
മലയാളത്തിന്റെ അഭിമാനമായ മഹാകവി കുമാരനാശാന്‍ 1924 ജനുവരി 16-ന് 51-ാം വയസ്സില്‍ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ മുങ്ങി മരിച്ചു. റെഡീമര്‍ (രക്ഷകന്‍) എന്നായിരുന്നു ആ ബോട്ടിന്റെ പേര്. ആശാനെ സംബന്ധിച്ചിടത്തോളം രക്ഷകന്‍ അന്തകന്‍ ആയി മാറി.
ഈ ബോട്ടപകടത്തിനും 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1912 ഏപ്രില്‍ 14-ന് ലോകത്തെ നടുക്കിയ മറ്റൊരു ദാരുണ സംഭവമുണ്ടായി. അതാണ് ടൈറ്റാനിക്ക് കപ്പലപകടം.
ഭൂമിയിലെ സ്വര്‍ഗം എന്നു വി ശേഷിപ്പിക്കാവുന്ന കൊട്ടാരസദൃശമായ കൂറ്റന്‍ കപ്പല്‍. ആധുനികമായ എല്ലാവിധ സജ്ജീകരണങ്ങളും സൗകര്യങ്ങളും അതിലൊരുക്കിയിട്ടുണ്ട്. ഈ വിസ്മയക്കപ്പലിന്റെ കന്നിയാത്ര സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കായിരുന്നു.
ഈ പ്രഥമയാത്രയില്‍ തന്നെ സീറ്റുകള്‍ കരസ്ഥമാക്കാന്‍ കോടീശ്വരന്മാരും അവരുടെ കുടുംബാംഗങ്ങളും വ്യവസായ പ്രമുഖരും മറ്റു പ്രാമാണികരും മത്സരിക്കുകയായിരുന്നു. പക്ഷേ, വിധി വൈപരീത്യമെന്നു പറയട്ടെ അതിന്റെ പ്രഥമയാത്ര തന്നെ അന്ത്യയാത്രയായി മാറി.
ഈ ദുരന്തവാര്‍ത്ത കേട്ടു ലോകം ഞെട്ടിവിറച്ചു. ഈ കപ്പല്‍ കണ്ടാല്‍ ദൈവത്തിനുപോലും അസൂയ തോന്നും എന്ന് അഹന്തയോടെ ചിന്തിച്ചവര്‍ അകം നൊന്തു മിഴിച്ചുനിന്നു.
അപ്രതീക്ഷിതവും ഹൃദയഭേദകവുമായ ഇതിന്റെ അന്ത്യത്തെ ത്തുടര്‍ന്നു, അധികം താമസിയാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പല കാലങ്ങളിലായി വിവിധ ഭാഷകളില്‍ നോവലുകളും കഥകളും വിലാപകാവ്യങ്ങളും ഇതര സാഹിത്യരചനകളും പ്രസിദ്ധീകരിക്കപ്പെട്ടു.
വിവിധ രാജ്യങ്ങളില്‍ അതാതു ഭാഷകളില്‍ വിഖ്യാത ചലച്ചിത്രങ്ങളും പുറത്തിറങ്ങി. ഏതാനും വര്‍ഷം മുമ്പ് 'ടൈറ്റാനിക്' എന്ന പേരില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ വിശ്വപ്രസിദ്ധ ചലച്ചിത്രം ഞാനും കുടുംബവും തൃശ്ശൂരിലെ തിയേറ്ററില്‍ പോയി കണ്ടതു ഇവിടെ ഓര്‍ത്തുപോകുന്നു.
അഭ്രപാളികളില്‍ അത്ഭുതം വിരിയിച്ചുകൊണ്ടു നിര്‍മിച്ച ആ ചലച്ചിത്രത്തില്‍, ഭാവനാസമ്പന്നനായ സ്‌ക്രീന്‍പ്ലേ രചയിതാവ് യുവത്വം തുളുമ്പുന്ന ഒരു പ്രണയ ജോടിയെയും അവരുടെ പ്രേമപ്രകടനങ്ങളെയും അത്യാകര്‍ഷകമായി ഉള്‍പ്പെടുത്തിയിരുന്നു. അതു ചലച്ചിത്രത്തിന് തിളക്കം വര്‍ധിപ്പിച്ചു.
ഈ അപകടത്തെപ്പറ്റി കോട്ടയം എസ് പി സി എസ്സിന്റെ വിശ്വ വിജ്ഞാനകോശം വോളിയം 6-ലെ 583-ാം പേജില്‍ താഴെ പറയും വിധം വിവരിച്ചിരിക്കുന്നു: ''സമുദ്ര ഗതാഗത ചരിത്രത്തിലെ അതിദാരുണമായ ഒരു അത്യാഹിതം. 1912 ഏപ്രില്‍ 14 അര്‍ധരാത്രിയോടുകൂടി 46,000 ടണ്‍ കേവുഭാരമുള്ള 'ടൈറ്റാനിക്ക്' എന്ന കൂറ്റന്‍ യന്ത്രക്കപ്പല്‍ ന്യൂ ഫൗണ്ട് ലാന്‍ ഡിന് 150 കി.മീ. തെക്കുവച്ച് ഒരു ഹിമശൈലത്തില്‍ മുട്ടി തകരുക യും 1513 പേര്‍ മുങ്ങിച്ചാവുകയും ചെയ്തു. ടൈറ്റാനിക്ക് ആയിരുന്നു ലോകത്ത് അന്നുള്ളതില്‍ ഏറ്റവും വലിപ്പമേറിയതും സുഖസമൃദ്ധവുമായ യാത്രാനൗക. സമുദ്രത്തില്‍ മുങ്ങിത്താഴാത്ത വിധമായിരുന്നു ഇതു നിര്‍മിക്കപ്പെട്ടിരുന്നത്. ഹിമക്കട്ടയില്‍ മുട്ടിക്കഴിഞ്ഞ ഉടന്‍ കപ്പലിന്റെ വലതുവശത്തള്ള 91 മീറ്റര്‍ വരുന്ന ഭാഗം അടര്‍ന്നു പോവുകയും ഉള്ളില്‍ വെള്ളം കയറി പാതിരകഴിഞ്ഞു 2.20-ഓടുകൂടി സമുദ്രത്തില്‍ താഴുകയും ചെയ്തു. 20 മിനിട്ടു കഴിഞ്ഞപ്പോള്‍ 'കാര്‍പേത്തിയാ' എന്ന കപ്പല്‍ അവിടെ എത്തുകയും ഏതാനും പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കപ്പലില്‍ ജോലിക്കാരായും യാത്രക്കാരായും ആകെ ഉണ്ടായിരുന്നത് 2224 ആളുകളായിരുന്നു. അതില്‍ 711 പേര്‍ രക്ഷപ്പെട്ടു.
ഈ ദുരന്തത്തെ തുടര്‍ന്ന് 1913-ല്‍ ലണ്ടനില്‍ ''സമുദ്രയാത്രാ സു രക്ഷിതത്വത്തിനുള്ള ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ രൂപവല്‍ക്കരിക്കയുണ്ടായി. പല നിയമാവലികളും ഈ സംഘടന അംഗീകരിച്ചു. ഹിമക്കട്ടകളെ തിരഞ്ഞുപിടിക്കാനുള്ള ഒരു കാവല്‍ സംഘവും രൂപല്‍കൃതമായി.''
യാത്രക്കപ്പലുകളില്‍ യാത്രക്കാര്‍ക്കുവേണ്ടി വെള്ളം കേറാത്ത ചെറിയ ചെറിയ അറകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതു തല്‍ഫലമായിട്ടാണ്. കപ്പല്‍ മുങ്ങിയാലും ഏറെ നേരം ഈ അറകള്‍ മുങ്ങാതെ കിടക്കുമ്പോള്‍ ഓരോരുത്തര്‍ക്കായി ലൈഫ് ബോട്ടുകളും ബെല്‍ട്ടുകളും ധരിക്കാന്‍ സൗകര്യം കിട്ടും.
ഈ കപ്പലപകടത്തെക്കുറിച്ച് ഇത്രയും കുറിക്കുവാന്‍ പ്രധാനപ്പെട്ട മറ്റൊരു കാരണവുമുണ്ട്. അധികമാരും അറിഞ്ഞിട്ടില്ലാത്ത ഒന്ന്. ഈ അത്യാഡംബരക്കപ്പലില്‍ ഒരു ജസ്വീട്ടു വൈദികന്‍ യാത്ര ചെയ്തിരുന്നു. ഫാദര്‍ ഫ്രാന്‍സിസ് ബ്രൗണ്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. സമര്‍ത്ഥനും ഭാവനാസമ്പന്നനുമായ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് അദ്ദേഹം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെല്ലുന്ന തരത്തിലുള്ളവയാണ് ഫാദര്‍ പകര്‍ത്തുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍.
ടൈറ്റാനിക്കിലെ കമനീയമായ കാഴ്ചകളും അത്യാകര്‍ഷകമായ ദൃശ്യങ്ങളും ആഹ്ലാദപ്രകടനങ്ങളും ഉല്ലാസരംഗങ്ങളും പ്രണയജോടികളുടെ നൃത്തചുവടുകളും തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിക്കൊണ്ടിരുന്നു. അവ തന്റെ ചിത്രശേഖരത്തിലേക്കു വലിയൊരു മുതല്‍കൂട്ടാവും എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത. മാത്രമല്ല അതുല്യവും അത്യപൂര്‍വവുമായ ആ ദൃശ്യങ്ങള്‍ - ജീ വന്‍ തുടിക്കുന്ന ആ ഫോട്ടോകളുടെ ഒരു പ്രദര്‍ശനം - ഒരു പബ്ലി ക്ക് എക്‌സിബിഷന്‍ - നടത്തിയാല്‍ അതു പൊതുജനങ്ങള്‍ക്ക് ഒരു സ്വര്‍ഗീയ കാഴ്ചയായിരിക്കും എന്നും അദ്ദേഹം മനസ്സില്‍ കണക്കുകൂട്ടി.
ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്നാണ് അദ്ദേഹം കയറിയത്. ന്യൂയോര്‍ക്കിലേക്കു പോകാനായിരുന്നു പ്ലാന്‍. എന്നാല്‍ അയര്‍ലണ്ടിലെ ക്വീന്‍സ് ടൗണില്‍ കപ്പല്‍ നങ്കുരമിട്ടപ്പോള്‍ ജസ്വീട്ടു സുപ്പീരിയറിന്റെ കല്പന വന്നു - യാത്ര മതിയാക്കി ഇറങ്ങിപ്പോരാന്‍. വൈദികന്‍ നടുങ്ങിപ്പോയി.
മുന്‍കൂട്ടി അപേക്ഷിച്ചു അനുവാദം വാങ്ങാതെ കപ്പല്‍യാത്ര ചെയ്തതിനും അതുവഴി ഒരുതരം അനുസരണക്കേട് കാട്ടിയതിനുമുള്ള ശിക്ഷ! വൈദികന് കടുത്ത നൈരാശ്യവും മനഃക്ഷോഭവുമുണ്ടായി. നിമിഷങ്ങളോളം തീപിടിച്ച ചിന്ത! ഒരു വശത്തു മേലധികാരിയുടെ കര്‍ശനമായ കല്പന. മറുവശത്തു സ്വപ്ന സദൃശങ്ങളായ നിരവധി ദൃശ്യങ്ങള്‍ പകര്‍ ത്താന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം. ഈ ചിന്തകള്‍ മനസ്സിനെ കൊളുത്തിവലിക്കുന്നു. ഇതിനകം പരിചയപ്പെട്ട ഒട്ടനവധി സുഹൃത്തുക്കള്‍ പോകരുത് എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി. അതാ കപ്പല്‍ പുറപ്പെടാറായി. ഇനി ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല. ഒടുവില്‍ മേലധികാരിയുടെ കല്പന മാനിച്ച് ഫാദര്‍ ഫ്രാന്‍സിസ് ബ്രൗണ്‍ ക്യാമറയും തൂക്കി ഏറെ ദുഃഖത്തോടെ ഇറങ്ങിപ്പോന്നു.
അത്ഭുതമെന്നു പറയട്ടെ, അത് ഫാദറിനെ സംബന്ധിച്ച ഒരനുഗ്രഹത്തിന്റെ നിമിഷമായി മാറി. ആ കപ്പല്‍യാത്ര തുടരവേ 1912 ഏ പ്രില്‍ 14-ന് അര്‍ദ്ധരാത്രിയോടെ കൂറ്റന്‍ മഞ്ഞുകട്ടയില്‍ തട്ടിത്തകര്‍ന്നു. 1513 പേര്‍ മുങ്ങിമരിച്ചു.
അങ്ങനെ സുപ്പീരിയറിന്റെ കല്പന ഫാദറിന്റെ ജീവന്‍ രക്ഷിച്ചു. യാത്ര നിര്‍ത്തി മടങ്ങിപ്പോരാനുള്ള കല്പനയില്‍ സുപ്പീരിയറിനോട് തോന്നിയ നീരസം ഉപകാരസ്മരണയായി മാറി. ദൈവപരിപാലനയുടെ മഹത്ത്വം!