
ചാള്‍സ് ജോര്‍ജ്
കടല്‍ മണല്‍ ഖനനത്തിന് ഇന്ത്യയിലെ ഒരു കമ്പനി പോലും രംഗത്ത് എത്താത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി വിദേശ കമ്പനികള്‍ക്കും അവരുടെ ഉപസ്ഥാപനങ്ങള്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം എന്നാക്കിയിരിക്കുകയാണ്. വിദേശ കമ്പനികള്‍ക്കായി ഇന്ത്യയുടെ കരയേപ്പോലെ, കടലും തീറെഴുതുന്ന വിപല്‍ക്കരമായ നടപടിയാണിത്. കേരളത്തില്‍ ഉയര്‍ന്നുവന്ന ശക്തമായ മത്സ്യത്തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്നാണ് കമ്പനികള്‍ പിന്‍വാങ്ങിയിരിക്കുന്നത്.
കടല്‍ മണല്‍ ഖനനത്തിനും സംസ്‌കരണത്തിനുമെതിരെ കേരള സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും കേരളതീരത്ത് മത്സ്യത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും, കേരളത്തിലെ ഗവേഷകര്‍ ഈ പദ്ധതിക്കെതിരെ രംഗത്തിറങ്ങുകയും ചെയ്യുകയുണ്ടായി. ഏറ്റവും ഒടുവില്‍ കേരള സര്‍വകലാശാല കൊല്ലം കേന്ദ്രീകരിച്ച് നടത്തിയ പഠനം ഈ വിഷയത്തിലുള്ള ഒരു ചുവടുവയ്പ്പാണ്.
വന്‍കിട കപ്പലുകളെയോ, ഖനന കമ്പനികളേയോ ഒരു കാരണവശാലും കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ പിന്‍വാങ്ങിയിരിക്കുന്നത്. എന്നാല്‍ ബ്ലൂ ഇക്കണോമി രേഖകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തിലെ തീരമേഖലയില്‍ ഒരിടത്തും ഖനനം നടത്താന്‍ മത്സ്യത്തൊഴിലാളികള്‍ അനുവദിക്കില്ല. കടല്‍ മണല്‍ സംസ്‌കരിക്കാനുള്ള സ്ഥലങ്ങളും നല്‍കില്ല. കപ്പലുകളെ അടുപ്പിക്കാനും അനുവദിക്കുന്നതല്ല.
ആദ്യപടിയായി കൊല്ലം തീരക്കടലിന് വെളിയില്‍ 27 കി. മീ. അകലെ നിന്നും, തുടര്‍ന്ന് പൊന്നാനിക്ക് 12 കിലോമീറ്റര്‍ പടിഞ്ഞാറ് നിന്നും ചാവക്കാട് 11 കിലോമീറ്റര്‍ പടിഞ്ഞാറ് നിന്നും ആലപ്പുഴ 10 കിലോമീറ്റര്‍ പടിഞ്ഞാറ് നിന്നും സംസ്ഥാന അതിര്‍ത്തിക്കകത്ത് നിന്നാണ് കടല്‍ മണല്‍ ഖനനം നടത്തുക. കേരളത്തിലെ തീരമേഖല തകര്‍ക്കപ്പെടുന്നതോടൊപ്പം ലക്ഷക്കണക്കായ തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും തകര്‍ക്കപ്പെടും.
ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ആഴക്കടല്‍ മേഖലയിലേക്ക് വന്‍കിട കുത്തക കമ്പനികളുടെ കപ്പലുകളെ കൊണ്ടുവരാനും തീരുമാനിച്ചിരിക്കുകയാണ്. ലോകവ്യാപാര സംഘടനയുടെ പതിമൂന്നാം മന്ത്രിതല (അബുദാബി) സമ്മേളനത്തിനുശേഷം സബ്‌സിഡികളെ സംബന്ധിച്ച തീരുമാനം ഏറെക്കുറെ മുന്നോട്ടു പോയിരിക്കുകയാണ്. 111 രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ പ്രമാണം ആകുന്ന ഡബ്ലിയു ടി ഒ. സബ്‌സിഡിയെ സംബന്ധിച്ച തീരുമാനം നടപ്പാക്കണമെങ്കില്‍ ഇനി ആറുപേര്‍ കൂടി ഒപ്പിട്ടാല്‍ മതിയാകും. ലോകത്ത് ഏറ്റവും കൂടുതല്‍ വിദൂര മത്സ്യബന്ധനം നടത്തുന്ന ചൈന അടക്കം ഉള്ള രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ത്യ സര്‍ക്കാര്‍ എടുത്ത തത്വാധിഷ്ഠിതമായ നിലപാടുകളില്‍ നിന്നും പിന്നോട്ടു പോക്കാണ് ഇപ്പോള്‍ നടക്കുന്നത്.
ആഴക്കടലില്‍ വന്‍കിട കപ്പലുകള്‍ക്കെതിരെ പ്രധാനമായും ഇന്ത്യയില്‍ സമരം നടത്തിയത് കേരളമാണ്. 1977 ലും 1981 ലും 1991 ലും 2014 ലും കേരളം മുന്‍കൈയെടുത്ത് വിദേശിയും സ്വദേശിയുമായ വന്‍കിട കപ്പലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയുണ്ടായി. ഈ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങിയ കേന്ദ്രസര്‍ക്കാര്‍, ഇപ്പോള്‍ ബ്ലൂ ഇക്കണോമിയുടെ പേരില്‍ വന്‍കിട കമ്പനികള്‍ക്ക് കടലിനെ തീറെഴുതുകയാണ്. പ്രതിഷേധങ്ങള്‍ക്ക് കൂച്ചു വിലങ്ങിടപ്പെട്ട കോവിഡ് കാലത്താണ് ബ്ലൂ ഇക്കണോമി രേഖകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുമായോ, തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കാലത്ത് ബ്ലൂ ഇക്കണോമി രേഖകള്‍ പുറപ്പെടുവിച്ചത്.
ഈ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുള്ള കേരള സര്‍ക്കാരില്‍ നിന്ന് അടിയന്തരമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി പ്രതിനിധി സംഘം കേന്ദ്രത്തില്‍ പോവുകയും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയും വേണം. വന്‍കിട കപ്പലുകളെയോ, ഖനന കമ്പനികളേയോ ഒരു കാരണവശാലും കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുത്.
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി യു സി ഐ) സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍)