ഇരുള്‍ പരന്ന തെരുവുകളില്‍ കരുണയുടെ കൈവിളക്കുമായി

ഇരുള്‍ പരന്ന തെരുവുകളില്‍ കരുണയുടെ കൈവിളക്കുമായി
Published on
ഇരുള്‍ പരന്ന നഗരത്തെരുവുകളില്‍, എച്ച് ഐ വി ബാധിതരും ലൈംഗികത്തൊഴിലാളികളും മയക്കുമരുന്നിനടിമകളുമായി, ദുരിതജീവിതം നയിക്കുന്ന മനുഷ്യര്‍ക്കിടയില്‍ സേവനം ചെയ്യുകയാണ് സിസ്റ്റര്‍ മേഴ്‌സി വടക്കുഞ്ചേരി SABS, സിസ്റ്റര്‍ സീന തയ്യില്‍ SABS എന്നിവര്‍. അവരുടെ സേവന പാതകളിലൂടെ...

ജീര്‍ണ്ണിച്ച ഒരു ലൈന്‍കെട്ടിടത്തിലെ ഒറ്റമുറി വീട്ടിലേക്ക് ഒരുച്ചതിരിഞ്ഞ നേരത്ത് സിസ്റ്റര്‍ മേഴ്‌സി വടക്കുഞ്ചേരിയും സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പിലും കയറിച്ചെന്നു. അഞ്ചാറു വയസ്സുള്ള ഒരു കുട്ടിയെ അവരവിടെ കണ്ടു.

''ചോറുണ്ടോ,'' സിസ്റ്റര്‍മാര്‍ അവനോടു ചോദിച്ചു.

''ഉവ്വ്.''

''എന്തായിരുന്നു കറി?''

''ഉപ്പും വെളിച്ചെണ്ണയും.''

''ആരാ ഉണ്ടാക്കിത്തന്നത്?''

''ചേച്ചി.''

വാതിലായി തൂക്കിയിട്ടിരിക്കുന്ന കീറത്തുണി മാറ്റി അപ്പോഴേക്കും ഒരു പത്തുവയസ്സുകാരി പ്രത്യക്ഷപ്പെട്ടു. അതാണു ചേച്ചി!

എറണാകുളം നഗരത്തില്‍ ലൈംഗികത്തൊഴിലാളിയായ ഒരു സ്ത്രീയുടെ മക്കളായിരുന്നു ഈ കുട്ടികള്‍.

ലൈംഗികത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുക, അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സേവനത്തിനിടയിലാണ് സിസ്റ്റര്‍മാര്‍ ആ സ്ത്രീയെ പരിചയപ്പെട്ടത്. അവരെപ്പോലെ നിരവധി സ്ത്രീകളുണ്ട്. ലൈംഗികത്തൊഴിലില്‍ നിന്നു പൂര്‍ണ്ണമായി ആ സ്ത്രീകളെ പിന്മാറ്റുക പ്രായോഗികമല്ലെന്നു ക്രമേണ സിസ്റ്റര്‍മാര്‍ക്കു മനസ്സിലായി. പലതരം ചതികളില്‍ പെട്ടാണ് ഇവര്‍ ഈ രംഗത്തേക്കു വന്നുപെട്ടിരിക്കുന്നതെങ്കിലും അതുപേക്ഷിക്കാന്‍ മിക്കവരും ഒരുക്കമല്ല. ഉപേക്ഷിച്ചാല്‍ തന്നെ കുടുംബവും സമൂഹവും പഴയതു പോലെ തങ്ങളെ സ്വീകരിക്കുമോ എന്ന ഭീതി എല്ലാവര്‍ക്കുമുണ്ട്. വരുമാനം ഉപേക്ഷിക്കാനുള്ള മടിയാണ് മറ്റൊരു കാരണം. പക്ഷേ മക്കളെക്കുറിച്ചുള്ള ആശങ്കയും അവരെ സുരക്ഷിതമായ മറ്റൊരു ജീവിതപാതയിലേക്കു വഴിതിരിക്കണമെന്ന മോഹവും ആ സ്ത്രീകള്‍ക്കെല്ലാമുണ്ട്. അവരുടെ അടുത്ത തലമുറയെ വീണ്ടെടുക്കുന്നതിനു മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുകയാണ് ഇനി വേണ്ടതെന്നു സിസ്റ്റര്‍മാരും കരുതി. അങ്ങനെയാണ് ഇവരുടെ മക്കളെ കുറിച്ചന്വേഷിക്കാനും തേടിപ്പിടിക്കാനും പുറപ്പെട്ടത്.

അടുത്ത തലമുറ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കു കടന്നുപോകുന്നതു കണ്ടു നിര്‍വൃതിയടയുകയാണ് ഹതഭാഗ്യരായ ആ അമ്മമാര്‍ ഇന്ന്. ഇരുട്ടു വീണു കിടക്കുകയായിരുന്ന അവരുടെ ജീവിതപാതകളില്‍ വെളിച്ചമേകാനും വഴികാട്ടാനും കഴിഞ്ഞത് തങ്ങളുടെ സമര്‍പ്പണജീവിതത്തിന് അര്‍ഥം പകര്‍ന്നതായി സിസ്റ്റര്‍മാരും കരുതുന്നു.

മേല്‍പ്പറഞ്ഞ രണ്ടു കുട്ടികളുടെയും മുമ്പില്‍ സിസ്റ്റര്‍മാര്‍ സ്‌കൂള്‍ എന്ന സ്വപ്നം അവതരിപ്പിച്ചു. അവര്‍ക്കു സന്തോഷമായിരുന്നു. ഉള്ളതില്‍ നല്ല ഒരു ജോടി വസ്ത്രം മാത്രമെടുത്ത് ആ കുട്ടികള്‍ സിസ്റ്റര്‍മാരുടെ കൂടെ ഇറങ്ങിവന്നു. അവരെ സഭയുടെ തന്നെ ഹോസ്റ്റലിലാക്കി, സ്‌കൂളില്‍ ചേര്‍ത്തു.

ഒന്നും രണ്ടുമല്ല, നൂറ്റമ്പതോളം കുട്ടികളെയാണ് തുടര്‍ന്നു സിസ്റ്റര്‍മാര്‍ ഇതുപോലെ കണ്ടെത്തി, ഹോസ്റ്റലുകളിലാക്കി വിദ്യാഭ്യാസത്തിനു സൗകര്യം ചെയ്തത്. ഇപ്പോള്‍ പതിനാറു വര്‍ഷങ്ങളായി. ഇവരില്‍ ചിലര്‍ നഴ്‌സുമാരായി, പൈലറ്റുമാരായി, അക്കൗണ്ടന്റുമാരായി, വിദേശജോലിക്കാരായി.

അടുത്ത തലമുറ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കു കടന്നു പോകുന്നതു കണ്ടു നിര്‍വൃതിയടയുകയാണ് ഹതഭാഗ്യരായ ആ അമ്മമാര്‍ ഇന്ന്. ഇരുട്ടു വീണു കിടക്കുകയായിരുന്ന അവരുടെ ജീവിതപാതകളില്‍ വെളിച്ചമേകാനും വഴികാട്ടാനും കഴിഞ്ഞത് തങ്ങളുടെ സമര്‍പ്പണജീവിതത്തിന് അര്‍ഥം പകര്‍ന്നതായി സിസ്റ്റര്‍മാരും കരുതുന്നു.

ആരാധനാ സന്യാസിനീ സമൂഹത്തിന്റെ ജൂബിലിവര്‍ഷമായിരുന്ന 2008 ലാണ് സേവനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തണമെന്ന ഒരു നിര്‍ദേശം സമൂഹത്തില്‍ ഉയര്‍ന്നുവന്നത്. തുടര്‍ന്ന്, പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ആരാണെന്ന ചോദ്യം അന്നത്തെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ തെക്‌ള എസ് എ ബി എസ് ഉന്നയിച്ചു. സിസ്റ്റര്‍ മേഴ്‌സി വടക്കുഞ്ചേരിയും സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പിലും അങ്ങനെ ഒരു കര്‍മ്മരംഗത്തെക്കിറങ്ങുന്നതിന് ഉടന്‍ സന്നദ്ധത അറിയിച്ചു. സ്‌കൂളുകളില്‍ പഠിപ്പിക്കുകയായിരുന്ന ഇരുവരും വേറിട്ടൊരു സമര്‍പ്പിതജീവിതം ആഗ്രഹിക്കുന്ന സമയമായിരുന്നു അത്.

പുതിയൊരു പ്രവര്‍ത്തനമേഖല കണ്ടെത്തുക, അതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കി കൊള്ളാം എന്ന് സഭാധികാരികള്‍ അറിയിച്ചു. പല മേഖലകളും അതേ തുടര്‍ന്ന് ഈ രണ്ട് സിസ്റ്റര്‍മാര്‍ ചേര്‍ന്ന് അന്വേഷിച്ചു. അങ്ങനെയാണ് അധികമാരും കടന്നുചെല്ലാത്ത, സെക്‌സ് വര്‍ക്കേഴ്‌സിന്റെ പുനരധിവാസമെന്ന രംഗത്തേക്ക് സിസ്റ്റര്‍മാര്‍ പ്രവേശിക്കുന്നത്. സെക്‌സ് വര്‍ക്കേഴ്‌സിനുവേണ്ടി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'സുരക്ഷ' എന്ന ഏജന്‍സിയുമായി ബന്ധപ്പെട്ടു. ആ രംഗത്തു പ്രവര്‍ത്തിക്കാന്‍ അധികാരികളും അനുവദിച്ചു. സെക്‌സ് വര്‍ക്കേഴ്‌സുമായുള്ള ആദ്യത്തെ ഇടപെടല്‍ സന്തോഷപ്രദമായിരുന്നില്ല. സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന ലേബലില്‍ എത്തുന്നവരെ വിശ്വാസത്തിലെടുക്കാന്‍ ആ സ്ത്രീകള്‍ ഒരുക്കമല്ലായിരുന്നു. പ്രത്യേകിച്ച് സിസ്റ്റര്‍മാരെ. സ്വന്തം തൊഴില്‍ ഉപേക്ഷിക്കാന്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും താല്‍പര്യവും ഇല്ലായിരുന്നു. എങ്കിലും സിസ്റ്റര്‍മാര്‍ പിന്നോട്ടു മാറിയില്ല. ഇവര്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളില്‍ സിസ്റ്റര്‍മാര്‍ എന്നും ചെല്ലും, അവരോട് സംസാരിക്കും. ഉപദ്രവിക്കാനോ ഒറ്റുകൊടുക്കാനോ അല്ല സ്‌നേഹിക്കാനും സഹായിക്കാനും വന്നിരിക്കുന്നവരാണ് തങ്ങള്‍ എന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കാന്‍ കുറെ അധികം നാള്‍ കഷ്ടപ്പെടേണ്ടി വന്നു.

തങ്ങള്‍ അവരെ സ്‌നേഹിക്കുന്നവരാണെന്ന ബോധ്യം സെക്‌സ് വര്‍ക്കേഴ്‌സിന് ലഭിച്ചു കഴിഞ്ഞതോടെ മക്കളെക്കുറിച്ചുള്ള വിവരങ്ങളും സ്വപ്നങ്ങളും അവര്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.

സെക്‌സ് വര്‍ക്കേഴ്‌സിനിടയിലെ സേവനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയായി എച്ച് ഐ വി ബാധിതരിലേക്കും സിസ്റ്റര്‍മാര്‍ എത്തിപ്പെട്ടു. ഇന്ന് പുറംലോകത്ത് എയ്ഡ്‌സിനെ കുറിച്ചു വലിയ ചര്‍ച്ചകളോ ബോധവല്‍ക്കരണങ്ങളോ ഒന്നും നടക്കുന്നില്ലെങ്കിലും ധാരാളം പേര്‍ എച്ച് ഐ വി ബാധിതരായി കഴിയുന്നുണ്ട്. ഗര്‍ഭിണിയാകുന്നതോടെ രക്തപരിശോധനയ്ക്ക് എത്തുമ്പോഴാണ് പല സ്ത്രീകളും തങ്ങള്‍ രോഗബാധിതരാണെന്ന ദുരന്തസത്യത്തെ അഭിമുഖീകരിക്കുന്നത്. നിഷ്‌കളങ്കരായ ഈ പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്നാണ് രോഗബാധ ഉണ്ടാകുന്നത്.

സ്വന്തക്കാര്‍ ആരുമില്ല എന്നതായിരുന്നു ഈ മനുഷ്യരുടെയെല്ലാം പ്രധാനസങ്കടം. ഇന്ന് അവര്‍ ഞങ്ങളെ കുടുംബമായി കാണുന്നുവെന്ന് സിസ്റ്റര്‍മാര്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ അറിയുന്നതോടെ ഇവര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. വാടകയ്ക്ക് താമസിക്കണം. മരുന്നിനും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തണം. ഇങ്ങനെ ദുരിതമനുഭവിക്കുന്നവരിലേക്കാണ് സിസ്റ്റര്‍മാര്‍ കടന്നുചെല്ലുന്നത്. പലവിധ രോഗങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഒപ്പം മാനസികമായ വിഷാദവും അനുഭവിക്കുന്ന ഈ മനുഷ്യരെ സിസ്റ്റര്‍മാര്‍ നിരന്തരം സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ മക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്നു, ഭക്ഷണമായും പാര്‍പ്പിടമായും വസ്ത്രമായും സഹായങ്ങള്‍ എത്തിക്കുന്നു. അതിനായി മറ്റുള്ളവരുടെ അടുക്കല്‍ ചെന്നു കൈകള്‍ നീട്ടുന്നു.

എച്ച് ഐ വി ബാധിതര്‍ക്കിടയിലെ പ്രവര്‍ത്തനം മയക്കുമരുന്ന് രോഗികളിലേക്കും സിസ്റ്റര്‍മാരെ എത്തിച്ചു. എച്ച് ഐ വി പടര്‍ത്തുന്നതില്‍ സിറിഞ്ച് ഉപയോഗിച്ച് നടത്തുന്ന മയക്കുമരുന്ന് ഉപഭോഗം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇപ്പോള്‍ സെക്‌സ് വര്‍ക്കേഴ്‌സിനും എച്ച് ഐ വി ബാധിതര്‍ക്കും ഒപ്പം മയക്കുമരുന്ന് രോഗികളും സിസ്റ്റര്‍മാരുടെ അജഗണത്തില്‍ പെടുന്നു.

സിസ്റ്റര്‍ മേഴ്‌സിക്കൊപ്പം ഈ സേവനത്തിനു കൂടെചേര്‍ന്ന സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പിന്നീട് സഭയുടെ പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു സിസ്റ്റര്‍മാര്‍, സിസ്റ്റര്‍ മേഴ്‌സിക്കൊപ്പം മാറി മാറി വന്നു. ഇപ്പോള്‍ സിസ്റ്റര്‍ സീന തയ്യിലാണ് ഒപ്പമുള്ളത്. കൊരട്ടി എല്‍ എഫ് സ്‌കൂളില്‍ മുപ്പതിലേറെ വര്‍ഷം അധ്യാപികയായി ജോലി ചെയ്തു വിരമിച്ച സിസ്റ്റര്‍ സീന തന്റെ തുടര്‍ന്നുള്ള കര്‍മ്മരംഗമായി ഇതു തിരഞ്ഞെടുക്കുകയായിരുന്നു.

സന്യാസസമൂഹത്തിന്റെ കീഴിലാണെങ്കിലും സ്വതന്ത്രമായ ഒരു ട്രസ്റ്റായിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ ക്രമീകരിച്ചിട്ടുള്ളത്. 'സാന്നിധ്യം' എന്ന പേരിലുള്ള ഈ സംരംഭത്തിനായി രാപ്പകല്‍ കഠിനാധ്വാന നിരതരാണ് ഈ രണ്ടു സിസ്റ്റര്‍മാരും.

40 ഓളം വീടുകള്‍ ഇതുമായി ബന്ധപ്പെട്ട് നിരാലംബരായ കുടുംബങ്ങള്‍ക്ക് സിസ്റ്റര്‍മാര്‍ ഇതിനകം നിര്‍മ്മിച്ചു നല്‍കി കഴിഞ്ഞു. നിരവധി വീടുകളുടെ അറ്റകുറ്റ പണികളും നടത്തി. ഓണത്തിനും ക്രിസ്മസിനും അവശ്യസാധനങ്ങളെത്തിക്കുന്നു. കമ്പ്യൂട്ടറുള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ സമ്മാനിക്കുന്നു. ഉപജീവനത്തിനായി സ്‌കൂട്ടറും പെട്ടിക്കടയും ഒരുക്കി നല്‍കുന്നു. പല ആളുകളുടെ മുമ്പില്‍ കൈനീട്ടി വാങ്ങുന്ന സഹായങ്ങള്‍ കൊണ്ടാണ് ഇതെല്ലാം സാധ്യമാക്കുന്നത്.

ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാനായിരുന്നപ്പോഴാണ് സിസ്റ്റര്‍മാര്‍ ഈ സേവനമേഖലയിലേക്ക് എത്തിച്ചേരുന്നത്. അദ്ദേഹത്തിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് തങ്ങളെ ഈ രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയ പ്രധാന ശക്തിയെന്ന് സിസ്റ്റര്‍മാര്‍ ഓര്‍മ്മിക്കുന്നു. പ്രൊവിന്‍ഷ്യല്‍, ജനറല്‍ തലങ്ങളിലുള്ള സന്യാസസമൂഹാധികാരികളും ഉറച്ച പിന്തുണ നല്‍കി വരുന്നു.

വെളുപ്പിന് 3 മണിക്ക് എന്നും എണീറ്റ് രണ്ടു മണിക്കൂര്‍ നടത്തുന്ന ആരാധനയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തി പകരുന്നതെന്ന് സിസ്റ്റര്‍ സീന പറഞ്ഞു. സഹായം സ്വീകരിക്കുന്നവര്‍ക്കും അവ നല്‍കുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കും വേണ്ടിയാണ് ഈ ദീര്‍ഘമായ പ്രാര്‍ഥന. ഈ പ്രാര്‍ഥന തുടര്‍ന്നുള്ള ഒരു ദിവസം ക്ഷീണം വകവയ്ക്കാതെ പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം പകരുന്നു. പ്രാര്‍ഥന കഴിയുന്നതോടെ ആരുടെ മുമ്പില്‍ കൈനീട്ടാനും അപരിചിത രംഗങ്ങളിലേക്ക് ഇറങ്ങിചെല്ലാനും ഉള്ള ധൈര്യവും പ്രചോദനവും ലഭിക്കുന്നു.

സഹായങ്ങള്‍ ചോദിച്ച് ചെല്ലുന്നവര്‍ പൊതുവേ ആരും നിരസിക്കാറില്ലെന്ന് നന്ദിപൂര്‍വം സിസ്റ്റര്‍മാര്‍ അനുസ്മരിക്കുന്നു. ഒരു നിവൃത്തിയും ഇല്ലെങ്കില്‍ മാത്രം പ്രൊവിന്‍ഷ്യലിനെ സമീപിക്കുന്നു. സഭയുടെ പിന്തുണ എപ്പോഴും ഉണ്ട്.

ഈ പാവപ്പെട്ട മനുഷ്യരുടെ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കുന്നതും നല്ല സഹകരണമാണ്. രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നുണ്ടായ ഒരനുഭവം സിസ്റ്റര്‍മാര്‍ ഉദാഹരണമായി പറഞ്ഞു. ഒരാള്‍ക്കു വീടു നിര്‍മ്മിക്കാന്‍ മൂന്നു സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചു. അതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ കുറെ നൂലാമാലകള്‍ നിറഞ്ഞതായിരുന്നു. ഉദ്യോഗസ്ഥര്‍ അതൊക്കെ പരിഹരിച്ചു സ്ഥലം ഗുണഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇനി ഈ സ്ഥലം നിങ്ങള്‍ക്കു രേഖാമൂലം സ്വന്ത മായിരിക്കുന്നു എന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചപ്പോള്‍ അവിടെ ഒരു പൊട്ടിക്കര ച്ചിലുയര്‍ന്നു. രോഗിയായ തനിക്കും മക്കള്‍ക്കും സ്വന്തമെന്നു പറയാന്‍ ഒരു തുണ്ടു ഭൂമി കിട്ടുമെന്നൊരിക്കലും പ്രതീക്ഷിച്ചിട്ടില്ലാതിരുന്ന ഒരു നിസ്സഹായയുടെ സന്തോഷക്കണ്ണീരായിരുന്നു അത്. ആ ഉദ്യോഗസ്ഥനും കരഞ്ഞുപോയി. ആ വീടിന്റെ പാലുകാച്ചലിന് ആ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചറിഞ്ഞെത്തി പങ്കു ചേര്‍ന്നു.

സ്വന്തക്കാര്‍ ആരുമില്ല എന്നതായിരുന്നു ഈ മനുഷ്യരുടെയെല്ലാം പ്രധാനസങ്കടം. ഇന്ന് അവര്‍ ഞങ്ങളെ കുടുംബമായി കാണുന്നുവെന്ന് സിസ്റ്റര്‍മാര്‍ പറയുന്നു. 'ഞങ്ങള്‍ താമസിക്കുന്ന ഭവനത്തെ അവര്‍ സ്വന്തം തറവാട് എന്നാണു വിശേഷിപ്പിക്കുന്നത്. അവിടെ അവര്‍ ഇടയ്ക്കിടെ വരും, പരസ്പരം സംസാരിക്കും, നല്ല ഭക്ഷണം കഴിക്കും. പലരും തരുന്ന അവശ്യവസ്തുക്കളും പോക്കറ്റ് മണിയുമൊക്കെ ഞങ്ങളവര്‍ക്കു കാത്തുവച്ചു കൊടുക്കും. തറവാട്ടില്‍ വന്നു ബന്ധുക്കളെ കണ്ടതിന്റെ വലിയ സന്തോഷത്തോടെ അവര്‍ മടങ്ങും. അടുത്ത കൂടിച്ചേരല്‍ വരെ സന്തോഷത്തോടെ ജീവിക്കാന്‍ അവര്‍ക്കതു മതി.''

വലിയ അലച്ചിലും അധ്വാനവും ഉണ്ടെങ്കിലും ഈ ശുശ്രൂഷ തരുന്ന ആത്മസംതൃപ്തി വാക്കുകള്‍ക്കതീതമാണെന്നു സിസ്റ്റര്‍മാര്‍ പറഞ്ഞു. 'സിസ്റ്റര്‍മാര്‍ ചെയ്യേണ്ട ശുശ്രൂഷ ഇതൊക്കെയാണ് എന്നു ഞങ്ങള്‍ക്കു തോന്നുന്നു. ധാരാളം സിസ്റ്റര്‍മാര്‍ പുറത്തിറങ്ങി, ഇത്തരം രംഗങ്ങളിലേക്കു വരേണ്ടതുണ്ട്.'

എച്ച് ഐ വി ബാധിതരായ ഒരു ദരിദ്രകുടുംബത്തിനായി നിര്‍മ്മിക്കുന്ന നാല്‍പത്തൊന്നാമത്തെ വീടിന്റെ പണി ആരംഭിച്ചിട്ടുണ്ട്. അതിനു പണം കണ്ടെത്തണം. ഹോസ്റ്റലുകളിലാക്കിയിരിക്കുന്ന കുട്ടികളെ സന്ദര്‍ശിക്കണം. അവരുടെ ചെലവുകള്‍ അടയ്ക്കണം. ചിലര്‍ക്കു ചികിത്സാ ചെലവു നല്‍കണം. ആശുപത്രികളില്‍ പോകണം. എച്ച് ഐ വി ബാധിതരാണ് പല ഗുണഭോക്താക്കളും എന്നതിനാല്‍ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. എടുത്താല്‍ തീരാത്ത പണിയും ഉത്തരവാദിത്വവും ചുമലിലേറ്റി അനിശ്ചിതത്വങ്ങളുടെ തെരുവിലേക്കു വിട പറഞ്ഞിറങ്ങുകയാണ് രണ്ടു സിസ്റ്റര്‍മാര്‍. ദിവ്യകാരുണ്യം തങ്ങള്‍ക്കു പാത തെളിക്കുകയും പാഥേയമാകുകയും ചെയ്യുമെന്ന വിശ്വാസത്തോടെ അവര്‍ യാത്ര തുടരുന്നു....

('സാന്നിധ്യ'ത്തിന്റെ വാട്‌സാപ്പ് നമ്പര്‍: 9656612303)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org