സാബത്തു വിശ്രമം

സാബത്തു വിശ്രമം
ഞായറാഴ്ച, കടമുള്ള ദിവസം, സാബത്തു വിശ്രമത്തിന്റെ ദിവസം വിശുദ്ധമായിട്ട് ആചരിക്കണമെന്നുള്ള അവബോധം എത്രപേര്‍ക്കുണ്ട്? സാധാരണ പോലെ ഞായറാഴ്ച ഒരവധി ദിവസം മാത്രമാണെന്നും, സകലവിധ ആഘോഷങ്ങള്‍ക്കും വേണ്ടി മാറ്റിവച്ചിരിക്കുന്ന ദിവസമാണെന്നും മാത്രമേ ഭൂരിപക്ഷം പേരും മനസ്സിലാക്കിയിട്ടുള്ളൂ,

''യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റു നിന്നു'' (ലൂക്കാ 4:16).

'സാബത്ത്' എന്നും ഒരു തര്‍ക്കവിഷയമാണ്. സാബത്തിന്റെ പ്രാധാന്യം, അന്തഃസത്ത, മാഹാത്മ്യം, യഥാര്‍ത്ഥ അര്‍ത്ഥം, അതിന്റെ വരുംവരായ്കകള്‍ ഒന്നും, ഇന്നും പലര്‍ക്കും ശരിയായി അറിയില്ല. യേശു പഠിപ്പിക്കുന്നതും പ്രവര്‍ത്തിച്ചു കാണിച്ചതും സാബത്ത് ഒരു പതിവാക്കണമെന്നാണ്. തുടര്‍ച്ചയായി ചെയ്യുന്ന പ്രവൃത്തിയെയാണു പതിവ്, ശീലം എന്നൊക്കെ വിവക്ഷിക്കുന്നത്. യേശു സാബത്താചരണം വളരെ പ്രധാനപ്പെട്ട ഒരു പതിവാക്കിയെങ്കില്‍, സാബത്താചരണത്തിന്റെ ആരംഭം സൃഷ്ടിയുടെ പുസ്തകത്തില്‍ തന്നെ തുടങ്ങുന്നതു നമുക്കു കാണാം. ''ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി താന്‍ തുടങ്ങിയ പ്രവൃത്തിയില്‍ നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി'' (ഉല്പത്തി 2:2, 3). ദൈവംതന്നെ സാബത്താചരണം നമ്മെ കാണിച്ചു തന്നത്, നമ്മള്‍ അപ്പാടെ സാബത്താചരിക്കുവാനും, അനുകരിക്കുവാനും ആഗ്രഹിക്കുന്നതു കൊണ്ടാണ്. സാബത്താചരണം ഒരു കല്പനയാക്കി ദൈവം മോശയ്ക്കു നല്കുവാന്‍ കാരണം മനുഷ്യന്റെ കൃത്യവിലോപമാണ്. ആ കല്പന ഇങ്ങനെയാണ്, ''സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍ക്കുക. ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക... അങ്ങനെ സാബത്തുദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു'' (പുറപ്പാട് 20:8-11).

സാബത്താചരണം കേവലമൊരു ചടങ്ങല്ല, ആചാരം മാത്രമല്ല, ഒരു നേരമ്പോക്കല്ല, മഹനീയമായ ആത്മീയശുശ്രൂഷയാണെന്നുള്ള ബോധ്യം നമ്മിലുണ്ടാകണം. യഥാര്‍ത്ഥ സാബത്താചരണത്തെപ്പറ്റി അവബോധമില്ലാത്തതുകൊണ്ടും, സാബത്താചരണം എ പ്രകാരമായിരിക്കണമെന്ന് അറിയണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടും നഷ്ടപ്പെടുന്ന അനുഗ്രഹങ്ങളും വന്നു ഭവിക്കുന്ന അനിഷ്ടങ്ങളും എന്തെല്ലാമാണെന്നു പ്രതിപാദിക്കുവാന്‍ ശ്രമിക്കുകയാണ്.

വി. ബൈബിളിന്റെ ആരംഭം, ഉല്പത്തി മുതല്‍ അവസാനം വെളിപാടു വരെ പ്രതിപാദിക്കുന്ന മനുഷ്യന് അനിവാര്യമായ സാബത്താചരണം എത്രയോ വിലപ്പെട്ടതാണെന്ന് ഒന്നു ചിന്തിച്ചുകൂടേ. ഞായറാഴ്ച ആചരണം, വിശുദ്ധ ദിനാചരണം, സാബത്താചരണം, കര്‍ത്താവിന്റെ ദിനാചരണം, ഉത്ഥാനദിനാചരണം എല്ലാമാണ് ഈ കടമുള്ള ദിവസം. നിത്യതയിലേക്കുള്ള ഒരുക്കത്തിന്റെ ദിവസമായിട്ടാണു സാബത്തു ഞായറാഴ്ച കണക്കാക്കേണ്ടത്. പ്രമാണങ്ങളും കല്പനകളും വിശ്വസ്തതയോടെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കു മാത്രമേ നിത്യജീവനിലേക്കു പ്രവേശനം ലഭിക്കുകയുള്ളൂ എന്നതാണു സത്യം. അതിന് ഒരു തര്‍ക്കവും വേണ്ട (എസക്കിയേല്‍ 18:3, 20:10-13). അപ്പസ്‌തോല പ്രവര്‍ത്തനത്തില്‍, സ്റ്റെഫാനോസിന്റെ പ്രസംഗത്തിലും വിശുദ്ധ സാബത്തിന്റെ പ്രാധാന്യം ഊന്നി പറയുന്നുണ്ട്.

പഴയ നിയമകാലത്ത് സാബത്ത് എന്ന പദപ്രയോഗമാണു നിലനിന്നിരുന്നത്. അന്ന് സാബത്ത് ആചരിച്ചിരുന്നത് ശനിയാഴ്ച ദിവസങ്ങളില്‍; ആഴ്ചയുടെ അവസാന ദിവസമായിരുന്നു. ഈശോയുടെ വരവിനു ശേഷം, ഞായറാഴ്ച, ആഴ്ചയുടെ ആദ്യദിനം, ഈശോയുടെ ഉയിര്‍പ്പുദിനമാണ് കത്തോലിക്കാസഭ കര്‍ത്താവിന്റെ ദിനമായിട്ട് ആചരിച്ചുപോരുന്നത്.

ഞായറാഴ്ച, കടമുള്ള ദിവസം, സാബത്തു വിശ്രമത്തിന്റെ ദിവസം വിശുദ്ധമായിട്ട് ആചരിക്കണമെന്നുള്ള അവബോധം എത്രപേര്‍ക്കുണ്ട്? സാധാരണ പോലെ ഞായറാഴ്ച ഒരവധി ദിവസം മാത്രമാണെന്നും, സകലവിധ ആഘോഷങ്ങള്‍ക്കും വേണ്ടി മാറ്റി വച്ചിരിക്കുന്ന ദിവസമാണെന്നും മാത്രമേ ഭൂരിപക്ഷം പേരും മനസ്സിലാക്കിയിട്ടുള്ളൂ, കാണുന്നുമുള്ളൂ. നമ്മുടെയൊക്കെ വീടുകളില്‍ നടക്കുന്ന സകല ചടങ്ങുകള്‍ക്കും വേണ്ടി മാറ്റിവച്ചിട്ടുള്ള ദിവസം, ബാക്കി വരുന്ന ജോലികള്‍ ചെയ്തു പൂര്‍ത്തിയാക്കാനുള്ള ഒരവധി ദിവസം, മാതാപിതാക്കളും, മക്കളും, വീട്ടുകാരുമൊത്ത് ഉല്ലസിക്കാനും യാത്ര പോകാനുമുള്ള ഒഴിവു ദിവസം ഇതൊക്കയാണു നമ്മുടെ സങ്കുചിതമായ സങ്കല്പം.

നിയമത്തിന്റെ പൂര്‍ത്തീകരണം എന്ന തലക്കെട്ടില്‍ ഇപ്രകാരമാണു പറയുന്നത്; പണ്ടു മുതല്‍ കേട്ടിരുന്നതും പാലിച്ചിരുന്നതുമായ പല നിയമങ്ങളും പൂര്‍ത്തിയാക്കുവാനാണ് യേശു വന്നത്. ''ആകാശവും ഭൂമിയും കടന്നു പോകും, എന്നാല്‍ ഈ നിയമത്തില്‍നിന്ന് ഒരു വള്ളിയോ പുള്ളിയോ പോലും മാറ്റപ്പെടുകയില്ല (മത്തായി 5:17-19). യേശു ഒരു സാബത്തു ദിനം പോലും മുടക്കം വരുത്താതെ പതിവായിട്ട് സാബത്തു വിശ്രമത്തിന് എത്തിച്ചേരുന്നത് നമ്മള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നില്ലേ? ഇത് നിങ്ങള്‍ക്ക് എന്നേക്കുമുള്ള നിയമമാണ്, ഇതു നിങ്ങള്‍ക്കു വിശ്രമം നല്കുന്ന വിശുദ്ധ സാബത്തു ദിവസമാണ്, അന്ന് ഉപവസിക്കുകയും വേണം. ഉപവസിക്കുകയെന്നാല്‍ കേവലം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുകയല്ല, മറിച്ച് ദൈവത്തിന്റെ വചനങ്ങള്‍ ശ്രവിച്ച് ദൈവത്തോടൊത്ത്, ദൈവത്തിന്റെ കൂടെ വസിക്കുകയെന്നതാണ്. ഉപവാസത്തെ സംബന്ധിച്ച് ഏശയ്യ പ്രവാചകന്റെ വചനങ്ങള്‍ ഏറെ പ്രസക്തമാണ് (ഏശയ്യ 58:1-14). കല്പനകളും പ്രമാണങ്ങളും കൂദാശകളും അനുസരിച്ച് നീതിനിഷ്ഠമായ ഒരു ജന്മമായി ജീവിക്കുന്നതാണ് ദൈവത്തോടൊത്തുള്ള ഉപവാസം. കര്‍ത്താവിന്റെ കണ്ണില്‍നിന്നും ഒന്നും മറച്ചുവയ്ക്കുക സാധ്യമല്ല. നമ്മുടെ ചെറിയ ചിന്തകള്‍ പോലും അവിടന്നു വിചിന്തനം ചെയ്യും. ദൈവത്തോട് സ്‌നേഹത്തോടുകൂടിയുള്ള ഭയം നമ്മില്‍ ഉടലെടുക്കണം. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹം നമ്മില്‍ ഇല്ലായെങ്കില്‍ എങ്ങനെ ഉപവസിക്കും? സകല നന്മകളും നമുക്കു ലഭിക്കുക സാബത്തു വിശ്രമത്തിലെ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയുമാണെന്നു പ്രവാചകന്‍ പറഞ്ഞു വയ്ക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥ ഉപവാസം നമ്മള്‍ ദൈവസന്നിധിയിലായിരിക്കുക മാത്രമാണ്, അതാണു ദൈവം സാബത്തു വിശ്രമത്തിലൂടെ ഉദ്ദേശിക്കുന്നത്. ''സാബത്തിനെ ചവിട്ടി മെതിക്കുന്നതില്‍ നിന്നും, എന്റെ വിശുദ്ധ ദിവസത്തില്‍ നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക...'' (ഏശയ്യ 58:13, 14).

മൂന്നാമത്തെ ദൈവകല്പനയുടെ ലംഘനം ചാവുദോഷമാണെന്നിരിക്കിലും, ആര്‍ക്കും ലെവലേശം പശ്ചാത്താപമോ, അതേറ്റു പറഞ്ഞു പാപമോചനശുശ്രൂഷ ചെയ്യണമെന്ന ബോധ്യമോ, അതാവര്‍ത്തിക്കരുതെന്ന ചിന്തയോ പോലുമില്ല. എന്തിനേറെ പറയുന്നു ഞായറാഴ്ച ദിവ്യബലി അര്‍പ്പിക്കണമെന്ന നിഷ്‌കര്‍ഷം പോലും ഇല്ലാത്തവര്‍ അനവധി.

യഥാര്‍ത്ഥത്തില്‍ ആത്മാവില്‍ ലയിച്ചിരിക്കേണ്ട ദിവസമാണു സാബത്തു വിശ്രമദിവസമെന്നു വിശുദ്ധ യോഹന്നാന്‍ പാത്മോസ് ദ്വീപില്‍ ആത്മാവില്‍ ലയിച്ചിരുന്നപ്പോള്‍ വെളിപ്പെടുത്തുന്നുണ്ട്. വെളിപാട് 1:9-11. സാബത്തില്‍ സ്വന്തം വഴി, സ്വന്തം താല്പര്യം എല്ലാം മാറ്റിവയ്ക്കണം; കാരണം അവയെല്ലാം ദൈവത്തില്‍നിന്നും നമ്മെ അകറ്റും. എന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നേരെ വിപരീതമായിട്ടാണു പലപ്പോഴും. അതു നമുക്കു ഭൗതികനേട്ടത്തിനു വേണ്ടി മാത്രമായി ചുരുങ്ങിപ്പോകാറുമുണ്ട്. ഇസ്രായേല്‍ തന്റെ ജനമാണെന്നും, തന്റെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വം അനുസരിക്കണമെന്നും കര്‍ത്താവ് ആഗ്രഹിക്കുന്നു. അങ്ങനെയുള്ള വിശുദ്ധജനത്തിന് ഉന്നതമായ സ്ഥാനവും, ബഹുമതിയും നല്കുമെന്നും പ്രഖ്യാപിക്കുന്നു (ഏശയ്യ 58:14, 56:1-8). നമ്മള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടി, നമ്മുടെ മറ്റു പല പരിപാടികള്‍ക്കും വേണ്ടി സാബത്തു കല്പന മാറ്റിവച്ചു പോകുമ്പോള്‍ ദൈവശിക്ഷയ്ക്കു പാത്രമായേക്കാം. മനുഷ്യരുടെ പ്രീതിക്കുവേണ്ടി പലതും ചെയ്‌തെന്നു വരാം. അപ്പോഴാണു സാവൂളിനു സംഭവിച്ചതുപോലെ നമ്മള്‍ തിരസ്‌കൃതരായി പോകുന്നത് (1 സാമുവല്‍ 13:1-14). ദൈവ കല്പനകള്‍ ലംഘിച്ചു പോകരുത്, കല്പനകള്‍ അപ്പാടെ അനുസരിക്കുക, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക, അത്രമാത്രം. അതിനു നമുക്ക് ദൈവത്തോട് ബാധ്യതയുമുണ്ട്. ദൈവം അബ്രാഹത്തെ വിളിച്ചുപറഞ്ഞത് വളരെ വിഷമം പിടിച്ച കാര്യമായിരുന്നു. ''നിന്റെ ദേശത്തേയും...'' (ഉത്പത്തി 12:1) - അബ്രാഹം ദൈവത്തിന്റെ അരുളപ്പാട് അപ്പാടെ അംഗീകരിച്ചു, അനുസരിച്ചു പുറപ്പെട്ടു. ഭൂമുഖത്തെ ജനതകളെല്ലാം അബ്രാഹത്തിന്റെ അനുസരണം കാരണം അനുഗൃഹീതമായി. അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും സ്വന്തമാകണമെങ്കില്‍ പൂര്‍ണ്ണമായിട്ടുള്ള അനുസരണം നമുക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഭൂമിയിലെ മനുഷ്യനൊഴിച്ച് മറ്റു സകല സൃഷ്ടചരാചരങ്ങളും ദൈവത്തെ അനുസരിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം ദൈവവുമായി മറുതലിക്കുന്നു. ''ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുള്‍ ചെയ്യുന്നു. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി, എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു, കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല. എന്റെ ജനം മനസ്സിലാക്കുന്നില്ല'' (ഏശയ്യ 1:2,3). പക്ഷികളെ ഉദാഹരണമാക്കി ജറമിയ പ്രവാചകന്‍ പറയുന്നു, അവര്‍ ദൈവത്തിന്റെ പദ്ധതികളും, ആജ്ഞകളും കൃത്യമായി അനുസരിക്കുന്നു. അവ അവയുടെ യാത്രയും തിരിച്ചുവരവും കാലമനുസരിച്ച് കൃത്യമായി കണക്കുകൂട്ടി ചെയ്യുമ്പോള്‍, ദൈവജനം തന്റെ കല്പനകള്‍ അനുസരിക്കാതെ ലക്ഷ്യം തെറ്റി പായുന്നു. കാറ്റും കടലും പോലും ദൈവകല്പന അനുസരിക്കുന്നു നമ്മള്‍ വായിച്ചിട്ടില്ലേ (മര്‍ക്കോസ് 4:39). ദൈവപുത്രനായ യേശു പിതാവായ ദൈവത്തെ അനുസരിച്ചത് വി. പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്, ''തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു'' (ഫിലിപ്പി 2:7, 8). ജറമിയ പ്രവാചകന്റെ വാക്കുകള്‍ കൂടി ഇത്തരുണത്തില്‍ ശ്രദ്ധിക്കാം. ''ആകാശത്തു പറക്കുന്ന ഞാറപക്ഷിക്കുപോലും അതിന്റെ കാലം അറിയാം, മാടപ്രാവും മീവല്‍പക്ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു. എന്റെ ജനത്തിനാകട്ടെ കര്‍ത്താവിന്റെ കല്പന അറിഞ്ഞുകൂടാ.'' ജറമിയ 8:7 വീണ്ടും കൂട്ടിച്ചേര്‍ക്കുന്നു ''പടക്കളത്തിലേക്കു പോകുന്ന കുതിരയെപ്പോലെ ഓരോരുത്തരും അവനവന്റെ വഴിക്കു പോകുന്നു'' (ജറമിയ 8:6). അപ്രകാരം ലക്ഷ്യം തെറ്റി അലയുന്ന മനുഷ്യരുടെ ഗതി എന്താകുമോ, ആവോ?

പുറപ്പാടിന്റെ പുസ്തകത്തില്‍ ''സാബത്താചരണം'' എന്ന തലക്കെട്ടില്‍ ദൈവം മോശയോട് അരുള്‍ ചെയ്തതുകൂടി ശ്രദ്ധയോടെ നോക്കാം. ''ഇസ്രായേല്‍ ജനത്തോടു പറയുക... വിശ്രമിക്കുകയും ചെയ്തതിന്റെ അടയാളം'' (പുറപ്പാട് 31:12-17). നമ്മളെ വിശുദ്ധീകരിക്കുന്നതിനു വേണ്ടി കര്‍ത്താവ് അടയാളമായിട്ടാണ് സാബത്താചരണം ഒരു കല്പനയായിട്ട് നല്കിയിരിക്കുന്നത്. മാത്രമല്ല ഇതു ശാശ്വതമായതും, എക്കാലത്തേക്കുമുള്ളതുമായ ഉടമ്പടിയായിട്ടു നിഷ്‌കര്‍ഷിക്കുന്നു. എപ്രകാരമാണു സാബത്താചരിക്കേണ്ടതെന്നും വിവരിക്കുന്നുണ്ട്. ''നിന്റെ ദൈവമായ കര്‍ത്താവു... നിന്നോടു കല്പിച്ചിരിക്കുന്നു'' (നിയമാവര്‍ത്തനം 5:12-17). സാബത്തു വളരെ സൂഷ്മമായിട്ടു വേണം ആചരിക്കാന്‍. അല്ലാതെ നിസ്സാരവല്‍ക്കരിച്ച് അലങ്കോലപ്പെടുത്തരുത്. ''സാബത്തു വിശ്രമം'' എന്ന ഭാഗം കൂടി നോക്കാം (പുറപ്പാട് 35:1, 2). സാബത്തു ദിവസം നിന്റെ ഇഷ്ടമല്ല നോക്കേണ്ടത്, നിന്റെ താല്പര്യമല്ല അനുവര്‍ത്തിക്കേണ്ടത്, സ്വന്തം വഴിയല്ല നീ അന്വേഷിക്കേണ്ടത്. വ്യര്‍ത്ഥമായിട്ടുള്ള സംസാരങ്ങളും പ്രവൃത്തികളും ഒഴിവാക്കണമെന്നും കര്‍ത്താവ് പ്രവാചകരിലൂടെ താക്കീതു നല്കുന്നു (ഏശയ്യ 58:13, 14). നീ എപ്രകാരമാണോ മാതാപിതാക്കളെ ബഹുമാനിക്കുന്നത്, അപ്രകാരം തന്നെ സാബത്തിനെയും ബഹുമാനത്തോടെ കാണണം, ബഹുമാനിക്കണം, ആദരിക്കണം. ഇത്രമാത്രം വചനങ്ങള്‍ പോരെ സാബത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കാന്‍. എന്നിട്ടോ നമ്മള്‍ ചെയ്തു കൂട്ടുന്ന വിക്രിയകള്‍, നമ്മുടെ നിഷ്‌ക്രിയത്വം, സാബത്തിനോടുള്ള നിസ്സംഗത, സാബത്തിനെ നിസ്സാര വല്‍ക്കരിച്ചുള്ള സമൂഹത്തിന്റെ സമീപനം, എല്ലാം ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

സന്ധ്യാപ്രാര്‍ത്ഥനകള്‍, നമസ്‌കാരങ്ങള്‍ എല്ലാം ബാല്യം മുതലേ പഠിക്കുകയും, മനഃപാഠമാക്കുകയും, മതപഠന ക്ലാസില്‍ പന്ത്രണ്ടു വര്‍ഷം പരിശീലിക്കുകയും ചെയ്തതിനു ശേഷവും പ്രമാണങ്ങളും കല്പനകളും, കൂദാശകളും അറിയില്ല എന്ന ഭാവം അപലപനീയമാണ്, അപഹാസ്യമാണ്. ഒരുപക്ഷേ, പലര്‍ക്കും ഞായറാഴ്ച, കടമുള്ള ദിവസത്തെ ആചരണം പൂര്‍ണ്ണമായിട്ടും അറിയില്ലെന്നും വരാം. ആ അറിവില്ലായ്മ മറയാക്കിയാണു പലരും പല വേണ്ടാതീനങ്ങളും കാട്ടിക്കൂട്ടുന്നത്. മൂന്നാമത്തെ ദൈവകല്പനയുടെ ലംഘനം ചാവുദോഷമാണെന്നിരിക്കിലും, ആര്‍ക്കും ലെവലേശം പശ്ചാത്താപമോ, അതേറ്റു പറഞ്ഞു പാപമോചനശുശ്രൂഷ ചെയ്യണമെന്ന ബോധ്യമോ, അതാവര്‍ത്തിക്കരുതെന്ന ചിന്തയോ പോലുമില്ല. എന്തിനേറെ പറയുന്നു ഞായറാഴ്ച ദിവ്യബലി അര്‍പ്പിക്കണമെന്ന നിഷ്‌കര്‍ഷം പോലും ഇല്ലാത്തവര്‍ അനവധി. കത്തോലിക്കാസഭയുടെ ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷമായിട്ടുള്ള പ്രകടനമാണു സാബത്താചരണം. അതാണു പരസ്യമായിട്ടു ലംഘിക്കപ്പെടുന്നത്. നമ്മെപ്പറ്റി അറിയാവുന്ന പലരും ഇതെല്ലാം കാണുന്നുണ്ടെന്നും, അവര്‍ നമ്മെ വിലയിരുത്തുന്നുണ്ടെന്നുമുള്ള ബോധമാണു നമുക്ക് ആദ്യം വേണ്ടത്. ഏറ്റവും പ്രധാനമായിട്ട് അതൊരാത്മീയ ശുശ്രൂഷയാണെന്ന സത്യം നമുക്കു ബോധ്യമാകണം. അതിനുശേഷം മറ്റുള്ളവരിലേക്കു തിരിയാം.

ഞായറാഴ്ച ദിവസം ഒരു പ്രവൃത്തിയും ചെയ്യരുതെന്നല്ല പറഞ്ഞുവയ്ക്കുന്നത്. നമുക്കറിയാം, നമ്മുടെ പ്രവൃത്തികള്‍ അത്യാവശ്യം, ആവശ്യം, അനാവശ്യം ഇങ്ങനെ പോകുന്നു. ഇതില്‍ അത്യാവശ്യമുള്ളതുമാത്രം നമുക്കു തിരഞ്ഞെടുക്കാം. നിന്റെ കാളയോ, കഴുതയോ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റരുതെന്നല്ല, അതിന്റെ ജീവനെ രക്ഷിക്കുക അനിവാര്യമാണെന്നും ഈശോ സമര്‍ത്ഥിക്കുന്നു. പ്രേഷിതവേലകള്‍, ആതുരശുശ്രൂഷകള്‍, അത്യാവശ്യ സര്‍വ്വീസുകള്‍ എല്ലാം മനുഷ്യരുടെ നിലനില്പിനും, ഉന്നമനത്തിനും വേണ്ടിയുള്ളവയാണ്. അതുകൊണ്ട് നമ്മുടെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്നവയ്ക്ക് പച്ചകൊടി കാണിക്കാം. അല്ലാത്തവ ഒഴിവാക്കാം. അതല്ലേ ഉചിതം? ഒരുവന്‍ ഒരു പ്രമാണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മറ്റു പ്രമാണങ്ങളിലും വീഴ്ച വരുത്തിയിരിക്കുന്നുവെന്ന് യാക്കോബ് ശ്ലീഹാ പറഞ്ഞുവയ്ക്കുന്നത് ശ്രദ്ധിക്കുക ഉചിതമായിരിക്കും. ''ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ച വരുത്തിയിരിക്കുന്നു'' (യാക്കോബ് 2:10).

നമ്മള്‍ വിശ്വാസികള്‍ ഒന്ന് ആത്മശോധന ചെയ്തു നോക്കൂ. എല്ലാ പരിപാടികളും ഞായറാഴ്ചത്തേക്കു മാറ്റിവയ്ക്കും. നമ്മുടെ വീടുകളില്‍ പ്ലാന്‍ ചെയ്യുന്ന ആഘോഷങ്ങളുടെ ആദ്യ ആലോചനയില്‍തന്നെ കാരണവന്മാര്‍ ഞായറാഴ്ചത്തേക്ക് അവ നിശ്ചയിക്കും, എന്നിട്ടേ അടുത്ത പരിപാടികളിലേക്കു നീങ്ങൂ. വിവാഹം, മാമ്മോദീസ, മനസ്സമ്മതം, പുരവെഞ്ചരിപ്പ് അങ്ങനെ പോകുന്നു ആഘോഷങ്ങള്‍. വിവാഹം മുതലായ ആഘോഷങ്ങള്‍ ഞായറാഴ്ചകളില്‍ വേദപഠന ക്ലാസു കഴിഞ്ഞു നടത്തുവാന്‍ സീറോ-മലബാര്‍ പിതാക്കന്മാര്‍ സമ്മതം നല്കിയിട്ടുണ്ട്. ഞായറാഴ്ചകൡ കൃത്യമായിട്ടും സാബത്താചരിക്കണമെന്നും, അന്ന് കടമുള്ള ദിവസവും, ദൈവത്തിന്റെ സാബത്തുവിശ്രമത്തിനുള്ള പ്രത്യേക ദിവസവും ആകയാല്‍ വിവാഹം പോലുള്ള ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും എന്തുകൊണ്ട് സഭാ പിതാക്കന്മാര്‍ നിഷ്‌കര്‍ഷിക്കുന്നില്ല? ''ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്'' (മത്തായി 15:8). ''സത്യത്തെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വ്വം നാം പാപം ചെയ്യുന്നെങ്കില്‍ പാവങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല... ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നു വീഴുക വളരെ ഭയാനകമാണ്.'' (ഹെബ്രായര്‍ 10:26-31). നമുക്കു മേല്‍പറഞ്ഞിരിക്കുന്ന വചനങ്ങള്‍ ഒന്നു ധ്യാനിക്കാം. വളരെ പ്രധാനപ്പെട്ട മൂന്നാമത്തെ ദൈവകല്പനയും, ഒന്നാമത്തെ തിരുസഭയുടെ കല്പനയും ലംഘിക്കാന്‍ മൗനാനുവാദം നല്കുന്നവരുടെയോ, ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെയോ, ലംഘിക്കുന്നവരുടെയോ, ആരുടെ കഴുത്തിലായിരിക്കും ആദ്യമേ തിരികല്ലുകെട്ടി കര്‍ത്താവ് കടലിലേക്കെറിയുക? (മര്‍ക്കോസ് 9:42-48, മത്തായി 18:6-9, ലൂക്കാ 17:1, 2).

പത്തു കല്പനകളില്‍ കൊല്ലരുതെന്ന കല്പനയുടെ അതേ പ്രാധാന്യത്തോടെ ദൈവം നല്കുന്ന മൂന്നാമത്തെ കല്പനയാണ്; ''സാബത്ത് വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക...'' (പുറപ്പാട് 20:8, 9, 10, 11). ഈ ദൈവകല്പന ഒരൊറ്റ വാചകത്തില്‍ ഒതുക്കാതെ വിശദമായിട്ടാണ് എഴുതിയിരിക്കുന്നത്. സഭാസമൂഹം വളരെ ഗൗരവമായിട്ടുതന്നെ ഈ കല്പനയെ കാണേണ്ടിയിരിക്കുന്നു. കുത്തഴിഞ്ഞ പുസ്തകം പോലെ, വള്ളിപൊട്ടിയ നിക്കറുപോലെ നമ്മുടെ സഭയുടെ പ്രധാനപ്പെട്ട നിയമങ്ങള്‍ അലങ്കോലപ്പെട്ടു പോകാതിരിക്കണമെങ്കില്‍ ഇതുപോലുള്ള വിഷയങ്ങളില്‍ അധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സഭയുടെ കാതലായ വിശ്വാസസത്യങ്ങളെ വികലമാക്കുന്ന കല്പനകളുടെ പരസ്യമായിട്ടുള്ള ലംഘനങ്ങളെ ഉദാരവത്കരിക്കരുത്. അതിനൊക്കെയാണു നമ്മള്‍ കടുംപിടുത്തം പിടിക്കേണ്ടത്.

സകലവിധ എന്‍ട്രന്‍സ് കോച്ചിംങ്ങ് ക്ലാസുകളും, റിഫ്രഷര്‍ കോഴ്‌സുകളും ഞായറാഴ്ച ദിവസത്തേക്കു നിശ്ചയിക്കും. ഇതിന് ആരെ കുറ്റം പറയും? മാതാപിതാക്കളെ? കുട്ടികളെ? ബിസിനസ്സ് കോര്‍പ്പറേറ്റുകളെ? വിദ്യാഭ്യാസം സേവനമാണെന്നിരിക്കിലും, അതിന്റെ പിന്നിലും ബിസിനസ്സും, ലാഭേച്ഛയുമല്ലേ? അല്ലെങ്കില്‍ അവരുടെ സംരംഭം ഒരു സേവനമായിട്ടു നടത്തിക്കൂടേ? ലാഭേച്ഛ കൂടാതെ! അതിന് ഒരാളെങ്കിലും മുമ്പോട്ടു വന്നാല്‍ അതൊരു വലിയ മാറ്റമായിരിക്കും.

നമ്മുടെ ജോലികള്‍ക്കു ശേഷമുള്ള ബാഹ്യമായിട്ടുള്ള വിശ്രമത്തിലും, ആത്മാവില്‍ കര്‍ത്താവുമൊത്തുള്ള വിശ്രമത്തിലുമായിരുന്നുകൊണ്ട്; അന്നു യോഹന്നാന്‍ ശ്ലീഹ പാത്മോസ് ദ്വീപില്‍ ആയിരുന്നതുപോലെ നമുക്കും കാഹളത്തിന്റെ സ്വരം ശ്രവിക്കാം. (വെളിപാട് 1:9, 10, 11).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org