കുരുന്നു സ്വപ്നങ്ങൾക്ക് കരുതലുമായി സീക് [SEEK]

സഹൃദയയുടെ പുതിയ സംരംഭം
കുരുന്നു സ്വപ്നങ്ങൾക്ക് കരുതലുമായി സീക് [SEEK]
Published on
  • സ്റ്റാഫ് റിപ്പോർട്ടർ

വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളെ സഹായിക്കുന്നതിന് എന്തെങ്കിലും ചെയ്യുക എന്ന താത്പര്യത്തോടെ തട്ടിൽ ജോർജ്-മേരി ദമ്പതികൾ 55 സെന്റ് സ്ഥലം എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയ്ക്ക് നൽകി. ആലുവ, ദേശം, തുരുത്ത് റോഡിലെ കണ്ണായ സ്ഥലം. അവിടെ എന്തു ചെയ്യാനാകും എന്ന ആലോചന പല പടവുകൾ പിന്നിട്ട് ഇന്ന് കോടികൾ വില മതിക്കുന്ന സീക് എന്ന സ്ഥാപനത്തിന്റെ പിറവിയിലെത്തി നിൽക്കുന്നു. പ്രത്യേകമായ കരുതലും പരിഗണനയും ആവശ്യമുള്ളവരാണോ പിറന്നു വീഴുന്ന കുഞ്ഞുങ്ങളെന്ന് വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ കണ്ടെത്തുകയും അവർക്ക് ഏറ്റവും ശാസ്ത്രീയമായ പിന്തുണ നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ സാധാരണജീവിതത്തിന് അവസരമൊരുക്കുകയും ചെയ്യുകയാണ് സീക് ചെയ്യുന്നത്. സഹൃദയ ഏർലി ഇന്റർവെൻഷൻ ആൻഡ് എംപവർമെന്റ് കേന്ദ്ര എന്നതാണ് സീക്കിന്റെ പൂർണരൂപം. പേരിൽ തന്നെയുണ്ട് സീക്കിന്റെ ദർശനവും സ്വപ്നവും പ്രവർത്തനപദ്ധതിയും.

പ്രത്യേകമായ കരുതലും പരിഗണനയും ആവശ്യമുള്ളവരാണോ പിറന്നു വീഴുന്ന കുഞ്ഞുങ്ങളെന്ന് വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ കണ്ടെത്തുകയും അവർക്ക് ഏറ്റവും ശാസ്ത്രീയമായ പിന്തുണ നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ സാധാരണജീവിതത്തിന് അവസരമൊരുക്കുകയും ചെയ്യുകയാണ് സീക് (SEEK) ചെയ്യുന്നത്.

എഴുപതോളം കുട്ടികൾക്ക് ദൈനംദിനം പരിശീലനവും പരിചരണവും നൽകാൻ കഴിയുന്ന വിധത്തിലാണ് സീക്കിലെ സൗകര്യങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ പറഞ്ഞു. നാലു കോടിയോളം രൂപ ചെലവഴിച്ച്, അത്യാധുനികമായ ശാസ്ത്രീയ സംവിധാനങ്ങൾ സീക്കിൽ തയ്യാറാക്കിയിട്ടുണ്ട്. പന്ത്രണ്ടായിരം ചതുരശ്ര അടി വരുന്ന കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കുവാൻ ഫെഡറൽ ബാങ്കും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഇറ്റാലിയൻ മെത്രാൻ സംഘവും സഹായിച്ചു. തട്ടിൽ മേരി - ജോർജ് ദമ്പതികളോടൊപ്പം സഹായിച്ച മറ്റെല്ലാവരോടും നന്ദി രേഖപ്പെടുത്തുകയാണ് സീക് പ്രവർത്തനമാരംഭിക്കുന്ന ഈ ഘട്ടത്തിൽ സഹൃദയയും മറ്റു ഗുണഭോക്താക്കളുമെന്നു ഫാ. പുതിയാപറമ്പിൽ പറഞ്ഞു.

ഒരു കുട്ടിയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങൾ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനശില യാണെന്ന് സീക്കിന്റെ സ്ഥാപന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന കൺസൽട്ടന്റും പ്രൊഫഷണൽ സോഷ്യൽ വർക്കറുമായ ജോൺസ് അഗസ്റ്റിൻ പറഞ്ഞു.

  • ആദ്യകാല ഇടപെടലിന്റെ (Early Intervention) പ്രാധാന്യം

കുട്ടികളുടെ ബൗദ്ധികവും വൈകാരികവും ശാരീരികവുമായ വളർച്ചയിൽ ആദ്യകാലം വളരെ നിർണ്ണായകമാണെന്ന് ശാസ്ത്രം വ്യക്തമാക്കുന്നതായി ജോൺസ് ചൂണ്ടിക്കാട്ടി. മസ്തിഷ്ക വികാസം ഏറ്റവും വേഗത്തിൽ നടക്കുന്ന ഈ ഘട്ടത്തിലാണ് സീക് (SEEK) സജീവമായി ഇടപെടുന്നത്. വളർച്ചാഘട്ടങ്ങളിലെ വെല്ലുവിളികൾ നേരത്തെ തിരിച്ചറിയുന്നതിലൂടെയും (Early Identification) കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിലൂടെയും വികാസപരമായ തടസ്സങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

ഓട്ടിസം (Autism), എ.ഡി.എച്ച്.ഡി (ADHD), സെറിബ്രൽ പാൾസി (Cerebral Palsy) തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് ആദ്യകാലങ്ങളിൽ നൽകുന്ന പിന്തുണ അവരുടെ ഭാവി മാറ്റിമറിക്കാൻ സഹായിക്കും. ബൗദ്ധിക പരിമിതികൾ (Intellectual Disability), പഠന വൈകല്യങ്ങൾ (Learning Disability), മസ്കുലർ ഡിസ്ട്രോഫി (Muscular Dystrophy) തുടങ്ങിയ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി അവരുടെ ഓരോ പ്രത്യേകതകളും പരിഗണിച്ചുകൊണ്ടുള്ള ചികിത്സാ പദ്ധതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികളുടെ ചലനശേഷി, ഭാഷാ വികാസം, സാമൂഹിക ഇടപെടലുകൾ തുടങ്ങി ഓരോ ഡെവലപ്‌മെന്റൽ മൈൽസ്റ്റോണുകളും (Developmental Milestones) കൃത്യമായി നിരീക്ഷിച്ചുകൊണ്ട് ആവശ്യമായ പിന്തുണ സീക് നൽകുന്നു. കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനും, അർത്ഥവത്തായ സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കാനും, ആത്യന്തികമായി അവരെ സ്വതന്ത്രമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയുമാണ് ഇതിലൂടെ സീക് ലക്ഷ്യമിടുന്നത്.

  • സീക്: സേവന സൗകര്യങ്ങൾ

ഓരോ കുട്ടിയും സവിശേഷവ്യക്തിവത്വങ്ങളാണെന്നും അവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ കൃത്യമായ പിന്തുണ വേണമെന്നുമാണ് സീക്കിന്റെ ദർശനം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ ശാസ്ത്രീയമായി നേരിടുന്നതിനായി വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്:

ഫിസിയോതെറാപ്പി (Physiotherapy): ശാരീരിക ചലനശേഷി വർദ്ധിപ്പിക്കാൻ

ഒക്യുപ്പേഷണൽ തെറാപ്പി (Occupational Therapy): നിത്യജീവിതത്തിലെ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കാൻ.

സ്പീച്ച് തെറാപ്പി (Speech Therapy): സംസാരശേഷിയും ആശയവിനിമയവും മെച്ചപ്പെടുത്താൻ.

ബിഹേവിയറൽ തെറാപ്പി (Behavioural Therapy): പെരുമാറ്റ രീതികളിൽ പോസിറ്റീവ് മാറ്റങ്ങൾ വരുത്താൻ.

സെൻസറി ഇന്റഗ്രേഷൻ തെറാപ്പി (Sensory Integration): പഞ്ചേന്ദ്രിയങ്ങളുടെ ഏകോപനം മെച്ചപ്പെടുത്താൻ.

ഗെയിമിഫൈഡ് തെറാപ്പി (Gamified Therapy): കളിയിലൂടെയും വിനോദത്തിലൂടെയും കുട്ടികളെ ചികിത്സാ പ്രക്രിയയുടെ ഭാഗമാക്കാൻ.

വളർച്ചാ വെല്ലുവിളികളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരായി വളർത്തിയെടുക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് സീക്കിന്റെ സ്ഥാപകരും ഗുണകാംക്ഷികളും പ്രവർത്തകരും.

കൂടാതെ റെമീഡിയൽ ടീച്ചിംഗ്, സ്പെഷ്യൽ എഡ്യൂക്കേഷൻ തുടങ്ങിയ സേവനങ്ങളും വിദഗ്ധരായ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ ഇവിടെ ലഭ്യമാണ്.

നവജാതശിശുക്കളെ ആശുപത്രിയിൽ വിശദപരിശോധനയ്ക്കു തയ്യാറാക്കുമ്പോൾ പ്രശ്നങ്ങൾ തിരിച്ചറിയാം. പിന്നീടുള്ള വളർച്ചയുടെ ഓരോ നാഴികക്കല്ലുകളിലും വരുന്ന പോരായ്മകൾ യഥാസമയം തിരിച്ചറിയാൻ സാധിക്കണം. അതതുസമയം സീക് പോലെയുള്ള കേന്ദ്രങ്ങളുടെ സഹായം സ്വീകരിച്ചാൽ സാധാരണ ജീവിതം സാധ്യമാക്കുന്നതിനുള്ള പരിശീലനം കുട്ടികൾക്ക് എളുപ്പത്തിൽ നൽകാൻ സാധിക്കും. വൈകുന്തോറും ഈ ലക്ഷ്യം അകന്നകന്നു പോകും.

വിവിധ തെറപ്പികൾക്കുള്ള ഏറ്റവും ആധുനികമായ സംവിധാനങ്ങളും ഉപകരണ ങ്ങളും വിവിധ മുറികളിലായി ഒരുക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച സ്റ്റാഫംഗങ്ങളെ നിയമി ച്ചിരിക്കുന്നു. ഓരോ കുട്ടിക്കും ഒരുസമയം ഓരോ പരിശീലകർ ആവശ്യമാണ്.

  • കുടുംബങ്ങളെ കരുത്തരാക്കുന്നു

സഹൃദയയുടെ ഓരോ പദ്ധതിയുടെയും കാതൽ കുടുംബങ്ങളുടെ പങ്കാളിത്തമാണെന്നു ഫാ. പുതിയാപറമ്പിൽ ചൂണ്ടിക്കാട്ടി. സീക്കിലും മാതാപിതാക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കൾക്കും കൗൺസിലിംഗും പരിശീലനങ്ങളും നൽകുന്നു. ചികിത്സാ കേന്ദ്രത്തിലെ പുരോഗതി വീടുകളിലും തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

ലക്ഷക്കണക്കിന് കുടുംബങ്ങളിലേക്ക് നേരിട്ടെത്തിയവയാണു സഹൃദയയുടെ സേവനങ്ങൾ. കൃഷി, ആരോഗ്യം, ഭവനനിർമ്മാണം, ദുരന്തനിവാരണം തുടങ്ങി നിരവധി മേഖലകളിൽ സഹൃദയ അതിന്റെ സേവനമെത്തിച്ചിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി പ്രവർത്തിക്കുന്ന സഹൃദയയുടെ ഏറ്റവും പുതിയ ചുവടുവെപ്പാണ് കുട്ടികളുടെ പുനരധിവാസത്തിനായി സമർപ്പിച്ചിരിക്കുന്ന സീക്.

വൈദഗ്ധ്യവും കാരുണ്യവും ഒത്തുചേരുന്നു എന്നതാണ് ഇത്തരം സംരംഭങ്ങളിൽ സീക്കിനെ വ്യത്യസ്തമാക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് ഓരോ കുട്ടിയും ആത്മവിശ്വാസ ത്തോടെ വളരുന്ന ഒരു നാളെയെ ഈ കേന്ദ്രം സ്വപ്നം കാണുന്നു. സഹൃദയയുടെ ആറു പതിറ്റാണ്ടത്തെ പാരമ്പര്യം നൽകുന്ന ആത്മവിശ്വാസവുമായി സീക് അതിന്റെ പ്രയാണം തുടരുമ്പോൾ, അത് നിരവധി കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമായി മാറുന്നു. വളർച്ചാവെല്ലുവിളികളുമായി ജനിക്കുന്ന കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും അവരെ സമൂഹത്തിന്റെ അഭിവാജ്യഘടകമാക്കി മാറ്റാനും സീക് പോലുള്ള സ്ഥാപനങ്ങളാണ് ഇന്നാവശ്യമെന്നു ജോൺസ് പറഞ്ഞു.

വൈദഗ്ധ്യവും കാരുണ്യവും ഒത്തുചേരുന്നു എന്നതാണ് ഇത്തരം സംരംഭങ്ങളിൽ സീക്കിനെ വ്യത്യസ്തമാക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് ഓരോ കുട്ടിയും ആത്മവിശ്വാസത്തോടെ വളരുന്ന ഒരു നാളെയെ ‘സീക്’ [SEEK] സ്വപ്നം കാണുന്നു.

ജന്മനായുള്ള വെല്ലുവിളികൾ ഇന്ന് അനേകരെ ഉത്കണ്ഠാകുലരാക്കുന്ന പ്രശ്നമാണ്. അതിനെ ചൂഷണം ചെയ്യുന്നവരും ഒട്ടേറെയുണ്ടെന്ന് ഈ രംഗത്ത് നിരവധി വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ജോൺസ് അഭിപ്രായപ്പെട്ടു. ഒരു ചെറിയ വീട് വാടകക്കെടുത്ത് ബോർഡും വച്ച്, ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നവരുണ്ട്. കുഞ്ഞിന്റെ ഭാവിയെ കുറിച്ച് മാനസികവ്യഥയനുഭവിക്കുന്ന മാതാപിതാക്കൾ ഇത്തരം സ്ഥാപനങ്ങളിൽ ചെന്നു ചേരുന്നു. വലിയ തുക ദിനംപ്രതി പ്രതിഫലമീടാക്കി, തികച്ചും ലാഭമാഹത്തോടെയാണ് ഇത്തരം പല സ്ഥാപനങ്ങളും പ്രവർത്തിക്കുക. ചിലപ്പോൾ കുറെ നാൾക്കു ശേഷം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യും. കുഞ്ഞുങ്ങളുടെ തുടർപരിശീലനവും പഠനവും താളം തെറ്റും. ധനലാഭമാണു മുഖ്യലക്ഷ്യമെന്നതിനാൽ ആവശ്യത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവില്ല. ശാസ്ത്രീയമായ പരിചരണവുമാകില്ല നൽകുന്നത്. മാതാപിതാക്കളുടെ അറിവില്ലായ്മയും ആകുലതകളും ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു.

എന്നാൽ, സഹൃദയ പോലെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തും സഭയുടെ പിൻബലവും നേതൃത്വനൈരന്തര്യവുമുള്ള പ്രസ്ഥാനങ്ങൾ ഇത്തരം സ്ഥാപനങ്ങൾ നടത്തുമ്പോൾ മേൽപറഞ്ഞ പ്രകാരമുള്ള ആശങ്കകൾക്കും ചൂഷണങ്ങൾക്കും ഇടമില്ലാതാകുകയാണെന്നു ജോൺസ് പറഞ്ഞു. അതു തന്നെയാണ് സഹൃദയ പോലുള്ള പ്രസ്ഥാനങ്ങൾ ഈ രംഗത്തേക്കു കടന്നുവരുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും. ലാഭലക്ഷ്യങ്ങളില്ലാതെ, കുറഞ്ഞ ചെലവിൽ രക്ഷാകർത്താ ക്കൾക്കു സേവനമെത്തിക്കാൻ സീക്കിനു സാധിക്കും.

ഭാവിയിൽ കുട്ടികളെ രക്ഷാകർത്താക്കൾക്കൊപ്പം താമസിപ്പിച്ച് പരിശീലനം നൽകുന്നതിനുള്ള സൗകര്യവും സീക് വിഭാവനം ചെയ്യുന്നുണ്ട്. വളർച്ചാ വെല്ലുവിളികളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ സാധാരണ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരായി വളർത്തിയെടുക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് സീക്കിന്റെ സ്ഥാപകരും ഗുണകാംക്ഷികളും പ്രവർത്തകരും.

  • ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ:

സഹൃദയ സീക് സി.ഡി.സി,

പുറയാർ റെയിൽവേ ഗേറ്റിന് സമീപം, തുരുത്ത് റോഡ്,

ദേശം പി.ഒ, ആലുവ, എറണാകുളം, PIN : 683 102

Tel : +91 484-262 22 33, Mob : +91 906 191 2233,

sahrudaya.seekcdc@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org