
അച്ഛനും അമ്മയും വിട്ടിലില്ലാതിരുന്ന നേരം നാലു വയസ്സുകാരന്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തൊട്ടടുത്തുള്ള തോട്ടില്‍ വീണു. ആരോ അവനെ പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ എതിരെ സൈക്കിളില്‍ വന്ന കുര്യന്‍ ചേട്ടന്‍ കാര്യം തിരക്കിയിട്ട് അവശനിലയിലായ കുഞ്ഞിനെ തന്റെ തോളിലേക്കിട്ട് ആശുപത്രിയിലേ ക്ക് ധൃതികൊണ്ടു. അവിടെ എത്തിയപ്പോള്‍ കുട്ടി മരിച്ചിരുന്നു. അതിന്റെ പോസ്റ്റുമോര്‍ട്ടമൊക്കെ കഴിയും വരെ കുര്യന്‍ അവിടെ ഉണ്ടായിരുന്നു. ആ വീട്ടുകാര്‍ക്ക് വേണ്ടതായ സഹായമെല്ലാം ചെയ്തുകൊണ്ട്. ആ വ്യക്തിയുടെ സാന്നിദ്ധ്യം ആര്‍ക്കാണ് സാന്ത്വനമേകാത്തത്? അദ്ദേഹം വൈപ്പിന്‍ നിവാസികള്‍ക്ക് വെറും ഒരു കുര്യനല്ല. അവരുടെ പ്രിയപ്പെട്ട സര്‍വ്വോദയം കുര്യന്‍ എന്ന സാമൂഹ്യസേവന സന്നദ്ധനും ആതുരശുശ്രൂഷാ പ്രവര്‍ത്തകനുമാണ്. രാത്രിയോ പകലോ എന്നില്ലാതെ എന്തെങ്കിലുമൊക്കെ സഹായത്തിനു അദ്ദേഹത്തെ സമീപിക്കാം.
കുറെനാളായി അടഞ്ഞുകിടന്നിരുന്ന ഒരു കടത്തിണ്ണയില്‍ മലമൂത്രാദികളില്‍ ദുര്‍ഗന്ധമേറ്റ് വല്ലാതായി കിടന്നിരുന്ന മാനസിക രോഗിണിയെ ഒന്നു രണ്ടുപേരുടെ സഹായത്തോടെ അദ്ദേഹം കുളിപ്പിച്ച് മറ്റൊരു വസ്ത്രം നല്കി ഭക്ഷണവും കൊടു ത്ത് ഒരു വണ്ടി വിളിച്ച് കാക്കനാട്ടെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതൊരു നിയോഗമായിരിക്കണം. അങ്ങനെയങ്ങനെ വ്യത്യസ്തങ്ങളായ സേവനങ്ങള്‍ ചാറ്റല്‍ മഴയില്‍ നിന്നും പെരുമഴയിലേക്കെന്ന വണ്ണം സംഭവിക്കുകയായിരുന്നു. അതൊക്കെ ആരേയും ബോദ്ധ്യപ്പെടുത്താനല്ല. പേരും പെരുമയും ആര്‍ജിക്കാനല്ല. എന്തെങ്കിലും കാട്ടിക്കൂട്ടി പണം ഒപ്പിക്കാനുമല്ല, സ്വയം ഓരോന്ന് ചെയ്തു പോവുകയാണ്.
യൗവ്വനാരംഭത്തിലെ തുടങ്ങി ഞാറക്കല്‍ പാറക്കല്‍ വീട്ടിലെ കുര്യന്‍ തന്റെ സേവന വ്യഗ്രതകള്‍. ഞാറക്കല്‍ പള്ളിക്കവല യില്‍ നിന്ന് ഒരു സ്ത്രീ ഉറക്കെ നിലവിൡു മ്പോള്‍, അങ്ങോട്ടുചെന്ന കുര്യന്‍ കാണുന്നതോ... അവരുടെ മകന്‍ അപസ്മാരബാധയില്‍ കൈകാലിട്ടടിച്ചു വിറയ്ക്കുന്നതാണ്. തൊട്ടടുത്ത കടയില്‍ നിന്നും താക്കോല്‍ക്കൂട്ടം വാങ്ങി ആ രോഗിയുടെ കൈയില്‍ പിടിപ്പിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആകാശഗോളങ്ങള്‍ തീരുമാനിച്ചിരിക്കണം കുര്യാ നിന്റെ വഴി ദരിദ്രര്‍ക്കും, രോഗികള്‍ ക്കും, ദുഃഖിതര്‍ക്കും വേണ്ടിയാണെന്ന്...
വ്രണിതമായ ലോക ത്തെ ശുശ്രൂഷിക്കുന്നതിലൂടെ ആതുരശുശ്രൂഷ അനുഭവിക്കുന്നതാണ് പരോപകാരത്തിന്റെ പൊരുള്‍. വ്രണിതര്‍ക്കുവേണ്ടിയുള്ള സഹായമാണ് യഥാര്‍ത്ഥമായ സാമൂഹ്യ സേവനം, സ്വന്തം മുറിവുകളിലൂടെ ശുശ്രൂഷിക്കു മ്പോള്‍, മാത്രമാണ് അന്യരുടെ മുറിവുകളും ഉണങ്ങുന്നത്. മഹത്തായ അത്തരം പ്രവര്‍ത്തനങ്ങളുടെ ആള്‍രൂപമായിരുന്നു കുര്യന്‍ ചേട്ടന്‍. ചരിത്രഭാരങ്ങളും, രാഷ്ട്രീയ ചായ്‌വുകളും, മഹാഗ്രന്ഥങ്ങളും സ്പര്‍ശനമേകാന്‍ മറന്ന ആ മനോസൗമ്യതയില്‍ മറ്റുള്ളവരുടെ നോവുകള്‍ക്ക് മരുന്നേകാനുള്ള വേലിയേറ്റങ്ങളായിരുന്നു. ആ ഏകാംഗ മിഷനറി തന്റെ ജീവിതകാലമത്രയും നിറുത്താതെ ഓടിക്കൊണ്ടിരുന്നത് അനാഥശിശുക്കള്‍ക്കും, അശരണര്‍ക്കും, അനപത്യസങ്കടങ്ങള്‍ക്കും മറ്റും ആയിരുന്നു. ഒരു സംഘടന സ്ഥാപിച്ചും, സ്വയം സ്വയമായും, അനുയായികളെക്കൊണ്ട് ആരവമുയര്‍ത്തിയും, വാര്‍ത്തകളില്‍ വേഷപ്രച്ഛന്നനായും ആ മനുഷ്യന്‍ മിനക്കെടാഞ്ഞത് നിസ്വാര്‍ത്ഥതയും, സ്‌നേഹകാരുണ്യാദികളും ആന്തരികതയില്‍ ജ്വലനമായതുകൊണ്ടായിരിക്കണം.
എല്ലാ സുമനസ്സുകള്‍ ക്കും കടന്നുപോകാന്‍ ഒരു മണലാരണ്യം ഉണ്ടാവും.സര്‍വ്വോദയം കുര്യന്റെ സേവന സഞ്ചാരം വൈപ്പിന്‍ ദ്വീപിലൂടെയായിരുന്നു. അതിന്റെ ദരിദ്രതയും സങ്കടവും സമ്മിശ്രമായ കടലോരത്തിലൂടെയായിരുന്നു. പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരമെത്തിച്ചും അവരുടെ വീടുകള്‍ മേയാന്‍ ഓലക്കെട്ടുകള്‍ കൊണ്ടു കൊടുത്തും രോഗം വന്നാല്‍ അവരെ ആശുപത്രിയില്‍ എത്തിച്ചും തന്റെ കര്‍മ്മപഥത്തെ അദ്ദേഹം വലുതാക്കിക്കൊണ്ടിരുന്നു. പഞ്ഞം കര്‍ക്കിടകനാളില്‍ കടപ്പുറം പ്രദേശത്ത് കഞ്ഞിവീഴ്ത്തു കേന്ദ്രം എന്ന ആശയം ഉണര്‍ത്തിയും അതിനെ പരിപോഷിപ്പിച്ചതും അദ്ദേഹമായിരുന്നു.
എല്ലും തോലുമായി നടക്കാനാവാത്തവരെ താങ്ങിയും, ചുമച്ചു ചുമച്ചു അസഹ്യതയാര്‍ന്ന ക്ഷയ രോഗിയെ ചേര്‍ത്തു പിടിച്ചും വെറുപ്പം അറപ്പും ഏറ്റ കുഷ്ഠരോഗിയെ ചുംബിച്ചും, കോളറാ രോഗികള്‍ക്ക് സാന്ത്വനമായും പരിണമിക്കാന്‍ സര്‍വ്വോദയം കുര്യന്‍ചേട്ടനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?
ചത്ത പട്ടിയേയും, പൂച്ചയേയും മറ്റും വഴിയാത്രയ്ക്കിടയില്‍ കണ്ടാല്‍ തൊട്ടടുത്ത വീട്ടില്‍ നിന്നു മണ്‍വെട്ടിയോ, തൂമ്പയോ വാങ്ങി ആര്‍ക്കും ദ്രോഹമില്ലാത്തിടത്ത് കുഴിച്ചു മൂടുന്നത് ആരുടെയും നിര്‍ദ്ദേശ വാതിലുകള്‍ തുറന്നതു കൊണ്ടല്ല. ഒരു പരിസ്ഥിതി ശാസ്ത്രവും പഠിച്ചിട്ടല്ല. 'അവേര്‍നസ്' ക്ലാസ്സുകളിലെ ക്ഷാത്ര വീര്യത്തില്‍ നിന്നൊന്നുമല്ല. അതുകൊണ്ടാണല്ലോ ആ പ്രേഷിത പ്രവര്‍ത്തകന്‍ ഇസ്തിരിയുലയാത്ത ചില മാന്യന്മാരുടെ അകത്തളങ്ങളില്‍ ഭ്രാന്തന്‍ കുര്യനായത്.
വസൂരി (small pox) എന്ന മഹാമാരിയേറ്റ് മരണം കണ്ടുകിടക്കുന്ന നിര്‍ഭാഗ്യരുടെ നിരകള്‍ക്ക് തികച്ചും ഒരു രക്ഷകനായിട്ടാണ് സര്‍വ്വോദയം കുര്യന്‍ എത്തുന്നത്. വര്‍ത്തമാനകാലം കോവിഡ് 19 എന്ന മഹാമാരിയുടെ ദുര്‍ക്കിനാവുകള്‍ ഏറ്റുവാങ്ങി വിറങ്ങലിച്ചു നിന്നപ്പോള്‍ ആ പഴയ കാല പകര്‍ച്ച വ്യാധിയായ വസൂരിയെ ഒന്നു അപഗ്രഥിച്ചാലോ? ദേഹമാസകലം കുരുക്കള്‍ വന്നു പൊട്ടി വികൃതമാവുന്ന ദയനീയത. മുഖത്തെ കുരുക്കള്‍ വസൂരിക്കലകളായി അവശേഷിക്കുന്നു. കണ്ണില്‍ വരുന്ന കുരുക്കള്‍ അന്ധതയെ നല്കുന്നു. എന്തൊരു ഭയാനകത. എത്രയോ മൃതശരീരങ്ങളാണ് കുര്യന്‍ ചേട്ടന്‍ വിജനത വീര്‍പ്പുമുട്ടിക്കിടക്കുന്ന കടപ്പുറത്ത് കുഴിച്ചിട്ടിരിക്കുന്നത്.
നാട്ടുസൂക്കേട് (Chicken pox) എന്ന രോഗത്തിന് കീഴ്‌പ്പെടു ന്നവര്‍ക്ക് ഡോക്ടറും നെഴ്‌സും ഒക്കെ കുര്യന്‍ ചേട്ടനല്ലാതെ മറ്റാരും ആയിരുന്നില്ല. ഏതേതു ദുഃഖദുരിതക്കാരുടെയും സങ്കടങ്ങളില്‍ ഓഹരികൊള്ളാന്‍ സത്യസന്ധനായ ഒരാള്‍.
പ്രപഞ്ചത്തോളം വലുതായ ആത്മാവുമായി ഓടി നടന്ന സര്‍വ്വോദയം കുര്യന്‍ ഏറെ അറിയപ്പെട്ടത് അനാഥശിശുക്കളുടെ പിതാവായിട്ടായിരുന്നു. ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രി പരിസരത്തുള്ള കാടുമൂടിയ കാനയ്ക്കരികില്‍ നിന്നു കേട്ട ശിശുരോദനമായിരുന്നു അനാഥക്കുഞ്ഞുങ്ങളുടെ രക്ഷകനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അന്ന് ആ വൈകുന്നേരത്ത് ഉറുമ്പരിച്ചുകിടന്നിരുന്ന കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടു ചേര്‍ത്ത് ബോട്ടും ബസും കയറി ഞാറയ്ക്കല്‍ ആശുപത്രിയില്‍ എത്തി, അവിടെ പ്രസവിച്ചു കിടന്നിരുന്ന ഒരു സ്ത്രീയുടെ കട്ടിലില്‍ കിടത്തി മുലപ്പാല്‍ കൊടുപ്പിച്ചപ്പോള്‍ കുര്യനിലെ മനുഷ്യത്വം ഒന്നുകൂടി ഏറുകയായിരുന്നു. അതൊക്കെ കണ്ടും അറിഞ്ഞും നിന്നവര്‍ അത്ഭുതം കൊള്ളുകയോ, അവിശ്വസനീയതയില്‍ നെടുവീര്‍പ്പിടുകയോ ചെയ്തിരിക്കണം. ഇതെന്തൊരു മനുഷ്യന്‍ എന്നു കഷ്ടം വെച്ചവരും ഉണ്ടാവും. പക്ഷേ, ആ യാഥാര്‍ത്ഥ്യത്തെ മൂടി വയ്ക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. മക്കളില്ലാത്ത ദമ്പതികള്‍ക്ക് തന്റെയടുക്കല്‍ കിട്ടുന്ന കുഞ്ഞുങ്ങളെ നല്കു മ്പോള്‍ എന്തെന്നില്ലാത്ത ഒരു ചാരിതാര്‍ത്ഥ്യം ആ മനുഷ്യന്‍ അനുഭവിച്ചിരിക്കണം. അങ്ങനെ അറുന്നൂറോളം കുട്ടികളെയാണ് അദ്ദേഹം കൈമാറിയിട്ടുള്ളത്. ഒരുപക്ഷേ, ലോക ചരിത്രത്തില്‍ ഒരൊറ്റയാള്‍ അങ്ങനെ ഒരു ദൗത്യം ഏറ്റെടുത്തു കാണില്ല. ഒരു വിദേശിക്കും കുഞ്ഞിനെ കൊടുത്തിട്ടില്ല. അതിന്റെ പേരില്‍ ഒരു പ്രതിഫലവും പറ്റിയിട്ടുമില്ല.
ചോരക്കുഞ്ഞിനെ വലതു കൈയിലൊതുക്കി നെഞ്ചോടു ചേര്‍ത്തുപിടിച്ച്, ഇടതുകൈ സൈക്കിള്‍ ഹാന്‍ഡ്‌ലില്‍ മുറുക്കിപിടിച്ച് ഒരു പ്രത്യേക ബാലന്‍സില്‍ തന്റെ സൈക്കിള്‍ ചവിട്ടി തിരക്കു ബാധിച്ച വൈപ്പിന്‍ മുനമ്പം റോഡിലൂടെ കടന്നു പോയിരുന്ന ഒരു ദൈവശുശ്രൂഷകനെ മറ്റെവിടെയാണ് കാണാന്‍ കഴിയുക? സ്വന്തം കുടുംബവും സ്‌നേഹനിധിയായ ഭാര്യയും അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിനു എതിരു നിന്നിട്ടേയില്ല, അതൊക്കെ മനോഗുണ പ്രവര്‍ത്തനങ്ങളാണല്ലോ
വൈപ്പിന്‍കരയ്ക്കു പുറത്തും കുര്യന്‍ചേട്ടന്‍ സേവനദൗത്യങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് അവിശ്വസനീയംതന്നെ. പാക്കിസ്ഥാന്‍ പ്രസിഡന്റ് യാഹ്യഖാന്റെ അധികാരക്കൊതിയിന്മേല്‍ ബംഗ്ലാദേശ് തിങ്ങിഞെരുങ്ങുമ്പോള്‍ പടിഞ്ഞാറന്‍ ബംഗാളിലേക്ക് പോന്ന അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ആ മനുഷ്യന്‍ വസ്ത്രങ്ങളും മരുന്നുകളുമായിട്ടാണ് സേവന സന്നദ്ധതയ്ക്കായി ഇറങ്ങിത്തിരിച്ചത്. വീടുവീടാന്തരം കയറിയിറങ്ങിയാണ് പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചത്. തനിക്ക് ഒരു മെഡിക്കല്‍ ഷോപ്പ് ഉണ്ടായിരുന്നതുകൊണ്ട് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായില്ല. ഒന്നോര്‍ക്കണം, ദരിദ്രതയും കഷ്ടതയും വിതുമ്പിക്കൂട്ടിയ നിറംകെട്ട കാലത്തായിരുന്നു വസ്ത്രങ്ങള്‍ തേടി അദ്ദേഹം നടന്നിരുന്നത്. ആന്ധ്രയുടെ ഗ്രാമ്യതകളില്‍ അതിഭീകരതയാര്‍ന്ന കൊടുങ്കാറ്റടിച്ച് ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ച് ദുരന്തം പേറിയയിടത്ത് ആതുരശുശ്രൂഷയുമായി ആ വന്ദ്യ വയോധികന്‍ പദസഞ്ചലനം നടത്തുമ്പോഴും നാട്ടില്‍ നിന്നു ശേഖരിച്ച വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു, ഒട്ടേറെ പുതപ്പുകളും.
മഹാരാഷ്ട്രയിലെ കൊയ്‌നാ ഭൂകമ്പ മേഖല, കര്‍ണ്ണാടകയിലെ കുടിയിറക്കപ്പെട്ട നിരാലംബക്കൂട്ടം, ഗുജറാത്തിലെ വര്‍ഗ്ഗീയ ലഹളയുമായി ബന്ധപ്പെട്ട അനാഥത്വം... അങ്ങനെ എത്രയോ അശരണ പഥങ്ങളിലേക്ക് സര്‍വോദയം കുര്യന്‍ ചെന്നെത്തിയ തൊക്കെ തന്റെ സ്വന്തം കാശുകൊണ്ടാണ്. തിരക്കേറിയ മൂന്നാം ക്ലാസ് കംപാര്‍ട്ടുമെന്റുകളില്‍ ഇരുന്നും അന്തിയുറങ്ങിയുമാണ്.
1982-ലെ വൈപ്പിന്‍ കരയില്‍, പൊന്നോണനാളില്‍ സംഭവിച്ച മദ്യദുരന്തം 'വൈപ്പിന്‍ ലിക്കര്‍ ട്രാജഡി' എന്നു ചരിത്രത്തില്‍ കയറിപ്പറ്റിയെങ്കില്‍, ആ ദുരന്തത്തിനു ആക്കം വര്‍ദ്ധിക്കാതിരുന്നത് തക്കസമയത്ത് കുര്യന്‍ചേട്ടന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടതുകൊണ്ടായിരുന്നു. ഓണനാളില്‍ ചാരായ ഷാപ്പുകളില്‍ നിന്നും മദ്യം കുടിച്ചവരൊക്കെ ഉടന്‍ ആശുപത്രികളില്‍ എത്തിച്ചേരേണ്ടതാണ് എന്ന് അദ്ദേഹം ഓട്ടോറിക്ഷയിലൂടെ അനൗണ്‍സ് ചെയ്തു കൊണ്ടിരുന്നു. ചെറുപ്പക്കാരെക്കൂട്ടി മദ്യപിച്ചവരെ ആശുപത്രികളില്‍ എത്തിച്ചുകൊണ്ടിരുന്നു. എണ്‍പതിലധികം പേരാണ് അന്നത്തെ ഓണനാളില്‍ മരണത്തിനു കീഴ്‌പ്പെട്ടത്. പലരും അന്ധരായി. ശരീരം നിത്യമായും തളര്‍ന്നവരും ഉണ്ട്. പൂജയും മറ്റും നടത്തി ജീവിച്ചിരുന്ന പഞ്ചമി അന്ധനായി, കുറച്ചുനാള്‍ കഴിഞ്ഞ് മരിക്കുമ്പോള്‍ ആ മനുഷ്യന്റെ ഭാര്യയെ ഞാറയ്ക്കല്‍ സെന്റ് മേരീസ് ചര്‍ച്ചിന്റെ കീഴിലുള്ള അനാഥമന്ദിരത്തിലാണ് സുമനസ്സുകള്‍ എത്തിച്ചത്. ഈയിടെ ആ സ്ത്രീ മരിച്ചു. ഞാറയ്ക്കല്‍ പള്ളി വക സെമിത്തേരിയില്‍ അവരെ സംസ്‌ക്കരിച്ചു.
മധ്യവര്‍ത്തികളില്ലാതെ, അനുയായികളില്ലാതെ, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്തുണയില്ലാതെ ഒരാള്‍ എങ്ങനെയാണ് സാര്‍ത്ഥകമായ സാമൂഹ്യ പ്രവൃത്തികള്‍ ചെയ്യുക എന്നതിന്റെ വിനീതമായ കാഴ്ചപ്പാടായിരുന്നു സര്‍വ്വോദയം കുര്യന്‍ എന്ന ഒറ്റയാള്‍ പട്ടാളം. 'സ്‌നേഹം ഒരു ക്രിയയാണ്, അത് നാമമായിരിക്കുന്നതിനു മുമ്പേ' (Love is a verb, before it is a noun) എന്ന ആംഗലയതയെ സമ്പന്നനാക്കിയ ആ മനുഷ്യന്റെ പാത പിന്‍തുടരാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല എന്നു വരുമ്പോഴാണ് ആ കാരുണ്യയാത്രികന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത്.
1916 നവംബര്‍ 16-നു ജനിച്ച കുര്യന്‍ ചേട്ടന്‍ തന്റെ ദീര്‍ഘനാളത്തെ കര്‍മ്മങ്ങള്‍ക്കു വിലങ്ങുവച്ച്, 1999 ജൂലൈ 16 നു കര്‍ക്കിടക മഴ കോരിച്ചൊരിയുന്ന ആ തണുത്ത സായന്തനത്തില്‍ ജീവിതത്തോടു വിട പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ നല്ല മനുഷ്യന്‍ കുറെയേറെപ്പേരുടെ ഓര്‍മ്മകളിലേക്ക് കുടിയേറിയിരിക്കണം. അങ്ങനെയൊരാള്‍ ജനസാന്ദ്രതയില്‍ വീര്‍പ്പുമുട്ടുന്ന വൈപ്പിന്‍ ദ്വീപില്‍ ജീവിച്ചിരുന്നുവോ എന്ന സംശയത്തോടെ...