സര്‍, അത് ശരിയായില്ലല്ലൊ!!

സര്‍, അത് ശരിയായില്ലല്ലൊ!!
സമര്‍പ്പിതരുടെ സ്വന്തം മാതാവോ പിതാവോ മരണാനന്തര സഹായത്തിനായി അപേക്ഷിച്ചാല്‍ മാത്രമേ സാധുവാകുകയുള്ളു എന്ന നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായേ കാണാന്‍ കഴിയുന്നുള്ളു.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് വന്ന ജീവിതനഷ്ടത്തിന് ആനുപാതികമല്ലെങ്കിലും ആ കുടുംബത്തിന്റെ ദുഃഖത്തില്‍ രാജ്യവും സഹജീവികളും പ്രതീകാത്മകമായി പങ്കുചേരുന്നു എന്നതിന്റെ സൂചനയായി ഒരു നിശ്ചിതസംഖ്യ നല്‍കണമെന്ന് സുപ്രീം കോടതിയുടെ റഫറന്‍സോടുകൂടി ഉന്നത തലത്തില്‍ തീരുമാനമുണ്ടായല്ലൊ. ഈ തുക വിതരണം ചെയ്യുന്നതില്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കാലതാമസം വരുത്തരുതെന്ന് കോടതിയും കേന്ദ്രസര്‍ക്കാറും ഉദ്യോഗസ്ഥവൃന്ദത്തിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും, കോവിഡ് മൂലം മരണപ്പെട്ട സന്യാസിനികള്‍ക്ക് നിഷേധിക്കപ്പെട്ടു എന്ന വാര്‍ത്ത അസ്വസ്ഥത ജനിപ്പിക്കുന്നു. വാര്‍ത്ത സത്യമാവില്ലെന്ന് വിശ്വസിക്കാനാണ് എന്റെ ആഗ്രഹം.

പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മനസ്സിലാക്കുന്നു. കൊച്ചിയിലെ സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് കോണ്‍ഗ്രിഗേഷനിലെ മരണപ്പെട്ട സന്യാസിനികള്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെട്ടതായി അറിയുന്നു. സന്യാസസമൂഹ മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ പലതവണ കണ്ട് അപേക്ഷിച്ചിട്ടും, പരിഗണിക്കപ്പെട്ടില്ല. കോവിഡ് ധനസഹായത്തിന് സന്യസ്തര്‍ക്ക് അര്‍ഹതയില്ലെന്ന പ്രതികരണമാണത്രെ ഉദ്യോഗസ്ഥന്മാര്‍ നല്‍കിയത്. ഏറ്റവും സഭ്യമായ ഭാഷയില്‍ പറഞ്ഞാല്‍ത്തന്നെ ഇത് വിവേചനമാണ്. റജിസ്റ്റര്‍ ഓഫീസില്‍ രേഖകളില്‍ സന്ന്യസ്തരുടേയും വൈദികരുടേയും പിതാവിന്റേയും മാതാവിന്റേയും സ്ഥാനത്ത് രക്ഷകര്‍ത്താവായി രേഖപ്പെടുത്തുന്നത് 'സുപ്പീരിയര്‍' എന്നാണ്. റജിസ്റ്റര്‍ രേഖകളില്‍ ഇവരുടെ ജോലിക്ക്, 'ദൈവവിചാരം' എന്ന പഴയ മലയാളപദമാണ് ഉപയോഗിക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിലും അനുബന്ധ റെക്കോര്‍ഡുകളിലും സന്യസ്തരുടെ രക്ഷകര്‍ത്താക്കളുടെ സ്ഥാനത്ത് 'സുപ്പീരിയര്‍' എന്നാണ് രേഖപ്പെടുത്തുന്നത്. ചുരുക്കത്തില്‍ സമര്‍പ്പിതരുടെ രക്ഷാകര്‍ത്താവ് സുപ്പീരിയര്‍ തന്നെയാണ് എന്നത് നിയമ വ്യവസ്ഥ അംഗീകരിച്ചിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ, സമര്‍പ്പിതരുടെ സ്വന്തം മാതാവോ പിതാവോ മരണാനന്തര സഹായത്തിനായി അപേക്ഷിച്ചാല്‍ മാത്രമേ സാധുവാകുകയുള്ളു എന്ന നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായേ കാണാന്‍ കഴിയുന്നുള്ളു.

ഇത് കേവലം നീതി നിഷേധം മാത്രമായി സമര്‍പ്പിതനായ ഈ ലേഖകന് കാണാന്‍ സാധിക്കുന്നില്ല. എല്ലാ സമര്‍പ്പിതര്‍ക്കും ഭാരതത്തിലെ ഒരു പൗരനുള്ള അവകാശമുണ്ട്. ഇത് ഭരണഘടന അംഗീകരിച്ചതുമാണ്.

ഇന്നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടേയും സ്വജനപക്ഷപാതത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ വിവേചനവും.

തികച്ചും അധാര്‍മ്മികമായ ഈ നിലപാട് സമര്‍പ്പിത സമൂഹത്തിന് പുറത്തുള്ളവര്‍ ഗൗരവമായി മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. കേരളത്തില്‍ സ്ത്രീ വിദ്യാഭ്യാസമടക്കം സാക്ഷരതയ്ക്ക് കാര്യമായി അടിവാരമിട്ടത് വൈദികരും സമര്‍പ്പിതസമൂഹവുമാണ്. ത്യാഗത്തിന്റെ ഭാഗമായി ഇവര്‍ക്കു ലഭിക്കുന്ന വേതനം സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും ഉപരിക്ഷേമത്തിനുമായി സ്വമേധയാ സഭാധികാരികളെ ഏല്‍പ്പിക്കുകയാണ്. ഈ ത്യാഗം സമൂഹം കാണാതെ പോകരുത്. വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, ആതുരസേവന രംഗത്തും സമര്‍പ്പിതര്‍ ജീവന്‍ പണയപ്പെടുത്തി ചെയ്യുന്ന സേവനങ്ങള്‍ ചെറുതല്ല. ഇതൊന്നും സ്വന്തം സുഖസൗകര്യങ്ങള്‍ക്കുമല്ല. ഈയടുത്ത കാലത്തായി പൊതുരോഗ ശുശ്രൂഷ മേഖലയ്ക്ക് വലിയ ഫണ്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും, പല തട്ടുകളിലായി അത് ദുരുപയോഗപ്പെടുത്തുന്നത് വിജിലന്‍സ് വിഭാഗത്തിലെ മനഃസ്സാക്ഷിയുള്ള ഉദ്യോഗസ്ഥന്മാര്‍ തുറന്നുകാണിക്കുന്നുണ്ടല്ലോ. സര്‍ക്കാര്‍ വക എത്ര ഫണ്ട് ഇറക്കിയാലും, സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടേയും ഒരു മനസ്സ് സൃഷ്ടിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിയുമോ? രാഷ്ട്രീയത്തിന്റേയും സംഘടനാബലത്തിന്റെയും പേരില്‍ അവര്‍ ഉടനെ മുഷ്ടിചുരുട്ടിപ്പിടിക്കുമെന്നതിനാല്‍ അഴിമതി കൈയ്യോടെ പിടിക്കപ്പെട്ടാലും ഒരു ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളില്‍, വേതനത്തെ സേവനമാക്കാന്‍ സമര്‍പ്പിതസമൂഹത്തിനേ സാധിക്കുകയുള്ളൂവെന്ന് സഭയെയും സമര്‍പ്പിതസമൂഹത്തേയും എതിര്‍ക്കുന്നവര്‍ പോലും രഹസ്യമായി സമ്മതിക്കും.

കോവിഡ് ചികിത്സാവേളയില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ബെഡുകള്‍ തികയാതെ വന്നപ്പോഴും, സമര്‍പ്പിതരായ ബഹു. സിസ്റ്റര്‍ നേഴ്‌സുമാരുടെ സേവനം പ്രതീക്ഷിച്ച് മിഷനാസ്പത്രികളില്‍ അഡ്മിറ്റായവരുടെ എണ്ണം നൂറുകണക്കല്ല, ആയിരക്കണക്കിനായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ എട്ടോ പത്തോ പ്രാവശ്യം രോഗികളുടെ അവസ്ഥ പരിശോധിക്കാനും ഗുളിക, കുത്തിവെപ്പ്, ഓക്‌സിജന്‍, ഭക്ഷണം എന്നിവ നല്‍കാനും സിസ്റ്റര്‍ നേഴ്‌സുമാര്‍ വന്നിരുന്നത് ഒരു കോവിഡ് രോഗിയായിരുന്ന എനിക്ക് മറക്കാനാകുന്നില്ല. സമര്‍പ്പിത വസ്ത്രത്തിനു മുകളിലായി PPE KIT ധരിക്കുമ്പോഴുണ്ടാകുന്ന ചൂടും, മാസ്‌ക്ക് വയ്ക്കുമ്പോഴുണ്ടാകുന്ന ശുദ്ധവായു ശോ ഷണവും അവര്‍ രോഗികള്‍ക്കു വേണ്ടി സമര്‍പ്പിച്ച ശുശ്രൂഷയാണ്. അത് ദൈവസേവനമായി പരിഗണിക്കാന്‍ സമര്‍പ്പിത ആരോഗ്യ പ്രവര്‍ത്തകര്‍ക്കേ കഴിയൂ. സര്‍വ്വോപരി ഇവര്‍ തങ്ങളുടെ രോഗികള്‍ക്കായി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയുടെ മൂല്യം ചെറുതായിരുന്നില്ല.

ഭാരതത്തില്‍ ഒന്നരലക്ഷത്തോളം നേഴ്‌സുമാര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗികക്കണക്ക്. യഥാര്‍ത്ഥത്തില്‍ അതിലും കൂടുതലുണ്ടായിരുന്നിരിക്കാം. എന്തായാലും ഇതില്‍ മുപ്പതു ശതമാനവും സിസ്റ്റര്‍ വ്രതമുള്ള നേഴ്‌സുമാരായിരിക്കും. അങ്ങനെ ത്യാഗത്തിന്റെ ആള്‍രൂപങ്ങളായി മാറി സ്‌നേഹത്തിന്റെ ബലിവേദിയില്‍ എരിഞ്ഞടങ്ങിയ ബഹു. സിസ്റ്റേഴ്‌സിനോടുള്ള വിവേചനപരമായ സമീപനം നന്ദികേടും തീര്‍ത്തും അപലപനീയവുമാണ്. ഈ തെറ്റ് തിരുത്താന്‍ ഇനിയും വൈകിക്കൂട. കൊടി പിടിക്കുന്നവര്‍ക്ക് മാത്രമല്ലല്ലൊ അവകാശങ്ങള്‍!! എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വോട്ടുനേടിയവര്‍ ആത്മപരിശോധന ചെയ്യട്ടെ.

അനുബന്ധചിന്ത: അരുണാചല്‍ പ്രദേശത്തിന്റെ സാക്ഷരത നിരക്ക് അറുപതുശതമാനമായി വര്‍ദ്ധിച്ചത് സഭയുടെ വിദ്യാഭ്യാസ സേവനത്തിന്റെ മികവാണെന്ന് മിയാവോ ബിഷപ്പ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍. അവഗണിക്കപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് അവിടെ വിദ്യാഭ്യാസ മിഷന്‍. അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വം തന്നെ ഏറ്റവും വലിയ തെളിവ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org