അനുകമ്പയോടെ ശുശ്രൂഷിക്കാന്‍
1996 ലാണ് തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായത്. അന്നു മുതല്‍ ബിഷപ് വിന്‍സെന്റ് സാമുവലാണ് രൂപതാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരുന്നത്. ഇപ്പോള്‍, ബിഷപ് വിന്‍സെന്റ് സാമുവലിന്റെ പിന്‍ഗാമിയാകാനായി, ബിഷപ് ഡി ശെല്‍വരാജന്‍ അഭിഷിക്തനാകുകയാണ്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകള്‍ ഉള്‍പ്പെടുന്ന രൂപതയില്‍, 1.32 ലക്ഷം കത്തോലിക്കരുണ്ട്. 135 രൂപതാവൈദികര്‍ സേവനം ചെയ്യുന്നു.
രൂപതയിലെ തിരുപുരം ഇടവകവികാരിയായി സേവനം ചെയ്യുകയായിരുന്നു നിയുക്ത ബിഷപ് ശെല്‍വരാജന്‍ (62). നേരത്തെ തിരുവനന്തപുരം അതിരൂപതയുടെ മതബോധനവിഭാഗം ഡയറക്ടര്‍, രണ്ടു രൂപതകളുടെയും വിവിധ ഇടവകകളില്‍ വികാരി, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രൂപതാകോടതികളിലും സേവനം ചെയ്തിട്ടുണ്ട്. വലിയവിള സ്വദേശിയാണ്. ബെല്‍ജിയം, ലുവൈന്‍ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
നവാഭിഷിക്തനാകുന്ന ബിഷപ് ശെല്‍വരാജന്‍, സത്യദീപത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്:
ബെല്‍ജിയത്തിലായിരുന്നല്ലോ അങ്ങയുടെ ഉപരിപഠനം. യൂറോപ്പിലെ പഠനവും ജീവിതാനുഭവങ്ങളും അങ്ങേക്കു നല്‍കിയ ഉള്‍ക്കാഴ്ചകള്‍ എന്തൊക്കെയാണ്? യൂറോപ്യന്‍ സഭയുടെ അനുഭവങ്ങളില്‍ നിന്ന് നമുക്കെന്തെങ്കിലും പഠിക്കാനുണ്ടോ?
പൗരോഹിത്യ സ്വീകരണത്തിനു ശേഷം വിവിധ ഇടവകകളുടെ വികാരിയായി ആറു വര്‍ഷത്തിലധികം ശുശ്രൂഷ ചെയ്ത ശേഷമാണ് ഉപരിപഠനത്തിനായി അയക്കപ്പെട്ടത്. തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളുമാണ് എനിക്കുണ്ടായത്. ബെല്‍ജിയത്തിലെ ലുവൈന്‍ ഒരു സ്റ്റുഡന്റ് സിറ്റിയാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. മെഡിസിന്‍ ഉള്‍പ്പെടെയുള്ള 20 ല്‍ അധികം ഫാക്കല്‍റ്റികളുള്ള കാത്തലിക് യൂണിവേഴ്‌സിറ്റിയിലാണ് ഞാന്‍ കാനോന്‍ നിയമം പഠിച്ചത്. സാംസ്‌കാരികമായ പൈതൃകം നിറഞ്ഞുതുളുമ്പുന്ന ഒരു പട്ടണം. എന്നാല്‍ ദേവാലയങ്ങളില്‍ തിരക്കുകളില്ല.
വ്യത്യസ്തമായ അധ്യാപന ശൈലി, വിവിധ രാജ്യക്കാരായ അധ്യാപകര്‍... അതെല്ലാം ഒരു പുത്തന്‍ അനുഭവമായിരുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സഹപാഠികളുടെ സംസ്‌കാരങ്ങളെക്കുറിച്ചറിയാന്‍ വലിയൊരു അവസരം ലഭിച്ചു. ഞാനായിരുന്ന ചെറിയ ചുറ്റുപാടുകളില്‍ നിന്ന് വിശാലവും വിപുലവുമായ ഒരു ലോകത്തെ കാണാന്‍ കഴിഞ്ഞു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ തുറവിയുള്ള മനോഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ വിദേശപഠനം എന്നെ സഹായിച്ചു. യൂറോപ്യന്‍ സഭയ്ക്ക് വിശ്വാസ പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് വിശ്വാസം പ്രചരിപ്പിക്കാനും എല്ലാ മനുഷ്യരെയും കരുതലോടെ കാണാനും അവര്‍ തയ്യാറായിട്ടുണ്ട്. ഇന്നും ലോകം മുഴുവന്‍, വേദനിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അപ്രകാരം സഹായം ആവശ്യമായവരെ ചേര്‍ത്തു നിര്‍ത്തി സഹായിക്കാന്‍ നമുക്കും യൂറോപ്യന്‍ സഭ മാതൃക നല്‍കുന്നുണ്ട്.
സിനഡാലിറ്റി, സ്ത്രീപ്രാതിനിധ്യം, ലാളിത്യം, സുതാര്യത എന്നിങ്ങനെ ഫ്രാന്‍സിസ് പാപ്പ ആഗോളസഭയില്‍ വരുത്തിയ മാറ്റങ്ങള്‍ സജീവ ചര്‍ച്ചാവിഷയമാണിപ്പോള്‍. പാപ്പയുടെ സംഭാവനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അങ്ങു കരുതുന്നതെന്താണ്?
സിനഡാലിറ്റിയെക്കുറിച്ചുള്ള പാപ്പയുടെ ദര്‍ശനം സഭയുടെ തനത് ദര്‍ശനമാണ്. വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ ഒരു തുറന്ന മനോഭാവം സഭ വളര്‍ത്തിക്കൊണ്ടു വരുന്നു. ഫ്രാന്‍സിസ് പാപ്പ അതിനെ തനത് ഭാവത്തില്‍ ലോകത്തില്‍ അവതരിപ്പിക്കയാണ് ചെയ്തത്. പാപ്പ ഇത് ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ ലോകം മുഴുവനും ഏറ്റെടുത്തു. ഇത് ക്രിസ്തുവിന്റെ തന്നെ ദര്‍ശനമാണ്. ക്രിസ്തുവും ശിഷ്യന്മാരും ജനങ്ങളുടെ ഒപ്പമായിരുന്നു. അവരെ കണ്ടു, കേട്ടു, പഠിപ്പിച്ചു. ഇത് തന്നെയാകണം സഭയുടെ ശൈലി. ഈ ശൈലിയുടെ ഉടമകള്‍ ആകുമ്പോഴാണ് എല്ലാ മനുഷ്യരെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും വിനയത്തോടെ സേവനം ചെയ്യാനും നമുക്ക് സാധിക്കുന്നത്. മേല്‍പ്പറഞ്ഞ മറ്റു മൂന്നു കാര്യങ്ങള്‍ സിനഡാത്മക ജീവിതശൈലിയുടെ ഭാഗങ്ങളാണ്.
പിതാവിന്റെ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍?
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അള്‍ത്താര ബാലകനായിരുന്നു. ലീജിയന്‍ ഓഫ് മേരി അംഗമായിരുന്നു. ഇടവകയോടു ചേര്‍ന്നുള്ള ജീവിതമായിരുന്നു എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരുന്നത്. അന്ന് എന്റെ വികാരിയായിരുന്ന ഫാ. ജോര്‍ജ് ഡാലിവിളയുടെ ലളിതജീവിതവും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ഞാന്‍ വായിച്ച വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജീവചരിത്രം, എന്റെ ദൈവവിളി തിരിച്ചറിയാന്‍ സഹായിച്ചു. എന്നെ സ്വാധീനിച്ച മേല്‍പറഞ്ഞവരെ പോലെ ഒരു നല്ല അജപാലക നാകണമെന്നതായിരുന്നു എന്റെ സ്വപ്നം.
മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?
'അനുകമ്പയോടെ ശുശ്രൂഷിക്കാന്‍' (To serve in compassion) എന്നതാണ് ആപ്തവാക്യം. അനുകമ്പ എന്നത് ഒരു ഉന്നതനും താഴ്ന്നവനും തമ്മിലുള്ള ബന്ധമല്ല, കൂടെ ആയിരിക്കുന്നവര്‍ തമ്മിലുള്ള ബന്ധമാണ്. കരുതുന്ന, സ്‌നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന ഒരു ആര്‍ദ്ര ഹൃദയം ഉണ്ടാകുക പ്രധാനമാണ്.
ക്രിസ്തുവും ശിഷ്യന്മാരും ജനങ്ങളുടെ ഒപ്പമായിരുന്നു. അവരെ കണ്ടു, കേട്ടു, പഠിപ്പിച്ചു. ഇത് തന്നെയാകണം സഭയുടെ ശൈലി. ഈ ശൈലിയുടെ ഉടമകള്‍ ആകുമ്പോഴാണ് എല്ലാ മനുഷ്യരെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും വിനയത്തോടെ സേവനം ചെയ്യാനും നമുക്ക് സാധിക്കുന്നത്.
മെത്രാന്‍ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? ഈ സ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സിലെ ആദ്യ പ്രതികരണം?
ഫ്രാന്‍സിസ് പാപ്പ എന്നെ സഹമെത്രാനായി നിയമിച്ചു എന്നാണ് അറിയിച്ചത്. ഉത്തരവാദിത്വങ്ങളെപ്പറ്റിയുള്ള ഭയപ്പാടാണ് എനിക്ക് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷങ്ങളായി സഭ വിവിധ ദൗത്യങ്ങള്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. അവ ദൈവകൃപയില്‍ ആശ്രയിച്ച് ചെയ്യുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ദൗത്യവും നിര്‍വഹിക്കുവാന്‍ ദൈവം എന്നെ സഹായിക്കും എന്നാണ് എന്റെ പ്രത്യാശ.
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള രൂപതയാണല്ലോ നെയ്യാറ്റിന്‍കര. ചാന്‍സലറായും ജുഡീഷ്യല്‍ വികാരിയായും രൂപതയ്ക്കു മുഴുവനുംവേണ്ടി സേവനം ചെയ്ത പരിചയം അങ്ങേക്കുണ്ട്. എന്തൊക്കെയാണു നെയ്യാറ്റിന്‍കര രൂപതയുടെ ഭാവിയെക്കുറിച്ച് അങ്ങയുടെ സ്വപ്നങ്ങള്‍?
ആഴമുള്ള വിശ്വാസത്തിന് ഉടമകളാണ് നെയ്യാറ്റിന്‍കര രൂപതാംഗങ്ങള്‍. സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളപ്പോഴും സഭാ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പങ്കുചേരുന്ന ഒരു സമൂഹമാണ്. അപ്രകാരം തുടര്‍ന്നും ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിച്ച്, ആത്മീയ വളര്‍ച്ചയെ പരിപോഷിപ്പിച്ച്, ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊണ്ടുകൊണ്ട് കരുതലോടെ ദൈവകൃപയില്‍ ആശ്രയിച്ച് ദൈവജനത്തിനു ശുശ്രൂഷ ചെയ്യുക എന്നതാണ് ലക്ഷ്യം.
സഭയിലെ അല്‍മായ പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? കേരളസഭയും നമ്മുടെ രൂപതകളും സിനഡാലിറ്റിയില്‍ വേണ്ടത്ര വളര്‍ന്നിട്ടുണ്ടോ? അല്‍മായ പങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും?
സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അല്‍മായ പങ്കാളിത്തം കൂടുതലുള്ള രൂപതയാണ് ഞങ്ങളുടേത്. ബി സി സി തലം മുതല്‍ രൂപത ശുശ്രൂഷ സമിതികള്‍ വരെ അല്‍മായര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മേഖലകളിലും സുവിശേഷത്തിന് സാക്ഷ്യം നല്‍കാന്‍ അല്‍മായര്‍ക്കാണ് സാധിക്കുന്നത്. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായി പങ്കാളികളാകാന്‍ അല്‍മായര്‍ക്ക് അവസരം നല്‍കണം.
പുരോഹിതനെന്ന നിലയിലുള്ള സേവനകാലത്തെ ഏറ്റവും മറക്കാനാകാത്ത അനുഭവങ്ങള്‍ എന്താണ്?
32 വര്‍ഷങ്ങളില്‍ വിവിധ ഇടവകകളില്‍ സേവനം ചെയ്തതു കൊണ്ടു ധാരാളം അനുഭവങ്ങള്‍ എനിക്കു പങ്കുവയ്ക്കാനുണ്ട്. എന്നാലും പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വരുന്നത് ഒരു ക്രിസ്മസ് രാത്രിയിലെ അനുഭവമാണ്. കപ്പേളയില്‍ ബലിയര്‍പ്പിച്ച് ധൃതിയില്‍ ഇടവകപള്ളിയിലേക്ക് പോകാന്‍ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അപരിചിതനായ വ്യക്തി കുമ്പസാരിക്കണം എന്ന ആവശ്യവുമായി അടുത്തു വന്നു. ടൗണിലെ കപ്പേള ആയതിനാല്‍ റോഡിലെയും പള്ളിയിലെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ അയാള്‍ സംസാരിക്കുന്നതു പോലും കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇടവകപള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തേണ്ട ധൃതിയിലായിരുന്നതിനാല്‍ എന്തു ചെയ്യണമെന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു. കുമ്പസാരിക്കുന്നതിന് ഒരു സൗകര്യവും സമയവും ഇല്ലാത്ത അവസരത്തില്‍ പെട്ടെന്ന് ആ വ്യക്തിയോട് ഞാന്‍ വന്ന ടാക്‌സി കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുന്‍ സീറ്റിലിരുന്ന് കുമ്പസാരം കേട്ടു. കുമ്പസാരം കഴിഞ്ഞ് പുറത്തിറങ്ങി എനിക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവച്ച കാര്യങ്ങള്‍ കേട്ട് ഞാന്‍ സ്തബ്ധനായി. നിരാശനായി ആത്മഹത്യ ചെയ്യുന്നതിനുവേണ്ടി പോകുന്ന വഴി കത്തോലിക്കാപള്ളി കണ്ട് അയാള്‍ ദേവാലയ മുറ്റത്തേക്ക് വന്നതാണ്. അതയാളുടെ ജീവിതം മാറ്റിമറിച്ചു. ഏതാനും നിമിഷം ഒരു വ്യക്തിക്കുവേണ്ടി ചെലവഴിച്ചതു വഴിയായി ക്രിസ്തുവിനുവേണ്ടി അയാളെ നേടുവാന്‍ സാധിച്ചതുപോലെ നമുക്ക് ശുശ്രൂഷയിലൂടെ അനേകര്‍ക്ക് നന്മയാകാന്‍ സാധിക്കുമെന്ന് എന്നെ പഠിപ്പിച്ച സംഭവമാണിത്.
വൈദിക ദൈവവിളികള്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? നെയ്യാറ്റിന്‍കര രൂപതയുടെ സ്ഥിതി എന്താണ്?
ഞങ്ങളുടെ രൂപതയില്‍ ദൈവവിളിയില്‍ വലിയ കുറവില്ല. എല്ലാവര്‍ഷവും പുതിയ വൈദികാര്‍ഥികളെ ലഭിക്കുന്നുണ്ട്. ആഗോള സഭയിലെ ശുശ്രൂഷകള്‍ക്കായി സന്യാസസഭകള്‍ വഴിയും ദൈവവിളി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീസസ് ഫ്രണ്ട്‌സ് പോലുള്ള പരിശീലന പരിപാടികളിലൂടെ ദൈവവിളി പരിപോഷിപ്പിക്കുന്നതിന് ധാരാളം അവസരങ്ങള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഞങ്ങള്‍ നല്‍കുന്നുണ്ട്.
സിസ്റ്റര്‍മാരാകാനുള്ള ദൈവവിളികള്‍ ആശങ്കാജനകമായ വിധത്തില്‍ കുറയുന്നതായിട്ടാണു പറയുന്നത്. എന്തൊക്കെയാകാം അതിനു കാരണങ്ങള്‍?
സമര്‍പ്പിതജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റവും, മാധ്യമങ്ങളുടെ സ്വാധീനവും മാറുന്ന മൂല്യങ്ങളും, ജീവിതശൈലികളും പെണ്‍കുട്ടികളെ സമര്‍പ്പിതജീവിതം സ്വീകരിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു.
മെത്രാനെന്ന നിലയില്‍ താങ്കള്‍ ഭാരതസഭയുടെയും കേരളസഭയുടെയും നേതൃനിരയിലേക്കും വരികയാണ്. ഭാരതസഭ ഇന്നു പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യന്‍ സഭ. അതിനെ എങ്ങനെ കാണുന്നു?
സഭ എക്കാലത്തും പീഡനങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഓരോരോ കാലഘട്ടത്തിലും വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ വിശ്വാസത്തിനു വേണ്ടി ക്രൈസ്തവര്‍ ത്യാഗം സഹിക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പല ഭാഗത്തും നമ്മുടെ സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇത് വേദനാജനകമാണ്. ഭരണഘടനാപരമായ അവകാശമാണല്ലോ മതസ്വാതന്ത്ര്യം. അത് സംരക്ഷിക്കപ്പെടുന്നതിനായി പ്രവര്‍ത്തിക്കാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ട്.
അനുകമ്പ എന്നത് ഒരു ഉന്നതനും താഴ്ന്നവനും തമ്മിലുള്ള ബന്ധമല്ല, കൂടെ ആയിരിക്കുന്നവര്‍ തമ്മിലുള്ള ബന്ധമാണ്. കരുതുന്ന, സ്‌നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന ഒരു ആര്‍ദ്ര ഹൃദയം ഉണ്ടാകുക പ്രധാനമാണ്.
ഫാസിസവും വര്‍ഗീയതയും ഇന്ത്യയെ ബാധിച്ചിരിക്കുന്നതായി അനേകര്‍ പരാതിപ്പെടുന്നു. ക്രൈസ്തവസമൂഹത്തിന്റെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും? എപ്രകാരമാണ് നാം ഈ വെല്ലുവിളികളോടു പ്രതികരിക്കേണ്ടത്?
വര്‍ഗീയമായ ചേരിതിരിവുകള്‍ മനുഷ്യസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ നാടിനാപത്താണ്.
പിതാവിന്റെ വ്യക്തിപരമായ പ്രാര്‍ഥനാരീതികള്‍ എന്തൊക്കെയാണ്? എന്തിനുവേണ്ടിയാണു പിതാവു പ്രത്യേകമായി പ്രാര്‍ഥിക്കുക പതിവ്?
ദൈവവുമായുള്ള എന്റെ ബന്ധത്തെ പരിപോഷിപ്പിക്കുന്നതു വ്യക്തിപരമായ എന്റെ പ്രാര്‍ഥനാജീവിതമാണ്. സഭയുടെ ഔദ്യോഗിക പ്രാര്‍ഥനയോടൊപ്പം ഞാന്‍ വ്യക്തിപരമായി പ്രാര്‍ഥിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഇടവകയിലായിരിക്കുമ്പോള്‍ തന്നെ കുടുംബസമാധാനത്തിനുവേണ്ടി പ്രത്യേകം ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.
സാര്‍വത്രിക സഭയ്ക്കും, പൗരോഹിത്യ സമര്‍പ്പിത ജീവിതത്തിലേക്കു വിളികള്‍ വര്‍ധിക്കുന്നതിനും, ദരിദ്രര്‍ക്കും രോഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആശ്വാസവും സൗഖ്യവും ലഭിക്കുവാന്‍വേണ്ടി എന്നും പ്രാര്‍ഥിക്കുന്നു. പ്രത്യേക പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ സഹായം തേടി എന്നും ജപമാല ചൊല്ലി പ്രാര്‍ഥിക്കാറുണ്ട്.