സമ​ഗ്രവികസനത്തിനായി ജനങ്ങൾക്കൊപ്പം

സമ​ഗ്രവികസനത്തിനായി ജനങ്ങൾക്കൊപ്പം

പത്തനംതിട്ട രൂപതയിലെ മൈലപ്ര സേക്രഡ് ഹാര്‍ട്ട് മലങ്കര കത്തോലിക്കാ ഇടവകയിലെ നായ്ക്കംപറമ്പില്‍ വര്‍ഗീസ്, ശോശാമ്മ ദമ്പതികളുടെ മകനാണ് പാറശാല രൂപതയുടെ അദ്ധ്യക്ഷനായി നിയമിതനാകുന്ന ബിഷപ് തോമസ് മാര്‍ യൂസേബിയൂസ്. 1986-ല്‍ ആര്‍ച്ചുബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിരവധി ഇടവകകളില്‍ വികാരിയായും മലങ്കര മേജര്‍ സെമിനാരിയില്‍ പ്രൊഫസറായും സേവനം ചെയ്തു. 2010-ല്‍ മെത്രനായി ഉയര്‍ത്തപ്പെട്ടു. അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റിന്‍റെ ബിഷപ്പായും യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ മലങ്കര വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററും ആയാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. 2015-ല്‍ അമേരിക്കയിലെ എക്സാര്‍ക്കേറ്റ് അമേരിക്കയും കാനഡയും ഉള്‍പ്പെടുന്ന ഭദ്രാസനമായി ഉയര്‍ത്തപ്പെട്ടു. ബിഷപ് യൂസോബിയോസ് അതിന്‍റെ പ്രഥമ അദ്ധ്യക്ഷനുമായി. ഇപ്പോള്‍ പാറശ്ശാല ആസ്ഥാനമായി രൂപീകരിക്കപ്പെടുന്ന പുതിയ മലങ്കര കത്തോലിക്കാ രൂപതയുടെ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. പാറശ്ശാല രൂപതയുടെ അജപാലനചുമതല ഏറ്റെടുക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ബിഷപ് തോമസ് മാര്‍ യൂസേബിയോസ് സത്യദീപത്തിനു നല്‍കിയ സന്ദേശത്തില്‍ നിന്ന്:

പാറശാല മേഖലയില്‍ കൂടുതല്‍ കേന്ദ്രീകൃതവും ശ്രദ്ധാപൂര്‍വകവുമായ അജപാലനം ലഭ്യമാക്കുക എന്നതാണ് പാറശാല രൂപത രൂപീകരിക്കുന്നതിന്‍റെ പിന്നിലെ പ്രധാന ലക്ഷ്യം. ദുഷ്കരവും അതേസമയം ആവേശകരവുമായ അജപാലന സാദ്ധ്യതകളാണ് പാറശാല എന്ന പുതിയ രൂപത മുന്നിലുയര്‍ത്തുന്നത്. ഈ പ്രദേശത്തിന്‍റെ പിന്നാക്കാവസ്ഥയാണ് ഇതു ദുഷ്കരമാക്കുന്നത്. ഈ പ്രദേശത്തെ ഞങ്ങളുടെ ജനങ്ങളിലേറെയും സാമ്പത്തികമായി സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണ്. ഉപജീവനത്തിനായി കഠിനമായി അദ്ധ്വാനിക്കുന്നവരാണ് അവര്‍. സാമൂഹ്യപിന്നാക്കാവസ്ഥയ്ക്കൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥയുമുണ്ട്. അതുകൊണ്ട്, ദൈവമക്കളെന്ന അന്തസ്സോടെ ജീവിക്കുന്നതിനു ഞങ്ങളുടെ ജനങ്ങളെ സഹായിക്കുന്നതിനു സാധിക്കുന്നതൊക്കെ ചെയ്യുക എന്നതാണ് പുതിയ രൂപതയുടെ അജപാലന മുന്‍ഗണനകളിലൊന്ന്. വിദ്യാഭ്യാസത്തിനും സാമ്പത്തിക, സാമൂഹ്യ വികസനത്തിനും അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടായിരിക്കും ഇതു ചെയ്യുക. സര്‍ക്കാരിന്‍റെ വിവേചനാപരമായ സംവരണനയങ്ങളാണ് ഇവിടെ ഞങ്ങള്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളിലൊന്ന്.

ഇവിടെയുള്ള ഞങ്ങളുടെ വിശ്വാസികള്‍ക്കു സ്വാംശീകരിക്കാനായ മിഷന്‍ അവബോധം മൂലം ആവേശകരമായ സാദ്ധ്യതകളും ഈ പുതിയ രൂപത സമ്മാനിക്കുന്നുണ്ട്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ഉണ്ടെങ്കിലും തുടിച്ചു നില്‍ക്കുന്ന മിഷണറി ചൈതന്യമാണ് ഇവിടെയുള്ള വിശ്വാസികളുടെ സവിശേഷത. ക്രൈസ്തവ മൂല്യങ്ങളോടും സഭയോടുള്ള സ്നേഹത്തോടും അവര്‍ പ്രകടിപ്പിക്കുന്ന തുറവ് വിസ്മയകരമാണ്.

പൈതൃകസിദ്ധമായ സഭാത്മക പാരമ്പര്യത്തിന്‍റെ മൂല്യങ്ങള്‍ പാലിച്ചു ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആഴമേറിയ സാമൂഹ്യ പ്രതിബദ്ധതയും ആരംഭകാലം മുതല്‍ തന്നെ സീറോ മലങ്കര സഭ പുലര്‍ത്തിപ്പോരുന്നുണ്ട്. ഈ ശൈലിയോടു ചേര്‍ന്നു നിന്നുകൊണ്ട് വിശ്വാസികള്‍ക്കിടയില്‍ ഈ സാമൂഹ്യാവബോധം വളര്‍ത്താനും ഈ മേഖലയിലെ കഴിയുന്നത്ര ജനങ്ങള്‍ക്ക് സമഗ്രവികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുമാണ് ഞങ്ങളുടെ ശ്രമം.

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും എന്ന പോലെ ഈ പുതിയ രൂപതയിലും ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. അകത്തോലിക്കാ, അക്രൈസ്തവ സമൂഹങ്ങളോടും മതവിശ്വാസമില്ലാത്തവരോടും എല്ലാം നല്ല ബന്ധങ്ങള്‍ കാത്തൂ സൂക്ഷിക്കാനാണ് ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ സമഗ്രമായ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ഉദ്യമത്തില്‍ ഇവിടത്തെ സന്മനസ്സുള്ള സകല മനുഷ്യരുടേയും സഹകരണം, അവരുടെ ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ഞങ്ങള്‍ക്കാവശ്യമുണ്ട്.

ഈ പ്രദേശത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ജീവിതശൈലി സ്വാംശീകരിക്കുക എന്നതാണ് ഈ ജനങ്ങളെ സേവിക്കാന്‍ നിയുക്തനായിരിക്കുന്ന ഒരു മെത്രാനെന്ന നിലയില്‍ ഞാന്‍ നേരിടുന്ന വ്യക്തിപരമായ ഒരു വെല്ലുവിളി. സുവിശേഷാത്മക ദാരിദ്ര്യമെന്ന മൂല്യത്തോടുള്ള സമൂലമായ ഒരു വൈയക്തിക പ്രതിബദ്ധത ഇതിനാവശ്യമുണ്ട്. "ദരിദ്രരോടു പ്രതിബദ്ധതയുള്ള ദരിദ്ര സഭ" എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതു പോലെയുള്ള ശുശ്രൂഷകയായ ഒരു സഭയ്ക്കാണ് വിജയശ്രീലാളിതയായ ഒരു സഭയ്ക്കല്ല നാമിവിടെ സാക്ഷ്യം വഹിക്കേണ്ടത്. ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക, അവരുടെ ആവശ്യങ്ങളോടു സൃഷ്ടിപരമായി പ്രതികരിക്കുക, അവരുടെ പ്രശ്നങ്ങള്‍ക്ക് ജാഗ്രതയോടെ പരിഹാരങ്ങള്‍ കണ്ടെത്തുക എന്നിവയെല്ലാം ഇതിനാവശ്യമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org