ഏഴര പതിറ്റാണ്ടിന്റെ താപസജീവിതം

ഏഴര പതിറ്റാണ്ടിന്റെ താപസജീവിതം

സിസ്റ്റര്‍ ഗ്ലോറി സിഎംസി, കോതമംഗലം

സിസ്റ്റര്‍ ഗ്ലോറി സിഎംസി
സിസ്റ്റര്‍ ഗ്ലോറി സിഎംസി

"കര്‍ത്താവിന്റെ കരുണകളെ ഞാന്‍ എന്നേ യ്ക്കും പുകഴ്ത്തും" എന്ന സങ്കീര്‍ത്തകവചനപ്പൊരുള്‍ അടിസ്ഥാനഭാവമാക്കിക്കൊണ്ട് ഏഴര പതിറ്റാണ്ടുകാലം സമര്‍പ്പിതവഴിയില്‍ പ്രകാശഗോപുരമായി വിളങ്ങിയ ഒരു സന്യാസിനി – സി. ഫിലിപ്പിയ സി.എം.സി. സന്യാസത്തിന്റെ കര്‍മ്മകാണ്ഡത്തില്‍ 75 വര്‍ഷക്കാലമെന്നത് ഒരപൂര്‍വ്വഭാഗ്യം തന്നെ. ലോകത്തിന് മൗഢ്യമായിത്തോന്നാവുന്ന സന്യാസധര്‍മ്മത്തിന് ജീവിതംകൊണ്ട് അടിവരയിട്ട ഈ ധന്യജന്മം തൊണ്ണൂറ്റാറിന്റെ പൂമുഖപ്പടിവാതിലും കടന്ന് വദനത്തില്‍ നിറനിലാവു പരത്തുന്ന പുഞ്ചിരിയുമായി നില്‍ക്കുമ്പോള്‍ സുവിശേഷാനന്ദത്തിന്റെ ഒരു നേര്‍സാക്ഷ്യമാകുന്നു. സന്യാസവും പൗരോഹിത്യവുമെല്ലാം സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടുന്ന സമകാലികലോകത്തില്‍, സമര്‍പ്പണവിശുദ്ധിക്ക് യാതൊരു പരിക്കുമേല്‍ക്കാതെ, സൂര്യകാന്തിപുഷ്പം സൂര്യനെ നോക്കുന്നതുപോലെ കര്‍ത്താവിന്റെ മുഖം നോക്കി ഇരിക്കകയാണീ മണവാട്ടി!
ഫിലിപ്പിയാമ്മ ഇപ്പോള്‍ അംഗമായിരിക്കുന്ന കോതമംഗലം സി.എം.സി. മഠത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ തിരശ്ശീല വീണുകഴിഞ്ഞതേയുള്ളൂ. എന്നാല്‍ 100 വയസ്സു തികഞ്ഞ ഈ തിരുക്കുടുംബഭവനത്തിന്റെ മക്കള്‍ ക്കാര്‍ക്കും പ്ലാറ്റിനം ജൂബിലിയുടെ പടിവാതിലിലെത്താന്‍പോലും ഭാഗ്യമുണ്ടായിട്ടില്ല എന്നതിനാല്‍ ഇതി നെ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. മാത്രമല്ല 96-ാം വയസ്സിലും മറവിക്ക് കീഴ്‌പ്പെടാത്ത മനസ്സ് പക്ഷെ, ആത്മമണവാളനിലല്ലാതെ മറ്റാരിലും മറ്റൊന്നിലും അഭിരമിച്ചിട്ടില്ല എന്നതിനാല്‍ ദൈവികമേഖലയെ ചൂഴ്ന്നുനില്‍ ക്കുന്നു. അഭിമുഖത്തിന് സന്നദ്ധയായി കടന്നുവന്ന അമ്മ എത്ര സമയവും ഇരുന്നുതരാന്‍ തയ്യാര്‍. വ്രതാര്‍പ്പണത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാവുകയാണെന്ന് ആദ്യം കണ്ടെത്തിയതും ഓര്‍മ്മിപ്പിച്ചതും, അതും ഒരു വര്‍ഷം മുന്‍പ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യത്തക്കവിധത്തില്‍ നേരത്തേ തന്നെ അറിയിച്ചതും ഈ ജൂബിലേറിയന്‍തന്നെ എന്ന് പറയുമ്പോള്‍ അത് വിശ്വാസ്യതയുടെ പരിധിക്കും അപ്പുറത്താണല്ലൊ.
കോതമംഗലം വാഴക്കുളത്ത് തയ്യില്‍ നമ്പ്യാപറമ്പില്‍ കുടുംബത്തില്‍ ജോസഫിന്റെയും ബ്രിജിറ്റിന്റെയും ഏഴു മക്കളില്‍ കനിഷ്ഠസന്താനമായി 1925-ല്‍ ജനിച്ച് ഏവരുടേയും കണ്ണിലുണ്ണിയായി വളരാന്‍ ഭാഗ്യം ലഭിച്ച കുഞ്ഞുറോസയുടെ ബാല്യം മധുരതരം. വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ 7-ാം ക്ലാസ്സ് വരെയുള്ള പഠനകാലത്തെ ഓരോ അധ്യാപകരുടെയും പേരുകള്‍ കാണാപ്പാഠമാണ് ഫിലിപ്പിയാമ്മയ്ക്ക്. അവരെല്ലാം തന്നെ സിസ്റ്റേഴ്‌സും പലരും സ്വന്തക്കാരും. തുടര്‍ന്ന് ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നിന്ന് മലയാളം ഹയര്‍ പാസായി. ഇതിനിടയില്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ അമ്മയുടെ ഓരോ നീക്കങ്ങളും നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു.
സ്വസഹോദരന്‍ പരേതനായ റവ. ഫാ. ജോസഫ് MSFS നെക്കുറിച്ച് വലിയ അഭിമാനമുണ്ട്. സഹോദരരുടെ മക്കള്‍ എല്ലാംതന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും രാഷ്ട്രത്തെയും സംസ്ഥാനത്തെയുമൊക്കെ സേവിക്കുന്നവരുമാണ്. സഹോദരപുത്രനായ റവ. ഫാ. ജോസ് തയ്യില്‍ SJ പൂനാ പേപ്പല്‍ സെമിനാരി റെക്ടര്‍ ആയിരുന്നു. എന്നാല്‍ ഇതിലൊന്നും തെല്ലും അഹങ്കാരമില്ലാത്ത അമ്മ എല്ലാം ദൈവികദാനമായി കാണുമ്പോള്‍ IAS കാരും IPS കാരുമൊക്കെ ഉള്‍പ്പെടുന്ന ഈ മരുമക്കള്‍ക്ക് അവരുടെ അമ്മായിയെക്കുറിച്ചും അഭിമാനവും സന്തോഷവുമാണ്.
വ്രതവാഗ്ദാനം' (V.C.I.) വഴി 1946 ഫെബ്രുവരി 14-ാം തീയതി സന്യാസസമര്‍പ്പണം നടത്തിയ ഫിലിപ്പിയാമ്മയുടെ ജീവിതഗ്രന്ഥത്തിന്റെ ഏടുകള്‍ മറിയ്ക്കുന്നവര്‍ക്ക് ഹൃദയഹാരിയായ കാഴ്ചകള്‍ കാണാം. ഒരിക്കലും വ്രതപാലനം ഒരു ഭാരമായി തോന്നാത്ത അമ്മ ജനസാമാന്യത്തിനെന്നല്ല, സമര്‍പ്പിതര്‍ക്കു മുന്നിലും വെല്ലുവിളി ഉയര്‍ത്തുകയാണ്. ജീവിതത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ചിലപ്പോഴെങ്കിലും വ്രതശുദ്ധിക്കെതിരായ പ്രലോഭനങ്ങളില്‍ മുട്ടു മടക്കുന്നവരെ സമകാലീനലോകം പലപ്പോഴും കണ്ടുമുട്ടാറുണ്ട്. എന്നാല്‍, ഒരിക്കല്‍ ഉപേക്ഷിച്ചതിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും കൂട്ടാക്കാത്ത അമ്മ, ധീരതയുടെ നേര്‍സാക്ഷ്യമാണ്. ഐഹികസന്തോഷങ്ങളെ ബലിയായിക്കൊടുക്കുന്ന ബ്രഹ്മചര്യത്തിലുള്ള സന്തോഷപ്രദമായ ജീവിതമാണ് സന്യാസം എന്ന് ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന ഫിലിപ്പിയാമ്മ, 'ലൗകികസന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമെ' എന്നു പ്രാര്‍ത്ഥിച്ച, വി. അല്‍ഫോന്‍സാമ്മയെപ്പോലെ, ഒരിക്കലും പിന്‍തിരിഞ്ഞ് നോക്കാത്ത പ്രതിഷ്ഠാജീവിതമാണ്.
'ദൈവഹിതം നടക്കും, നടത്തും' എന്ന് അസന്ദിഗ്ധമായി പ്രസ്താവിച്ച വി. ചാവറപിതാവിന്റെ ഈ മകള്‍ക്കും അതുതന്നെയാണ് അഭിമതം. അല്പാഹാരം കൊണ്ട് തൃപ്തിയടയുന്ന അമ്മയ്ക്ക് ഭക്ഷണം വേണ്ട എന്ന് തോന്നുമ്പോള്‍ ആരെങ്കിലും അല്പം എടുത്തുകൊടുത്താല്‍ അത് നിരസിക്കാറുണ്ട്. എന്നാല്‍, 'മദര്‍ പറഞ്ഞിട്ടാണ്' എന്നു പറഞ്ഞാല്‍ പിന്നെ മറുത്ത് ഒരക്ഷരമില്ല. അതുപോലെ തന്നെ മരുന്നും മറ്റ് അവശ്യ വസ്തുക്കളും എല്ലാം. ഒരിക്കല്‍ ചെറിയ ദേഹാസ്വാസ്ഥ്യത്തിന്റെ നാളുകള്‍. ഭക്ഷണം മുറിയിലെത്തിച്ചുകൊടുത്ത് അകത്ത് വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയായിരുന്നു. കൊറോണാക്കാലവുമാണ്. രണ്ടു ദിവസത്തേക്ക് ചാപ്പലില്‍ വരേണ്ട എന്ന് ജനലിനരികെ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍, "ഞാന്‍ കുര്‍ബാനയ്ക്ക് പോകും" എന്ന് ഉത്തരം. വേണ്ട എന്ന് ശക്തിയായി പറഞ്ഞപ്പോള്‍ "ആരാ പറയുന്നത്?" എന്ന് ചോദ്യമുണ്ടായി. 'മദറാണ്' എന്നു പറഞ്ഞപ്പോള്‍ 'മദര്‍ കടന്നുവാ' എന്നായി. കടന്നു ചെന്നു. മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ അമ്മയ്ക്ക് ചെറിയ സംശയം. മാസ്‌ക് സാവധാനം മാറ്റി കാണിച്ചു. ഉടന്‍ കുഞ്ഞാടിനെപ്പോലെ മനസ്സ് മാറ്റി. ഈ 96-ാം വയസ്സിലും 'അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം' എന്ന തിരുവചനം ജീവിക്കുന്ന ഈ സമര്‍പ്പിത, മാതാപിതാക്കളെ എന്നപോലെ അധികാരികളെയും കാണപ്പെട്ട ദൈവങ്ങളായി കരുതുകയാണ്.
"നല്ല കാലത്തോളം ഭൂമിയില്‍ ഇരിക്കാനായി അപ്പനെയും അമ്മയെയും ബഹുമാനിക്കുക" എന്ന വചനം ജീവിച്ച് അധികമാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത സൗഭാഗ്യത്തെ സ്വന്തം പേരിനോടു ചേര്‍ത്തിരിക്കുന്ന ഫിലിപ്പിയാമ്മ 'ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്' എന്ന് പറയാതെ പ്രഘോഷിക്കുകയാണ്. കോവിഡ് മഹാമാരി അതിന്റെ ഭീകരമുഖം മറനീക്കി കാണിച്ച് താണ്ഡവനൃത്തമാടുമ്പോഴും ശാന്തമായൊഴുകുന്ന ഒരു നദിപോലെ വ്രതാര്‍പ്പണത്തിന്റെ പ്ലാറ്റിനം ജൂബിലിയും കടന്ന് മന്ദം നീങ്ങുകയാണ്.
ദാരിദ്ര്യവ്രതം പാലിയ്ക്കുന്നതിലെ നിഷ്ഠ ഒന്നു കാണേണ്ടതുതന്നെ. താമസസൗകര്യം, വസ്ത്രം, ഉപയോഗ സാധനങ്ങള്‍ ഇവയൊക്കെ ജീവിക്കാനാവശ്യമായത് മാത്രം മതി എന്ന പക്ഷമാണ് അമ്മയ്ക്ക്. ഒരു പുതിയ ഉപയോഗസാധനം കൊടുത്താല്‍ 'ഇതെന്തിനാണ്, എനിക്കെല്ലാം ഉണ്ടല്ലോ' എന്നാണ് പ്രതികരണം. എന്നാല്‍ മുറിയിലെ അലമാരയൊക്കെ പരിശോധിച്ചാല്‍ ഒന്നുമില്ല. എന്നാല്‍ ഒരിക്കലും മുഷിഞ്ഞതോ, കീറിപ്പറിഞ്ഞതോ ആയ വസ്ത്രം ധരിച്ച് കണ്ടിട്ടില്ല. 'Cleanliness is next to Godliness' എന്ന ചൊല്ലില്‍ പതിരില്ലെന്ന് ഈ ജീവിതം കണ്ടാലറിയാം. ഒരു സന്യാസിയുടെ വില 'എന്തില്ല' എന്നതും 'എന്തല്ല' എന്നതുമായിരിക്കെ, 'എന്തുണ്ട് ' എന്നതും 'എന്താണ് ' എന്നതുമായ ആധുനിക പ്രവണത ആദ്യത്തേതിനെ കീഴടക്കുന്ന കാഴ്ച സന്യാസത്തിലും കാണുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ഈ വിധം ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും കാണാപ്പുറങ്ങള്‍ നമുക്കു ചുറ്റുമുണ്ട്.
Less luggage is more comfort എന്നത് യാത്രയ്ക്കുവേണ്ടി മാത്രമല്ല, ജീവിതത്തിലുടനീളം പാലിക്കപ്പെടുന്നതുകൊണ്ട് അമിതഭാരമില്ലാത്ത ഈ ജീവിതയാനത്തിന് അപകടമേഖലകളെ തരണം ചെയ്യാനാകുന്നു. 45 വര്‍ഷം മുന്‍പ് കാണുമ്പോഴുള്ള കൃശഗാത്രം സ്ഥൂലഗാത്രത്തിന് വഴി മാറിക്കൊടുത്തിട്ടില്ല. മാത്രമല്ല, വീഴ്ച ഒരു ഹോബിയായുള്ള ഫിലിപ്പിയാമ്മയ്ക്ക് വീണാലും പരിക്ക് പറ്റാറില്ല. മറ്റുള്ളവരെ പരിക്കേല്പിക്കാറുമില്ല. ദൈവത്തിന്റെ മേലൊപ്പുചാര്‍ത്തപ്പെട്ട ഈ സമര്‍പ്പിത ജീവിതത്തിന് മായാപ്രപഞ്ചത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ മിഴിയുടക്കാറില്ല.
മലയാളം ഹയര്‍ പാസായി വാഴക്കുളം സെന്റ് ജോര്‍ജ്ജ് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്ററില്‍ നിന്ന് അധ്യാപകപരിശീലനവും നേടി കന്യകാലയപ്രവേശനം നടത്തിയ അമ്മയെ വ്രതാര്‍പ്പണത്തിനുശേഷം എറണാകുളത്ത് ഹിന്ദിവിദ്വാന്‍ കോഴ്‌സിന് നിയോഗിച്ചപ്പോള്‍ അതിലെല്ലാം അമ്മ ദൈവഹിതം കണ്ടു. സഭയുടെ ആവശ്യവും അധികാരികളുടെ ഇംഗിതവും ദൈവഹിതത്തിന്റെ പ്രത്യക്ഷീകരണമായതിനാല്‍ സ്വീകാര്യതയുടെ സന്തോഷം എവിടെയും എപ്പോഴും പ്രകടമായിരുന്നു.
മൂല്യങ്ങളെ മൂലധനമാക്കുന്നതിനും അറിവില്‍ നിന്ന് തിരിച്ചറിവിലേക്ക് വളര്‍ത്തുന്ന ബോധനത്തിലൂടെ ബോധ്യങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും അധ്യാപികയെന്ന നിലയില്‍ അമ്മ കഠിനാധ്വാനം ചെയ്തു. ഒരു വിദ്യാര്‍ത്ഥിയെ പോലും അവഗണിക്കാത്ത ഈ രാഷ്ട്രഭാഷാധ്യാപികയ്ക്ക് പക്ഷെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതല്‍ ഒരു ബലഹീനത തന്നെയായിരുന്നു. രണ്ടരപതിറ്റാണ്ട് അധ്യാപന ദൗത്യം തുടര്‍ന്നു. ഇതിനിടയില്‍ അധ്യാപനവും administration ഉം ഒരുമിച്ച് കൊണ്ടുപോകുന്ന കലയിലും അമ്മ നൈപുണ്യം നേടി. അധ്യാപികയായിരിക്കെതന്നെ മൂന്നുവര്‍ഷം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും ആറു വര്‍ഷം പ്രൊവിന്‍ഷ്യല്‍ ട്രഷററായും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു.
1977 ല്‍ അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചശേഷം ജീവിതഗ്രന്ഥത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. റിട്ടയര്‍മെന്റ്, വിശ്രമത്തിനുള്ള അവസരമായിട്ടല്ല അമ്മ കരുതിയത്. അതിശൈത്യത്തിന്റെ കരതാഡനമേറ്റുകൊണ്ട് മൂന്നാറിനപ്പുറം കൊരണ്ടിക്കാടും കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളോടും ദാരിദ്ര്യത്തിന്റെ ദുര്‍ഘടസന്ധികളോടും പോരാടി കൂമ്പന്‍പാറയിലും നേതൃത്വശുശ്രൂഷ നിര്‍വ്വഹിക്കുകയും വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ കടന്നിട്ടും വീണ്ടും പാറത്തോടിന്റെ പരുക്കന്‍ ഭൂപ്രകൃതിയില്‍ അസിസ്റ്റന്റ് സുപ്പീരിയറായും അമ്മ ശുശ്രൂഷ ചെയ്തു. കാരക്കുന്നം കമ്പനിമഠത്തിന്റെ സുപ്പീരിയറായും കമ്പനി മാനേജരായും ഒരേ സമയം അധ്വാനത്തിന്റെ ആള്‍രൂപമായി അമ്മ മാറി. ഭൗതികമായ കുറവുകള്‍ക്കു മുന്നില്‍ തളരാത്ത ആത്മശക്തി പകരാന്‍ വിളിച്ചവന്റെ കരബലം അമ്മയെ തുണച്ചു.
വീണ്ടും ഏഴ് വര്‍ഷക്കാലം മലയിന്‍കീഴില്‍ ഉത്തരവാദിത്തമുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചപ്പോഴും വാര്‍ദ്ധക്യം തളര്‍ത്താത്ത മനോവീര്യവും പക്വത ചോര്‍ന്നുപോകാത്ത വ്യക്തിത്വവും ദൈവം അമ്മയില്‍ കാത്തുസൂക്ഷിച്ചു. 2001 മുതല്‍ കോതമംഗലം തിരുക്കുടുംബമഠത്തിന്റെ ഊര്‍ജ്ജസ്രോതസ്സായി അമ്മ അകത്തളങ്ങളിലുണ്ട്. പ്രാര്‍ത്ഥനയ്ക്കും സമൂഹാനുഷ്ഠാനങ്ങള്‍ക്കും സ്‌നേഹശൂശ്രൂഷകള്‍ക്കും ഒരു റോള്‍മോഡലായിക്കൊണ്ട്. വി. കുര്‍ബാനയും യാമപ്രാര്‍ത്ഥനയും ജപമാലയുമെല്ലാം നടക്കുമ്പോള്‍ താനില്ലെങ്കില്‍ അവിടെയൊരു വിടവുണ്ടല്ലൊ എന്നാണ് അമ്മയുടെ വിഷമം. ഈ വിടവു നികത്താന്‍ മറ്റാര്‍ക്കും പറ്റില്ല. അതിനാല്‍ ആവേശത്തോടെ എത്തിയിരിക്കും.
ഒരു ഉപദേശമാവശ്യപ്പെട്ടപ്പോള്‍, വളരുന്ന തലമുറയ്ക്കുമുന്നില്‍ തിരുത്തല്‍ ശക്തികളാകാന്‍ ഉപദേശമല്ല നല്‍കേണ്ടതെന്നും ജീവിതഗ്രന്ഥത്തിന്റെ ഏടുകള്‍ മറിയുമ്പോള്‍ ഏവര്‍ക്കും അത് വായിക്കാനാകണമെന്നും ആത്മാംശംകൊണ്ട് അടിവരയിട്ട ഉപദേശത്തിനേ പ്രസക്തിയുള്ളൂ എന്നും പ്രതികരണമുണ്ടായി. ഹൃദയത്തില്‍ നിറയുന്ന സ്‌നേഹം വദനത്തില്‍ വിരിയുന്ന മന്ദഹാസപ്പൂവായി ഏവര്‍ക്കും സമ്മാനിച്ചുകൊണ്ട് വാത്സല്യദായകമായ സാന്നിദ്ധ്യമായിരിക്കാന്‍ അമ്മയ്ക്കു കഴിയട്ടെ. ഈ ഭൂമിയിലെ തീര്‍ത്ഥാടനത്തിന്റെ ബാ ക്കി ദിനങ്ങള്‍ ഓരോന്നും വിളിച്ചവന്റെ മുഖത്തേക്കുറ്റുനോക്കി ആ വചനമാധുരിയില്‍ ലയിച്ച് സായൂജ്യമടയട്ടെ. പ്ലാറ്റിനം ജൂബിലിയുടെ ആശംസാമാല്യങ്ങളും പ്രാര്‍ത്ഥനാപുഷ്പങ്ങളും ഒന്നിച്ചുനേരാം.

Related Stories

No stories found.