നഷ്ടപ്പെടുന്നവരെ തേടുന്ന നല്ലിടയന്മാര്‍

നഷ്ടപ്പെടുന്നവരെ തേടുന്ന നല്ലിടയന്മാര്‍
വിമര്‍ശനങ്ങളുടെ മുമ്പില്‍ പതറാതെ, നല്ല ഇടയന്റെ ആത്മീയ കരുത്തും സ്വഭാവവും ഒട്ടും കുറവുകൂടാതെ കാത്തുസൂക്ഷിച്ച ഫ്രാന്‍സിസ് പാപ്പായോടൊപ്പം സഭാസമൂഹത്തെയും ലോകസമൂഹത്തെയും കെട്ടിപ്പടുക്കാന്‍ പുതിയ ശ്രേഷ്ഠാചാര്യനു കഴിയട്ടെ. ഫ്രാന്‍സിസ് പാപ്പായുടെ മനസ്സിന്റെ വലുപ്പവും മൃദുലഭാവവും വലിയൊരളവുവരെ സ്വന്തമായുള്ള റാഫേല്‍ മെത്രാപ്പോലീത്തയ്ക്ക് അതിനാകും എന്നു പ്രത്യാശിക്കാം.

തൊണ്ണൂറ്റിയൊമ്പത് ആടുകളെയും മരുഭൂമിയില്‍ വിട്ടു നഷ്ടപ്പെട്ട ഒരു ആടിനെ തേടുന്ന ഇടയനെപ്പറ്റി യേശു നടത്തുന്ന പരാമര്‍ശം (ലൂക്കാ 15:1-7) ഫ്രാന്‍സിസ് പാപ്പായുടെ സമീപനങ്ങളില്‍ ലോകം ദര്‍ശിക്കുന്നു. പാപികളെ സ്വീകരിക്കുകയും അവരോടൊത്തു ഭക്ഷിക്കുകയും ചെയ്യുന്ന യേശുവിനെതിരേ പിറുപിറുത്ത ഫരിസേയരെയും നിയമജ്ഞരെയും മുമ്പിലിരുത്തിക്കൊണ്ടാണു യേശു കാണാതായ ആടിന്റെ ഉപമ പറഞ്ഞത്. പത്തു നാണയങ്ങളില്‍ നഷ്ടപ്പെട്ട ഒരു നാണയത്തിനുവേണ്ടി വീടു മുഴുവനും അടിച്ചുവാരി അന്വേഷിക്കുന്ന സ്ത്രീയെപ്പറ്റിയും തുടര്‍ന്നു ധൂര്‍ത്തപുത്രനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പിതാവിനെപ്പറ്റിയും നടത്തിയ വിവരണം കാലാകാലത്തോളം സഭയില്‍ നിലനില്‌ക്കേണ്ട അജപാലനശുശ്രൂഷയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്നുണ്ട്. 'ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകുക എന്നത് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ ഹിതമല്ല' (മത്താ. 18:14), 'ഞാന്‍ വന്നതു നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്' (മര്‍ക്കോ. 2:17) എന്നീ യേശുവിന്റെ പ്രസ്താവനകളും ഇവിടെ നമുക്ക് ഓര്‍ക്കാനാകും. ഇതിന്റെയെല്ലാം ചുവടു പിടിച്ചാണ് ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ഇടപെടലുകള്‍ എന്നതു ശ്രദ്ധേയമാണ്. ആടുകളുടെ മണമുള്ള ഇടയന്മാരുണ്ടാകണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഈ വഴിക്കുള്ളതാണ്.

സ്വവര്‍ഗാനുരാഗികളോടും നിയമാനുസൃതമല്ലാത്ത വിവാഹത്തിലേര്‍പ്പെട്ടിരിക്കുന്നവരോടും മാനുഷികമായ പരിഗണന കാണിക്കണമെന്നും ദൈവകൃപ ലഭിക്കാന്‍വേണ്ടി അവരെ ആശീര്‍വദിച്ചു പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്നും ഫ്രാന്‍സിസ് പാപ്പ അടുത്ത കാലത്ത് പ്രസ്താവിച്ചത് വലിയ വാര്‍ത്തയായി. നഷ്ടപ്പെട്ടുപോകുന്ന ആടുകളെ കണ്ടെത്തി ചേര്‍ത്തുപിടിക്കാനുള്ള ശ്രമമായിട്ടാണ് അതു വിശേഷിക്കപ്പെട്ടത്. എങ്കിലും, തികച്ചും അജപാലനപരമായ ഈ സമീപനം അംഗീകരിക്കുന്നതില്‍ പോളണ്ട്, ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്മാര്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുകയുണ്ടായി. സഭയില്‍നിന്ന് അകന്നുപോകുന്നവരെ സഭ ഹൃദയത്തോടു ചേര്‍ത്തു പിടിക്കണമെന്ന മാര്‍പാപ്പയുടെ ആഹ്വാനമാണ് ആത്യന്തികമായി ചോദ്യചെയ്യപ്പെടുന്നത്. സ്വവര്‍ഗാനുരാഗികളുടെയും പ്രത്യേക സാഹചര്യങ്ങളില്‍ അവിഹിത ബന്ധത്തില്‍ ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെയും ജീവിതാവസ്ഥ അംഗീകരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാതെ, അജപാലനപരമായ ഇടപെടല്‍ നടത്താനുളള വത്തിക്കാന്റെ ആഹ്വാനം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ അവര്‍ക്കു സാധിക്കാതെ പോകുന്നു.

  • യേശുവിന്റെ മനസിനിണങ്ങിയ ഒരു മെത്രാന്‍

ഫ്രാന്‍സിസ് പാപ്പായെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ 1862-ല്‍ വിക്ടര്‍ ഹ്യൂഗോ രചിച്ച 'പാവങ്ങള്‍' എന്ന നോവലിലെ ഒരു കഥാപാത്രമായ ബിയാങ് വെന്യും മെത്രാന്റെ ഓര്‍മ്മ മനസ്സില്‍ വരുന്നു. പരസ്‌നേഹവും മനസ്സിന്റെ അലിവും നിറഞ്ഞുതുളുമ്പുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് ഹ്യൂഗോ ബിയാങ് വെന്യു മെത്രാനെ അവതരിപ്പിക്കുന്നത്. ദീര്‍ഘകാലം തടവറയില്‍ കഴിഞ്ഞ അപകടകാരി എന്നു തടവറ മേധാവി വിശേഷിപ്പിച്ച ഷാങ് വാല്‍ ഷാങ് എന്ന കുറ്റവാളിയെ സഹോദരാ എന്ന് അഭിസംബോധന ചെയ്തു സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു, ചൂടുളള സൂപ്പും ഭക്ഷണവും കൊടുത്തു കിടന്നുറങ്ങാന്‍ അവസരമൊരുക്കിയ നല്ലൊരു അജപാലനശ്രേഷ്ഠനായിട്ടാണ് അദ്ദേഹത്തെ ഗ്രന്ഥകാരന്‍ രൂപകല്പനചെയ്തത്. മുറിയിലുണ്ടായിരുന്ന വെള്ളിത്തിരിക്കാലുകള്‍ നേരം വെളുക്കുന്നതിനു മുമ്പ് മോഷ്ടിച്ചു സ്ഥലംവിട്ട ഷാങ് വാല്‍ ഷാങിനെ തൊണ്ടിമുതലോടു കൂടി പിടിച്ചു മെത്രാന്റെ മുമ്പില്‍ പൊലീസുകാര്‍ കൊണ്ടുവന്നപ്പോള്‍ താന്‍ അത് അവനു കൊടുത്തതാണെന്നു പറഞ്ഞു വെന്യു മെത്രാന്‍ അവനെ സ്വതന്ത്രനാക്കുന്നു.

അമ്പരപ്പുളവാക്കുന്ന ഒരു വിവരണംകൂടി വിക്റ്റര്‍ ഹ്യൂഗോ നല്കുന്നുണ്ട്. പിറ്റേദിവസം അതിരാവിലെ അഞ്ചലോട്ടക്കാരന്‍ (പോസ്റ്റുമാന്‍) തെരുവീഥിയിലൂടെ പോകുമ്പോള്‍ മെത്രാസനമന്ദിരത്തിന്റെ സമീപത്തുള്ള കപ്പേളയുടെ മുമ്പില്‍ ഒരു മുഷിഞ്ഞ വസ്ത്രധാരി മുട്ടുകുത്തി നില്ക്കുന്നതായി കണ്ടുവത്രേ! ബിയാങ് വെന്യു മെത്രാന്റെ അളവറ്റ സ്‌നേഹം കുറ്റവാളിയെ കുഞ്ഞാടായി മാറ്റി എന്നതിന്റെ സൂചനയാണത്. ഫ്രാന്‍സിസ് പാപ്പായുടെ ആകര്‍ഷണീയമായ ഇടപെടലുകള്‍ സഭയിലും സമൂഹത്തിലും പുതിയൊരു വസന്തം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ലോകമെങ്ങുമുള്ള അജപാലകരില്‍ പലരും അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ധാര്‍ഷ്ഠ്യത്തോടു കൂടിയ പെരുമാറ്റമുള്ള അജപാലകര്‍ ഉണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. പരസ്പരാദരവും കരുതലും കാണിക്കാന്‍ കഴിയാത്ത അവര്‍ സഭയുടെ മുഖം വികൃതമാക്കും.

ബിയാങ് വെന്യു മെത്രാനെപ്പറ്റിയ വിവരണം സുവിശേഷത്തിലെ പല രംഗങ്ങളും നമ്മുടെ മനസ്സില്‍ പൊന്തിവരാന്‍ ഇടവരുത്തുന്നതാണ്. മാനുഷികതയുടെ പച്ചപ്പുളള ഫ്രാന്‍സിസ് പാപ്പായുടെ ഇടപെടലുകളുടെ കാര്യവും വ്യത്യസ്തമല്ല. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ നിയമമനുസരിച്ചു കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടു വന്ന സാഹചര്യത്തില്‍ യേശുവിന്റെ പ്രതികരണമാകും പെട്ടെന്നു നമ്മുടെ മനസ്സില്‍ വരുക. ആ സ്ത്രീയോട് 'സ്ത്രീയേ നീ പൊയ്‌ക്കൊള്ളുക, ഇനി പാപം ചെയ്യരുത്' എന്നു പറഞ്ഞ് അവരെ കാരുണ്യപൂര്‍വം അയക്കുന്ന യേശുനാഥന്റെ ചിത്രം അജപാലന രംഗത്തെ ഉദാത്ത മാതൃകയായി എന്നും നിലനില്ക്കും. നിയമജ്ഞരെയും ഫരിസേയരെയും ശുണ്ഠി പിടിപ്പിച്ചത് യേശുവിന്റെ ഇത്തരം സ്‌നേഹപ്രവര്‍ത്തികളാണ്. അവര്‍ക്കു യേശുവിന്റെ പ്രവര്‍ത്ത നങ്ങളും കാഴ്ചപ്പാടുകളും ഗ്രഹിക്കാന്‍ കഴിയാതെ പോകുന്നു. ഒരു മൈല്‍ കൂടെ ചെല്ലാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ടുമൈല്‍ കൂടെ നടക്കണമെന്ന യേശുവിന്റെ ഉപദേശം ഗ്രഹിക്കാന്‍ അവര്‍ക്കെന്നല്ല നമുക്കും എളുപ്പമല്ല. നല്ല ഇടയന്മാര്‍ അനുധാവനം ചെയ്യേണ്ട മാര്‍ഗമാണത്. എന്നാല്‍, ധാര്‍ഷ്ഠ്യവും കര്‍ക്കശസ്വഭാവവുമുള്ള അജപാലകരുണ്ട്. അജഗണങ്ങളുടെമേല്‍ വഹിക്കാനാകാത്ത ഭാരം ചുമത്തുന്നവരാണവര്‍. നിയമങ്ങളുടെ വള്ളിപുള്ളി അനുസരിക്കാന്‍വേണ്ടി ദൈവിക-മാനുഷിക മൂല്യങ്ങള്‍ തിരസ്‌കരിക്കാന്‍ അവര്‍ തയ്യാറാകും. അത്തരക്കാര്‍ ഇന്നും നമ്മുടെ ഇടയിലുണ്ടെന്നതു വലിയ ദുഃഖസത്യമാണ്. സഭയുടെ ഈ ദുരവസ്ഥ തിരുത്താനുളള ശ്രമമാണു ഫ്രാന്‍സിസ് പാപ്പ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

  • പൗലോസ് അപ്പസ്‌തോലന്റെ തീക്ഷണത

ഫ്രാന്‍സിസ് പാപ്പ ഈ പ്രായാധിക്യത്തിലും എല്ലാവരെപ്പറ്റിയും പ്രത്യേകിച്ചു സമൂഹത്തിന്റെ അതിരുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നവരുടെ ദുഃഖങ്ങളും വ്യസനങ്ങളും സ്വന്തമായി ഏറ്റെടുക്കുന്ന പിതൃസ്‌നേഹത്തിന്റെ മാതൃകയായി മാറുന്നു. നല്ല ഇടയന്റെ ആധുനിക രൂപമാണ് അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ വ്യക്തമാകുന്നത്. 'ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്ക് ബലഹീനനായി. എല്ലാ വിധത്തിലും കുറെപ്പേരെയെങ്കിലും രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി' (1 കോറി. 9:22-23) എന്ന അപ്പസ്‌തോലന്റെ ഏറ്റുപറച്ചില്‍ ഫ്രാന്‍സിസ് പാപ്പായ്ക്കും അവകാശപ്പെടാനാകും. ക്രൈസ്തവരാജ്യമായ തെക്കെ സുഡാനില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ആഭ്യന്തരയുദ്ധവും രാഷ്ട്രീയ അസ്ഥിരതയും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാരെ വത്തിക്കാനില്‍ വിളിച്ചുവരുത്തി അവരുടെ പാദം ചുംബിച്ച് സമാധാനാഭ്യര്‍ത്ഥന നടത്തിയ ഫ്രാന്‍സിസ് പാപ്പായുടെ ചിത്രം അദ്ദേഹത്തിന്റെ ഈ തീക്ഷ്ണതയും മഹത്വവും വെളിവാക്കുന്നതാണ്. എല്ലാ അജപാലകര്‍ക്കും എന്നും അതു മാതൃകയാകും എന്ന കാര്യത്തില്‍ സംശയമില്ല.

  • മേജര്‍ മെത്രാപ്പോലീത്തയും പുതിയ പ്രതീക്ഷകളും

സീറോ-മലബാര്‍ സഭയുടെ പിതാവും തലവനുമായി തിരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യനായ റാഫേല്‍ തട്ടില്‍ പിതാവ് സ്ഥാനാരോഹിതനായതിനുശേഷം നല്കിയ സന്ദേശം ഫ്രാന്‍സിസ് പാപ്പായുടെ സമീപനത്തിന്റെ ചുവടുപിടിച്ചാണെന്ന തോന്നല്‍ ഉളവാക്കാന്‍ പോരുന്നതായിരുന്നു. എല്ലാവരെയും ചേര്‍ത്തുപിടിക്കും, ആരും നഷ്ടപ്പെടാന്‍ പാടില്ല, ഒരു മൈല്‍കൂടി നടക്കാന്‍ താന്‍ ശ്രമിക്കും എന്നതായിരുന്നു ആ സന്ദേശത്തിന്റെ ഉള്‍ക്കാമ്പ്. നഷ്ടപ്പെട്ട ആടിന്റെയും നാണയം നഷ്ടപ്പെട്ട സ്ത്രീയുടെയും ധൂര്‍ത്തപുത്രന്റെയും ഉപമകള്‍ അദ്ദേഹം ആ സന്ദേശത്തില്‍ പരാമര്‍ശിച്ചത് അവസരോചിതമായി. സഭയില്‍ ആവേശവും പ്രതീക്ഷയും ഉണര്‍ത്താന്‍ പോരുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റെത്.

സമീപകാലത്ത് സഭയിലും സഭയ്ക്കു പുറത്തും ഏറെപ്പേര്‍ ഭൗതികതയുടെ പിടിയിലമര്‍ന്നു പോകുന്നുണ്ട്. അതുണ്ടാക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്. കൂട്ടത്തില്‍ സീറോ മലബാര്‍ സഭയില്‍ സമീപകാലത്ത് ആരാധനക്രമ നവീകരണത്തെ ചുറ്റിപ്പറ്റി രൂപപ്പെട്ട തര്‍ക്കങ്ങള്‍ സഭയില്‍ ഉണ്ടാക്കിയ ചേരിതിരിവുകളും അച്ചടക്കരാഹിത്യവും നിസാരമല്ല. അതിന്റെ പേരില്‍ ഒരു തലമുറതന്നെ നമുക്കു നഷ്ടപ്പെടുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 'നിങ്ങള്‍ ഇപ്പോഴും ലൗകീകരാണ്. നിങ്ങളുടെ ഇടയില്‍ അസൂയയും കലഹവുമുള്ളതിനാല്‍ നിങ്ങള്‍ ലൗകികരല്ലേ? മാനുഷികമായിട്ടല്ലേ, നിങ്ങള്‍ നടക്കുന്നത്? ഞാന്‍ പൗലോസിന്റെ ആളാണെന്ന് ഒരുവനും ഞാന്‍ അപ്പോളോസിന്റെ ആളാണെന്ന് മറ്റൊരുവനും പറയുമ്പോള്‍, നിങ്ങള്‍ വെറും ലൗകികരല്ലേ?' (1 കോറി. 3:3-4). സീറോ മലബാര്‍ സഭ അടുത്ത കാലത്തു നേരിടുന്ന പ്രതിസന്ധിയുടെ വേരുകള്‍ തേടുമ്പോള്‍ പൗലോസ് അപ്പസ്‌തോലന്റെ ഈ വാക്കുകളില്‍ നാം അര്‍ത്ഥം കണ്ടെത്തും. എല്ലാ തലങ്ങളിലും ഈ ബലഹീനത വ്യാപിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍.

സഭ നേരിടുന്ന ആന്തരിക ബലക്ഷയത്തോടൊപ്പം സമൂഹമധ്യത്തില്‍ സഭയ്ക്കുണ്ടായ ക്ഷീണവും ഒട്ടും അവഗണിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. സമകാലിക നിയമജ്ഞരുടെയും ഫരിസേയ മനോഭാവമുള്ളവരുടെയും ഉപദേശം തേടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കാണിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്കുന്നത്. സുവിശേഷമൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാകും കരണീയം എന്നര്‍ത്ഥം. ഭീതിപ്പെടുത്തലുകളും ശിക്ഷാനടപടികളും ഒന്നിനും പരിഹാരമാകില്ല എന്ന തിരിച്ചറിവാണു പരിശുദ്ധാത്മാവിന്റെ നിറവില്‍ ക്രമേണ സഭയില്‍ വളരേണ്ടത്. യഥാര്‍ത്ഥ അജപാലനത്തിന്റെ വഴി അതാണ്. മുകളില്‍ സൂചിപ്പിച്ച ഉപമകളുടെ സാരാശം അതാണല്ലോ. എല്ലാത്തിന്റെയും അടിസ്ഥാനമായ സ്‌നേഹവും ഐക്യവും പുലര്‍ത്താന്‍ ഏതറ്റംവരെ പോകാനും താന്‍ തയ്യാറാണെന്ന ധ്വനി തട്ടില്‍ പിതാവിന്റെ സന്ദേശത്തില്‍ ഉടനീളം ഉണ്ടായിരുന്നു.

യഹൂദസംസ്‌കാരത്തില്‍ അടിഞ്ഞുകൂടിയ തിന്മകളും അര്‍ത്ഥശോഷണം വന്ന ആചാരാനുഷ്ഠാനങ്ങളും തിരുത്തി അവയുടെ സ്ഥാനത്തു സ്‌നേഹത്തിന്റെയും മാനുഷികതയുടെയും ജീവിതസമീപനങ്ങളാണ് യേശുനാഥന്‍ അവതരിപ്പിച്ചത്. യേശു പഠിപ്പിച്ച സാര്‍വത്രിക സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സുവിശേഷത്തില്‍ ഊന്നിനിന്നു ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ശ്രദ്ധേയങ്ങളായ ഇടപെടലുകള്‍ എല്ലാവരെയും, പ്രത്യേകിച്ചു സമൂഹത്തിന്റെ വിളുമ്പില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കുക ലക്ഷ്യംവച്ചുള്ളവയാണ്. പാപികളെത്തേടി അവരോടൊപ്പം ആയിരിക്കാന്‍ ശ്രമിച്ച യേശുവിന്റെ മാതൃകയാണ് ഫ്രാന്‍സിസ് പാപ്പായെ നയിക്കുന്നത്. സഭയെ കാലോചിതവും പ്രസക്തവും ആക്കാനുളള വഴികള്‍ തേടുന്നതിന്റെ ഭാഗമായി സിനഡാത്മക സഭയെന്ന സങ്കല്പ്പം അദ്ദേഹം മുമ്പോട്ടു വയ്ക്കുന്നു. എല്ലാവരെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയുന്ന കാഴ്ചപ്പാടാണ് അതിന്റെ പിന്നില്‍. ഒന്നും അടിച്ചേല്‍പ്പിക്കപ്പെടരുതെന്ന തിരിച്ചറിവും അതിന്റെ പിന്നിലുണ്ട്.

സീറോ മലബാര്‍ സഭയിലെ വലിയ മെത്രാപ്പോലീത്തയുടെ മുകളില്‍ സൂചിപ്പിച്ച സന്ദേശത്തിന്റെ അന്തസത്ത എല്ലാവരെയും ചേര്‍ത്തു പിടിക്കലിന്റെ സമീപനമാണ് ദ്യോതിപ്പിക്കുന്നത്. സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്നവര്‍ക്കു സഭ അത്താണിയാകണമെന്ന സന്ദേശവും അദ്ദേഹം ഇതിനകം നല്കിക്കഴിഞ്ഞു. ധൂര്‍ത്തും പാഴാക്കലും എല്ലാവരും ഉപേക്ഷിക്കണമെന്ന ആഹ്വാനം നല്കാനും അദ്ദേഹം തയ്യാറായി. വിമര്‍ശനങ്ങളുടെ മുമ്പില്‍ പതറാതെ, നല്ല ഇടയന്റെ ആത്മീയ കരുത്തും സ്വഭാവവും ഒട്ടും കുറവുകൂടാതെ കാത്തുസൂക്ഷിച്ചു ഫ്രാന്‍സിസ് പാപ്പായോടൊപ്പം സഭാസമൂഹത്തെയും ലോകസമൂഹത്തെയും കെട്ടിപ്പടുക്കാന്‍ പുതിയ ശ്രേഷ്ഠാചാര്യനു കഴിയട്ടെ. ഫ്രാന്‍സിസ് പാപ്പായുടെ മനസ്സിന്റെ വലുപ്പവും മൃദുലഭാവവും വലിയൊരളവുവരെ സ്വന്തമായുള്ള റാഫേല്‍ മെത്രാപ്പോലീത്തയ്ക്ക് അതിനാകും എന്നു പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org