സൂനഹദോസ് സ്മൃതിയില്‍ ഉദയംപേരൂര്‍ പള്ളി

സൂനഹദോസ് സ്മൃതിയില്‍ ഉദയംപേരൂര്‍ പള്ളി

ചരിത്രവും ഐതിഹ്യവും ഇഴപിഴഞ്ഞ് കിടക്കുന്ന പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശമാണ് ഉദയംപേരൂര്‍. കായലും പുഴയും കൈകോര്‍ത്ത് കിടക്കുന്ന ഇവിടം നാനാജാതി മതസ്ഥരുടെ സംഗമവേദി കൂടിയാണ്. നൂറ്റാണ്ടുകളായി മതസൗഹാര്‍ദതയുടെ ഈറ്റില്ലം കൂടിയാണ് ഈ പ്രദേശം. സാമൂഹികവും, സാമ്പത്തികവും, ജാതീയതയുടെ ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നിട്ടുകൂടി കലഹങ്ങള്‍ക്കും, വിദ്വേഷങ്ങള്‍ക്കുമുപരി സൗഹൃദത്തിന്റെ ശീതളഛായയില്‍ വിരാജിക്കുകയാണ് ഈ നാട്. ചരിത്ര കാലത്തിന്റെ ധന്യത പേറുന്ന ഈ ഗ്രാമം ഭൂതകാലത്തിന്റെ കനകസ്മൃതിയില്‍ നിന്ന് ഊര്‍ജവും ഉന്മേഷവും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു നാളേക്കായി മുന്നേറുകയാണ്. പൗരാണികതയുടെ ഈറ്റില്ലമായ ചരിത്ര പ്രസിദ്ധമായ ഉദയംപേരൂര്‍ സൂനഹദോസ് പള്ളി കേരളത്തിലെ ആദ്യത്തെ ക്രിസ്തീയ രാജകുടുംബമായ വില്ലാര്‍വട്ടം തോമാ രാജാവിനാല്‍ എ. ഡി. 510 ല്‍ സ്ഥാപിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. മാര്‍ത്തോമ ക്രിസ്ത്യാനികള്‍ പരിശുദ്ധ മാതാവിന്റെ നാമത്തിലായിരുന്നു പള്ളി സ്ഥാപിച്ചത്. പിന്നീട് 1599 ല്‍ ഈ ദേവാലയത്തില്‍ വച്ച് നടന്ന ചരിത്ര പ്രസിദ്ധമായ സൂനഹദോസിനുശേഷം ദേവാലയം സകല വിശുദ്ധരുടേയും നാമത്തില്‍ പ്രതിഷ്ഠിച്ചു. ഇപ്പോള്‍ പ്രധാന വിശുദ്ധരായി ഗര്‍വാസീസ്, പ്രോത്താസീസ് എന്നീ ഇരട്ട സഹോദരങ്ങളെ വണങ്ങി വരുന്നു. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തില്‍ ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ ജനിച്ച ഇരട്ട സഹോദരങ്ങളായിരുന്ന ഇവര്‍ ക്രിസ്തീയ വിശ്വാസത്തിനായി ധീരരക്തസാക്ഷിത്വം വഹിച്ചു. കന്തീശങ്ങളുടെ പള്ളി എന്ന പേരിലും ഈ ദേവാലയം അറിയപ്പെടുന്നു. വില്ലാര്‍വട്ടം രാജാക്കന്മാരുടെ ആസ്ഥാനമായതിനാല്‍ പുരാതനകാലത്ത് ഉദയംപേരൂരിന്റെ കീര്‍ത്തി പ്രസിദ്ധമായിരുന്നു. വില്ലാര്‍വട്ടം കുടുംബത്തിന്റെ ആരാധനാലയമായിരുന്നു ഈ പള്ളി. 1599 ല്‍ നടന്ന സൂനഹദോസിനുശേഷം ഈ ദേ വാലയത്തിന് സൂനഹദോസ് പ ള്ളി എന്ന പേര് ലഭിച്ചു.

ഉദയംപേരൂരിന്റെ ചരിത്രം വാക്കും പൊരുളും പോലെ സൂനഹദോസുമായി ബന്ധപ്പെട്ടിരിക്കുന്നു. മലങ്കര സഭാചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു 1599 ജൂണ്‍ 20 മുതല്‍ 26 വരെ ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന ഡോ. അലക്‌സിസ് മെനേസീസിന്റെ അധ്യക്ഷതയില്‍ ഈ പള്ളിയില്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ്. ഈ സമ്മേളനത്തില്‍ 163 കത്തനാര്‍മാരും 660 അല്‍മായ പ്രതിനിധികളും പങ്കെടുത്തു. 168 പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സമ്മേളനത്തില്‍ എടുത്തു. ഉദയംപേരൂര്‍ സൂനഹദോസ് കേരള ക്രിസ്തീയ ചരിത്രത്തില്‍ സാരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. സൂനഹദോസിന്റെ കാനോനകള്‍ കേരള കത്തോലിക്ക സഭയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിരുന്ന അന്ധ വിശ്വാസങ്ങള്‍, സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ തുടങ്ങി ഒട്ടേറേ വസ്തുതകളിലേക്ക് വെളിച്ചം പകര്‍ന്നു. അന്ന് സമൂഹത്തിലുണ്ടായിരുന്ന ചാതുര്‍വര്‍ണ്ണ്യവും മറ്റ് അനാചാരങ്ങളും ഉള്‍പ്പെടുന്ന ജീര്‍ണ്ണതകളെ ഈ കാനോനകള്‍ വഴി നിര്‍മ്മാര്‍ജ്ജനം ചെയ്തു. സൂനഹദോസില്‍ നടന്ന ചില കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്. കേരള ക്രൈസ്തവരുടെ സാമൂഹ്യവും, സാമ്പത്തികവും, മതപരവും, കലാപരവുമായ പൈതൃകങ്ങളിലേക്ക് ഈ കാനോനകള്‍ വിരല്‍ ചൂണ്ടുന്നു. പള്ളിയോഗം എന്ന പ്രാദേശിക ഭരണസംവിധാനത്തിന്റെ തകര്‍ച്ചയും തിരോധാനത്തേക്കുറിച്ചും കാനോനകളില്‍ പ്രതിപാദിക്കുന്നുണ്ട്. ഡോ. അലക്‌സിസ് മെനേസീസ് താന്‍ കണ്ട ദൈവത്തിന്റെ നാട് ഇങ്ങനെയായിരുന്നു. മുക്കുവന് മൂന്ന് അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പുര വയ്ക്കുവാന്‍ പാടില്ല. ശൂദ്രന് വിദ്യ അഭ്യസിച്ചു കൂടാ, നമ്പൂതിരിക്കും, ക്ഷത്രിയനുമൊഴിച്ച് പപ്പടം കാച്ചുവാന്‍ പാടില്ല. സവര്‍ണ്ണനെ കീഴ്ജാതിക്കാരന്‍ തീണ്ടിയാല്‍ ഉടനെ അവനെ കൊന്നു കളയാം. ക്രിസ്ത്യാനിക്ക് അവനെ വരയാം എന്നു വച്ചാല്‍ കത്തി കൊണ്ട് ദേഹം കീറി ഉപ്പും മുളകും തേക്കാം എന്നിങ്ങനെയുള്ള കൊടും ക്രൂര നിയമങ്ങള്‍ മതത്തിന്റെയും ദൈവത്തിന്റെയും സാമൂഹ്യ പദവിയുടേയും പേരില്‍ ഉറപ്പിച്ച ഒരു നാടിനെയാണ് വിദേശിയനായ ഫാ. മെനേസീസ് കണ്ടത്.

എന്നാല്‍ സൂനഹദോസിലെ രണ്ടാം കാനോനിലൂടെ കേരളത്തിലെ ജാതീയ സങ്കല്പങ്ങള്‍ക്ക് അതിര്‍ വരമ്പിടുവാന്‍ അദ്ദേഹം ശ്രമിച്ചു. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ സംരംഭത്തിന്റെ നാള്‍ വഴിയില്‍ ഉദയംപേരൂര്‍ സൂനഹദോസിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട് എന്നതിന് സംശയമില്ല. അങ്കമാലി ആസ്ഥാനമായ ക്രൈസ്തവരുടെ സുപ്രധാന വഴിത്തിരിവായ കൂനന്‍കുരിശ് സത്യം ഉദയംപേരൂര്‍ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു.

എ. ഡി. 510 ല്‍ സ്ഥാപിതമായ ഈ പളളിയുടെ സ്ഥാനത്ത് പല കാലങ്ങളില്‍ പല ഘട്ടങ്ങളിലായി നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് നാം ഇന്ന് കാണുന്ന പഴയ പള്ളി മനോഹരമായി പുനരുദ്ധാരണം നടത്തി പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൗരാണിക തച്ചുശാസ്ത്രത്തിന്റെ രൂപവും ഭാവവും വെളിപ്പെടുത്തുന്ന നിര്‍മ്മിതിയാല്‍ സമ്പന്നമാണ് ഈ ദേവാലയം. പുനര്‍നിര്‍മ്മിതമായ പള്ളിയുടെ നിര്‍മ്മാണത്തില്‍ പല പോര്‍ത്തുഗീസ് നിര്‍മ്മാണ രീതികളും കാണുവാന്‍ സാധിക്കുന്നുണ്ട്. സൂനഹദോസില്‍ പങ്കെടുത്തവര്‍ക്ക് സംസാരിക്കാന്‍ വേണ്ടി തയ്യാറാക്കിയ പ്രസംഗപീഠം വളരെ മനോഹരമാണ്. ഈ ദേവാലയത്തിന്റെ മദ്ബഹയില്‍ അഞ്ച് ശവകുടീരങ്ങള്‍ കണ്ടെത്തിയത് മദ്ബഹയില്‍ തന്നെ പ്രത്യേക പേടകത്തിലാക്കി സംരക്ഷിച്ചിട്ടുണ്ട്. അതില്‍ രണ്ടെണ്ണം രാജകുടുംബാംഗങ്ങളുടേതാണെന്നും ശേഷിച്ചവ മതമേലധ്യക്ഷന്മാരുടേതാണെന്നും കരുതുന്നു. പള്ളിയുടെ കിഴക്കു ഭാഗത്തുള്ള പുരാതനമായ കരിങ്കല്‍ കുരിശ് പള്ളിയോട് ചേര്‍ന്ന് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മാലാഖ, അരയന്നം, താമര തുടങ്ങിയ കൊത്തുപണികളാല്‍ നിറഞ്ഞ വലിയ കരിങ്കല്ലുകളാല്‍ പണിതതാണ് ഇതിന്റെ അടിത്തറ. പടിഞ്ഞാറെ ഭാഗത്തെ തറയുടെ താഴെയായി ഒരു ഉള്ളറയുണ്ട്. അതില്‍ ഉണ്ണീശോയെ വഹിച്ചുകൊണ്ടുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു കരിങ്കല്‍ പ്രതിമയുണ്ട്. കുരിശിന്റെ തറയുടെ നാലുഭാഗത്തായി ഒരേ സമയം നാല് വൈദികര്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് കുരിശ് നിര്‍മ്മിച്ചിരിക്കുന്നത്. 2021-23 കാലഘട്ടത്തിലാണ് പള്ളി അവസാനമായി പുനരുദ്ധാരണം നടത്തിയത്. ഇപ്പോഴത്ത വികാരിയായ ഫാ. ജോര്‍ജ് മാണിക്കത്താന്റേയും കൈക്കാരന്മാരായ എ. ജി. ജോസഫ് അറക്കത്താഴത്ത്, തോമസ് പൂവേലിക്കുന്നേല്‍, ദേവാലയ പുനര്‍നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എ. ജി. വര്‍ഗീസ് അറക്കത്താഴത്ത്, ജോ. കണ്‍വീനര്‍ ബേബി വര്‍ഗീസ് ചിറ്റേത്താഴത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ രണ്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ദേവാലയത്തിന്റെ വെഞ്ചെരിപ്പു കര്‍മ്മം 2023 നവംബര്‍ 9 ന് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു. സൂനഹദോസ് അനുസ്മരണാര്‍ത്ഥം ഒരു പൊതുസമ്മേളനം നവം. 12 വൈകിട്ട് 4.30 ന് ചരിത്ര ദേവാലയാങ്കണത്തില്‍ നടത്തി. ബഹു. കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ശ്രീ. ഹൈബി ഈഡന്‍ എം. പി., ശ്രീ. കെ. ബാബു എം. എല്‍. എ, ജില്ലാ കളക്ടര്‍ ശ്രീ. എന്‍. എസ്. കെ. ഉമേഷ് ഐ എ എസ്, ശ്രീമതി സജിത മുരളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സൂനഹദോസ് പള്ളിയുടെ ചരിത്രമെഴുതിയ താളിയോലകള്‍, കരിങ്കല്ലില്‍ തീര്‍ത്ത മാമോദീസ്സാ തൊട്ടി, സൂനഹദോസ് നടന്ന കാലത്ത് തിരുകര്‍മ്മങ്ങള്‍ക്കായി ഉപയോഗിച്ച മണിക്കാസ, പുരാതന ശിലാലിഖിതങ്ങളുടെ വന്‍ശേഖരണങ്ങള്‍, അപൂര്‍വങ്ങളായ ചരിത്ര രേഖകള്‍ ഉള്‍പ്പെെട പുരാവസ്തുക്കളുടെ സമ്പന്നതയാല്‍ നിറഞ്ഞ നവീകരിച്ച സൂനഹദോസ് മ്യൂസിയവും നവംബര്‍ 12 ന് ലൂയീസ് കുര്യാക്കോസ് അറയ്ക്കത്താഴം ഉദ്ഘാടനം ചെയ്തു.

ഓരോ ദേവാലയവും വ്യക്തികള്‍ക്ക് ദൈവികാനുഭവത്തിന്റേയും, ജീവിത വിശുദ്ധീകരണത്തിന്റേയും ഇടമാണ്. ഒരു നാടിന്റെ ആത്മീയ വളര്‍ച്ചയുടെ കേന്ദ്രം കൂടിയാണ് ദേവാലയം. ദേവാലയത്തില്‍ അനുദിനം അര്‍പ്പിക്കപ്പെടുന്ന ബലികളില്‍ നിന്നും, പരികര്‍മ്മം ചെയ്യുന്ന കൂദാശകളില്‍ നിന്നും പ്രഘോഷിക്കപ്പെടുന്ന ദൈവവചനത്തില്‍ നിന്നും ശക്തി സ്വീകരിക്കുമ്പോഴാണ് ക്രൈസ്തവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അനുയായികളായിത്തീരുന്നത്. അത് ഒരു നാടിന്റെ പ്രഭയാര്‍ന്ന ഐശ്വര്യത്തിന് നിദാനമാകുന്നു. കന്തീശങ്ങള്‍ കാവലാളാകുന്ന ഈ ദേവാലയം ഉദയംപേരൂരിന് അഭിമാനമായി നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org