
നാടകസമിതി : തൃശൂര്‍ സദ്ഗമയ
രചന : ഹേമന്ത് കുമാര്‍
സംവിധാനം : മനോജ് നാരായണന്‍
ഏതുവിധേനയും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരുടെ കഥ പറയുന്ന നാടകമാണിത്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മുതല്‍ ഇരുതലമൂരി വരെ പണക്കാരാകാന്‍ പല വഴികള്‍ തേടുന്ന മനുഷ്യരെ നാടകം അവതരിപ്പിക്കുന്നു. സ്വന്തം പിതാവിനെ വീട്ടില്‍ സമാധിയിരുത്തി ക്ഷേത്രം പണിത് ഭക്തരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ചില സമകാലികമനുഷ്യരെയും നമുക്കു നാടകത്തില്‍ കാണാം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എവിടെയെന്ന് നാടകം ആരായുന്നു.
സമകാലിക കഥകള്‍, ആക്ഷേപഹാസ്യ രീതിയിലുള്ള മത സാമൂഹ്യ വിമര്‍ശനം, മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നനുത്ത സ്പര്‍ശം, ചിരി ഉണ്ടാക്കാന്‍ അശ്ലീലത്തെയോ ദ്വയാര്‍ഥത്തെയോ ആശ്രയിക്കുന്നില്ല എന്നിവ ആശ്വാസകരമായി.
പണത്തിനുവേണ്ടിയുള്ള അത്യാര്‍ത്തിയുടെ അര്‍ഥശൂന്യത വിദ്യാധരനു പിടികിട്ടുന്നില്ല. പൊതുവായ ഒരു മനുഷ്യാവസ്ഥയുടെ പ്രതീകമാണയാള്‍. കൈയിലുള്ള തൊഴില്‍ മറന്ന്, കഠിനാധ്വാനത്തിന്റെ മഹത്വം മറന്ന്, എളുപ്പവഴികള്‍ തേടി കുരുക്കുകളില്‍ നിന്നു കുരുക്കുകളിലേക്കു പോകുന്ന ആ കഥാപാത്രം കാണികളെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കേരളത്തില്‍ ഒരു സജീവ ചര്‍ച്ചയോ ഉല്‍ക്കണ്ഠാവിഷയമോ അല്ലാതായിട്ട് ഒരു പതിറ്റാണ്ടെങ്കിലും കഴിഞ്ഞുപോയി. ഇക്കാലത്തെ കാണികളിലേക്ക്, വിശേഷിച്ചും പുതിയ തലമുറയിലേക്ക് ഇത്തരം പ്രമേയങ്ങള്‍ എത്രത്തോളം കടന്നു ചെല്ലുമെന്നത് സംശയാസ്പദമാണ്.
അഭിനേതാക്കളുടെ മികച്ച പ്രകടനം ശ്രദ്ധേയമാണ്. വിശേഷിച്ചും നായകനായ വിദ്യാധരനായും അയാളുടെ അച്ഛനായ പപ്പനായും ഭാര്യ രേവതിയായും ആടി തകര്‍ത്തവര്‍ മികച്ച അഭിനേതാക്കളാണ്. അയല്‍ക്കാരായ മാത്തിരിയേടത്തിയും മകനായ ജോണി എന്ന ഗുണ്ടയും കോട്ടും സൂട്ടുമണിഞ്ഞെത്തുന്ന തട്ടിപ്പ് കമ്പനിയുടെ എംഡിയുമെല്ലാം മനസ്സില്‍ നിന്ന് മായാത്ത കഥാപാത്രങ്ങളായി.
ഫോണ്‍ : 98953 41572