ധ്രുവീകരിക്കപ്പെട്ട ഒരു സഭയില്‍ ഐക്യം കൊണ്ടുവരാന്‍ പരിശുദ്ധാത്മാവിന് ശക്തിയുണ്ട്. ആത്മാവിന്റെ സാന്നിധ്യവും മാര്‍ഗനിര്‍ദേശവും അഭ്യര്‍ത്ഥിക്കുന്നതിലൂടെ, ഭിന്നതകളെ യും വെറുപ്പുകളെയും തകര്‍ച്ചകളെയും നമുക്ക് മറികടക്കാന്‍ കഴിയും.
ധ്രുവീകരിക്കപ്പെട്ട ഒരു സഭയില്‍ ഐക്യം കൊണ്ടുവരുന്നതില്‍ പരിശുദ്ധാത്മാവിന്റെ 'പരിവര്‍ത്തന ശക്തിയായിരുന്നു' പെന്തക്കോസ്ത് ദിവ്യബലി മധ്യത്തിലുള്ള ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തിന്റെ വിഷയം. പരിശുദ്ധാത്മാവിനെ വിളിച്ച് നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ നമുക്ക് ഭിന്നത, വിഭാഗീയത, തകര്‍ച്ച എന്നിവയെ മറികടക്കാന്‍ കഴിയും. ലോകത്തിലും സഭയിലും നമ്മുടെ ഹൃദയങ്ങളിലും പരിശുദ്ധാത്മാവ് അഗാധമായ സ്വാധീനം ചെലുത്തുന്നുവെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
പൊരുത്തക്കേടുകളും വലിയ വിഭജനവും അടയാളപ്പെടുത്തിയ നമ്മുടെ ഇന്നത്തെ ലോകത്തിന്റെ അവസ്ഥയിലേക്ക് പാപ്പ ശ്രദ്ധ ആകര്‍ഷിച്ചു. നമ്മള്‍ പല ശൃംഖല വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും, നമ്മുടെ ജീവിതം, നിസ്സംഗതയാല്‍ നയിക്കപ്പെടുന്നതായും ഏകാന്തതയാല്‍ ഞെരുക്കപ്പെടുന്നതായും യഥാര്‍ത്ഥത്തില്‍ നാം പലപ്പോഴും പരസ്പരം വിച്ഛേദിക്കപ്പെട്ടതായി കാണപ്പെടുന്നു. സംഘട്ടനത്തിലും അനീതിയിലും പരദൂഷണത്തിലും സന്തോഷിക്കുന്ന പിശാച് എന്ന ഭിന്നിപ്പിന്റെ ആത്മാവിന്റെ സാന്നിധ്യം നാം തിരിച്ചറിയണം. വിയോജിപ്പിന്റെ തിന്മയെ ചെറുക്കാന്‍ നമ്മുടെ പ്രയത്‌നങ്ങള്‍ മാത്രം പര്യാപ്തമല്ലെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. ഐക്യത്തിന്റെയും സമന്വയത്തിന്റെ untiy and harmony) ആത്മാവായ പരിശുദ്ധാത്മാവിലൂടെ മാത്രമേ നമുക്ക് യഥാര്‍ത്ഥത്തില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയൂ.
സൃഷ്ടിയില്‍ ക്രമവും ഐക്യവും
പാപ്പ തന്റെ സന്ദേശത്തിന്റെ ആദ്യഭാഗത്തില്‍ സൃഷ്ടിയില്‍ പരിശുദ്ധാത്മാവിന്റെ പങ്ക് എത്ര വലുതാണെന്ന് കാട്ടിത്തന്നു. ലോകത്തിന് ക്രമവും ഐക്യവും കൊണ്ടുവന്നുകൊണ്ടു ഉല്പത്തി മുതല്‍, ആത്മാവ് പ്രവര്‍ത്തിക്കുന്നു. സൃഷ്ടിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ഐക്യത്തിനും സമന്വയത്തിനും ആത്മാവിന്റെ സാന്നിധ്യം ആവശ്യമാണ്. ആത്മാവില്ലെങ്കില്‍ എല്ലാം ആശയക്കുഴപ്പത്തിലാവുകയും ക്രമം ഇല്ലാതാവുകയും ചെയ്യും. യാഥാര്‍ത്ഥ്യത്തെ മാറ്റുകയല്ല, അതിനെ സമന്വയിപ്പിക്കുക എന്നതാണ് ആത്മാവിന്റെ ശൈലി. വിഭജനത്താല്‍ ലാഞ്ചുന്ന ഈ ലോകത്ത്, ഭൂമിയുടെ മുഖം പുതുക്കുന്നതില്‍ ആത്മാവിന്റെ പങ്ക് തിരിച്ചറിയാനും നമ്മുടെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നിപ്പുകള്‍ ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ ആത്മാവിനെ ദിവസവും വിളിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
ആത്മാവ് ഏകീകൃതത അടിച്ചേല്‍പ്പിക്കുന്നില്ല, മറിച്ച് വൈവിധ്യത്തില്‍ നിന്ന് ഐക്യം സൃഷ്ടിക്കുന്നു
തന്റെ സന്ദേശത്തിന്റെ രണ്ടാമത്തെ ഭാഗത്തേക്ക് നീങ്ങുമ്പോള്‍, അദ്ദേഹം സഭയിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി. ആത്മാവ് ഏകീകൃതത അടിച്ചേല്‍പ്പിക്കുന്നില്ല, മറിച്ച് വൈവിധ്യത്തില്‍ നിന്ന് ഐക്യം സൃഷ്ടിക്കുന്നു. ആത്മാവിന്റെ ദാനങ്ങളുടെ വൈവിധ്യത്തിനനുസരിച്ചാണ് സഭയുടെ ഘടന. പെന്തക്കോസ്തദിനത്തില്‍, പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരുടെ മേല്‍ ഇറങ്ങുകയും, അവരില്‍ ഓരോരുത്തര്‍ക്കും അതുല്യമായ കൃപകളും ദാനങ്ങളും നല്‍കി. അവരുടെ വ്യത്യാസങ്ങള്‍ക്കിടയിലും, ആത്മാവ് അവരുടെ കഴിവുകളെ സമന്വയിപ്പിക്കുകയും വിവിധ ഭാഷകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ആത്മാവ് വ്യത്യാസങ്ങളെയോ സംസ്‌കാരങ്ങളെയോ ഇല്ലാതാക്കുന്നില്ല, മറിച്ച് എല്ലാറ്റിനെയും സമന്വയിപ്പിച്ച് അവയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു. ഏകീകൃതവല്‍ക്കരണം (uniformtiy) ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍, ആത്മാവിന്റെ സമന്വയ (harmony) ശക്തിയെക്കുറിച്ചും മറ്റുള്ളവരിലുള്ള ആത്മാവിന്റെ സ്‌നേഹത്തിലും ദാനങ്ങളിലും വിസ്മയം അനുഭവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ പാപ്പ നമ്മെ പ്രോത്സാഹിപ്പിച്ചു.
ആത്മാവില്ലെങ്കില്‍, സഭ നിര്‍ജീവമാകും, വിശ്വാസം കേവലം ഉപദേശമാകും
മൂന്നാമതായി, സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് ആത്മാവിന്റെ നേതൃത്വത്തിലുള്ള യാത്രയായി അദ്ദേഹം ചിത്രീകരിച്ചു. സഭയുടെ ആത്മാവും സിനഡാലിറ്റിയുടെ ഹൃദയവും സുവിശേഷവല്‍ക്കരണത്തിന്റെ ചാലകശക്തിയും ആയതിനാല്‍ സഭ ആത്മാവിനോടൊപ്പം യാത്ര ചെയ്യണമെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. ആത്മാവില്ലെങ്കില്‍, സഭ നിര്‍ജീവമാകും, വിശ്വാസം കേവലം ഉപദേശമായി മാറുന്നു, അജപാലന ജോലി വെറും അധ്വാനമാണ്. സഭയുടെയും സിനഡിന്റെ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രത്തില്‍ പരിശുദ്ധാത്മാവിനെ പ്രതിഷ്ഠിക്കണമെന്ന് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തു. നമ്മോടുള്ള സ്‌നേഹത്തെക്കാള്‍ യേശുവോടുള്ള സ്‌നേഹത്താല്‍ നമ്മുടെ ഹൃദയങ്ങളെ ദഹിപ്പിക്കാന്‍ അവനിലൂടെ മാത്രമേ കഴിയൂ എന്നതിനാല്‍, ആത്മാവിനെ ദിവസവും ആവാഹിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലൗകികമായ പകരക്കാരെ ആശ്രയിക്കാതെ, യഥാര്‍ത്ഥ ഐക്യത്തിനായി പരിശുദ്ധാത്മാവിനെ അന്വേഷിക്കുവിന്‍
അവസാനമായി, നമ്മുടെ ഹൃദയങ്ങളില്‍ ഐക്യം സൃഷ്ടിക്കാനുള്ള പരിശുദ്ധാത്മാവിന്റെ കഴിവിനെ പാപ്പ എടുത്തുകാട്ടി. യേശു ശിഷ്യന്മാരില്‍ നിശ്വസിക്കുകയും അവര്‍ക്ക് ആത്മാവിനെ നല്‍കുകയും ചെയ്തതുപോലെ, ആത്മാവ് പാപങ്ങള്‍ ക്ഷമിക്കുകയും മനസ്സുകളെ അനുരഞ്ജിപ്പിക്കുകയും മുറിവേറ്റ ഹൃദയങ്ങളെ യോജിപ്പിക്കുകയും ചെയ്യുന്നു. ആത്മാവ് ദൈവവുമായി അടുപ്പം സൃഷ്ടിക്കുകയും നമ്മുടെ ഉള്ളില്‍ ഐക്യം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ലൗകികമായ പകരക്കാരെ ആശ്രയിക്കാതെ, യഥാര്‍ത്ഥ ഐക്യത്തിനായി പരിശുദ്ധാത്മാവിനെ അന്വേഷിക്കാന്‍ പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിച്ചു. ആത്മാവിനോട് അനുസരണയുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും നമ്മുടെ വിശ്വാസജീവിതം ശാഠ്യമാണോ അതോ മാറ്റത്തിന് തുറന്നതാണോ എന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭിന്നിപ്പും വേദനയും ഉണ്ടാക്കുന്നതിനുപകരം ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉപസംഹാരം
ധ്രുവീകരിക്കപ്പെട്ട ഒരു സഭയില്‍ ഐക്യം കൊണ്ടുവരാന്‍ പരിശുദ്ധാത്മാവിന് ശക്തിയുണ്ട്. ആത്മാവിന്റെ സാന്നിധ്യവും മാര്‍ഗനിര്‍ദേശവും അഭ്യര്‍ത്ഥിക്കുന്നതിലൂടെ, ഭിന്നതകളെയും വെറുപ്പുകളെയും തകര്‍ച്ചകളെയും നമുക്ക് മറികടക്കാന്‍ കഴിയും. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ലോകത്തിലേക്കും സഭയിലേക്കും നമ്മുടെ ഹൃദയങ്ങളിലേക്കും വ്യാപിക്കുന്നു, ക്രമവും ഐക്യവും ദൈവവുമായുള്ള അടുപ്പവും പുനഃസ്ഥാപിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്തുകാണിച്ചതുപോലെ, പരിശുദ്ധാത്മാവിനെ സഭയുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, നമ്മുടെ വിശ്വാസത്തെ നയിക്കാനും ചൈതന്യവത്കരിക്കാനും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കൂട്ടായ്മയുടെയും ആത്മാവിനെ പരിപോഷിപ്പിക്കാനും ആത്മാവ് അനുവദിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഐക്യവും ശാന്തിയും സ്‌നേഹവും അനിവാര്യമായ ഈ ലോകത്ത് നമുക്ക് സമന്വയത്തിന്റെ ഉപകരണങ്ങളും പരിവര്‍ത്തനത്തിന്റെ മൂലശക്തിയും ആകാന്‍ കഴിയും.