ലൈംഗികതയിലെ ശരി: പാപ്പ പറഞ്ഞതും വാര്‍ത്ത പറയാത്തതും

ലൈംഗികതയിലെ ശരി: പാപ്പ പറഞ്ഞതും വാര്‍ത്ത പറയാത്തതും

മരിയന്‍ ജോര്‍ജ് വട്ടശേരില്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍നിന്ന് കത്തോലിക്കാസഭയുടെ പരമ്പരാഗത പ ഠനങ്ങളെ തള്ളിപ്പറയുന്ന വിധത്തില്‍ എന്തെങ്കിലും 'വീണുകിട്ടുമെന്നു' സദാ പ്രതീക്ഷിക്കുന്ന മാധ്യമങ്ങളുണ്ട്. മാര്‍പാപ്പ വിഗ്രഹമുടയ്ക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പാകത്തില്‍ എന്തു കിട്ടിയാലും ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതാണ് അവയുടെ ശൈലി.
'ടെറ ഫ്യൂച്ചറ' എന്ന പുസ്തകത്തിനു വേണ്ടി ഇറ്റാലിയന്‍ പുസ്തകക്കാരന്‍ കാര്‍ലോ പെട്രീനിയുമായി നടത്തിയ സംഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ചില കാര്യങ്ങള്‍ക്കാണ് ഏറ്റവുമൊടുവില്‍ അവയുടെ 'ലാളന' കിട്ടിയത്.
പുസ്തകങ്ങളുടെ പ്രചാരണത്തിനു സെന്‍സേഷണല്‍ ആകാവുന്ന ഭാഷണഭാഗങ്ങള്‍ വാര്‍ത്തയാക്കി പുറത്തുവിടുന്നതു സാധാരണമായ കാര്യം. അതേ മട്ടിലാവണം, ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പറഞ്ഞ അഭിമുഖത്തില്‍ ഭക്ഷണത്തെയും ലൈംഗികതയെ യും കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളിലേക്കു പകര്‍ത്തിവിട്ടത്. അവര്‍ക്കു പ്രിയങ്കരമായി മാറിയ ആ വാക്യങ്ങള്‍ മലയാളത്തിലെ ഒരു മാധ്യമത്തില്‍ വന്നത് ഇങ്ങനെ:
രുചികരമായ ഭക്ഷണവും ലൈംഗികബന്ധവും ആസ്വദിക്കുന്നത് പാപമല്ലെന്നും അവ ദൈവികമായ പ്രവര്‍ത്തനങ്ങളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യകരമാകുന്നു. അതുപോലെ ലൈംഗികസുഖം പ്രണയത്തെ മനോഹരമാക്കുന്നു. അത് ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഉറപ്പുനല്‍കുന്നു. അമിതമായ ധാര്‍മികതയ്ക്ക് ഇപ്പോള്‍ സഭയില്‍ സ്ഥാനമില്ലെന്നും ഇതിനെ എതിര്‍ക്കുന്ന കാഴ്ചപ്പാടുകള്‍ ചരിത്രത്തില്‍ പലപ്പോഴും ദോഷം വരുത്തിയിട്ടുണ്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനന്ദം ദൈവത്തില്‍നിന്നു നേരിട്ടുവരുന്നതാണെന്നും അതിന് കത്തോലിക്കരെന്നോ ക്രൈസ്തവരെന്നോ മറ്റാരെങ്കിലുമെന്നോ വേര്‍തിരിവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദത്തെ സഭ അപലപിക്കുന്നുണ്ടെങ്കിലും മറുവശത്ത് മനുഷ്യത്വപരവും ധാര്‍മികവുമായ ആനന്ദത്തെ ഉള്‍ക്കൊള്ളണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഇത്രയും കാര്യങ്ങളില്‍ തെറ്റും കുഴപ്പവുമുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍, ആദ്യം തന്നെയുള്ള വലിയ കുഴപ്പം ഇത്രയും കാര്യങ്ങളേ ഉള്ളൂ എന്നതാണ്, ഇതൊരു വാര്‍ത്താ'ശകലം' മാത്രമാണെന്നതാണ്. മാര്‍പാപ്പ പറഞ്ഞിരിക്കാവുന്ന കാര്യങ്ങള്‍ പൂര്‍ണമായി ഇതിലില്ല. ക്രിസ്തുവിന്റെ വികാരിയും കത്തോലിക്കാ തിരുസഭയുടെ തലവനും എന്ന നിലയില്‍ പാപ്പ ഉദ്ദേശിച്ചതോ ഉദ്ദേശിക്കേണ്ടതോ ആയ നിര്‍ണായക ചൂണ്ടിക്കാട്ടല്‍ ഇതില്‍ പെടുത്തിയിട്ടില്ല. മലയാളത്തില്‍ മാത്രമല്ല, ഉറവിടമായ ഇംഗ്ലിഷ് പാഠത്തിലുമില്ല. പുസ്തകത്തില്‍ അതുണ്ടാകുമോ എന്നു നമുക്കിപ്പോള്‍ അറിയില്ല.
അതിനാല്‍, കത്തോലിക്കാ വായനക്കാര്‍ക്ക് അത്യാവശ്യമായി വേണ്ടുന്ന ചില തിരിച്ചറിവുകള്‍ ചൂണ്ടിക്കാട്ടട്ടെ. പ്രഥമമായ കാര്യം, രണ്ട് അതിപ്രധാന വസ്തുതകളെ ഈ വാര്‍ത്താശകലം മറച്ചുപിടിക്കുന്നു എന്നതാണ്. ഒന്ന്, വിവാഹിത ദമ്പതികള്‍ക്കിടയില്‍ മാത്രമാണ് ലൈംഗികത അനുവദനീയം എന്ന കത്തോലിക്കാ സഭയുടെയും മാര്‍പാപ്പയുടെയും നിലപാട്. രണ്ട്, അനുവദനീയ ദാമ്പത്യകര്‍മത്തില്‍ മാത്രമേ അത് ദൈവത്തില്‍നിന്നുള്ള ആനന്ദം വഹിക്കുന്നുള്ളൂ എന്നത്.
മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദത്തെ മാത്രമേ കത്തോലിക്കാ സഭയും പാപ്പയും അപലപിക്കുന്നുള്ളൂ എന്നു തോന്നിക്കുന്ന വിധത്തിലാണു വാര്‍ത്ത. ക്രൂരതയില്ലാത്ത, ഉഭയസമ്മതത്തോടെയുള്ള സ്വതന്ത്ര ലൈംഗികത അനുവദനീയമാണെന്നോ ദമ്പതികളുടെ വിവാഹബാഹ്യബന്ധവും വിവാഹം കൂടാതെയുള്ള ലൈംഗികബന്ധങ്ങളും കുഴപ്പമില്ലാത്തവയാണെന്നോ കുറഞ്ഞ പക്ഷം തിരുസഭ അതെക്കുറിച്ചു മൗനത്തിലാണെന്നോ ചിലര്‍ക്കെങ്കിലും പറയാന്‍ അത് സാധ്യത അവശേഷിപ്പിച്ചിരിക്കുന്നു.

ക്രിസ്തുവിന്റെ വികാരിയും കത്തോലിക്കാ തിരുസഭയുടെ തലവനും എന്ന നിലയില്‍ പാപ്പ ഉദ്ദേശിച്ചതോ ഉദ്ദേശിക്കേണ്ടതോ ആയ നിര്‍ണായക ചൂണ്ടിക്കാട്ടല്‍ ഇതില്‍ പെടുത്തിയിട്ടില്ല. മലയാളത്തില്‍ മാത്രമല്ല, ഉറവിടമായ ഇംഗ്ലിഷ് പാഠത്തിലുമില്ല. പുസ്തകത്തില്‍ അതുണ്ടാകുമോ എന്നു നമുക്കിപ്പോള്‍ അറിയില്ല.

ഭക്ഷണം നമുക്ക് എവിടെനിന്നും കഴിക്കാം. അഥവാ രുചികരമായതു കിട്ടുന്ന ഇടത്തുനിന്നു കഴിക്കാം. അതില്‍ ദൈവകല്‍പനാലംഘനമില്ല. ലൈംഗികതയും അങ്ങനെയാകാമെന്നോ അതിനുള്ള സഖ്യം അഭിരുചി പോലെ തെരഞ്ഞെടുക്കാമെന്നോ പാപ്പയോ തിരുസഭയോ ഒരിക്കലും പറയില്ല. എന്നാല്‍, പാപ്പ അതിനെ വിലക്കിയിട്ടില്ലെന്ന തോന്നലിന്, ഇവ രണ്ടിന്റെയും നിരുപാധികമായ തുലനപ്പെടുത്തല്‍ കാരണമാകുന്നു. ഭക്ഷണവും ലൈംഗികതയും സമാനമാക്കി കാണുന്ന പ്രവണതകള്‍ക്കു നീതീകരണം പറയാന്‍ ഈ വാര്‍ത്താശകലം ദുരുപയോഗിക്കപ്പെടാം.
യഥാര്‍ഥത്തില്‍ മാര്‍പാപ്പ ഉദ്ദേശിച്ചത് എന്താണ്. വിവാഹമേപാടില്ലെന്നും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജിക്കണമെന്നും ആദിമസഭയിലെ അംഗങ്ങളെ ശാസിച്ചിരുന്ന അബദ്ധപ്രബോധകരെക്കുറിച്ച്, ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിച്ച പൗലോസ് ശ്ലീഹാ തന്നെ പറഞ്ഞത് 'മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്‍മാരുടെ കാപട്യം' (1 തീമോത്തി 4:2-3) എന്നായിരുന്നല്ലോ. അതേ വാക്കുകളാവണം മാര്‍പാപ്പയും ഉദ്ദേശിച്ചത്.
എന്നാല്‍, ദൈവദത്തമായ ലൈംഗികാനന്ദവും കേവല ലൈംഗിക രസവും വ്യത്യസ്തമാണെന്നും ദാമ്പത്യത്തിലായാലും 'കാമാസക്തി' അശുദ്ധമാണെന്നും കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ട്. ജീവിതപങ്കാളിയോടായാലും കാമാസക്തി പാടില്ലെന്ന്, തിരുവചനത്തോടു (1 തെസ. 4:3-5) ചേര്‍ന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിച്ചത് കത്തോലിക്കാവിശ്വാസികള്‍ മറക്കാന്‍ കാലമായിട്ടില്ല. ഈ പാഠങ്ങളെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പ തള്ളിപ്പറഞ്ഞതായി ആരെങ്കിലും വ്യാഖ്യാനിച്ചോട്ടെ എന്ന മട്ടിലാണ് വാര്‍ത്താശകലത്തിലെ പഴുത്.
സ്വന്തം നഗ്‌നത കാണുന്നതു പോലും പാപകരമെന്നു വിധിച്ച മധ്യകാല തീവ്രതാപസ ചിന്താഗതിയെക്കുറിച്ചു നമുക്കറിയാം. ദൈവകല്‍പനകളില്‍ മായം പോലെ ആരാലോ ചേര്‍ക്കപ്പെട്ടതും തിന്മയായി കടന്നൂകൂടിയതുമായ ലജ്ജകളും അറപ്പുകളും നിരോധനങ്ങളും നിരവധി തലമുറകളിലെ ദാമ്പത്യങ്ങളില്‍ ആനന്ദം വിലക്കിയിട്ടുണ്ട്. കത്തോലിക്കാ സഭ നേരത്തെ തന്നെ തള്ളിപ്പറഞ്ഞിട്ടുള്ള അത്തരം നിലപാടുകളെയാവാം മാര്‍പാപ്പ ഉദ്ദേശിച്ചത് എന്നു വായനക്കാര്‍ക്ക് ഊഹിക്കാനേ നിവൃത്തിയുള്ളൂ.
ലൈംഗികാനന്ദം ദൈവികമാണെന്ന വസ്തുതയെ നിരുപാധികപ്രഖ്യാപനം ആക്കിയാല്‍, കേവലം ശാരീരിക രസമാണു ദാമ്പത്യബന്ധത്തിലെ പ്രാഥമിക ലക്ഷ്യമെന്നും കൃത്രിമ കുടുംബാസൂത്രണ മാര്‍ഗങ്ങളേതും അനുവദനീയമാണെന്നും വ്യാഖ്യാനമുണ്ടാകാം. കത്തോലിക്കാസഭയുടെ ഉപദേശങ്ങളെ അവഗണിക്കാനുള്ള ന്യായമായി അതു പലര്‍ക്കും തോന്നാം. അങ്ങനെ തോന്നിക്കുക എന്നതു വാര്‍ത്തയുടെ ലക്ഷ്യമാണോ എന്നു നമുക്കറിയില്ല.
ആധുനിക ചിന്താഗതി ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ നിര്‍ദേശങ്ങളോടു വിയോജിച്ചേക്കാം. എന്നാല്‍, യൂദായുടെ പുത്രന്‍ ഓനാന്റെ ഒരു പ്രത്യേക തെറ്റും അതിനു ലഭിച്ച ശിക്ഷയും സംബന്ധിച്ച ബൈബിള്‍ വാക്യങ്ങള്‍ (ഉത്പത്തി 38:9-10) നല്‍കുന്ന പാഠം തന്നെയാണല്ലോ സഭയും പഠിപ്പിക്കുന്നത്.
ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, കത്തോലിക്കാ സഭയുടെ പാഠങ്ങള്‍ ലൈംഗികതയുടെ ആനന്ദം നിഷേധിക്കുന്നതും ജീവിത വിരുദ്ധവും സ്വാഭാവിക സന്തോഷത്തിനു വിലങ്ങിടുന്നതും ആണെന്ന പ്രചാരണം നിരന്തരം നടന്നുപോരുന്നു എന്നതാണ്. ദാമ്പത്യജീവിതം നയിച്ചു "സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍" എന്ന് ആദിമദമ്പതികള്‍ക്കു ദൈവം നല്‍കിയ നിര്‍ദേശം വിശുദ്ധ ഗ്രന്ഥത്തില്‍ നമ്മള്‍ വ്യക്തമായി വായിക്കുന്നുണ്ട്. എന്നിട്ടുപോലും, ആദിപാപം എന്നത് ആദംഹവ്വമാരുടെ ശാരീരികയോഗമായിരുന്നു എന്നും അതിനാണു ദൈവം അവരെ ശിക്ഷിച്ചതെന്നും അപപാഠം പരത്തുന്നരുടെ തിന്മ എക്കാലത്തുമുണ്ടല്ലോ.
അമിതമായ ലൈംഗികധാര്‍മികത എന്നൊരു കാര്യം വൈദികനേതൃത്വം കാര്‍ക്കശ്യത്തോടെ ഉപദേശിച്ച അനുഭവം ഇതെഴുതുന്നയാളുടെ ഓര്‍മയിലെങ്ങുമില്ല. എന്നാല്‍, ദൈവകൃപയ്ക്കും ആത്മാവിന്റെ വിശുദ്ധിക്കും തടസമാകുന്ന ലൈംഗികപാപങ്ങളെക്കുറിച്ച്, അവര്‍ ഉത്തരവാദിത്വത്തോടെ ഓര്‍മപ്പെടുത്തിപ്പോരുന്നുണ്ട്.
"ലൈംഗികത സുന്ദരമാണ്, അതു ദൈവദത്തമാണ്. അതിനാലതു പാവനമാണ്" എന്ന വിശിഷ്ടമായ ഉപദേശമാണ് കൗമാരപ്രായം മുതലുള്ള ഇത്തരം ക്ലാസുകളിലും സെമിനാറുകളിലും ബന്ധപ്പെട്ട വൈദികരില്‍നിന്നു കേട്ടിട്ടുള്ളത്. അതുപോലെതന്നെ ദൈവമേകിയ ലൈംഗികവ്യക്തിത്വത്തെക്കുറിച്ച് നന്ദിയോടെ അഭിമാനിക്കാനുള്ള പ്രേരണയും അവരില്‍നിന്നു ലഭിച്ചിട്ടുണ്ട്. എന്നാല്‍ വൈദികരില്‍നിന്നല്ലാതെ വല്ലേടത്തുനിന്നും വല്ലതും ഗ്രഹിച്ചവര്‍ക്ക് കത്തോലിക്കാസഭയുടേതല്ലാത്ത കാഴ്ചപ്പാടുകള്‍ കിട്ടിയിരിക്കാം.
അതാണു വസ്തുത എന്നിരിക്കെ, 'അമിതമായ ധാര്‍മികത' എന്താണെന്ന സംശയം അവശേഷിക്കും. ഇതെഴുതുന്നയാള്‍ ഉള്‍പ്പെട്ട വലിയ ഗണം വിശ്വാസികള്‍ക്ക് അതറിയില്ല. എങ്കിലും സത്യത്തെ നുണയുടെ കയറുകൊണ്ടും നന്മയെ തിന്മയുടെ കയറുകൊണ്ടും കെട്ടിവലിക്കുന്ന നിഷേധശക്തികള്‍ പവിത്രലൈംഗികതയെ മ്ലേച്ഛതയാക്കി തിന്മയാക്കിക്കാട്ടുന്ന അബദ്ധപാഠങ്ങളുടെ രൂപത്തില്‍ മനസ്സുകളില്‍ നുഴഞ്ഞുകയറുന്നില്ലെന്നു പറയാനാവില്ല.
ബോട്ടംലൈന്‍: കത്തോലിക്കാ സഭ ലൈംഗികതയെ അപ്പാടെ നിഷിദ്ധമായിക്കാണുന്നു എന്നു പ്രചരിപ്പിക്കുന്ന ശക്തികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ ദുരുപയോഗിക്കാന്‍ ഇടയുണ്ട്. അക്രമപരമല്ലാത്ത ഏതു ലൈംഗികതയും അനുവദനീയമാണെന്ന തോന്നല്‍ ചെറുപ്പക്കാരില്‍ ജനിപ്പിക്കാനും ഉറപ്പിക്കാനും ഈ കുറിപ്പില്‍ പരാമര്‍ശിച്ച വാര്‍ത്താശകലം കാരണമായേക്കാം. ലൈംഗികതയുടെ നിരുപാധിക ആസ്വാദനത്തെ കത്തോലിക്കാസഭാ തലവന്‍ ശരിവച്ചു എന്നും കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങളേതും അനുവദനീയമെന്നും വരുത്തിത്തീര്‍ക്കാന്‍ ഈ വാര്‍ത്ത ദുരുപയോഗിക്കപ്പെട്ടേക്കാം.
വിമര്‍ശനമനസ്‌കരും ബുദ്ധിജീവി ഭാവക്കാരുമായ ചിലര്‍ മാര്‍പാപ്പയുടെ പ്രസംഗഭാഗങ്ങളെല്ലാം ഇവിടത്തെ വൈദികനേതൃത്വത്തെ മാത്രം പുതിയ പാഠം പഠിപ്പിക്കാനുള്ളതാണെന്ന ചിന്തയാല്‍ ആവേശപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org