സിനഡലിറ്റിയും ദൗത്യവും: സഭയുടെ യാത്രയില്‍ കൂട്ടായ്മയും സമത്വവും കൃപകളും പരിപോഷിപ്പിക്കുക

സിനഡല്‍ സഭയുടെ മുഖം [രണ്ടാം ഭാഗം]
സിനഡലിറ്റിയും ദൗത്യവും: സഭയുടെ യാത്രയില്‍ കൂട്ടായ്മയും സമത്വവും കൃപകളും പരിപോഷിപ്പിക്കുക
പ്രാദേശിക സഭകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കായി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. സഭയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും അജപാലന ശുശ്രൂഷയില്‍ അവര്‍ക്ക് ഉത്തരവാദിത്തം നല്‍കുകയും വേണം.

സമകാലിക സഭ വൈവിധ്യമാര്‍ന്ന വെല്ലുവിളികളും സന്ദര്‍ഭാനുകൂല പ്രതികരണങ്ങളും അടയാളപ്പെടുത്തുന്ന ചലനാത്മകമായ ഒരു ഭൂമികയെ അഭിമുഖീകരിക്കുന്നു. സിനഡിന്റെ താഴെ കാണുന്ന വിചിന്തനങ്ങള്‍ സഭയ്ക്കുള്ളിലെ നിര്‍ണ്ണായക വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നു. സിനഡലിറ്റിയെ ഒരു മാര്‍ഗനിര്‍ദേശ തത്വമായി ഊന്നിപ്പറയുന്നു. ദൗത്യത്തിന്റെ അനിവാര്യത മുതല്‍ സ്ത്രീകളുടെ ശാക്തീകരണം, കാരിസങ്ങളുടെ അംഗീകാരം, ശുശ്രൂഷ പൗരോഹിത്യത്തിന്റെയും മെത്രാന്‍ നേതൃത്വത്തിന്റെയും പങ്ക് അവയുടെ വിചിന്തനങ്ങളും സഭയുടെ ഊര്‍ജസ്വലമായ അലങ്കാരത്തിന് സംഭാവന നല്‍കുന്നു. ഈ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍, ആധികാരികതയും സ്വാധീനവുമുള്ള ഒരു സുവിശേഷ സാക്ഷ്യത്തിനായി സിനഡലിറ്റിക്ക് എങ്ങനെ സഭയെ ശാക്തീകരിക്കാന്‍ കഴിയുമെന്ന് മനസിലാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

സിനഡലിറ്റിയും ദൗത്യവും: സുവിശേഷ സാക്ഷികള്‍ക്കായി സഭയെ ശാക്തീകരിക്കുക

സഭ ഒരു നിയുക്തദൗത്യത്തിലാണ്. ക്രിസ്തുവില്‍ നിന്ന് അവള്‍ ഈ ദൗത്യം സ്വീകരിക്കുകയും സുവിശേഷം അറിയാത്തവരുമായി പങ്കുവയ്ക്കുകയും പ്രഖ്യാപിക്കുകയും സാക്ഷ്യം വഹിക്കുകയും അവരെ ഈ സദ്വാര്‍ത്തയിലേക്കു സ്വാഗതം ചെയുകയും ചെയുന്നു. ദൈവരാജ്യത്തിലെ ദൈവവാഴ്ചയുമായുള്ള ഈ സഹകരണം സിനഡലിറ്റിക്കും സഭയുടെ എല്ലാ തലങ്ങളിലും അത്യന്താപേക്ഷിതമാണ്. പ്രാരംഭ കൂദാശകള്‍ സഭയിലെ എല്ലാവര്‍ക്കും യേശുവിന്റെ ശിഷ്യന്മാര്‍ എന്ന നിലയില്‍ സഭയുടെ ഈ നിയുക്തദൗത്യത്തിന് ഉത്തരവാദിത്തം നല്‍കുന്നു. അതുകൊണ്ടുതന്നെ ഓരോ ക്രിസ്ത്യാനിയും ഈ ഭൂമിയിലെ ഈ ക്രിസ്തുദൗത്യത്തിന് ഉത്തരവാദിയാണ്.

കുടുംബം ക്രിസ്ത്യന്‍ സമൂഹത്തിന്റെയും നെടുംതൂണാണ്. അവിടെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും അവരുടെ വിശ്വാസം കുട്ടികളുമായി പങ്കിടുകയും ജീവിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ അവര്‍ കുടുംബത്തിന്റെ ആദ്യ മിഷനറിമാരായിമാറുന്നു. കുടുബത്തിലുള്ള ഓരോ വ്യക്തിയും ദൈനംദിന ജീവിതത്തില്‍ യേശുക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താനും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി വ്യക്തമായി പങ്കിടാനും വിളിക്കപ്പെട്ടിരിക്കുന്നു. അല്‍മായരായ എല്ലാവര്‍ക്കും ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കുള്ളില്‍ മതപരമായ അധ്യാപകരായും ദൈവശാസ്ത്രജ്ഞരായും ക്രിസ്ത്യന്‍ രൂപീകരണക്കാരായും ആത്മീയോപദേശകരായും സജീവമായി സേവനം ചെയ്യുവാനുള്ള അവസരങ്ങള്‍ പ്രാരംഭ കൂദാശയുടെ വിളി നല്‍കുന്നുണ്ട്. അജപാലന ദൗത്യത്തില്‍ അവരുടെ സേവനം പ്രധാനവും അനിവാര്യവുമാണ്.

അല്‍മായര്‍ക്കു ലഭിച്ചിരിക്കുന്ന വിവിധങ്ങളായ കൃപകള്‍ പരിശുദ്ധാത്മാവില്‍ നിന്നുള്ള സഭയ്ക്കുള്ള വ്യതിരിക്തമായ ദാനങ്ങളെ പ്രതിനിധീകരിക്കുന്നു. ആ കൃപകള്‍ അംഗീകരിക്കപ്പെടുകയും പൂര്‍ണ്ണമായി വിലമതിക്കപ്പെടുകയും വേണം. എന്നിരുന്നാലും ഇത്തരത്തിലുള്ള ഇടപെടല്‍ ഒരു തരത്തിലും ദൈവജനങ്ങള്‍ക്കിടയില്‍ അസമത്വങ്ങളും ഭിന്നിപ്പുകളും നിലനിറുത്തുന്ന ഒരു തരം അസാധാരണ വരേണ്യവര്‍ഗത്തെ സൃഷ്ടിച്ചുകൊണ്ട്, അല്‍മായരെയും 'വൈദികവല്‍ക്കരിക്കുന്ന' (clericalism) അപകടമുണ്ടാക്കരുത്.

അയയ്ക്കപ്പെടുക ("ad gentes" - to the nations) എന്ന ദൗത്യം സഭകളെ പരസ്പരം സമ്പന്നമാക്കുന്നു. പ്രാര്‍ത്ഥിക്കാനും ഉപഭോഗ വസ്തുക്കള്‍ പങ്കുവയ്ക്കാനും സുവിശേഷം സാക്ഷ്യപ്പെടുത്താനുമുള്ള യേശുവിന്റെ ഈ ആഹ്വാനത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് മുഴുവന്‍ സമൂഹവും അയക്കപ്പെടുക എന്ന ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. വൈദികര്‍ കുറവുള്ള സഭകളില്‍ ഒരു കാരണവശാലും അജപാലന സഹകരണത്തിനുള്ള പ്രതിബദ്ധത ഉപേക്ഷിക്കരുത്. ഇത്തരത്തിലുള്ള അല്‍മായരുമായുള്ള അജപാലന സഹകരണം കാരണം അത് ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെയും തങ്ങളുടെ ബന്ധങ്ങളുടെ വികാസത്തിനും ഉപഭോഗവസ്തുക്കള്‍ പങ്കുവയ്ക്കാനും സഹായിക്കുന്നു.

വികലാംഗരുടെ അപ്പസ്‌തോലിക കഴിവുകള്‍ തിരിച്ചറിയുന്നത് സുവിശേഷവല്‍ക്കരണത്തിന് നിര്‍ണ്ണായകമാണ്. കാരണം അവരുടെ മനുഷ്യത്വവും, ജീവിതത്തിലെ കഷ്ടപ്പാടുകളുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും വിവേചനത്തിന്റെയും അനുഭവങ്ങള്‍ വഴിയായി അവര്‍ സഭയ്ക്കു വിലപ്പെട്ട പല സംഭാവനകളും വാഗ്ദാനം ചെയ്യുന്നു. അവരുടെ വിളിയുടെ കൃപകള്‍ അംഗീകരിക്കാനും ശുശ്രൂഷകളും അവസരങ്ങളും സജീവമാക്കാനുമുള്ള അജപാലന ഘടനകള്‍ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. എല്ലാവരെയും സിനഡല്‍ സഭയുടെ മിഷനറി ചലനാത്മകതയിലേക്ക് സമന്വയിപ്പിക്കേണ്ടതുണ്ട്.

സഭയിലെ സ്ത്രീകളെ ശാക്തീകരിക്കുക: തുല്യതയ്ക്കും പങ്കുവയ്ക്കപ്പെട്ട ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനം

സഭയുടെ ജീവിതത്തിലും ദൗത്യത്തിലും സ്ത്രീകള്‍ക്കുള്ള പ്രാധാന്യം സിനഡ് ഊന്നിപ്പറയുന്നു. യഥാര്‍ത്ഥ മനുഷ്യനായിരിക്കുന്നതിനുള്ള അന്യോന്യമായ സഹകരണ ശീലം (the shared nature), ദൈവവിളി (calling), ദൈവകല്പിത വിധി (destiny), അനുഭവങ്ങള്‍ എന്നിവയും ഇത് എടുത്തുകാണിക്കുന്നു. വിശുദ്ധ ഗ്രന്ഥം സ്ത്രീകളുടെയും പുരുഷന്മാരുടെയും പരസ്പര പൂരകത്വത്തിനും പാരസ്പര്യത്തിനും അവര്‍ തമ്മിലുള്ള ഉടമ്പടിക്കും സാക്ഷ്യം വഹിക്കുന്നു. അത് സൃഷ്ടികള്‍ക്കായുള്ള ദൈവത്തിന്റെ രൂപകല്‍പ്പനയുടെ ഹൃദയഭാഗമാണ്. യേശു സ്ത്രീകളെ തന്റെ സംവാദികരായി കണക്കാക്കി. അവന്‍ അവരോട് ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചു. അവരെ ബെഥനിയിലെ മറിയത്തെപ്പോലെ ശിഷ്യന്മാരായി സ്വാഗതം ചെയ്യുകയും ചെയ്തു. ഈ സ്ത്രീകള്‍, ഗലീലിയില്‍ നിന്ന് ജറുസലേമിലേക്കുള്ള വഴിയില്‍ അവനോടൊപ്പം യാത്ര ചെയ്തു (ലൂക്കാ 8:13). ഈസ്റ്റര്‍ പ്രഭാതത്തിലെ പുനരുത്ഥാനത്തിന്റെ പ്രഖ്യാപനം അവന്‍ മേരി മഗ്ദലീനയെ ഏല്‍പ്പിച്ചു.

ക്രിസ്തുവില്‍, സ്ത്രീകളും പുരുഷന്മാരും ഒരേ ജ്ഞാനസ്‌നാനത്തിന്റെ മഹത്വം ധരിക്കുകയും അതുവഴി ആത്മാവിന്റെ വിവിധ ദാനങ്ങള്‍ തുല്യമായി സ്വീകരിക്കുകയും ചെയ്യുന്നു. അവരെ എല്ലാവരെയും ക്രിസ്തുവിലുള്ള സ്‌നേഹനിര്‍ഭരവും മത്സരപരമല്ലാത്തതുമായ ബന്ധങ്ങളുടെ കൂട്ടായ്മയിലേക്കും സഭയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പ്രകടിപ്പിക്കേണ്ട ഒരു സഹഉത്തരവാദിത്തത്തിലേക്കും ഒരുമിച്ച് വിളിക്കപ്പെടുന്നു. യുവതികള്‍, അമ്മമാര്‍, സുഹൃത്തുക്കള്‍ എന്നീ നിലയിലും, കുടുംബജീവിതം, തൊഴില്‍ ജീവിതം, സമര്‍പ്പിതജീവിതം എന്നിവയുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുമുള്ള വിശുദ്ധിയിലേക്കുള്ള യാത്രയുടെ ആത്മീയ അനുഭവം പങ്കിടാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്.

ധ്യാനാത്മകവും (contemplative) അപ്പസ്‌തോലികവുമായ (apostolic life) രണ്ടു തരത്തിലുള്ള ജീവിതശൈലിയില്‍ സമര്‍പ്പിതരായ സ്ത്രീകള്‍ നമ്മുടെ ഇടയിലുള്ള അടിസ്ഥാനപരവും വ്യതിരിക്തവുമായ ഒരു വരപ്രസാദവും അടയാളവും സാക്ഷിയുമാണ്. സ്ത്രീ മിഷനറിമാരുടെയും വിശുദ്ധരുടെയും ദൈവശാസ്ത്രജ്ഞരുടെയും മിസ്റ്റിക്‌സിന്റെയും നീണ്ട ചരിത്രം ഇന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ജീവിത പോഷണത്തിന്റെയും പ്രചോദനത്തിന്റെയും ശക്തമായ ഉറവിടമാണ്. ദൈവത്തെ ശ്രദ്ധയോടെ ശ്രവിക്കാനും പരിശുദ്ധാത്മാവിനോട് തുറന്നിരിക്കാനുമുള്ള സാര്‍വത്രിക ആഹ്വാനത്തെക്കുറിച്ച് മറിയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു വിശ്വാസി എന്ന നിലയിലും ദൈവമാതാവ് എന്ന വിളിയിലും നസ്രത്തിലെ മറിയം ദൈവശാസ്ത്രപരവും സഭാപരവും ആത്മീയവുമായ അര്‍ത്ഥത്തിന്റെ അതുല്യമായ ഉറവിടമായി തുടരുന്നു.

നിരവധി സ്ത്രീകള്‍ വൈദികരുടെയും മെത്രാന്മാരുടെയും സേവനത്തിന് അഗാധമായ നന്ദി രേഖപ്പെടുത്തി. അതുപോലെ തന്നെ പൗരോഹിത്യവല്‍ക്കരിക്കുന്ന മനോഭാവവും (clericalism), അത്തരത്തിലുള്ള അനുചിതമായ അധികാര പ്രകടനങ്ങള്‍ മൂലം മുറിവേല്‍പ്പിക്കുന്ന ഒരു സഭയെക്കുറിച്ചും അവര്‍ സംസാരിച്ചു. ഫലപ്രദമായ ഏതൊരു ഘടനാപരമായ മാറ്റത്തിനും അടിത്തറയായി വേണ്ടത് ആഴത്തിലുള്ള ആത്മീയ പരിവര്‍ത്തനമാണെന്ന് സിനഡ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള സഭകള്‍ സ്ത്രീകളുടെ സജീവമായ സംഭാവനകള്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യണമെന്നും സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും എല്ലാ മേഖലകളിലും അവരുടെ അജപാലന നേതൃത്വം വര്‍ധിപ്പിക്കണമെന്നും വ്യക്തമായ അഭ്യര്‍ത്ഥന പ്രകടിപ്പിച്ചു. ചിലരെ സംബന്ധിച്ചിടത്തോളം, ഈ നടപടി അസ്വീകാര്യമായിരിക്കും. കാരണം, ഇത് പാരമ്പര്യത്തോടുള്ള വിരാമമായി അവര്‍ കരുതുന്നു. എന്നിരുന്നാലും, മറ്റുചിലര്‍, ഡയകോണേറ്റിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം തുറക്കുന്നത് ആദ്യകാല സഭയുടെ രീതി പുനഃസ്ഥാപിക്കും എന്ന് വാദിക്കുന്നു. മറ്റു ചിലര്‍ക്ക്, അത് പാരമ്പര്യത്തോട് വിശ്വസ്തത പുലര്‍ത്തുന്നുതോടൊപ്പം കാലഘട്ടത്തിന്റെ അടയാളങ്ങളോടുള്ള ഉചിതവും ആവശ്യമായതുമായ പ്രതികരണമായി വിവേചിക്കുന്നു. സഭയില്‍ പുതിയ ഊര്‍ജവും ചൈതന്യവും തേടുന്ന അനേകരുടെ ഹൃദയങ്ങളില്‍ ഈ ചിന്തകള്‍ ഒരു പ്രതിധ്വനി തുടരുന്നു.

പ്രാദേശിക സഭകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കായി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. സഭയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും അജപാലന ശുശ്രൂഷയില്‍ അവര്‍ക്ക് ഉത്തരവാദിത്തം നല്‍കുകയും വേണം. പരിശുദ്ധ പിതാവ് റോമന്‍ ക്യൂരിയയില്‍ ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിച്ചു എന്നത് എടുത്തുകാട്ടി. കാനന്‍ നിയമത്തില്‍ ഇത്തരത്തിലുള്ള പല വ്യവസ്ഥകള്‍ ഉണ്ടാകണമെന്നും സിനഡ് നിര്‍ദേശിച്ചു. ഡയക്കണേറ്റിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും അജപാലനപരവുമായ ഗവേഷണങ്ങള്‍ തുടരണം. കൂടാതെ സഭയ്ക്കുള്ളിലെ തൊഴിലില്‍ അനീതിയുടെയും അന്യായമായ പ്രതിഫലത്തിന്റെയും കേസുകള്‍ പരിഹരിക്കപ്പെടണമെന്നും നിര്‍ദേശിച്ചു. രൂപീകരണ പരിപാടികളിലേക്കും ദൈവശാസ്ത്ര പഠനങ്ങളിലേക്കും സ്ത്രീകളുടെ പ്രവേശനം വിപുലീകരിക്കണം. ആരാധനാഗ്രന്ഥങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കണം.

കൂട്ടായ്മ നവീകരിക്കല്‍: സഭയുടെ ദൗത്യത്തിലും സിനഡല്‍ യാത്രയിലും കാരിസം ആശ്ലേഷിക്കല്‍

പരിശുദ്ധാത്മാവില്‍ നിന്നുള്ള ദാനങ്ങളായ കാരിസങ്ങളില്‍ നിന്ന് സഭ സന്തോഷത്തോടെയും നന്ദിയോടെയും അവളെ നവീകരിക്കുകയും ചൈതന്യവത്താക്കുകയും ചെയ്യുന്നു. സമര്‍പ്പിതജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ സഭയുടെ കരിസ്മാറ്റിക് (Charism) മാനം പ്രകടമാണ്. അത് സഭാ സമൂഹത്തെ നവീകരിക്കുന്നതിനും ലൗകികതയെ ചെറുക്കുന്നതിനും സഹായിക്കുന്നു. മതജീവിതത്തിലെ വൈവിധ്യമാര്‍ന്ന കുടുംബങ്ങള്‍ ക്രിസ്തുവിലുള്ള ശിഷ്യത്വത്തിന്റെയും വിശുദ്ധിയുടെയും സൗന്ദര്യം പ്രകടമാക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന് സമര്‍പ്പിതരുടെ പ്രവാചക ശബ്ദവും പ്രവര്‍ത്തനവും ആവശ്യമാണ്. സമര്‍പ്പിത സമൂഹങ്ങളില്‍ നിന്നുള്ള സിനഡല്‍ ജീവിതത്തിന്റെ ജ്ഞാനവും വിവേചന ശീലങ്ങളും സഭ അംഗീകരിക്കുന്നു, ഇത് ഘടനകളെ പുതുക്കാനും ജീവിതരീതികളെ പുനര്‍വിചിന്തനം ചെയ്യാനും സഹായിക്കും.

സഭയുടെ പഠനങ്ങളിലും അവളുടെ ജീവിതത്തിലും ദൗത്യത്തിലും ശ്രേണിപരവും കരിസ്മാറ്റിക്കുമായ ദാനങ്ങളുടെ പ്രാധാന്യം സിനഡ് ഊന്നിപ്പറയുന്നു. സഭ എപ്പോഴും പുതിയ ധാരണയിലും ദൈവശാസ്ത്രപരമായ വിചിന്തനത്തിലും അവളെ വളര്‍ത്തേണ്ടത് ആവശ്യമാണ്. സഭയുടെ വൈവിധ്യമാര്‍ന്ന കരിസ്മാറ്റിക് പ്രകടനങ്ങള്‍ പ്രവാചക സാന്നിധ്യത്തോടും ആത്മീയ വശങ്ങളോടുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു. സമര്‍പ്പിതജീവിതവും അല്‍മായ സംഘടനകളും കൂട്ടായ്മയ്ക്കും ദൗത്യത്തിനും എങ്ങനെ സേവനം നല്‍കുന്നുവെന്ന് മനസ്സിലാക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്.

ശുശ്രൂഷാപരോഹിത്യവും സിനഡല്‍ വിചിന്തനങ്ങളും

ഇടവകകള്‍, സുവിശേഷവല്‍ക്കരണം, സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രൂപീകരണം എന്നിവയുള്‍പ്പെടെ വിവിധ അജപാലന ക്രമീകരണങ്ങളില്‍ ദൈവജനത്തെ സേവിക്കാന്‍ പുരോഹിതന്മാരും ഡീക്കന്മാരും നിയോഗിക്കപ്പെട്ടിരിക്കുന്നു. സിനഡല്‍ അസംബ്ലി അവരോട് നന്ദി പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥനയിലൂടെയും സൗഹൃദത്തിലൂടെയും സഹകരണത്തിലൂടെയും അവരെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യന്‍ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുരോഹിതന്മാരും ഡീക്കന്മാരും മനുഷ്യരുടെകൂടെ നിന്നുകൊണ്ടു അവര്‍ക്ക് സേവനം ചെയ്ത് ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള വ്യക്തിപരമായ ആത്മീയതയും പ്രാര്‍ത്ഥനാജീവിതവും അവര്‍ വളര്‍ത്തിയെടുക്കണം. ഒരു ദാസനായി തന്നെത്തന്നെ സ്വയം താഴ്ത്തിയ യേശുവിനെ മാതൃകയാക്കി തങ്ങളുടെ അധികാര പ്രയോഗം പുനഃപരിശോധിക്കാന്‍ സിനഡ് ആവശ്യപ്പെടുന്നു. ദൈവിക വിളിയുടെ വികലമായ വൈദികവാദം (clericalism) പുരോഹിത ശുശ്രൂഷയെ തടസ്സപ്പെടുത്തും. സഹഉത്തരവാദിത്വത്തിന്റെ പശ്ചാത്തലത്തില്‍ നിയുക്ത ശുശ്രൂഷ നിര്‍വഹിക്കുന്നതിന്, ഒരാളുടെ കഴിവുകളെയും പരിമിതികളെയും കുറിച്ച് ബോധവാനായിരിക്കേണ്ടത് അത്യാവശ്യമാണ്. സാംസ്‌കാരികവും ആത്മീയവുമായ മാനങ്ങളോടെ മനുഷ്യരൂപീകരണത്തോടുള്ള യാഥാര്‍ത്ഥ്യബോധമുള്ള ഒരു സമീപനം സമന്വയിപ്പിച്ചെടുക്കുക പൗരോഹിത്യത്തില്‍ അത്യാവശ്യവുമാണ്.

ഒരു സിനഡല്‍ സഭയിലെ എപ്പിസ്‌കോപ്പല്‍ നേതൃത്വം

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മെത്രാന്മാരെ അപ്പോസ്തലന്മാരുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ പ്രാദേശിക സഭയ്ക്കുള്ളിലും ഈ സഭകള്‍ക്കിടയിലും മുഴുവന്‍ സഭയുമായുള്ള കൂട്ടായ്മയ്ക്ക് ഉത്തരവാദികളാണെന്ന് അഭിപ്രായപ്പെടുന്നു. ദൈവജനം, വൈദികര്‍, ഡീക്കന്‍മാര്‍, സമര്‍പ്പിത വ്യക്തികള്‍, മറ്റ് മെത്രാന്മാര്‍, റോമിലെ മെത്രാന്‍ എന്നിവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശൃംഖല വഴി അവരുടെ പങ്ക് മനസ്സിലാക്കുന്നു. തങ്ങളുടെ സഭയില്‍ സുവിശേഷവും ആരാധനക്രമവും പ്രഖ്യാപിക്കുക, ക്രിസ്ത്യന്‍ സമൂഹത്തെ നയിക്കുക, അജപാലന പരിപാലനം പ്രോത്സാഹിപ്പിക്കുക, ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുക എന്നിവയാണ് മെത്രാന്റെ പ്രാഥമിക ഉത്തരവാദിത്തം. സുവിശേഷ പ്രഘോഷണത്തിനും സമൂഹത്തിന്റെ പൊതുനന്മയ്ക്കുമായി അവര്‍ വിവിധ കാരിസങ്ങളും ശുശ്രൂഷകളും വിവേചിക്കുകയും ഏകോപിപ്പിക്കുകയും വേണം. ഈ ശുശ്രൂഷ ഒരു സിനഡല്‍ രീതിയില്‍ സാക്ഷാത്കരിക്കപ്പെടുന്നു. അവിടെ ഭരണം സഹഉത്തരവാദിത്തത്തോടൊപ്പവും വിശ്വസ്തരായ ദൈവജനത്തെ ശ്രവിച്ചുകൊണ്ടും പ്രസംഗിക്കുകയും, വിനയവും പരിവര്‍ത്തനവും വഴി ആരാധനക്രമത്തിന്റെ വിശുദ്ധീകരണവും ആഘോഷവും നടത്തുകയും ചെയ്യുന്നു. പുരോഹിതന്മാര്‍, ഡീക്കന്‍മാര്‍, സാധാരണക്കാരായ പുരുഷന്മാരും സ്ത്രീകളും സമര്‍പ്പിത ജീവിതത്തിലുള്ളവരും സിനഡല്‍ പ്രക്രിയയില്‍ എങ്ങനെ പങ്കെടുക്കുന്നു എന്നതിനെ മെത്രാന്റെ ബോധ്യവും അധികാര ശൈലിയും സ്വാധീനിക്കുന്നു.

ബിഷപ്പുമാരുടെ അധികാര ശൈലി, സാമ്പത്തിക ഭരണം, പങ്കാളിത്ത സഭകളിലെ പങ്കാളിത്തം എന്നിവയുള്‍പ്പെടെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ പതിവായി അവലോകനം ചെയ്യണമെന്ന് അസംബ്ലി ആവശ്യപ്പെടുന്നു. സഹഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ദുരുപയോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സിനഡല്‍ സഭയ്ക്ക് ഉത്തരവാദിത്തത്തിന്റെ ഒരു സംസ്‌കാരം അത്യന്താപേക്ഷിതമാണ്. എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍, എപ്പാര്‍ക്കിയല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവ നിര്‍ബന്ധിത ഉത്തരവുകള്‍ക്കും രൂപതാ ബോഡികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ആവശ്യപ്പെടുന്നു. എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പങ്കാളിത്തത്തോടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ അധികാരം സന്തുലിതമാക്കി. എപ്പിസ്‌കോപ്പറ്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യണമെന്നും അസംബ്ലി ആവശ്യപ്പെടുന്നു. ദൈവത്തിന്റെ വിശ്വസ്തരായ ആളുകളുമായി കൂടിയാലോചനകള്‍ വിപുലപ്പെടുത്താനും ഈ പ്രക്രിയയില്‍ കൂടുതല്‍ സാധാരണക്കാരെയും സമര്‍പ്പിതരെയും ഉള്‍പ്പെടുത്താനും അസംബ്ലി അഭ്യര്‍ത്ഥിക്കുന്നു. സാഹോദര്യം, പരസ്പര പിന്തുണ, സുതാര്യത, വിശാലമായ കൂടിയാലോചനകള്‍ എന്നിവയിലൂടെ മെത്രാപ്പോലീത്തയുടെ ദര്‍ശനങ്ങളെയും പ്രദേശങ്ങളെയും ഒരു പുനര്‍വിചിന്തനത്തിനും കൂട്ടായ പ്രയോഗങ്ങളിലേക്കും സാധാരണ രീതികളിലേക്കും മാറ്റാന്‍ പല ബിഷപ്പുമാരും ആവശ്യപ്പെടുന്നു.

സാര്‍വത്രിക സഭയിലെ കൂട്ടായ്മയും റോമിലെ മെത്രാന്റെ അധികാരവും

സഭയിലെ സിനഡല്‍ ചലനാത്മകത, പ്രാദേശിക, സാര്‍വത്രിക തലങ്ങളില്‍ സാമുദായികവും കൂട്ടായതും വ്യക്തിപരവുമായ മാനങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിന് റോമിലെ ബിഷപ്പിന്റെ ശുശ്രൂഷ നിര്‍ണ്ണായകമാണ്. എക്യുമെനിക്കല്‍ യാത്ര, പത്രോസിന്റെ ശുശ്രൂഷയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ശരിയായ ധാരണയെ ആഴത്തിലാക്കിയിട്ടുണ്ട്. റോമന്‍ കൂരിയയുടെ നവീകരണം സഭയുടെ സിനഡല്‍ യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്, അത് 'കൂട്ടായ്മയുടെ ജീവിതവും' ആരോഗ്യകരമായ വികേന്ദ്രീകരണവും പ്രോത്സാഹിപ്പിക്കുന്നു. കത്തോലിക്ക സഭ കൂരിയയും പ്രാദേശിക സഭകളും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കണം. ഒരു സിനഡല്‍ സഭയ്ക്കുള്ളിലെ എപ്പിസ്‌കോപ്പറ്റ് റോമിന്റെ ശുശ്രൂഷയിലും റോമന്‍ കൂരിയയുടെ പങ്കിലും അതിന്റെ സ്വാധീനം നന്നായി മനസ്സിലാക്കാന്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്തേണ്ടതുണ്ട്. പെട്രൈന്‍ ശുശ്രൂഷയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും സാധാരണവും അസാധാരണവുമായ സ്ഥിരതകളില്‍ കൊളീജിയല്‍ വിവേചനാധികാരം പ്രോത്സാഹിപ്പിക്കാനും സിനോഡാലിറ്റിക്ക് കര്‍ദിനാള്‍മാരെ സഹായിക്കാനാകും; സാധിക്കണം. പെട്രൈന്‍ ശുശ്രൂഷയ്ക്കുള്ള ഒരു സിനോഡല്‍ കൗണ്‍സിലായി കൗ ണ്‍സില്‍ ഓഫ് കര്‍ദിനാള്‍മാരെ (C-9) ശക്തിപ്പെടുത്തണം.

ഈ വിചിന്തനങ്ങളെ സമന്വയിപ്പിക്കുമ്പോള്‍, സിനഡാലിറ്റി കേവലം ഒരു സംഘടന മാതൃകയല്ല, മറിച്ച് സഭയുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളിലും വ്യാപിക്കുന്ന ഒരു ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാകും. സഭയുടെ ദൗത്യം, സ്ത്രീകളുടെ പങ്ക്, കാരിസത്തിന്റെ അംഗീകാരം, ശുശ്രൂഷാ പൗരോഹിത്യത്തിന്റെയും ബിഷപ്പുമാരുടെയും ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാം ഒരു സിനഡല്‍ സമീപനത്തിലാണ് അവരുടെ ഐക്യം കണ്ടെത്തുന്നത്. സഭ മുന്നോട്ടു പോകുമ്പോള്‍, കൂട്ടായ്മയും സമത്വവും വളര്‍ത്തിയെടുക്കലും വൈവിധ്യമാര്‍ന്ന കൃപകള്‍ സ്വീകരിക്കലും നിര്‍ണ്ണായകമാകും. ഇത് തുടര്‍ച്ചയായ സംഭാഷണം, വിവേചനാധികാരം, ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത എന്നിവ ആവശ്യപ്പെടുന്നു. ഒരു സിനഡല്‍ ലെന്‍സിലൂടെ, സഭയ്ക്ക് ആധികാരികതയോടെ അതിന്റെ പാത യഥാര്‍ത്ഥ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയും. അത് സഭാ ലോകത്ത് ഊര്‍ജസ്വലവും പരിവര്‍ത്തനാത്മകവുമായ ഒരു ശക്തിയായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org