ദൈവസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമാണ് തിരുഹൃദയം നമുക്ക് കാണിച്ചു തരുന്നത്. ഈ സ്‌നേഹത്തണലില്‍ ഇരുന്നുകൊണ്ടാണ് നാം ഓരോരുത്തരും - അതെ ഓരോ ക്രൈസ്തവ കുടുംബവും പ്രാര്‍ത്ഥിക്കുന്നതും ജീവിക്കുന്നതും. ആധ്യാത്മിക ജീവിതത്തിന്റെ വഴികാട്ടിയും വിശ്വാസത്തിന്റെ രത്‌നചുരു ക്കവുമാണ് ''തിരുഹൃദയം'' എന്ന് ഭാഗ്യസ്മരണാര്‍ഹനായ പതിനൊന്നാം പീയൂസ് മാര്‍പാപ്പ നമ്മെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. മനുഷ്യമക്കള്‍ക്ക് ആശ്വാസം തേടി ഓടിയെത്താനുള്ള അഭയസങ്കേതമാണ് ഈശോയുടെ തിരുഹൃദയം. കുത്തിപ്പിളര്‍ന്ന സ്‌നേഹത്തിന്റെ ഉറവ കണ്ണികളില്‍നിന്നും, രക്തവും, ജലവും കിനിഞ്ഞിറങ്ങുന്ന, മുള്ളുവലയത്താല്‍ ആവരണം ചെയ്യപ്പെട്ട ഹൃദയത്തിനു മുകളിലായി എരിയുന്ന സ്‌നേഹജ്വാലകള്‍ക്കു നടുവിലായി രക്ഷാകരമായ കുരിശടയാളം.
എന്റെ ഹൃദയത്തെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹം ഞാന്‍ ജ്വലിപ്പിക്കും എന്ന് ഈശോ അരുളി ചെയ്യുന്നു. തിരുഹൃദയ ഭക്തി, കഠിന ഹൃദയങ്ങളെയും ഇളക്കി അവയില്‍ ദൈവസ്‌നേഹം ഉദിപ്പിക്കുന്നു. തീക്ഷ്ണതയില്ലാത്തവരുടെ ഹൃദയങ്ങളെ ദൈവസ്‌നേഹത്താല്‍ പ്രഭാപൂര്‍ണ്ണമാക്കുന്നു. തിരുഹൃദയ തണലില്‍ ഇരുന്നുകൊണ്ട് അവിടത്തെ കാരുണ്യത്തിന് നമ്മുടെ ജീവിതത്തെ വിട്ടുകൊടുക്കുന്നതിനുള്ള ക്ഷണമാണ് യേശു നടത്തിയത്. നമ്മുടെ രക്ഷ സ്വര്‍ഗത്തിന്റെ കൃപയാണെന്ന് നാം തിരിച്ചറിയണം.
എല്ലാവരും രക്ഷപ്പെടണമെ ന്നും സത്യം അറിയണമെന്നുമാണ് ഈശോ ആഗ്രഹിക്കുന്നത്. മനുഷ്യാവതാരത്തോടെ ആരംഭിച്ച് കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെടുന്നതുവരെയുള്ള - യേശുസ്‌നേഹത്തിന്റെ ആഴത്തെ, വെളിപ്പെടുത്തുന്ന തിരുഹൃദയത്തോടു ചേര്‍ന്നു നിന്നുകൊണ്ട് നമ്മുടെ ചിന്തകള്‍ക്ക് ആത്മീയപ്രകാശം നല്‍കാം.
ആരെയും തള്ളിക്കളയാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തുറക്കപ്പെട്ട ഹൃദയത്തിനു മുന്‍പില്‍, തുറന്ന ഹൃദയത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം - ''ദൈവമേ നിര്‍മ്മലമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ, നീതിപൂര്‍വകമായ ചൈതന്യം എന്നില്‍ നിറയ്ക്കണമേ, ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോയുടെ തിരുഹൃദയം, കാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹകേന്ദ്രമാണ്. ഒറ്റിക്കൊടുത്തവനും തള്ളിപ്പറഞ്ഞവനും ഈശോ കൊടുത്തത്, കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും അനുഭവങ്ങള്‍ മാത്രമാണ്. ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ക്ഷമയുടെ ഭാവങ്ങള്‍ ഈശോയുടെ ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. തന്നെ പിടിച്ചുകെട്ടാന്‍ വന്നവന്റെ ചെവി ഛേദിച്ചപ്പോള്‍ - തൊട്ടുസുഖപ്പെടുത്തുന്ന സ്‌നേഹം. ക്ഷമയുടെ നിരവധി ഭാവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും (മത്താ. 6:14).
ക്ഷമിക്കുന്ന മനസ്സിനു മാത്രമേ ഈശോ നല്‍കുന്ന യഥാര്‍ത്ഥമായ സമാധാനം അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. ''ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും'' (മത്താ. 11:29). ഈശോയുടെ ശാന്തസ്വഭാവം ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും വിനീതനായ ഈശോയുടെ ജീവചൈതന്യം ഹൃദയത്തില്‍ ഏറ്റുവാങ്ങാനും വേണ്ടിയാണ് - നിങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍ എന്ന് പറയുന്നത്.