സി. സാങ്റ്റ : ഈശോയുടെ സ്‌നേഹ കോകിലം

സി. സാങ്റ്റ : ഈശോയുടെ സ്‌നേഹ കോകിലം
Published on

പള്ളിപ്പുറത്തെ പല്ലുവേലി സ്‌കൂളില്‍ നിന്ന് അഞ്ചാം ക്ലാസ് പാസ്സായശേഷം തൈയ്ക്കാട്ടുശ്ശേരി എസ് എം എസ് ജെ ഹൈസ്‌കൂളിലെത്തിയതാണ് അന്നക്കുട്ടി. ഈ സ്‌കൂളില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. അന്നക്കുട്ടിയുടെ പുഞ്ചിരിയൂറുന്ന മുഖവും നര്‍മ്മരസം കലര്‍ന്ന സംഭാഷണവും സ്മാര്‍ട്ടായിട്ടുള്ള നടപ്പും എന്നെ ആദ്യം തന്നെ ആകര്‍ഷിച്ചു. പിന്നീട് ഞങ്ങള്‍ കൂട്ടുകാരികളായി കഴിഞ്ഞപ്പോള്‍ ഈശ്വര പ്രാര്‍ത്ഥന, ദേശീയ ഗാനം, നൃത്തം എന്നിവയില്‍ ഒരുമിച്ചു പങ്കെടുത്തു. പത്താം ക്ലാസുവരെ പഠിച്ചും ചിരിച്ചും കളിച്ചും പൂമ്പാറ്റകളെപ്പോലെ ഞങ്ങള്‍ പറന്നു നടന്നു. പത്താം ക്ലാസിനുശേഷം ഞങ്ങള്‍ കണ്ടമുട്ടിയിട്ടില്ല.

കാലങ്ങള്‍ക്കുശേഷം ഒരു ദിവസം പാണാവള്ളി മഠത്തില്‍ നിന്ന് ഒരു ഫോണ്‍ സന്ദേശം വന്നു. ഒരു കൂട്ടുകാരി ഇവിടെ വന്നിട്ടുണ്ട്, കാണണമെങ്കില്‍ വരിക. ഞാന്‍ ചെന്നപ്പോള്‍ ഒരു സിസ്റ്ററായി മാറിയിരുന്ന അന്നക്കുട്ടിയെയാണ് കണ്ടത്. പേര് സി. സാങ്റ്റ എഫ് സി സി. സന്തോഷം കൊണ്ടു നിറഞ്ഞ ഞങ്ങള്‍ സ്‌നേഹാംലിഗനവും പൊട്ടിച്ചിരിയും കഴിഞ്ഞു, പണ്ട് സകൂളില്‍ കളിച്ച ''ചുറ്റി നടക്കണ പൂവാലാ, ചെപ്പടി കാട്ടണ ചങ്ങാതി'' എന്നു തുടങ്ങുന്ന ഡാന്‍സ് പാട്ടിന്റെ ഇരടികള്‍ ഒരുമിച്ചു പാടി. പിന്നീട് തൈയ്ക്കാട്ടുശ്ശേരിയിലും, കോക്കമംഗലത്തും ഉള്ള മഠങ്ങളില്‍ ആയപ്പോള്‍ ഞങ്ങളുടെ സന്ദര്‍ശനങ്ങളും ഫോണ്‍ വിളികളും കൂടുകയും ഞങ്ങള്‍ കൂടുതല്‍ അടുത്തറിയുകയും ചെയ്തു.

'സി. സാങ്റ്റ'യുടെ സംഗീതാഭിരുചി മനസ്സിലാക്കിയ സഭാധികാരികള്‍, തൃപ്പൂണിത്തുറയിലെ ആര്‍ എല്‍ വി അക്കാദമി ഓഫ് മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്തു. സംഗീതത്തില്‍ ഉന്നത വിജയം നേടിയ സാങ്റ്റ അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി 31 വര്‍ഷം സേവനം ചെയ്തു. സംഗീതമാണ് തന്റെ പ്രിയ മണവാളനെ പ്രഘോഷിക്കാന്‍ പറ്റിയ വേദിയെന്ന് മനസ്സിലാക്കിയ സി. സാങ്റ്റ ഗാനാലാപനത്തിലൂടെയും സംഗീത രചനയിലൂടെയും മുന്നേറി. സ്‌കൂളിലും, ദേവലയങ്ങളിലും, മറ്റു പൊതു പരിപാടികളിലും സ്വതസിദ്ധമായ തന്റെ സംഗീതപാടവം നിര്‍ലോഭം പങ്കുവയ്ക്കാന്‍ സിസ്റ്റര്‍ എപ്പോഴും സന്നദ്ധയായിരുന്നു. സഭയുടേയും പ്രോവിന്‍സിന്റേയും ഏതാവശ്യങ്ങളിലും സി. സാങ്റ്റയുടെ നേതൃത്വത്തില്‍ ഒരു ക്വയര്‍ ഗ്രൂപ്പ് സജീവമായിരുന്നു. പ്രോവിന്‍സിന്റെ 'ഗാനകോകിലം' എന്ന പേരു കിട്ടിയ സിസ്റ്റര്‍, അങ്കമാലി, ആലുവ നൊവിഷ്യേറ്റ് ഹൗസ് എന്നീ മഠങ്ങളില്‍ ലോക്കല്‍ സുപ്പീരിയറായും ജൂനിയല്‍ മിസ്ട്രസ്സായും, തൈയ്ക്കാട്ടുശ്ശേരി, നെടുമ്പ്രക്കാട്ട്, ആമ്പല്ലൂര്‍ എന്നീ ഭവനങ്ങളിലും തന്റെ സേവനം കാഴ്ചവച്ചു.

നിമിഷനേരം കൊണ്ട് വി. ഗ്രന്ഥത്തെ ആധാരമാക്കി കവിത രചിക്കാനുള്ള ഒരു പ്രത്യേക പാടവം സിസ്റ്ററിനുണ്ടായിരു ന്നു. അഭൗമിക ലോകത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുവാനുള്ള ദൈവി കചൈതന്യം സാങ്റ്റയുടെ പാട്ടുകളില്‍ നിറഞ്ഞിരുന്നു.

ദൈവത്തേയും ദൈവജനത്തേയും അകമഴിഞ്ഞ് സേവിക്കാന്‍ സിസ്റ്ററിനു സാധിച്ചു. നിമിഷനേരം കൊണ്ട് വി. ഗ്രന്ഥത്തെ ആധാരമാക്കി കവിത രചിക്കാനുള്ള ഒരു പ്രത്യേക പാടവം സിസ്റ്ററിനുണ്ടായിരുന്നു. അഭൗമിക ലോകത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുവാനുള്ള ദൈവിക ചൈതന്യം സാങ്റ്റയുടെ പാട്ടുകളില്‍ നിറഞ്ഞിരുന്നു. എത്രയെത്ര ഗാനങ്ങള്‍! എത്രയെത്ര ഗാനസമാഹാരങ്ങള്‍, സി ഡികള്‍, സ്വന്തം ഇടവകയായ പള്ളിപ്പുറത്തെ 'പള്ളിപ്പുറത്തമ്മ'യുടെ നൊവേന പാട്ടുകള്‍, വി. ഗ്രന്ഥത്തെ ആധാരമാക്കി സഭയ്ക്കും സമൂഹത്തിനും ഉപകരിക്കുന്ന അനേകം പാട്ടുകള്‍, ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളും ഗാനരൂപത്തില്‍, സകല വിശുദ്ധരുടേയും ലുത്തനീയ ഗാനരൂപത്തില്‍, യേശു നാമകീര്‍ത്തനം, അനുഗ്രഹപ്പൂമഴ തുടങ്ങിയവ, മരണവീട്ടില്‍ പാടുന്ന ഒപ്പീസിന്റെ കാറോസൂസ പ്രാര്‍ത്ഥനകള്‍, 12 മണി ആരാധന, 40 മണി ആരാധന തുടങ്ങിയവയുടെ പ്രാര്‍ത്ഥനകള്‍, മതബോധന ഡിപ്പാര്‍ട്ടുമെന്റില്‍ ഇന്റന്‍സീവ് കോഴ്‌സിനുവേണ്ടിയുള്ള അഭിനയ ഗാനങ്ങള്‍, വി. ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാന പ്രാര്‍ത്ഥന സംഗീത രൂപത്തിലാക്കി പാടിയത് ആങ്ങളയുടെ മകള്‍ സി. ജിന്‍സി കേള്‍പ്പിച്ചപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. ഇങ്ങനെ സി. സാങ്റ്റ സഭയ്ക്കും സമൂഹത്തിനും ഭാവിതലമുറയ്ക്കും രചിച്ച ഗാനങ്ങള്‍ സിസ്റ്ററിന്റെ മധുരസ്മരണകള്‍ ഉണര്‍ത്തി എന്നും ഉണ്ടാകും.

തൈയ്ക്കാട്ടുശ്ശേരി മഠത്തിലായിരുന്നപ്പോള്‍, സുവര്‍ണ്ണ ജൂബിലിക്കു ശേഷമാണ് ആ വേദനാജനകമായ സത്യം - താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന വിവരം - സി. സാങ്റ്റ അറിയുന്നത്. ദൈവഹിതത്തിനു വിധേയപ്പെട്ടു ചികിത്സാര്‍ത്ഥം കുറച്ചുനാള്‍ പെരുമ്പാവൂര്‍ സാന്‍ജോ ഭവനത്തിലും തുടര്‍ന്ന് കോക്കമംഗലം ഭവനത്തിലും ആയിരുന്നു. എത്ര വേദനയുണ്ടെങ്കിലും സംസാരത്തിലോ, പെരുമാറ്റത്തിലോ ഒരു വിഷമവും കാണിക്കാതെ എല്ലാം തന്റെ ദിവ്യമണവാളനുവേണ്ടി സഹിക്കാന്‍ തയ്യാറായിരുന്നു. രോഗാവസ്ഥയിലും തന്റെ കഴിവുകള്‍ ഭവനത്തിലും ഇടവകയിലും നിര്‍ല്ലോഭം നല്കുവാന്‍ സി. സദാ സന്നദ്ധയായിരുന്നു. ദിവ്യനാഥന്റെ മുമ്പിലിരുന്ന് സഭാഷണം നടത്തുവാനും പ്രാര്‍ത്ഥിക്കുവാനും പാടുവാനും ലോകം മുഴുവനും വേണ്ടി മധ്യസ്ഥം വഹിക്കുവാനാണ് തന്റെ അവസാനാളുകളില്‍ സി. സാങ്റ്റ ഇഷ്ടപ്പെട്ടിരുന്നത്.

തന്റെ നാഥനെ സദാ കാത്തിരുന്ന സി. സാങ്റ്റ - ആ സ്‌നേഹഗായിക 2024 ജനുവരി 14-ന് രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് സാന്‍ജോ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസതടസ്സം അനുഭവപ്പെട്ടു ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ആ പാവനാത്മാവ് ഇഹലോകവാസം വെടിഞ്ഞ് തന്റെ ദിവ്യമണവാളന്റെ അടുത്തേക്കു പറന്നുയര്‍ന്നു.

സി. സാങ്റ്റ! ഓര്‍മ്മയില്‍ തെളിയുന്ന സ്‌നേഹദീപം! സന്യാസജീവിതം ഉത്സവമാക്കിയ ഒരു ഉത്തമ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനി! നിമിഷ കവയിത്രിയായി നര്‍മ്മരസം തുളുമ്പുന്ന സംസാര ശൈലിയിലൂടെ കണ്ടുമുട്ടുന്നവര്‍ക്ക് മായാത്ത പുഞ്ചിരി സമ്മാനിക്കുന്ന സമര്‍പ്പിത. തിരുവചസ്സുകള്‍ ധ്യാനിച്ച് രചനയിലൂടെ, ഗാനത്തിന് ഈണമിടുന്നതിലൂടെ, സംഗീതാലാപനത്തിലൂടെ, സംഗീതം മാനവസേവയാണെന്ന തിരിച്ചറിവിലൂടെ, സ്വര്‍ഗതീരത്തിലേക്ക് അനേകരെ ആനയിച്ച വാനമ്പാടി! ദൈവസന്നിധിയിലേക്ക് പറന്നുയരും വരെയും സംഗീതം എന്ന മാസ്മരികവീണയില്‍ രാഗം തീര്‍ത്തവള്‍!

  • റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org