കാഴ്ചകളെ വിശുദ്ധീകരിക്കുക, കണ്ണുകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുക

കാഴ്ചകളെ വിശുദ്ധീകരിക്കുക, കണ്ണുകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുക
ബെല്‍ജിയം, ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ക്രിസ്ത്യന്‍ ഐക്കണുകളുടെ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ഇന്റര്‍കള്‍ച്ചറല്‍ ഐക്കണുകളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നയാളാണ് ഫാ. സെബീഷ് വെട്ടിയാടന്‍ സി എം ഐ. പഠനത്തില്‍ നിന്നു ലഭിച്ച ഉള്‍ക്കാഴ്ചകളുടെ വെളിച്ചത്തില്‍ തിരുചിത്രധ്യാനം അഥവാ ഐക്കണ്‍ റിട്രീറ്റ് എന്ന ധ്യാനരീതി ആവിഷ്‌കരിച്ച അദ്ദേഹം അതിനെക്കുറിച്ചു സംസാരിക്കുകയാണിവിടെ. സി എം ഐ സന്യാസസമൂഹത്തിന്റെ ബിജ്‌നോര്‍ പ്രോവിന്‍സിലെ പുരോഹിതനാണ്, കാഞ്ഞൂര്‍ സ്വദേശിയായ ഫാ. സെബീഷ്.

നമ്മുടെ ബുദ്ധികൊണ്ടും മനസ്സുകൊണ്ടും നാവുകൊണ്ടും മാത്രമല്ല കാഴ്ചകൊണ്ടും നമുക്ക് പ്രാര്‍ത്ഥിക്കാനാകും. പള്ളിയുടെ അകത്തു കയറുമ്പോള്‍ അള്‍ത്താരയിലെ ചിത്രങ്ങളും രൂപങ്ങളും നമ്മള്‍ നോക്കിക്കാണുന്നു. ആ നോട്ടം തന്നെ ഒരു പ്രാര്‍ത്ഥനയാണ്. നമ്മുടെ വിശ്വാസപ്രഘോഷണത്തിലും മുന്‍ തലമുറകളില്‍ നിന്നു നമുക്കു വിശ്വാസം കൈമാറിക്കിട്ടിയതിലും ദൃശ്യങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമുള്ള ഉപാധിയായി ഉപയോഗിക്കുന്നതാണ് ചിത്രധ്യാനം അഥവാ ഐക്കണ്‍ റിട്രീറ്റ്.

നമ്മുടെ പ്രാര്‍ത്ഥനകളെയും സങ്കടങ്ങളെയും അഭിലാഷങ്ങളെയും ഒക്കെ ചിത്രത്തിന്റെ കാഴ്ചയിലേക്ക് ആവാഹിക്കാന്‍ കഴിയും എന്ന ബോധ്യമാണ് ഈ ധ്യാനത്തിന്റെ പിന്നിലുള്ളത്. ചിത്രത്തിന്റെ ചില ഘടകങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലണം. ചിത്രങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാന്‍ പറ്റുന്ന കണ്ണുകളെ രൂപപ്പെടുത്തിയെടുക്കണം. അതാണ് ഐക്കണ്‍ റിട്രീറ്റില്‍ അടിസ്ഥാനപരമായി ചെയ്യുന്നത്.

കണ്ണുകളെ ഇപ്രകാരം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ക്രൈസ്തവപാരമ്പര്യത്തിലെ ഐക്കണുകളുടെ ഔട്ട്‌ലൈനുകളെ നാം അടുത്തു കാണുകയും അവയെ അനുകരിച്ചു വരയ്ക്കുകയും ചെയ്യുന്നു. ചെറിയ കൂട്ടായ്മകളിലാണ് ഇതു നടത്തുക. ഒരു ബൈബിള്‍ ക്ലാസ് പോലെ, പ്രാര്‍ത്ഥന കൂട്ടായ്മ പോലെ, കുടുംബ പ്രാര്‍ത്ഥന പോലെ രണ്ടോ മൂന്നോ ദിവസം ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി വരച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. ചിത്രകലയെക്കുറിച്ചും ക്രൈസ്തവ കലയെക്കുറിച്ചും ഉള്ള സംഭാഷണങ്ങളും ഇതിനിടെ ഉണ്ടാകും.

നമ്മുടെ പ്രാര്‍ത്ഥനകളെയും സങ്കടങ്ങളെയും അഭിലാഷങ്ങളെയും ഒക്കെ ചിത്രത്തിന്റെ കാഴ്ചയിലേക്ക് ആവാഹിക്കാന്‍ കഴിയും എന്ന ബോധ്യമാണ് ഈ ധ്യാനത്തിന്റെ പിന്നിലുള്ളത്.

ഒരു ഐക്കണ്‍ തിരഞ്ഞെടുത്ത്, അതിന്റെ ഔട്ട്‌ലൈനുകള്‍ ട്രേസ് ചെയ്തുകൊണ്ടാണ് തുടങ്ങുക. നിശ്ശബ്ദമായ പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ ആയിരിക്കും അത് ചെയ്യുക. തുടര്‍ന്നു പരസ്പരം പങ്കുവയ്ക്കലുകള്‍ നടത്തുന്നു. ചിത്രത്തിന് ആധാരമായ ബൈബിള്‍ ഭാഗത്തെ ക്കുറിച്ചുള്ള വിചിന്തനങ്ങള്‍ ഓരോരുത്തരും പറയുന്നു.

ചിത്രകലാധ്യാനം എന്നു പറയുന്നതുകൊണ്ട് ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രകല അറിയണമെന്നില്ല. കൊച്ചുകുട്ടികള്‍ ചെയ്യുന്നതുപോലെ ഔട്ട്‌ലൈനുകളുടെ ട്രേസിങ്ങും നിറം കൊടുക്കലുമാണ് ഇവിടെ ചെയ്യുന്നത്. ചേര്‍ക്കേണ്ട നിറങ്ങള്‍ പറഞ്ഞു കൊടുക്കും. അതുകൊണ്ട് ചിത്രകലയുടെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്തവര്‍ക്കും തികച്ചും സാധാരണക്കാര്‍ക്കും ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. കാഴ്ചശക്തി മാത്രം മതി. ട്രേസ് ചെയ്തു വരയ്ക്കാന്‍ പോലും തീരെ കൈ വഴങ്ങാത്തവര്‍ ഉണ്ടാകും. പക്ഷേ വരയ്ക്കാനുള്ള അവരുടെ പരിശ്രമം തന്നെ ഒരു പ്രാര്‍ത്ഥനയാണ്.

വിശുദ്ധരുടെ, മാലാഖമാരുടെ, മാതാവിന്റെ, ക്രിസ്തുവിന്റെയൊക്കെ ചിത്രങ്ങള്‍ വട്ടം കൂടിയിരുന്ന് ട്രേസ് ചെയ്യുകയാണ് ചെയ്യുന്നത്. ആദിമസഭയില്‍ വിശ്വാസത്തിലേക്ക് കടന്നു വരുന്നവര്‍ ചെയ്തുകൊണ്ടിരുന്നത് ഇതുതന്നെയാണ്. ആരാധനയ്ക്കുപയോഗിക്കുന്ന പാത്രങ്ങള്‍, തുണികള്‍, താലങ്ങള്‍ എന്നിവയിലൊക്കെ ചിത്രങ്ങള്‍ വരച്ച് അലങ്കരിച്ചിരുന്നത് അവര്‍ ഒന്നുചേര്‍ന്നാണ്. പള്ളികളുടെയും ആശ്രമങ്ങളുടെയും ചുവരുകളില്‍ അവര്‍ പ്രാര്‍ത്ഥനാപൂര്‍വം ചിത്രങ്ങള്‍ വരച്ചു. സന്യാസഭവനങ്ങളും ആശ്രമങ്ങളും രൂപപ്പെട്ടപ്പോള്‍ അവയിലെ അംഗങ്ങളായ സന്യസ്തര്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ചെയ്തിരുന്ന ഒരു കര്‍മ്മമാണ് ഒന്നിച്ചിരുന്ന് ഐക്കണുകള്‍ വരയ്ക്കുക, പ്രാര്‍ത്ഥനാമുറികളും ദേവാലയങ്ങളും സജ്ജീകരിക്കുക എന്നിവയൊക്കെ. ഇപ്പോള്‍ ചിത്രങ്ങള്‍ ട്രേസിങ് പേപ്പര്‍ വച്ച് ട്രേസ് ചെയ്യുക എന്നത് തീര്‍ത്തും കുട്ടികള്‍ ചെയ്യുന്ന ഒരു കാര്യമായി തോന്നാം. പക്ഷേ, അത് ഒരു പ്രാര്‍ത്ഥനാ കര്‍മ്മമാണ്. കര്‍ത്താവിനെ മുമ്പില്‍ കാണുകയും പ്രാര്‍ത്ഥിക്കുകയും ഒപ്പം ആ കര്‍ത്താവിനെ ഒരു ദൃശ്യപ്രതലത്തിലേക്ക് പുനഃരാവിഷ്‌കരിക്കുകയാണ് ട്രേസിംഗില്‍ ചെയ്യുന്നത്. ഒരുമിച്ചിരുന്ന് ചിത്രം ട്രേസ് ചെയ്യുന്നു, പിന്നെ അതിനു നിറം കൊടുക്കുന്നു.

ഒരു ഐക്കണ്‍ തിരഞ്ഞെടുത്ത്, അതിന്റെ ഔട്ട്‌ലൈനുകള്‍ ട്രേസ് ചെയ്തുകൊണ്ടാണ് തുടങ്ങുക. നിശ്ശബ്ദമായ പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ ആയിരിക്കും അത് ചെയ്യുക. തുടര്‍ന്നു പരസ്പരം പങ്കുവയ്ക്കലുകള്‍ നടത്തുന്നു.

നിറം കൊടുക്കല്‍ പലതരത്തിലുണ്ട്. ഐക്കണ്‍ ധ്യാനത്തില്‍, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നതാണ് അതിന്റെ പൊതുവായ ഒരു പ്രമേയം. സാധാരണ ചിത്രരചനയില്‍ ഇളം നിറങ്ങളില്‍ നിന്ന് കടും നിറങ്ങളിലേക്കു ക്രമത്തില്‍ പോവുകയാണ് ചെയ്യുക. ഇവിടെ നേരെ തിരിച്ച് കടും നിറങ്ങളില്‍ നിന്ന് ഇളം നിറങ്ങളിലേക്കു നീങ്ങുന്നു. പല തലങ്ങള്‍ കടന്ന് ഈ കര്‍മ്മം പുരോഗമിക്കുമ്പോള്‍ അത് പ്രാര്‍ത്ഥിക്കുന്നവരില്‍ പുതിയ വെളിപാടുകള്‍ സൃഷ്ടിക്കുന്നു.

ഐക്കണോഗ്രഫി നമ്മുടെ സഭയുടെ ഒരു പാരമ്പര്യമാണ്. പൗരസ്ത്യ പാരമ്പര്യത്തില്‍ വിശേഷിച്ചും ഐക്കണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഐക്കണുകളിലൂടെയാണ് ക്രൈസ്തവ ദൈവശാസ്ത്രവും ആരാധനാക്രമ പാഠങ്ങളും എല്ലാം കൈമാറി പോന്നിട്ടുള്ളത്. വിശ്വാസ കൈമാറ്റത്തില്‍ ദൃശ്യങ്ങള്‍ക്ക് വലിയ പങ്കാണ് ഉണ്ടായിരുന്നത്. അതുകൊണ്ട്, ദൃശ്യങ്ങളെ പ്രാര്‍ത്ഥനാരൂപത്തിലേക്ക് പ്രത്യേകമായി കൊണ്ടുവരേണ്ട കാര്യം വാസ്തവത്തില്‍ ഇല്ല.

ഇപ്പോള്‍ ആശ്രമങ്ങളില്‍ ഐക്കണ്‍ വര നിരന്തരം നടത്തേണ്ട കാര്യമില്ല. സാങ്കേതികവിദ്യയും ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന രീതികളും മാറി. അതേസമയം ഒരുപാട് ദൃശ്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിലേക്ക് കടന്നുവരികയും ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളുടെ ഒരു പ്രളയം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലം കാഴ്ചയുടെ ഒരു വിശുദ്ധീകരണത്തിനു നമ്മെ ആഹ്വാനം ചെയ്യുന്നു. അതിനായി ദൃശ്യങ്ങളില്‍ ഒരു ക്രൈസ്തവ സംസ്‌കാരം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അതാണ് കാഴ്ചകളുടെ വിശുദ്ധീകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

കാഴ്ചകളുടെ പ്രളയത്തില്‍ നിന്നു നല്ല കാഴ്ചകളെ തിരഞ്ഞെടുക്കാന്‍ നമുക്കു സാധിക്കണം. നല്ല ചിത്രങ്ങളുടെ കാഴ്ച ചെറിയ ചെറിയ കൂട്ടായ്മകളില്‍ പുനരുജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്. പല സ്ഥലങ്ങളിലും ഐക്കണ്‍ കോഴ്‌സുകള്‍, ഐക്കണ്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ നടക്കുന്നുണ്ട്. പക്ഷേ അത് ചിത്രകലയില്‍ കുറെക്കൂടി പ്രാവീണ്യമുള്ള ആളുകള്‍ക്കാണ് യോജിക്കുക. ഐക്കണ്‍ റിട്രീറ്റ് എന്നത് സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഈ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ചിത്രകല അറിയണമെന്നോ ചിത്രകലയോട് വലിയ ആഭിമുഖ്യം ഉണ്ടാകണമെന്നോ ഇല്ല. കുട്ടിക്കാലത്ത് നാം വിശ്വാസത്തിലേക്ക് കടന്നുവരുന്നത് മാതാവിന്റെയും ഉണ്ണിശോയുടെയും തിരുക്കുടുംബത്തിന്റെയും ഒക്കെ ചിത്രങ്ങള്‍ കണ്ടു കൊണ്ടാണ്. ബാലസഹജമായ ആ വിശ്വാസം നമ്മിലേക്ക് തിരികെ കൊണ്ടുവരാന്‍ ഐക്കണ്‍ റിട്രീറ്റിന് സാധിക്കും. പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ ഇല്ലാതെ പ്രാര്‍ത്ഥിക്കുന്നതു പോലെ, വലിയ വൈദഗ്ധ്യം ഒന്നുമില്ലാതെ തന്നെ ചിത്രങ്ങളിലൂടെ പ്രാര്‍ത്ഥിക്കാം. നശ്വരമായ ചിത്രങ്ങളുടെ ദൃശ്യങ്ങളുടെ ഒരു പ്രളയം തന്നെ നമുക്ക് ചുറ്റിലുമുണ്ട്. ആ പ്രളയത്തില്‍ ശാശ്വതമായ ദൃശ്യങ്ങള്‍ക്കുവേണ്ടിയിട്ടുള്ള ഒരു അന്വേഷണമാണ് ഐക്കണ്‍ ധ്യാനം എന്നു പറയാം.

''ഇപ്പോള്‍ ചിത്രങ്ങള്‍ ട്രേസിങ് പേപ്പര്‍ വച്ച് ട്രേസ് ചെയ്യുക എന്നത് തീര്‍ത്തും കുട്ടികള്‍ ചെയ്യുന്ന ഒരു കാര്യമായി തോന്നാം. പക്ഷേ, അത് ഒരു പ്രാര്‍ത്ഥനാകര്‍മ്മമാണ്. കര്‍ത്താവിനെ മുമ്പില്‍ കാണുകയും പ്രാര്‍ത്ഥിക്കുകയും ഒപ്പം ആ കര്‍ത്താവിനെ ഒരു ദൃശ്യ പ്രതലത്തിലേക്ക് പുനഃരാവിഷ്‌കരിക്കുകയാണ് ട്രേസിങില്‍ ചെയ്യുന്നത്.''

ഒരിടത്ത്, മക്കള്‍ മരിച്ച അമ്മമാര്‍ക്കുവേണ്ടിയുള്ള ധ്യാനമാണ് ഇപ്രകാരം നടത്തിയത്. പ. മാതാവ് യൂദാസിന്റെ അമ്മയെ കുരിശിന്‍ചുവട്ടില്‍ വച്ച് കാണുന്ന ഒരു ഐക്കണാണ് ഇവരുടെ ധ്യാനത്തിനായി സ്വീകരിച്ചത്. പരി. മാതാവ് മകന്‍ നഷ്ടപ്പെട്ട അമ്മയാണ്, യൂദാസിന്റെ അമ്മയ്ക്കും മകന്‍ നഷ്ടപ്പെട്ടിരിക്കുന്നു. മക്കളെ നഷ്ടപ്പെട്ട അമ്മമാര്‍ തങ്ങളുടെ ദുഃഖങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ചിത്രമാണതെന്നു പറയാം. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ പ്രാര്‍ത്ഥനാഗ്രൂപ്പ് ഈ ചിത്രം വച്ചു പ്രാര്‍ത്ഥിക്കുകയും ചിന്തിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നു.

ജര്‍മ്മനിയില്‍ ഈ ധ്യാനം, ഗര്‍ഭവതികളായ അമ്മമാരുടെ ഒരു ഗ്രൂപ്പിനുവേണ്ടി നടത്തുകയുണ്ടായി. മാതാവ് ഏലീശ്വാ പുണ്യവതിയെ സന്ദര്‍ശിക്കുന്ന ചിത്രമാണ് അവര്‍ക്കുവേണ്ടി തയ്യാറാക്കിയത്. ഗര്‍ഭിണികളായ രണ്ടു സ്ത്രീകള്‍ കണ്ടുമുട്ടുന്നു. സ്വന്തം അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു. ഇത് ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും കഴിയുന്ന ഒരു ചിത്രമാണ്. ഇപ്രകാരം, ഓരോ ഗ്രൂപ്പിനും അനുയോജ്യമായ ഐക്കണ്‍ വിഭാവനം ചെയ്യുകയും ആ ഐക്കണുകള്‍. അവരുടെ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഉപയോഗിക്കുകയുമാണു ചെയ്യുന്നത്. ഇത്തരം ചിത്രങ്ങളെ നോക്കിയും കണ്ടും വരച്ചും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, അവര്‍ക്ക് തങ്ങളുടെ ആന്തരിക ദുഃഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ സാധിക്കുന്നു. ചിലര്‍ക്ക് ക്ഷമിക്കാന്‍ സാധിക്കുന്നു, അനുരഞ്ജനപ്പെടാന്‍ സാധിക്കുന്നു. സ്‌നേഹം കൂടുതല്‍ ആഴപ്പെടുന്നു. വിശ്വാസം കൂടുതല്‍ കര്‍മ്മോത്സുകമാകുന്നു. അവരുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും എല്ലാം ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് ഈ ധ്യാനം അനുയോജ്യമല്ല. ആഴത്തില്‍ ധ്യാനിക്കാന്‍ ആഗ്രഹിക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകള്‍ക്കുവേണ്ടിയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.

''ദൃശ്യങ്ങളില്‍ ഒരു ക്രൈസ്തവ സംസ്‌കാരം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അതാണ് കാഴ്ചകളുടെ വിശുദ്ധീകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.''

ഇപ്പോള്‍ യൂറോപ്പിലാണ് പ്രധാനമായും ഞങ്ങള്‍ ഐക്കണ്‍ ധ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പഠനശേഷം ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ തീര്‍ച്ചയായും ഇതു തുടരും. ഞങ്ങളുടെ പ്രൊവിന്‍സ് സ്ഥിതി ചെയ്യുന്ന, മതബഹുത്വത്തിന്റെയും മഹാക്ഷേത്രങ്ങളുടെയും നാടായ ഉത്തരാഖണ്ഡില്‍ ഈ ധ്യാനത്തിനു പ്രത്യേക പ്രസക്തിയുണ്ടാകുമെന്നാണ് കരുതുന്നത്.

വചനത്തിലൂടെയാണ് വിശ്വാസം നമുക്കു പകര്‍ന്നു കിട്ടിയതെന്നു പറയാമെങ്കിലും, വചനത്തെ പോലെ തന്നെ പ്രധാനമാണ് ദൃശ്യങ്ങളും എന്നു നമുക്കറിയാം. പള്ളികളിലെ ദൃശ്യങ്ങളും ചിത്രങ്ങളും ദൃശ്യരൂപത്തിലുള്ള വചനം തന്നെയാണ്. ക്രൈസ്തവികതയുടെ സംസ്‌കാരവും ആരാധനാക്രമവും രൂപപ്പെടുത്തുന്നതിലും തലമുറകളിലേക്കു കൈമാറ്റം ചെയ്യുന്നതിലും ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കുമുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ സാധ്യതകള്‍ എല്ലാ കാലത്തും പ്രയോജനപ്പെടുത്താവുന്നവ തന്നെയാണ്. ഇന്നത്തെ കാലത്താകട്ടെ നമ്മുടെ കാഴ്ചകളെയും ദൃശ്യങ്ങളെയും വിശുദ്ധീകരിക്കുക എന്ന കടമ കൂടി നമുക്കുണ്ട്. ദൃശ്യങ്ങളെ ഉപയോഗപ്പെടുത്തി ധ്യാനിക്കാനും ക്രൈസ്തവമായ ദൃശ്യസംസ്‌കാരം രൂപപ്പെടുത്താനും നാം ശ്രമിക്കേണ്ടതുണ്ട്. ചിത്രധ്യാനം അതിലേക്കുള്ള ഒരു ചുവടുവയ്പാകുമെന്നാണ് പ്രതീക്ഷ.

  • (ലേഖനങ്ങള്‍ക്കിടയില്‍ ക്രമീകരിച്ചിരിക്കുന്ന ഐക്കണുകള്‍ ഫാ. സെബീഷ് തന്നെ വരച്ചവയാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org