ഇലക്ഷന്‍ മറവിലെ സ്വാശ്രയ ഓര്‍ഡിനന്‍സും കേരളത്തിലെ സ്വാശ്രയ ഉന്നതവിദ്യാഭ്യാസ രംഗവും

ഇലക്ഷന്‍ മറവിലെ സ്വാശ്രയ ഓര്‍ഡിനന്‍സും കേരളത്തിലെ സ്വാശ്രയ ഉന്നതവിദ്യാഭ്യാസ രംഗവും

ഫാ. റോയ് ജോസഫ് വടക്കന്‍
കാമ്പസ് ഡയറക്ടര്‍, ജ്യോതി എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂര്‍

ഫാ. റോയ് ജോസഫ് വടക്കന്‍
ഫാ. റോയ് ജോസഫ് വടക്കന്‍

കേരള സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എന്നും വ്യത്യസ്തമാക്കുന്ന സേവന മേഖലയാണ് വിദ്യാഭ്യാസരംഗം. ഭാരത രാഷ്ട്രത്തിന്റെ അറിവിന്റെ സൂചികയില്‍ മലയാളികളായ ഒരുപാടു പേര്‍ ഇടംപിടിച്ചിട്ടുള്ളതിന് ചരിത്രം സാക്ഷിയാണ്. പക്ഷേ ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. വിദ്യാഭ്യാസ സാക്ഷരതയുടെ രംഗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് താഴേക്ക് പോയത് എന്തുകൊണ്ട്? ഈയിടെയായി ഏവരും ചോദിക്കുന്ന ചോദ്യമാണ് ഇത്. ഇതിനുത്തരം തേടി പോയാല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ കക്ഷികളുടെ അമിതമായ ഇടപെടലുകളാണ് കാരണം എന്നു കണ്ടെത്താനാകും. അന്യസംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരാനുള്ള അനുകൂല സാഹചര്യം ഭരണകര്‍ത്താക്കളും ഭരണകൂടവും നല്‍കുമ്പോള്‍ കേരളത്തിലെ സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ വളര്‍ച്ചയെ തടയിടാന്‍ ശ്രമിച്ചതിന്റെ പരിണത ഫലമാണ് കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് പുറകില്‍ പോകാനുള്ള കാരണം എന്നു പറയേണ്ടി വരും. എന്തും ഏതും Public Private Partnership ലൂടെയാണ് ലോകത്തില്‍ വിജയം കണ്ടിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലും ഗവണ്‍മെന്റ് സ്വാശ്രയ കൂട്ടുകെട്ടുകള്‍ ജന്മം കൊണ്ടാലേ വളര്‍ച്ചയുണ്ടാകൂ എന്നു സാരം.
2001 ലെ ആന്റണി സര്‍ക്കാര്‍ കൊണ്ടു വന്ന സ്വാശ്രയവിദ്യാഭ്യാസ ബില്‍ കേരളത്തിന്റെ ഉന്നത വിദ്യഭ്യാസരംഗത്തെ കുതിച്ചുചാട്ടമായിരുന്നു. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും ആ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ പല രാഷ്ട്രീയ കക്ഷികളും മുന്നിട്ടിറങ്ങി എന്നത് വളരെ വേദനയോടെ ഓര്‍ക്കുന്നു. ഇന്ന് ഭാരതത്തില്‍ ഏകദേശം 370 പ്രൈവറ്റ്‌യൂണിവേഴ്‌സിറ്റികളും 125 Deemed to be University കളും മറ്റുമുള്ളപ്പോള്‍ ഇവയ്‌ക്കൊന്നിനും അവസരം നല്‍കാതെ ഏതാനും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളും മാത്രമായി കേരള ഉന്നതവിദ്യാഭ്യാസ രംഗം മാറ്റിയിരിക്കുകയാണ്. Private University കള്‍ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറി എന്നത് ഇത്തരുണത്തില്‍ നമ്മെ കണ്ണുതുറപ്പിക്കണം. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പിന്നോക്ക അവസ്ഥയെ ചൂണ്ടി കാണിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പലപ്പോഴും കേരളത്തിന് പുറത്തേക്ക് പോകേണ്ട അവസ്ഥയാണ്. ഇതിന്റെ പ്രധാന കാരണം മാറി മാറി വരുന്ന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് എന്നു പറയാതെ വയ്യ.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി വീണ്ടും കേരള സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ്.
ഇലക്ഷന്‍ മുന്നറിയിപ്പു വരുന്നതിനു തൊട്ടുമുന്‍പ് (ഫെബ്രുവരി 20, 2021) കേരളത്തിന്റെ സ്വാശ്രയ കോളേജുകളെ പിഴുതെറിയാനുള്ള ഓര്‍ഡിനന്‍സ് പാസ്സാക്കി തനി നിറം കാണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആരോടും ചര്‍ച്ച ചെയ്യാതെ കേരളത്തിലെ സ്വാശ്രയ മേഖലയെ തളര്‍ത്താന്‍ മാത്രമായി ഒരു ഓര്‍ഡിനന്‍സ്. ….എന്തിനു വേണ്ടി? കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ ലോബികളെ വളര്‍ത്താനും അതുവഴി ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണോയെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
പുതിയ ഓര്‍ഡിനന്‍സു പ്രകാരം സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂണിവേഴ്‌സിറ്റിയും രാഷ്ട്രീയ സിന്‍ഡിക്കേറ്റും തീരുമാനിക്കും… പണം കായ്ക്കുന്ന മരമായി മാത്രം സാശ്രയ മേനേജ്‌മെന്റുകള്‍ മാറും!! കോളേജ് നടത്തുന്നതിനും കെട്ടിടമാക്കാനുള്ള സൗകര്യങ്ങള്‍ക്കുമുള്ള പണം കണ്ടെത്തേണ്ട ജോലി മാത്രമാണ് സ്വാശ്രയ മാനേജ്‌മെന്റിന്. ബാക്കി എല്ലാം സിന്റിക്കേറ്റ് നിയന്ത്രിതം. അങ്ങനെയാണെങ്കില്‍ എല്ലാ കോളേജുകളും ഗവണ്‍മെന്റ് നേരിട്ട് നടത്തുന്നതാണ് ഉചിതം എന്ന് തോന്നിപ്പോകും… ഇത് സാശ്രയ വിദ്യാഭ്യാസ നയത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കലാണ്!
വിദ്യാഭ്യാസമേഖലയില്‍ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങള്‍ ഉന്നത പുരോഗതി വരിക്കുമ്പോള്‍ ഇവിടത്തെ സാശ്രയ മേഖലയെ തകര്‍ക്കുന്ന ഓര്‍ഡിനന്‍സിന്റെ ലക്ഷ്യശുദ്ധി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി കലാലയങ്ങളില്‍ പഴയപോലെ രാഷ്ട്രീയം കൊടികുത്തിവാഴും. അദ്ധ്യാപക അനദ്ധ്യാപകകുട്ടി നേതാക്കന്മാരെ വളര്‍ത്തിയെടുക്കാന്‍ രാഷ്ട്രീയ സിന്റിക്കേറ്റിന് അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അടിയൊഴുക്കുകള്‍ ഈ ഓര്‍ഡിനന്‍സില്‍ പലയിടത്തും കണ്ടെത്താവുന്നതാണ്. റഗുലേറ്ററി ബോഡി പറയുന്ന ശമ്പളവും മറ്റു കോളേജ് നടത്തിപ്പിനുള്ള ചെലവുകളും കൂട്ടിനോക്കുമ്പോള്‍ കുട്ടികള്‍ക്ക് ഉയര്‍ന്നഫീസ് കൊടുത്ത് പഠിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാവുകയാണ് ഉണ്ടാകുന്നത്. തത്ഫലമായി നടത്തി കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കോളേജുകള്‍ പലതും പൂട്ടി പോവുകയും അത് അന്യസംസ്ഥാന ലോബികളെ വളര്‍ത്തുകയും ചെയ്യും.
കേരളത്തിലെ മെഡിക്കല്‍ രംഗമൊഴിച്ച് ബാക്കി (എന്തുകൊണ്ട് മെഡിക്കല്‍ ഒഴിവാക്കി എന്നത് ഏറെ ചിന്തനീയമാണ്) എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവനവ്യവസ്ഥകളേയും ഏകീകരിക്കുന്നു എന്ന ലേബലില്‍ എല്ലാം സര്‍ക്കാര്‍ മേഖല പോലെയാക്കുന്നു. ഓര്‍ഡിനന്‍സ് നമ്പര്‍ 7.4 പ്രകാരം 'അദ്ധ്യാപക അനദ്ധ്യാപകകരുടെ കടമകളും കര്‍ത്തവ്യങ്ങളും സര്‍വ്വകലാശാല നിശ്ചയിക്കുന്ന പ്രകാരമാണ്… ഇക്കാര്യത്തില്‍ സര്‍വ്വകലാശാലയുടെ ഏതൊരു തീരുമാനവും വിദ്യാഭ്യാസ ഏജന്‍സി നടപ്പിലാക്കണം. 'ഇതുപ്രകാരം യൂണിവേഴ്‌സിറ്റിയുടെ തീരുമാനങ്ങള്‍ (പലതും രാഷ്ട്രീയ പ്രേരിത മാകാം) അനുസരിക്കുക മാത്രമാണ് സ്വാശ്രയ കോളേജുകള്‍ ചെയ്യേണ്ടിവരിക എന്ന അവസ്ഥയിലേയ്ക്ക് പോകാനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ല. 'യൂണി വേഴ്‌സിറ്റിയുടെ ലക്ഷ്യങ്ങള്‍' (7, 4) കൃത്യമായി നിര്‍വചിക്കുകയും വ്യക്തമാക്കുകയും ചെയ്യാത്തിടത്തോളം അത് തെറ്റായ താത്പര്യങ്ങള്‍ക്ക് വശംവദപ്പെടാന്‍ ഇടവരില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഓര്‍ഡിനന്‍സ് നമ്പര്‍ 2(g) പ്രകാരം റഗുലേറ്ററി ബോഡിയായ യൂണിവേഴ്‌സിറ്റിക്ക് സേവന വ്യ വസ്ഥകളെ സംബന്ധിച്ച് ഇനിയും നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം ഒളിഞ്ഞു കിടക്കുന്നു.
പിരിച്ചുവിടലിലും സേവനങ്ങളുടെ കാര്യത്തിലും യൂണിവേഴ്‌സിറ്റിയും രാഷ്ട്രീയ പ്രേരിത സിന്‍ഡിക്കേറ്റും ആണ് അവസാന വാക്ക്. സ്വാശ്രയ മേനേജ്‌മെന്റ് ഗവണ്‍മെന്റ് പറയുന്ന ശമ്പളവും സൗകര്യങ്ങളും കണ്ടെത്തുന്ന ജോലിയിലേയ്ക്ക് ചുരുങ്ങും. അതുമാത്രമല്ല ഇതുമൂലം കലാലയങ്ങളില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമാവുകയും കേരളം 2002 നു മുന്‍പുള്ള അവസ്ഥയിലേയ്ക്ക് പിന്‍തിരിയപ്പെടും.
ഈ ഓര്‍ഡിനന്‍സ് പ്രകാരം അദ്ധ്യാപക അനദ്ധ്യാപക ശിക്ഷണ നടപടികളുടെ അവസാന വാക്ക് സിന്‍ഡിക്കേറ്റാണ്. (ഓര്‍ഡിനന്‍സ് നമ്പര്‍ 11). ഇത് ഒരുപാട് കാലവിളംബം വിളിച്ചു വരുത്തുകയും രാഷ്ട്രീയസ്വാധീനങ്ങളുടെ പിന്നാമ്പുറങ്ങളില്‍ വളര്‍ച്ചയ്ക്കു പകരം നാശത്തിലേയ്ക്ക് സ്വാശ്രയമേഖല കൂപ്പുകുത്തും. അദ്ധ്യാപക അനദ്ധ്യാപക രജിസ്‌ട്രേഷന്‍ പ്രകിയ (ഓര്‍ഡിനന്‍സ് നമ്പര്‍ 7, (1)) നിര്‍ബന്ധിതമാക്കുന്നതിലൂടെ അവരുടെ സംഘടനാ ശക്തീകരണവും ലക്ഷ്യം വയ്ക്കുന്നുണ്ട് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് സിന്‍ഡിക്കേറ്റാണ് എന്നത് ഗൂഢമായ രാഷ്ട്രീയ ഏകാധിപത്യത്തിലേയ്ക്ക് സ്വാശ്രയ മേഖലയെ നയിക്കും. ഓര്‍ഡിനന്‍സ് നമ്പര്‍ 2 (g) പ്രകാരം റഗുലേറ്ററി ബോഡി എന്നതിന്റെ നിര്‍വ്വചനത്തില്‍ യൂണിവേഴ്‌സിറ്റിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് യൂണി വേഴ്‌സിറ്റിക്കും യൂണിവേഴ്‌സിറ്റി നിയന്ത്രിക്കുന്ന സിന്‍ഡിക്കേറ്റിനും ഒരുപാട് അധികാരങ്ങള്‍ നല്‍കുന്ന വസ്തുതയാണ്.
ശിക്ഷണ നടപടികളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സിന്‍ഡിക്കേറ്റ് തീര്‍പ്പു കല്‍പ്പിക്കുന്നതുവരെ സിവില്‍ കോടതിയെ സമീപിച്ച് തീരുമാനിക്കാനാവില്ല എന്ന 11-ാം ഖണ്ഡം ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ ആവാസ വ്യവസ്ഥയില്‍ ഇത് സാധാരണ പൗരന്റെ അവകാശത്തിന്‍ മേലുള്ള ഒരു കടന്നുകയറ്റമാണ്. പരാതികളില്‍ മനഃപൂര്‍വ്വമായ കാലതാമസം ഇത് വിളിച്ചു വരുത്തുകയും നീതി പലപ്പോഴും നിഷേധിക്കപ്പെടുകയും ചെയ്യും.
നിയമം ബാധകമാകുന്നത് സ്വാശ്രയ കോളേജുകള്‍ക്കാണെങ്കിലും എയ്ഡഡ്/ഗവണ്‍മെന്റ് കോളേജുകളിലെ സ്വാശ്രയ കോഴ്‌സുകളെക്കുറിച്ചോ, അവയുടെ നടത്തിപ്പിനെക്കുറിച്ചോ പരാമര്‍ശമില്ല. സര്‍ക്കാര്‍ ഡയറക്ട് പെയ്‌മെന്റ് എഗ്രിമെന്റില്‍ ഉള്ള കോളേജുകളെ ഒഴിവാക്കി (ഓര്‍ഡിനന്‍സ് 2 (ഐ) കുട്ടികളും മാനേജ്‌മെന്റും പണം കൊടുത്തു നടത്തുന്ന കോളേജുകളെ മാത്രം ഫോക്കസ് ചെയ്തിറക്കുന്നതിന്റെ നീതിനിഷേധം ശ്രദ്ധിക്കാതിരിക്കരുത്.
സ്വാശ്രയമേഖലയെ തളര്‍ത്തി എയ്ഡഡ്/ഗവണ്‍മെന്റ് കോളേജുകളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉള്ള അജണ്ടയാണിത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാശ്രയ മേഖലയിലെ കോഴ്‌സുകള്‍ക്ക് തുല്യനീതി നിഷേധിക്കപ്പെടുന്നു.
റഗുലേറ്ററി അതോറിറ്റി പറയുന്ന ശമ്പളം സ്വാശ്രയ മേഖലയിലും കൊടുക്കേണ്ടിവരുമെന്നതിനാല്‍ കുട്ടികളുടെ ഫീസ് കുത്തനെ ഉയരും. ഇത് 2002 നു മുമ്പത്തെ പോലെ അന്യസംസ്ഥാനങ്ങളിലേയ്ക്കുള്ള കുട്ടികളുടെ ഒഴുക്ക് ത്വരിതപ്പെടുത്തും. ഉദാഹരണത്തിന് 2019 മാര്‍ച്ച് ഒന്നാം തീയതിയിലെ AICTE യുടെ ഗസറ്റ് അറിയിപ്പനുസരിച്ച് അദ്ധ്യാപക ശമ്പള സ്‌കെയില്‍ തുടങ്ങുന്നതു തന്നെ Rs. 57,700 രൂപയാണ്. ശമ്പളത്തിനു പുറമെ വലിയ തുക ഗവണ്‍മെന്റ് ടാക്‌സായും സര്‍വകലാശാലയ്ക്കുള്ള അഫിലിയേഷന്‍ തുകയായും ഇലക്ട്രിസിറ്റി തുടങ്ങിയവയുടെ ചാര്‍ജ്ജായും (ഉദാഹരണത്തിന് ഒരു എഞ്ചിനിയറിംഗ് കോളേജ് ഒരു വര്‍ഷം 25 ലക്ഷത്തില്‍ കൂടുതല്‍ തുക ഇലക്ര്ട്രിസിറ്റി ബില്‍ വരുന്നുണ്ട്) സ്വാശ്രയ മാനേജ്‌മെന്റ് അടക്കേണ്ടി വരുന്ന ബാധ്യതയും നാം കണക്കിലെടുക്കണം. കേരളത്തിലെ എഞ്ചിനീയറിംഗ് സ്വാശ്രയ മേഖലയിലെ ഒരു കോളേജിന് യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ഫീസ് ആയി ഒരു വര്‍ഷം തന്നെ 15 ലക്ഷത്തില്‍ കൂടുതല്‍ അടക്കേണ്ടിവരുന്നു എന്നുള്ളത് കോളേജ് നടത്തിപ്പിന്റെ ചെലവുകളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.
അദ്ധ്യാപക അനദ്ധ്യാപക രക്ഷാകര്‍ത്തൃ കോളേജ് യൂണിയന്‍ തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി സജീവമാക്കാനുള്ള വലിയ ചിന്താധാര ഈ ഓര്‍ഡിനന്‍സില്‍ ഉണ്ട്. അതിന്റെ നിയമങ്ങളും ചട്ടങ്ങളും വരാന്‍ ഇരിക്കുന്നു എന്ന ഓര്‍ഡിനന്‍സിലെ പരാമര്‍ശം ശ്രദ്ധേയം.
ചുരുക്കത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കാന്‍ ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും കഴിവുള്ള നമ്മുടെ നാട്ടില്‍ സ്വാശ്രയ മേഖലയില്‍ എന്തിനു വേണ്ടിയാണ് ഈ കൂച്ചുവിലങ്ങുകള്‍ കൊണ്ടുവരുന്നത് എന്ന് ഏറെ സംശയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. എല്ലാം ഗവണ്‍മെന്റ് നടത്തിക്കോളാം എന്ന ചിന്ത വളര്‍ച്ചകളേക്കാളുപരി തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുന്ന അനുഭവങ്ങള്‍ നമുക്ക് ഇനിയെങ്കിലും പാഠമാകണം. വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യയ്ക്കു പുറത്തുള്ള സ്വാശ്രയ പ്രസ്ഥാനങ്ങളെ അനുവദിക്കുന്ന കേന്ദ്രനയങ്ങള്‍ നിലവില്‍ വന്നിരിക്കേ തദ്ദേശീയ വിദ്യാഭ്യാസ സ്വാശ്രയ പ്രസ്ഥാനങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ മുതിരുന്നതിന്റെ ഉദേശ്യ ശുദ്ധി ചോദ്യം ചെയ്യപ്പെടാതെ പോകരുത്. എല്ലാറ്റിലും രാഷ്ട്രീയം കുത്തി കയറ്റാനും രാഷ്ട്രീയഅണികളെ സൃഷ്ടിക്കാനുമുള്ള ഉപാധിയുമായി വിദ്യാഭ്യാസ മേഖലയെ ഇനിയും തരം താഴ്ത്തരുത് എന്നു മാത്രമാണ് അപേക്ഷ.

logo
Sathyadeepam Weekly
www.sathyadeepam.org