡിയറ്റും തുടർന്ന് ബിരുദവും പൂർത്തിയാക്കി. 1933-ൽ സന്യാസ വ്രതം സ്വീകരിച്ച സിസ്റ്റർ, അഗാധമായ ധ്യാനാത്മക ജീവിതമാണ് പരിശീലിച്ചിരുന്നത്. 1933 മുതൽ 1968 വരെയുള്ള കാലഘട്ടത്തിലാണ് വിദ്യാഭ്യാസ രംഗത്ത് സി. മേരി സെലിൻ പ്രവർത്തിച്ചത്. 17 വർഷം അധ്യാപിക യായി സെന്റ് ജോസഫ് ഹൈസ്കൂൾ, കറുകുറ്റി സെന്റ് മേരിസ് എൽ എസ് ഒല്ലൂർ, സെന്റ് മേരിസ് ഹൈസ്കൂൾ എറണാകുളം, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മൂവാറ്റുപുഴ എന്നിവിടങ്ങ ളിലും 18 വർഷം പ്രധാന അധ്യാപിക യായി സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ മൂവാറ്റുപുഴ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ & ട്രെയിനിങ് സ്കൂൾ കറുകുറ്റി, സെന്റ് ജോസഫ് ടി ടി ഐ കറുകുറ്റി എന്നീ സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തു.
അധ്യാപികയായും പ്രധാനാധ്യാപിക യായും നീണ്ട 35 വർഷങ്ങൾ, 11 വർഷം സുപ്പീരിയർ ജനറൽ - ഇങ്ങനെ ആയുസ്സിന്റെ സിംഹഭാഗവും നേതൃത്വശുശ്രൂഷയിൽ പ്രവർത്തന നിരതയായിരുന്ന മദർ ദിവ്യനാഥ നോടുള്ള ആത്മൈക്യം എത്ര ദൃഢതരമോ അത്രയും ഫലദായക മായിരിക്കും ആധ്യാത്മിക ജീവിതത്തിൽ ഒരു സന്യാസിനിയുടെ ബാഹ്യപ്രവർ ത്തനങ്ങൾ എന്ന് വിശ്വസിച്ചു. സന്യാസിനീ സമൂഹത്തിന്റെ പരമാധികാരിയായിരിക്കെ, തന്റെ സിസ്റ്റേഴ്സിനെ ഓർമ്മപ്പെടുത്തിയത് മദർ സെലിൻ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. “നമ്മുടെ സന്യാസ ജീവിതത്തിലും സന്യാസ പരിപൂർണ്ണത യിലും ജോലിക്ക് പ്രത്യേക സ്ഥാനമുണ്ട്. നിർദിഷ്ട ജോലി എന്തുമാകട്ടെ, അതിന്റെ മഹത്വമോ ഹീനത്വമോ നോക്കാതെ ദൈവഹിതം ദർശിച്ച് ചെയ്യുക. ജോലിയിൽ അടിപ്പെട്ട് പോകാതെ പ്രാർഥനാ ചൈതന്യ ത്തോടെ നിർവഹിക്കുക, സ്വാർത്ഥപര മായ ലക്ഷ്യങ്ങൾ ഒന്നും അതിൽ സ്ഥലം പിടിക്കാതിരിക്കട്ടെ. അങ്ങനെ നമ്മുടെ ഏതൊരു ജോലിയും പൂർണ്ണത പ്രാപ്തിക്ക് ദൈവിക ജീവിതത്തിന് ഉപയുക്തമായ വിധത്തിൽ ആക്കി തീർക്കാൻ നമുക്ക് ശ്രമിക്കാം”
കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്രിസ്തീയ രൂപീകര ണവും സമുദ്ധാരണവും ലക്ഷ്യമാക്കി 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും വന്ദ്യനായ ലെയോപ്പോൾദ് മിഷനറിയും ചേർന്ന് സ്ഥാപിച്ച ആദ്യത്തെ ഏതദ്ദേശീയ സന്യാസിനീ സമൂഹമായ കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭ വിവിധ രൂപതകളിൽ സ്വതന്ത്ര ഘടകങ്ങൾ ആയാണ് നിലനിന്നു പോന്നിരുന്നത്. 1963 നവംബർ 16-ന് ഏകീകരിക്കപ്പെട്ട സന്യാസിനീ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി സെലിൻ തിരഞ്ഞെടുക്കപ്പെട്ടു. മദറിന്റെ കഠിനമായ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ഫലമായിരുന്നു തായിക്കാട്ടുകരയിൽ നിർമ്മിച്ച പൊതു ഭവനമായ ജനറലേറ്റ്. അങ്ങേയറ്റം പരിമിതമായ സാഹചര്യങ്ങളിലും 300 ഓളം പേർക്ക് താമസിച്ച് പ്രാർഥി ക്കാനും പഠിക്കാനും സൗകര്യമുള്ള ഈ പൊതുഭവനത്തിന്റെ നിർമ്മാണം മദറിന്റെ കർമ്മ കുശലതയ്ക്കും ദീർഘ വീക്ഷണത്തിനും ഉത്തമോദാഹരണ മാണ്. ജനറിലേറ്റിനോടു ചേർന്ന് പ്രൈമറി ക്ലാസ്, ഡിസ്പെൻസറി, നിർധന യുവതികൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം, സോഷ്യൽ വെൽഫയർ സെന്റർ തുടങ്ങിയവയും സെലീനാമ്മ സ്ഥാപിച്ചു. അത്യഗാധമായ ദൈവൈക്യ ത്തിന്റെ സുരക്ഷിത താവളങ്ങളിൽ സ്വസ്ഥമായി ഇരിക്കാനല്ല, നിരക്ഷരരും നിർധനരുമായവരെ പഠിപ്പിക്കാനും തൊഴിൽ പരിശീലിപ്പിക്കുവാനും ഉള്ള സാഹചര്യങ്ങൾ ഒരുക്കുവാനും അമ്മ ബദ്ധശ്രദ്ധയായി.
സോഷ്യൽ മീഡിയ റീലുകളുടെ പ്രളയഘോഷത്തിൽ നട്ടംതിരിയുന്ന സമകാലത്തിന്റെ ശബ്ദാതുരതയ്ക്കുള്ള മറുമരുന്നു കൂടിയാണ് ആന്തരിക മൗനത്തിന്റെ സ്വച്ഛശാന്തതയിൽ വിശുദ്ധിയുടെ സൗരഭ്യം പരത്തിയ മദറിന്റെ സഫല ജീവിതം. തന്റെ പ്രേഷിത പ്രവർത്തനങ്ങളുടെ ശക്തിസ്രോതസ്സ് ഉള്ളിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തോ ടുള്ള നിരന്തരമായ ഐക്യം ആയിരിക്കണമെന്ന് വിശുദ്ധ അമ്മ ത്രേസ്യയിൽ നിന്ന് മദർ സെലിൻ മനസ്സിലാക്കിയിരുന്നു. ഏതു ദുർഘട സാഹചര്യത്തെയും അതിജീവി ക്കാൻ ആന്തരിക ജീവിതം സഹായിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പു ണ്ടായിരുന്നു. “ഒരു വിനാഴിക പോലും ദിവ്യനാഥനിൽ നിന്ന് അകന്ന് ഞാൻ ജീവിക്കുന്നില്ല”എന്ന് അമ്മ പറയുമായിരുന്നു.
അത്യഗാധമായ ദൈവൈക്യത്തിന്റെ സുരക്ഷിത താവളങ്ങളിൽ സ്വസ്ഥമായി ഇരിക്കാനല്ല, നിരക്ഷരരും നിർധനരുമായവരെ പഠിപ്പിക്കാനും തൊഴിൽ പരിശീലിപ്പിക്കുവാനും ഉള്ള സാഹചര്യങ്ങൾ ഒരുക്കുവാനും അമ്മ ബദ്ധശ്രദ്ധയായി.
പരിശുദ്ധ ത്രിത്വം ഹൃദയത്തിൽ അധിവസിക്കുന്നു എന്ന ബോധ്യം അമ്മയെ ആകമാനം വിഴുങ്ങിയിരു ന്നതായി സമകാലികർ സാക്ഷ്യ പ്പെടുത്തുന്നു. ഊണിലും ഉറക്ക ത്തിലും മറ്റുള്ളവരോട് ഇടപഴകു മ്പോൾ പോലും ഹൃദയത്തിലെ ഈ ദിവ്യാതിഥിയോടുള്ള നിരന്തര സംഭാഷണത്തിലായിരിക്കും അമ്മ. സഭയുടെ സുപ്പീരിയർ ജനറൽ സ്ഥാനത്ത് നിന്ന് 1974-ൽ വിരമിക്കുമ്പോൾ പ്രാർഥനയിലും ധ്യാനത്തിലും മാത്രം കഴിയണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. കറുകുറ്റിയിലെ സാൻജോ ഭവൻ എന്ന പ്രാർഥനാഭവനം (ഈ ഭവനം പിന്നീട് മിണ്ടാമഠം - cloistered convent - ആയിത്തീർന്നു.) ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള അമ്മയുടെ സ്വപ്നസാക്ഷാൽക്കാരമായിരുന്നു.
ആത്മാവിന്റെ അകക്കൊട്ടാര ത്തിൽ വസിക്കുന്ന ദിവ്യാതിഥിയുടെ കാവൽക്കാരിയായി, ആത്മാവാ കുന്ന പൊൻവിളക്കിനെ സ്നേഹനാള ത്താൽ ദീപ്തമാക്കിയ അമ്മയെത്തേടി സാൻജോ ഭവനിൽ എത്തിയ അനേകായിരങ്ങൾ ആത്മശാന്തിയുടെ സ്വാസ്ഥ്യം അനുഭവിച്ചു. ആത്മീയ, വിശ്വാസ പ്രതിസന്ധികളിൽ അകപ്പെട്ട് ആശ്വാസത്തിന് എത്തുന്ന അനേകരെ - അവരിൽ വൈദികരും സിസ്റ്റേഴ്സും അൽമായരും ഒക്കെയുണ്ട് - ചാരേ ചേർത്തിരുത്തി സ്നേഹപൂർവം അവരോട് സംസാരിക്കുമ്പോൾ അമ്മയുടെ വാക്കുകളേക്കാൾ ആ സാന്നിധ്യം തന്നെ സമാശ്വാസ മായി മാറി.
മദ്യപാനികൾക്ക് മോചനം ലഭിക്കുവാനും കുടുംബവഴക്കുകൾ അവസാനിപ്പിക്കുവാനും സെലീനാമ്മയുടെ പ്രാർഥനയും ഉപദേശവും തേടി ആളുകളെത്താൻ തുടങ്ങി. ചുറ്റുപാടുമുള്ള വീട്ടമ്മമാരെ വിളിച്ചുവരുത്തി ക്ലാസ്സെടുക്കുകയും അവർക്ക് ആത്മീയ പരിശീലനം നൽകുകയും ചെയ്തിരുന്നു. മദറിനെ കാണാനും കഥകൾ കേൾക്കാനും പടങ്ങൾ വാങ്ങാനുമായി ചുറ്റും കുട്ടികളോടി ക്കൂടുമായിരുന്നു. അവരുടെ നിഷ്കളങ്ക സ്നേഹവും കളിയും ചിരിയും സാൻജോ ഭവനിലെ പ്രാർഥനാന്തരീക്ഷത്തിന് തടസ്സമായി അമ്മ കണ്ടിരുന്നില്ല. കുട്ടികൾക്ക് വേണ്ടി പഴങ്ങളും മറ്റും ശേഖരിച്ച് ചിലതൊക്കെ സ്വയം പാകപ്പെടുത്തി പൊതിഞ്ഞുകെട്ടി വിശേഷപ്പെട്ട പലഹാരമാക്കി അമ്മ കുട്ടികൾക്ക് സമ്മാനിക്കുമായിരുന്നു.
പ്രാർഥനയുടെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷത്തിൽ മരണംവരെ സാൻജോ ഭവനിൽ ആയിരിക്കാൻ അമ്മ ആഗ്രഹിച്ചെ ങ്കിലും വാർദ്ധക്യസഹജമായ അവശതകൾ കണക്കിലെടുത്ത് സെലീനാമ്മയെ കറുകുറ്റി മാതൃഭവനത്തിലേക്ക് തിരിച്ചുകൊണ്ടു പോകാൻ അധികാരികൾ തീരുമാനിച്ചു. 1991-ൽ തന്റെ 84-ാം വയസ്സിൽ അമ്മ കറുകുറ്റി മഠത്തിലേക്ക് തിരികെ എത്തി. ആ തിരിച്ചുവരവിൽ സെലീനാമ്മ ബാഹ്യബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ചു. മാലാഖമാരോടും വിശുദ്ധരോടും ഒപ്പം അനർഗളമായ സ്തുതിപ്പിന്റെ ഒരു ജീവിത ശൈലിയിലേക്ക് പ്രവേശിച്ചിരുന്നു.
പരിശുദ്ധ ത്രിത്വത്തിന്റെ നിരന്തര സഹവാസം...
മദ്യപാനികൾക്ക് മോചനം ലഭിക്കുവാനും കുടുംബവഴക്കുകൾ അവസാനിപ്പിക്കുവാനും സെലീനാമ്മയുടെ പ്രാർഥനയും ഉപദേശവും തേടി ആളുകൾ എത്തിയിരുന്നു.
1993 ഏപ്രിൽ 23-ാം തീയതി വെള്ളി യാഴ്ച രാത്രി പത്തുമണിക്ക് നാഥന്റെ വരവിനായി പാർത്തുപാർത്തിരുന്ന ആ ആത്മാവ് തന്റെ ആത്മവല്ലഭനിൽ ലയിച്ചു ചേർന്നു. എറണാകുളം ജില്ലയിലെ കറുകുറ്റിയിലുള്ള കർമ്മലിത്താമഠത്തിൽ അമ്മയുടെ കബറിടത്തിൽ എത്തി ആയിരങ്ങൾ ആത്മീയതയുടെ, ആശ്വാസത്തിന്റെ കൃപ തേടുന്നു. 2018 ഏപ്രിൽ ഒമ്പതാം തീയതി കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നീ പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ മദർ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിച്ചു.
അറിവിൽ നിന്ന് ജ്ഞാനത്തിലേക്കും ജ്ഞാനത്തിൽ നിന്ന് ആത്മജ്ഞാനത്തി ലേക്കും ആത്മജ്ഞാനത്തിൽ നിന്ന് ആത്മസാക്ഷാൽക്കാരത്തിലേക്കും വളരാൻ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കഴിയും എന്നതിന്റെ ഇത്തരം മുൻ മാതൃകകൾ നമുക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മദർ മേരി സെലിനെ പോലെയുള്ള ദൈവ മനുഷ്യരായ വിദ്യാഭ്യാസ പ്രവർത്തകരുടെ അദൃശ്യ സാന്നിധ്യം ഈ പുതിയ അധ്യയന വർഷത്തിൽ നമുക്ക് തുണയും കരുത്തും ആകട്ടെ.