ശ്വാസവും ആശ്വാസവുമേകുന്ന വിശ്വാസതണല്‍ വിശ്വാസവനം

ശ്വാസവും ആശ്വാസവുമേകുന്ന വിശ്വാസതണല്‍ വിശ്വാസവനം

എല്ലാ മാനവ സംസ്‌കാരങ്ങളും തന്നെ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നതും സസ്യങ്ങളെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നതുമാണല്ലോ. മതവിശ്വാസങ്ങളും പ്രകൃതിയോട് ചേര്‍ന്നു പോകുന്നവ തന്നെ. ഉദാഹരണമായി ഭാരതത്തിലെ കാവുകള്‍ എന്ന സങ്കല്പം പ്രകൃതിയുടെ സംരക്ഷണം ലക്ഷ്യമാക്കി മതവിശ്വാസത്തിന്റെയും ദൈവികതയുടെയും നിറം കൊടുത്തിട്ടുള്ളതാണെന്ന് നമുക്ക് കാണാന്‍ കഴിയും. ഒരു പ്രദേശത്തിന്റെ ജൈവ വൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിന് കാവുകള്‍ നല്‍കുന്ന സേവനം ഏറെ വിലപ്പെട്ടതാണ്. വിളവെടുപ്പിനോട് ചേര്‍ന്ന് ഉത്സവങ്ങള്‍ നടത്തുന്നതും മരങ്ങളെ ദൈവങ്ങളായി സങ്കല്‍പ്പിക്കുന്ന രീതികളും എല്ലാം തന്നെ പ്രകൃതിയുമായി ചേര്‍ന്നുള്ള ജീവിതത്തില്‍ മനുഷ്യര്‍ എത്രമാത്രം തത്പരരായിരുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍ തന്നെ. ഔഷധശേഷിയുള്ള ചെടികള്‍ ആരോഗ്യപരിപാലനത്തിനും നമ്മുടെ പൂര്‍വികര്‍ ഉപകാരപ്പെടുത്തിയിരുന്നു. അത്തിമരത്തിന്റെ ഇലകള്‍ കൊണ്ട് നഗ്‌നത മറച്ച ആദിപിതാക്കളെ മുതല്‍ മരച്ചുവട്ടില്‍ തപസിരുന്ന് ദൈവദര്‍ശനം നേടിയ മാമുനിമാരെയും ബോധിവൃക്ഷച്ചുവട്ടില്‍ തപസു ചെയ്ത ശ്രീബുദ്ധനെയുമൊക്കെ നമ്മുടെ വിശ്വാസ സംസ്‌കാരങ്ങളില്‍ നമുക്ക് കാണാം. എല്ലാ മത വിശ്വാസങ്ങളും വിശുദ്ധഗ്രന്ഥങ്ങളും പരിസ്ഥിതിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ അവയെ ഗൗരവത്തില്‍ എടുക്കാറില്ല എന്നതാണ് ദുര്യോഗം. മരത്തണലുകളില്‍ പ്രാര്‍ത്ഥനയും ധ്യാനങ്ങളുമൊക്കെ നടത്തുന്ന രീതികള്‍ പ്രപഞ്ചത്തിലെ ഈശ്വരദര്‍ശനം എന്ന ചിന്തയോടെ പല സമൂഹങ്ങളിലും കണ്ടുവരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും വിശ്വാസത്തിന്റെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സസ്യ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ ഗുണപ്രദമാകുമെന്നുള്ളത് തീര്‍ച്ചയാണ്. മുറിവേറ്റ പ്രകൃതിയെ പരിചരിക്കാനും സുഖപ്പെടുത്താനുമുള്ള ദൗത്യം മനുഷ്യരായ നമുക്കുണ്ട്. നമ്മുടെ ജീവിതപരിസരവുമായി നമുക്ക് അഭേദ്യമായ ബന്ധമാണുള്ളതെന്ന ഓര്‍മ നമുക്ക് വേണം. അതിനുള്ള ശ്രമമെന്ന നിലയിലാണ് വിശ്വാസവനം പദ്ധതി നടപ്പാക്കുന്നത്.

വിവിധ മതവിശ്വാസങ്ങളിലെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന സസ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരികയാണ് വിശ്വാസവനം എന്ന പദ്ധതിയിലൂടെ ചേര്‍ത്തല ഫൊറോനായിലെ ലിസ്യുനഗര്‍ പള്ളിയും അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയും. ബൈബിളിലും മഹാഭാരതത്തിലും രാമായണത്തിലും ഖുര്‍ ആനിലും ഒക്കെ പരാമര്‍ശിക്കപ്പെടുന്നവ ഉള്‍പ്പടെ ഏകദേശം മുന്നൂറോളം ചെടികളാണ് ലിസ്യുനഗര്‍ പള്ളിയങ്കണത്തില്‍ വിശ്വാസവനത്തിന്റെ ഭാഗമാകുന്നത്. പഴയ കാലത്ത് വിശ്വാസത്തിന്റെ തണലില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെട്ടിരുന്ന സംസ്‌കാരം ഓര്‍മപ്പെടുത്തുന്നതിനും പുതിയ തലമുറയ്ക്ക് സസ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പകര്‍ന്നു കൊടുക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമായി മാറേണ്ട കാലം അതിക്രമിച്ചിരിക്കയാണല്ലോ.

പരിസ്ഥിതിക്കെതിരെയുള്ള പ്രവൃത്തികള്‍ കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങളാണെന്ന് പരി. ബനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞതിന്റെ അര്‍ത്ഥവും അതുതന്നെയാണ്.

ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന എഴുപതോളം സസ്യങ്ങളും രാമായണത്തിലെ അറുപത്തി നാലോളം സസ്യങ്ങളും ഖുര്‍ആനിലെ പതിനേഴോളം സസ്യങ്ങളും സ്വദേശത്തുനിന്നും വിദേശത്തുനിന്നും ശേഖരിച്ച് പ്രത്യേകം പേരെഴുതിത്തന്നെ ഇവിടെ വിശ്വാസവനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഓരോ സസ്യത്തെക്കുറിച്ചും അതാതു ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന ഭാഗം ഏതെന്നും എഴുതിവച്ചിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള നക്ഷത്ര സസ്യങ്ങളും നാട്ടിലും മറുനാട്ടിലുമുള്ള വിവിധ ഔഷധ സസ്യങ്ങളും വിശ്വാസവനത്തിന്റെ ഭാഗമാണ്. നാട്ടുവൈദ്യനായിരുന്ന അപ്പൂപ്പനില്‍ നിന്ന് ലഭിച്ച അറിവുകള്‍ക്ക് പുറമെ ഏറെക്കാലത്തെ ഗവേഷണവും പഠനവും നടത്തിയാണ് ലിസ്യുനഗര്‍ വികാരി ഫാ. പീറ്റര്‍ കോയിക്കര വിശ്വാസവനം എന്ന ആശയം മുളപ്പിച്ചെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിനായി കാര്‍ബണ്‍ ഫാസ്റ്റിങ് എന്ന ആശയത്തിനും ജീവിതശൈലിക്കും രൂപംകൊടുത്ത സഹൃദയ വിശ്വാസവനം എന്ന ആശയത്തിനും പിന്തുണയേകി കൂടെനിന്നു. വീടുകളില്‍ ഔഷധത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമാണ്.

കാലത്തിന്റെ കുത്തൊഴുക്കില്‍ സംസ്‌കാരങ്ങള്‍ക്കു തന്നെ ച്യുതി സംഭവിച്ചതിന്റെ ഭാഗമായി മരങ്ങളുടെ പ്രാധാന്യവും കുറഞ്ഞു. എല്ലാം കേവലം ഉപഭോഗവസ്തുക്കള്‍ മാത്രമായി മാറിയപ്പോള്‍, വി പണിയിലെ വില മാത്രം അടി സ്ഥാനമാക്കി ജീവിതമൂല്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടപ്പോള്‍ പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതമൊക്കെ പഴങ്കഥകളായി മാറി. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെവാസം സാധ്യമോ എന്ന് പുതിയ തലമുറ ചോദിക്കുന്ന രീതിയിലേക്കുവരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. നന്മയിലേക്കുള്ള മാറ്റത്തിന് ചെറുചുവടുകളോടെയുള്ള മാതൃകാപരമായ തുടക്കമായി വിശ്വാസവനം പദ്ധതി മാറുമെന്നാണ് കരുതുന്നത്.

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. അങ്ങനെ വിളിക്കപ്പെടുന്നതില്‍ സസ്യസമ്പന്നമായ ഇവിടുത്തെ പ്രകൃതിക്ക് നിര്‍ണായക പങ്കുണ്ട്. ഈ സല്‍പ്പേര് തുടരണമെങ്കില്‍ ഈ പ്രകൃതിയെ ഇനിയും സുന്ദരമായി പരിപാലിക്കണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നില നില്‍ക്കണം, മഴയുടെയും മറ്റു ഋതുക്കളുടെയും ക്രമം തെറ്റാതിരിക്കണം, ശബ്ദമലിനീകരണവും അന്തരീക്ഷത്തിലെ പൊടിയും പുകയുമൊക്കെ കുറയണം, രോഗാണുക്കളുടെ വളര്‍ച്ച തടയണം, ഭൂഗര്‍ഭ ജലം സംരക്ഷിക്കപ്പെടണം, മണ്ണിന് ജീവന്‍ ഉണ്ടാകണം, മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഭൂകമ്പവുമൊക്കെ നിയന്ത്രിക്കപ്പെടണം. അതുപോലെതന്നെ പ്രധാനമാണ് ആഹാരശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങള്‍. വിഷമയമായ ആഹാരം കാന്‍സറിനും വൃക്ക രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനുമൊക്കെ കാരണമാകുന്നു. ഇതിനും മാറ്റം വരാന്‍ ഈ പദ്ധതി പ്രയോജനപ്പെടും.

ജീവന്റെ ആധാരമായ വായു, ആഹാരം, വസ്ത്രം, പാര്‍പ്പിടം, പരിസ്ഥിതി എന്നിവയുടെ അടിത്തറയായ സസ്യങ്ങള്‍ ഇല്ലാതായാല്‍ ജീവിതത്തിന്റെ താളം തെറ്റി ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് നാം തിരിച്ചറിയാന്‍ തുടങ്ങിക്കഴിഞ്ഞു. മതമൈത്രിയും പരിസ്ഥിതിയുടെ സംരക്ഷണവും ജീവന്റെ മൂല്യങ്ങളും വിശ്വാസ വീക്ഷണത്തിലൂടെ സമന്വയിപ്പിച്ച് പ്രചരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേട്ടറിവുള്ള കേരളത്തിന് പുറത്തും വിദേശത്തുമുള്ള സസ്യങ്ങളെ കാണാനും പുതിയ തലമുറക്ക് സസ്യങ്ങളെ പരിചയപ്പെടാനും ഇത് വഴി അവസരമൊരുങ്ങുന്നു. അതിരൂപതയിലെ ദേവാലയങ്ങളോടനുബന്ധിച്ച് വിശ്വാസവനത്തിന്റെ ചെറുപതിപ്പുകള്‍ തുടങ്ങിവയ്ക്കുന്നതിനും അവ പിന്നീട് സ്ഥാപനങ്ങളും ഭവനങ്ങളും ഏറ്റെടുക്കുന്ന രീതിയിലേക്ക് വളരുന്നതിനുമാണ് സഹൃദയ ഉദ്ദേശിക്കുന്നത്.

അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പിതാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദാണ് വിശ്വാസവനം പദ്ധതി ഉദ്ഘാടനം ചെയ്തത്. പരമാവധി ജനങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ പദ്ധതിക്ക് പ്രോത്സാഹനം നല്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.