
എറണാകുളം ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുമായും സര്‍ക്കാരിന്റെ പൊതുജനാരോഗ്യസംവിധാനവുമായും എസ് ഡി സിസ്റ്റര്‍മാര്‍ക്കുള്ള ബന്ധത്തിന് 83 വര്‍ഷത്തെ പഴക്കമുണ്ട്. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റുമായി ഒരു അഭയകേന്ദ്രം സ്ഥാപിച്ചുകൊണ്ട് ഈ ബന്ധത്തിനു മകുടം ചാര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ അഗതികളുടെ സഹോദരികള്‍.
എറണാകുളം ജനറല്‍ ആശുപത്രിയോടു ചേര്‍ന്ന് എസ് ഡി സന്യാസിനീസമൂഹത്തിന് ഒരു മഠമുണ്ട്. ആ ഭവനം ആസ്ഥാനമാക്കി നിരവധി സേവനങ്ങള്‍ ജനറല്‍ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കു എസ് ഡി സിസ്റ്റര്‍മാര്‍ പതിറ്റാണ്ടുകളായി മുടക്കമില്ലാതെ നല്‍കിവരുന്നു. നഴ്‌സുമാരെന്ന നിലയിലുള്ള ആരോഗ്യപരിചരണത്തിനു പുറമെ, ആശുപത്രിയില്‍ കിടന്നു ചികിത്സ തേടുന്നവരുടെ ആത്മീയ പരിപാലനത്തിനായും സിസ്റ്റര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
എസ് ഡി സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അതിരൂപത വൈദികനുമായിരുന്ന ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി മരണം പുല്‍കിയത് ഈ ജനറല്‍ ആശുപത്രിയില്‍ കിടന്നാണ്. ഇപ്പോള്‍ ഈ മഠം പുതുക്കി പണിതു. ഒപ്പം ഫാ. വര്‍ഗീസ് പയ്യപ്പിള്ളി മെമ്മോറിയല്‍ ഹാവെന്‍ ഓഫ് ഹോപ് എന്ന പേരില്‍ ഒരു അഭയകേന്ദ്രം കൂടിയാക്കിയിരിക്കുകയാണ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റെയ്‌സിയുടെ നേതൃത്വത്തില്‍ എസ് ഡി സിസ്റ്റര്‍മാര്‍.
എസ് ഡി സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള 13 സെന്റ് സ്ഥലത്തായിരുന്നു മഠം. കാലപ്പഴക്കം കൊണ്ടു മഠത്തിന്റെ കെട്ടിടം പുനഃനിര്‍മ്മിക്കേണ്ടിയിരുന്നു. അതിനുള്ള ആലോചനകള്‍ തുടങ്ങിയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സാവിഭാഗത്തില്‍ വരുന്ന നിര്‍ധനരോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടു കണ്ടറിഞ്ഞിട്ടുള്ള സിസ്റ്റര്‍ ലിന്‍സയെ പോലുള്ളവരുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍, മഠത്തോടു ചേര്‍ന്ന് അവര്‍ക്കും ഒരഭയം നല്‍കണമെന്നു സന്യാസിനീസമൂഹം ആഗ്രഹിക്കുകയായിരുന്നു.
എറണാകുളത്തെ പള്ളികളുടെയും സ്‌കൂളുകളുടെയും ഒക്കെ ധനസഹായത്തോടെ കെട്ടിടനിര്‍മ്മാണം ആരംഭിച്ചെങ്കിലും കായല്‍തീരത്തുള്ള കെട്ടിടനിര്‍മ്മാണത്തിനു വലിയ ചെലവു വരുമെന്നു ക്രമേണ മനസ്സിലായി. അങ്ങനെയിരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ ബന്ധപ്പെടുന്നത്.
എസ് ഡി സിസ്റ്റര്‍മാരുടെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കിയ അവര്‍ ബാങ്കിന്റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാന്‍സര്‍ രോഗികള്‍ക്കുള്ള അഭയകേന്ദ്രം നിര്‍മ്മിക്കാന്‍ തയ്യാറായി. മൂന്നു കോടി രൂപയാണ് ബാങ്ക് ഇതിനായി നീക്കി വച്ചത്. അതോടെ മികച്ച സൗകര്യങ്ങളുള്ള ഒരു സ്ഥാപനമായി അതു മാറി.
ഗ്രൗണ്ട് ഫ്‌ളോറില്‍ ചാപ്പലും ഓഫീസും രണ്ടു മുറികളും ഉണ്ട്. ഒന്നാം നില മഠത്തിന്. രണ്ടും മൂന്നും നിലകളിലായി രോഗികള്‍ക്കുള്ള മുറികളും അടുക്കളകളും. അഡ്ജസ്റ്റബിള്‍ മെഡിക്കല്‍ ബെഡുകള്‍ രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആകെ മുപ്പത്തിരണ്ടു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇവിടെ കഴിയാം. ഭക്ഷണം വച്ചു കഴിക്കാനും സൗകര്യമുണ്ട്.
ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്‌ക്കെത്തുകയും കീമോ തെറാപ്പിയും റേഡിയേഷനും നിര്‍ദേശിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് വീടുകളില്‍ പോയി വരിക പ്രായോഗികമല്ല. നിര്‍ധനരായതിനാല്‍, ഈ രോഗാവസ്ഥയില്‍ അണുബാധയൊന്നും വരാതെ വൃത്തിയുള്ള സാഹചര്യത്തില്‍ കഴിയാവുന്ന വീടുകളുണ്ടാകാനുള്ള സാധ്യത കുറവാണ്.
യാത്ര ദുഷ്‌കരമാണ്. നഗരമധ്യത്തില്‍ വാടകയ്ക്കു മുറിയെടുത്തു താമസിക്കുന്നത് താങ്ങാനാകുന്നതല്ല. ഇതാണ് ആശുപത്രിയോടു ചേര്‍ന്നുള്ള ഈ അഭയകേന്ദ്രത്തിന്റെ പ്രാധാന്യം.
ആശുപത്രിയിലെ ഡോക്ടര്‍മാരുമായും അധികാരികളുമായും ആലോചിച്ചും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് ഫാ. പയ്യപ്പിള്ളി മെമ്മോറിയല്‍ ഹാവെന്‍ ഓഫ് ഹോപ് എന്ന പേരിലുള്ള ഈ സ്ഥാപനം പടുത്തുയര്‍ത്തിയിരിക്കുന്നത്.
രോഗികളുടെ അവസ്ഥ നേരിട്ടറിയുന്ന ഡോക്ടര്‍മാരുടെയും ഒരു ആഗ്രഹമായിരുന്നു ഇത്തരമൊരു സ്ഥാപനം. ഏറ്റവും അര്‍ഹരായ രോഗികളെ ഇവിടേക്ക് അയക്കാനും ആവശ്യമായ സഹായങ്ങളെത്തിക്കാനും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും സന്നധരായിരിക്കും.
ബാങ്കിന്റെ ചെയര്‍മാന്‍ വി ജെ കുര്യന്‍ ഐ എ എസ് മന്ദിരം ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അനിഷ, സിസ്റ്റര്‍ ആന്‍ പോള്‍, എറണാകുളംഅങ്കമാലി അതിരൂപത വൈദികരായ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, റവ. ഡോ. ജെയിംസ് പെരേപ്പാടന്‍ തുടങ്ങിയവരും മറ്റു സിസ്റ്റര്‍മാരും ഉദ്ഘാടനകര്‍മ്മത്തില്‍ സംബന്ധിച്ചു.
1942 മുതല്‍ തന്നെ സര്‍ക്കാരാശുപത്രികളില്‍ നഴ്‌സുമാരായി എസ് ഡി സിസ്റ്റര്‍മാര്‍ സേവനം ചെയ്തിരുന്നു. ശമ്പളം വാങ്ങിയും വാങ്ങാതെയും നഴ്‌സുമാരായിട്ടായിരുന്നു സിസ്റ്റര്‍മാരുടെ സേവനം. ചരിത്രപരമായ ഈ സേവനത്തെ ആരോഗ്യവകുപ്പ് ഇന്നും വിലമതിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ട്.