

മുന്നിലുള്ള ശത്രുവിനെ കൊല്ലണമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ യുദ്ധം ചെയ്യുന്ന സൈനിക നുള്ളൂ. എന്നിട്ടും എതിരാളി മരണമട ഞ്ഞു എന്ന് ഉറപ്പായാൽ, ഒരു നിമിഷം അവർ അനുവദനീയമായ രീതിയിൽ മൃതദേഹത്തോട് ആദരവ് പ്രകടിപ്പി ക്കും. ലോകമതങ്ങളിലെല്ലാം തന്നെ മരിച്ചവരോടുള്ള ആദരവിനായി പ്രത്യേക ആചാരങ്ങൾ നിലവിലുണ്ട്. വ്യത്യസ്തങ്ങളായ ഇത്തരം ആചാരങ്ങ ളിൽ പലതും കൗതുകമുണർത്തുന്ന വയാണ്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെ തപ്പാട്ടം, പറൈ മേളം തുടങ്ങിയ ആട്ടങ്ങൾ ഇത്തരത്തിലുള്ളവയാണ്. മരിച്ചയാളോടുള്ള ആദരവ്, ആ വ്യക്തിയിലൂടെ കുടുംബത്തിനും സമൂഹത്തിനും ലഭിച്ച നന്മകൾക്കുള്ള നന്ദി, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരൽ ഇതെല്ലാമാണ് മരണാന ന്തരചടങ്ങുകളുടെ ആത്യന്തികമായ ലക്ഷ്യം. ഇത്തരത്തിൽ മരണങ്ങളോ ടും മരണവീടുകളോടും ചില മര്യാദ കൾ സ്വമേധയാ നമ്മൾ പുലർത്താ റുണ്ട്. കുറച്ചൊരു നാൾ മുമ്പുവരെ, പ്രായമായി കുറേ അധികം നാളുകൾ കിടപ്പിലായിരുന്നവരുടെ മരണങ്ങളിൽ പോലും, വീടും പരിസരത്തുള്ളവരും നൽകിയിരുന്ന ആദരവ് വളരെ വലുതായിരുന്നു. ശബ്ദമുണ്ടാകാൻ സാധ്യതയുള്ള കച്ചവട സ്ഥാപനങ്ങൾ മരണവീടിന് സമീപത്തുണ്ടെങ്കിൽ അവ ഉടമസ്ഥർ അടച്ചിടുമായിരുന്നു. മരിച്ചവീട്ടിലും, സമീപപ്രദേശത്തും എത്തിച്ചേരുന്നവരുടെ പെരുമാറ്റത്തി ലും സംസാരത്തിലും ഒരു അടക്കം പ്രകടമായിരുന്നു. മരണശേഷം ഏതാനും ദിവസങ്ങൾ മുതൽ, ഏതാണ്ട് ഒരു വർഷത്തോളം ബന്ധു ക്കൾ പുലർത്തേണ്ട ചടങ്ങുകൾ സമു ദായങ്ങളിൽ ഇന്നുമുണ്ട്. എന്നാൽ പലതിലും എന്നതു പോലെ ഇപ്പോൾ മരണങ്ങൾക്കും വല്ലാതെ വില കുറയു ന്നുണ്ടെന്ന് സമീപ കാലത്തുണ്ടായ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ചുറ്റിലും സംഭവിക്കുന്ന മരണങ്ങളോട് നമ്മൾ ഓരോരുത്തരും സ്വീകരിക്കുന്ന മനോഭാവങ്ങൾക്ക് ഒരു സ്വയം വിശ കലനം കാലം ആവശ്യപ്പെടുന്നുണ്ടെ ന്ന് തോന്നുന്നു. കുറച്ച് നാളുകൾക്ക് മുമ്പുവരെ മരിച്ചവീട്ടിൽ ഒരു മൊബൈൽ ശബ്ദിച്ചാൽ, അത് വലിയ അരോചകമായിരുന്നു. ഫോണിന്റെ ഉടമയെ ചുറ്റുമുള്ളവർ അസ്വസ്ഥതയോടെ നോക്കുമായി രുന്നു. എന്നാൽ ഇന്ന് മരണവീട്ടിൽ നിരന്തരം ശബ്‌ദിച്ചു കൊണ്ടിരിക്കുന്ന ഫോൺ ബെല്ലുകൾ തിടുക്കമുള്ള നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി കഴിഞ്ഞു. കുറ്റപ്പെടുത്തു ന്നതല്ല, Location Map ചോദിക്കു ന്നതും, നേരിട്ട് എത്താനാകാത്തവർ അനുശോചനം ഫോണിലൂടെ അറിയിക്കുന്നതുമൊക്കെ ആകാം അവയെല്ലാം. ഒരു മനുഷ്യനാണ് ആയുസ്സറ്റ് യാത്രയ്ക്ക് ഒരുങ്ങുന്നത് - പ്രാണൻ വിട്ടകന്ന ശരീരം കേവലം മണിക്കൂറുകൾ മാത്രമേ ഭൂമിയിലു ണ്ടാവൂ - എന്നത് പോലും മറക്കുന്ന, സൗഹൃദ സംഗമ വേദികളായി മരണ വീടുകൾ മാറുന്നതും മറ്റൊരു ദുരന്ത കാഴ്ചയാണ്. രാഷ്ട്രീയ സാംസ്കാരിക വേദികളിലെ പ്രമുഖരുടെയോ / സിനിമാതാരങ്ങളുടെയോ മരണത്തെത്തുടർന്ന് സോഷ്യൽ മീഡിയകളിൽ നിറയ്ക്കുന്ന കണ്ടന്റുകളിലൂടെ മാത്രം, ജീവിതചിലവ് കണ്ടെത്തുന്ന കുറേ അധികം മനുഷ്യരുള്ള നാടും കൂടിയാണ് ഇന്ന് കേരളം. മരണത്തെ മലയാളി കാര്യമായിട്ടാസ്വദിക്കുന്നു എന്നതിന്റെ കൃത്യമായ തെളിവാണിത്.
ഫേസ്ബുക്ക് എഴുത്തുകളുടെ തുടക്കക്കാലത്ത് ഏറ്റവും ഹൃദ്യമായി തോന്നിയിരുന്നത് ചരമങ്ങൾക്കുള്ള അനുസ്മരണങ്ങളായിരുന്നു. പത്രങ്ങളുടെ ചരമ കോള ത്തിൽ മാത്രം ഒതുങ്ങിപ്പോകാമായിരുന്ന വ്യക്തിത്വങ്ങളെ ക്കുറിച്ച് സുഹൃത്തുക്കളോ ബന്ധുക്കളോ എഴുതിയിരുന്ന ഓർമ്മക്കുറിപ്പുകളിൽ പലതും ഇന്നും ഓർമ്മയിലുണ്ട്. കമന്റ് ബോക്സുകളിൽ നിറയെ കൂട്ടിച്ചേർക്കലുകളും കാണാം. പരിചയത്തിലുള്ളരെക്കുറിച്ച് ഞാനും എഴുതിയി രുന്നു. പോസ്റ്റ് കണ്ട് അടക്കിന്റെ സമയവും സ്ഥലവു മൊക്കെ ചോദിക്കുന്നവരും, നന്ദി പറയുന്ന ബന്ധുക്കളു മുണ്ടായിരുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ അപ്രതീക്ഷിതമായ മരണം ഇതുപോലെ Fb യിൽ എഴുതിയതിനു കീഴിൽ, മറ്റൊരു സുഹൃത്ത് അനാവശ്യമായ ഒരു കമന്റിട്ടു. അതു കണ്ടവർ അതിന് മറുപടികളുമായി വന്നു. നിമിഷനേരം കൊണ്ട് ഒരു മരണ വാർത്ത വലിയ തർക്കങ്ങളിലേക്ക് പോകുന്നതു കണ്ട് അമ്പരന്നു പോയി. പിന്നീട് അനുസ്‌മരണങ്ങൾ എഴുതാൻ ചെറിയ ഭയം പിടികൂടി. ആ ഭയത്തിന്റെ ആഴം തിരിച്ചറി ഞ്ഞത് ഈ കഴിഞ്ഞനാളുകളിലാണ്. ഗുരുസ്ഥാനത്തുള്ള / പിതാവിനടുത്ത സ്നേഹം കുടുംബത്തോട് പുലർത്തിയി രുന്ന ഒരു വ്യക്തിയോട്, വ്യക്തിപരമല്ലാത്ത ഒരു വിഷയ ത്തിൽ ഇരുചേരിയിലാകുന്നു. മാപ്പോ പൊറുതിയോ പറയാനാകും മുൻപേ അദ്ദേഹം നിത്യതയിലേക്ക് യാത്ര യായി. മേൽ സൂചിപ്പിച്ചതുപോലെ ഫേസ്ബുക്കിൽ ആരോ ഇട്ട ചരമ വാർത്തയ്ക്ക് കീഴിൽ, ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിമിഷ നേരം കൊണ്ട് നിറഞ്ഞു. ഏതാണ്ട് രണ്ട് ദിവസം നീണ്ട ഈ പോർവിളികൾ മൃതസംസ്കാര ചടങ്ങുകൾക്കിടയിലെ കയ്യാങ്കളിയിലേക്ക് വരെ നീണ്ടു. ഈ സങ്കടകരമായ സംഭവം നഷ്ടമാക്കിയത് സീറോ മലബാർ / മലങ്കര / ലാറ്റിൻ / ക്നാനായ സഭകളിലെ, വിവിധ രൂപതകളിലായി ഏതാണ്ട് മുന്നൂറിലധികം വരുന്ന അൽമായ ശിഷ്യഗണങ്ങൾക്ക് അവരുടെ പ്രിയഗുരുവിനെ അവസാനമായി ഒന്നു കണ്ട് ആദരമർപ്പിക്കാനുള്ള അവസരമാണ്. യുദ്ധം ചെയ്യുന്ന ഫേസ്ബുക്ക് പോരാളി കളുടെ യുദ്ധത്തിനിടയിൽ, മരണമടഞ്ഞവരുടെ പ്രിയപ്പെട്ട വർ ജീവനോടെ വെന്ത് ഉരുകുന്നുണ്ട് എന്നത് അങ്ങനെ നേരനുഭവമായി.
ഒടുവിൽ സാംസ്കാരിക കേരളത്തിൽ, ഒരു മാധ്യമ പ്രവർത്തകന്റെ അപ്രതീക്ഷിത മരണത്തോട് പകയോടെ നവമാധ്യമങ്ങളിൽ പ്രതികരിച്ചവർക്കെതിരെ അതിശക്ത മായ നടപടികള്‍ കൈക്കൊള്ളാന്‍ ഐജി സൈബര്‍ വിഭാഗം തീരുമാനിച്ച് നടപടികൾ തുടങ്ങി കഴിഞ്ഞു. ഒരു പരിഷ്‌കൃത സമൂഹത്തിലാണിത് സംഭവിച്ചിരിക്കുന്നത്. ഞാൻ ഇത്തരത്തിൽ ഒന്നും എഴുതുന്നില്ലല്ലോ എന്ന് നമുക്ക് നിസ്സംഗരായി തുടരാം, നമ്മൾ എടുത്ത നിലപാടുകളുടെ പേരിൽ ഒരു Good bye പറയാനോ കേൾക്കാനോ നമുക്ക് ഇടവരാത്ത സമയത്തോളം. മരണത്തോടും മല്ലിടുന്ന കഠിനഹൃദയരായ മനുഷ്യർ സുഹൃത്തോ ബന്ധുവോ ആണെങ്കിൽ അരുതെന്ന് പറയാനോ തിരുത്താനോ ശ്രമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി തന്നെ എടുക്കണം.
രാവണന്റെ മൃതദേഹത്തോട് അനാദരവ് കാട്ടാൻ ഒരുങ്ങിയ വിഭീഷണനെ ശ്രീരാമദേവൻ തടഞ്ഞു. ശേഷം പറഞ്ഞു, “മരണത്തോടെ എല്ലാ ശത്രുതയും ഒടുങ്ങിയിരിക്കുന്നു. ഇപ്പോൾ അയാൾ നമുക്ക് സഹോദരതുല്യനാണ്.”
അതെ, ശത്രുത അത് എന്തിന്റെ പേരിലാണെങ്കിലും മരണത്തോടെ ഒടുങ്ങണം. അതാണ് മനുഷ്യത്വം.