സാനു മാസ്റ്റര്‍: വിനയവീഥിയിലെ ഏകാന്തപഥികന്‍

കേരളത്തിലെ സാഹിത്യസാമൂഹ്യരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും, നിരൂപകനുമായ സാനു മാസ്റ്ററുമൊത്തുള്ള നിമിഷങ്ങളെ എം. അജോയ് കുമാര്‍ പങ്കുവയ്ക്കുന്നു...
സാനു മാസ്റ്റര്‍: വിനയവീഥിയിലെ ഏകാന്തപഥികന്‍

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും, നിരൂപകനുമായ സാനു മാസ്റ്റര്‍ കേരളത്തിലെ സാഹിത്യസാമൂഹ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. സ്‌കൂള്‍കുട്ടിയായിരുന്ന കാലത്തും, അതിനു ശേഷവും അദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ഇടതുപക്ഷ അനുഭാവമുള്ള ഒരു ട്രേഡ് യൂണിയന്‍ നേതാവായിരുന്നതിനാല്‍, അദ്ദേഹത്തിന്റെ ഓഫീസിലെ പല പരിപാടികളിലും സാനു മാഷിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നു. അന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നുകൊണ്ട് മാഷിന്റെ പ്രസംഗം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. വളരെ സൗമ്യമായ സ്വരത്തില്‍, എന്നാല്‍ ആശയഗാംഭീര്യമുള്ള ഭാഷയിലാണ് മാഷിന്റെ പ്രസംഗം. എന്റെ അച്ഛന്റെ ഒരടുത്ത സുഹൃത്ത് എറണാകുളം മഹാരാജാസ് കോളേജില്‍ സാനു മാഷിന്റെ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം മാഷിന്റെ അധ്യാപന ശൈലിയെക്കുറിച്ചു വാചാലനാകുന്നത് ഞാന്‍ കൗതുകത്തോടെ കേട്ടുനിന്നിട്ടുണ്ട്.

പിന്നീട് കോളേജ് വിദ്യാര്‍ത്ഥിയായപ്പോള്‍ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കുക എന്നത് എനിക്കൊരു ആവേശമായി മാറി. എല്ലാ ദിവസവും രാവിലെ പത്രത്തിലെ 'ഇന്നത്തെ പരിപാടികള്‍' എന്ന കോളം നോക്കി, എറണാകുളത്ത് എവിടെയെങ്കിലും ഏതെങ്കിലും പ്രശസ്ത വ്യക്തിയുടെ പ്രസംഗമുണ്ട് എന്നറിഞ്ഞാല്‍, ഞാന്‍ അവിടെയെത്തും. അങ്ങനെ ടൗണ്‍ ഹാള്‍, ടി.ഡി.എം. ഹാള്‍, പബ്ലിക് ലൈബ്രറി, സാഹിത്യ പരിഷത്ത് ഹാള്‍, രാജേന്ദ്ര മൈതാനം എന്നിവിടങ്ങളിലെല്ലാം പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ എത്തിയിരുന്നു. അക്കാലത്ത് രാഷ്ട്രീയസാഹിത്യസാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടുമിക്ക പ്രശസ്തരുടെയും പ്രസംഗം ഞാന്‍ കേട്ടിരുന്നു. അന്നത്തെ വേദികളില്‍ സാനു മാസ്റ്റര്‍ ഒരു നിറസാന്നിധ്യമായിരുന്നു.

ആയിടെ സാനു മാഷിന്റെ ആദ്യകാല പുസ്തകമായ 'അസ്തമിക്കാത്ത വെളിച്ചം' ഞാന്‍ വായിക്കുകയുണ്ടായി. ആഫ്രിക്കയിലെ ലാംബറീന്‍ എന്ന സ്ഥലത്ത് കുഷ്ഠരോഗികള്‍ക്കായുള്ള ആശുപത്രി സ്ഥാപിച്ച്, കുഷ്ഠരോഗ ചികിത്സയ്ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ആല്‍ബര്‍ട്ട് ഷ്വറ്റ്‌സര്‍ എന്ന മഹാന്റെ ജീവിതകഥയാണ് സാനു മാസ്റ്റര്‍ പ്രസ്തുത പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആ പുസ്തകം എന്റെ യുവ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഷ്വറ്റ്‌സറുടെ ജീവിതം ആരുടെ മനസ്സിനെയും ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. അതിലുപരി, സാനു മാഷിന്റെ ഈ ആഖ്യാനശൈലി ഏതൊരു വായനക്കാരനേയും വല്ലാതെ വശീകരിക്കുന്നതായിരുന്നു. മാഷിന്റെ വാക്കുകളിലൂടെ ഷ്വറ്റ്‌സറെ പരിചയപ്പെട്ടപ്പോള്‍, ആ വ്യക്തിത്വത്തിന് കുറേക്കൂടി തിളക്കം വന്നതായി അനുഭവപ്പെട്ടു.

വിജയത്തിന്റെ വീഥിയിലെ മുന്നോട്ടുള്ള പ്രയാണത്തില്‍ 'അഹങ്കാരം' എന്ന കൂട്ടുകാരനെ സഹയാത്രികനാക്കുന്നത് പലരുടേയും പതിവാണല്ലോ. അത്തരക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍, സാനു മാഷ് എത്രയോ ഉയരത്തില്‍ നിലകൊള്ളുന്നു.

കോളേജ് പഠനത്തിന് ശേഷം ഗുജറാത്തിലും കര്‍ണ്ണാടകയിലുമായി ജോലിനോക്കിയ എനിക്ക് മലയാള പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള അവസരം ഇല്ലാതെയായി. അതിനിടെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം ഞാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേയ്ക്ക് പോകാന്‍ ജനശതാബ്ദി എക്‌സ്പ്രസ്സിനായി കാത്തുനില്‍ക്കുമ്പോള്‍, കുറച്ചകലെ സാനു മാസ്റ്റര്‍ നില്ക്കുന്നത് കണ്ടു. ഞാന്‍ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തു കയും, എന്റെ അച്ഛനെക്കുറിച്ച് പറയുകയും ചെയ്തു. അദ്ദേഹത്തിന് എന്റെ അച്ഛനെ ഒരു നേരിയ ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളൂ. അല്പ സമയത്തിനകം ട്രെയിന്‍ വരികയും ഞങ്ങള്‍ അതില്‍ കയറുകയും ചെയ്തു. അപ്പോഴാണ് എന്റെയും മാഷിന്റെയും റിസര്‍വേഷന്‍ ഒരേ കംപാര്‍ട്‌മെന്റിലാണ് എന്ന് ഞാന്‍ മനസ്സിലാക്കിയത്. മാഷിന്റെ കൂടെ യാത്ര ചെയ്യാനുള്ള ആഗ്രഹം മൂലം ഞാന്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനോട് എന്റെ സീറ്റിലേയ്ക്ക് മാറുമോയെന്നു അഭ്യര്‍ത്ഥിച്ചു. മാഷ് കൊല്ലത്തേയ്ക്കാണ് പൊയ്‌ക്കൊണ്ടിരുന്നത്. അങ്ങനെ എറണാകുളം മുതല്‍ കൊല്ലം വരെ മാഷിന്റെ അരികിലിരുന്ന് യാത്ര ചെയ്യാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. മലയാള സാഹിത്യത്തിലെ ഒരുപാട് കൃതികളൊന്നും വായിച്ചിട്ടില്ലാത്ത എനിക്ക് അദ്ദേഹത്തോട് സാഹിത്യത്തെപ്പറ്റി ഒന്നും തന്നെ സംസാരിക്കാനില്ലായിരുന്നു. എന്നാല്‍ ഇതുമൂലം യാതൊരു വിഷയദാരിദ്ര്യവും എനിക്ക് അനുഭവപ്പെട്ടില്ല. കാരണം ആദ്യമായി പരിചയപ്പെട്ട ഒരു വ്യക്തിയോട് ഏതൊരാളും സ്വാഭാവികമായി കാണിക്കുന്ന അകല്‍ച്ച പോലും സാനു മാസ്റ്റര്‍ എന്നോട് കാണിച്ചില്ല. ഞങ്ങളുടെ സംഭാഷണം പല രസകരമായ വിഷയങ്ങളിലൂടെ കടന്നുപോയി. അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തിലെ സംഭവങ്ങള്‍, രാഷ്ട്രീയ ചിന്താഗതികള്‍, നിയമസഭയിലെ അനുഭവങ്ങള്‍, അദ്ദേഹത്തിന്റെ സമകാലികരായ ചില പ്രാസംഗികരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, എന്നിങ്ങനെ പലതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇവയില്‍ പലതും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് അദ്ദേഹം പറഞ്ഞതെങ്കിലും, എന്റെ ജിജ്ഞാസയോടെയുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നതായി എനിക്ക് അനുഭവപ്പെട്ടില്ല. മറിച്ച്, ഞാനുമായുള്ള സംഭാഷണം അദ്ദേഹവും ആസ്വദിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷ്വറ്റ്‌സറെക്കുറിച്ചുള്ള പുസ്തകം എന്നെ ഒരുപാട് സ്വാധീനിച്ചു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, 'അത് ഷ്വറ്റ്‌സറുടെ മഹത്വം കൊണ്ടാണ്' എന്നാണ് മാഷ് പറഞ്ഞത്. മാഷിന്റെ കൈയ്യില്‍ ഒരു ചെറിയ പുസ്തകം ഉണ്ടായിരുന്നു. എന്നാല്‍ സംഭാഷണത്തിനിടയില്‍ ഒരു പേജ് പോലും അദ്ദേഹത്തിന് വായിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ വായന മുടക്കിയതില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ആ പുസ്തകം അദ്ദേഹം പണ്ടൊരിക്കല്‍ വായിച്ചതാണ് എന്നും, സഹയാത്രികരോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിനിഷ്ടമാണ് എന്നും പറഞ്ഞു. സംഭാഷണത്തിനിടെ മലയാള വ്യാകരണത്തിന് ഒരുപാട് സംഭാവനകള്‍ നല്കിയിട്ടുള്ള ശേഷഗിരി പ്രഭുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു പുസ്തകത്തെപ്പറ്റി ഞാന്‍ പ്രതിപാദിച്ചു. ശേഷ ഗിരി പ്രഭുവിന്റെ സംഭാവനകളെപ്പറ്റി നന്നായിട്ടറിയാവുന്ന സാനു മാഷിന് ആ പുസ്തകത്തിന്റെ ഒരു പതിപ്പ് എന്റെ അടുത്ത കേരള സന്ദര്‍ശനവേളയില്‍ നല്കാമെന്നും ഞാനേറ്റു. എന്റെ കൈയ്യിലുണ്ടായിരുന്ന ഒരു ചെറിയ കടലാസ്സില്‍ അദ്ദേഹം തന്റെ സുന്ദരമായ കൈപ്പടയില്‍ മേല്‍വിലാസം എഴുതിത്തന്നു. രണ്ടു മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മാഷ് കൊല്ലത്തിറങ്ങുമ്പോള്‍ ഈ യാത്ര ഇത്ര ഹ്രസ്വമായതെന്തേ എന്നെനിക്കു തോന്നി. കൊല്ലത്തുനിന്നും തിരു വനന്തപുരം വരെയുള്ള യാത്രയില്‍ സാനു മാഷ് എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. തികച്ചും അപരിചിതനായ എന്നോട് ഒരു ചിരകാല സുഹൃത്തിനോടെന്ന പോലെ അദ്ദേഹം എന്തിനാണ് സംസാരിച്ചത് എന്ന് ഞാന്‍ ചിന്തിച്ചുപോയി.

ഒരുപക്ഷേ, ഞാനും ഒരധ്യാ പകനായതുകൊണ്ടാകുമോ, അതോ എല്ലാ സഹജീവികളോടും വാത്സല്യപൂര്‍വ്വം പെരുമാറുന്ന അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം കൊണ്ടോ?

അടുത്ത വര്‍ഷം അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത 'ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകം ഞാന്‍ വായിക്കാനിടയായി. കുഞ്ഞുന്നാളിലേ ബഷീറിന്റെ പല കൃതികളും വായിച്ചിട്ടുള്ള എനിക്ക്, അദ്ദേഹം ഒരു ആരാധ്യപുരുഷനായിരുന്നു.

അദ്ദേഹത്തിന്റെ കഥകളേയും, കഥാപാത്രങ്ങളെയും എനിക്ക് ഒരുപാടിഷ്ടമായിരുന്നു. ബഷീറിനെ നേരിട്ട് കാണുവാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചില്ല. എന്റെ കോളേജ് മാഗസിനില്‍ ബഷീറിനെക്കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയിരുന്നു. ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി സാനു മാഷെഴുതിയ പുസ്തകം അതിയായ ആവേശത്തോടെ ഞാന്‍ വായിച്ചു തീര്‍ത്തു. മറ്റൊരു പുസ്തകത്തിനുമില്ലാത്ത ഒരു പ്രത്യേക ആസ്വാദനം ഈ വായനയിലുണ്ടായി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ആ പുസ്തകത്തിലെ പ്രതിപാദ്യ പുരുഷന്‍ എന്റെ കുഞ്ഞുന്നാളിലെ 'ഹീറോ'. രണ്ടാമതായി, അതെഴുതിയിരിക്കുന്നതോ, കുറച്ചു കാലം മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ കൂടെ സഞ്ചരിക്കാന്‍ ഭാഗ്യം സിദ്ധിച്ച എന്റെ മറ്റൊരു ആരാധ്യ വ്യക്തി, ഇരട്ടി മധുരത്തിന് ഇനിയെന്തുവേണ്ടൂ? ആ പുസ്തകം വായിച്ചപ്പോള്‍, ബഷീറുമായി വ്യക്തിപരമായ സൗഹൃദം പങ്കിട്ട സാനു മാഷ്, തന്റെ അനുഭവങ്ങള്‍, വായനക്കാരന്റെ മുന്‍പിലിരുന്ന് പറഞ്ഞ് കൊടുക്കുന്നതുപോലെ തോന്നി. ചില സന്ദര്‍ഭങ്ങളില്‍ വായന തെല്ല് നിര്‍ത്തി, മാഷിനോട് സംശയങ്ങള്‍ ചോദിച്ചാലോ എന്നു പോലും എനിക്ക് തോന്നി. അത്ര രസകരമായാണ് മാഷ് ബഷീറിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

അടുത്ത കൊച്ചി യാത്രയില്‍ മാഷിനെ കാണണം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. അപ്രകാരം ഒരു സായാഹ്നത്തില്‍ അദ്ദേഹത്തിന് നല്‍കാമെന്ന് ഏറ്റിരുന്ന പുസ്തകവുമായി ഞാന്‍ മാഷിന്റെ വീട്ടിലെത്തി. അദ്ദേഹം പണ്ട് മേല്‍വിലാസം എഴുതിത്തന്ന കടലാസ് ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരുന്നതിനാല്‍ വീട് കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസപ്പെട്ടില്ല. മാത്രമല്ല, എറണാകുളം കാരിക്കാമുറി പ്രദേശത്ത് ആരോട് ചോദിച്ചാലും മാഷിന്റെ വീട് കാണിച്ചു തരും. വാതിലില്‍ മുട്ടിയപ്പോള്‍ മാഷിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. ആരാണെന്ന ചോദ്യത്തിന്, മാഷിനൊരു പുസ്തകം നല്‍കാന്‍ വന്നതാണ് എന്ന് ഞാന്‍ മറുപടി നല്‍കി. അല്‍പസമയത്തിനകം മാഷ് വന്നു. ഞങ്ങളുടെ ട്രെയിന്‍ യാത്രയെക്കുറിച്ച് അദ്ദേഹം മറന്നിരുന്നു. പല പൊതുപരിപാടികളിലും സ ജീവമായി പങ്കെടുക്കുകയും, പല വ്യക്തികളുമായി നിരന്തരം ഇട പഴകുകയും ചെയ്യുന്ന മാഷ്, നാല് വര്‍ഷം മുന്‍പുള്ള ഒരു ട്രെയിന്‍ യാത്രയിലെ സഹയാത്രികനെ ഓര്‍ക്കാത്തത് തികച്ചും സ്വാഭാവികം. എന്നാല്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചത് മറ്റൊന്നാണ്. ആദ്യത്തെ കണ്ടുമുട്ടലില്‍ കാണിച്ച അതേ ഊഷ്മളതയോടെ അദ്ദേഹം എന്നെ അകത്തേയ്ക്ക് ക്ഷണിക്കുകയും, എന്റെ കൂടെ ഏകദേശം ഇരുപത് മിനിട്ടോളം സംസാരിച്ചിരിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ ഞാന്‍ നല്‍കിയ പുസ്തകം അദ്ദേഹം അതിനു മുന്‍പ് വായിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആ പുസ്തകം നല്‍കാന്‍ സാധിച്ചതില്‍ എനിക്കേറെ സന്തോഷവും അനുഭവപ്പെട്ടു.

മാഷിനോട് വിടപറഞ്ഞ് ഇറങ്ങിയപ്പോള്‍, എന്റെ മനസ്സില്‍ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. മാഷിന് നാലു വര്‍ഷം മുന്‍പ് ഞാന്‍ നല്‍കിയ വാക്ക് പാലിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥത തോന്നി. കാരിക്കാമുറിയിലെ ചെറിയ റോഡിലൂടെ നടക്കുമ്പോള്‍, എന്റെ ഓര്‍മ്മകള്‍ ഏകദേശം ഇരുപതു വര്‍ഷം പുറകോട്ടു സഞ്ചരിച്ചു. അന്ന് ഞാന്‍ കോളേജിലെ സാഹിത്യസംഘത്തിന്റെ പ്രസിഡന്റ് ആയിരുന്നു. ഒരു പരിപാടിയില്‍ പ്രസംഗിക്കാനുള്ള ക്ഷണവുമായി ഒരു പ്രശസ്ത എഴുത്തുകാരനെ ഞാന്‍ സമീപിച്ചു. അദ്ദേഹം ആ ക്ഷണം സ്വീകരിച്ചില്ല എന്നു മാത്രമല്ല, തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത് പോലും. വിജയത്തിന്റെ വീഥിയിലെ മുന്നോട്ടുള്ള പ്രയാണത്തില്‍ 'അഹങ്കാരം' എന്ന കൂട്ടുകാരനെ സഹയാത്രികനാക്കുന്നത് പലരുടേയും പതിവാണല്ലോ. അത്തരക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍, സാനു മാഷ് എത്രയോ ഉയരത്തില്‍ നില കൊള്ളുന്നു. തികച്ചും അപരിചിതനായ എന്നോട് എത്ര വാത്സല്ല്യത്തോടെയാണ് അദ്ദേഹം പെരുമാറിയത്. മുപ്പതില്‍പ്പരം പുസ്തകങ്ങളും, അതിലേറെ ലേഖനങ്ങളും രചിച്ച എണ്ണിയാലൊടുങ്ങാത്ത വേദികളില്‍ പ്രസംഗിച്ച ഒരു വലിയ വിദ്യാര്‍ത്ഥി സമൂഹം സമ്പത്തായുള്ള വ്യക്തിയുടെ സ്‌നേഹാര്‍ദ്രമായ പെരുമാറ്റം നമുക്കെല്ലാം ഒരു മാത്യകയല്ലേ? കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വേളയില്‍ ടി.വി. ചാനലുകളോട് സംസാരിക്കവെ സാനു മാഷ് പറയുകയുണ്ടായി: 'ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും ബഷീര്‍ ഒരു ഏകാകിയായിരുന്നു. ഒരുപക്ഷേ ഞാനും അങ്ങനെയാണ് എന്നെനിക്കു തോന്നുന്നു.' സാനു മാഷ് ഉദ്ദേശിച്ച രീതിയില്‍ അദ്ദേഹം ഒരേകാകിയാണോ എന്നെനിക്കറിയില്ല. എന്നാല്‍, അദ്ദേഹം പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആ രീതിയില്‍, അദ്ദേഹം തീര്‍ച്ചയായും ഒരു ഏകാകിയാണ്, ഏകാന്തപഥികനാണ്. വിനയാന്വിതനായ ഏകാന്തപഥികന്‍.

എനിക്ക് സാനു മാഷിന്റെ വിദ്യാര്‍ത്ഥിയാകാനോ അദ്ദേഹവുമായി വ്യക്തിബന്ധം പുലര്‍ത്താനോ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, ആ ഭാഗ്യം സിദ്ധിച്ചവരുടെ അനുഭവങ്ങള്‍ക്ക് മുന്‍പില്‍ എന്റേത് തികച്ചും പരിമിതം മാത്രം. എന്നാലും മാഷിന്റെ കൂടെ ട്രെയിനില്‍ ചെലവഴിച്ച രണ്ടു മണിക്കൂറും, അതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ ചെലവഴിച്ച കുറച്ചു സമയവും എന്റെ ജീവിതത്തിലെ അപൂര്‍വവും അസുലഭവുമായ നിമിഷങ്ങളായി ഞാന്‍ കണക്കാക്കുന്നു. മാഷിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേര്‍ന്നുകൊള്ളുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org