നമ്മള്‍ കാണും... സങ്കല്‍പലോകമല്ലീയുലകം...

നമ്മള്‍ കാണും... സങ്കല്‍പലോകമല്ലീയുലകം...

ജോസ് മാത്യു, മൂഴിക്കുളം

'നാലാം ക്ലാസില്‍ കൊണ്ടുവച്ച ഒരു മരക്കട്ട ആരുടെയും സഹായമില്ലാതെ ജയിച്ചുജയിച്ച് പത്താം തരത്തിലെത്തും ഭാഗ്യമുണ്ടെങ്കില്‍ എ പ്ലസും കിട്ടും.' 'വണ്ടിവേഷങ്ങള്‍' എന്ന കഥയില്‍ വൈശാഖന്‍ എഴുതിവച്ചതാണിത്. നിരക്ഷര 'എ പ്ലസു'കാരെക്കുറിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നുപറച്ചിലിനൊപ്പം തന്നെ മാധ്യമസാക്ഷരതയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കും അനിവാര്യമായ പ്രസക്തിയേറുകയാണ്. പ്രത്യേകിച്ച്, മുന്‍തലമുറയേക്കാള്‍ ഉയര്‍ന്ന ഐക്യു നിലവാരമുള്ള പുതുതലമുറയും അവരുടെ കൈപ്പിടിയില്‍ സാക്ഷാല്‍ ചാറ്റ് ജിപിട്ടി പോലൊരു സര്‍വവിജ്ഞാനമാധ്യമഗുരു സദാ ഇരിക്കുകയും ചെയ്യുമ്പോള്‍! കുട്ടികളെല്ലാം അറിവിനാല്‍ അഹങ്കാരികളാണെന്നോ, തിരിച്ചറിവില്ലാത്തവരാണെന്നോ, ഹാക്കേഴ്‌സാണെന്നോ, ബ്ലൂവെയിലുകള്‍ പോലുള്ള മാധ്യമചതിക്കുഴികളില്‍ വീണുനശിച്ചുപോയവരാണെന്നോ ഇതിനര്‍ത്ഥമില്ല. 'ഗൂഗിളിന് എല്ലാമറിയാം, എന്നാല്‍ എന്റെ അധ്യാപികയ്ക്ക് എന്നെയറിയാം' എന്ന് ദേശീയ അധ്യാപകദിനത്തില്‍ തങ്ങളുടെ അധ്യാപകര്‍ക്ക് തിരിച്ചറിവിന്റെ സ്‌നേഹകുറിമാനങ്ങളെഴുതാനും കഴിയുമെന്ന് തെളിയിച്ചുകഴിഞ്ഞവരാണല്ലോ നമ്മുടെ കുഞ്ഞുങ്ങള്‍!

നവമാധ്യമങ്ങളുടെ അനന്തസാധ്യതകള്‍

കനേഡിയന്‍ മാധ്യമശാസ്ത്രജ്ഞനായിരുന്ന 'മാര്‍ഷല്‍ മാക്‌ലൂഹന്‍' പ്രവചിച്ചതുപോലെ 'ഭൂഗോളം ഒരു ആഗോളഗ്രാമ'മായപ്പോള്‍ ആ ഗ്രാമത്തിലെ ചന്തയും പോസ്റ്റ്ഓഫീസും സ്‌കൂളും പൊലിസ് സ്റ്റേഷനുമെല്ലാം ഇന്റര്‍നെറ്റായി മാറിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ലക്ഷ്യങ്ങളായ വിവര, വിനോദ, വിനിമയ, വിപണന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതുകൊണ്ടാവണം ജീവിതത്തിന്റെതന്നെ അതിപ്രധാനഭാഗമാണ് ഇന്ന് മാധ്യമങ്ങള്‍.

അരമണിക്കൂര്‍ ഇന്റര്‍നെറ്റ് ഇല്ലാതായാല്‍പ്പോലും ഇന്നതൊരു വാര്‍ത്തയാണ്. റോബോട്ടിക് സര്‍ജറികള്‍ വരെ ഇന്ന് സാധ്യമായിക്കഴിഞ്ഞു. എന്നാലോ ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ഈ ഡിജിറ്റല്‍ ഭൂഖണ്ഡത്തില്‍ അംഗങ്ങളായിട്ടുള്ളത് എന്നറിയണം. കേരളം മുഴുവന്‍ 'അബിഗേല്‍ സാറ' എന്ന ബാലികയെ തെരയുമ്പോഴും ആ കുഞ്ഞുമായി പൊതുവാഹനങ്ങളില്‍ കൂളായി യാത്രചെയ്യുന്ന തട്ടിപ്പുസംഘത്തെ മനസ്സിലാക്കാനാവാത്ത സാധാരണ മനുഷ്യരും നമ്മുടെയിടയിലുണ്ടായിരുന്നു. വെറുതെയല്ല, 'പി സായ്‌നാഥ്' എന്ന പത്രപ്രവര്‍ത്തകന്‍ ഭാരതത്തില്‍ പത്രങ്ങളുടെ യുഗമാണ് ഇപ്പോഴും എന്ന് അഭിപ്രായപ്പെട്ടത്. പാര്‍ലമെന്റ് പുതുതായി പാസാക്കിയ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് ബില്‍ നടപ്പിലാവുമ്പോള്‍ കഥയെന്താവുമോ ആവോ?

ജനാധിപത്യവേദികള്‍ 'മീഡിയ ആന്റ് കള്‍ച്ചറല്‍ തീയറി' എന്ന പുസ്തകത്തില്‍ ക്യുറാന്‍ ജെയിംസും ഡേവിഡ് മോര്‍ലിയും പറയുന്ന ഒരു സംഗതിയുണ്ട്. പരമ്പരാഗതമാധ്യമങ്ങളുടെമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പൗരകേന്ദ്രീകൃതമായ ജനാധിപത്യം നടപ്പാക്കുകയാണ് ഇവിടെ നവമാധ്യമങ്ങള്‍! ആളുകളെ സംഘടിപ്പിക്കുവാനും ആശയങ്ങള്‍ ഊതിക്കാച്ചിയെടുക്കാനും ഒക്കെ അപരിമിതമായ അവസരങ്ങള്‍ ഒരുക്കിത്തരുന്ന ഒന്നാംതരം ജനാധിപത്യവേദി തന്നെയാണ് നവമാധ്യമങ്ങളെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 2018 ഓഗസ്റ്റില്‍ കേരളത്തിലെ യുവതലമുറ തങ്ങളുടെ കൈയിലെ മൊബൈല്‍ ഫോണുപയോഗിച്ച് ഭീകരപ്രളയത്തെ തടുത്തുനിറുത്തിയ കഥ ഇന്നും ജ്വലിക്കുന്ന ഒരോര്‍മ്മയാണ്.

പ്രതീതി യാഥാര്‍ത്ഥ്യം (virtual reality)

സാമൂഹ്യമാധ്യമങ്ങള്‍ വ്യക്തിയുടെ ശാരീരികതലത്തില്‍ ഏല്പിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കാള്‍ എത്രയോ മാരകമാണ് മാനസികതലത്തില്‍ അവനില്‍ ഏല്പിക്കുന്ന പരിക്കുകള്‍, ആഘാതങ്ങള്‍! താന്‍ സോഷ്യല്‍മീഡിയയ്ക്ക് അടിമയാണെന്നുള്ള സത്യം പോലും ഇക്കൂട്ടര്‍ അറിയണമെന്നില്ല. ലക്ഷ്മണരേഖകളില്ലാത്ത ജീവിതം! മൊബൈല്‍ ഫോണ്‍ നിയന്ത്രണത്തിന്റെ പേരില്‍ മാത്രം ജീവിതത്തിന് പൂര്‍ണ്ണവിരാമമിട്ട എത്രയോ പാവം കുഞ്ഞുങ്ങള്‍! ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്നു ഭിന്നമായ പ്രതീതി യാഥാര്‍ത്ഥ്യത്തിലൂടെ, മണ്ണില്‍ ചവിട്ടി നടക്കാനറിയാതെ സങ്കല്പലോകത്തില്‍ അഭിരമിച്ചുപോകുന്ന ഇക്കൂട്ടര്‍ പെട്ടെന്ന് തകര്‍ന്നടിയുന്നു. കുഞ്ഞുങ്ങള്‍തൊട്ട് വീട്ടമ്മമാരും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെയും ഇക്കൂട്ടത്തിലുണ്ട്. വ്യക്തിസ്വകാര്യതയും നഷ്ടപ്പെടുന്നു. ഒരു റിപ്പോര്‍ട്ടുകൂടി ഇവിടെ പങ്കുവയ്ക്കട്ടെ. 2023 സെപ്തംബറില്‍ പുറത്തുവന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അനലിസ്റ്റ് കമ്പനിയായ ഗ്രാഫികയുടെ റിപ്പോര്‍ട്ടാണിത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളെ നഗ്‌നരാക്കുന്ന ഫോട്ടോകള്‍ നിര്‍മ്മിക്കുന്ന ആപ്പുകള്‍ക്കുവേണ്ടി സെപ്തംബറില്‍ മാത്രം 24 മില്യണ്‍ ആളുകളാണത്രേ അത്തരത്തിലുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചത്. നമ്മുടെ കുടുംബബന്ധങ്ങള്‍ ഇനിയും ശക്തമാകേണ്ടിയിരിക്കുന്നു.

പരമ്പരാഗതമാധ്യമങ്ങളുടെമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പൗരകേന്ദ്രീകൃതമായ ജനാധിപത്യം നടപ്പാക്കുകയാണ് ഇവിടെ നവമാധ്യമങ്ങള്‍! ആളുകളെ സംഘടിപ്പിക്കുവാനും ആശയങ്ങള്‍ ഊതിക്കാച്ചിയെടുക്കാനും അപരിമിതമായ അവസരങ്ങള്‍ ഒരുക്കിത്തരുന്ന ഒന്നാം തരം ജനാധിപത്യവേദി തന്നെയാണ് നവമാധ്യമങ്ങള്‍.

ജീവിതാവബോധം

ഒരു ചെറിയ വിശറിയെടുത്ത് വീശിയാല്‍പോലും ഭൗമോഷ്മാവിനെ അത് ബാധിക്കാമെന്ന് പുതിയ പഠനങ്ങള്‍. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനശക്തിയെ നിസാരമെന്ന് കരുതി അവഗണിക്കരുത്. ഒരു സൗന്ദര്യവര്‍ധക ഉല്‍പന്നത്തിന്റെ പരസ്യം വെറുതെ അത് വിറ്റഴിക്കുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് ഉപഭോക്താവിന്റെ സൗന്ദര്യസങ്കല്‍പങ്ങളെ ആകമാനം അട്ടിമറിക്കുകകൂടിയാണെന്നറിയുക. ജാഗ്രതയുള്ളവരാകണം നാം; പ്രത്യേകിച്ച് അധ്യാപകര്‍. കുഞ്ഞുങ്ങളുടെ ജീവിതവീഥിയിലെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ട വലിയ ഉത്തരവാദിത്വം ഗുരുക്കന്മാര്‍ക്കുണ്ട്. 'ഗുരു' എന്ന വാക്കിനുതന്നെ അന്ധകാരം അകറ്റുന്നവന്‍ എന്നാണല്ലോ അര്‍ഥം! കേട്ടിട്ടില്ലേ, നന്മകള്‍ക്കു നിറംകെടുന്ന, തിന്മകള്‍ക്കു നിറച്ചുവര്‍ണചന്തമുള്ള ഈ കാലത്ത് നമ്മുടെ ഉണ്ണികളെ അഭിനവ പൂതത്തിന്റെ കൈയില്‍പ്പെടാതെ ജാഗ്രതയുള്ളവരാക്കാം. പെട്ടുപോയാലോ, നങ്ങേലിയമ്മ ചെയ്തതുപോലെയുള്ള ഒരു വീണ്ടെടുപ്പിനും തയ്യാറാവണം നാം. മാധ്യമസാക്ഷരതാവിദ്യാഭ്യാസം ഇനിയും അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു പാഠ്യപദ്ധതിയായി ലോകത്ത് ഒരിടത്തും നടപ്പിലാക്കിയിട്ടില്ല. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ബ്രിട്ടണ്‍ തുടങ്ങി ഏതാനും രാജ്യങ്ങളില്‍ മാത്രമേ പരിമിതമായ രീതിയില്‍ മാധ്യമസാക്ഷരതാ വിദ്യാഭ്യാസം ആരംഭിച്ചിട്ടുള്ളൂ. ഏഷ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലുമാണെന്നുമറിയുക.

പേറുക വന്നീ പന്തങ്ങള്‍ ശരീരവും മനസ്സും ആത്മാവും ചേര്‍ന്നവനാണ് മനുഷ്യന്‍. വ്യക്തമായ ജീവിതാവബോധം മനുഷ്യനുണ്ട്. ജീവിതലക്ഷ്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് എത്താനായി മനുഷ്യനെ സഹായിക്കുന്ന ചവിട്ടുപടികള്‍ മാത്രമാണ് മാധ്യമങ്ങള്‍. അല്ലാതെ നവമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള കേവലം അറിവുനേടലല്ല വിദ്യാഭ്യാസം. തന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായും പുരോഗതിക്കായും ശരിയാംവണ്ണം മാധ്യമങ്ങളെ ഉപയോഗിക്കാനുള്ള അവബോധവും കരുത്തും നേടണം. ഈ പ്രക്രിയയാണല്ലോ മാധ്യമാവബോധം എന്നു വിളിക്കുന്നത്. പുത്തന്‍സാമൂഹിക സാംസ്‌കാരിക സാഹചര്യത്തില്‍ മാധ്യമബോധനത്തിന് പ്രസക്തിയേറുകയാണ്. മാധ്യമങ്ങളെ മാധ്യമങ്ങളായി കാണണം. മാധ്യമസംസ്‌കാരം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയുമോ എന്നത് ന്യായമായ സംശയമാണ്. ആധുനിക നവമാധ്യമങ്ങളും ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളുമൊന്നും കഴിഞ്ഞ തലമുറയില്‍ ഉണ്ടായിരുന്നേയില്ലല്ലോ. പിന്നെ എന്ത് സംസ്‌കാരമാണ് കഴിഞ്ഞ തലമുറ ഇക്കാര്യത്തില്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്? പോരെങ്കില്‍, കുഞ്ഞുങ്ങളാണ് മുതിര്‍ന്നവരേക്കാള്‍ മാധ്യമരംഗത്തെ പുത്തന്‍പ്രവണതകളെ ആദ്യം പരിചയപ്പെടുന്നതും മുതിര്‍ന്നവരുടെ പോലും മാധ്യമഗുരുക്കന്മാരായി മാറുന്നതും..! ഇവിടെ മനസ്സിലാക്കേണ്ട ഒന്നുണ്ട്. മാധ്യമസംസ്‌കാരം എന്നു പറയുന്ന ഒരു പ്രത്യേകകോളത്തില്‍ മാധ്യമോപയോഗത്തെയും മാധ്യമസദാചാരത്തെയും ഒതുക്കി നിര്‍ത്തേണ്ടതില്ല. വിശാലമായ അര്‍ത്ഥത്തില്‍ സംസ്‌കാരം എന്ന ലേബലിനു കീഴേ വരുന്നതാണ് മാധ്യമസംസ്‌കാരവും. ചോരതുടിക്കുന്ന ചെറുകൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ളതാണ് നമ്മുടെ ഈശ്വരവിശ്വാസവും സംസ്‌കാരവും മൂല്യങ്ങളും. അത് പുത്തന്‍മാധ്യമങ്ങളുടെ മുമ്പില്‍ തകര്‍ന്നടിയാനുള്ളതല്ല. വെറുതെയല്ല, വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന ക്രാന്തദര്‍ശി 'വിഷുക്കണി' എന്ന കവിതയില്‍ ഇങ്ങനെ കോറിവച്ചത്.

'ഏതു ധൂസരസങ്കല്‍പങ്ങളില്‍ വളര്‍ന്നാലും,

ഏത് യന്ത്രവത്കൃതലോകത്തില്‍ പുലര്‍ന്നാലും,

മനസ്സിലുണ്ടാകട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും'

Summary

വാല്‍ക്കഷ്ണം: യവനനഗരത്തിന്റെ കോട്ടയും കോട്ടവാതിലുകളും സുരക്ഷിതമായിരുന്നു. കോട്ട തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ ശത്രുസൈന്യം തിരികെപ്പോയി. അവര്‍ ഉപേക്ഷിച്ചുപോയ മനോഹരമായ ഒരു മരക്കുതിര ഗ്രീക്കുസൈന്യം ആര്‍പ്പുവിളികളോടെ കോട്ടയ്ക്കകത്തേക്കു കൊണ്ടുവന്നു. വാതിലുകള്‍ വീണ്ടും ബന്ധിച്ചു. രാത്രിയില്‍ ഗ്രീക്കുജനത നിദ്രാലസ്യത്തിലാണ്ടപ്പോള്‍ മരക്കുതിരയില്‍ ഒളിച്ചിരുന്ന ശത്രുഭടന്‍ പുറത്തിറങ്ങി കോട്ടവാതിലുകള്‍ തുറന്നിട്ടു. ഇരമ്പിപ്പാഞ്ഞെത്തിയ ശത്രുസൈന്യം അകത്തുകയറി നഗരവാസികളെ ബന്ധനത്തിലാക്കി. ഇതാണ് ചരിത്രപ്രസിദ്ധമായ ട്രോജന്‍കുതിരയുടെ കഥ. നാം എത്ര സുരക്ഷിതമായി നമ്മുടെ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിട്ടാലും നാമറിയാതെതന്നെ മാധ്യമങ്ങള്‍ നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്നുണ്ടെന്നറിയുക. സോളമനെപ്പോലെ ഇങ്ങനെ പ്രാര്‍ത്ഥിക്കാം; പ്രാര്‍ത്ഥിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. 'നന്മയും തിന്മയും വിവേചിച്ചറിയാനുള്ള വിവേകം നല്‍കിയാലും...'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org