മകന്റെ സ്‌നേഹം

മകന്റെ സ്‌നേഹം

ലോകപാപ പരിഹാരത്തിനായി കാരിരുമ്പാണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്നുള്ള തന്റെ മരണത്തിന്റെ തൊട്ടുമുന്‍പാണ് യേശു തന്റെ അമ്മയുടെ സംരക്ഷണ ദൗത്യം അരുമശിഷ്യന്‍ യോഹന്നാനെ ഏല്പിക്കുന്നത്, 'സ്ത്രീയേ ഇതാ നിന്റെ മകന്‍... ഇതാ നിന്റെ അമ്മ' (യോഹ. 19:2627). അത്രയേറെ പ്രാധാന്യമുള്ള കാര്യമല്ലായി രുന്നെങ്കില്‍ യേശു അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു കാര്യം പറയില്ലായിരുന്നു. മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ, പ്രത്യേകിച്ച് വൃദ്ധരായവരെ, സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എത്രയെന്ന് യേശു ഈ സംഭവത്തിലൂടെ വ്യക്തമാക്കുകയാണു ചെയ്തത്.

മാതാപിതാക്കളെ പ്രത്യേകിച്ച് വൃദ്ധരായവരെ, സംരക്ഷിക്കേണ്ട മക്ക ളുടെ ഉത്തരവാദിത്വത്തെപ്പറ്റി തന്റെ പരസ്യജീവിതകാലത്ത് യേശു വളരെ വ്യക്തമായി വിശദമാക്കിയിട്ടുള്ളതാണ്. (മത്തായി 15:15, മര്‍ക്കോസ് 7:913). യഹൂദര്‍ പ്രധാനമായി കരുതുന്ന പഞ്ച ഗ്രന്ഥിയില്‍ നിന്നു തന്നെ ഉദ്ധരിച്ചുകൊ ണ്ടാണ് യേശു ഇതു വെളിപ്പെടുത്തി യഹൂദര്‍ക്കു സംഭവിച്ച തെറ്റുതിരുത്തിയത് (പുറപ്പാട് 20:12; ലേവ്യര്‍ 20:9; നിയമാവര്‍ത്തനം 5:16). പഞ്ചഗ്രന്ഥി കൂടാതെ പ്രഭാഷകന്റെ പുസ്തകത്തില്‍ മാതാപിതാക്കളെ ബഹുമാനിക്കാത്ത മക്കളുടെ പ്രതിഫലത്തെപ്പറ്റി പ്രതിപാദിക്കു ന്നുണ്ട്. (പ്രഭാഷകന്‍ 3:116)

എന്താണ് സംഭവിച്ചത്?

'കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചില്ലാതായി' എന്നു നാം കേട്ടിട്ടില്ലേ? അതു തന്നെയാണ് മാതാപിതാക്കളെ ബഹുമാനിക്കുക എന്ന ദൈവകല്പനയ്ക്കും സംഭവിച്ചത്. ദൈവം മുശ വഴി യഹൂദ ജനതയ്ക്ക് പത്തു കല്പനകള്‍ നല്‍കി. അത് ജീവിതത്തില്‍ പ്രായോഗികതലത്തില്‍ എന്തായിരിക്കണമെന്ന് യഹൂദ റബ്ബിമാരും നിയമനിര്‍മാതാക്കളും ചിന്തിച്ചു. അതിനായി അവര്‍ ദൈവകല്പനകള്‍ നിര്‍വ്വചിക്കുകയും അതിന്റെ പ്രായോഗിക നിയമങ്ങളുണ്ടാക്കുകയും ചെയ്തു. മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പന വിശദീകരിച്ച് അവര്‍ 'കൊര്‍ബ്ബാന്‍' എന്ന വാക്കിലെത്തി. അതായത് വഴിപാട്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട വിഹിതം വഴിപാട് എന്നു പറഞ്ഞാല്‍ പിന്നെ അവരെ സഹായിക്കേണ്ടതില്ല, വഴിപാടു നിറവേറ്റുകയാണു പ്രധാനം എന്ന് അവര്‍ പഠിപ്പിച്ചു. ഏതെങ്കിലും കാരണവശാല്‍ മാതാപിതാക്കളുമായി അസ്വാരസ്യമുണ്ടായപ്പോള്‍ അവരെ സഹായിക്കേണ്ട വിഹിതം 'കൊര്‍ബ്ബാന്‍' എന്നു പറഞ്ഞുപോയി എന്നു വിചാരിക്കുക. പിന്നീട് അതു തെറ്റായിപ്പോയി എന്നു മനസിലാക്കി മനസ്തപിച്ചാലും പറഞ്ഞ ശപഥം അനുസരിച്ച് സഹായിക്കേണ്ടതില്ല. പറഞ്ഞുപോയ ശപഥം ആണു പ്രധാനം എന്നാണ് അവര്‍ പഠിപ്പിച്ചത്. അതായത് ദൈവ കല്പനയുടെ കാതലായ വശം നിരസിച്ച് അവരുണ്ടാക്കിയ നിയമത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. ഈ തെറ്റായ ചിന്താരീതിയും അതില്‍ നിന്നുത്ഭവിച്ച തെറ്റായ നിയമങ്ങളേയുമാണ് യേശുനാഥന്‍ വിമര്‍ശിച്ചതും തിരുത്തിയതും.

നാമെന്താണ് ചെയ്യേണ്ടത്?

ഞാനൊരിടവകപ്പള്ളിയില്‍ ചെന്ന പ്പോള്‍ അവിടുത്തെ മൂന്നു വീടുകളിലെ വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശി ക്കുകയുണ്ടായി. ആദ്യത്തെ വീട്ടില്‍ എണ്‍പത്തഞ്ചു വയസായ ഒരമ്മാമ്മയെ യാണു കണ്ടത്. ആ അമ്മാമ്മ എന്നോടു പറഞ്ഞു: ''എന്റെ അച്ചോ ഇവിടെയാരും എന്നെ നോക്കുന്നില്ലച്ചോ'' എന്ന്. അമ്മാമ്മയുടെ മകനും ഭാര്യയും തമാശ രൂപത്തില്‍ പറഞ്ഞു. ''അതെയച്ചോ ഞങ്ങള്‍ അമ്മയെ നോക്കുന്നുമില്ല; ഒന്നും നല്‍കുന്നുമില്ല കേട്ടോ'' എന്ന്. ''അമ്മാമ്മ യെക്കണ്ടാല്‍ നിങ്ങള്‍ നോക്കുന്നില്ലെന്നും ഒന്നും കൊടുക്കുന്നില്ലെന്നും തോന്നും കേട്ടോ'' എന്ന് അമ്മാമ്മയുടെ പുറത്ത് മെല്ലെ തലോടിക്കൊണ്ട് ചെറുപുഞ്ചിരി യോടെ ഞാനും പറഞ്ഞു. കാരണം ആ അമ്മാമ്മയെ മക്കള്‍ നന്നായി ശുശ്രൂഷി ക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.

മറ്റൊരു വീട്ടിലെ പ്രായമായ അമ്മാമ്മയെ കണ്ടപ്പോള്‍ മക്കള്‍ ഭക്ഷണം പോലും തരുന്നില്ല എന്നായിരുന്നു അമ്മാമ്മയുടെ പരാതി. ആ അമ്മാമ്മയുടെ മകനും ഭാര്യയും ആ അമ്മാമ്മയെ നന്നായി ശുശ്രൂഷിക്കുന്ന വരായിരുന്നു. എന്നാലും അമ്മ പുറത്തുനിന്നു വരുന്നവരോട് ഇപ്രകാരം സംസാരിക്കുന്നത് അവര്‍ക്ക് നീരസം ഉണ്ടാക്കിയിരുന്നു. അവര്‍ എന്നോടു പറഞ്ഞു. ''എന്റെ അച്ചോ ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടതെല്ലാം നല്‍കുന്നുണ്ട്. എന്നിരുന്നാലും അമ്മ വരുന്നവരോടൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.''

മറ്റൊരു വീട്ടിലെ പ്രായമായ അപ്പാപ്പ നെ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. ''എന്റെ അച്ചോ മക്കള്‍ എന്നെ നോക്കുന്നില്ലച്ചോ. ഞാന്‍ വളരെ കഷ്ടപ്പാടിലാണ്.'' ഇതു കേട്ടുകൊണ്ടു നിന്ന മകന്റെയും ഭാര്യയുടെയും മുഖത്ത് നീരസവും വൈരാഗ്യവും വെറുപ്പും നിഴലിക്കുന്നതു കാണാമായിരുന്നു. വീട്ടില്‍ വരുന്നവരോടൊക്കെ ഇങ്ങനെ പറയുന്നതിന്റെ പേരില്‍ അവര്‍ ആ അപ്പാപ്പനെ വേണ്ടവിധം ശുശ്രൂഷിച്ചിരുന്നില്ല എന്ന് പിന്നീട് എനിക്കറിയാന്‍ സാധിച്ചു.

വൃദ്ധരായ മാതാപിതാക്കള്‍ പല രീതികളിലായിരിക്കും സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. 'ആറും അറുപതും ഒരുപോലെ' എന്നൊരു ചൊല്ലുമുണ്ടല്ലോ. അതിനാല്‍ അവരെ സംരക്ഷിക്കുന്നവരും സന്ദര്‍ശിക്കുന്നവരും ഇതറിഞ്ഞിരിക്കണം. വൃദ്ധരായ മാതാ പിതാക്കളെ സംരക്ഷിക്കുന്നവര്‍ക്കും ശുശ്രൂഷിക്കുന്നവര്‍ക്കും പലപ്പോഴും അവരോടെങ്ങനെ പെരുമാറണം എന്നറിയില്ല. അവരുടെ ആദ്ധ്യാത്മിക, മാനസിക, ശാരീരികാവശ്യങ്ങളെന്തെല്ലാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വളരെ പ്രധാനമായ ഇക്കാര്യത്തില്‍ ചെറുപ്പക്കാര്‍ക്കും അവരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വ മുള്ളവര്‍ക്കും മതിയായ അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അതിനു നമുക്കെന്തു ചെയ്യാന്‍ സാധിക്കും? അതിനുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നമുക്ക് നടത്താവുന്നതാണ്. സ്‌കൂള്‍ കോളേജ് തലത്തിലും പഞ്ചായത്തു കളുടെ നേതൃത്വത്തിലും ഇതു ചെയ്യാം. ക്രിസ്ത്യാനികള്‍ക്ക് ഇടവകയിലും ഇതിനുള്ള ക്ലാസുകള്‍ നടത്താമല്ലോ. ഫാമിലി നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ (FNP), വിമന്‍സ് ഹെല്‍ത്ത് നഴ്‌സ് പ്രാക്ടീഷ ണര്‍മാര്‍ (WHNP), അഡല്‍റ്റ് ജെറന്റോളജി നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ (AGNP), ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തി ബോധവല്‍ക്കരണം സാധ്യമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org