'ഹൃദയത്തോടു ചേര്‍ക്കുന്ന എറണാകുളത്തിന്റെ സിനഡല്‍ സംസ്‌കാരം'

'ഹൃദയത്തോടു ചേര്‍ക്കുന്ന എറണാകുളത്തിന്റെ സിനഡല്‍ സംസ്‌കാരം'

സാന്‍ജോസ് എ തോമസ്

  • (സോഷ്യോളജി വിഭാഗം മേധാവി, എസ് എച്ച് കോളജ്, തേവര, സമൂഹിക ശാസ്ത്രജ്ഞന്‍, നിരീക്ഷകന്‍)

എറണാകുളം അതിരൂപതയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സുവര്‍ണ്ണ നിമിഷമായിരുന്നു 1932-ല്‍ അതിരൂപതയ്ക്ക് ലഭിച്ച ഒരു വലിയ ആതിഥ്യമഹാഭാഗ്യം. വിശ്വപ്രശസ്ത പുണ്യാത്മാക്കളുടെ ഗണത്തിലേക്ക് പിന്നീട് സഭാ മാതാവ് ഉയര്‍ത്തിയ വി. മാക്‌സിമില്ല്യന്‍ കോള്‍ബേ എറണാകുളം അരമന സന്ദര്‍ശിക്കുകയും കുറച്ചു ദിവസങ്ങള്‍ ഇവിടെ താമസിക്കുകയും ചെയ്തു. തന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടേക്കു കടന്നുവന്ന ആ പുണ്യചരിതന്‍ എറണാകുളം അതിരൂപതയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സന്ദര്‍ശക ഡയറിയില്‍ ഇപ്രകാരം കുറിച്ചു വച്ചു. ''ഞാന്‍ പോയ സ്ഥലങ്ങളില്‍ തുറവികൊണ്ടും ആതിഥ്യ മര്യാദകൊണ്ടും എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച അതിരൂപത ഇതാണ്. ഇവിടെ ചെലവഴിച്ച ദിവസങ്ങള്‍ സ്വന്തം ഭവനത്തില്‍ കഴിയുന്നതുപോലെയാണ് എനിക്കു തോന്നിയത്. എല്ലാവരേയും സ്വീകരിക്കുന്ന, നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന, ആരേയും മാറ്റി നിര്‍ത്താത്ത, വലിയ സാഹോദര്യത്തിന്റെ ഒരിടം.'' കോള്‍ബേയുടെ ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന ഒന്നാണ് എറണാകുളം അതിരൂപത പ്രതിനിധീകരിക്കുന്ന സംസ്‌ക്കാരം. ഈ സംസ്‌ക്കാരം പൂര്‍ണ്ണമായി കരുത്താര്‍ജിക്കുന്നത് 20-ാം നൂറ്റാണ്ടിലാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ വ്യത്യസ്തങ്ങളായ സംഭവവികാസങ്ങള്‍ അതിനു കാരണമായിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദര്‍ശനം ചെയ്ത പുതിയ പെന്തക്കുസ്ത ഏറ്റവും ശക്തമായി വീശിയടിച്ചത് എറണാകുളം അതിരൂപതയിലാണ്. ജോണ്‍ മര്‍പാപ്പ പ്രതീകാത്മകമായി വത്തിക്കാന്‍ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും തുറന്നുകൊണ്ട് ''കാറ്റും വെളിച്ചവും കടന്നുവരട്ടെ'' എന്ന് ഉദ്‌ഘോഷിച്ചതു പോലെ എറണാകുളവും പാറേക്കാട്ടില്‍ തിരുമേനിയുടെയും കൗണ്‍സില്‍ ചൈതന്യത്തില്‍ അതിരൂപതയെ മുന്നോട്ടു നയിച്ച വന്ദ്യരായ മറ്റു പിതാക്കന്മാരടെയും തുറവിയുടെ വിശ്വസംസ്‌ക്കാരം അതിവേഗം സ്വായത്തമാക്കി.

ഈ ജീവസംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായത് ഇവിടെ വളര്‍ന്നു വന്ന യുവജനങ്ങളാണ്. യുവതയുടെ സര്‍വതോന്മുഖമായ വളര്‍ച്ച ലക്ഷ്യം വച്ചുള്ള ധാരാളം കര്‍മ്മ പരിപാടികള്‍ ഇവിടെ നിരന്തരം ആവിഷ്‌ക്കരിക്കപ്പെട്ടു. 'സിനഡാലിറ്റി' എന്ന ഉദാത്തമായ സങ്കല്പം ഇവിടെ പുഷ്‌ക്കലമായി. നാഗരിക സംസ്‌ക്കാരത്തിന്റെ ഉച്ചസ്ഥായിയില്‍ വ്യാപരിക്കുന്ന കൊച്ചി പട്ടണത്തിലേക്ക് ഭാരതത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും കടന്നുവന്ന ജനലക്ഷങ്ങള്‍ക്ക് ഈ അമ്മരൂപത തണലേകി. വിവിധങ്ങളായ സാമൂഹിക സംരംഭങ്ങളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവര്‍ക്കും ഈ അതിരൂപത ആശ്രയമായി. അവരുടെ മതമോ, വിദ്യാഭ്യാസമോ ഭാഷയോ ഒന്നും തന്നെ അവരെയൊക്കെ ചേര്‍ത്തുപിടിക്കുന്നതിന് ഈ അതിരൂപതയ്ക്ക് ഒരിക്കലും തടസ്സമായില്ല. കുട്ടികള്‍ക്കുവേണ്ടിയുള്ള കര്‍മ്മ പരിപാടികള്‍, സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍ വേണ്ടിയുള്ള ഉദ്യമങ്ങള്‍, വയോജന പരിരക്ഷ, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങനെ താങ്ങും തണലുമേകുവാന്‍ കഴിയുന്ന നിരവധി പദ്ധതികള്‍ അതിരൂപത വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഭാവനാസമ്പൂര്‍ണ്ണമായി ഈ ഉദ്യമങ്ങളുടെ തിലകക്കുറിയായിരുന്നു ആഗോള സിനഡിനോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയില്‍ നിന്ന് ചൈതന്യം സ്വീകരിച്ച് വിളിച്ചു കൂട്ടിയ വിവിധ ജനവിഭാഗങ്ങളുടെ സിനഡല്‍ സമ്മേളനങ്ങള്‍. ഒരുപക്ഷേ, ലോകചരിത്രത്തില്‍ തന്നെ ആദ്യത്തേത് എന്ന് കണക്കാക്കാവുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സമ്മേളനം അവിസ്മരണീയമായിരുന്നു. അവരെ കേള്‍ക്കാന്‍, ഏതോ നാട്ടില്‍നിന്ന്, എല്ലാമുപേക്ഷിച്ച് ഇവിടെ വന്ന് ജീവിതം കരുപിടിപ്പിക്കുന്ന അവരോട് സംവദിക്കാന്‍ എറണാകുളം അതിരൂപത മുന്‍കൈയ്യെടുത്തു. വിവിധ ഭാഷക്കാരായ വിവിധ മതജാതി വിഭാഗങ്ങളില്‍പ്പെട്ട അവര്‍ക്ക് ഈ കൂടിച്ചേരല്‍ ഒരു നവ്യാനുഭവമായിരുന്നു. മറ്റൊരു മഹത്തായ ഉദ്യമം തലമുറകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു വലിയ ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ (LGBTQI+) കൂടിച്ചേരലായിരുന്നു. എറണാകുളം ജില്ലയിലുള്ള വിവിധതരം ജീവിതസാഹചര്യങ്ങളില്‍ അധിവസിക്കുന്ന ഈ വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ആദ്യമായി യാതൊരു മുന്‍വിധിയുമില്ലാതെ തങ്ങളെ കേള്‍ക്കുന്ന വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കുറെയേറെ നല്ല മനുഷ്യരെ സുമനസ്സുകളെ കണ്ടു. അവരോടൊപ്പം കുറെ സമയം ചിലവഴിച്ചു. ഇതുവരെയുണ്ടാകാത്ത വശ്യമായ സ്‌നേഹത്തിന്റെ പുതുവര്‍ഷം അവരുടെ ജീവിതങ്ങളിലേക്ക് പെയ്തിറങ്ങി. ഈ പ്രക്രിയ എല്ലാ ജനവിഭാഗങ്ങളോടുമൊപ്പം - സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, മത്സ്യത്തൊഴിലാളികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, ആദിവാസികള്‍, അനാഥര്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവരേയും നമ്മള്‍ കേട്ടു. അവരോട് സംവദിച്ചു. അവരുടെ ഹൃദയവ്യഥകള്‍, സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, സങ്കടങ്ങള്‍, ആശങ്കകള്‍ ഒക്കെ നമ്മുടേതുകൂടിയായി മാറി. ഈ പ്രക്രിയ ഇടവകതലം മുതല്‍, അതിരൂപതാതലം വരെ ആവര്‍ത്തിച്ചു. മാര്‍ ആന്റണി കരിയില്‍ മെത്രപ്പോലീത്തയുടെ നേതൃതത്തില്‍ ഇത്രയും ബൃഹത്തായി, ഇത്രമാത്രം വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായി സിനഡല്‍ പ്രക്രിയ നടപ്പാക്കപ്പെട്ട മറ്റൊരു രൂപതയും ഭാരതത്തിലില്ല. എറണാകുളം മുന്നോട്ടു വയ്ക്കുന്ന സാര്‍വത്രിക സ്വഭാവത്തിനും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സര്‍വാതിശായിയായ പാരസ്പര്യത്തിനും മറ്റൊരു സാക്ഷ്യമില്ല. ഈ നവസാക്ഷ്യമാണ് 'ഏഷ്യയിലെ സഭ'യില്‍ പരി. പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ വിഭാവനം ചെയ്തതുപോലെ വിശ്വാസത്തിന്റെ സിരാകേന്ദ്രമായി ഈ അതിരൂപതയെ രൂപാന്തരപ്പെടുത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org