താഴ്മതാനഭ്യുന്നതി!

താഴ്മതാനഭ്യുന്നതി!

ഫാ. ജോയ് കണ്ണമ്പുഴ

ഫാ. ജോയ് കണ്ണമ്പുഴ
ഫാ. ജോയ് കണ്ണമ്പുഴ

1992 ജൂണ്‍ മുതല്‍ 1996 മാര്‍ച്ച് വരെ ഏകദേശം 4 വര്‍ഷമാണ് ഞാന്‍ എറണാകുളം അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി സേവനം ചെയ്തത്. ചാര്‍ജ് എടുത്ത അന്നു തന്നെ വന്ദ്യപിതാവിനെ കാണാന്‍ ചെന്നപ്പോള്‍ പിതാവ് എനിക്ക് തന്ന ഒരു ചുമതല തന്നില്‍ എന്തെങ്കിലും പോരായ്മകളോ കുറവുകളോ കണ്ടാല്‍ അക്കാര്യം തന്നെ അറിയിച്ച് തിരുത്തണമെന്നതായിരുന്നു. വൈദികനായി 48 വര്‍ഷം പിന്നിട്ട, അതില്‍ തന്നെ 34 വര്‍ഷം മെത്രാനും, മെത്രാപ്പോലീത്തയും, കര്‍ദിനാളും ഒക്കെ ആയി വലിയ സേവനം കാഴ്ചവച്ച് സഭയെ നയിക്കുന്ന വന്ദ്യ പിതാവാണ് പൗരോഹിത്യത്തില്‍ കേവലം ശിശുവായ (3 വര്‍ഷം) എന്നോട് പിതാവിനെ തിരുത്തണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാത്ത ഒരവസ്ഥയിലായിപ്പോയി. പിതാവ് ഒരുപാട് കാര്യങ്ങളില്‍ എന്നെ തിരുത്തേണ്ടി വരും എന്ന് മാത്രമേ അപ്പോള്‍ ഞാന്‍ പ്രതികരിച്ചുള്ളൂ. സ്വര്‍ഗത്തില്‍ പിതാവായ ദൈവത്തോടൊപ്പമുള്ള സമാനത വിട്ട് ഈ മണ്ണിലെത്തി നിസ്സാരരില്‍ നിസ്സാരനായി കാലിത്തൊഴുത്തില്‍ പുത്രനായ ദൈവം പിറന്നു വീണപ്പോള്‍ സകല മനുഷ്യരും അതു വഴി കുറെ ഉയര്‍ത്തപ്പെട്ടതുപോലെ, വന്ദ്യപിതാവിന്റെ വിനയാന്വിതമായ ആ പെരുമാറ്റം എന്നെയും ഒരുപാട് ഉയര്‍ത്തി. വാസ്തവത്തില്‍ പ. കന്യകാമറിയത്തെപ്പോലെ (തന്റെ ദാസിയുടെ താഴ്മയെ ദൈവം ഉയര്‍ത്തിയതുപോലെ) അവിടെ ഉയര്‍ന്നു ശോഭിച്ചത് വന്ദ്യ പിതാവ് തന്നെയാണ്. താഴ്മതാനഭ്യുന്നതി! വന്ദ്യ പിതാവിന്റെ ഉയര്‍ച്ചകളുടെയും സ്ഥാനലബ്ധികളുടെയും ഉറവിടം ഈ എളിമപ്പെടലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ ചാര്‍ജ് എടുത്തതിനു ശേഷം അതേവര്‍ഷം തന്നെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെടുകയും, പടിയറ പിതാവ് ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് ആവുകയും, ഒപ്പം പേപ്പല്‍ ഡെലിഗേറ്റ് ആയി ആര്‍ച്ചുബിഷപ്പ് മാര്‍ എബ്രാഹം കാട്ടുമന നിയമിതനാവുകയും ചെയ്തു. മൈസൂര്‍ രൂപതയില്‍ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച്, ഊട്ടി രൂപതയുടെ പ്രഥമ മെത്രാനായും, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്തയായും, പിന്നീട് എറണാകുളം അതിരൂപത മെത്രാപ്പൊലീത്തയായും സേവനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടതിനാലും, കൂടാതെ സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കൂടി ആയതിനാലും എറണാകുളത്ത് മാത്രം പിതാവിന്റെ സേവനം ഒതുങ്ങിയില്ല. സേവന മേഖല കൂടുതല്‍ വിപുലമായതിനാല്‍ കേരളത്തിലെ മൂന്ന് റീത്തുകളിലെയും മിക്കവാറും എല്ലാ രൂപതകളിലും, കേരളത്തിന് വെളിയില്‍ പല രൂപതകളിലും ശുശ്രൂഷകള്‍ക്കായി പിതാവ് ക്ഷണിക്കപ്പെടുമായിരുന്നതിനാല്‍ പിതാവിനോടൊപ്പം അനേകം സഭാ കേന്ദ്രങ്ങളും, രൂപതാ ആസ്ഥാനങ്ങളും, സ്ഥാപനങ്ങളും, പള്ളികളും സന്ദര്‍ശിക്കാന്‍ എനിക്കും അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വാര്‍ദ്ധക്യ സഹജമായ പ്രശ്‌നങ്ങളും പാര്‍ക്കിന്‍സന്‍സ് അസുഖവും ഉണ്ടായിട്ടും എന്തുമാത്രം പ്രോഗ്രാംസ് ഉണ്ടായാലും, അതിനു വേണ്ടി ദീര്‍ഘയാത്ര ചെയ്യേണ്ടി വന്നാലും അവ കഴിഞ്ഞു വളരെ വൈകി അരമനയിലെത്തിയാലും പിതാവ് താമസിച്ചിരുന്ന മുകളിലെ നിലയിലേക്ക് കയറുവാന്‍ അരമനയിലെ ലിഫ്റ്റ് പിതാവ് ഉപയോഗിക്കാറില്ല. അരമന കവാടത്തിലെ സ്റ്റെപ്പുകള്‍ പിതാവ് ചവിട്ടി കയറുമ്പോള്‍ ഒരു നിഴല്‍ പോലെ ഞാനും പുറകെ സ്റ്റെപ്പുകള്‍ കയറുന്നതിനിടയില്‍ ഒരു മുന്‍കരുതല്‍ എന്ന രീതിയില്‍ പിതാവിനെ സ്പര്‍ശിക്കാതെ തന്നെ എന്റെ വലതുകൈ പിതാവിനു പുറകില്‍ താങ്ങായിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പലവട്ടം പിതാവ് തെന്നിമറിയാന്‍ തുടങ്ങുമ്പൊഴേക്കും എന്റെ കൈ പിതാവിനെ താങ്ങി സുരക്ഷിതമായി പിതാവിനെ മുറിയില്‍ എത്തിക്കുമായിരുന്നു. ദിവസവും അതിരാവിലെ ഉണര്‍ന്ന് 5 മണി മുതല്‍ 6 വരെ എറണാകുളം സിറ്റിയിലൂടെയുള്ള നടത്തത്തിനും ഞാന്‍ കൂട്ട് പോകുമായിരുന്നു. ശക്തിയായി മഴ പെയ്താല്‍ പോലും ആ നടത്തത്തിനു പിതാവ് ഭംഗം വരുത്താറില്ല. ഞാന്‍ അതിനെ വിശേഷിപ്പിച്ചിരുന്നത് 'ദിവസേനയുള്ള പിതാവിന്റെ പട്ടണം ചുറ്റിയുള്ള പ്രദക്ഷിണം' എന്നായിരുന്നു.
വന്ദ്യ പിതാവില്‍ നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കിട്ടിയ വലിയ അനുഗ്രഹമായിട്ടു മാത്രമേ ആ കാലത്തെക്കുറിച്ചു ഞാന്‍ ഓര്‍മിക്കുന്നുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org