ജീവനുള്ള ദൈവരാജ്യം ആത്മാവുള്ള തത്വശാസ്ത്രം

എന്‍ ബി സി എല്‍ സിയുടെ മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് തേക്കാനത്ത് അനുസ്മരിക്കപ്പെടുന്നു...
ജീവനുള്ള ദൈവരാജ്യം ആത്മാവുള്ള തത്വശാസ്ത്രം
മൈസൂര്‍ സര്‍വകലാശാല ക്രിസ്തീയ പഠന വേദിയുടെ കാര്യദര്‍ശി, സി.ബി.സി.ഐ. ക്രി സ്തീയ ജീവിത കാര്യാലയത്തിന്റേയും, ബൈ ബിള്‍ പഠനവേദിയുടേയും കാര്യദര്‍ശി, പത്തു വര്‍ഷത്തില്‍ കൂടുതല്‍ എന്‍.ബി.സി.എല്‍.സി യുടെ ഡയറക്ടര്‍, സെ. ജോണ്‍സ് മെഡിക്കല്‍ കോളേജ് അസി. ഡയറക്ടര്‍, ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്റെ (FABC) വിവിധ കാര്യാലയങ്ങളുടെ സെക്രട്ടറി എന്നീ സേവന രംഗങ്ങളില്‍ ജേക്ക ബച്ചന്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമായിരുന്നു.

പ്രൊഫ. വര്‍ഗീസ് പുളിക്കല്‍

തൊണ്ണൂറുകളുടെ ആരംഭത്തില്‍ ആദ്യമായി ബാംഗ്ലൂരിലെ നനുത്ത കുളിര്‍മ്മയിലേക്ക് ബസ്സ് കയറുമ്പോള്‍ അത് ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു യാത്രയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

എറണാകുളം രൂപതയിലെ മതബോധന രംഗം കൂടുതല്‍ പ്രോജ്ജ്വലമാക്കാന്‍ ഒരുക്കിയ ടീമിലെ അംഗമായ എനിക്ക് കൂടുതല്‍ ആ വേദിയില്‍ പ്രശോഭിക്കുവാന്‍ ഒരുന്നത പരിശീലനം ഉപയോഗപ്രദമാകുമെന്ന ഫാ. ജോസ് ഇടശ്ശേരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് എന്‍.ബി.സി.എല്‍.സിയിലേക്കുള്ള എന്റെ പ്രയാണമാരംഭിച്ചത്. സാമ്പത്തിക ശാസ്ത്ര ബിരുദത്തിനും ആംഗലേയ സാഹിത്യ ബിരുദാനന്തര ബിരുദ പഠനത്തിനുമിടയിലെ ഒരവധിക്കാലത്ത്.

ബാംഗ്ലൂരെന്ന പൂന്തോട്ട നഗരം വശ്യസുന്ദരമായിരുന്നു. ഗുല്‍ മോഹര്‍ മരങ്ങളുടെ പൂക്കള്‍ കൊണ്ട് വര്‍ണ്ണവിസ്മയമൊരുക്കി അതിഥികള്‍ക്ക് പുഷ്പവൃഷ്ടി നടത്തി, മഞ്ഞുപാളികള്‍ കൊണ്ട് ആരതിയുഴിഞ്ഞു സ്വീകരിക്കുന്ന പ്രൗഡമനോഹരിയായ ബാംഗ്ലൂര്‍, കരിങ്കല്‍പാളികള്‍ കൊണ്ട് വീഥികളും മതിലുകളുമൊരുക്കിയ നഗരപാതകളിലൂടെ ഒരു ഷാളും പുതച്ച് അതിരാവിലെ മടിവാളയില്‍നിന്നും ഹട്ചിന്‍സ് റോഡിലേക്ക്... കണ്ണുകളെ ഒന്ന് ചിമ്മാന്‍ പോലും വിടാതെ മനോഹാരിത മൊത്തം ഒപ്പിയെടുത്തുകൊണ്ടുള്ള ഓട്ടോ റിക്ഷയിലെ യാത്ര... രാവിലെ ഏഴു മണിയോടെ എന്‍.ബി.സി.എല്‍.സിയില്‍!!!

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ താത്വിക, ദൈവശാസ്ത്ര, ആദ്ധ്യാത്മിക നൂതനദര്‍ശനങ്ങള്‍ ഭാരതീയതത്വചിന്തകളില്‍ സമഞ്ജസ്സമായി കോര്‍ത്തിണക്കി ഭാരതസഭയ്ക്ക് കാലികപ്രസക്തമായ അടിത്തറയൊരുക്കുവാനായിരുന്നു, സുവിശേഷ, മതബോധന, ആരാധനാ ഗവേഷണ പരിശീലന കേന്ദ്രമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ.), നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ലിറ്റര്‍ജിക്കല്‍ സെന്റര്‍ (എന്‍.ബി.സി.എല്‍.സി) ബാംഗ്ലൂരില്‍ സ്ഥാപിച്ചത്.

ഭാരതീയ ആദ്ധ്യാത്മികതയുടെ അന്തഃസത്തയില്‍ ക്രിസ്തീയ ദൈവശാസ്ത്ര തത്വങ്ങള്‍ ഉരുക്കിയെടുത്ത് അവയെ കാഹളമൂതി പ്രഘോഷിക്കുന്ന എന്‍.ബി.സി.എല്‍.സി. കര്‍പ്പൂരനാളങ്ങളുടെ ദീപപ്രപഞ്ചത്തില്‍ ഭാരതീയ സംഗീതോപകരണങ്ങളുടെ താളലയങ്ങളില്‍ ഗായകരുടെ മാസ്മരിക സ്വരമാധുരി കര്‍ണാടിക് രാഗഭാവങ്ങളെ തൂകിത്തലോടിയുണര്‍ത്തുന്ന എന്‍.ബി.സി.എല്‍.സി. വി ജ്ഞാനവും വിശുദ്ധിയും അനിര്‍ വചനീയമായ ക്രിസ്താനുഭവത്തിലേക്കു നയിക്കുന്ന... ശക്തവും ശുദ്ധവുമായ വീക്ഷണങ്ങള്‍ കൊണ്ട് ദൈവാനുഭവത്തിന്‍ മഴവില്ലുകളൊരുക്കുന്ന താബോര്‍ മലയായ എന്‍.ബി.സി.എല്‍.സി. വിശ്വാസത്തിന്റെ ഉള്‍ത്തലങ്ങളില്‍ ഒരായിരം ജാലകങ്ങള്‍ തുറന്നിട്ട നാല്‍പ്പത്തഞ്ചോളം ദിനങ്ങള്‍.

ഇതിനെക്കാളേറ്റം ഞാന്‍ ശ്രദ്ധിച്ചത് എന്‍.ബി.സി.എല്‍.സിക്ക് ഉണര്‍വും നിറവും, ഓജസ്സും തേജസ്സും, വ്യക്തിത്വവും നേതൃത്വവും പകര്‍ന്നേകി ഓടി നടക്കുന്ന അതിന്റെ ഡയറക്ടറായ ഫാ. ജേക്കബ് തേക്കാനത്തച്ചനെയാണ്. മാനവികതയുടെ പൂര്‍ണ്ണതയും, വിശുദ്ധിയുടെ പരിപാവനതയും ഒത്തുചേര്‍ന്നൊരു വ്യക്തിത്വം. ആത്മസൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തുകള്‍ നറും പുഞ്ചിരിയിലൊതുക്കി, കറതീര്‍ന്ന അറിവിന്റെ അരുവികള്‍ വാക്ചാതുരിയില്‍ സരസമായൊഴുക്കി, ജീവിതത്തിന്റെ ഓരോ നിമിഷത്തേയും അടുത്തറിയുന്നവര്‍ക്ക് ക്രിസ്താനുഭവത്തിന്റെ മോഹന യുഗങ്ങളാക്കി, കരുണയും കരുതലും ഓരോ തീരുമാനങ്ങളുടേയും അടിത്തറയാക്കി, ഒരേ സമയം ശിശുസഹജമായ നൈര്‍മല്യതയും നിഷ്‌കളങ്കതയും പിതൃസഹജമായ വാത്സല്യവും നിഷ്‌കര്‍ഷതയും പഞ്ചാമൃതം പോലെ മധുരോദാരം പൊഴിക്കുന്ന നിറസാന്നിധ്യം.

ദൈവം കനിഞ്ഞു നല്‍കിയ കുറേ കഴിവുകളും, വളര്‍ത്തിയെടുക്കാനായ കുറെ വ്യക്തിത്വ സവിശേഷതകളും, നാലഞ്ചുവര്‍ഷത്തെ വൈദിക പരിശീലനവും, എറണാകുളം രൂപതയൊരുക്കിയ ദൈവശാസ്ത്ര, സഭാപഠന ശിബിരങ്ങളില്‍നിന്നു നേടിയ ഉള്‍ക്കാഴ്ച്ചകളും കണ്ടിട്ടാവാം സെമിനാര്‍ തീരുന്നതിന്റെ തലേ രാത്രി ജേക്കബച്ചന്‍ എന്നെ ക്ഷണിച്ചു, എന്‍.ബി.സി.എല്‍.സിയിലേക്ക്. ഒരു അദ്ധ്യാപകനായി, അച്ചന്റെ സമ്മതപ്രകാരം, ആലുവ യൂ.സി. കോളേജിലെ പി.ജി. ബിരുദത്തിനു ശേഷം, ഞാനെത്തി, എന്റെ ജീവിതത്തിലെ ഒരു സുവര്‍ണ്ണ കാലത്തിന്റെ വാതില്‍പ്പടിയില്‍ അല്‍മായ പരിശീലന കോഴ്‌സുകളുടെ കാര്യദര്‍ശിയും, മാധ്യമപരിശീലകനും, മറ്റു കുറേ ജോലികളുടെ ചുമതലയുമായി. പിന്നീടുള്ള വര്‍ഷങ്ങള്‍ ജേക്കബച്ചന്‍ ജ്ഞാനസമൃദ്ധിയിലും കവിഞ്ഞൊഴുകുന്ന സ്‌നേഹത്തിലും എന്റെ ജീവിതം കറകളഞ്ഞെടുക്കുന്ന എമ്മാവൂസ് അനുഭവദിനങ്ങളായിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വീക്ഷണങ്ങളുടെ എന്‍.ബി.സി.എല്‍.സിയിലെ ആവിഷ്‌ക്കാരത്തിന്റെ ഫലമായിട്ടാണ് പല സാംസ്‌കാരികാനുരൂപണങ്ങളും ഭാരത സഭയിലുണ്ടായത്. ഭാരതസംഗീതം, യോഗ, നൃത്തരൂപങ്ങള്‍, ഭരത നാട്യം മുതല്‍ ആദിവാസി നൃത്തം വരെ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ക്രിസ്തീയവിശ്വാസത്തിന്റെ പൊന്‍തൂവലുകള്‍ നല്‍കിയാല്‍, ക്രിസ്താനുഭവത്തിലേക്കു നയിക്കാനുതകുമെന്ന അമലോര്‍പ്പവദാസച്ചന്റെ ദര്‍ശനങ്ങള്‍ അഭംഗുരം ജേക്കബച്ചന്‍ തന്റെ ക്ലാസ്സുകളിലൂടെയും പ്രാര്‍ത്ഥനാരീതികളിലൂടെയും ജീവിതത്തിലൂടെയും കാത്തുസൂക്ഷിക്കുകയും, ഉല്‍കൃഷ്ടവല്‍ക്കരിക്കുകയും, അര്‍ത്ഥ സമ്പുഷ്ടമാക്കുകയും ചെയ്തു.

മതമൗലികവാദികളായ ചില പിതാക്കന്മാരും സന്യസ്തരും, പുരോഹിതരും അല്‍മായരും ഉയര്‍ത്തിയ വിമര്‍ശനങ്ങളേയും എയ്ത കൂരമ്പുകളേയും ദൈവവചനത്തിന്റെ തകര്‍ക്കാനാകാത്ത പരിച കൊണ്ട് ബലഹീനമാക്കി പതറാത്ത ധീരനായ പോരാളിയേപ്പോലെ അനേകം തവണ പൊരുതുന്നതുകണ്ട് സാക്ഷിയാണ് ഞാന്‍. പിതാക്കന്മാരുടെ വിമര്‍ശന സ്വരങ്ങളില്‍ വേദനിച്ച് അച്ചന്‍ എന്നോടു പറയുമായിരുന്നു, ''രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ ഒരു പ്രാവശ്യമെങ്കിലും ഈ പിതാക്കന്മാര്‍ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍.''

മനുഷ്യാവതാര രഹസ്യം തന്നെ ദൈവരാജ്യവീക്ഷണം നല്‍കി മനുഷ്യരക്ഷയൊരുക്കാന്‍ ഒരു സംസ്‌കാരത്തിലേക്ക് മനുഷ്യരൂപത്തിലിറങ്ങി വന്ന പിതാവായ ദൈവത്തിന്റെ പദ്ധതിയുടെ ചരിത്രമാണ്. യഹൂദ, റോമാ, യവന സംസ്‌കാരങ്ങളിലെ ദൈവശാസ്ത്ര ദര്‍ശനങ്ങളും തത്വചിന്തകളും, ആചാരാനുഷ്ഠാനങ്ങളും ആദ്യവര്‍ഷങ്ങളില്‍ തന്നെ സഭയില്‍ ക്രിസ്തീയവല്‍ക്കരിക്കപ്പെട്ടിരുന്നു. റഷ്യന്‍, ആഫ്രിക്കന്‍, ഈജിപ്ഷ്യന്‍ സംസ്‌കാര പ്രത്യേകതകള്‍ അവിടങ്ങളിലെ സഭയിലെ നിറക്കൂട്ടുകളായി മാറി. അവിടങ്ങളിലെ സഭാവളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാംസ്‌കാരികാനുരൂപണത്തിനു കഴിഞ്ഞു. അങ്ങനെ സാംസ്‌കാരികാനുരൂപണം സഭയുടെ സവിശേഷതയും, മൗലികമൂല്യവും, വളര്‍ച്ചയ്ക്കുള്ള കാരണവുമായി മാറി.

പക്ഷേ, ഹൈന്ദവക്ഷേത്ര മാതൃകയില്‍, ക്രിസ്തീയ ദേവാലയങ്ങള്‍ തീര്‍ത്ത തോമാശ്ലീഹായുടെ അപ്പസ്‌തോലിക പാരമ്പര്യങ്ങള്‍ വിസ്മരിച്ച്, ഭാരതീയ മൂല്യങ്ങളും തത്വചിന്തകളും അക്രിസ്തീയമായി മുദ്രകുത്തി, കേരളഭാരതീയ ക്രിസ്തീയ വിശ്വാസത്തില്‍ യുറോപ്യന്‍ കല്‍ദായ സംസ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചവരും, അതില്‍ ഊറ്റം കൊള്ളുന്നവരും സഭയുടെ ഈ സവിശേഷചരിത്രമാണ് മറന്നുപോയത്. ഭാരതീയ സംസ്‌കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അലകുകളൊരുക്കാത്ത ഒരു സു വിശേഷവല്‍ക്കരണ പ്രക്രിയ മൂലമാണ്, ഭാരതത്തില്‍ സഭയ്ക്ക് വളരാനാകാഞ്ഞത്. ധീരവും വിപ്ലവാത്മകവുമായിരുന്നു ജേക്കബച്ചന്റെ ചിന്തകള്‍. ഭാരത സംസ്‌കാര തനിമയോടെയുള്ള ഒരു ആരാധനക്രമം റോമില്‍നിന്നും അംഗീകരിച്ച് നല്‍കപ്പെട്ടിട്ടുള്ളതാണെങ്കിലും പൂര്‍ണ്ണമായത് രൂപതകളില്‍ അനുവദിച്ചു നല്‍കാന്‍ മെത്രാന്മാര്‍ ആരും തന്നെ ശ്രമിച്ചിരുന്നില്ല. ചില ഒറ്റപ്പെട്ട അവസരങ്ങളില്‍ സന്യാസ ഭവനങ്ങളിലും ചുരുക്കം ചില ഇടവകകളിലും മാത്രമേ കേരളത്തില്‍ ഭാരതീയ പൂജ അര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. സീറോ-മലബാര്‍ സഭയില്‍ നവചിന്താധാരകളൊഴുക്കാന്‍ പാറേക്കാട്ടില്‍ പിതാവു ശ്രമിച്ച് അപവാദശരങ്ങളേറ്റ് പിടഞ്ഞത് മറ്റൊരു കണ്ണീര്‍ ചരിത്രം. ഉത്തരേന്ത്യയിലെ ലത്തീന്‍ രൂപതകളില്‍ അതിനു കൂടുതല്‍ പ്രചാരമുണ്ടായിരുന്നു.

മാനവികതയും ദൈവികതയും ഒന്നായിത്തീരുന്ന മനുഷ്യാവതാര രഹസ്യത്തിന്റെ ഉദാത്തമായ പ്രകാശനമായി വിമോചന ദൈവ ശാസ്ത്രവും പ്രാദേശികസംസ്‌കാര അനുരൂപണവും മതൈക്യവാദവും സഭയിലാകമാനം പൊട്ടിമുളയ്ക്കാനുള്ള ജീവസ്രോതസ്സായി, ഈ സഹസ്രാബ്ദത്തിന്റെ ആരംഭത്തിനു മുന്‍പേ, സി.ബി.സി.ഐ. സ്ഥാപിച്ച, ജേക്കബച്ചന്‍ നയിച്ചിരുന്ന, ദേശീയകേന്ദ്രം മാറിയിരുന്നു. അച്ചന്‍ അര്‍പ്പിക്കുന്ന ഭാരതീയ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എന്‍.ബി.സി.എല്‍.സിയിലേക്കു വരുന്നവരില്‍ ഹിന്ദുക്കളും മുസ്ലീം മതവിശ്വാസികളും ഒത്തിരിയുണ്ടായിരുന്നു. പള്ളി വൃത്തിയാക്കുന്നത് ഒരു മുസ്ലീം സ്ത്രീ. ഭാരതീയപൂജയ്‌ക്കൊരുക്കുന്നത് ഒരു ഹിന്ദു യുവതി. ഭജനഗാനങ്ങളാലപിക്കുന്നത് ഹിന്ദുഗായകര്‍ക്കൊപ്പം ഞാനും സന്യാസിനികളും. ഗീതയും ഖുറാനും മറ്റു മതഗ്രന്ഥങ്ങളും ബൈബിളിനോടൊപ്പം വചനമായി പങ്കുവയ്ക്കപ്പെട്ടു. ഗസലുകളും, കീര്‍ത്തനങ്ങളും, ഹിന്ദുസ്ഥാനി സംഗീതവും, കര്‍ണാടിക് സംഗീതവും, നാടോടി സംഗീതവും, അള്‍ത്താരയില്‍ പുതിയൊരു ഉള്‍ക്കാഴ്ച. നൂതനമായൊരു ദര്‍ശന വിസ്മയം, മനസ്സിന്റെ അഗാധതയില്‍ ലയിച്ചുയരുന്ന ക്രിസ്താനുഭവം. ഈ വിശ്വാസവിപ്ലവത്തിലെ പ്രവാചകശബ്ദമായി, സുവിശേഷ പണ്ഠിതനായ ജേക്കബച്ചന്‍.

സ്ഥാപക ഡയറക്ടറച്ചനായ അമലോര്‍പ്പവദാസച്ചന്റേയും, തുടര്‍ന്നു വന്ന പുത്തനങ്ങാടിയച്ചന്റേയും ജേക്കബച്ചന്റേയും താത്വിക, ദൈവശാസ്ത്ര, വചനാധിഷ്ഠിത ദര്‍ശനങ്ങളില്‍നിന്ന് നേടിയെടുത്ത ശക്തിയും, സഭയ്ക്കുള്ളിലെ പ്രാധാന്യവും എന്‍.ബി.സി.എല്‍.സിയില്‍ കുറഞ്ഞുപോയതിന്, നേതൃസ്ഥാനത്തേക്ക് പിന്നീട് വന്നവരിലെ ബോദ്ധ്യങ്ങളിലെ വൈരുദ്ധ്യതയും, വീക്ഷണ വൈകല്യങ്ങളും, സഭയ്ക്കുള്ളിലെ റീത്തു വഴക്കും, അധികാര വടംവലിയും, ആരാധനാക്രമ വിവാദങ്ങളും കാരണങ്ങളായെന്നു പറയാതെ വയ്യ.

എന്‍.ബി.സി.എല്‍.സിയെ ജേക്കബച്ചന്‍ ദൈവരാജ്യത്തിന്റെ ഒരു പതിപ്പാക്കി മാറ്റാനെന്നും ശ്രദ്ധിച്ചിരുന്നു. ഒരാളുടെ സന്തോഷവും സങ്കടവും എല്ലാവരുടേതുമായിരുന്നു. വലിപ്പചെറുപ്പം എന്നൊരു കാര്യം സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. ഡയറക്ടറച്ചന്‍ മുതല്‍ അടുക്കള ജോലിക്കാരുടെ വരെ ജന്മദിനങ്ങള്‍ സാഘോഷം അനുസ്മരിക്കപ്പെടുമായിരുന്നു. സെമിനാറുകള്‍ ഇല്ലാത്ത അവസരങ്ങളില്‍ ഒരേ മേശയിലിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കെങ്കിലും രോഗമോ അസ്വസ്ഥതകളോ വന്നാല്‍ എല്ലാവരുമതിനോട് സഹോദര സ്‌നേഹവായ്‌പ്പോടെ പ്രതികരിക്കുമായിരുന്നു. തനിക്കൊപ്പം സേവനം ചെയ്യുന്നവരുടെ വിവാഹം, പഠനം, അവരുടെ മക്കളുടെ പഠനം, വിവാഹം, താമസിക്കാനുള്ള പാര്‍പ്പിട സൗകര്യം എന്നിവ ഉറപ്പാക്കിയ ജേക്കബച്ചന്‍ പതിരില്ലാത്ത പിതൃസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയായിരുന്നു. വേറെ ഒരു മതസ്ഥാപനങ്ങളിലും, മതനേതാക്കന്മാരിലും ഞാന്‍ കാണാത്ത മാനവികതയുടെ ഈ ഉല്‍കൃഷ്ടത ജേക്കബച്ചന്‍ എന്ന മഹനീയ വ്യക്തിത്വത്തില്‍ നിന്നുതിരുന്ന പൊന്‍കിരണങ്ങളായിരുന്നു.

ജേക്കബച്ചന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെയാണ് ഞാന്‍ ഫിലിപ്പീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആശയവിനിമയ രംഗത്തുള്ള എന്റെ ഗവേഷണ ബിരുദം പൂര്‍ത്തിയാക്കുന്നത്. പിതൃതുല്യമായ വത്സല്യവും സംരക്ഷണവും കരുതലും സ്‌നേഹവും ജേക്കബച്ചനില്‍ നിന്നും അനര്‍ഗളമായി സ്വീകരിച്ച ഭാഗ്യവാനായിരുന്നു ഞാന്‍.

ക്രിസ്‌ത്വോന്മുഖത കൈമോശം വന്ന് സംഘാത്മക ശക്തിയില്‍ ഊറ്റംകൊണ്ട് അധികാരഭ്രമത്തില്‍ ജീര്‍ണ്ണിക്കുന്ന സഭയെ, പ്രത്യേകിച്ച് കേരള ക്രൈസ്തവ സഭയെക്കുറിച്ച് അച്ചന്‍ ഏറെ ദുഃഖിച്ചിരുന്നു. ഭാരതസഭയില്‍ സര്‍ഗാത്മക മാറ്റങ്ങളുടെ തരംഗമാലകള്‍ ഉയര്‍ത്തിയ അമലോര്‍പ്പവദാസച്ചന്റെ ദര്‍ശനങ്ങള്‍ പ്രവൃത്തി പഥത്തിലാക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് പ്രബുദ്ധരായ അല്‍മായരാണെന്ന് മനസ്സിലാക്കി ഏഴോളം ഭാഷകളില്‍ അല്‍മായ പരിശീലന സെമിനാറുകള്‍ അച്ചന്‍ വര്‍ഷംതോറും ഒരുക്കുമായിരുന്നു. തത്ഫലമായി പുതിയ വീക്ഷണവും നൂതന ആദ്ധ്യാത്മികതയുമായി ഒത്തിരി അല്‍മായര്‍ സഭാനവീകരണത്തിനായി വിവിധ പ്രവര്‍ത്തനമേഖലകളിലുണ്ട്.

എറണാകുളം രൂപതയിലെ മലയാറ്റൂര്‍ ഇടവക, തേക്കാനത്ത് കുടുംബത്തില്‍ 1941 സെപ്റ്റംബര്‍ 30 നാണ് ജേക്കബച്ചന്‍ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ പ്രകടമായിരുന്ന അഗാധമായ ദൈവവിശ്വാസവും സഭാസ്‌നേഹവും ഉത്തമമായ ഭാവി പൗരോഹിത്യ ജീവിതത്തിലേക്കായി ദൈവം നല്‍കിയ സഹജ സവിശേഷതകളായിരുന്നു.

വൈദികപരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളും ഉന്നതമായ രീതിയില്‍ പൂര്‍ത്തിയാക്കി, മാതൃകാ വൈദികാര്‍ത്ഥിയായി ഉയര്‍ന്നു. എറണാകുളം രൂപതയ്ക്ക് ദൈവം നല്‍കിയ ആ പ്രവാചകശബ്ദം പൂവണിഞ്ഞ് അഭിക്ഷിക്തമായത് 1967 ഡിസംബര്‍ 18 ന് ഖട്ടക്-ഭുബനേഷ്വര്‍ രൂപതയിലായിരുന്നു.

പിന്നീട് നാലഞ്ചു പതിറ്റാണ്ടുകള്‍ ആഗോളസഭയുടെ വിവിധ കാര്യാലയങ്ങളില്‍ ജേക്കബച്ചന്റെ ചിന്താധാരകള്‍ തരംഗങ്ങളുണര്‍ത്തിയത്. പണിക്കാര്‍ ഉപേക്ഷിച്ച കല്ല് സഭയുടെ മൂലക്കല്ലായി മാറിക്കൊണ്ടിരുന്നത് ദൈവവചന ശക്തിയുടെ പ്രകട സാക്ഷ്യമായിട്ടായിരുന്നു.

ഞാനാ ഗുരുമുഖത്തില്‍ നിന്നു പഠിച്ച ദൈവശാസ്ത്രത്തില്‍ ജീവനുണ്ടായിരുന്നു. ഞാനറിഞ്ഞ ആ തത്വശാസ്ത്ര വീക്ഷണങ്ങളില്‍ ആത്മാവുണ്ടായിരുന്നു. അച്ചന്റെ മതദര്‍ശനങ്ങളില്‍ വിശ്വമാന വികതയുടെ കറയില്ലാത്ത തേനരുവികളുണ്ടായിരുന്നു. മതൈക്യത്തിന്റെ ആണിക്കല്ലുകളുണ്ടായിരുന്നു.

റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം അറിയപ്പെടുന്ന സുവിശേഷപണ്ഡിതനാക്കി അച്ചനെ ഉയര്‍ത്തി. രൂപതാ മെത്രാന്‍ സെക്രട്ടറി, മൈസൂര്‍ സര്‍വകലാശാല ക്രിസ്തീയ പഠനവേദിയുടെ കാര്യദര്‍ശി, സി.ബി.സി.ഐ. ക്രിസ്തീയ ജീവിത കാര്യാലയത്തിന്റേയും, ബൈബിള്‍ പഠനവേദിയുടേയും കാര്യദര്‍ശി, പത്തു വര്‍ഷത്തില്‍ കൂടുതല്‍ എന്‍.ബി.സി. എല്‍.സിയുടെ ഡയറക്ടര്‍, സെ. ജോണ്‍സ് മെഡിക്കല്‍ കോളേജ് അസി. ഡയറക്ടര്‍, ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്റെ (FABC) വിവിധ കാര്യാലയങ്ങളുടെ സെക്രട്ടറി എന്നീ സേവന രംഗങ്ങളില്‍ ജേക്കബച്ചന്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അച്ചന്‍ നടത്തിയ പ്രഭാഷണങ്ങളും, ഗവേഷണ പ്രബന്ധങ്ങളും സുവിശേഷ പണ്ഡിതര്‍ക്കും, ദൈവശാസ്ത്രജ്ഞര്‍ക്കും വിപ്ലവാത്മകമായ കഴ്ചപ്പാടുകള്‍ നല്‍കിയതിന് സാക്ഷിയാകാന്‍ എനിക്കും ദൈവം അനുഗ്രഹമേകിയിട്ടുണ്ട്. സഭയിലെ അതീവ രഹസ്യ സ്വഭാവമുള്ള ഒത്തിരി കമ്മീഷനുകളില്‍ ജേക്കബച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭാരാഷ്ട്രീയത്തിലെ പുഴുക്കുത്തുകള്‍ റോമിലേക്കു നല്കിയ ഒരു കുറിപ്പില്‍, 'ജേക്കബച്ചനിലെ, ഭാരത സംസ്‌കാര സ്‌നേഹം ഒരു കോട്ടമായി ചിത്രീകരിക്കപ്പെടാതിരുന്നെങ്കില്‍,' എന്‍.ബി. സി.എല്‍.സിയിലെ ഒരു പൂമരത്തിന്റെ കീഴെ നിന്നുകൊണ്ട് പ്രായമേറെയുണ്ടായിരുന്ന ഒരു രൂപതാധ്യക്ഷന്‍ എന്നോടു പറഞ്ഞു, 'ഒരുപക്ഷേ, വ്യത്യസ്തമായൊരു ചരിത്രം ഭാരതത്തിലെ ഒരു രൂപതയ്ക്കുണ്ടാകുമായിരുന്നു.'

തന്റെ മഹത്വം വിളംബരം ചെയ്യുന്ന പ്രകൃതത്തിന്റെ അഭാവമായിരിക്കാം, അച്ചന്റെ വൈശിഷ്ട്യതകള്‍ സ്വന്തം നാട്ടിലെ വളരെ ചുരുക്കം പേര്‍ക്കേ അറിയാമായിരുന്നുള്ളൂ.

മാനവികതയുടെ സവിശേഷതകള്‍ അതിന്റെ ഉന്നതശ്രേണിയില്‍ തന്നെ ജേക്കബച്ചനിലുണ്ടായിരുന്നു. ആരെയെങ്കിലും വഴക്കു പറഞ്ഞാല്‍, അതുകൊണ്ട് അവര്‍ കരയുന്നതു കണ്ടാല്‍, മുറിക്കകത്തേക്കു പോയി സ്വയം കരയുന്ന അച്ചനെ അനേകം പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. സെമിനാറുകളില്ലാത്ത അവസരങ്ങളില്‍ അത്താഴ ശേഷം എല്ലാവരുമൊത്തുകൂടി ചുമ്മാ ചിരിക്കുമായിരുന്നു. ഒരു കാരണവുമില്ലാതെ നിര്‍ത്താതെ ചിരിക്കുവാനും അതുവഴി മറ്റുള്ളവരെ ചിരിപ്പിക്കുവാനും എനിക്കുള്ള കഴിവിനെ തദവസരം എല്ലാവരും സരസമായി ഉപയോഗിക്കുമായിരുന്നു. ചിരിച്ച് ചിരിച്ച് വയറും പൊത്തിപ്പിടിച്ച് കണ്ണില്‍നിന്നും കണ്ണീരൊഴുക്കുന്ന ശിശു സഹജമായ മനസ്സുള്ള അച്ചന്റെ രൂപം മനസ്സില്‍നിന്നും മായിച്ചുകളയാനെളുപ്പമല്ല.

ചില അപകടങ്ങളുടെ ഓര്‍മ്മയാല്‍ ഡ്രൈവിംഗും വെള്ളത്തിലിറങ്ങലും, പരിചയമില്ലാത്ത മരുന്നുകള്‍ കഴിക്കുന്നതും അച്ചനു മഹാ പേടിയായിരുന്നു. ആരോഗ്യത്തെപ്രതി അകാരണമായ ഭയാശങ്കകള്‍ പലപ്പോഴും നര്‍മ്മരസമുള്ള സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പക്ഷേ സെമിനാറിനു വരുന്നവരുടേയും, ഒപ്പം സേവനം ചെയ്യുന്നവരുടേയും ആരോഗ്യകാര്യങ്ങളില്‍ കരുതലായി ഈ വ്യക്തിത്വ പ്രത്യേകതകള്‍ പ്രതിഫലിക്കുന്നത് കണ്ടപ്പോഴാണ് ഇതു ദൈവത്തിന്റെ പദ്ധതിയായി തന്നെ എനിക്കു മനസ്സിലായത്.

ആപത്ഘട്ടങ്ങള്‍ മനസാന്നിധ്യത്തോടെ നേരിടാന്‍ അച്ചനറിയാമായിരുന്നു. അപ്രതീക്ഷിതമായി സെമിനാറിനു ക്ലാസെടുക്കേണ്ടയാള്‍ വരാതിരുന്നാല്‍, ഭക്ഷണത്തിനു കുറവു വന്നാല്‍, അച്ചനുടനടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സെക്രട്ടറി ദുര്‍ഗ്ഗായും, ജെര്‍വിനച്ചനും ഞങ്ങളെല്ലാവരും ദ്രുതകര്‍മ്മസേനയായി ഒപ്പമുണ്ടെങ്കിലും, അച്ചന്റെ നേതൃത്വ തന്മയത്ത്വം എടുത്തു പറയേണ്ടതു തന്നെ.

എന്റെ ജീവിതത്തിന് പുതിയൊരു മാനം നല്‍കുവാനായി ദൈവമെന്റെ മുന്‍പിലവതരിപ്പിച്ച ഒരു സ്‌നേഹതീരമായിരുന്നു ഫാ. ജേക്കബ്. ഞാനാ ഗുരുമുഖത്തില്‍ നിന്നു പഠിച്ച ദൈവശാസ്ത്രത്തില്‍ ജീവനുണ്ടായിരുന്നു. ഞാനറിഞ്ഞ ആ തത്വശാസ്ത്ര വീക്ഷണങ്ങളില്‍ ആത്മാവുണ്ടായിരുന്നു. അച്ചന്റെ മതദര്‍ശനങ്ങളില്‍ വിശ്വമാനവികതയുടെ കറയില്ലാത്ത തേനരുവികളുണ്ടായിരുന്നു. മതൈക്യത്തിന്റെ ആണിക്കല്ലുകളുണ്ടായിരുന്നു.

അചഞ്ചലമായ വിശ്വാസത്തിന്റെ ധീരപോരാളിയായ തോമാശ്ലീഹായുടെ അനുഗ്രഹകിരണങ്ങളേറ്റു വാങ്ങിയ മലയാറ്റൂരിലെ മണ്ണില്‍ അതുല്യവും ഉദാത്തവുമായൊരു വിശ്വാസ ഇതിഹാസം രചിച്ച് 2021 നവംബര്‍ 28-ന് മനുഷ്യനേത്രങ്ങളില്‍നിന്നും മറഞ്ഞുപോയ ജേക്കബച്ചന്‍ മരിച്ചിട്ടില്ല. ആ മാധുര്യവും മന്ത്രണങ്ങളും പുനര്‍ജനിക്കും. വിശ്വമാനവികത ഉറകൂടുന്ന, മതൈക്യത്തിന്റെ ഊഷ്മളത പടര്‍ത്തുന്ന, ഉല്‍കൃഷ്ടസത്യങ്ങള്‍ തേടുന്ന ഉന്നത മനുഷ്യമനസ്സുകളിലൂടെ.

(എറണാകുളം രൂപതയിലെ തവളപ്പാറയില്‍ ജനിച്ച്, രൂപതാ മതബോധനകേന്ദ്രത്തിലും, എന്‍.ബി.സി.എല്‍.സിയിലും ഏറെക്കാലം സേവനമേകിയ പ്രൊഫ. വര്‍ഗീസ്, ഇപ്പോള്‍ കര്‍ണാടക ഷിമോഗയില്‍, കുവെംപു സര്‍വകലാശാലയില്‍ പത്രപ്രവര്‍ത്തന വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org