ഗോതമ്പുമണിയില്‍ കോറിയിട്ട സഹന സുവിശേഷം

ഗോതമ്പുമണിയില്‍ കോറിയിട്ട സഹന സുവിശേഷം
Published on
മാര്‍ ജെയിംസ് കാളാശ്ശേരി മെത്രാന്റെ മലമ്പനി ഏറ്റെടുത്തതും സഹസന്യാസിനിയുടെ തലവേദന തന്റേതാക്കി മാറ്റിയതുമെല്ലാം അല്‍ഫോന്‍സാമ്മയുടെ 'പകര' ദര്‍ശനത്തിന്റെ അഭൗമക്കാഴ്ചകളായിരുന്നു. സഹന വഴികളിലെ പൊള്ളലും നീറ്റലുമൊക്കെ തൊ ട്ടറിയുന്ന ഏതൊരാള്‍ക്കും ബലിയര്‍പ്പകനില്‍ നിന്ന് ബലിവസ്തുവിലേയ്ക്കുള്ള ദൂരം അത്ര വിദൂരത്തിലല്ല.

സ്വന്തം ഉണ്‍മയുടെ പൊരുള്‍ അഴിഞ്ഞു കിട്ടുന്ന പ്രക്രിയയാണ് സഹനം. അലിഞ്ഞു തീരുന്ന സ്വയാര്‍പ്പണത്തിന്റെ സുവിശേഷ യുക്തി ഒരു ഗോതമ്പ് മണിയില്‍ പോലും കൊറിയിട്ടിരിക്കുന്നു. ആഹരിക്കുന്നവരുടെ മാംസത്തിലും മജ്ജയിലും പോഷകമായിത്തീരുന്ന രീതിയില്‍ വിണ്ണില്‍ നിന്നും മണ്ണിലെത്തി നാവിലലിയുന്ന ഗോതമ്പപ്പമായി തീര്‍ന്ന യേശുവിനൊടൊപ്പം തന്റെ സഹനജീവിതം അലിയിപ്പിച്ചു ചേര്‍ത്ത അതിശ്രേഷ്ഠ വ്യക്തിത്വത്തെ നമ്മുടെ അയല്‍പക്കത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയില്‍ നാം കണ്ടെത്തുന്നു.

പത്തായത്തിനു വിപരീതമായി വയലെന്ന ആഭിമുഖ്യത്തില്‍ ജീവിച്ചവള്‍. തണുപ്പും ചൂടും, മഞ്ഞും, മഴയും കൊണ്ട് മണ്ണില്‍ കാത്തുകിടക്കുക. നോക്കിനില്‌ക്കെ ഗോതമ്പുമണിയുടെ പൊന്‍നിറം മറയുന്നു. പിന്നെ അതിന്റെസത്ത അഴിയുന്നു. ഇനി ബാക്കി ഒന്നുമില്ല. എന്നിട്ടും ജീവന്റെ പച്ച നാമ്പ് ഭൂമിയുടെ പ്രസാദമായി അതില്‍നിന്നും മെല്ലെ പൊട്ടിവിരിയുന്നു. 'എന്നെ മുഴുവനും ഞാന്‍ കര്‍ത്താവിനു വിട്ടു കൊടുത്തിരിക്കുകയാണ്. അവിടുന്ന് ഇഷ്ടം പോലെ ചെയ്തു കൊള്ളട്ടെ' എന്ന അവളുടെ മൊഴികളിലുമുണ്ട് ഈ ഗോതമ്പുമണിയുടെ ജൈവശാസ്ത്രം. ഉമിത്തീയുടെ ഉള്ളിലെ പദയാത്രയില്‍, വിവാഹജീവിത നീരാസങ്ങളില്‍, കന്യകാലയത്തിലെ സന്യാസ നിഷ്ഠകളിലേക്കുള്ള ആത്മപരാവര്‍ത്തനങ്ങളില്‍, അതിതീവ്ര രോഗപീഡകളുടെ ഏകാന്തയാമങ്ങളില്‍, വിഭ്രാന്തിയുടെ രാപ്പകലുകളില്‍ എല്ലാം അവളുടെ വിശുദ്ധിയുടെ പച്ചനാമ്പ് ഭൂമിയുടെ വരപ്രസാദമായി പൊട്ടി വിരിയുകയായിരുന്നു. സഹനമാകുന്ന വാള്‍കൊണ്ട് സുഖേച്ഛകളെ ഗളച്ഛേദനം ചെയ്ത് സന്യാസത്തിന്റെ അന്തഃസത്തയെ ഉയര്‍ത്തിപ്പിടിച്ച യൂദിത്തിന്റെ ആത്മീയ പൗരുഷം അല്‍ഫോന്‍സാമ്മയില്‍ അന്വര്‍ത്ഥമാകുന്നു. അപ്പോഴും സ്വന്തം ഉണ്‍മയുടെ പൊരുള്‍ തിരയാത്തവരോ ട്രെഡ് മില്ലില്‍ നടന്നും, ഫേഷ്യല്‍ ചെയ്തും, 'എന്നെക്കണ്ടിട്ട് പ്രായം തോന്നിക്കുന്നില്ലാ'യെന്ന് ഹുങ്കു പറഞ്ഞും, സിന്തറ്റിക്ക് ചിരി നിലനിറുത്തിയും, അനുസരണയില്ലാത്ത പൂവന്‍കോഴി ഒരിക്കല്‍ അതിനെ കൊത്തിക്കൊണ്ട് പോകുംവരെ ആയുസ്സ് നില നിറുത്തുന്ന പത്തായത്തിലെ ഗോതമ്പു മണിയെപ്പോലെ, സന്യാസത്തിന്റെ തിരുവസ്ത്രത്തില്‍ പ്രവേശിച്ചിട്ടും അതില്‍നിന്നും ഊര്‍ന്നിറങ്ങി സഭയുടെ നെഞ്ചിലേയ്ക്ക് ആക്ഷേപത്തിന്റെ അസ്ത്രങ്ങള്‍ എയ്തും അസംതൃപ്തിയുടെ വിഭവങ്ങള്‍ വിളമ്പിയും അശാന്തിയുടെ പര്യായങ്ങളായി നിലംപതിക്കുന്നു.

ആത്മീയത കുറെക്കൂടി നിശബ്ദമാകാനുള്ള ക്ഷണമാണ്. ഈ നിശബ്ദതയില്‍ നിന്ന് രൂപപ്പെട്ട നിഗൂഢതയായിരുന്നു അല്‍ഫോന്‍സാമ്മയുടെ സൗന്ദര്യം.

രോഗപീഡയാല്‍ ക്ലേശിച്ചിരുന്ന അല്‍ഫോന്‍സാമ്മയോട് ജ്വരക്കിടക്കയില്‍ നീ എന്ത് ചെയ്യുകയാണ് എന്ന് ചോദിക്കുമ്പോള്‍ ഒരു മാത്രപോലും ചിന്തിക്കാതെ അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു: ഞാന്‍ സ്‌നേഹിച്ചു കൊണ്ടിരിക്കുകയാണ്. വരാന്തകളിലും ഇട നാഴികളിലുമൊക്കെ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയുടെ പ്രകാശങ്ങള്‍ക്കും അല്‍ഫോന്‍സാമ്മയുടെ ആത്മീയതയെ പ്രഘോഷിക്കാന്‍ നൂറു നാവാണ്. അതുകൊണ്ടാണ് ഇപ്പോഴും അവളുടെ മുന്‍പില്‍ തിരിനാളങ്ങള്‍ അണയാ തിരിക്കുന്നത്.

വിശ്വാസത്തിന്റെ ദൈവശാസ്ത്രം അല്‍ഫോന്‍സാ പഠിച്ചത് സഹനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചായിരുന്നു. തണലും വളവും നല്‍കുന്ന വട്ടയിലയും വെട്ടിയിലയും, ഗോതമ്പുമണികളില്‍ നിന്ന് വി. കുര്‍ബാനയിലേക്കും, മുന്തിരിപ്പഴങ്ങളില്‍ നിന്ന് നല്ല വീഞ്ഞിലേയ്ക്കുമുള്ള കുറുക്കുവഴികളും അവള്‍ സ്വന്തമാക്കിയത് ഈ രീതിശാസ്ത്രം ഉപയോഗിച്ചായിരുന്നു. സഹനങ്ങളായിരുന്നു അവളുടെ ഗാഗുല്‍ത്ത, രോഗങ്ങളായിരുന്നു അവളുടെ മരക്കുരിശ്, ആത്മാവിന്റെ ഇരുണ്ട രാത്രികളായിരുന്നു അവളില്‍ തറയ്ക്കപ്പെട്ട ആണികള്‍. ഹൃദയത്തിന്റെ വഴികളിലൂടെ സഹനദര്‍ശനങ്ങളെ സ്വന്തമാക്കിയ ഒരു പുണ്യവതി. 'വിശ്വാസം, അതല്ലേ എല്ലാം' എന്ന പരസ്യവാചകത്തില്‍ ആഴപ്പെട്ട ചില ദര്‍ശനങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട് എന്നു നാം അറിയണം. ചില വിശ്വാസ സത്യങ്ങളെ മുറുകെ പിടിക്കുമ്പോഴെ ജീവിതത്തിന്റെ ചുഴിവട്ടങ്ങളെ നമുക്ക് ധ്യാനിക്കാനും ഉള്‍ക്കൊള്ളാനും കഴിയൂ. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കും. അതുപോലെ വിശ്വാസം അപൂര്‍ണ്ണമാകുന്നിടത്ത് ക്രൈസ്തവജീവിതം ശൂന്യമാകും.

അല്‍ഫോന്‍സാമ്മയുടെ സഹനത്തെ വിക്കേരിയസ് (vicarious) എന്ന ചിന്തയുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ കുറെക്കൂടി ആഴമുള്ള തലത്തിലേയ്ക്കിറങ്ങുന്നു. പകരം വയ്ക്കുന്ന ഒരു സ്‌നേഹ കാമ്പാണത്. ഇതാകട്ടെ ക്രിസ്തുവിന്റെ സഹനവഴികളോട് ഏറെ സാമ്യം പുലര്‍ത്തുന്നവയാണത്. സ്‌നേഹപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം മറ്റാര്‍ക്കോവേണ്ടി ഏറ്റുവാങ്ങിയ സഹനങ്ങള്‍ അവര്‍ക്കുള്ള മോചനദ്രവ്യമായി മാറുന്നു. മാര്‍ ജെയിംസ് കാളാശ്ശേരി മെത്രാന്റെ മലമ്പനി ഏറ്റെടുത്തതും സഹസന്യാസിനിയുടെ തലവേദന തന്റേതാക്കി മാറ്റിയതുമെല്ലാം അല്‍ഫോന്‍സാമ്മയുടെ 'പകര' ദര്‍ശനത്തിന്റെ അഭൗമക്കാഴ്ചകളായിരുന്നു. സഹന വഴികളിലെ പൊള്ളലും നീറ്റലുമൊക്കെ തൊട്ടറിയുന്ന ഏതൊരാള്‍ക്കും ബലിയര്‍പ്പകനില്‍ നിന്ന് ബലി വസ്തുവിലേയ്ക്കുള്ള ദൂരം അത്ര വിദൂരത്തിലല്ല. പകരം വയ്ക്കാന്‍ ഒരു സ്‌പേസ് കിട്ടുന്നു എന്നതാണ് സഹനത്തിന്റെ മഹാകാരുണ്യം.

'സഹിക്കാന്‍ എന്തെങ്കിലും ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്കു തോന്നുന്നത്. അതിനുള്ള അവസരം വരുമ്പോള്‍ കുറെ വിഷമത തോന്നിയാലും ബലം ചെയ്തു കൊണ്ട് അതു സഹിച്ചു കഴിഞ്ഞാലുണ്ടാകുന്ന ആശ്വാസമല്ലേ സാക്ഷാത്തായ ആശ്വാസം?' എന്ന അവളുടെ മൊഴികള്‍ ലോകത്തില്‍ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നെങ്കിലും എപ്പോഴും ഈ ലോകത്തിന് അതീതനായി വര്‍ത്തിക്കേണ്ടവനാണ് മനുഷ്യന്‍ എന്ന കാള്‍ റാനറുടെ ചിന്താഗതികള്‍ക്ക് വെളിച്ചം നല്‍കുന്നു.

'മരണത്തെയും അനന്തര സംഭവങ്ങളെയും കുറിച്ചുള്ള രഹസ്യങ്ങളില്‍ ഞാന്‍ എന്റെ ദൃഷ്ടികള്‍ ഉറപ്പിക്കുന്നു. ആ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുവാന്‍ ക്രിസ്തുവിന്റെ പ്രകാശത്തിന് മാത്രമേ സാധിക്കൂ. ആകയാല്‍ കടന്നുപോകുന്ന ഈ ജീവിതത്തിന്റെ ദാനത്തെയും ഭവ്യതകളെയും ലക്ഷ്യത്തെയും കുറിച്ച് ഞാന്‍ സ്തുതിച്ചു പാടുന്നു.'

പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ മരണത്തിന്റെ ഏതാനും ദിവസം മുമ്പ് പറഞ്ഞ ഈ വാക്കുകള്‍ അല്‍ഫോന്‍സാമ്മയുടെ മരണവിനാഴികകളുമായി അത്യന്തം സാമ്യം പുലര്‍ത്തുന്നു. 'എന്റെ ബലി പൂര്‍ത്തിയാകുമ്പോള്‍ എന്റെ ദിവ്യനാഥന്‍ എന്നെ വിളിക്കും. അപ്പോള്‍ ഞാന്‍ ഒരോട്ടം ഓടും. ഞാന്‍ ഓടി എന്റെ കര്‍ത്താവിന്റെ മടിയില്‍ ചെന്നിരിക്കും. നിങ്ങളാരും അറിയുകയില്ല. ഒരു പാരവശ്യത്തോടെയായിരിക്കും എന്റെ മരണം.' അല്‍ഫോന്‍സാമ്മയെ സം ബന്ധിച്ചിടത്തോളം അവളുടെ ജീവിതസാകല്യത്തിന്റെ അന്തിമാഭിമുഖം എന്നന്നെയ്ക്കുമായി സ്ഥിരപ്പെടുത്തുന്ന സത്യത്തിന്റെ നിമിഷങ്ങളായിരുന്നു മരണവിനാഴികകള്‍.

''ഞാന്‍ സഹിക്കുകയല്ല സ്‌നേഹിക്കുകയാണ്'' എന്ന അവളുടെ വാക്കുകളും സഹനം ചോദിച്ചു വാങ്ങുന്ന അവളുടെ ശീലങ്ങളും സഹനത്തെ ദൈവദാനമായി സ്വീകരിച്ച അവളുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. 'സഹനം അതില്‍തന്നെ മഹത്തരമാണെന്ന' കാഴ്ചപ്പാടിനെ ദോളോറിസ്‌മോ എന്നാണ് വിളിക്കുന്നത്. ആകസ്മികമായൊ അകാരണമായൊ, എന്തിനേറെ, അന്യായമായിപ്പോലും ലഭിക്കുന്ന സഹനങ്ങളെ അനുഗ്രഹങ്ങളായി സ്വീകരിക്കുന്ന ഒരു ആത്മീയതയാണത്.' ഈ ആത്മീയതയയെക്കുറിച്ചാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മോട് സംസാരിക്കുന്നത്.

ജീവിതത്തില്‍ രണ്ടു ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ സ്വാര്‍ത്ഥതയുടെ സ്വസ്ഥതയില്‍ ജീര്‍ണിച്ചില്ലാതാകാം. അല്ലെങ്കില്‍ നിസ്വാര്‍ത്ഥത്തിന്റെ അസ്വസ്ഥതയില്‍ തേഞ്ഞില്ലാതാകാം. അല്‍ഫോന്‍സാമ്മ തിരഞ്ഞെടുത്തത് രണ്ടാമത്തേതായിരുന്നു. ഖലില്‍ ജിബ്രാന്റെ വാക്കുകളില്‍ "It is when you give of yourself that you truly give". സഹനസമര്‍പ്പണത്തിലൂടെ സ്‌നേഹത്തിന്റെ ഉച്ചകോടിയിലെത്തിയവള്‍.

അല്‍ഫോന്‍സാമ്മയുടെ ജീവിതം ഇന്നും തുറന്ന പുസ്തകമാണ്. ഓരോ താളിലും അവളുടെ സഹനത്തിന്റെ തുടിപ്പുകളുണ്ട്. അവളുടെ ചൈതന്യം നമ്മുടെ ജീവിതാഭിമുഖ്യങ്ങളെ പ്രകാശ പൂരിതമാക്കണം. രക്ഷാകര സഹനത്തിന്റെ തേജസ്വിനിയായ അല്‍ ഫോന്‍സാമ്മയുടെ ജീവിത മാതൃകയില്‍ പുതിയ അല്‍ഫോന്‍സമാര്‍ ഉദയം ചെയ്യുന്നിടങ്ങളിലേ വിശുദ്ധ സ്‌നേഹത്തിന്റെ മാരിവില്ലുകള്‍ വിരിയുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org