ആശുപത്രി കിടക്കയില്‍ നിന്നും ഒരു അല്‍മായന്‍ വിളിച്ചത് രണ്ടാഴ്ച്ചയ്ക്കിടയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ഒരു വൈദികന്റെയും സിസ്റ്ററിന്റെയും തൂങ്ങിമരണത്തിലുള്ള സങ്കടവും ആഘാതവും അറിയിക്കാനാണ്. അച്ചനും സിസ്റ്ററിനുമൊക്കെ എങ്ങനെ ആത്മഹത്യ ചെയ്യാനാകും എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇങ്ങനെയുള്ള മരണങ്ങളുടെ വേദനയും ദുഃഖവും പേറുന്നത് മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കളും മിത്രങ്ങളും മാത്രമല്ല, ഹൃദയമുള്ള ഏവരുമാണ്.
വൈദികന്റെ അപ്രതീക്ഷിത മരണത്തില്‍ ഇടവകക്കാരനും പ്രവാസിയുമായ ഒരു യുവാവിന്റെ കുറിപ്പ്, ഏവരുടേയും കണ്ണു തുറപ്പിക്കുന്നതാണ്. ആ കുറിപ്പ് ഇപ്രകാരമാണ്: ''വിശ്വസിക്കാനാകുന്നില്ല ഈ വേര്‍പാട്. ഒരു പ്രവാസി എന്ന നിലയില്‍ നാട്ടില്‍ വരുമ്പോള്‍, അച്ചന്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍, വ്യക്തിപരമായി അച്ചനെ കണ്ട് പ്രാര്‍ത്ഥന വാങ്ങുമ്പോള്‍ ഒത്തിരി അഭിമാനമായിരുന്നു. സൗമ്യനായ ഒരു വികാരിയച്ചനെ ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഒത്തിരി സന്തോഷമായിരുന്നു. ഞങ്ങള്‍ക്ക് സന്തോഷമാണോ എന്ന് സൗമ്യതയോടെ ചോദിച്ച അച്ചനോട് തിരിച്ച് അച്ചന് സന്തോഷമാണോ എന്ന് ചോദിക്കാന്‍ ഞങ്ങള്‍ മറന്നുപോയി.
എന്ത് സങ്കടമുണ്ടെങ്കിലും ഓടി വന്ന് പറയാനും ആശ്വാസവാക്കുകള്‍ കേള്‍ക്കാനും ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നിങ്ങള്‍ ധാരാളം വൈദികര്‍ എപ്പോഴും ഇടവകയില്‍ ഉണ്ടായിരുന്നു. പക്ഷേ, എന്തെങ്കിലും മനോവിഷമം അച്ചനുണ്ടോ എന്ന് ഞങ്ങള്‍ ആരും ചോദിച്ചില്ല. എന്തിനും ഏതിനും നിങ്ങളുടെ പ്രാര്‍ത്ഥന വാങ്ങുന്ന ഞങ്ങള്‍, പലപ്പോഴും അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നു!
സൗമ്യനായ ഒരു വികാരിയച്ചനെ ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഒത്തിരി സന്തോഷമായിരുന്നു. ഞങ്ങള്‍ക്ക് സന്തോഷമാണോ എന്ന് സൗമ്യതയോടെ ചോദിച്ച അച്ചനോട് തിരിച്ച് അച്ചന് സന്തോഷമാണോ എന്ന് ചോദിക്കാന്‍ ഞങ്ങള്‍ മറന്നുപോയി.
അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ച് മനുഷ്യമക്കളുടെ പടിവാതില്‍ക്കല്‍ പതിയിരിക്കുന്ന പിശാചിന്റെ തന്ത്രങ്ങളെക്കുറിച്ച് ഞങ്ങളെ പഠിപ്പിച്ച അച്ചന് അടിപതറിയ ഒരു നിമിഷത്തില്‍ വന്നുപോയ തെറ്റ് കാരുണ്യവാനായ ദൈവം ക്ഷമിച്ച് അച്ചനോട് കരുണ കാട്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.''
ഇങ്ങനെയുള്ള മരണങ്ങളുടെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചാല്‍ ചിലപ്പോള്‍ ആര്‍ക്കും ഒന്നും അറിയാന്‍ പാടില്ല; അല്ലെങ്കില്‍ കിട്ടുന്ന ഉത്തരങ്ങള്‍ ഡിപ്രഷന്‍, മാനസിക സമ്മര്‍ദം, പിരിമുറുക്കം, മാനസികാസ്വസ്ഥതകള്‍ എന്നിവയൊക്കെയാണ്. ജീവിത സമ്മര്‍ദങ്ങളും മാനസിക പിരിമുറുക്കങ്ങളും ഇന്ന് ഏതു ജീവിത മേഖലകളിലും ഉണ്ട്. വൈദികര്‍ക്കിടയിലും സന്യസ്തര്‍ക്കിടയിലും അത് ഉണ്ട്, അത് കൂടിവരുകയുമാണ്. പക്ഷേ, പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും പുണ്യത്തിന്റെയും ജീവിതം നയിക്കുന്ന സമര്‍പ്പിതരുടെ ഇടയിലുള്ള ജീവിത സമ്മര്‍ദങ്ങളേയും മാനസിക പിരിമുറുക്കങ്ങളേയും വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നത് സംശയമാണ്.
ഗ്രാമീണ ഇന്ത്യയില്‍ വിഷാദരോഗത്തിന്റെ തോത് കൂടുന്നതായി അടുത്തനാളില്‍ ഒരു പത്ര റിപ്പോര്‍ട്ട് കണ്ടു. ട്രാന്‍സ്‌ഫോം റൂറല്‍ ഇന്ത്യയും ഡിവലപ്‌മെന്റ് ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി വിവിധ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 45 ശതമാനം പേരും വിഷാദമനുഭവിക്കുന്നതായി വെളിപ്പെടുത്തി. 21 സംസ്ഥാനങ്ങളിലെ 5389 വീടുകളിലാണ് സര്‍വേ നടത്തിയത്. വര്‍ധിക്കുന്ന മാനസികാരോഗ്യ പ്രശ്‌നം പൊതുജനാരോഗ്യ സംവിധാനത്തെ കാര്യമായി ബാധിക്കുന്നതായി ''ആരോഗ്യ പരിരക്ഷ ഗ്രാമീണ ഇന്ത്യയില്‍-2024'' എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചെറുപ്പക്കാരേക്കാള്‍ പ്രായമായവരിലാണ് വിഷാദത്തിന്റെ കാഠിന്യം ഏറിയ തോതിലുള്ളത്. 60 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരില്‍ 53 ശതമാനമാണ് വിഷാദരോഗമനുഭവിക്കുന്നത്. 18 മുതല്‍ 25 വയസ്സുവരെയുള്ളവരില്‍ 40 ശതമാനമാണിത്. ഡിപ്രഷന്‍ ഒരു രോഗാവസ്ഥയാണ്; ചികിത്സ ആവശ്യമായിരിക്കുന്ന അവസ്ഥ.
വിശ്രമമില്ലാതെ ജോലി ചെയ്യുകയും പ്രവര്‍ത്തന നിരതരാവുകയും ചെയ്യുന്നവര്‍ സ്വന്തം ശാരീരിക-മാനസിക ആവശ്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥയെ Burnout എന്ന പേരില്‍ നമുക്ക് പരിചയപ്പെടുത്തിത്തന്നത് അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ ഹെര്‍ബര്‍ട്ട് ഫ്രൂഡന്‍ബെര്‍ഗര്‍ (Herbert Freudenberger) ആണ്. ജോലി ചെയ്യുന്നവരിലുള്ള ഉയര്‍ന്ന സമ്മര്‍ദത്തിന്റെയും ആദര്‍ശനിഷ്ഠയുടെയും അനന്തര ഫലങ്ങളെയാണ് ഈ വാക്കിലൂടെ ഫ്രൂഡന്‍ബെര്‍ഗര്‍ വിശദീകരിച്ചത്. 1974-ല്‍ താനെഴുതിയ ലേഖനത്തില്‍ ജോലിസ്ഥലത്ത് ഒരുവന്റെ ഊര്‍ജത്തിന്റെയും ശക്തിയുടെയും പാടവത്തിന്റെയും അമിത ഉപയോഗത്തില്‍ നിന്നും ഉളവാകുന്ന ക്ഷീണിച്ച അവസ്ഥയായാണ് ബേണൗട്ടിനെ അദ്ദേഹം പരിചയപ്പെടുത്തിയത്.
ശാരീരികവും വൈകാരികവും മാനസികവുമായ ക്ഷീണിച്ച അവസ്ഥയും, ഒന്നിനോടും ഒട്ടും താല്‍പര്യമില്ലായ്മയും, ഉത്തരവാദിത്വങ്ങളിലെ അലംഭാവവും, തന്നോടുതന്നെയും മറ്റുള്ളവരോടുമുള്ള നിഷേധാത്മക മനോഭാവവുമാണ് ബേണൗട്ട്.
ജോലിസ്ഥലത്തുണ്ടാവുന്ന വിട്ടുമാറാത്ത സമ്മര്‍ദം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതുമൂലം രൂപപ്പെടുന്ന അനുബന്ധ ലക്ഷണമായാണ് ലോകാരോഗ്യ സംഘടന ബേണൗട്ടിനെ നിര്‍വചിക്കുന്നത്. ഇതിനെ വൈദ്യശാസ്ത്രപരമായ ഒരവസ്ഥയായി (medical condition) ലോകാരോഗ്യ സംഘടന കാണുന്നില്ല. ബേണൗട്ടിന് മൂന്ന് മാനങ്ങളുണ്ട് : 1) ഊര്‍ജം ചോര്‍ന്നുപോയ അവസ്ഥ അഥവാ അമിതമായ ക്ഷീണം, 2) ജോലിയില്‍ നിന്നും ഒരാള്‍ക്കുണ്ടാവുന്ന മാനസികമായ അകലം, 3) ജോലിയോടുള്ള നിഷേധാത്മകവും ദോഷൈകവുമായ മനോഭാവം.
അമേരിക്കന്‍ സാമൂഹ്യ മനഃശാസ്ത്രജ്ഞയായ ക്രിസ്റ്റീന മസ്‌ല (Christina Maslach)യുടെ അഭിപ്രായത്തിലും ബേണൗട്ടിന് മൂന്ന് അവിഭാജ്യ ഘടകങ്ങളുണ്ട് : 1) വൈകാരിക ക്ഷീണം (emotional exhaustion), 2) വ്യക്തിവല്‍ക്കരണം (depersonalization), 3) വ്യക്തി നിപുണതയെ കുറച്ചു കാണല്‍ (reduced personal accomplishment).
ജോലിസ്ഥലത്തെ ഉയര്‍ന്ന സമ്മര്‍ദത്തിന്റെ (stress) ഫലമായാണ് ബേണൗട്ട് ഉണ്ടാകുന്നതെങ്കിലും നിരന്തരമായ സമ്മര്‍ദത്തിന് വിധേയമാകുന്ന ഏതു ജീവിതാവസ്ഥയില്‍ ഉള്ളവര്‍ക്കും ബേണൗട്ട് അനുഭവപ്പെടാം. രക്ഷാകര്‍തൃത്വത്തിലുള്ളവരിലും (parenting), പരിചരണം (caretaking) നടത്തുന്നവരിലും, എന്തിനേറെ, പ്രേമ ബന്ധങ്ങളില്‍പോലും ബേണൗട്ട് സംഭവിക്കാം.
സ്വന്തം ഇഷ്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സമയം കൊടുക്കാതെ മനസ്സ് തളര്‍ന്ന് മടുപ്പനുഭവപ്പെടുന്ന ഒരവസ്ഥയാണിത്. മനസ്സ് മരവിച്ച അവസ്ഥയില്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും, ഒരു കാര്യത്തിലും ശ്രദ്ധയും താല്‍പര്യവും കാണിക്കാതിരിക്കുകയും, ക്ഷീണവും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരോടുള്ള വൈകാരിക ബന്ധങ്ങളേയും ഇത്തരം അവസ്ഥ ദോഷകരമായി ബാധിക്കും. അതിനാല്‍ ആധുനിക കാലഘട്ടത്തില്‍ ശാരീരിക-മാനസിക വ്യാപാരങ്ങളില്‍ സന്തുലനാവസ്ഥ സംജാതമാക്കാന്‍ ഉപയോഗിക്കുന്ന പദവും രീതിയുമാണ് Selfþcare സ്വയം പരിചരണം.
നന്നായി ജീവിക്കുവാനും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുവാനും നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നാം ചിലവഴിക്കുന്ന സമയമാണ് സ്വയം പരിചരണം (Self-care). സമ്മര്‍ദ(stress) ത്തെ കൈകാര്യം ചെയ്യാനും, രോഗങ്ങളുടെ അപകടം കുറയ്ക്കുവാനും, നമ്മുടെ ഊര്‍ജം കൂട്ടുവാനും സ്വയം പരിചരണം നമ്മെ സഹായിക്കും.
നന്നായി ജീവിക്കുവാനും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുവാനും നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നാം ചിലവഴിക്കുന്ന സമയമാണ് സ്വയം പരിചരണം (Selfþcare). സമ്മര്‍ദ(stress)ത്തെ കൈകാര്യം ചെയ്യാനും, രോഗങ്ങളുടെ അപകടം കുറയ്ക്കുവാനും, നമ്മുടെ ഊര്‍ജം കൂട്ടുവാനും സ്വയം പരിചരണം നമ്മെ സഹായിക്കും. സ്വയം പരിചരണത്തിന്റെ ദിവസേനയുള്ള ചെറിയ പ്രവൃത്തികള്‍ പോലും നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.
ചൂടുവെള്ളത്തിലെ ഒരു കുളി എന്ന ശാരീരിക പ്രവൃത്തിയായോ (physical activity), കൂട്ടുകാരുമായി സൗഹൃദം പങ്കിടുന്ന ഒരു സാമൂഹ്യ പ്രവൃത്തിയായോ (social activity), പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരു മാനസിക പ്രവൃത്തിയായോ (mental activity) സ്വയം-പരിചരണം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഒരു വ്യക്തിയുടെ ആരോഗ്യപരമായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും അവന്റെ ജീവിത സുസ്ഥിതിയേയും, ജീവിത നിലവാരത്തേയും ശാക്തീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെ ബോധപൂര്‍വകമായ പങ്കാളിത്തമാണ് സ്വയം-പരിചരണം. ജീവിത സമ്മര്‍ദം കുറയ്ക്കുവാനും, ആത്മബലം കൂട്ടുവാനും, ജീവിത സന്തോഷം വര്‍ധിപ്പിക്കുവാനും സ്വയം-പരിചരണം ഒരാളെ സഹായിക്കുന്നു.
നോര്‍തേണ്‍ അയര്‍ലണ്ടിലുള്ള ഡൗണ്‍ ആന്റ് കോണര്‍ രൂപത പ്രതിവര്‍ഷം അമ്പതിനായിരം പൗണ്ട് (ഏകദേശം അമ്പതു ലക്ഷം രൂപ) ശമ്പളത്തില്‍, ഏറിവരുന്ന സമ്മര്‍ദങ്ങളുടെ ഈ കാലഘട്ടത്തില്‍, വൈദികരുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയെ പരിപാലിക്കുന്നതിനായി Clergy Wellbeing Officer തസ്തികയില്‍ ഒരാളെ നിയമിക്കുന്നതിനായി ജോബ് അഡ്വര്‍ടൈസ്‌മെന്റ് നടത്തിയിരിക്കുന്നു. ശുശ്രൂഷയിലുള്ളവരും വിരമിച്ചവരുമായ വൈദികരുടെ സഹായത്തിനുള്ള ഇത്തരം ഒരു നിയമനം ആ മേഖലയില്‍ തന്നെ ആദ്യത്തേതാണ്.
ജോബ് ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്, ഈ ഓഫീസര്‍ രോഗികളും വിരമിച്ചവരുമായ വൈദികരെല്ലാവരുടെയും മൊത്തത്തിലുള്ള ക്ഷേമം (overall wellbeing) നിരീക്ഷിക്കുന്നതിനും, അവരുടെ ജീവിത സാഹചര്യങ്ങള്‍ നന്നായി ജീവിക്കുവാന്‍ പ്രാപ്തമാണോയെന്ന് അവരില്‍ അവബോധമുളവാക്കും തരത്തിലുള്ള വിലയിരുത്തലിന് സഹായിക്കുന്ന ഒരു ഓഫീസറെയാണ് അന്വേഷിക്കുന്നത്. പരിചരണം ആവശ്യമായിരിക്കുന്ന വൈദികരുടെ ശാരീരികവും വൈകാരികവും മാനസികവുമായ സുസ്ഥിതി (physical, emotional, and mental wellbeing) വിലയിരുത്തുന്ന ഒരു ഓഫീസറായിരിക്കും ഇത്.
നമ്മുടെ നാട്ടില്‍ ഒരു വൈദികനെ ഇടവകയിലേക്കയച്ചാല്‍ ആ വൈദികന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുവാനും ജീവിത സാഹചര്യങ്ങള്‍ നല്ലതാണോയെന്ന് മനസ്സിലാക്കുവാനുമുള്ള സംവിധാനങ്ങളും താല്‍പര്യങ്ങളും നമുക്കുണ്ടോ? അധികാരികള്‍ അതിന് സമയം ചെലവഴിക്കാറുണ്ടോ?
വൈദികരുടെ എണ്ണക്കുറവുമൂലം അവര്‍ക്കുള്ള ജോലി ഭാരത്തിന്റെ ആധിക്യത്തില്‍ നിന്നും ഉളവാകുന്ന സമ്മര്‍ദങ്ങളുടെ വെളിച്ചത്തിലാണ് ഇത്തരത്തിലുള്ള ഒരു നിയമനം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രായമായവരും വിരമിച്ചവരുമായ വൈദികരുടെ ശാരീരിക സുസ്ഥിതി മാത്രമല്ല, എല്ലാ വൈദികരുടെയും മാനസിക സുസ്ഥിതിയെ സഹായിക്കുന്നതിനും, അവരുടെ ശുശ്രൂഷയിലുള്ള വെല്ലുവിളികളെ മനസ്സിലാക്കുന്നതിനും, അവരുടെ ജീവിതത്തിന്റെ സമൂല സന്തുലനം (holistic balance) നേടുന്നതിന് സഹായിക്കുന്നതുമാണ് ഈ നിയമനം.
ഈ പുതിയ നിയമനത്തെക്കുറിച്ച് ആ രൂപതയുടെ വക്താവ് പറഞ്ഞത് യഥാര്‍ത്ഥത്തില്‍, തന്റെ വൈദികരുടെ ക്ഷേമത്തിനുള്ള ഈ രൂപതയുടെ ബിഷപ്പിന്റെ താത്പര്യമാണ് ഈ പുതിയ നിയമനം. നമ്മുടെ നാട്ടില്‍ ഒരു വൈദികനെ ഇടവകയിലേക്കയച്ചാല്‍ ആ വൈദികന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുവാനും ജീവിത സാഹചര്യങ്ങള്‍ നല്ലതാണോയെന്ന് മനസ്സിലാക്കുവാനുമുള്ള സംവിധാനങ്ങളും താത്പര്യങ്ങളും നമുക്കുണ്ടോ? അധികാരികള്‍ അതിന് സമയം ചെലവഴിക്കാറുണ്ടോ? ജീവിത സമ്മര്‍ദങ്ങളും മാനസ്സിക പിരിമുറുക്കങ്ങളും ഏറിവരുന്ന ഇക്കാലഘട്ടത്തില്‍ നമ്മുടെ രൂപതകളും സന്യാസ സഭകളും വൈദികരുടെയും സമര്‍പ്പിതരുടെയും ക്ഷേമത്തിനായുള്ള സംവിധാനങ്ങള്‍ വിഭാവനം ചെയ്യുന്നതിന് വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള ഇത്തരം മാതൃകകള്‍ പ്രചോദനമാകട്ടെ.