സാഹോദര്യത്തിന്റെ ഭാഷണങ്ങള്‍

സാഹോദര്യത്തിന്റെ ഭാഷണങ്ങള്‍

ഫാ. ഡോ. സജി മാത്യു കണയങ്കല്‍ സി.എസ്.ടി.

ഫാ. ഡോ. സജി മാത്യു കണയങ്കല്‍ സി.എസ്.ടി.
ഫാ. ഡോ. സജി മാത്യു കണയങ്കല്‍ സി.എസ്.ടി.

കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ഇറാഖ് സന്ദര്‍ശനം ഏറെ ആഗോളശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഇറാഖ് പോലുള്ള ഒരു രാജ്യം സന്ദര്‍ശിച്ചതുകൊണ്ടു മാത്രമായിരുന്നില്ല, ഇതിലൂടെ അദ്ദേഹം പങ്കുവച്ച ആശയത്തിന്റെ വ്യാപ്തി കൊണ്ടു കൂടെയാണ് ഈ സന്ദര്‍ശനം ഗൗരവമായ ചര്‍ച്ചാവിഷയമായത്. തുറവിയുടെയും അനുരഞ്ജനത്തിന്റെയും പാതയില്‍ സംഭാഷണത്തിലൂടെ കരഗതമാകേണ്ട സാഹോദര്യത്തിന്റെ ദര്‍ശനത്തോടൊപ്പം ഭീകരതയുടെയും യുദ്ധത്തിന്റെയും ഫലമായി തകര്‍ന്നുപോയ ഒരു ജനതയോടു പ്രകടിപ്പിച്ച സഹാനുഭൂതിയും ഈ യാത്രയെ തികച്ചും വേറിട്ട അനുഭവമാക്കി മാറ്റി.

സമാധാനത്തിന്റെ തീര്‍ത്ഥാടകന്‍

ഇറാഖ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ പ്രഭാഷണത്തിലെ ആരംഭവാക്കുകള്‍ തന്നെ അദ്ദേഹത്തിന്റെ യാത്രയുടെ – ഒപ്പം വ്യക്തിത്വത്തിന്റെയും – നേര്‍ക്കാഴ്ചയായിരുന്നു. "യുദ്ധവും ഭീകരതയും മൂലം ഛിന്നഭിന്നമായ ഈ മണ്ണിലേയ്ക്ക് അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റെയും തീര്‍ത്ഥാടകനായിട്ടാണ് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്". സമാധാനത്തിന്റെ രാജാവായ ക്രിസ്തു നല്‍കുന്ന പ്രത്യാശ പങ്കുവയ്ക്കാനുള്ള ഈ യാത്ര അനുതാപപൂര്‍ണ്ണമായ ഒരു ഹൃദയവുമായിട്ടാണ് താന്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ മഹത്തായ ഒരു നാഗരികതയുടെ ഹൃദയത്തിനുണ്ടായ രൂക്ഷവും വേദനാജനകവുമായ മുറിവുകള്‍ക്കും, നാശത്തിനും കാരണമായ എല്ലാ ദുരനുഭവങ്ങള്‍ക്കുമായി സ്വര്‍ഗ്ഗത്തോടും സഹോദരങ്ങളോടും മാപ്പിരന്നുകൊണ്ടാണ് അനുരഞ്ജനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമായ ഈ തീര്‍ത്ഥയാത്ര അദ്ദേഹം ആരംഭിച്ചതും. യുദ്ധത്തിന്റെ ഭീകരത താണ്ഡവമാടിയ ആ പ്രദേശത്തെ പല സ്ഥലത്തെയും കാഴ്ചകള്‍ തികച്ചും മര്‍മ്മഭേദകമായിരുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

യുദ്ധാനന്തര ഇറാഖിലെ വിവിധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച പാപ്പ പുനരധിവാസ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയ ആത്മീയ ഉണര്‍വ് ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലമായി നീണ്ടു നിന്ന യുദ്ധത്തിലൂടെ തകര്‍ക്കപ്പെട്ട ഇറാക്കിലെ നിരവധി സാംസ്‌ക്കാരിക കേന്ദ്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും വ്യത്യസ്ത മതസ്ഥരുടെ ആരാധനാലയങ്ങളും പൗരാണികമായ ഒരു സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയുടെ ചിത്രമാണ് കാണിക്കുന്നത്. സുന്ദരമായ വാസ്തു ശില്പങ്ങള്‍ കേവലം കല്ലും ചരലുമായി നാശകൂമ്പാരമായി മാറിയ ദൃശ്യങ്ങള്‍ തന്നെ വല്ലാതെ ദുഃഖിപ്പിച്ചു എന്ന് മാര്‍പാപ്പ പിന്നീട് പറയുകയും ചെയ്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ന്നുപോയ ക്വാറക്കോഷിലെ അമലോത്ഭവ മാതാവിന്റെ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ പാപ്പ നല്‍കിയ സന്ദേശത്തിന്റെ കാതല്‍ സമാധാനം കാംക്ഷിക്കുന്ന എല്ലാവര്‍ക്കുമുള്ള സാന്ത്വനത്തിന്റെ വചനങ്ങളായിരുന്നു. തകര്‍ന്ന് നാശകൂമ്പാരമായി മാറിയ ദേവാലയം പാപ്പയുടെ വരവോടെ നവീകരണം പൂര്‍ത്തീകരിച്ചിരുന്നു. ഈ ദേവാലയത്തിന് ചുറ്റുമായി ഇനിയും പുനരുദ്ധരിക്കേണ്ട ധാരാളം മേഖലകളും അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടു. ഈ പശ്ചാത്തലത്തിലാണ് യുദ്ധവും മരണവുമല്ല ദൈവപിതാവിന്റേയും പുത്രന്റേതുമാണ് അവസാന വാക്കുകള്‍ എന്ന് അദ്ദേഹം പറയുന്നത്. ഇത് സ്‌നേഹത്തിലേയ്ക്കും സമാധാനത്തിലേയ്ക്കുമാണ് നമ്മെ നയിക്കേണ്ടത്. തുടര്‍ന്ന് ദേവാലയത്തിലെ സന്ദര്‍ശകബുക്കില്‍ അദ്ദേഹം കുറിച്ച വരികള്‍ ശ്രദ്ധേയമാണ്. "ഒരിക്കല്‍ തകര്‍ന്നതും പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നതുമായ ഈ ദേവാലയം ക്വാറക്കോഷിനു മാത്രമല്ല, ഇറാഖ് മുഴുവനുമുള്ള പ്രത്യാശയുടെ സന്ദേശമാണ്. പരി. അമ്മയുടെ മാദ്ധ്യസ്ഥം വഴി സമാധാനം സംസ്ഥാപിതമാകുവാനായി ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു". ഇറാഖിലെ തന്റെ അപ്പസ്‌തോലികയാത്രയിലെ അവസാനപൊതുപരിപാടിയായിരുന്ന എര്‍ബിലെ വി. ബലിയര്‍പ്പണത്തിനു ശേഷം നല്‍കിയ നന്ദിപ്രകാശനം അവസാനിപ്പിച്ചത് 'ഷാലോം' എന്ന വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടാ. എല്ലാ അര്‍ത്ഥത്തിലും അസ്വസ്ഥമായിരിക്കുന്ന ഒരു നാടിനും ജനതയ്ക്കും സമാധാനത്തിലേയ്ക്കും ശാന്തിയിലേയ്ക്കും വളരുന്നതിനുള്ള ഊര്‍ജ്ജം പകര്‍ന്നുകൊണ്ടാണ് പാപ്പ ഇറാഖില്‍ നിന്നും യാത്ര തിരിച്ചത്.

മുറിവുകളില്‍ തൈലം പകര്‍ന്ന്

ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനം 'നാം സോദരി'ലെ ദൈവശാസ്ത്രഭൂമിക നല്ല സമരിയാക്കാരന്റെ ഉപമയാണ്. അക്രമത്തിനും അപഹരണത്തിനും ഇരയായി മുറിവുകളേറ്റ് പാതയോരത്ത് കിടക്കുന്ന അപരിചിതനെ സമീപിച്ച് അയാളെ പരിചരിക്കുന്ന നല്ല സമറായന്റെ മാതൃക കാലിക ലോകത്തില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഈ ചാക്രികലേഖനത്തില്‍ പാപ്പ ആവര്‍ത്തിക്കുന്നു. വ്രണിതമായ ഈ ലോകത്തെ പുനര്‍നിര്‍മ്മിക്കാനായി നാം എടുക്കേണ്ട മൗലികമായ തീരുമാനങ്ങളിലേയ്ക്കാണ് ഈ ഉപമ നമ്മെ നയിക്കുന്നത്. തിരസ്‌ക്കരണത്തിന്റെയും നിരാകരിക്കലിന്റേതുമായ ഈ കാലഘട്ടത്തില്‍, അപരന്റെ വ്രണങ്ങളെ ഉണക്കാനുള്ള ദൗത്യമാണ് യഥാര്‍ത്ഥ ക്രിസ്തീയത. ഈ ദര്‍ശനത്തിന്റെ തികച്ചും പ്രായോഗികമായ ആവിഷ്‌ക്കാരമായിരുന്നു പാപ്പയുടെ ഇറാഖ് സന്ദര്‍ശനം.

തിരസ്‌ക്കരണത്തിന്റെയും നിരാകരിക്ക ലിന്റേതുമായ ഈ കാലഘട്ടത്തില്‍, അപരന്റെ വ്രണങ്ങളെ ഉണക്കാനുള്ള ദൗത്യമാണ് യഥാര്‍ത്ഥ ക്രിസ്തീയത. ഈ ദര്‍ശനത്തിന്റെ തികച്ചും പ്രായോഗികമായ ആവിഷ്‌ക്കാരമായിരുന്നു പാപ്പയുടെ ഇറാഖ് സന്ദര്‍ശനം.

1980-88 കാലഘട്ടത്തില്‍ നീണ്ടു നിന്ന ഇറാന്‍ – ഇറാഖ് യുദ്ധം രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തേക്കാള്‍ ഇസ്ലാമിലെ രണ്ടു പ്രബലശക്തികളായ സുന്നി-ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നു. 1990 ലെ കുവൈറ്റ് അധിനിവേശത്തിന്റെ ഫലമായുണ്ടായ ഗള്‍ഫ് യുദ്ധം സദ്ദാംഹുസൈന്റെ ഏകാധിപത്യത്തിന്റെയും അധികാരമോഹത്തിന്റെയും പരിണിതഫലവും. 2013 – 17 കാലഘട്ടത്തില്‍ ഇറാഖിലെ മുഖ്യപ്രദേശങ്ങളും കീഴടക്കിയ ഐ.എസ്.ഐ.എസിന്റെ കീഴില്‍ ആയിരങ്ങള്‍ മൃഗീയമായ മര്‍ദ്ദനത്തിനും വംശീയ ആക്രമണത്തിനും മൃത്യുവിനും ഇരയായിത്തീര്‍ന്നു. ഇങ്ങനെ ഏതാണ്ട് നാലു ദശാബ്ദത്തിലേറെയായി യുദ്ധത്തിന്റെയും ഭീകരതയുടെയും ഇരകളായി കഴിയുന്ന ഒരു ജനതയുടെ ഇടയിലേയ്ക്കാണ് സമാധാനത്തിന്റെ സാന്ത്വന സ്പര്‍ശവുമായി പോപ്പ് ഫ്രാന്‍സിസ് യാത്ര തിരിച്ചത്. നിരന്തരമായ വേട്ടയാടലുകള്‍ക്ക് വിധേയരായി തികച്ചും നിരാശരായിരുന്ന ഇറാഖിലെ ആയിരക്കണക്കിന് ന്യൂനപക്ഷങ്ങള്‍ക്ക് പാപ്പയുടെ സന്ദര്‍ശനം തികച്ചും ശുഭപ്രതീക്ഷ പകര്‍ന്നു നല്‍കുന്നതായിരുന്നു. "പാപ്പ ശരിക്കും അത്ഭുതം പ്രവര്‍ത്തിച്ചു; അദ്ദേഹം ഇനിയും ഇറാഖ് സന്ദര്‍ശിക്കണം; ഈ സന്ദര്‍ശനം ഞങ്ങള്‍ക്ക് സമാശ്വാസമാണ് നല്‍കുന്നത്" എന്ന് റോമില്‍ മനഃശാസ്ത്ര വിദ്യാര്‍ത്ഥിയായ ഇറാഖ് സ്വദേശി സന റോഫോയുടെ പ്രതികരണം ഈ സന്ദര്‍ശനം പകര്‍ന്നു നല്‍കുന്ന സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും വാക്കുകളാണ്. മനുഷ്യസാഹോദര്യത്തിന്റെ (Human Fraternity) ഉന്നത സമിതി അഭിപ്രായപ്പെട്ടതുപോലെ, ലോകത്തിനു മുഴുവനും വളരെ പ്രാധാന്യമുള്ള ഈ സന്ദര്‍ശനം മാനവസാഹോദര്യത്തെ ആഴത്തില്‍ ഉറപ്പിക്കുന്നതാണ്. ഇറാഖ് പ്രസിഡണ്ടിന്റെ വസതിയില്‍ തനിക്കു നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രഭാഷണത്തില്‍ മനുഷ്യസമൂഹം ആര്‍ജ്ജിച്ചെടുക്കേണ്ട മാനവികതയുടെ ദര്‍ശനത്തിനാണ് ഊന്നല്‍ നല്‍കിയതും. "നമ്മുടെ വ്യത്യസ്തകള്‍ക്ക് അതീതമായി ഉയരുവാനും ഒരേ മനുഷ്യമഹാകുടുംബത്തിലെ അംഗങ്ങളാണ് നാം ഓരോരുത്തരുമെന്ന് മനസ്സിലാക്കാനും കഴിയുമ്പോള്‍ മാത്രമേ കൂടുതല്‍ മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുവാന്‍ കഴിയൂ." നൂറ്റാണ്ടുകളായി ഇറാഖില്‍ നിലനിന്നിരുന്ന മതപരവും സാംസ്‌ക്കാരികവും വംശീയവുമായ വൈവിദ്ധ്യങ്ങളുടെ അംഗീകരണവും സ്വാംശീകരണവും പുതിയ ലോകക്രമത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനുള്ള വിലയേറിയ ഉറവിടങ്ങളാണെന്നാണ് മാര്‍ പാപ്പയുടെ പക്ഷം. സമൂഹത്തിലുള്ള വ്യത്യസ്ത മത സാംസ്‌ക്കാരിക വംശീയ വൈരുദ്ധ്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്കല്ല സമന്വയത്തിലേയ്ക്കാണ് നയിക്കേണ്ടതെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. പാരസ്പര്യത്തിലും പങ്കുവയ്ക്കലിലും വളരുന്ന സൗഹാര്‍ദ്ദങ്ങള്‍ക്ക് മാത്രമേ പ്രത്യാശനിര്‍ഭരമായ ഒരു ഭാവിയിലേയ്ക്ക് ചുവടുവയ്ക്കുവാന്‍ കഴിയൂ. ഭൂതകാലത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും വിമുക്തമായി മുറിവുകള്‍ ഉണക്കി സമാധാനവാഹകരായി മാറുവാന്‍ ഇറാഖി ജനതയ്ക്കാവും എന്ന ശുഭപ്രതീക്ഷയാണ് ഈ സന്ദര്‍ശനം പകര്‍ന്നു നല്‍കിയത്.

മതാത്മകതയുടെ ആന്തരികതയിലേയ്ക്ക്

മതത്തിന്റെ പേരിലുള്ള സംഘര്‍ഷമാണ് ഇറാഖില്‍ രക്തപുഴ ഒഴുക്കിയത്. മതത്തിന്റെ പേരില്‍ തന്നെയുള്ള വേര്‍തിരിവുകളാണ് ഇന്നും ആ രാജ്യത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് തടസ്സവും. ഇസ്ലാമിലെ ഷിയ – സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കൊപ്പം മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളോടും കുര്‍ദുവംശജരോടും യസീദികളോടും ചെയ്ത കൊടുംപാതകങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. മനുഷ്യമനസ്സാക്ഷി മരവിച്ചുപോവുന്ന തരത്തിലുള്ള കൊടിയ ക്രൂരതകള്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ പ്രത്യേകിച്ച് ഐ.എസ് ഭീകരന്മാരുടെ കീഴില്‍ ഇറാഖിലെ മതന്യൂനപക്ഷങ്ങള്‍ നേരിട്ടത്. യസീദി വംശയായ നാദിയ മുറാദിന്റെ The Last Girl എന്ന ആത്മകഥാനിഷ്ഠമായ പുസ്തകം ഈ യാതനയുടെ നേര്‍സാക്ഷ്യമാണ്. തന്റെ മടക്കയാത്രയില്‍ ഈ പുസ്തകത്തെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിക്കുന്നുമുണ്ട്.

മനുഷ്യസമൂഹത്തില്‍ വര്‍ദ്ധിച്ചു വന്ന ശാസ്ത്രീയ അവബോധത്തിന്റെയും നവീകരണ പ്രക്രിയയുടെയും ഫലമായി ജന്മമെടുത്ത ആധുനികത മതത്തെ പൊതുവേ വിമര്‍ശനാത്മകമായാണ് സമീപിച്ചത്. വിശ്വാസത്തിനു പകരം യുക്തിചിന്ത പ്രാമുഖ്യം നേടി. ആധുനികതയില്‍ നിന്നും ലോകം ഉത്തരാധുനികതയിലേയ്ക്ക് പരിവര്‍ത്തനപ്പെട്ടപ്പോള്‍ ഈ യുക്തിചിന്തയുടെ തന്നെ പ്രസക്തി നഷ്ടമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. മതത്തിന്റെ പൊള്ളയായ ബാഹ്യപരതയും അനുഷ്ഠാനങ്ങളും ദാര്‍ശനികമായി വെല്ലുവിളി നേരിട്ടപ്പോള്‍ മറുവശത്ത് വൈകാരികതലത്തില്‍ തീവ്രമായ മതബോധം വളര്‍ന്നു വന്നു. സമകാല ലോകം നേരിടുന്ന വലിയ വെല്ലുവിളിയായി മതതീവ്രവാദം ശക്തിപ്രാപിക്കുകയും ചെയ്തു. സമൂഹത്തിലെ പൊതുഇടങ്ങളിലെ വ്യവഹാരം നിര്‍ണ്ണയിക്കുന്നതില്‍ യുക്തിയ്ക്കും വസ്തുതകള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഉപരിയായി കല്പിത കഥകളും ജനവികാരത്തെ ചൂഷണം ചെയ്യുന്ന ഭാവനാത്മകമായ വിവരണങ്ങളും പ്രാധാന്യം നേടുകയും ചെയ്തു. മനുഷ്യന്റെ ഉള്ളില്‍ രൂഢമൂലമായിരിക്കുന്ന മതഭാവങ്ങളുടെ വൈകാരികതയെ ആളിക്കത്തിച്ച് മതാത്മകതയെ കേവലം അനുഷ്ഠാനത്തിന്റെയും ആചാരത്തിന്റെയും തലത്തില്‍ ഒതുക്കി നിര്‍ത്താനുള്ള ശ്രമം ഒരു പരിധിവരെയും വിജയിക്കുകയും ചെയ്തു. അതോടൊപ്പം തങ്ങളുടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വവും വിജയിച്ചിട്ടുണ്ട്. മതതീവ്രവാദികള്‍ ലോകത്തെ പല രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലേയ്ക്ക് എത്തിയതും ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ഇതര മതവിഭാഗങ്ങളോട് – പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളോടുള്ള പക്ഷപാതപരമായ നിലപാടുകളും അവരെ രാഷ്ട്രത്തില്‍ നിന്നു തന്നെ പുറംതള്ളുന്ന സമീപനരീതിയും രാഷ്ട്രീയത്തിന്റെ മതവത്ക്കരണത്തിന്റെ ഫലമാണ്.

ലോകത്തില്‍ പല രാജ്യങ്ങളിലും മതതീവ്രവാദത്തിന്റെ അനുരണനങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും ഇതിന്റെ ദുരന്തം ഏറ്റവുമധികം അനുഭവിച്ച ഒരു സ്ഥലമാണ് ഇറാഖ്. തന്റെ സന്ദര്‍ശനത്തിലുടനീളം മതതീവ്രവാദത്തിനെതിരെ ശക്തമായി നിലപാടുകള്‍ എടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനം ലോകത്തിനു മുഴുവന്‍ നല്‍കുന്ന സന്ദേശം മതാത്മകതയുടെ ആന്തരികതയിലേയ്ക്കുള്ള മടക്കയാത്രയാണ്. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ സ്ഥലമായ ഊറില്‍ നടത്തിയ പ്രഭാഷണമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ദൈവത്തെ ആരാധിക്കുക; സഹോദരങ്ങളെ സ്‌നേഹിക്കുക എന്നീ ദ്വിമാനങ്ങളാണ് യഥാര്‍ത്ഥ മതാത്മകതയുടെ കാതല്‍ എന്ന് അദ്ദേഹം അവിടെ വ്യക്തമാക്കി. മതത്തെ വെറുപ്പിനും വിദ്വേഷത്തിനും ഭീകരതയ്ക്കുമായി ഉപയോഗിക്കുന്നത് ദൈവഹിതത്തിന് വിരുദ്ധമാണെന്നും ഇത് മതാത്മകതയുടെ അപഭ്രംശമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വസമുദായത്തോടുള്ള അതിരറ്റ സ്‌നേഹം ഇതരമതാനുയായികളെ വെറുക്കുന്നതിലാണ് എത്തിക്കുന്നതെങ്കില്‍ ഇത് യഥാര്‍ത്ഥ മതാനുഭവമല്ല. കൊലയും ഭീകരതയും പ്രവാസവും അടിച്ചമര്‍ത്തലും ന്യായീകരിക്കുവാന്‍ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് തികച്ചും തെറ്റാണ്. കാരുണ്യത്തിന്റെ മൂര്‍ത്തരൂപമായ ദൈവനാമം വിദ്വേഷവും വെറുപ്പും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദൈവനിഷേധം തന്നെയാണ്. ഇത് മതത്തിന്റെയും നിഷേധമാണ്. കഴിഞ്ഞ കാലത്തിലെ സംഘര്‍ഷാത്മകമായ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് ഐക്യത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും ഒരു ദേശത്തെ മുഴുവനും നയിക്കാന്‍ മതനേതൃത്വങ്ങള്‍ക്കാവണം. മതത്തിന്റെ പേരില്‍ ആളുകള്‍ കലഹിക്കുകയും പരസ്പരം കൊല്ലുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്യുമ്പോള്‍ നിസംഗരായി നിശബ്ദരാവുന്നതും തെറ്റാണ്. മാര്‍ച്ച് 6-ാം തീയതി ബാഗ്ദാദില്‍ വച്ചു നടത്തിയ സര്‍വ്വമത സമ്മേളനത്തിലും തുടര്‍ന്നു നടത്തിയ പ്രാര്‍ത്ഥനയിലും പങ്കുവച്ചതും മതത്തിന്റെ ആന്തരിക മൂല്യത്തെക്കുറിച്ചുള്ള ഇതേ ദര്‍ശനമാണ്. സ്‌നേഹം തന്നെയായ ദൈവത്തിന്റെ നാമത്തില്‍ വെറുപ്പ് പരത്തുന്നതും ജീവന്‍ തന്നെയായ ദൈവത്തിന്റെ പേരില്‍ ജീവന്‍ ഹനിക്കുന്നതും തികച്ചും വിരോധാഭാസവും ദൈവനിഷേധവുമാണ്. വിവിധ മതാനുയായികള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും കൂടി മാത്രമേ മാനവകുലത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ. ലോകം നേരിടുന്ന നാനാതരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹൃതമാകാന്‍ ഈ ഐക്യം സാധ്യമാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

നന്മയുടെ പരിമളം പരത്തുന്നവര്‍

കാലുഷ്യം നിറഞ്ഞ ഈ ലോകത്തില്‍ നന്മയുടെയും ഉദാരതയുടെയും സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് സ്‌നേഹപൂര്‍വ്വമായ ലോകത്തിലേയക്ക് മാനവരാശിയെ നയിക്കുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമം. വിശ്വാസത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും അതിരുകള്‍ അതിന് തടസ്സം നില്‍ക്കരുത് എന്നും അദ്ദേഹത്തിന് നിര്‍ ബന്ധം ഉണ്ട്. ഇറാഖിലെ മുസ്ലീമുകളുടെ പരമാചാര്യനായ അയത്തുള്ള അല്‍ സദാനിയുമായുള്ള കൂടിക്കാഴ്ചയെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഇറാഖിലെ വിശുദ്ധനഗരമായ നജാഷില്‍ വച്ചാണ് എണ്‍പത്തിനാലുകാരനായ ഫ്രാന്‍സിസ് പാപ്പയും തൊണ്ണൂറു കഴിഞ്ഞ അയത്തുള്ള അല്‍ സതാനിയും സംഗമിച്ചത്. ഇറാഖിലെ പൊതു സമൂഹത്തിന്റെ മനസ്സു നിയന്ത്രിക്കുന്നതില്‍ ഈ ആത്മീയ ആചാര്യനുള്ള സ്ഥാനം അദ്വിതീയമാണ്. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിനെതിരേയും തുടര്‍ന്ന് സുന്നി തീവ്രവാദികള്‍ക്കെതിരെയും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഇറാഖ് സമൂഹത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. 2014-ല്‍ അദ്ദേഹം പുറപ്പെടുവിച്ച ഫത്‌വയാണ് ഐ.എസിനെതിരായി നില്‍ക്കാന്‍ ഇറാഖി ജനതയ്ക്ക് പ്രചോദനമായി മാറിയത്. 2019-ല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരായുള്ള അല്‍ സതാനിയുടെ പ്രഭാഷണങ്ങളും സമകാല ഇറാഖിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇരു മതത്തിന്റെയും മേലദ്ധ്യക്ഷന്മാര്‍ കൂടിക്കാണുന്നത്. വളരെ ചുരുക്കമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന അല്‍ സതാനി കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ രാഷ്ട്രനേതാക്കള്‍ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടുമില്ലായിരുന്നു. മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലത്ത് വളരെ ക്രിയാത്മകമായ ഒരു മുന്നേറ്റമെന്നാണ് മാധ്യമങ്ങള്‍ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. പരസ്പരമുള്ള ആശയസംവാദത്തിനുശേഷം ഇരുനേതാക്കളും പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയും സമാധാനപൂര്‍വ്വകമായ ഒരു ലോകത്തിനായി ആഹ്വാനം ചെയ്യുന്നു. ഒരേ പൊതുപിതാവിന്റെ മക്കളായ മനുഷ്യര്‍ക്കെല്ലാവര്‍ക്കും തുല്യ അവകാശവും തുല്യപങ്കാളിത്തവും ഉണ്ടാകണമെന്നായിരുന്നു പ്രസ്തുത പ്രസ്താവനയുടെ കാതല്‍. ഇറാഖിലെ ന്യൂനപക്ഷങ്ങളായ എല്ലാ ക്രൈസ്തവര്‍ക്കും ഇതര ഇറാഖികള്‍ക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് അല്‍ സതാനി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിടുന്ന ഇറാഖിലെ ക്രൈസ്തവജനതയ്ക്ക് തികച്ചും സമാശ്വാസമരുളുന്ന ഒന്നായിരുന്നു ഈ സംഭവം. മാര്‍പാപ്പയും അയത്തുള്ള അല്‍ സതാനിയുമായി കൂടിക്കാഴ്ച നടത്തിയ മാര്‍ച്ച് 6, ഇറാഖില്‍ ദേശീയ സഹിഷ്ണതയുടെയും സഹവര്‍ത്തിത്വത്തിന്റെയും (National day of Tolerance and Coexistence) ദിനമായി ആചരിക്കാന്‍ ഗവണ്‍മെന്റ് പ്രഖ്യാപനം നടത്തുകയും ചെയ്തു.

വിവിധ മതാനുയായികള്‍ തമ്മിലുള്ള ഭിന്നതയും അകല്‍ച്ചയും രൂക്ഷമാകുമ്പോള്‍ സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെതുമല്ലാത്ത മറ്റേതു ഭാഷയാണ് അഭികാമ്യം? വിശ്വാസത്തിന്റെ വൈകാരികതലങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയും അതിന്റെ ചൂഷണത്തിലൂടെ ആത്മീയതയെ ദുരുപയോഗിക്കുകയും ചെയ്യുന്ന സകലര്‍ക്കുമുള്ള മറുപടിയായി വേണം സാഹോദര്യത്തിന്റെ ഈ സംവാദ ഭൂമികയെ ദര്‍ശിക്കാന്‍.

നിര്‍മ്മലനും വിശുദ്ധനും ജ്ഞാനിയുമായ ഒരു മഹാവ്യക്തിത്വത്തെ ഞാന്‍ കണ്ടുമുട്ടി എന്നാണ് ഈ സന്ദര്‍ശനത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീട് പറഞ്ഞത്. റോമിലേയ്ക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ അഭിമുഖത്തെക്കുറിച്ച് വാചാലമായി പോപ്പ് സംസാരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍വാസികളായ ധാരാളം വ്യക്തിത്വങ്ങള്‍ ഉന്നതമായ ജ്ഞാനത്തിന്റെ ഖനികളാണെന്നാണ് പോപ്പിന്റെ പക്ഷം. മാനവീകതയുടെ നന്മയുടെ ഉള്‍ക്കാമ്പുകള്‍ തിരയുമ്പോള്‍ നമ്മുടെ വിശ്വാസത്തിനും കാഴ്ചപ്പാടിനും അതീതമായി നില്‍ക്കുന്ന ഈ ജ്ഞാനശേഖരങ്ങളിലേയ്ക്ക് കൂടി നാം മിഴി തുറക്കണം. സത്യത്തിന്റെ പ്രഭ ജ്വലിച്ചു നില്‍ക്കുന്ന ഇത്തരം വ്യക്തിത്വങ്ങളില്‍ ലീനമായിരിക്കുന്ന നന്മയുടെ സദ്ഫലങ്ങളെ ഉള്‍ക്കൊള്ളുമ്പോഴാണ് ശാന്തിയുടെ നവലോകം ഉദിക്കുക. അള്‍ത്താരയില്‍ പ്രതിഷ്ഠിതമല്ലാത്ത വിശുദ്ധന്‍ (The saint who are not canonized) എന്ന വളരെ ആലങ്കാരികമായ പ്രയോഗത്തോടെയാണ് അല്‍ സതാനിയെ മാര്‍പാപ്പ വിശേഷിപ്പിച്ചതും. ഒന്നുകില്‍ മതാനുയായികള്‍ എന്ന നിലയില്‍ അല്ലെങ്കില്‍ ഒരേ സൃഷ്ടാവിന്റെ മക്കള്‍ എന്ന രീതിയില്‍ മനുഷ്യരെല്ലാവരും സഹോദരങ്ങളാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്തോഷം പങ്കുവച്ചത്. 2019-ല്‍ യു.എ.ഇ. സന്ദര്‍ശനത്തിടയില്‍ പാപ്പയും ഷെയ്ക്ക് അല്‍ തയ്യീബും ചേര്‍ന്ന് ഒപ്പുവച്ച മനുഷ്യസാഹോദര്യത്തിന്റെ രേഖയുടെ കൂടുതല്‍ വിശാലമായ പ്രായോഗികാവിഷ്‌ക്കാരമായി ഈ സന്ദര്‍ശനം. പരസ്പരം സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ക്രൈസ്തവ-ഇസ്ലാം വിഭാഗങ്ങള്‍ക്കു മാത്രമല്ല, വിദ്വേഷത്തിന്റെ മാത്സര്യത്തില്‍ കലുഷിതമായിരിക്കുന്ന സുന്നി-ഷിയ വിഭാഗങ്ങള്‍ക്കും സാഹോദര്യത്തിന്റെ ദര്‍ശനം പകര്‍ന്നു നല്‍കുന്നതായിരുന്നു ഈ കൂടികാഴ്ച.

സംഭാഷണത്തിന്റെ പാതയില്‍

പരസ്പരം ഭിന്നതവര്‍ദ്ധിക്കുന്ന ക്രൈസ്തവ മുസ്ലീം മതവിഭാഗങ്ങള്‍ക്ക് തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന ഒന്നായി മാത്രം ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത് ശരിയല്ല. ഇറാഖിലെ സന്ദര്‍ശനത്തിലുടനീളം മാര്‍പാപ്പ ശബ്ദിച്ചത് സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയാണ്. പലതരത്തിലുള്ള അഴിമതി ആരോപണങ്ങള്‍ക്കും വിധേയമായിരിക്കുന്ന ഇറാഖിലെ രാഷ്ട്രീയനേതൃത്വത്തോട് നീതിപൂര്‍വ്വകവും അഴിമതിരഹിതവുമായ ഒരു രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിഭജനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും രീതികള്‍ വിട്ടെറിഞ്ഞ് സുതാര്യവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ ക്ഷേമം ലക്ഷ്യമാക്കി വേണം രാഷ്ട്രീയനേതൃത്വം പ്ര വര്‍ത്തിക്കുവാന്‍. സാധാരണ മനുഷ്യര്‍ക്ക് ജോലി ചെയ്യുവാനും തങ്ങളുടെ വിശ്വാമനുസരിച്ച് പ്രാര്‍ത്ഥിക്കാനും സമാധാനപൂര്‍വ്വമായി ജീവിക്കാനുമുള്ള അവകാശമുണ്ട്. ഇതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സര്‍ക്കാരിന് ഇച്ഛാശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു. പൗരന്മാര്‍ എന്ന നിലയില്‍ ഒരു രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ തുല്യപങ്കാളിത്തവും പൂര്‍ണ്ണമായ അവകാശവും ലഭിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരം ജന നന്മയ്ക്കായും രാജ്യത്തിന്റെ ശ്രേയസ്സിനുമായിട്ടായിരിക്കണം ഉപയോഗിക്കേണ്ടത്.

പീഡനത്തിനും തരംതാഴ്ത്തലുകള്‍ക്കും ഇരയായി മാറിയ ക്രൈസ്തവര്‍ക്കായി മാത്രമായിരുന്നില്ല, മറിച്ച് ഇറാഖിലെ എല്ലാ ജനങ്ങളുടെയും പ്രത്യേകമായി വിവിധ തരത്തിലുള്ള വംശീയ അധിക്ഷേപങ്ങളാല്‍ തരം താഴ്ത്തപ്പെട്ട സുന്നികള്‍, യസീദികള്‍, സൊരാഷ്ട്രിയര്‍, കുര്‍ദുവംശജര്‍, മാന്‍ഡേയ-സുബേയ വിഭാഗക്കാര്‍ തുടങ്ങിയ എല്ലാ ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. മനുഷ്യരെന്ന നിലയില്‍ നാം എല്ലാവരും തുല്യരാണെന്നും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ നടത്തുന്ന തരം തിരിവുകളും പൗരാവകാശ നിയന്ത്രണങ്ങളും അടിസ്ഥാന മനുഷ്യാവകാശത്തിന് എതിരാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നതയും ഭീകരതയും അക്രമവും രൂക്ഷമാകുന്ന ഒരു ലോകത്തില്‍ നീതിക്കും സമാധാനത്തിനുമായുള്ള മാര്‍ഗ്ഗം അനുരഞ്ജനത്തിന്റെയും സംഭാഷണത്തിന്റേതുമായിരിക്കണമെന്ന് തന്റെ സന്ദര്‍ശനത്തിലൂടെ പാപ്പ വ്യക്തമാക്കി. ക്വാറക്വോഷില്‍ നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ തന്നെ സന്ദര്‍ശിച്ച ദോഹ സബാ അബ്ദുള്ള എന്ന സ്ത്രീയെ പരാമര്‍ശിച്ചു; 2014-ലെ ഐ.എസ്. ആക്രമണത്തില്‍ സ്വപുത്രന്റെയും അര്‍ദ്ധസഹോദരന്റെയും അയല്‍വാസിയുടെയും ദാരുണമായ അന്ത്യം നേരില്‍ കണ്ട അവര്‍ മാര്‍പാപ്പയോട് ക്ഷമയെക്കുറിച്ചാണ് സംസാരിച്ചത്. തന്റെ കുഞ്ഞുങ്ങള്‍ ഉത്ഥിതനായ ഈശോയുടെ കരങ്ങളിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആക്രമണത്തെ അന്ന് അതിജീവിച്ചവര്‍ ക്ഷമിക്കുവാനായിട്ടാണ് ഇന്നും ജീവിക്കുന്നത് എന്ന അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചാണ് മാര്‍പാപ്പ ക്ഷമയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഇനിയും വളര്‍ന്നുവരേണ്ട സംഭാഷണത്തിന്റെ ആത്മീയതയെക്കുറിച്ചും പ്രസംഗിച്ചത്.

പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ഒരു വലിയ വിഭാഗം സ്വാഗതം ചെയ്തപ്പോള്‍ തന്നെ ഈ യാത്രയ്‌ക്കെതിരായ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ആഗോളതലത്തില്‍ ഇസ്ലാം മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ നടത്തുന്ന ഭീകരാക്രമണത്തിന്റെയും ജിഹാദിന്റെയും പശ്ചാത്തലത്തില്‍ മുസ്ലിം രാജ്യങ്ങളിലേയ്ക്ക് പാപ്പ നടത്തുന്ന യാത്രകളുടെ പ്രസക്തിയെ കുറ്റപ്പെടുത്തുന്നവര്‍ ഉണ്ട്. ഇതിനുമുമ്പ് പാപ്പ നടത്തിയ യു.എ.ഇ. യാത്രയെയും തികച്ചും സങ്കുചിതമായി കാണുവാനാണ് ഇത്തരക്കാര്‍ക്ക് ഇഷ്ടം. കോവിഡ് വ്യാപനത്തിന്റെ അപകടം ഉള്ളപ്പോള്‍ ഇത്തരം ഒരു യാത്ര ആവശ്യമായിരുന്നുവോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇതിനോടൊപ്പം ഗൗരവമായി പരിഗണിച്ച ഒന്നായിരുന്നു സുരക്ഷാഭീഷണിയും. ഐ.എസിന്റെ പിടിയില്‍ നിന്നും ഇറാഖ് മോചിതമായെങ്കിലും ഇടയ്ക്കിടെ ഉണ്ടാവാറുള്ള സായുധാക്രമണത്തില്‍ നിന്നും ബോംബ് സ്‌ഫോടനങ്ങളില്‍ നിന്നും രാജ്യം ഇതുവരെയും മോചിതമായിട്ടില്ല. കഴിഞ്ഞ ജനുവരിയിലെ ചാവേര്‍ ആക്രമണം മുപ്പത്തിരണ്ടുപേരുടെ ജീവന്‍ അപഹരിച്ചിരുന്നു. ബാഗ്ദാദില്‍ തന്നെ ആയിരത്തിലധികം ഐ.എസ് തീവ്രവാദികള്‍ ഉണ്ട് എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തെക്കുറിച്ചു തന്നെയുമുള്ള ഉത്ക്കണ്ഠകളുമുണ്ട്. ഇടുപ്പിനും പേശികള്‍ക്കും ബലക്ഷയം സംഭവിച്ച് ക്ഷീണി തനായിരിക്കുന്ന അദ്ദേഹത്തിന് ഇത്തരം യാത്രകള്‍ തികച്ചും ക്ലേശകരമായിരിക്കുമെന്നതും ഒരു പരിഗണനാ വിഷയമായിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികള്‍ക്കെല്ലാം ഒരു ചെറുപുഞ്ചിരിയോടെ തന്റെ മടക്കയാത്രയില്‍ അദ്ദേഹം മറുപടി നല്‍കി.താന്‍ ഈ വിമര്‍ശനങ്ങളെ എല്ലാം സ്വാഗതം ചെയ്യുന്നുവെന്നും ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് ഇതിന്റെ നാനാവശങ്ങള്‍ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ആത്യന്തികമായ തീരുമാനം തന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനയുടെയും മനനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണെന്നും സഭയെയും ലോകത്തെയും തന്നെതന്നെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിലാശ്രയിച്ചുകൊണ്ടുള്ള ഒരു നീക്കമായിരുന്നു ഈ യാത്രയെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. വംശീയ വെറുപ്പിന്റെയും അതിക്രമത്തിന്റെയും ഇടയില്‍ ഛിന്നഭിന്നമായ ഒരു ജനതയ്ക്കും വിഭജനത്തിന്റെ കാര്‍മേഘത്തില്‍ കലുഷിതമായ ഈ കാലഘട്ടത്തിനും കൂടുതല്‍ സമാധാനപൂര്‍വ്വമായ ഒരു ലോകക്രമം സാധ്യമാക്കും എന്നു സാക്ഷ്യപ്പെടുത്തുവാനുള്ള ശക്തമായ ഒരു ശ്രമവും കൂടിയായിരുന്നു ഇത്.

പരി. പിതാവിന്റെ ഇറാഖ് സന്ദര്‍ശനത്തെ 'സാഹോദര്യം' എന്ന ഒരു വാക്കില്‍ സംഗ്രഹിക്കാനാണ് എനിക്ക് താല്പര്യം. തന്റെ യാത്രയിലുടനീളം മാര്‍പാപ്പ വാ ചാലനായത് മനുഷ്യസാഹോദര്യത്തെക്കുറിച്ചാണ്. തിരികെ വത്തിക്കാനിലെത്തിയ ശേഷം മാര്‍ച്ച് 10 ന് നല്‍കിയ പൊതുസന്ദേശത്തിന്റെയും കാതല്‍ ഈ സാഹോദര്യമായിരുന്നു. വിവിധ മതാനുയായികള്‍ തമ്മിലുള്ള ഭിന്നതയും അകല്‍ച്ചയും രൂക്ഷമാകുമ്പോള്‍ സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെതുമല്ലാത്ത മറ്റേതു ഭാഷയാണ് അഭികാമ്യം? വിശ്വാസത്തിന്റെ വൈകാരികതലങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയും അതിന്റെ ചൂഷണത്തിലൂടെ ആത്മീയതയെ ദുരുപയോഗിക്കുകയും ചെയ്യുന്ന സകലര്‍ക്കുമുള്ള മറുപടിയായി വേണം സാഹോദര്യത്തിന്റെ ഈ സംവാദ ഭൂമികയെ ദര്‍ശിക്കാന്‍. മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനവും അക്രമണവും നടത്തുന്നുണ്ട് എന്നത് ശരിയാണെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരെയും അതേ ഗണത്തില്‍പ്പെടുത്തുന്നത് ശരിയായ സമീപനമല്ല. ജിഹാദിനായി ശക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മതതീവ്രവാദവും വിദ്വേഷവും പരത്തുകയും ചെയ്യുന്ന വ്യക്തികള്‍ ഉള്ളതുപോലെ തന്നെ സാഹോദര്യത്തിന്റെയും മാ നവികതയുടെയും ദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്ന ധാരാളം മതാനുയായികളും ഇസ്ലാമിലുണ്ട്. തീവ്രമായ സമുദായ ബോധത്തില്‍ നിന്നും രൂപംകൊള്ളുന്ന മതഭ്രാന്തും സങ്കുചിതത്വവും എല്ലാ മതങ്ങളുടെയും അപചയമാണ് കാണിക്കുന്നത്. ഇത്തരം സങ്കുചിത ചിന്ത ഉള്ളില്‍ പേറുന്നവര്‍ എല്ലാ മതങ്ങളിലുമുണ്ട് താനും. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തെറ്റിദ്ധാരണയും വര്‍ദ്ധിച്ചു വരുമ്പോള്‍ തിന്മയുടെ ശക്തികളെ ചെറുക്കാന്‍ നന്മയുടെ മേഖലകളെയാണ് കൂട്ടുപിടിക്കേണ്ടത്. തങ്ങളുടെ വിശ്വാസത്തിന്റെയും ദേശീയതയുടെയും സങ്കുചിത ഇടങ്ങളില്‍ നിന്നും വിമുക്തമായി മറ്റു മതങ്ങളിലും സംസ്‌ക്കാരത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന നന്മയും സത്യവും ഉള്‍ക്കൊള്ളുവാനുള്ള ആഹ്വാനമാണ് ഇത്. തന്നെ ദൈവവിരോധി (heretic) എന്നു വിളിക്കുന്നവരോട് പോപ്പ് ഫ്രാന്‍സിസിനു നല്‍കാനുള്ള മറുപടിയും ഇതു തന്നെയാണ്. സുവിശേഷങ്ങളും സഭാപാരമ്പര്യങ്ങളും വിശിഷ്യ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനങ്ങളും നല്‍കിയ ദൈവശാസ്ത്ര – ആത്മീയ പരിപ്രേക്ഷയില്‍ നിന്നാണ് സമഭാവനയുടെയും മനുഷ്യസാഹോദര്യത്തിന്റെയും ഈ ദര്‍ശനങ്ങള്‍ താന്‍ പങ്കുവയ്ക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. നന്മയിലും സ്‌നേഹത്തിലും വളരാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളിലെയും സദ്ഗുണങ്ങളെ തിരിച്ചറിഞ്ഞ് അതിനെ വളരാന്‍ അനുവദിക്കുക. അങ്ങനെ മാത്രമേ സാഹോദര്യത്തിലും മാനവികതയിലും വേരുറച്ച സ്‌നേഹത്തിന്റെ ഒരു പുതിയ സംസ്‌കൃതി രചിക്കുവാന്‍ കഴിയൂ. ഇതിനുള്ള ഉത്തരവാദിത്വം എല്ലാ വിശ്വാസികള്‍ക്കും പ്രത്യേകമായി മതനേതൃത്വരംഗത്തുള്ളവര്‍ക്കും ഉണ്ട്. അവര്‍ അത് പൂര്‍ണ്ണമായി നിര്‍വ്വഹിക്കുമ്പോഴാണ് മതജീവിതം അതിന്റെ ആന്തരികസത്തയെ പ്രകാശമാനമാക്കുന്നത്. ഇതിലൂടെ മാത്രമേ ലോകത്തില്‍ നന്മയും സമാധാനവും സംസ്ഥാപിതമാവുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org