സിനഡല്‍ വിപ്ലവം: അധികാരത്തിന്റെ മരണം, സേവനത്തിന്റെ ഉയിര്‍പ്പ്

സിനഡല്‍ വിപ്ലവം: അധികാരത്തിന്റെ മരണം, സേവനത്തിന്റെ ഉയിര്‍പ്പ്
Published on
  • ഫാ. ഡോ. മിഥുന്‍ ജെ. ഫ്രാന്‍സിസ് എസ് ജെ

ആമുഖം

വത്തിക്കാനിലെ സിനഡിന്റെ പൊതു സെക്രട്ടേറിയറ്റ് (General Secretariat of the Synod) തയ്യാറാക്കിയ 'സിനഡിന്റെ നിര്‍വഹണ ഘട്ടത്തിലേക്കുള്ള വഴികള്‍' എന്ന രേഖ, 2025-2028 കാലയളവില്‍ 'സിനഡല്‍ സഭ' (Synodal Church) എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആഗോള സഭ മുഴുവനിലും (ലത്തീന്‍ സഭയിലും പൗരസ്ത്യ സഭകളിലും ഒരുപോലെ) നടപ്പിലാക്കേണ്ടത് (Implementation Phase) എങ്ങനെയെന്ന് വിശദീകരിക്കുന്നു. ഫ്രാന്‍സിസ് പാപ്പയെപ്പോലെ തന്നെ, ലിയോ പതിനാലാമന്‍ പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ''നമ്മള്‍ ഒരു 'മിഷനറി സഭ' (Missionary Church) ആണ്. പാലങ്ങള്‍ പണിയുന്നതും സംവാദം പ്രോത്സാഹിപ്പിക്കുന്നതും എല്ലാവരെയും സ്‌നേഹത്തോടെ സ്വീകരിക്കുന്നതുമായ ഒരു സഭ.''

പ്രധാന പശ്ചാത്തലം

ഫ്രാന്‍സിസ് പാപ്പയുടെ മരണവും പുതിയ പാപ്പയായ ലിയോ പതിനാലാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പും സഭയുടെ യാത്രയെ സംശയരഹിതമായി സ്വാധീനിക്കുന്നു. ഫ്രാന്‍സിസ് പാപ്പ ഒപ്പിട്ട സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ അന്തിമ രേഖ (Final Document FD) ഈ സിനഡിന്റെ ഹൃദയമാണ്. ഇത് സഭയുടെ സാധാരണ പ്രബോധനാധികാരത്തിന്റെ (Ordinary Magisterium) ഭാഗമാണ്.

സഭ എന്നത് ദൈവവുമായുള്ള ഐക്യത്തിന്റെയും മനുഷ്യരാശിയുടെ ഐക്യത്തിന്റെയും ഒരു വിശുദ്ധ രഹസ്യമായി പ്രവര്‍ത്തിക്കുന്ന 'ദൈവജനത'യുടെ കൂട്ടായ്മയാണ്. ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും പരിശുദ്ധാത്മാവിന്റെ വരങ്ങളാല്‍ അനുഗൃഹീതരാണ്. അതുകൊണ്ടുതന്നെ സിനഡാലിറ്റി എന്നത് സഭയുടെ അടിസ്ഥാന ഘടകമാണ്.

അതുകൊണ്ടുതന്നെ 'സിനഡിന്റെ നിര്‍വഹണ ഘട്ടത്തിലേക്കുള്ള വഴികള്‍' എന്ന രേഖയുടെ ലക്ഷ്യം സഭയുടെ ജീവിതം കൂടുതല്‍ സിനഡല്‍ (Synodal) ആക്കി മാറ്റുകയും, അതുവഴി ലോകത്തിന് മുന്നില്‍ സുവിശേഷത്തിന്റെ സാക്ഷ്യം നല്‍കാന്‍ സഭയെ സജ്ജമാക്കുകയും ചെയ്യുകയെന്നതാണ്.

ഇത് നടപ്പിലാക്കേണ്ട പ്രധാന ഘട്ടങ്ങള്‍ (2025-2028):

2025 ജൂണ്‍ മുതല്‍ 2026 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിനുള്ളില്‍ എല്ലാ പ്രാദേശിക സഭകളിലും അവയുടെ സംഘടനകളിലും ഇവയില്‍ നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. 2027 ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ എല്ലാ രൂപതകളിലും വിലയിരുത്തല്‍ അസംബ്ലികള്‍ (Evaluation Assemblies) നടത്തണം. 2027 രണ്ടാം പകുതിയില്‍ ദേശീയ/അന്തര്‍ദേശീയ ബിഷപ്പുമാരുടെ സമ്മേളനങ്ങളിലും (Episcopal Conferences) പൗരസ്ത്യസഭകളുടെ മെത്രാന്മാരുടെ കൂട്ടായ്മകളിലും ഈ വിലയിരുത്തല്‍ നടത്തണം.

2028 ആദ്യത്തെ നാല് മാസങ്ങളില്‍ ഭൂഖണ്ഡ അസംബ്ലികള്‍ (Continental Assemblies) നടത്തണം. അതിനു ശേഷം 2028 ഒക്‌ടോബറില്‍ വത്തിക്കാനില്‍ എക്ലേസിയല്‍ അസംബ്ലി (Ecclesial Assembly) നടത്തണം.

സിനഡല്‍ സഭയുടെ ആത്മീയ പുനരുജ്ജീവനവും സാമൂഹ്യ ദൗത്യവും

സിനഡല്‍ സഭയുടെ ഈ മാര്‍ഗരേഖകളുടെ ദൈവശാസ്ത്രപരമായ അടിത്തറ ത്രിത്വത്തില്‍ അടിയുറച്ച സഭയുടെ സ്വഭാവത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ദര്‍ശനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. സഭ എന്നത് ദൈവവുമായുള്ള ഐക്യത്തിന്റെയും മനുഷ്യരാശിയുടെ ഐക്യത്തിന്റെയും ഒരു വിശുദ്ധ രഹസ്യമായി പ്രവര്‍ത്തിക്കുന്ന 'ദൈവജനത'യുടെ കൂട്ടായ്മയാണ്. ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും പരിശുദ്ധാത്മാവിന്റെ വരങ്ങളാല്‍ അനുഗൃഹീതരാണ്. അതുകൊണ്ടുതന്നെ സിനഡാലിറ്റി എന്നത് സഭയുടെ അടിസ്ഥാന ഘടകമാണ് (Constitutive dimension).

എല്ലാ രൂപതകളിലും പാരിഷുകളിലും പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, ഫിനാന്‍സ് കൗണ്‍സില്‍ എന്നിവ നിയമപ്രകാരം പ്രവര്‍ത്തിപ്പിക്കുകയും അവയുടെ പ്രവര്‍ത്തനരീതികള്‍ സിനഡല്‍ സ്വഭാവത്തില്‍ പരിഷ്‌കരിക്കുകയും വേണം.

സഭാജീവിതത്തിന്റെ എല്ലാ തലങ്ങളിലും 'ഒരുമിച്ചുള്ള യാത്ര' വഴി എല്ലാവരും ഒരുപോലെ ആത്മാവിന്റെ മാര്‍ഗനിര്‍ദേശം തേടുകയും, തങ്ങള്‍ക്ക് ലഭിച്ച വിവിധ വിളികളിലൂടെയും, ആത്മീയ സിദ്ധികളിലൂടെയും (Charisms), ശുശ്രൂഷകളിലൂടെയും (Ministries) സഭയിലെ വിവിധ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളുടെ പരിവര്‍ത്തനം (Conversion of relationships) നടത്തുകയും, തങ്ങള്‍ക്ക് ലഭിച്ച വരങ്ങളുടെ കൈമാറ്റം വഴി സഭയുടെ കത്തോലിക്കാ സ്വഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും ലക്ഷ്യം സുവിശേഷത്തിന്റെ മിഷന്‍ നിറവേറ്റലാണ്.

ക്രിസ്തുവിന്റെ ദര്‍ശനംപോലെ 'അതിര്‍ത്തികളില്ലാത്ത സഭ'യാകണം കത്തോലിക്കാസഭ. എല്ലാവരോടും സംവാദത്തിന് തയ്യാറാകുന്നതും പ്രത്യേകിച്ച് ദുര്‍ബലരോട് സാമീപ്യം പുലര്‍ത്തുന്നതുമായ സഭ. അതുകൊണ്ടുതന്നെ ഈ സിനഡല്‍ യാത്രയില്‍ ഓരോ വ്യക്തിയുടെയും ആത്മീയ പരിവര്‍ത്തനം ആവശ്യപ്പെടുന്നു.

അതില്‍ അധികാരം ഒരു സേവനമായും സഭാംഗങ്ങളുടെ വ്യത്യസ്തമായ സഹ ഉത്തരവാദിത്വത്തിന് (Differentiated coresponsibility) വേണ്ടിയുള്ള സഭാത്മക വിവേചനത്തിന്റെ (Ecclesial discernment) ഭാഗമായും അംഗീകരിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയില്‍, ഈ പ്രക്രിയയിലൂടെ സഭയെ ലോകത്തിന് മുന്നില്‍ ഒരു 'പ്രവാചക അടയാളം' ആക്കി മാറ്റുമെന്ന് സിനഡില്‍ പങ്കെടുത്തവര്‍ വിശ്വസിക്കുന്നു.

സിനഡല്‍ നടപ്പാക്കലിനുള്ള പ്രായോഗിക മാറ്റങ്ങള്‍ [Concrete Practices for Synodal Implementation]:

സഭയെ സഹയാത്രികരുടെ സമൂഹമായി (Communion of Pilgrims) പുനര്‍നിര്‍മ്മിക്കുന്നതിനായി, ഈ പ്രധാന പ്രായോഗിക മാറ്റങ്ങള്‍ ഡോക്യുമെന്റില്‍ ഊന്നിപ്പറയുന്നു:

എല്ലാ പ്രാദേശിക സഭകളിലും സഭാത്മക വിവേചനം സ്ഥിരപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി 'ആധ്യാത്മിക സംഭാഷണ' (Conversation in the Spirit) രീതിയിലുള്ളതുമായ വിവേചന പ്രക്രിയകള്‍ ദേവാലയം, കുടുംബം, സാമൂഹിക മേഖല തുടങ്ങിയ എല്ലാ തലങ്ങളിലും നടപ്പിലാക്കണം.

നേതൃത്വത്തില്‍ സമത്വം ഉറപ്പാക്കാന്‍, പുരോഹിതരല്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉത്തരവാദിത്തപ്പെട്ട നേതൃത്വ സ്ഥാനങ്ങള്‍ ലഭ്യമാക്കുക

തുടര്‍ന്ന്, പങ്കാളിത്ത ഘടനകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്: എല്ലാ രൂപതകളിലും പാരിഷുകളിലും പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, ഫിനാന്‍സ് കൗണ്‍സില്‍ എന്നിവ നിയമപ്രകാരം പ്രവര്‍ത്തിപ്പിക്കുകയും അവയുടെ പ്രവര്‍ത്തനരീതികള്‍ സിനഡല്‍ സ്വഭാവത്തില്‍ പരിഷ്‌കരിക്കുകയും വേണം.

നേതൃത്വത്തില്‍ സമത്വം ഉറപ്പാക്കാന്‍, പുരോഹിതരല്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉത്തരവാദിത്തപ്പെട്ട നേതൃത്വ സ്ഥാനങ്ങള്‍ ലഭ്യമാക്കുക (FD, no. 60). ഇതോടൊപ്പം, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതം 'കേള്‍വിയുടെ ശുശ്രൂഷ', 'സാമൂഹ്യ നീതി ശുശ്രൂഷ' തുടങ്ങിയ പുതിയ ശുശ്രൂഷാ രൂപങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൃഷ്ടിക്കണം (FD, nos. 7578). തീരുമാനങ്ങള്‍ എടുക്കുന്നതിന് സിനഡല്‍ രീതികള്‍ (Synodal Decision Making) സ്വീകരിക്കുകയും ഇതിനായി സഹായികളെ പരിശീലിപ്പിക്കുകയും ചെയ്യണം (FD, no. 94).

ഇടവകകളുടെ പുനരുജ്ജീവനത്തിനായി അവയെ 'സിനഡല്‍ മിഷനറി മാതൃകകളാക്കി' (Synodal Missionary Models) മാറ്റണം; ആധ്യാത്മിക ആവശ്യങ്ങള്‍ക്കു പുറമേ, സമൂഹത്തിലേക്കുള്ള ദൗത്യത്തിന് മുന്‍തൂക്കം നല്‍കുക (FD, no. 117), ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തുക, ദരിദ്രര്‍, കുടിയേറ്റക്കാര്‍, തടവുകാര്‍ എന്നിവരോടുള്ള 'കേള്‍വിയുടെ ശുശ്രൂഷ' നിലനിര്‍ത്തുക (FD, no. 42) എന്നിവ പ്രധാനമാണ്. അവസാനമായി, രൂപത/എപാര്‍ക്കി തലത്തില്‍ 'ഡയോസീസന്‍ സിനഡ്', 'എപാര്‍ക്കിയല്‍ അസംബ്ലി' എന്നിവ നടത്തണം (FD, no. 108).

ഡോക്യുമെന്റ് താക്കീത് എന്ന രീതിയില്‍ ഓര്‍മ്മപ്പെടുത്തുന്നു, 'ഹ്രസ്വകാല പ്രായോഗിക മാറ്റങ്ങള്‍ (Short term changes) ഇല്ലെങ്കില്‍, സിനഡല്‍ യാത്ര ആശിക്കുന്നവര്‍ നിരാശരാകും' (FD, no. 94). എല്ലാ മാറ്റങ്ങളും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതം (Contextual) ആയിരിക്കണം. ലക്ഷ്യം സഭയുടെ 'വൈവിധ്യത്തിലെ ഐക്യം' (Unity in Diversity) ആണ്!

സഭാംഗങ്ങള്‍ക്കിടയില്‍ ആത്മാവ് പുതുമുഖങ്ങളിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍, അതിനെ തിരിച്ചറിയുകയും, അവയെ യോജിപ്പിക്കുകയും, വ്യത്യസ്തമായ സഹ ഉത്തരവാദിത്തത്തിന് വഴിതെളിയിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് അധികാരത്തിന്റെ യഥാര്‍ഥ രൂപം.

ഡോക്യുമെന്റില്‍ ഊന്നിപ്പറയുന്ന ഏറ്റവും മൂലാധാര മാറ്റം (Radical Shift) ഇതാണ്: അധികാരത്തിന്റെ സ്വഭാവം തന്നെ മാറ്റേണ്ടതുണ്ട് (FD, no. 69). മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ലഭിച്ചിട്ടുള്ളത് 'ഏകനായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങളുടെ പ്രത്യേക അവകാശങ്ങള്‍' അല്ല, മറിച്ച് ആത്മാവ് എല്ലാ സഭാംഗങ്ങള്‍ക്കും ചൊരിയുന്ന വരങ്ങള്‍ (Gifts to all) തിരിച്ചറിയുവാനും വിവേചിക്കാനും ഐക്യത്തിലേക്ക് ചേര്‍ക്കാനുമുള്ള കൃപാദാനമാണ്.

അധികാരം എന്നത് ഒരു സേവനമാണ് (Service). സഭാംഗങ്ങള്‍ക്കിടയില്‍ ആത്മാവ് പുതുമുഖങ്ങളിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍, അതിനെ തിരിച്ചറിയുകയും, അവരുടെ കാഴ്ചപ്പാടുകള്‍ കേട്ടുയോജിപ്പിക്കുകയും, വ്യത്യസ്തമായ സഹ ഉത്തരവാദിത്തത്തിന് (Differentiated coresponsibility) വഴിതെളിയിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് അധികാരത്തിന്റെ യഥാര്‍ഥ രൂപം. ഇത് സഭാ ചരിത്രത്തില്‍ ഒരു വിപ്ലവാത്മക പുനര്‍നിര്‍വചനമാണ് (Revolutionary redefinition) ഇതിലൂടെയാണ് സഭ ഒരു 'സഹപ്രവര്‍ത്തനത്തിന്റെ സാക്ഷാല്‍ക്കാരം' ആകുന്നത്!'

ഉപസംഹാരം:

സിനഡല്‍ പ്രക്രിയ 'ഐക്യം, പങ്കാളിത്തം, മിഷന്‍' (Communion, Participation, Mission) എന്ന മൂന്ന് തത്വങ്ങളില്‍ യാത്ര തുടരുന്നു. എല്ലാ സഭാംഗങ്ങളും—- പുരോഹിതര്‍, സന്യാസികള്‍, സന്യാസിനിമാര്‍, അല്‍മായര്‍—- ഈ പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളികളാകണം. 'സഭയുടെ ഐക്യം ഐകരൂപ്യത്തില്‍ (Uniformity) അല്ല, മറിച്ച് വൈവിധ്യങ്ങളുടെ (Diversities) സജീവമായ ഐക്യം തന്നെയാണ്' എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

പരിശുദ്ധാത്മാവിന്റെ നേതൃത്വത്തില്‍, സഭ ലോകത്തിന് ഒരു 'ദൈവിക രഹസ്യത്തിന്റെ (Sacrament) ജീവനുള്ള ലാഞ്ഛനം' ആയി മാറുമെന്ന് വിശ്വസിക്കുന്നു. 'സഭ എന്നത് ഒരു യാത്രക്കാരനാണ് - ഉറച്ച വേരുകളോടെ എന്നാല്‍ എപ്പോഴും പുതിയ ഭൂമികളിലേക്ക് നീങ്ങുന്ന യാത്രികന്‍' (FD 110).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org