വിശ്വാസ പരിശീലകരുടെ ആത്മശോധനയ്ക്ക്

വിശ്വാസ പരിശീലകരുടെ ആത്മശോധനയ്ക്ക്

1) 12 വര്‍ഷം കാറ്റിക്കിസം പഠിച്ചിറങ്ങുന്ന നമ്മുടെ കുട്ടികള്‍ പിന്നെ എവിടെ പോകുന്നു? അവര്‍ക്ക് എന്തു സംഭവിക്കുന്നു? ദൈവാനുഭവത്തിലേക്കും ധാര്‍മ്മികമായ ഒരു ജീവിത വീക്ഷണത്തിലേക്കും 12 വര്‍ഷത്തെ മതബോധനം അവരെ നയിക്കുന്നുണ്ടോ?

2) റെഗുലര്‍ സ്‌കൂളിലെ പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും നല്കുന്ന പ്രാധാന്യം സണ്‍ഡേ സ്‌കൂളിനും ആത്മീയ പരിശീലനത്തിനും മാതാപിതാക്കള്‍ നല്കുന്നുണ്ടോ? മക്കളുടെ ആത്മീയ വളര്‍ച്ചയിലുള്ള മാതാപിതാക്കളുടെ നിഷ്ഠയില്ലായ്മയും താത്പര്യക്കുറവും ന്യൂജനറേഷന്‍ ജീവിതക്രമങ്ങളില്‍ പ്രതിഫലിക്കുന്നില്ലേ?

3) കൗമാരക്കാര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നേരിടുന്ന സംഘര്‍ഷങ്ങളെയും വിശ്വാസ പ്രതിസന്ധികളേയും സാമൂഹിക വെല്ലുവിളികളേയും അതിജീവിക്കാന്‍ അവരെ പര്യാപ്തമാക്കുന്നതാണോ നമ്മുടെ കാറ്റിക്കിസം ക്ലാസുകള്‍? അതോ കാലഹരണപ്പെട്ട മതബോധന ശൈലികള്‍ കാറ്റിക്കിസത്തെ അനാകര്‍ഷകമാക്കുന്നുണ്ടോ?

4) സെക്കുലര്‍ റെഗുലര്‍ സ്‌കൂളും സണ്‍ഡേ സ്‌കൂളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? പരീക്ഷാകേന്ദ്രീകൃത (Exam Oriented) മായിട്ടുള്ള ശൈലികളും കര്‍ശന അച്ചടക്കവും സ്‌കോളര്‍ഷിപ്പ് പരീക്ഷകളും യൂണിഫോം ധരിപ്പിക്കാനുള്ള വ്യഗ്രതകളും മികച്ച യൂണിറ്റ് ആകാന്‍വേണ്ടി നടത്തുന്ന പ്രഹസനങ്ങളും വിശ്വാസ പരിശീലനത്തിന്റെ ശോഭ കെടുത്തുന്നുണ്ടോ?

5) കാറ്റിക്കിസം അധ്യാപകരെക്കുറിച്ചുള്ള ഒരു വിമര്‍ശനമാണ് വിഷയാവതരണത്തിലെ വ്യക്തതയില്ലായ്മയും ക്ലാസുകള്‍ നയിക്കുന്നതിലെ ഒരുക്കക്കുറവും പരിചയക്കുറവും. ഇത് പരിഹരിക്കാനുള്ള ഗൗരവമായ താത്പര്യം മതബോധന വിഭാഗത്തിനും മതാധ്യാപകര്‍ക്കും ഉണ്ടാകേണ്ടതല്ലേ?

6) മതബോധനത്തെ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്ന പുതിയ കാലത്തെ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ മതബോധകര്‍ പ്രാപ്തരും ഒരുക്കമുള്ളവരുമാണോ? സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനങ്ങളെ ചെറുക്കാനും നവമാധ്യമങ്ങളെ വചനപ്രഘോഷണത്തിന് ഭാവാത്മകമായി പ്രയോജനപ്പെടുത്താനുമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനും എത്രമാത്രം പ്രാപ്തരാണ് നമ്മുടെ മതാധ്യാപകര്‍?

7) ഇന്നത്തെ മതബോധന ടെക്സ്റ്റ് ബുക്കുകള്‍, തീര്‍ത്തും സൈദ്ധാന്തികവും ഒട്ടും സ്റ്റുഡന്റ് ഫ്രണ്ട്‌ലിയുമല്ല എന്ന കുട്ടികളുടെയും മതാധ്യാപകരുടെയും പരാതിയില്‍ കഴമ്പുണ്ടോ? മതബോധനം വെറുമൊരു സൈദ്ധാന്തിക പഠനപദ്ധതിയായി ചുരുങ്ങാതെ ജീവിതഗന്ധിയായ വിശ്വാസ പരിശീലനമാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ച് കൂട്ടായ ആലോചന കാലഘട്ടത്തിന്റെ ആവശ്യമല്ലേ?

8) തങ്ങളുടെ സമയവും കഴിവും സഭയ്ക്കും സമൂഹത്തിനുംവേണ്ടി നല്കുന്ന മതാധ്യാപകര്‍ക്ക് അര്‍ഹമായ ആദരവും ബഹുമാനവും നമ്മുടെ ഇടവക സമൂഹങ്ങളില്‍ ലഭിക്കുന്നുണ്ടോ?

9) ഇടവകയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ മതബോധനത്തെ ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും പിന്തുണയ്ക്കാന്‍ ഇടവക നേതൃത്വം (വൈദികര്‍, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്‍, ഫാമിലി യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍) ശ്രമിക്കാറുണ്ടോ? അതോ കുറച്ചുപേരുടെ സന്നദ്ധ പ്രവര്‍ ത്തനം മാത്രമായി കാറ്റിക്കിസം മാറുന്നുണ്ടോ?

10) ഇടവക വരുമാനത്തിന്റെ നിശ്ചിതശതമാനം അര്‍ഹതപ്പെട്ട മതബോധന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കി വയ്ക്കാറുണ്ടോ? ഇടവകയിലെ വിവിധ ഭക്തസംഘടനകളും സന്നദ്ധപ്രവര്‍ത്തകരും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും (ഉദാ; ഫാമിലി അപ്പസ്‌തോലേറ്റ്) കാറ്റിക്കിസം പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത് കാറ്റിക്കിസത്തെ കുറച്ചുകൂടി സജീവമാക്കില്ലേ?

11) മതാധ്യാപകരുടെ ജീവിതമാതൃകയുടെ കുറവും വ്യക്തിത്വത്തിന്റെ അപഭ്രംശങ്ങളും മതബോധനത്തിന്റെ ശോഭ കെടുത്തുന്നുണ്ടോ? അഞ്ചാമത്തെ സുവിശേഷമാകേണ്ടവരല്ലേ മതാധ്യാപകര്‍?

12) ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുന്നവര്‍ക്ക് വ്യക്തമായും കൃത്യമായും ലളിതമായും വിശദീകരണം നല്‍കാനുള്ള കഴിവ് മതബോധന പ്രക്രിയ വഴി നമ്മുടെ കുട്ടികളില്‍ ഉണ്ടാകുന്നുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org