മൗനം ജനിക്കുന്നത് ഭയത്തില്‍ നിന്ന് ?

മൗനം ജനിക്കുന്നത് ഭയത്തില്‍ നിന്ന് ?

ഒടുവില്‍ സഭ അപകടകരമായ മൗനം വെടിഞ്ഞു.

അതിന് മണിപ്പൂരിലെ നൂറുകണക്കി ന് വിശ്വാസികളുടെ രക്തം തെരുവില്‍ പടരേണ്ടി വന്നു. ഇരുന്നൂറിലധികം ആരാധനാലയങ്ങള്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ തകര്‍ക്കപ്പെടേണ്ടിവന്നു. ഇത്രയും കാലം ഉത്തരേന്ത്യയില്‍ നിര്‍ബാധം തുടര്‍ന്ന ക്രൈസ്തവവേട്ടകളെ കാണാതെ പോയവര്‍, ഇപ്പോഴെങ്കിലും ഉരിയാടിയത് നിവൃത്തികേടുകൊണ്ടു മാത്രമാണ്. യൂണിയന്‍ സര്‍ക്കാരിനെയും അവരുടെ പിണിയാളുകളായ ഏജന്‍സികളെയും ഭയന്നാണ് മോദിസ്തുതികളുമായി ഇത്രയും കാലം കണ്ണടച്ചിരുട്ടാക്കിയതെന്ന ആക്ഷേപം പൊതുവിലുണ്ട്. നമുക്കത് വിശ്വസിക്കേണ്ട. പക്ഷെ, ഇത്രയും കാത്തിരിക്കണമായിരുന്നോ ഒന്നുരിയാടാന്‍ എന്ന ചോദ്യം ഉള്ളുലയ്ക്കുന്നുണ്ട്.

നമ്മളെ മറ്റുള്ളവര്‍ പീഡിപ്പിക്കുമ്പോള്‍ അലമുറയിടുന്നതില്‍ അര്‍ത്ഥമില്ല. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് വിശ്വാസികള്‍ക്കായി ക്രിസ്തു നല്കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം മാത്രമാണ്. സഹിക്കുന്നവരോട് ചേര്‍ന്ന് സഹിക്കാനും ക്രിസ്തുവിന് സാക്ഷിയാകാനും നമുക്കു കഴിയണം. കേരള സഭ, അതിന്റെ ഭാഗമായി ഒരു ദിവസം ഉപവസിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. ആരെയും വിമര്‍ശിക്കാനല്ല, നമ്മുടെ സാഹോദര്യഭാവനയെ ഓര്‍ത്തു പറഞ്ഞതാണ്. ആധുനിക മലയാളകവിതയിലെ മനുഷ്യവിമോ ചനത്തിന്റെ സ്വരമായ എന്‍ വി യുടെ വരികള്‍ ഓര്‍മ്മയുണ്ടോ?

എങ്ങു മനുഷ്യനു ചങ്ങല കൈകളി

ലങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ

ണെങ്ങോ മര്‍ദ്ദന, മവിടെ പ്രഹരം

വീഴുവതെന്റ പുറത്താകുന്നു.

ഇങ്ങനെ ഒരു ബോധം നമുക്കു നഷ്ടമായിരിക്കുന്നു. സഹിക്കുന്നവരോടൊത്ത് സഹിക്കാനും പക്ഷംചേരാനും നമുക്കു കഴിയേണ്ടതുണ്ട്. എന്നാല്‍ ജനാധിപത്യ ഇന്ത്യയില്‍ മനുഷ്യത്വം ചവുട്ടിമെതിക്കപ്പെടുന്നതിനെതിരെ നാളിതുവരെ പുലര്‍ത്തിയ മൗനത്തിന്റെ കൂടു പൊട്ടിക്കാന്‍ ഇത്തരുണത്തിലെങ്കിലും തയ്യാറായത് വലിയ കാര്യം തന്നെയാണ്.

രാഷ്ട്രീയ ഹിന്ദുത്വം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന എല്ലാ അതിക്രമങ്ങളോടും പ്രതികരിക്കേണ്ടതും പീഡിതരോടും അരികുവല്‍ക്കരിക്കപ്പെടുന്നവരോടും പക്ഷം ചേരേണ്ടതും നീതിക്കുവേണ്ടി പോരാടേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്നും വിശ്വാസസമൂഹത്തിന്റെ കടമയാണെന്നും മറന്നുപോയതിന് നാം അനുതപിക്കേണ്ടിയിരിക്കുന്നു.

മണിപ്പൂര്‍ ഒരു ഒറ്റപ്പെട്ട സംഭവമായി കാണുന്നതും അതിനെ അമര്‍ച്ച ചെയ്യാത്ത ഭരണകൂട ഒത്താശയെ വിമര്‍ശിക്കുന്നതും കൊണ്ട് തീരില്ല നമ്മുടെ കടമയെന്ന് മറക്കരുത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് അകലമില്ലെന്ന് പലവട്ടം നാം നടത്തിയ പ്രസ്താവനകളും നിലപാടുകളും തിരുത്താന്‍ നാം തയ്യാറാകണം. ക്രൈസ്തവര്‍ക്കു നേരെ അക്രമമുണ്ടാകുമ്പോള്‍ മാത്രമല്ല നീതിബോധവും പ്രതിഷേധവും നമുക്ക് ഉണ്ടാകേണ്ടത്. മാനവ സാഹോദര്യത്തിനെതിരായി മതരാഷ്ട്രവാദമുയര്‍ത്തുന്ന എല്ലാ വെല്ലുവിളികള്‍ക്കും എതിരായി ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും നമുക്ക് കഴിയണം.

ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഉണ്ടായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതോ പൊടുന്നനെ സംഭവിച്ചതോ അല്ല. ഏതെങ്കിലും ഗ്രൂപ്പുകളുടെ പ്രാദേശികമായ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള കലാപങ്ങളല്ല അവയുടെ കാരണം. അടിസ്ഥാനപരമായി രാഷ്ട്രീയഹിന്ദുത്വ ത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളും ലക്ഷ്യങ്ങളുമാണ് അവയുടെ പിന്നിലെ ഊര്‍ജം.

സവര്‍ക്കറുടെ ഇന്ത്യ ഹിന്ദുക്കളുടെ പിതൃഭൂമിയും പുണ്യഭൂമിയുമാണെന്ന നിര്‍വചനവും, ആര്‍ എസ് എസ്സിന്റെ പ്രാമാണിക ഗ്രന്ഥമായ ഗോള്‍വര്‍ക്കറുടെ വിചാരധാരയിലെ ആഭ്യന്തര ശത്രുക്കളെക്കുറിച്ചുള്ള വിവരണവും വിശ്വാസപ്രമാണമാക്കിയ മോദി ഗവണ്‍മെന്റിന്റെ പ്രയോഗ പദ്ധതിയാണ് ഈ അതിക്രമങ്ങളിലൂടെ വെളിപ്പെടുന്നത്.

വിചാരധാരയില്‍ മുസ്‌ലീമുകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരാണ് ആഭ്യന്തര ശത്രുക്കള്‍ (ദളിതരെക്കുറിച്ച് നേരിട്ട് പരാമര്‍ശം ഇല്ലെങ്കിലും അവരെ മനുഷ്യരായിപ്പോലും കാണാത്ത മനുഃസ്മൃതിയുടെ പിന്മുറക്കാരാണ് ആര്‍ എസ് എസ്സുകാര്‍ എന്ന് ആര്‍ക്കാണ് അറിയാത്തത്?) എന്ന പ്രയോഗം അന്നത്തെ കാലത്ത് എഴുതപ്പെട്ടതാണെന്നും, ഇന്ന് അവയ്ക്ക് പ്രസക്തിയില്ലെന്നും സംഘപരിവാറും ബി ജെ പിയും വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ വിചാരധാരയെ അധികാര നേട്ടത്തിനായി തള്ളിപ്പറഞ്ഞ് ക്രൈസ്തവ പിന്തുണയ്ക്കായി ശ്രമിക്കുന്ന ഹിന്ദുത്വവാദികളുടെ ഉള്ളറിയാന്‍ ഒരു കലാപത്തോളം കാത്തിരിക്കേണ്ടതില്ല.

2014-ല്‍ ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ ആര്‍ എസ് എസ് തലവനായ മോഹന്‍ ഭാഗവത് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് വിചാരധാരയെപ്പോലും കവച്ചുവയ്ക്കുന്ന വിഭാഗീയ വിദ്വേഷമാണ്. ഇന്ത്യയുടെ ആഭ്യന്തര ഭീഷണികളായ അഞ്ച് ക്ഷുദ്ര ശക്തികളെക്കുറിച്ച് വ്യക്തമായി ഭാഗവത് പറയുന്നു. അഞ്ച് എമ്മുകളാണ് ഈ ക്ഷുദ്രശക്തികള്‍. മാര്‍ക്‌സിസം, മെക്കോളയിസം, മിഷ്ണറീസം, മെറ്റീരിയലിസം ഒടുവില്‍ തീവ്രമുസ്‌ലീം വാദം.

ഇവ ഓരോന്നിനേയും പരിശോധിക്കുമ്പോള്‍ മാത്രമേ, വംശീയ കലാപങ്ങളുടെയും അതിക്രമങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ എന്ന മതരാഷ്ട്രബോധത്തിന്റെ പ്രയോഗരീതിയെ നമുക്ക് തിരിച്ചറിയാനാകൂ.

മാര്‍ക്‌സിയന്‍ ആശയധാരയെക്കുറിച്ച് സഭയ്ക്കുള്ളിലെ കാഴ്ചപ്പാടും വിശകലനവും എന്തെന്നതിനെക്കുറിച്ചല്ല, ഇവിടെ ചിന്ത. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ക്രിസ്തുവിന്റെ മനു ഷ്യത്വത്തെക്കുറിച്ച് താന്‍ ചിന്തിക്കാന്‍ ഇടയായത് യുവ കമ്മ്യൂണിസ്റ്റുകളുമായുള്ള തന്റെ സഹവാസത്തില്‍ നിന്നാണെന്ന് പറയുന്നുണ്ട്. ക്രിസ്തുവിനെ അപരത്വത്തില്‍ ദര്‍ശിക്കാനാകുമ്പോഴാണ് മനുഷ്യാവതാരം നമുക്ക് അനുഭവമാകുക. ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രവാദികള്‍ മാര്‍ക്‌സിസത്തെ എതിര്‍ക്കുന്നത് അതിന്റെ മാനവിക നിലപാടിനെ തങ്ങളുടെ സ്മൃതിബോധം അംഗീകരിക്കാത്തതുകൊണ്ടാണ്. മനുഷ്യരെ ജാതികളായി തരം തിരിക്കുന്ന സവര്‍ണ്ണ മതരാഷ്ട്ര സങ്കല്പമാണ് അതിനു പിന്നില്‍. മനുഷ്യര്‍ വര്‍ഗപരമായാണ് നിര്‍വചിക്കപ്പെടേണ്ടത് എന്നു വന്നാല്‍ ബ്രാഹ്മണിക്കല്‍ ജാതി പാര്‍ട്ടി യായ ബി ജെ പി ക്ക് പിന്നെ നിലനില്പില്ല. അതുകൊണ്ടാണ് ഒരു പ്രബല ശക്തിയല്ലാതിരുന്നിട്ടും തങ്ങളുടെ ആഭ്യന്തര ഭീഷണിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മാര്‍ക്‌സിസ്റ്റുകളാണെന്ന് ഭാഗവത് പറയുന്നത്. ഇവിടെ മാനവികബോധം ഉയര്‍ത്തിപ്പിടിക്കേണ്ട സഭയുടെ നീതിബോധത്തിന് മാര്‍ക്‌സിസ്റ്റ് പക്ഷത്ത് ചേരേണ്ടി വരും.

രണ്ടാമത്തേത് മെക്കോളയിസമാണ്. ഇംഗ്ലീഷ് പഠനമാണ് ലോക വിജ്ഞാനവുമായി നമ്മെ ബന്ധപ്പെടുത്തുന്ന പ്രധാന വാതില്‍. കൊളോണിയിസത്തിന്റെ സംഭാവനയാണത്. കോളനിവാഴ്ചയെ എതിര്‍ക്കുമ്പോഴും അതില്‍ നിന്ന് നാമാര്‍ജിച്ച നവോത്ഥാനത്തിന്റെ പ്രകാശത്തെ നമുക്ക് തള്ളിക്കളയാനാകില്ല. വിദ്യാഭ്യാസത്തിന്റെ ശക്തിയാണ് അന്ധവിശ്വാസങ്ങളെയും സതി അടക്കമുള്ള അനാചാരങ്ങളെയും ജാതി അടിമത്വത്തെയും നിഷേധിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത്. ബ്രിട്ടീഷുകാരുടെ ലക്ഷ്യം എന്തായിരുന്നാലും ലോകത്തെ പ്രധാന ഭാഷയായ ഇംഗ്ലീഷിനെ തിരസ്‌ക്കരിക്കാന്‍ നമുക്കാകില്ല.

ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്ന ഗൂഢ ലക്ഷ്യം ശാസ്ത്രബോധത്തെ പാടെ ഒഴിവാക്കണം എന്നതാണ്. പരിണാമ സിദ്ധാന്തവും, ആവര്‍ത്തനപ്പട്ടികയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് എടുത്തുകളയുകയും, പുരാണത്തിലെ സാങ്കല്പിക നദിയായ സരസ്വതി നദിയെ കണ്ടെത്താന്‍ 500 കോടി അനുവദിക്കുകയും, പശുമൂത്രവും ചാണകവും, യോഗയും, സര്‍വകലാശാല ഗവേഷണ വിഷയങ്ങളായി മാറുകയും ചെയ്യുന്ന പിന്തിരിപ്പന്‍ നയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍, ശാസ്ത്രയുക്തി ബോധവും വൈജ്ഞാനിക സമ്പത്തില്‍ പങ്കാളിത്തവും ഉള്ളവരാകാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

മൂന്നാമത്തെ ക്ഷുദ്ര ശക്തിയായി ഇവര്‍ കാണുന്നത് മിഷനറി പ്രവര്‍ത്തനത്തെയാണ്. മുസ്‌ലീം ജനതയെയാകെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ കൊളോണിയല്‍ ചരിത്ര സങ്കേതങ്ങളെയും സാമ്രാജ്യത്വത്തിന്റെ പ്രചാരവേലകളെയും കൂട്ടുപിടിക്കുന്നവര്‍ക്ക്, ക്രൈസ്തവരെ ശത്രുക്കളായി പ്രഖ്യാപിക്കാന്‍ വഴിയേതും ഇല്ലാത്തതുകൊണ്ട് മതപരിവര്‍ത്തനത്തിന്റെ പേര് ചാര്‍ത്തുന്നതിന്റെ ഭാഗമായാണ് മിഷ്ണറിസം എന്ന പ്രയോഗം ഇവര്‍ ഉപയോഗിക്കുന്നത്. വിശുദ്ധയായ മദര്‍ തെരേസയെ എതിര്‍ക്കുന്നതും അതുകൊണ്ടു തന്നെ. ബി ജെ പി ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടു വന്നു കഴിഞ്ഞു. മതപ്രചാരണം ഭരണഘടനാപരമായ പൗരാവകാശമായിരിക്കെ, ഈ നിയമം കൊണ്ടും പ്രയോഗം കൊണ്ടും ക്രിസ്ത്യാനികളെ പീഡിപ്പിക്കാനും ഉന്മൂലനം ചെയ്യാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ ഐക്യം തകര്‍ത്ത് ലാഭം കൊയ്യാന്‍, ഇല്ലാത്ത ലൗജിഹാദും നക്കോര്‍ട്ടിക് ജിഹാദും പ്രയോഗിക്കുന്നവരുടെ വാള്‍മുന ക്രൈസ്തവര്‍ക്കു നേരെയുമുണ്ട് എന്നത് മറക്കാതിരിക്കുക. ഇതിന് തെളിവാണ് ഒടുവിലായി മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികവാദത്തെ നാലാമത്തെ ക്ഷുദ്ര ശക്തിയായി ആര്‍ എസ് എസ് പ്രഖ്യാപിക്കുന്നു. ഇവരുടെ സ്ഥാപക നേതാക്ക ളില്‍ പ്രമുഖനായ സവര്‍ക്കര്‍ നിരീശ്വരവാ ദിയായിരുന്നു. മതത്തെ ധാര്‍മ്മിക മൂല്യമായി കാണാതെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന സംഘപരിവാറിന്റെ ലക്ഷ്യം ആത്മീയമല്ല എന്നിരിക്കെ, ഭൗതികവാദത്തെ അവര്‍ എതിര്‍ക്കുന്നതില്‍ എന്താണ് അര്‍ത്ഥം. ജീവിതം എത്രത്തോളം ആത്മീയമായിരിക്കുന്നുവോ അത്രത്തോളം അത് ഭൗതിക യാഥാര്‍ത്ഥ്യങ്ങളിലാണ് പ്രയോഗ വല്‍ക്കരിക്കപ്പെടുന്നത്. ആത്മീയതയെയും ഭൗതികതയെയും കുറിച്ച് ഗാന്ധി പറയുന്നു. ഒരാള്‍ അയാള്‍ക്കുവേണ്ടി മാത്രം അധ്വാനിക്കുമ്പോള്‍ അത് ഭൗതികവും, അപരനുവേണ്ടിയാകുമ്പോള്‍ അത് ആത്മീയവും. ആത്മീയത സ്വയം അപരന്റെ ഭൗതിക യാഥാര്‍ത്ഥ്യമായ വിശപ്പിനുള്ള ഭക്ഷണമായി അര്‍പ്പിക്കുന്നതിന്റെ പേരാണ്. ഭൗതികതയെ ഉപകരണവാദപരമായി അംഗീകരിക്കുന്നവര്‍ അതിനെ മാനവിക സ്‌നേഹത്തിന്റെ പ്രയോഗമാക്കുന്നതിനെ എതിര്‍ക്കുന്നു.

അഞ്ചാമത് മുസ്‌ലീം എക്‌സ്ട്രീമിസമാ ണ്. ഇന്ത്യയില്‍ മുസ്‌ലീം സമൂഹത്തെയാ കെ ശത്രുവായി നിര്‍വചിച്ചും, മതത്തിന്റെ പേരില്‍ പീഡിപ്പിച്ചും തീവ്രവാദത്തിന് വാ തില്‍ തുറന്നു കൊടുക്കുന്നത് വാസ്തവ ത്തില്‍ സംഘപരിവാറല്ലേ? എല്ലാ മതവി ഭാഗങ്ങള്‍ക്കകത്തും മതമൗലികവാദി കളും തീവ്രവാദികളുമുണ്ട്. ലോകത്ത് മുസ്‌ലീം തീവ്രവാദികളുണ്ട്. അതുകൊണ്ട് എല്ലാ മുസ്‌ലീങ്ങളെയും സംശയത്തോടെ കാണാനും അവര്‍ക്കെതിരെ വിദ്വേഷം വമിപ്പിച്ച് രാജ്യത്തെ വര്‍ഗീയമായി വിഭജി ച്ച് അധികാരമുറപ്പിക്കാനും ഹിന്ദുത്വ രാഷ്ട്രീയമൊരുക്കുന്ന പദ്ധതിയുടെ ഭാഗമല്ലേ മുസ്‌ലീം എക്‌സ്ട്രീമിസം?

വര്‍ഗീയവാദത്തിന് മതമില്ല. അത് പല കുപ്പായങ്ങള്‍ ധരിക്കും. ആര്‍ എസ് എസ്സി ന് ഹിന്ദു മത ധര്‍മ്മവുമായി ബന്ധമില്ല. ഹിന്ദുക്കള്‍ വര്‍ഗീയ വാദികളുമല്ല. ആര്‍ എസ് എസ് രാഷ്ട്രീയ അടിത്തറയാക്കിയ ഹിന്ദുത്വയുടെ ഇന്ത്യയെ മതരാഷ്ട്രവല്‍ ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് രാജ്യത്തെമ്പാടും അരങ്ങേറുന്ന വംശഹത്യകളും വര്‍ഗീയ കലാപങ്ങളും. അതു തിരി ച്ചറിഞ്ഞ് മാനവസ്‌നേഹത്തിന്റെ പതാകയുമായി മതനിരപേക്ഷതയുടെ പക്ഷം ചേരാന്‍ നമുക്കാകണം. ഭരണകൂട ഭീകരത പരത്തുന്ന ഭയത്തിന്റെ നിഴലില്‍ പെടാതെ ഉയര്‍ന്ന ശിരസ്സോടെ നീതിബോധത്തോടെ ക്രിസ്തുവില്‍ സത്യം പറയുന്നവരാകാന്‍ നമുക്ക് കഴിയണം. നീതിക്കുവേണ്ടി നിലകൊണ്ടുകൊണ്ട് ക്രിസ്തുവില്‍ നമുക്കു സഹിക്കാം. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളാം. അതാണ് വിശ്വാസത്തിന്റെ പ്രവൃത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org