സഹന വഴികളില്‍ കാവല്‍ദൂതരായി സഹൃദയയുടെ സമരിയക്കാര്‍

സഹന വഴികളില്‍ കാവല്‍ദൂതരായി സഹൃദയയുടെ സമരിയക്കാര്‍

ഫാ. ജോസ് കൊളുത്തുവെളളില്‍
ഡയറക്ടര്‍, സഹൃദയ

ഫാ. ജോസ് കൊളുത്തുവെളളില്‍
ഫാ. ജോസ് കൊളുത്തുവെളളില്‍

വഴിയരികില്‍ മുറിവുകളേറ്റ് മൃതപ്രായനായി കിടന്നവന് അടിയന്തിരവും ഫലപ്രദവുമായ ഇടപെടലിലൂടെ ജീവിതം തിരികെ നല്‍കിയാണ് പേരില്ലാത്ത സമരിയക്കാരന്‍ നല്ല സമരിയക്കാരനെന്ന പേരില്‍ ജനമനസുകളില്‍ ഇടം കരസ്ഥമാക്കിയത്. കാലങ്ങള്‍ക്കിപ്പുറം കഥയില്‍നിന്നിറങ്ങി ഈ സമരിയക്കാരന്‍ സഹജീവികളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഇടപെടാന്‍ തയ്യാറായി നില്‍ക്കുന്നത് അഥവാ കരുണയുടെ കരങ്ങളായി മാറുന്നതു കാണുമ്പോള്‍ മനുഷ്യത്വം എന്ന വാക്കിന് കൂടുതല്‍ തിളക്കമേറുകയാണ്.

എല്ലാം കാല്‍ക്കീഴിലായി എന്ന് ശാസ്ത്ര, ഭൗതിക, ബൗദ്ധിക തലങ്ങളില്‍ അഭിരമിക്കുന്ന ഇക്കാലത്തും നിസ്സഹായതയുടെ നീര്‍ക്കയങ്ങളില്‍ പലപ്പോഴും മുങ്ങി താഴേണ്ടിവരുന്ന അവസ്ഥയിലാണ് ലോകം. ഒരു നിമിഷത്തിന്റെ ആയുസുപോലുമില്ലാത്ത സോപ്പു കുമിളയ്ക്കപ്പുറം ജീവിതമില്ലാത്ത ഇത്തിരിക്കുഞ്ഞന്‍ രോഗാണുവായ കൊറോണയ്ക്കു മുമ്പില്‍ വായ്മൂടി വന്‍ശക്തികള്‍ പോലും വിറങ്ങലിച്ചു നില്‍ക്കുന്ന കാലത്തിലൂടെയാണല്ലോ നാം കടന്നു പോകുന്നത്. അദൃശ്യനായ ശത്രു മരണവും ദുരിതവും വിതച്ച് കടന്നുപോകുമ്പോള്‍ അതില്‍ ഏറെ ദുരിതവും പേറേണ്ടി വരുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവരാണ്. രോഗത്തിന്റെ പ്രത്യേകതയാല്‍ നിസ്സഹായതയുടെ നിലവിളികള്‍ കേള്‍ക്കാന്‍ പോലും ആരും അടുത്തില്ലാതെ വരുന്ന സാഹചര്യത്തില്‍ സ്‌നേഹത്തിന്റെ സേവനത്തിന്റെ, സാന്ത്വനത്തിന്റെ സാമീപ്യമാവുകയാണ് സഹൃദയ സമരിറ്റന്‍സ്.

സഹൃദയയുടെ സമരിയക്കാര്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തന സേനയാണ് സഹൃദയ സമരിറ്റന്‍സ് എന്നറിയപ്പെടുന്നത്. മനസില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന ആരോഗ്യവും നിസ്വാര്‍ത്ഥ സേവനസന്നദ്ധതയുമുള്ള വൈദികരും സമര്‍പ്പിതരും അല്മായരും ഉള്‍പ്പെടെ ആയിരത്തിയഞ്ഞൂറിലേറെപ്പേര്‍ ഇന്ന് സഹൃദയ സമരിറ്റന്‍സിന്റെ ഭാഗമാണ്. കൊവിഡ് രോഗംമൂലം മരണപ്പെട്ടവരുടെ മൃതസംസ്‌കാരം പ്രതിസന്ധി ഉയര്‍ത്തിയപ്പോഴാണ് സഹൃദയ സമരിറ്റന്‍സിന്റെ സേവനം കൂടുതലായി നാടറിഞ്ഞത്. കൊവിഡ് മൂലം മരണമടഞ്ഞ സന്യാസിനിയുടെ മൃതസംസ്‌കാരത്തിന് സഹായിക്കാന്‍ വന്നവര്‍ സംസ്‌കാര കര്‍മം പോലും മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുന്ന കാഴ്ച സമരിറ്റന്‍സിന്റെ ഇടപെടല്‍ കൂടുതല്‍ പ്രസക്തമാക്കി. കെ.സി.വൈ.എം. പോലുള്ള യുവജന സംഘടനകളിലെ ആരോഗ്യവും സേവന സന്നദ്ധതയുമുള്ള ചെറുപ്പക്കാര്‍ക്ക് യുവവൈദികരുടെ നേതൃത്വം പകര്‍ന്ന ഉള്‍ക്കാഴ്ച മഹാമാരിയുടെ ഭീകരതയ്ക്കു മുന്നിലും ചഞ്ചലചിത്തരാകാതിരിക്കാന്‍ പ്രേരകമായി എന്നതിന് കാലം സാക്ഷി.

കൊവിഡ് ഭീതിയില്‍ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളോടുപോലും അകലം പാലിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍, മരണമടഞ്ഞവര്‍ക്ക് അര്‍ഹമായ വിശ്വാസാചാരങ്ങള്‍ പ്രകാരമുള്ള സംസ്‌കാരം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളില്‍ സമരിറ്റന്‍സ് മാതൃകയായി. കഴിഞ്ഞ കൊവിഡ് കാലം മുതല്‍ ഇന്നുവരെ ഇരുനൂറ്റമ്പതിലേറെ കൊവിഡ് മൃതസംസ്‌കാര കര്‍മങ്ങള്‍ക്കാണ് സമരിറ്റന്‍സ് നിസ്വാര്‍ത്ഥമായി നേതൃത്വം നല്‍കിയത്. ഇതില്‍ നാനാജാതി മതസ്ഥരുണ്ട്. സിമിത്തേരിയില്‍ അടക്കം ചെയ്യുന്നതു മാത്രമല്ല, ദഹിപ്പിക്കല്‍ കര്‍മങ്ങള്‍ക്കും സമരിറ്റന്‍സ് നേതൃത്വം നല്‍കി. ഓരോ പ്രതിസന്ധി ഘട്ടത്തിലും ഇടപെട്ടാല്‍ തനിക്കെന്തു സംഭവിക്കും അഥവാ ഇടപെട്ടില്ലെങ്കിലും തനിക്കൊന്നുമില്ലല്ലോ എന്ന ചിന്തയ്ക്കപ്പുറം ഇടപെട്ടില്ലെങ്കില്‍ ഇരകളായവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാവുമല്ലോ എന്ന ചിന്തയാണ് സമരിറ്റന്‍സിനെ നയിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തന സേനയാണ് സഹൃദയ സമരിറ്റന്‍സ് എന്നറിയപ്പെടുന്നത്. മനസില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന ആരോഗ്യവും നിസ്വാര്‍ത്ഥ സേവനസന്നദ്ധതയുമുള്ള വൈദികരും സമര്‍പ്പിതരും അല്മായരും ഉള്‍പ്പെടെ ആയിരത്തിയഞ്ഞൂറിലേറെപ്പേര്‍ ഇന്ന് സഹൃദയ സമരിറ്റന്‍സിന്റെ ഭാഗമാണ്.

മരണപ്പെട്ടവരുടെ കാര്യത്തിനൊപ്പം ജീവിച്ചിരിക്കുന്നവര്‍ക്കും ഇവരുടെ സേവനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാണ്. ലോക്ഡൗണ്‍ കാലത്ത് ഹെല്‍പ് ഡസ്‌കുകള്‍ വഴി ദുരിതബാധിതരുടെ ആവശ്യങ്ങളറിയാനും അതനുസരിച്ച് പ്രതികരിക്കാനും തയ്യാറായ സമരിറ്റന്‍സ് മരുന്നും ഭക്ഷണ കിറ്റുകളുമൊക്കെ എത്തിച്ചു കൊടുക്കാന്‍ പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്‌കരിച്ചു. കൊച്ചി നഗരത്തിലെ തെരുവുകളില്‍ ഭക്ഷണമില്ലാതെ വലഞ്ഞ യാചകരുള്‍പ്പടെയുള്ള പാവങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്തതുപോലെ നഗരതെരുവുകളില്‍ രാപകല്‍ സേവനം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൈദാഹമകറ്റാന്‍ സഹായമേകി. സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ടു തന്നെ, എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിപ്പെടാത്തിടത്തു പോലും എത്തിയ സമരിറ്റന്‍സ് കൊവിഡ് സംബന്ധമായ എല്ലാ നിബന്ധനകളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തകര്‍ തമ്മില്‍ അതിരൂപതാധികാരികളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പങ്കുവയ്പുകള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമായി മാറുന്നു. സാമൂഹ്യ മാധ്യമങ്ങളെ ആശയ വിനിമയത്തിനായി ഏറെ ആശ്രയിക്കുമ്പോഴും സ്വന്തം പ്രവര്‍ത്തനങ്ങളെ കൊട്ടിഘോഷിക്കാന്‍ ഇവര്‍ മെനക്കെടാറില്ലെന്ന യാഥാര്‍ത്ഥ്യം കാണേണ്ടതാണ്.

പങ്കുവയ്പിന്റെ മാധുര്യമുള്ള മധുരക്കനി പദ്ധതി

കഴിഞ്ഞ കൊവിഡ് കാലത്ത് എറണാകുളം-അങ്കമാലി അതിരൂപത ആവിഷ്‌കരിച്ച വിവിധ അതി ജീവന പദ്ധതികളില്‍ ഏറെ ആ കര്‍ഷകമായ മധുരക്കനി പദ്ധതിയുടെ വിജയത്തിനു പിന്നില്‍ സമരിറ്റന്‍സിന്റെ അശ്രാന്ത പരിശ്രമമുണ്ട്. പങ്കുവയ്പിന്റെ പുത്തന്‍ ചരിതമായി മാറിയ മധുരക്കനി പദ്ധതിയില്‍ ചക്കയും തേങ്ങയും മാങ്ങയും കപ്പയും കിഴങ്ങുമൊക്കെ പങ്കുവയ്ക്കാന്‍ സന്നദ്ധതയറിയിക്കുന്നവരുടെ വീട്ടിലെത്തി അവ സമാഹരിക്കുന്നതു മുതല്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അവ എത്തിച്ചു വിതരണം ചെയ്തതു വരെ സമരിറ്റന്‍സിന്റെ മേല്‍നോട്ടത്തിലായിരുന്നു. ലോക് ഡൗണ്‍ കാലത്ത് നിത്യരോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കാനും ഇവര്‍ സഹകരിച്ചു. ഹെല്‍പ് ഡ സ്‌കുകളിലൂടെ ലഭിക്കുന്ന ആവശ്യമനുസരിച്ച് ആംബുലന്‍സ് ഏര്‍പ്പെടുത്തുവാനും കൗണ്‍സിലിംഗ് പോലുള്ള സേവനങ്ങള്‍ എത്തിക്കുവാനും സമരിറ്റന്‍സ് ഇപ്പോഴും ബദ്ധശ്രദ്ധരാണ്. കൊവിഡിനിടെ വന്ന കടല്‍ക്ഷോഭ ദുരിതത്തില്‍ പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് വഴി ചാക്കുകള്‍ സമാഹരിച്ച് മണ്ണു നിറച്ച് കടലിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനുള്ള പ്രയത്‌നങ്ങള്‍ക്കും ഇവര്‍ സമയം കണ്ടെത്തിയെന്നുള്ളത് എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ വൃശ്ചിക വേലിയേറ്റ കാലത്ത് വെള്ളം കയറി ദുരിതത്തിലായ കൊച്ചി താന്തോന്നിത്തുരുത്ത് നിവാസികള്‍ക്കും വൈപ്പിന്‍, ചെല്ലാനം മേഖലകളിലും സഹായമെത്തിക്കുവാനും കഴിഞ്ഞു. ഇതിനൊപ്പം സമൂഹത്തിന് ഉപകാരപ്രദമായ ബോധവത്കരണ, സാക്ഷരതാ പരിപാടികളിലും സമരിറ്റന്‍സ് പങ്കാളികളാകുന്നതിന്റെ ഉദാഹരണമാണ് സഹൃദയയുടെ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടിയായ കാര്‍ബണ്‍ ഫാസ്റ്റിംഗിന്റെ സന്ദേശ പ്രചരണവുമായി ഇവര്‍ നടത്തിയ സൈക്കിള്‍ റാലി.

കാരുണ്യത്തിന്റെ നീളുന്ന കരങ്ങള്‍

സ്‌നേഹത്തില്‍ പ്രവര്‍ത്തന നിരതമായ സുവിശേഷ പ്രഘോഷണം എന്ന നിലയിലും സഹോദരന്റെ കാവലാളാകേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണെന്ന ബോധ്യത്തിലും സന്നദ്ധ പ്രവര്‍ത്തനത്തെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ ആരംഭ കാലം മുതല്‍ സഹൃദയ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും 2018-ലെ മഹാപ്രളയകാലത്താണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടിത രൂപം കൈവന്നത്. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനും ഭക്ഷണമെത്തിക്കാനും ശുചീകരണ പ്ര വര്‍ത്തനങ്ങള്‍ നടത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും സമരിറ്റന്‍സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു ഗ്രാമതല പ്രവര്‍ത്തകരാണ് മുന്നില്‍ നിന്നത്. തകര്‍ന്നുപോയ വീടുകള്‍ നേരെയാക്കാനും പുതിയ വീടുകള്‍ നിര്‍മിക്കാനും ഇവര്‍ ശ്രമദാന പ്രവര്‍ത്തനങ്ങള്‍ നടത്തിയതും നാം കണ്ടു. രൂപതയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും കരുണയുടെ കരങ്ങള്‍നീട്ടിക്കൊണ്ട് മലബാര്‍, കുട്ടനാട് മേഖലകളിലെ പ്രളയ ദുരിതമേഖലകളിലും ആശ്വാസദൂതരായി സഹൃദയ സമരിറ്റന്‍സ് എത്തി.

കേവലം ദുരിതാശ്വാസ നടപടികളിലൊതുങ്ങുന്നില്ല സഹൃദയ സമരിറ്റന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍. മുറിവേറ്റ മനുഷ്യരും പരി സ്ഥിതിയുമൊക്കെ ഇവരുടെ സേവന ലക്ഷ്യങ്ങളാണ്. ദുരിതങ്ങളില്‍ ആശ്വാസമെത്തിക്കുന്നതിനൊപ്പം ദുരന്തങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രതിരോധം കെട്ടിപ്പടുക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. ഇതിനായി സമൂഹത്തെ ഒരുക്കുന്നതിനായി ഓരോ ഗ്രാമത്തിലും ജാഗ്രതാ സമിതികള്‍ രൂപപ്പെടുത്തുവാനും പരിശീലനത്തിലൂടെ നൈപുണ്യമുള്ളവരാകുവാനും ദുരന്തങ്ങളുണ്ടായാല്‍ അവയുടെ ആഘാതം പരമാവധി കുറയ്ക്കുവാനുമൊക്കെ സാധ്യമാക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയാണിവര്‍. സമീപകാലത്ത് അനുഭവപ്പെട്ട ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയുടെ ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമായി കണ്ട് കാര്‍ബണ്‍ ഫാസ്റ്റിംഗ് പോലുള്ള സാമൂഹ്യ സാക്ഷരതാ പരിപാടികളുടേയും ഭാഗമാകുന്നത് അതുകൊണ്ടു തന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org