തിളങ്ങുന്ന കുര്‍ബാനക്കുപ്പായങ്ങള്‍ തിളക്കമില്ലാത്ത ജീവിതങ്ങളെ പ്രകാശിപ്പിക്കാനുള്ളതാണ്!

തിളങ്ങുന്ന കുര്‍ബാനക്കുപ്പായങ്ങള്‍ തിളക്കമില്ലാത്ത ജീവിതങ്ങളെ പ്രകാശിപ്പിക്കാനുള്ളതാണ്!

അരമനയായി രൂപാന്തരപ്പെട്ട ''ഡി'' പട്ടണത്തിലെ ഡിസ്‌പെന്‍സറി കെട്ടിടത്തിലെ അവസാന ആഡംബരവസ്തുവായിരുന്നു ആ വെള്ളിത്തിരിക്കാലുകള്‍! അതു മോഷ്ടിച്ച ജീന്‍വാല്‍ജീനെ അറസ്റ്റു ചെയ്തു കൊണ്ടുവന്ന പോലീസുകാരോട് ''ഡി'' എന്ന പട്ടണത്തിലെ മെത്രാന്‍ പറഞ്ഞു. ''അവനെ വെറുതെ വിട്ടേക്കൂ അവന്‍ അത് മോഷ്ടിച്ചതല്ല. ഞാന്‍ അവന് സമ്മാനിച്ചതാണ്.'' കരള്‍ നഷ്ടപ്പെട്ട കാലത്തിനെതിരെ കരുണയുടെ കലാപമുയര്‍ത്തുന്ന വിക്ടര്‍ ഹ്യൂഗോയുടെ ബിഷപ്പ്!

''എല്ലാ മനുഷ്യരുടേയും കൈക്കുറ്റപ്പാടുകള്‍ നിങ്ങള്‍ ഏറ്റെടുക്കുവിന്‍'' എന്ന് ആശ്രമവാസികളെ ഉദ്‌ബോധിപ്പിക്കുന്ന ''ബ്രദേഴ്‌സ്‌കാരമസോവിലെ'' ആബട്ട് സോസിമ! ഇവരൊക്കെ വെറും കാല്പനിക പുരോഹിതന്മാരാണോ? ഇത്തരം ജന്മങ്ങള്‍ ഏട്ടിലെ പുല്ലു തിന്നാത്ത പശുക്കള്‍ മാത്രമാണോ? അല്ല. ചരിത്രത്തിന്റേയും നിത്യജീവിതത്തിന്റേയും ഏടുകളില്‍ നിന്നിറങ്ങി വന്ന് പുല്ലു തിന്നുകയും അനേകരെ പച്ചയായ പുല്‍മേടുകളിലേക്ക് നയിക്കുകയും ചെയ്യുന്നവരേറെയുണ്ട്. നാടിനെയും നഗരത്തേയും അഗ്നിയില്‍നിന്നും ഗന്ധകമഴയില്‍നിന്നും കാത്തു സംരക്ഷിക്കുന്ന ദൈവത്തിന്റെ തൂണുകളാണിവര്‍! മെല്‍ക്കിസെദേക്കിനെപ്പോലെ ഇവര്‍ക്ക് ആദിയും അന്തവുമില്ല. കാലദേശങ്ങള്‍ക്കനുസരിച്ച് ഇവര്‍ക്ക് നാമരൂപങ്ങള്‍ ഏറെയാണ്. തിളങ്ങുന്ന കുര്‍ബാന കുപ്പായങ്ങളുടെ ലോകത്തിനപ്പുറത്തെ തിളങ്ങാത്ത ജീവിതങ്ങളെ ഓര്‍ക്കാനാണീ ജീവിതങ്ങള്‍.

രൂപമാറ്റം വരുന്ന ആത്മാവബോധങ്ങള്‍

പ്യൂപ്പ ചിത്രശലഭമായി രൂപാന്തരപ്പെടുന്നതും ഫ്രാന്‍സ് കാഫ്കയുടെ കഥയിലെ ഗ്രിഗര്‍ സംസ ഷഡ്പദമായി മാറുന്നതും രൂപാന്തര കഥകളിലെ രണ്ട് വൈരുദ്ധ്യാത്മക ഭാവങ്ങളാണ്. ആത്മാവബോധത്തിന്റെ ഔന്നത്യങ്ങളിലേക്കും അധോതലങ്ങൡലേക്കുമുള്ള പുരോഹിതന്റെ ഉയര്‍ച്ച താഴ്ചകളുടെ പ്രതിനിധാനം കൂടിയാണിത്.

വ്യവസ്ഥിതിയുമായി കലഹിച്ച പുരോഹിതന്റെ ആത്മനൊമ്പരങ്ങളുടെ നോവലായ ''ആഞ്ഞൂസ് ദേയി''യുടെ ആസ്വാദനക്കുറിപ്പ് പുരോഹിതരെല്ലാം ആത്മവിമര്‍ശനത്തിന്റെ ജാലകങ്ങള്‍ തുറന്നിട്ടു വായിക്കേണ്ടതാണ്. അതിപ്രകാരമാണ്: ''രണ്ട് വര്‍ക്കിമാര്‍ക്കിടയില്‍ പെട്ടുപോയിരിക്കുന്നു കേരളത്തിലെ പുരോഹിതന്‍. ആദ്യത്തേത് പൊന്‍കുന്നം വര്‍ക്കി; ഉണ്ണീശോയുടെ ജെന്‍ഡര്‍ പരിശോധിച്ചതിന്റെ പേരില്‍ ചെറുപ്പത്തിലെപ്പോഴോ പള്ളീലച്ചനില്‍ നിന്നും കിട്ടിയ ചൂരല്‍ കഷായത്തിന്റെ കയ്പ്പ് അയാള്‍ അവസാനം വരെ കൊണ്ടു നടന്നിരുന്നു. രണ്ടാമത്തെയാള്‍ മുട്ടത്തുവര്‍ക്കി. നസ്രാണി ദീപികയുടെ ശമ്പളത്തോടു കൂറുള്ളതുകൊണ്ട് ഒരു തരം പ്ലാസ്റ്റിക് അച്ചന്മാരെ സൃഷ്ടിച്ചു തന്നു. കല്യാണത്തിന് ഇടനിലക്കാരനാകുന്ന, വഴക്കുകള്‍ പറഞ്ഞുതീര്‍ക്കുന്ന, താറാവിറച്ചി മാത്രം കൂട്ടി ചോറുണ്ണുന്ന ഒരഴകിയ അച്ചന്‍. ആഴമില്ലാത്ത ആ മനുഷ്യന്‍ കോമാളികളെപ്പോലെ തോന്നിച്ചു. അടൂര്‍ഭാസിയുടേയും ശങ്കരാടിയുടേയും മുഖഛായയായിരുന്നു അവര്‍ക്ക്.''

ഒരു കാലഘട്ടത്തില്‍ ഭാരതത്തില്‍ ശക്തിപ്പെട്ട ''യാഗയജ്ഞ-സംസ്‌കൃതി''യുടെ മിന്നലാട്ടങ്ങളും ആത്മാവബോധം നഷ്ടപ്പെട്ട പുരോഹിതരില്‍ കാണാറുണ്ട്. സ്വാര്‍ത്ഥലക്ഷ്യപൂരണം തേടിയുള്ള അനുഷ്ഠാനങ്ങളില്‍ കുടുങ്ങിപ്പോയ യാഗ-യജ്ഞ സംസ്‌കൃതി "prosperity gospel'' എന്ന പരിഷ്‌കൃത നാമധേയം സ്വീകരിച്ച് ക്രൈസ്തവസഭയുടെ ഉള്ളറകളില്‍ കറങ്ങി നടക്കുന്നുണ്ട്. ആത്മീയതയെ ഒരു സ്വകാര്യപരിപാടിയാക്കി ചുരുക്കുന്ന ഇവര്‍ സാമൂഹിക പ്രതിബദ്ധതയുടെ സുവിശേഷ പുസ്തകം അടച്ചുകളയുന്നവരാണ്. തിളങ്ങുന്ന കുര്‍ബാനക്കുപ്പായങ്ങള്‍ ധരിക്കാനിഷ്ടപ്പെടുന്ന ഇവര്‍ തിളക്കമില്ലാത്ത ജീവിതങ്ങളെ കാണുമ്പോള്‍ സൗകര്യപൂര്‍വ്വം കണ്ണടച്ചുകളയും. നവീകരണ പ്രസ്ഥാനത്തിന്റെ ബാനറില്‍ കഴിയുന്ന ചില സിദ്ധന്മാരും ആള്‍ ദൈവങ്ങളുമാകട്ടെ, നവീകരണത്തിന്റെ കാറ്റുകടക്കാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടുസ്സുമുറികളില്‍ ''ശുദ്ധവായു'' ശ്വസിച്ച് കഴിയുന്നെന്ന് സ്വയം വിശ്വസിക്കുന്നവരാണ്. തുറസ്സുകളിലെ ദൈവത്തെ അന്വേഷിക്കുന്നവരുടെ കാലത്ത് കുടുസ്സുകള്‍ക്കെന്താണ് പ്രസക്തി?

"To be a christian means to be different'' എന്ന് പറഞ്ഞത് നിലപാടെടുത്തതിന്റെ പേരില്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ട ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായ ഡിട്രീക് ബോനോഫറാണ്. പേരുകൊണ്ടോ ഉടുപ്പുകൊണ്ടോ വൈദികര്‍ തിരിച്ചറിയപ്പെടുന്ന കാലം കഴിഞ്ഞു. ഇനിയുള്ള കാലത്ത് വൈദികര്‍ തിരിച്ചറിയപ്പെടേണ്ടത് ആത്മാവിലും സത്യത്തിലുമാണ്. കലപ്പ കത്തിച്ചു കാളയെ വേവിച്ചു ദൈവത്തിന്റെ ദൗത്യവാഹകനായ ഏലീഷായെ ധ്യാനിക്കുമ്പോഴും നമ്മുടെ മനസ്സിലുള്ള ''സ്വര്‍ണ്ണക്കാളകളെ'' വേവിക്കാന്‍ നമുക്കു മനസ്സില്ലെങ്കില്‍, ചെരുപ്പുകളഴിക്കേണ്ട ഹോറെബുകള്‍ കാണുമ്പോഴും മുഷിഞ്ഞ സോക്‌സ് കുപ്പായക്കീശയില്‍ സൂക്ഷിക്കുന്ന സര്‍ദാര്‍ജിയേക്കാള്‍ മോശപ്പെട്ട ഫലിതമാകുന്നു നമ്മള്‍. ''നിത്യേന ഗീത വായിക്കുന്ന ആളായിരുന്നു ഗാന്ധി; അങ്ങനെതന്നെ ഗോഡ്‌സെയു''മെന്ന് മലയാളകവി കുരീപ്പുഴയെഴുതുന്നത് മതമനുഷ്യരെല്ലാം ആത്മീയരാകണമെന്ന് നിര്‍ബന്ധമില്ല എന്ന സത്യത്തിലേക്ക് വെളിച്ചം വീശാനല്ലേ?

ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന അപ്പസ്‌തോല വിലാപം സമര്‍പ്പിതജീവിതങ്ങളുടെ ആത്മകഥയാകുമ്പോള്‍ പ്രതിസംസ്‌കാരത്തിന്റെ വജ്രവീര്യവുമായി വാതില്‍ക്കല്‍ മുട്ടുന്നുണ്ട് പോര്‍ച്ചുഗീസ് എഴുത്തുകാരനായ സരമാഗു. "The Gospel According to Jesus Christ'' എന്ന നോവലില്‍ സുവിശേഷത്തിലില്ലാത്ത ക്രിസ്തുവിനെ അദ്ദേഹം ഭാവനാത്മകതയുടെ പിന്‍ബലത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തീക്ഷ്ണനയനങ്ങളോടെ ദേവാലയത്തിലേക്ക് നടക്കുകയാണ് ക്രിസ്തു. ബലിമൃഗങ്ങളുടെ പണ്ടികശാലയില്‍നിന്ന് ഓമനത്തമുള്ള ഒരു കുഞ്ഞാടിനെയും വാങ്ങി അവന്‍ ദേവാലയത്തിന്റെ എതിര്‍ദിശയിലേക്കു നടക്കുകയാണ്. അവന്റെ അധരങ്ങള്‍ പറയുന്നതെന്താണ്? ''എന്റെ സമര്‍പ്പണസമയത്ത് രണ്ടു ചെങ്ങാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു കുഞ്ഞാടിനെയെങ്കിലും എനിക്കു രക്ഷിക്കണം.'' ചിലപ്പോഴെങ്കിലും ദൈവത്തിനു നിരക്കാത്തവയെ ശാശ്വതീകരിക്കുന്ന വ്യവസ്ഥിതികള്‍ക്കപ്പുറം തിരിഞ്ഞു നടക്കേണ്ടവനല്ലേ പുരോഹിതന്‍? ''ചെന്തേസ്സിമൂസ് ആന്നൂസ്'' എന്ന സാമൂഹിക ചാക്രികലേഖനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ പറയുന്നതുപോലെ അനീതിയെ ശാശ്വതീകരിക്കുന്ന തിന്മ നിറഞ്ഞ സാമൂഹ്യ വ്യവസ്ഥിതികള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കേണ്ടവനല്ലേ ക്രിസ്ത്യാനി? മങ്ങിക്കൊണ്ടിരിക്കുന്ന തേജസ്സിന്റെ തിരോധാനം കാണാതിരിക്കാന്‍ മുഖത്ത് മൂടുപടം ധരിച്ച മോശമാര്‍ പഴയനിയമത്തിലവസാനിക്കട്ടെ. കോലാടുകളുടേയും കാളക്കിടാങ്ങളുടേയും ബലികളെ അപ്രസക്തമാക്കി (ഹെബ്രാ. 9:13) സ്വന്തം ഹൃദയരക്തമൊഴുക്കിയവന്‍ പുരോഹിതഗോത്രമായ ലേവിവംശജനായിരുന്നില്ല. അവന്‍ ഇടയഗോത്രമായ യൂദാവംശജനാണ്. ജന്മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണൊരാള്‍ പുരോഹിതനാകുന്നതെന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിളങ്ങുന്ന കുര്‍ബാനക്കുപ്പായങ്ങളല്ല അവന്റെ ഐഡന്റിറ്റി. മറിച്ച് തിളക്കം നഷ്ടപ്പെട്ട വിജാതീയരുടെ ഗലീലിയില്‍ അവന്‍ കൊളുത്തുന്ന ദൈവത്തിന്റെ വെളിച്ചമാണ്. അമേരിക്കന്‍ റേഡിയോ പ്രഭാഷകനും മെത്രാനുമായ ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറയും: "priesthood is not an occupation but a vocation'' ശരിയാണ് ''ഇതൊരു പണിയല്ല, വിളിയാണ്.''

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org