നവതിയിലെത്തിയ നാടകാചാര്യന്‍: ഷെവ. സി.എല്‍. ജോസ്

നവതിയിലെത്തിയ നാടകാചാര്യന്‍: ഷെവ. സി.എല്‍. ജോസ്

നാടകകൃത്ത്, സാഹിത്യകാരന്‍, സംഘാടകന്‍, നടന്‍ തുടങ്ങിയ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ സി.എല്‍. ജോസ് നാടകരംഗത്ത് പ്രേക്ഷകരുടേയും ശ്രോതാക്കളുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ വ്യക്തിയാണ്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി കേരള ഗവണ്‍മെന്റും അദ്ദേഹത്തിന്റെ സേവനത്തെ അംഗീകരിച്ചിട്ടുണ്ട്. 70 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ജോസിന്റെ ആദ്യനാടകം 1956-ല്‍ 'മാനം തെളിഞ്ഞു' പ്രസിദ്ധീകരിച്ചു. ഇതുവരെ 36 സമ്പൂര്‍ണ്ണ നാടകങ്ങളും 15 സമാഹാരങ്ങളിലായി 75 ഏകാങ്കങ്ങളും കുട്ടികള്‍ക്കുള്ള ഒരു നാടകവും പ്രസിദ്ധീകരിച്ചു. കൂടാതെ, നാടകത്തിന്റെ കാണാപുറങ്ങള്‍, ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല എന്നീ ജീവിതസ്മരണകളും, ചിരിയുടെ പൂരം എന്ന ഫലിത സമാഹാരവും നാടകരചന എന്ത്? എങ്ങനെ? (പഠനം), എന്റെ നാടകജീവിതം (നാടകാനുഭവങ്ങള്‍) എന്നിവയും പ്രസിദ്ധപ്പെടുത്തി.

നാടകകൃതികള്‍

വെളിച്ചമേ നീ എവിടെ? ജ്വലനം, എന്റെ വലിയ പിഴയും കന്നിക്കനിയും, കുരിശു ചുമക്കുന്നവര്‍, ആത്മയുദ്ധം, കൊടുങ്കാറ്റുറങ്ങുന്ന വീട്, മേഘധ്വനി, നക്ഷത്രവിളക്ക്, ആമ്പല്‍പ്പൂവിന്റെ ആത്മഗീതം, ശോകപക്ഷി, നീര്‍ച്ചുഴി, നഷ്ടസ്വര്‍ഗ്ഗം, വിഷക്കാററ്, അഗ്നിവലയം, വിശുദ്ധ പാപം, കരിഞ്ഞ മണ്ണ്, സൂര്യാഘാതം, കറുത്ത വെളിച്ചം, മാനം തെളിഞ്ഞു, വിതച്ചത് കൊയ്യുന്നു, ഭൂമിയിലെ മാലാഖ, വേദനയുടെ താഴ്‌വരയില്‍, പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍, മഴക്കാറുനീങ്ങി, സത്യം ഇവിടെ ദുഃഖമാണ്, ജീവിതം ഒരു കൊടുങ്കാറ്റാണ്, യുഗതൃഷ്ണ, ബലി പുഷ്പം, അഭിസന്ധി, അശനിപാതം, സീമ, തീപിടിച്ച ആത്മാവ്, വെളിച്ചം പിണങ്ങുന്നു, ചിറകുള്ള നക്ഷത്രം (നാടകങ്ങള്‍).

ഏകാങ്കങ്ങള്‍

മിഴിനിര്‍പ്പൂക്കള്‍, ഒളിയമ്പുകള്‍, അവള്‍ മാത്രം, തീക്കനല്‍, ജോസിന്റെ ഏകാങ്കങ്ങള്‍, ഭീതി, കോളേജ് കുരുവികള്‍, നൊമ്പരങ്ങള്‍, അരമണിക്കൂര്‍ നാടകങ്ങള്‍, മാറി വീശുന്ന കാറ്റ്, മനസ്സില്‍ ഒരു ദീപം, ഏകാങ്ക ശലഭങ്ങള്‍, ചങ്ങലക്കും ഭ്രാന്ത്, സി.എല്‍. ജോസിന്റെ തെരഞ്ഞെടുത്ത അരമണിക്കൂര്‍ നാടകങ്ങള്‍, ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍, തെരഞ്ഞെടുത്ത ലഘുനാടകങ്ങള്‍.

ഏതാനും ഏകാങ്കങ്ങള്‍ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റുമാണ് അത് പ്രസിദ്ധീകരിച്ചത്.

ഇതിനെല്ലാം പുറമെ മേല്‍പറഞ്ഞ നാടകങ്ങള്‍ കേരളത്തില്‍ മാത്രമല്ല, മലയാളികള്‍ ഉള്ള രാജ്യത്തെല്ലാം നൂറുകണക്കിന് സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെടുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തുവെന്നത് പ്രത്യേകം എടുത്തുപറയത്തക്കതാണ്.

അംഗീകാരങ്ങള്‍

1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ സാഹിത്യതാരം അവാര്‍ഡ്, റോട്ടറി സാഹിത്യ അവാര്‍ഡ്, മദ്രാസ് ഫിലിം ഫാന്‍സ് അവാര്‍ഡ് (നല്ല ചലച്ചിത്ര കഥയ്ക്ക്), മേരിവിജയം ദര്‍ശന അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, കെ.സി.ബി.സി. സാഹിത്യ അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ്, 2001 ലെ കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്, 2002-ലെ മേരി ബെനീഞ്ജ അവാര്‍ഡ്, ചാവറ അവാര്‍ഡ്, തൃശൂര്‍ അതിരൂപതാ പബ്ലിക് റിലേഷന്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അ വാര്‍ഡ്, ജെ.സി. ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി കലാരത്‌ന ഫെല്ലോഷിപ്പ്, കേരള സഭാതാരം അവാര്‍ഡ്, പറവൂര്‍ ജോര്‍ജ്ജ് അവാര്‍ഡ്, കേരള സര്‍ക്കാര്‍ എസ്.എല്‍. പുരം നാടക പുരസ്‌കാരം, തിക്കോടിയന്‍ പുരസ്‌കാരം, ഉമ്മന്‍ ഫിലിപ്പോസ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന അവാര്‍ഡ്, പുത്തേഴത്ത് രാമന്‍ മേനോന്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ 30-ഓളം അംഗീകാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. 2008-ല്‍ ബെനഡിക്റ്റ് മാര്‍പാപ്പ ഷെവലിയര്‍ പദവി നല്‍കി ആദരിച്ചു.

റേഡിയോ നാടകങ്ങള്‍

ആകാശവാണിയുടെ അഖിലകേരള നാടകവാരത്തില്‍ 14 വര്‍ഷം ഓരോ നാടകങ്ങളും സാധാരണ പരിപാടിയില്‍ 5 ഒരു മണിക്കൂര്‍ നാടകങ്ങളും 35 ലഘു നാടകങ്ങളും 4 ഫാമിലി നാടകങ്ങളും കേരളത്തിലെ വിവിധ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മണല്‍ക്കാട്, അഗ്നിവലയം എന്നീ നാടകങ്ങള്‍ ദേശീയ പരിപാടിയില്‍ ഉള്‍പ്പെടുത്തി 14 ഭാഷകളില്‍ ഇന്ത്യ മുഴുവന്‍ പ്രക്ഷേപണം ചെയ്തു.

ചലച്ചിത്രങ്ങള്‍

മണല്‍ക്കാട്, അറിയാത്ത വീഥികള്‍ എന്ന പേരിലും ശാപരശ്മി, അഗ്നിനക്ഷത്രമെന്ന പേരിലും ഭൂമിയിലെ മാലാഖ, അമ്മ എന്ന പേരിലും ചലച്ചിത്രമായി ആ രംഗത്തും ശ്രദ്ധേയമാകുകയുണ്ടായി.

മറ്റു പ്രവര്‍ത്തനങ്ങള്‍

കേരള സംഗീത നാടക അക്കാദമി വൈ. ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി, പ്രസിഡണ്ട്, കലാസദന്‍ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, ആകാശവാണി ഉപദേശകസമിതി, തൃശൂര്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ സംഘടനാപാടവം പ്രകടിപ്പിച്ചിട്ടുണ്ട്.

പാഠ്യപുസ്തകങ്ങള്‍

മണല്‍ക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങള്‍ യഥാക്രമം കേരള, കാലിക്കറ്റ്, മഹാത്മഗാന്ധി യുണിവേഴ്‌സിറ്റികളില്‍ ബി.എ./ബി.എസ്.സിക്ക് പാഠ്യപുസ്തമായിട്ടുണ്ട്. 'നാടകരചന എന്ത്? എങ്ങനെ?' എന്ന പഠനഗ്രന്ഥം എം.എയ്ക്ക് പഠിക്കാനുള്ള പുസ്തകമായി കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചു.

കേരളത്തിലും തൃശൂര്‍ ജില്ലയില്‍ പ്രത്യേകിച്ചും ഒരു പ്രഭാഷകനെന്ന നിലയില്‍ അനേകം യോഗങ്ങളില്‍ അദ്ദേഹത്തിന് പ്രസംഗിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അഖിലകേരള തലത്തില്‍ നടന്നിട്ടുള്ള നിരവധി നാടക മത്സരങ്ങളില്‍ വിധികര്‍ത്താവായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാടക സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും ധാരാളം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചതിനുപുറമെ നിരവധി റേഡിയോ നാടകങ്ങളിലും തന്റെ മികവ് പ്രകടിപ്പിക്കുകയും ചെയ്തു.

1932 ഏപ്രില്‍ നാലിന് തൃശൂര്‍ ചക്കാലക്കല്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1959-ല്‍ ലിസിയെ വിവാഹം കഴിച്ചു.

മക്കള്‍: ഷേളി, തങ്കച്ചന്‍, ഡെയിസന്‍ എന്നിവരാണ്. തൃശൂര്‍ ക്ഷേമവിലാസം കുറികമ്പനിയില്‍ അസി. മാനേജരായി വിരമിച്ചു. ഇന്നും സാംസ്‌കാരിക പ്രവര്‍ത്തനവും നാടകരചനയുമായി തൃശൂര്‍ ലൂര്‍ദ്ദ്പുരത്ത് താമസിക്കുകയാണ്.

ഫോണ്‍: 9447764446

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org