
ഫാ. ആബേല്‍ സി എം ഐ ആണല്ലോ മലയാളത്തിലെ ഏറ്റവും മനോഹരമായ ആരാധനാഗീതങ്ങള്‍ എഴുതിയിട്ടുള്ളത്. കുര്‍ബാനക്രമത്തിലെയും കൂദാശ കര്‍മ്മങ്ങളിലെയും ഗാനങ്ങള്‍ അതിലുണ്ട്. മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയിട്ടുള്ള ഗാനങ്ങളിലെ മനോഹരമായ ഒരു ഈരടി ഈ ക്രിസ്മസ് കാലത്ത് നാം ധ്യാനിക്കുന്നത് വളരെ നല്ലതാണ്:
'ആദത്തിനും സന്തതികള്‍ക്കും പറുദീസായില്‍
പുനരധിവാസം നല്‍കുന്നതിനായി
സ്വര്‍ഗം തന്നെ ഭൂമിയിലിറങ്ങി
മഹിതാത്ഭുതമേ...'
ദൈവത്തോടൊപ്പം വസിക്കാന്‍ ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയതിന്റെ വേദന ഉള്ളില്‍കൊണ്ടു നടക്കുകയാണു ദൈവം. ദൈവത്തോട് മനുഷ്യനെ വീണ്ടും അടുപ്പിക്കാന്‍ ആ ദൈവം തന്നെ ഭൂമിയില്‍ ഇറങ്ങി. വേറൊരു പരിഹാരവും അതിന് സമമാകുമായിരുന്നില്ല. വേറൊരു പരിഹാരപ്രക്രിയയും ആ വീണ്ടെടുപ്പ് സാധ്യമാക്കുമായിരുന്നില്ല. അതുകൊണ്ട് പുത്രനെ തന്നെ അയച്ചു എന്ന് യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്.
ദൈവത്തിന്റെ സൃഷ്ടിയും മക്കളും ആയ മനുഷ്യര്‍ തന്നില്‍ നിന്ന് അകന്നുപോയപ്പോള്‍ ആ ദൈവപിതാവിനുണ്ടായ വേദനയാണ് കൂടുതല്‍ സങ്കടകരമാകുന്നത്. ആ പിതാവ് തന്നെയാണ് തിരിച്ചു വന്നിട്ട് വീണ്ടും മനുഷ്യനെ ദൈവത്തിങ്കലേക്ക് കൊണ്ടുപോകുന്നത്. തന്നെ വിട്ടുപോയ മകന്‍ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയോടുകൂടി വഴിയിലേക്ക് നോക്കി, വഴിക്കണ്ണുമായിരിക്കുന്ന ഒരു അപ്പനെ കുറിച്ചുള്ള ചിത്രമാണ് ധൂര്‍ത്തപുത്രന്റെ ഉപമയില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ചിട്ടുള്ളത്. തിരിച്ചു വരുമ്പോള്‍ മകന്‍ തന്റെ അടുത്തുവന്നു മാപ്പ് പറയട്ടെ എന്ന മനുഷ്യസഹജമായ വാശി ആ പിതാവ് കാണിക്കുന്നില്ല.
ദൈവത്തോടൊപ്പം വസിക്കാന്‍ ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയതിന്റെ വേദന ഉള്ളില്‍കൊണ്ടു നടക്കുകയാണു ദൈവം. ദൈവത്തോട് മനുഷ്യനെ വീണ്ടും അടുപ്പിക്കാന്‍ ആ ദൈവം തന്നെ ഭൂമിയില്‍ ഇറങ്ങി. വേറൊരു പരിഹാരവും അതിന് സമമാകുമായിരുന്നില്ല. വേറൊരു പരിഹാര പ്രക്രിയയും ആ വീണ്ടെടുപ്പ് സാധ്യമാക്കുമായിരുന്നില്ല.
തിരിച്ചുള്ള വഴിയില്‍ പാതിവഴി മാത്രമേ പുത്രന്‍ നടക്കുന്നുള്ളൂ, പകുതി വഴി പിതാവായ ദൈവം അങ്ങോട്ടാണ് നടക്കുന്നത്. പകുതി വഴി മകനിലേക്ക് നടന്ന പിതാവ് വഴിയില്‍ വച്ചാണ് അവനെ കണ്ടുമുട്ടി തിരികെ കൂട്ടിക്കൊണ്ടുവരുന്നത്. മകന്‍ ഒരുപാട് മാപ്പുപറച്ചിലുകള്‍ നടത്തുന്നുണ്ടെങ്കിലും അപ്പന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. കാരണം മകനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമാണ് അപ്പന് ഏറ്റവും വലുത്.
നമ്മുടെ ജീവിതത്തില്‍ ക്രിസ്മസ് അനുഭവം പൂര്‍ണ്ണമാകണമെങ്കില്‍ ഇപ്രകാരം നമ്മുടെ പിന്നാലെ വരുന്ന, നമ്മള്‍ ഉപേക്ഷിച്ചാലും നമ്മെ തേടിവരുന്ന ആ ദൈവത്തിന്റെ സ്‌നേഹത്തിന്റെ അനുഭവം നമുക്കുണ്ടാകണം. നമ്മള്‍ മാനുഷികമായ ബലഹീനതകള്‍ കൊണ്ടും ആര്‍ത്തിയോടെയും അഹങ്കാരത്തോടെയും ജീവിച്ചതുകൊണ്ടും ദൈവത്തെ അവഗണിച്ചുവെന്ന ഒരു തിരിച്ചറിവു നമുക്കുണ്ടാകുന്നു. ആ തിരിച്ചറിവിന്റെ ഫലമായി, നമ്മള്‍ തിരിച്ചു നടക്കാനുള്ള തീരുമാനമെടുക്കുന്നു. ആ തിരിച്ചറിവും തീരുമാനവും നമ്മുടെ ജീവിതത്തില്‍ നടപ്പാക്കുമ്പോള്‍, മുഴുവന്‍ വഴിയും നാം തിരിച്ചു നടക്കേണ്ടതില്ല. പകുതി നടന്നാല്‍ തന്നെ ദൈവം നമ്മെ ആ വഴിയില്‍ കണ്ടുമുട്ടും എന്നത് വളരെ വളരെ പ്രധാനപ്പെട്ട ഒരു ക്രിസ്മസ് അനുഭവമാണ്.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു എന്ന് നിത്യം നാം ചൊല്ലുന്നുണ്ട്. നമ്മുടെ ഇടയില്‍ വസിച്ചു എന്നതിന്റെ അര്‍ഥം എന്തുമാത്രം ഉള്‍ക്കൊണ്ടിട്ടാണ് നാം ആ പ്രാര്‍ഥന ചൊല്ലുന്നത് എന്നറിയില്ല. ഇടയില്‍ വസിക്കുന്ന ദൈവത്തേക്കാള്‍ എന്റെ ഉള്ളില്‍ വസിക്കുന്ന ഒരു ദൈവം ഉണ്ട്. എന്റെ ഉള്ളില്‍ ദൈവം പിറക്കുന്നത് എന്റെ ഉള്ളം ഒരു പുല്‍ക്കൂട് ആക്കുമ്പോഴാണ്. ഉള്ളം പുല്‍ക്കൂടാക്കുക എന്നാല്‍ അവിടെ തിന്മയുടെ മാലിന്യം ഇല്ലാതിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഉള്ളം നന്മയുടെ നിറകുടം ആയിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. വെടിപ്പും വിശുദ്ധിയും വെണ്മയും ഉള്ള ഒരു തലമായി നമ്മുടെ മനസ്സിനെ മാറ്റുമ്പോള്‍ ആ മനസ്സില്‍ ദൈവം കുടികൊള്ളും.
'അവസാനം എന്നിലേക്ക് ഞാന്‍ തിരിഞ്ഞു, ഇവിടമാണ് ഈശ്വരന്റെ വാസസ്ഥലം' എന്ന് നാം തിരിച്ചറിയുന്നു. ഈശ്വരനു വസിക്കാന്‍ കഴിയുന്ന ഒരു സ്ഥലമായി എന്നെ ഞാന്‍ മാറ്റുക എന്നതാണ് പ്രധാനം.
വെടിപ്പ് എന്നാല്‍ മനസ്സിലെ തിന്മകളുടെ ദൂരീകരണമാണ്. മനസ്സില്‍ നിന്ന് തിന്മ അകറ്റാതെ അവിടെ നന്മ വസിക്കുകയില്ല. തിന്മയുടെ മാലിന്യമുള്ളിടത്ത് നന്മയ്ക്ക് വസിക്കാനാവില്ല. പൊടിപിടിച്ച ഒരു തുണിയില്‍ ഒരിക്കലും ഒരു കുഞ്ഞിനെ നാം കിടത്തില്ല. ഹൃദയത്തിലെ പൊടികളും അഴുക്കുകളും കഴുകികളയാതെ അവിടെ നമുക്ക് ഈശോയെ സ്വീകരിക്കാന്‍ സാധിക്കില്ല. ഹൃദയത്തില്‍ ഈശോയെ സ്വീകരിക്കാതെ ഭവനത്തില്‍ പ്രതിമകള്‍ നിരത്തി പുല്‍ക്കൂടുകള്‍ വച്ചതുകൊണ്ട് ക്രിസ്മസിന്റെ അനുഭവം ലഭിക്കില്ല. അവനവന് ക്രിസ്മസ് ഒരു അനുഭവമായി മാറണമെങ്കില്‍ വ്യക്തിപരമായി തന്റെ ഹൃദയമാകുന്ന പുല്‍ക്കൂടില്‍ ഈശോയെ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഹൃദയം അതിന് അനുയോജ്യമാക്കി മാറ്റണം. അതിനുള്ള ഒരുക്കമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ക്രിസ്മസിനുള്ള ഒരുക്കത്തെക്കുറിച്ച് കുട്ടികളെ നാം എന്തെല്ലാം കാര്യങ്ങള്‍ പഠിപ്പിക്കുന്നു! സുകൃതങ്ങളും ത്യാഗങ്ങളും ചെയ്തു, അവ കൂട്ടിവച്ച് ഉണ്ണിക്കുള്ള മെത്തയോ ഉടുപ്പുകളോ ആക്കി മാറ്റുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം നന്മപ്രവര്‍ത്തികളാണ്. നന്മപ്രവര്‍ത്തികള്‍ പൂര്‍ണ്ണമാകണമെങ്കില്‍ നാം തിന്മയുടെ സ്വാധീനത്തില്‍ വസിക്കുന്നവരാകരുത്. അതു വളരെയേറെ പ്രധാനപ്പെട്ടതാണ്. ധൂര്‍ത്തപുത്രന്റെ ഉപമയിലും അത് ഓര്‍മ്മിപ്പിക്കുന്നു. ധൂര്‍ത്തപുത്രനൊരു തിരിച്ചറിവാണ് ഉണ്ടായത്. തിരിച്ചറിവിന്റെ ഫലമായി അവന്‍ എഴുന്നേറ്റു എന്നതാണ് ബൈബിളിലെ പ്രയോഗം. മനോഹരമായ ഒരു പ്രയോഗമാണത്. തിന്മയുടെ തലങ്ങളില്‍ നിന്നും നാം എഴുന്നേറ്റ്, അവയെ വിട്ടുപേക്ഷിച്ച്, മനസ്താപപ്രകരണത്തില്‍ പറയുന്നതുപോലെ വെറുത്തുപേക്ഷിച്ചു, തിരിച്ചു നടക്കുന്ന ഒരു മനുഷ്യനെ പിന്നീട് തിന്മ ഒരിക്കലും തീണ്ടുകയില്ല. അങ്ങനെ ഒരു തിരിച്ചുനടപ്പിന്റെ അനുഭവത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമേ നമുക്ക് ഉണ്ണീശോയെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ലത്തീന്‍ കുര്‍ബാനയില്‍ സ്വര്‍ഗസ്ഥനായ പിതാവ് എന്ന പ്രാര്‍ഥന ചൊല്ലുന്നത് കുര്‍ബാന സ്വീകരണത്തിന് തൊട്ടുമുമ്പായിട്ടാണല്ലോ. ആ പ്രാര്‍ഥനയ്ക്കുശേഷമാണ് സമാധാനം പരസ്പരം കൊടുക്കുന്നത്. ക്ഷമയെയും മറക്കലിനെയും പൊറുക്കലിനെയും കുറിച്ചുള്ള പ്രാര്‍ഥനയില്‍ പിതാവിന്റെ കരുണ യാചിച്ചതിനുശേഷം സമാധാനം കൊടുക്കുക. അപ്രകാരം സമാധാനം കൊടുക്കുന്നതിന് തൊട്ടുമുമ്പായി വൈദികന്‍ ചൊല്ലുന്ന പ്രാര്‍ഥന വളരെ ഹൃദയസ്പര്‍ശിയാണ്. 'അങ്ങയുടെ കരുണയാല്‍ ശക്തി പ്രാപിച്ചു, സകല പാപങ്ങളില്‍ നിന്നും മോചിതരായി, സകല വിപത്തുകളില്‍ നിന്നും സുരക്ഷിതരാകാനുള്ള' ആശീര്‍വാദം ആണത്. ഇതെന്നെ ആഴത്തില്‍ ചിന്തിപ്പിച്ചിട്ടുണ്ട്. പാപങ്ങളില്‍ നിന്നും മുക്തരാകാതെ തിന്മയില്‍ നിന്നും സുരക്ഷിതരാകാന്‍ സാധിക്കില്ല. ദുര്‍ഘടങ്ങളുടെയും വിപത്തുകളുടെയും ഒരു വലയത്തില്‍ നമ്മള്‍ പെട്ടുകിടക്കുന്നത് ഒരു പക്ഷേ നമ്മള്‍ ആയിരിക്കുന്ന അവസ്ഥ മൂലമായിരിക്കും. അതു നമ്മള്‍ ക്ഷണിച്ചുവരുത്തിയ അവസ്ഥയാണ്.
പാപത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്. പാപം എന്നത് ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നും അകന്നു പോകലാണ്. നമ്മെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നുള്ള അകന്നു പോകല്‍. അങ്ങനെ ദൈവത്തില്‍ നിന്നും അകന്നു നിന്നിട്ടും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ കിട്ടണം എന്ന ശാഠ്യം നമ്മുടെ ആത്മീയ കാപട്യമാണ്. ദൈവത്തിനു നിരക്കാത്ത തലങ്ങളില്‍, പാപത്തില്‍ ജീവിച്ചിട്ട്, ദൈവത്തിന്റെ അനുഗ്രഹം കിട്ടാന്‍ വേണ്ടി ദൈവത്തെ കബളിപ്പിക്കുന്ന രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതുകൊണ്ട് നമുക്കൊരിക്കലും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ സാധിക്കില്ല. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണമെങ്കില്‍ ദൈവത്തിന്റെ അനുഭവം ഉണ്ടാകണം. ദൈവത്തിന്റെ അനുഭവമാണ് ക്രിസ്മസ്. ആ അനുഭവം ഉണ്ടാകണമെങ്കില്‍ തിന്മയുടെ മാലിന്യങ്ങളില്‍ നിന്ന് നാം മുക്തരാകണം. പാപങ്ങളില്‍ നിന്നും മുക്തരാകാതെ വിപത്തുകളില്‍ നിന്നും സുരക്ഷിതരാകാന്‍ സാധിക്കില്ല. ദൈവത്തിന്റെ പരിപാലനയാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ് അവ. ദൈവത്തെ കബളിപ്പിച്ച് നമുക്ക് മുമ്പോട്ടു പോകാനാവില്ല. ആത്മീയകാപട്യം ഉപേക്ഷിക്കാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.
സങ്കീര്‍ത്തനം 84:11 ല്‍ കര്‍ത്താവ് നമുക്ക് നല്‍കുന്ന വലിയ വാഗ്ദാനവും അതുതന്നെയാണ്: 'പരമാര്‍ഥ ഹൃദയത്തോടെ വ്യാപരിക്കുന്നവര്‍ക്ക് ഒരു നന്മയും അവിടുന്ന് നിഷേധിക്കുകയില്ല.' ഒരു പടി കൂടി കടന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. പരമാര്‍ഥ ഹൃദയത്തോടെ വ്യാപരിക്കുന്നവര്‍ക്ക് ഒരു നന്മയും നിഷേധിക്കാന്‍ ദൈവത്തിന് സാധിക്കില്ല. ക്രിസ്മസ് നല്‍കുന്ന വാഗ്ദാനം അതാണ്. മനസാക്ഷിയെ നിര്‍മ്മലമാക്കുകയും ഹൃദയത്തെ വെടിപ്പാക്കുകയും നന്മകൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന ഒരു ഹൃദയത്തില്‍ ദൈവത്തിന് വസിക്കാതിരിക്കാനാവില്ല. അങ്ങനെ ഉള്ളില്‍ ദൈവം വസിക്കുന്ന അനുഭവമായി, ഉള്ളില്‍ വസിക്കുന്ന ദൈവത്തെ അനുഭവിക്കലായി ഈ ക്രിസ്മസ് മാറട്ടെ.