ജീവന്റെ രഹസ്യം ശാസ്ത്രം കണ്ടെത്തുമോ?

ജീവന്റെ രഹസ്യം ശാസ്ത്രം കണ്ടെത്തുമോ?
Published on
രസതന്ത്രത്തിലെ നോബല്‍ സമ്മാന ജേതാവ് പ്രൊഫ. അദാ ഇ യോനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവന്റെ ഉല്‍പത്തി തേടിയുള്ള ഗവേഷണത്തില്‍ പങ്കാളിയാകുകയാണ് തേവര എസ് എച്ച് കോളേജ് വൈസ് പ്രിന്‍സിപ്പലായ ഡോ. ഫ്രാങ്ക്‌ളിന്‍ ജോണ്‍. ഇസ്രായേലിലെ വൈസ്മാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലാണ് ഈ ഗവേഷണം പുരോഗമിക്കുന്നത്. ജര്‍മ്മനിയിലെ കോണ്‍സ്റ്റന്‍സ് സര്‍വകാശാലയില്‍ നിന്നാണ് ഡോ. ഫ്രാങ്ക്‌ളിന്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ്, വെയ്ന്‍ സ്‌റ്റേറ്റ് സര്‍വകലാശാലകളില്‍ നിന്നു പോസ്റ്റ് ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈരളി ഗവേഷണ പുരസ്‌കാരം നേടി. ഡോ. ഫ്രാങ്ക്‌ളിനുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്...
Q

കേരളത്തിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ മൗലികമായ ഗവേഷണത്തിന് എന്തുമാത്രം പ്രാധാന്യം ലഭിക്കുന്നുണ്ട്?

A

കേരളത്തിലെ കോളേജുകളിലും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. കേരളത്തിലെ കോളേജുകളില്‍ പുതുതായി വരുന്ന അധ്യാപകരില്‍ നല്ലൊരു പങ്കും ഉയര്‍ന്ന വിദ്യാഭ്യാസവും ഡോക്ടറേറ്റും ഒക്കെ നേടിയവരാണ് എന്നതാണ് അതിന്റെ ഒരു കാരണം. ഗവേഷണം തുടരണമെന്ന ഒരു ലക്ഷ്യബോധത്തോടു കൂടിയാണ് അവര്‍ വരുന്നത്. ഗവേഷണ താല്‍പര്യമുള്ളവരുടെ എണ്ണം കൂടുതലാണ്. പക്ഷേ അടിസ്ഥാനപരമായ സൗകര്യങ്ങളുടെ പരിമിതി ഉണ്ട്. ഫണ്ടിങ് ലഭിക്കുന്നത് എളുപ്പമല്ല. ഗവേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് ധാരാളം പ്രതിബന്ധങ്ങള്‍ ഉണ്ട്. പക്ഷേ, ഗവേഷണത്തിനുള്ള അവസരങ്ങള്‍ തീര്‍ച്ചയായും വര്‍ധിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് എന്റെ അഭിപ്രായം.

ജീവനുമായി ബന്ധപ്പെട്ട ജൈവശാസ്ത്രപരവും രസതന്ത്രപരവുമായ ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഈ പ്രപഞ്ചത്തിന്റെ ഉല്‍പത്തി വളരെ നിഗൂഢമായ ഒരു രഹസ്യമാണ് എന്നതാണ്. ആ രഹസ്യമാകുന്ന മഞ്ഞുമലയുടെ ഒരറ്റത്ത് തൊടാന്‍ മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പറ്റിയിട്ടുള്ളൂ, പറ്റുകയുമുള്ളൂ.

Q

ഐ ടി യുടെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും തള്ളിക്കയറ്റത്തിനിടയില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ കുറയുന്നുണ്ടോ?

A

നമ്മുടെ നാട്ടില്‍ ഇപ്പോഴും ഉന്നത വിദ്യാഭ്യാസത്തിലേക്ക് വരുന്ന കുട്ടികളുടെ ആദ്യത്തെ ആഗ്രഹം എന്‍ജിനീയറിങ്ങും മെഡിസിനും തന്നെയാണ്. അതു കഴിഞ്ഞിട്ടു മാത്രമേ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലേക്ക് കുട്ടികള്‍ വരുന്നുള്ളൂ. ഈ രീതി മാറണം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ തന്നെ ശാസ്ത്ര വിഷയങ്ങളോട് കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കത്തക്ക രീതിയിലുള്ള മാറ്റങ്ങള്‍ വരേണ്ടതുണ്ട്.

Q

ഇപ്പോള്‍ താങ്കള്‍ പങ്കെടുത്തു നടത്തുന്ന ഗവേഷണത്തിന്റെ സാധ്യതകള്‍ പറയാമോ?

A

ജീവന്റെ ഉല്‍പത്തി എന്നതാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ഗവേഷണത്തിന്റെ പ്രമേയം. ആദ്യത്തെ ജീവകോശം ഉണ്ടാകുമ്പോള്‍ അതില്‍ പ്രോട്ടീന്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കണം. കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതാവശ്യമാണ്. ഒരു പ്രോട്ടീന്‍ ഉണ്ടാകണ മെങ്കില്‍ വേറൊരു പ്രോട്ടീന്‍ (എന്‍സൈം) വേണമെന്നാണു ശാസ്ത്രം ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നത്. അതിന്റെ പ്രവര്‍ത്തനരീതി കണ്ടുപിടിച്ചതിനാണ് നോബല്‍ സമ്മാനം ലഭിച്ചത്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് പ്രോട്ടീന്‍ (എന്‍സൈം) ഇല്ലാതെ പ്രോട്ടീന്‍ ഉണ്ടാകും എന്ന് തെളിയിക്കാനുള്ള പരിശ്രമമാണ്. പ്രോട്ടീന്‍ ഇല്ലാതെ പ്രോട്ടീന്‍ ഉണ്ടാകുമെങ്കില്‍ മാത്രമേ ജീവന്‍ ഉല്‍ഭവിക്കുകയുള്ളൂ. അത് സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ലക്ഷ്യം.

അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് പ്രോട്ടീന്‍ ഉണ്ടാകുന്നത്. രാസതന്മാത്രകളാണ് അമിനോ ആസിഡുകള്‍. ജീവശാസ്ത്രപരമായ പ്രസക്തി യുള്ള ഡി എന്‍ എ, ആര്‍ എന്‍ എ എന്നിവയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക, രസതന്ത്ര ശാസ്ത്രം ഉപയോഗിച്ച്

ആര്‍ എന്‍ എ യില്‍ മാറ്റം വരുത്തുക, അങ്ങനെ സൃഷ്ടിക്കുന്ന തന്മാത്ര ഉപയോഗിച്ച് പ്രോട്ടീന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക, അങ്ങനെ പ്രോട്ടീന്‍ മറ്റൊരു പ്രോട്ടീന്റെ സഹായ മില്ലാതെ സൃഷ്ടിക്കപ്പെടുന്നു എന്ന് തെളിയിക്കുക. അതാണു ലക്ഷ്യം.

Q

ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ മുന്‍ ഡയറക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സ് ഡി എന്‍ എ യുടെ സങ്കീര്‍ണ്ണതയില്‍ ആശ്ചര്യപ്പെടുകയും ഒരു വിശ്വാസിയായി മാറുകയും ചെയ്തു. അതുപോലെ, ഓക്‌സ്‌ഫോര്‍ഡ് ആസ്ഥാനമായുള്ള നിരീശ്വര തത്ത്വചിന്തകനായ ആന്റണി ഫ്‌ലെവ്, 'ഡി എന്‍ എ യുടെ സങ്കീര്‍ണ്ണതയ്ക്കു പിന്നില്‍ ബുദ്ധിശക്തി ഉണ്ടായിരിക്കണം' എന്ന് തിരിച്ചറിഞ്ഞു. ജീവന്റെ ഉത്ഭവത്തിലെ ഏതെങ്കിലും അതിഭൗതീക രഹസ്യം മനസ്സിലാക്കാന്‍ നിങ്ങളുടെ ഗവേഷണങ്ങള്‍ നിങ്ങളെ സഹായിച്ചിട്ടുണ്ടോ?

A

ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഏതൊരു ഗവേഷണവും മുമ്പോട്ടു പോകുമ്പോള്‍, പ്രത്യേകിച്ച് നമ്മുടെ ജീവനുമായി ബന്ധപ്പെട്ട ജൈവശാസ്ത്രപരവും രസതന്ത്രപരവുമായ ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഈ പ്രപഞ്ചത്തിന്റെ ഉല്‍പത്തി വളരെ നിഗൂഢമായ ഒരു രഹസ്യമാണ് എന്നതാണ്. ആ രഹസ്യമാകുന്ന മഞ്ഞുമലയുടെ ഒരറ്റത്ത് തൊടാന്‍ മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പറ്റിയിട്ടുള്ളൂ, പറ്റുകയുമുള്ളൂ. ശാസ്ത്രം വളരുമ്പോള്‍, ഇതെല്ലാം ഇപ്രകാരം സമര്‍ഥമായി സൃഷ്ടിച്ച വലിയൊരു ശക്തി, അഥവാ ദൈവം ഉണ്ട് എന്നത് നമുക്ക് കൂടുതല്‍ കൂടുതലായി മനസ്സിലായി വരും എന്നതാണ് എന്റെ അനുഭവം. ശാസ്ത്രത്തിന് ഒരിക്കലും ഈ കടമ്പകള്‍ എല്ലാം കടന്നു ജീവന്റെ സങ്കീര്‍ണ്ണതകളെ വിശദീകരിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.

ജര്‍മ്മനിയില്‍ ഞാന്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഗൈഡ് പറഞ്ഞ ഒരു കാര്യമുണ്ട്. 'ഒരു ഡോക്ടറേറ്റ് കിട്ടുന്നതിന്റെ അര്‍ഥം നിങ്ങള്‍ക്ക് എല്ലാം അറിയാം എന്നല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്ത അനേകം കാര്യങ്ങള്‍ ഉണ്ട് എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഗവേഷണ ബിരുദം.' ഇത് വളരെ ശരിയാണ്. നമുക്കറിയാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നിലനില്‍ക്കുന്നു. ഇതിന്റെയെല്ലാം പിന്നില്‍ വലിയൊരു ശക്തിയുണ്ട് എന്ന് നമുക്ക് കൂടുതല്‍ വെളിപ്പെട്ട് കിട്ടുന്നത് ഇതിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ്. ശാസ്ത്രം എത്ര പുരോഗമിച്ചാലും ജീവന്റെ സങ്കീര്‍ണ്ണതയുടെ ഒരറ്റത്ത് തൊടാന്‍ മാത്രമേ നമുക്ക് സാധിക്കൂ.

Q

ലബോറട്ടറികളില്‍ കൃത്രിമജീവന്‍ ഉല്‍പാദിപ്പിക്കപ്പെടുക യാണെങ്കില്‍, അത് ജീവന്റെ രചയിതാവ് എന്ന നിലയില്‍ ദൈവത്തിന്റെ പങ്കിനെ വെല്ലുവിളിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

A

അതിലേക്ക് നമുക്ക് എത്താന്‍ കഴിയും എന്നുള്ള തിന് യാതൊരു നിശ്ചയവുമില്ല. കൃത്രിമമായി നമ്മള്‍ എന്ത് സൃഷ്ടിച്ചാലും ആത്യന്തിക മായി അത് കൃത്രിമമല്ല. ജീവന്റെ ഒരു രൂപത്തെ ആശ്രയിച്ചുകൊണ്ട് മാത്രമേ മറ്റൊരു രൂപത്തിലേക്ക് പോകുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയുള്ളൂ. അതുകൊണ്ട് അത് തികച്ചും സാങ്കല്‍പികമായ ഒരു സാഹചര്യമാണ്. അങ്ങനെ സംഭവിച്ചാല്‍ പോലും ജീവന്റെ രഹസ്യം വലിയൊരു വെല്ലുവിളിയായി തന്നെ ശാസ്ത്രത്തിനു മുമ്പില്‍ നില്‍ക്കും. ജീവന്റെ ദാതാവായ ദൈവത്തെ വെല്ലുവിളിക്കത്തക്ക രീതിയിലേക്ക് ശാസ്ത്രം ഒരിക്കലും വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മനുഷ്യന്റെ പരിമിതികളാണ് കൂടുതല്‍ കൂടുതല്‍ വെളിവാകുന്നത്. ശാസ്ത്രം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ഇനിയും ഉണ്ട്.

Q

ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? പ്രാക്ടീസ് ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും വിശ്വസി ക്കുന്ന ക്രിസ്ത്യാനിയും എന്ന നിലയില്‍, നിങ്ങള്‍ എങ്ങനെയാണ് ശാസ്ത്ര ത്തെയും വിശ്വാസത്തെയും യോജിപ്പിക്കുന്നത്?

A

ശാസ്ത്രം കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ വിശ്വാസം കൂടുതല്‍ ദൃഢമാകുന്നു എന്നതാണ് എന്റെ അനുഭവം. എത്രയൊക്കെ വിവരങ്ങള്‍ അറിഞ്ഞാലും ഇതിനെല്ലാം പുറകില്‍ വലിയൊരു ശക്തിയുണ്ട് എന്ന് വിശ്വാസം നമ്മില്‍ ദൃഢപ്പെടുകയാണ് ഉണ്ടാകുന്നത്.

മിടുക്കരായവര്‍ മെഡിസിനും എഞ്ചിനീയറിംഗിനും പോകുന്നു, അത് കഴിഞ്ഞിട്ടുള്ളവര്‍ മാത്രം സയന്‍സിലേക്ക് വരുന്നു എന്നൊരു രീതി നമ്മുടെ നാട്ടില്‍ മാത്രമേ ഉള്ളൂ. യൂറോപ്പില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഫിസിക്‌സും കെമിസ്ട്രി യും ഒക്കെ പഠിക്കുന്നതിന് അഡ്മിഷന്‍ കിട്ടുന്നതാണ് മെഡിസിന് അഡ്മിഷന്‍ കിട്ടുന്നതിനേക്കാള്‍ ബുദ്ധിമുട്ട്.

Q

ജീവന്റെ ഉത്ഭവം ഇപ്പോഴും നിഗൂഢതയില്‍ മറഞ്ഞിരിക്കുന്നതിനാല്‍ ശാസ്ത്രത്തിന് അതിന്റെ ഉത്ഭവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ? ജീവന്റെ ഉത്ഭവം ആകസ്മികമായ ഘടകങ്ങളാണെന്ന് പലരും വാദിക്കുന്നു. ഈ വാദം ഇന്ന് നിലനില്‍ക്കുന്നതാണോ?

A

ശാസ്ത്രത്തിന് തീര്‍ച്ചയായും പരിമിതികള്‍ ഉണ്ട്. ആ പരിമിതികളില്‍ നിന്നുകൊണ്ട് ജീവന്റെ ഉത്ഭവം നോക്കിക്കാണാന്‍ മാത്രമേ ശാസ്ത്രത്തിന് സാധിക്കുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം.

Q

നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ നമ്മുടെ നാട്ടില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട്?

A

രസകരമാണ് ഇതിന്റെ ഉത്തരം. നമ്മുടെ നാട്ടില്‍, വിശേഷിച്ചും സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പ്രഗല്‍ഭരായ ധാരാളം ശാസ്ത്രജ്ഞര്‍ ഉണ്ടായിട്ടുണ്ട്. വിദേശത്തുള്ള പല ഗവേഷണ കേന്ദ്രങ്ങളിലും നിര്‍ണ്ണായകസ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ഇന്ത്യക്കാരാണ്. പക്ഷെ നമ്മുടെ നാട്ടിലെ ഗവേഷണങ്ങള്‍ നോബല്‍ സമ്മാനം പോലുള്ള ആഗോള അംഗീകാരത്തിലേക്ക് എന്തുകൊണ്ട് എത്തുന്നില്ല എന്ന് ചോദിച്ചാല്‍, പല കാരണങ്ങളുണ്ട്. നോബല്‍ സമ്മാനം അര്‍ഹിച്ചിരുന്ന പല ഇന്ത്യക്കാര്‍ക്കും അത് കിട്ടാതെ പോയി എന്നുള്ളത് ഒരു പ്രധാന ഘടകമാണ്. തീര്‍ച്ചയായും ഒരു രാഷ്ട്രീയം അതിന്റെ പിന്നിലുണ്ട്. പക്ഷേ അതു മാത്രമല്ല എന്നതും വസ്തുതയാണ്. നമ്മുടെ നാട്ടില്‍ ഇത്രയും ഗവേഷണ സ്ഥാപനങ്ങളുണ്ട്, ഇത്രയും പുരോഗമിച്ചിട്ടുണ്ട് എങ്കില്‍ പോലും നോബല്‍ സമ്മാനത്തിലേക്ക് ഒരു വ്യക്തി എത്തുക എന്നാല്‍ ആ ഒരു വ്യക്തി തനിച്ചല്ല ആ നേട്ടം കൈവരിക്കുന്നത്. കാലങ്ങളായി അയാളോടൊപ്പം നില്‍ക്കുന്ന ഒരു സംഘം ഉണ്ടാകും. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരും അനുകൂലസാഹചര്യങ്ങളും ഒരു നോബല്‍ ജേതാവിനെ സൃഷ്ടിക്കാന്‍ ആവശ്യമാണ്. അത്രയും അര്‍പ്പണബോധം സ്വന്തം നാട്ടില്‍ നമ്മള്‍ കാണിക്കാറില്ല എന്നുള്ളതാണ് വാസ്തവം. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. ശാസ്ത്രരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മറ്റൊരു ഘടകമാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം നമ്മുടെ ഭരണകൂടങ്ങള്‍ക്ക് പൊതുവേ കുറവാണ്. ബഹിരാകാശ ശാസ്ത്രം പോലുള്ള ചില മേഖലകളില്‍ നമ്മള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നുമുണ്ട്. പക്ഷേ പൊതുവേ ശാസ്ത്രത്തിന് പിന്തുണ നല്‍കുന്നതിലും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നാം പിന്നില്‍ തന്നെയാണ് എന്നതാണ് അടിസ്ഥാനപരമായ ഒരു കാരണം. നമ്മുടെ ശാസ്ത്രജ്ഞര്‍ ഇതുപോലുള്ള അംഗീകാരങ്ങളിലേക്ക് എത്താതിരിക്കുന്നതും നമ്മുടെ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നുപോലും ലോക റാങ്കിങ്ങില്‍ നൂറിനുള്ളില്‍ വരാത്തതും അതുകൊണ്ടുതന്നെയാണ്.

ഡോ. ഫ്രാങ്ക്‌ളിന്‍ അദാ ഇ യോനാദിനൊപ്പം
ഡോ. ഫ്രാങ്ക്‌ളിന്‍ അദാ ഇ യോനാദിനൊപ്പം
Q

ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?

A

മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ മറ്റു മേഖലകള്‍ പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ശാസ്ത്രവും എന്നതാണ് ശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ മനസ്സിലാക്കിയിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. കോവിഡ് വന്നു ലോകം പകച്ചുനിന്നപ്പോള്‍ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ നമ്മുടെ ബയോളജിസ്റ്റുകളും മെഡിസിനല്‍ കെമിസ്ട്രിയില്‍ ഗവേഷണം നടത്തുന്നവരും അധ്വാനിച്ചു. മിടുക്കരായവര്‍ മെഡിസിനും എഞ്ചിനീയറിംഗിനും പോകുന്നു, അത് കഴിഞ്ഞിട്ടുള്ളവര്‍ മാത്രം സയന്‍സിലേക്ക് വരുന്നു എന്നൊരു രീതി നമ്മുടെ നാട്ടില്‍ മാത്രമേ ഉള്ളൂ. യൂറോപ്പില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഫിസിക്‌സും കെമിസ്ട്രിയും ഒക്കെ പഠിക്കുന്നതിന് അഡ്മിഷന്‍ കിട്ടുന്നതാണ് മെഡിസിന് അഡ്മിഷന്‍ കിട്ടുന്നതിനേക്കാള്‍ ബുദ്ധിമുട്ട്. ജര്‍മ്മനിയില്‍ ഈ സ്ഥിതി എനിക്ക് നേരിട്ട് അറിയാവുന്നതാണ്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളെ മറന്നുകൊണ്ട് നമുക്ക് ഒരിക്കലും പുരോഗതി പ്രാപിക്കാന്‍ സാധിക്കില്ല. ഒരു ഡോക്ടര്‍ക്ക് ചികിത്സിക്കണമെങ്കില്‍ മരുന്ന് വേണം. മെഡിസിനല്‍ കെമിസ്ട്രിയിലും ബയോളജിക്കല്‍ കെമിസ്ട്രിയിലും നടക്കുന്ന ഗവേഷണങ്ങളാണ് മരുന്നുകളിലേക്ക് എത്തുന്നത്. ഒരു ഡോക്ടറുടെ ചികിത്സോപാധികള്‍ ശാസ്ത്രത്തിന്റെ പുരോഗതി മൂലം ഉണ്ടാകുന്നതാണ്. എന്‍ജിനീയര്‍മാരെ സംബന്ധിച്ചും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണവും പുരോഗതിയും പ്രധാനമാണല്ലോ. മെറ്റീരിയല്‍ സയന്‍സ്, നാനോ ടെക്‌നോളജി തുടങ്ങിയ രംഗങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളില്‍ നിന്നുണ്ടാകുന്ന കുതിച്ചുചാട്ടത്തിന്റെ ഫലമാണ് എന്‍ജിനീയറിങ് എന്ന പ്രൊഫഷന്റെ തന്നെ അടിസ്ഥാനം. അടിസ്ഥാനശാസ്ത്ര വിഷയങ്ങള്‍ വളരെ സുപ്രധാനമാണ്. നമ്മുടെ നാട്ടില്‍ ആ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്ന് മാത്രം. കെമിസ്ട്രി പഠിച്ചതുകൊണ്ട് മാത്രമാണ് പത്തോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ഗവേഷകരുമായി സഹകരിക്കാനും എനിക്ക് സാധിച്ചത്. വെല്ലുവിളികളുള്ള ഒരു തൊഴില്‍ മേഖലയാണ് ശാസ്ത്രം. അതുകൊണ്ടുതന്നെ ആ രംഗത്തുനിന്ന് ലഭിക്കുന്ന പ്രതിഫലവും ആകര്‍ഷകമായിരിക്കും. അപ്രകാരം വീക്ഷിച്ചുകൊണ്ട് കഴിവും താല്‍പര്യവുമുള്ളവര്‍ ആ ലോകത്തേക്ക് പ്രവേശിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org