25 വര്‍ഷം കഴിയുമ്പോള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി ശാസ്ത്രജ്ഞര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരിക്കുക, നമ്മുടെ കുറെ പ്രശ്‌നങ്ങള്‍ക്കെങ്കിലും അവര്‍ പരിഹാരങ്ങള്‍ കണ്ടെത്തുക എന്ന സ്വപ്‌നവുമായി രൂപീകൃതമായിരിക്കുന്ന പ്രസ്ഥാനമാണ് ജൈറ (Global young researchers academy). സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈറ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം (International young researchers conference) കളമശ്ശേരിയില്‍ നടന്നു. 200 സ്‌കൂളുകളില്‍ നിന്നുള്ള 1000 വിദ്യാര്‍ത്ഥികളും 200 അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്തു. കുട്ടികള്‍ അവരുടെ ഗവേഷണ പദ്ധതികള്‍ അവതരിപ്പിക്കുന്നതായിരുന്നു സമ്മേളനത്തിലെ പ്രധാന പരിപാടി. ഒരു വര്‍ഷമായി ഓരോ സ്‌കൂളിലും പത്തില്‍ താഴെ കുട്ടികളുടെ സംഘങ്ങളായി വിവിധ ഗവേഷണങ്ങള്‍ നടന്നുവരികയായിരുന്നു.
ഗവേഷണ വിഷയം കണ്ടെത്തുന്നതു മുതല്‍ ജൈറയുടെ ഒരു മെന്റര്‍ ഇവരുടെ സഹായത്തിനുണ്ടാവും. ഓരോ ആഴ്ചയും ഓണ്‍ലൈന്‍ മീറ്റിംഗില്‍ പുരോഗതി വിലയിരുത്തുന്നു. അങ്ങനെ രൂപപ്പെട്ട കണ്ടെത്തലുകളും ഭാവി നീക്കങ്ങളുമാണ് ബാല ഗവേഷക സംഘങ്ങള്‍ ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്.
കുഴിയാനകള്‍ ആയിരുന്നു ഒരു സ്‌കൂളിന്റെ ഗവേഷണ വിഷയമെങ്കില്‍ പൊട്ടറ്റോ ചിപ്‌സിന്റെ ദഹന പ്രശ്‌നങ്ങളാണ് മറ്റൊരു സ്‌കൂളിലെ ബാലഗവേഷകര്‍ പഠിച്ചത്. ബുള്ളിയിംഗ് ഉണ്ടാക്കുന്ന മാനസികാഘാതം മുതല്‍ മാലിന്യസംസ്‌കരണം വരെ പഠനവിഷയങ്ങളായി.
ലോകത്തിലെ പ്രധാന യൂണിവേഴ്‌സിറ്റികളിലെ റിസര്‍ച്ച് മെത്തഡോളജി കുട്ടികളെ പരിചയപ്പെടുത്തുക, സയന്റിസ്റ്റുകളെ പോലെ ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, സയന്റിസ്റ്റുകള്‍ ആകാന്‍ താല്‍പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ജൈറ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടറും മാനേജ്‌മെന്റ് പഠനരംഗത്തെ പ്രസിദ്ധ സ്ഥാപനമായ എക്‌സ് എല്‍ ആര്‍ ഐ ല്‍ പ്രൊഫസറുമായ ഫാ. വിന്‍സെന്റ് പെരേപ്പാടന്‍ എസ് ജെ പറഞ്ഞു.
കുട്ടികള്‍ അവരുടെ ഗവേഷണ പദ്ധതികള്‍ അവതരിപ്പിക്കുന്നതായിരുന്നു സമ്മേളനത്തിലെ പ്രധാന പരിപാടി
ഇതിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയുള്‍പ്പെടെ ലോകോത്തര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 20 ശാസ്ത്രജ്ഞരാണ് കോണ്‍ഫ്രന്‍സില്‍ പ്രധാന പ്രഭാഷണങ്ങള്‍ നടത്തിയതെന്ന് ജൈറയുടെ നേതൃത്വത്തിലുള്ള ഫാ. ജിജോ കണ്ടംകുളത്തി സി എം എഫ് ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞരുമായി ഇടപഴകാനും സംശയങ്ങള്‍ ഉന്നയിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
കോണ്‍ഫ്രന്‍സിന്റെ ഇന്‍ക്ലൂസീവ് സ്വഭാവം ശ്രദ്ധേയമായിരുന്നു. വമ്പന്‍ സ്‌കൂളുകള്‍ക്കൊപ്പം ഭിന്നശേഷിക്കാരും നിര്‍ധന വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളുമെല്ലാം ഇതിന്റെ ഭാഗമായി.
നിരവധി സയന്റിസ്റ്റുകളും അക്കാദമീഷ്യന്മാരും ജൈറയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. കുട്ടികളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ ഇതിനായി പണം വാങ്ങുന്നില്ല. ദശലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ കോണ്‍ഫ്രന്‍സ് നടത്തിയത്. പ്രവേശനം സൗജന്യമായിരുന്നു.
വൊളന്റിയറായോ മെന്ററായോ ഒക്കെ ഈ സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ തയ്യാറുള്ളവരെ ജൈറ സ്വാഗതം ചെയ്യുന്നുണ്ട്.
thinkgyra.com