

‘സഭാതാരം’ എന്ന ബഹുമതി നല്കി സീറോ മലബാർ സഭ ആദരിച്ച അപൂർവം അല്ലായ രിൽ ഒരാളായിരുന്നു 2026 ഏപ്രിൽ 24-ന് അന്തരിച്ച ശ്രീ. പി.റ്റി. കുര്യാക്കോസ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞാറയ്ക്കൽ ഇടവകയിൽ വലിയ വീട്ടിൽ പുത്തനങ്ങാടി കുടുംബത്തിൽ 1934 ആഗസ്റ്റ് 7-ന് ജനിച്ച അദ്ദേഹം തീക്ഷ്ണമതിയായൊരു സഭാസ്നേഹിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ആരിലും ആവേശവും പ്രചോദനവും ജനിപ്പിക്കാൻ പര്യാപ്തമാണ്. ശൈശവത്തിൽ പോളിയോ ബാധി തനായ അദ്ദേഹം തന്റെ ശാരീരിക ബലഹീനതയെ മനസിന്റെ ബലംകൊണ്ട് അതിജീവിച്ച വ്യക്തിയാണ്.
പരേതനായ ശ്രീ. കുര്യാക്കോസിന്റെ ജീവിത രേഖ സൂചിപ്പിക്കുന്നത് അദ്ദേഹം സ്ഥിരോത്സാഹ ത്തിലൂടെ ജീവിതത്തിൽ പടിപടിയായി ഏറെ നേട്ടങ്ങൾ കൈവരിച്ചുവെന്നാണ്. സാമ്പത്തിക ശാസ്ത്രത്തിൽ തൃശിനാപ്പിള്ളി സെന്റ് ജോസഫ്സ് കോളേജിൽനിന്നു ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു ബിരുദാനന്തരബിരുദവും അദ്ദേഹം നേടി. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ക്കായി ഈശോസഭാവൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന AICUF-ന്റെ സജീവപ്രവർത്തക നായി അദ്ദേഹം മാറി. ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസിലെ AICUF പ്രസിഡന്റായി അദ്ദേഹം 1958-ൽ തിരഞ്ഞെടുക്കപ്പെട്ടു. അതൊരു വഴിത്തിരിവായി മാറി.
1964- ലാണ് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ അൽമായർക്കുവേണ്ടിയുളള പൊന്തിഫിക്കൽ കൗൺസിലിന്റെ അഗംമായി നിയമിച്ചത്.
പഠനശേഷം ഡൽഹിയിൽ അദ്ദേഹം കുറച്ചു നാൾ ജോലിയിലേർപ്പെട്ടെങ്കിലും സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. അതിന്റെ ഫലമായിട്ടാകും 1959-ൽ അമേരിക്കയിലേക്കു ഇന്ത്യയിൽ നിന്നുളള കത്തോലിക്ക യുവജന ഡലഗേറ്റായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു മാസക്കാലം അമേരിക്കയിൽ യുവജനപ്രവർത്ത നങ്ങളിൽ പരിശീലനം നേടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതിനിടയിൽ റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പിന് അദ്ദേഹം അർഹനായെങ്കിലും അതു സ്വീകരിക്കാതെ യുവജനപ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി.
മുപ്പതുവയസ് മാത്രം പ്രായമുളളപ്പോൾ പാക്സ് റൊമാനാ (Pax Romana) എന്ന അന്തർദ്ദേശീയ അൽമായ സംഘടനയുടെ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും ബൗദ്ധികതലത്തിൽ പ്രവർത്തിക്കുന്നവരുടെയും ഇടയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യം വച്ച് 1921-ൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച പ്രസ്തുത സംഘടനയ്ക്ക് വത്തിക്കാന്റെ പിന്തുണയും പ്രോത്സാഹനവും ധാരാളമായി ലഭിക്കുകയുണ്ടായി. പല രാജ്യങ്ങളിലും പാക്സ് റൊമാനയുടെ ശാഖകളുണ്ടായി. 1964- ൽ വാഷിംഗ്ടണിൽ നടന്ന അന്തർദ്ദേശീയ സമ്മേളനത്തിൽ വച്ചാണ് പി.റ്റി. കുര്യാക്കോസ് പാക്സ് റൊമാനോയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1964-ൽത്തന്നെ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ അൽമായർക്കുവേണ്ടിയുളള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗമായി നിയമിച്ചുവെന്നതും ശ്രദ്ധേയമാണ്.
വളരെ വേഗം ശ്രീ. പി.റ്റി. കുര്യാക്കോസ് സഭയുടെ വലിയ വക്താവായി അറിയപ്പെടാൻ തുടങ്ങി. 1967-ൽ റോമിൽ നടന്ന അന്തർദ്ദേശീയ അൽമായ കോൺഫ്രൻസിൽ സംസാരിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടു. ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിൽ വൈദികപരിശീലനത്തെ സംബന്ധിച്ച് അദ്ദേഹം സമർപ്പിച്ച പ്രബന്ധം ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഡൽഹിയിൽനിന്നുളള ‘വിദ്യാജ്യോതി’ മാസികയിൽ അത് പ്രസിദ്ധീകരിച്ചതോർക്കുന്നു. സത്യദീപം വാരികയിൽ സഭയുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളെ പുരസ്കരിച്ച് ഏറെ ലേഖനങ്ങൾ അദ്ദേഹം എഴുതുമായിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ (UNDP) റീജയണൽ പ്രോജക്റ്റ് മാനേജരായി ശ്രീലങ്കയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടി. പല ഏഷ്യൻ രാജ്യങ്ങളും UNDP യുമായി ബന്ധപ്പെട്ടു അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് മലേഷ്യൻ ഗവൺമെന്റ് അദ്ദേഹത്തിന് റോയൽ അവാർഡ് നല്കി ആദരിച്ചത്.
പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി സ്ഥാപക ചെയർമാനും ശ്രീ രാമകൃഷ്ണ ബജാജ് സ്ഥാപകമാനേജിങ്ങ് ട്രസ്റ്റിയുമായിരുന്ന വിശ്വ യുവക് കേന്ദ്രയുടെ (Vishwa Yuvak Kendra) ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി.
വിവിധങ്ങളും വളരെ പ്രധാനപ്പെട്ടവയുമായ പ്രവർത്തനമേഖലകളിലും അന്തർദ്ദേശീയ തലങ്ങളിലും വ്യാപരിച്ചപ്പോഴും ക്രിസ്തീയജീവിതത്തിന്റെ തനിമ കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹവും സഹധർമ്മണി ഏല്യാമ്മയും ഏറെ ശ്രദ്ധിച്ചു. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള അവർ മക്കളെ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കാൻ പരിശീലിപ്പിക്കുന്നതിൽ വിജയിച്ചു. ശാരീരികമായി ബലഹീനനായിരുന്ന ശ്രീ. പി.റ്റി. കുര്യാക്കോസ് അടുത്ത കാലംവരെ നിത്യവും മംഗലപ്പുഴ സ്നേഹപുരം പള്ളിയിൽ രണ്ടു സഹായികളോടൊപ്പം വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ എത്തുമായിരുന്നു. രോഗീലേപനവും വിശുദ്ധ കുർബാനയും സ്വീകരിക്കാൻ മരണക്കിടക്കയിലും അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചു.
സഭയുടെയും സമൂഹത്തിന്റെയും ക്ഷേമം എന്നും സ്വപ്നം കണ്ട് അതിന്റെ സാക്ഷാൽക്കാരത്തിനായി അർപ്പണമനോഭാവത്തോടെ പ്രവർത്തനിരതനായിരുന്ന ‘സഭാതാരം’ പി.റ്റി. കുര്യാക്കോസിന്റെ ജീവസുറ്റ മാതൃകകൾ ഭാവിതലമുറകൾക്ക് എന്നും പ്രചോദനമാകും എന്നതിൽ സംശയമില്ല.