സാക്ഷ്യത്തിന്‍റെ സമര്‍പ്പിതകൂടാരങ്ങള്‍

സാക്ഷ്യത്തിന്‍റെ സമര്‍പ്പിതകൂടാരങ്ങള്‍

സുനിഷാ ജോബിന്‍, നടവയല്‍

ആഘോഷിക്കുവാന്‍ വാര്‍ത്തകള്‍ തെരഞ്ഞു നടക്കുമ്പോള്‍ കയ്യില്‍ കിട്ടിയതിനെ തോലിയുരിഞ്ഞു ഉള്ളിലുള്ളതെല്ലാം പുറത്തെടുത്തു കാഴ്ചക്കാരെ രസിപ്പിക്കുന്ന രീതിയില്‍ വാക്കുകളില്‍ ആവശ്യത്തിലേറെ രുചിക്കൂട്ടുകള്‍ ചേര്‍ത്തുവിളമ്പുമ്പോള്‍ വിവേക ശാലികളെന്നു നടിക്കുന്നവര്‍ക്കു പോലും സത്യവും മിഥ്യയും തിരിച്ചറിയുവാന്‍ പ്രയാസം തോന്നും. അതുകൊണ്ടുതന്നെ അത്തരമൊരു ബൂമിങ്ങിനു പിന്നാലെ കവണയും കല്ലുകളുമായി നടക്കുന്ന ഒരു കൂട്ടം യുക്തിവാദികളെയും നമുക്ക് കാണുവാന്‍ സാധിക്കും. അത്തരത്തില്‍പ്പെട്ട ഒരു വിഷയമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി ചര്‍ച്ച ചെയ്യുന്ന സന്യസ്തര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.

മനഃപ്പൂര്‍വ്വം കലുഷിതമാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്ന ഒരു ഏടാണ് കത്തോലിക്കാ സഭയും സന്യാസവും വിശ്വാസജീവിതവും. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നൂലിഴകളിലെ കണ്ണികളിലൊന്നിന് ബലക്ഷയം വന്നു എന്ന് വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്ന ചില പരോക്ഷ ശക്തികളുടെ പിന്നാമ്പുറക്കാഴ്ചകളിലേക്ക് പലപ്പോഴും നമ്മുടെയൊന്നും കണ്ണുകള്‍ പായാറില്ല. അതുകൊണ്ടുതന്നെ യാഥാര്‍ഥ്യമെന്തെന്നു മറച്ചു വെക്കപ്പെടുകയോ സങ്കല്പികമായ ഒരു മറയിട്ട് അതിലെ 'ചിലതുകളെ'മാത്രം കാഴ്ചക്കാര്‍ക്ക് തുറന്നുവെച്ചുകൊടുക്കുകയും ചെയ്യുന്നതല്ല യഥാര്‍ത്ഥത്തില്‍ മാധ്യമ ധര്‍മ്മമെന്നു പറയുന്നത്. നിരൂപണങ്ങളാകാം, വിമര്‍ശനങ്ങളുമാകാം. എങ്കിലും ഇതിനുമെല്ലാമപ്പുറത്തെ യാഥാര്‍ഥ്യങ്ങളെ വരച്ചുകാണിക്കുവാന്‍ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകള്‍ വളരാത്തതുകൊണ്ടാണോ അതോ അതിനുപിന്നിലെ യഥാര്‍ത്ഥ കണ്ണുകളുടെ കാഴ്ചശക്തിയെ മറ്റെന്തിന്‍റെയൊക്കെയോ പേരില്‍ അന്ധമാക്കിയതിനാലാണോ എന്ന ഒരു വിചിന്തനം നടത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.

സമൂഹമാധ്യമങ്ങള്‍ തുറന്നാല്‍ ഇന്നു സന്യാസ ജീവിതം നയിക്കുന്നവരെല്ലാം ഏതോ വലിയ തെറ്റായ ജീവിതാന്തസ്സാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന ഒരു സന്ദേശമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തുറന്നുവെച്ചിരിക്കുന്ന ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ മാത്രമല്ല യഥാര്‍ത്ഥത്തിലുള്ള സന്യാസം എന്ന് മനസ്സിലാക്കുവാന്‍ നാം ആത്മീയപരമായി കുറച്ചുകൂടി വളരേണ്ടിരിയിരിക്കുന്നു. ക്രിസ്തു കാണിച്ചുതന്ന മാതൃകയില്‍ പങ്കുവെക്കലാണ് ഏതൊരു ജീവിതാന്തസ്സിന്‍റേയും ആധാരം. അതുമാത്രമാണ് അഭികാമ്യവും ആകര്‍ഷകവും. സ്വന്തംപുത്രനെ ഭൂമിയിലേക്കയച്ചുകൊണ്ട് പിതാവുകാണിച്ചുതന്ന ആദ്യ മാതൃകയാണ് പങ്കുവെക്കല്‍. സ്വജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് നിത്യരക്ഷ നേടിത്തന്ന പുത്രനായ യേശുക്രിസ്തു കാണിച്ചുതന്ന രണ്ടാമത്തെ മാതൃകയും പങ്കുവെക്കലിന്‍റെ സുവിശേഷമാണ്. 'നിങ്ങളും ഇതുപോലെ ചെയ്യുവിന്‍' എന്ന് അവിടുന്ന് അന്ത്യ അത്താഴ വേളയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തങ്ങളുടെ ജീവിതാന്തസ്സുകൊണ്ട് പങ്കുവെക്കലിന്‍റെ മാതൃകകള്‍ ലോകത്തിനു കാണിച്ചുകൊടുക്കുന്നവനാണ് ഓരോ ക്രൈസ്തവനും. പങ്കുവെക്കപ്പെടല്‍ എന്ന ചെറിയ ഒരു വാക്കില്‍ ഒളിഞ്ഞുകിടക്കുന്നത് മഹത്തായ ഒരുപാട് മൂല്യങ്ങളാണ്.' സന്യാസ ഭവനങ്ങളില്‍ വ്യക്തി ജീവിതങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെപോലും തിരസ്കരിക്കുന്നു; വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു'- എന്നൊക്കെയാണ് മാധ്യമ ഗുരുക്കന്മാരുടെ കണ്ടെത്തലുകള്‍. സുഹൃത്തുക്കളേ, ഏതൊരു ജീവിതത്തിലും പ്രത്യേകിച്ച് സന്യാസത്തില്‍ പങ്കുവെക്കല്‍ അനുസരണം എന്ന സനാതന മൂല്യങ്ങള്‍ വ്രതമായേറ്റെടുക്കണമെങ്കില്‍ തീരെ ചെറിയ ചങ്കൂറ്റമൊന്നുമല്ല വേണ്ടത്. തനിക്കുള്ളതെല്ലാം ഓരോ ചെറിയവര്‍ക്കുമുള്ളതാണെന്ന തിരിച്ചറിവുള്ള, സാധാരണയില്‍ കവിഞ്ഞ വിശാലമായ മനസ്സും ഓരോ വ്യക്തിയിലും ക്രിസ്തുവിനെ ദര്‍ശിക്കുവാനുള്ള ആത്മീയ ബോധ്യവുമുണ്ടെങ്കില്‍ മാത്രമേ സന്യാസമെന്ന വ്രതത്തിന് അര്‍ത്ഥവും പൂര്‍ണ്ണതയും കൈവരികയുള്ളൂ. അതിനു സാധിക്കാത്തിടത്തോളം കാലം അവര്‍ സന്യാസി/സന്യാസിനി എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യരല്ല.

സന്യാസമെന്ന വെല്ലുവിളിയെ പ്രാര്‍ത്ഥനകൊണ്ട് ഏറ്റെടുത്തവര്‍, നിറഞ്ഞമനസ്സോടെ അവര്‍ ചെയ്യുന്ന എതൊരു കാര്യവും ഈ ലോകത്തിന്‍റെ നന്മയ്ക്കും വിശുദ്ധിക്കുമാണെന്നുള്ളതില്‍ ആര്‍ക്കാണ് സംശയം. തങ്ങളുടെ വിളിക്കനുസൃതമായ ജീവിതം നയിക്കുവാന്‍ ഇന്നുവരെ ആര്‍ക്കും ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടുണ്ടാകാനിടയില്ല. കാരണം, പാലിക്കപ്പെടാനാകാത്ത ഒരു നിയമ സംഹിതയും ഇന്നുവരെ ആരും എവിടെയും എഴുതിച്ചേര്‍ത്തിട്ടില്ല. സമൂഹത്തിനുവേണ്ടി ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുവാനാഗ്രഹിക്കാതെ, നിസ്വാര്‍ത്ഥമായി ആരാലും ശ്ലാഘിക്കപ്പെടാതെ, പ്രാര്‍ത്ഥനയുടെ നിറവില്‍ സ്വന്തം കരങ്ങളില്‍ നൈര്‍മല്യത്തിന്‍റെ സുഗന്ധംപേറി പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അപരനില്‍ ക്രിസ്തുവിനെ മാത്രം ദര്‍ശിക്കുന്ന ഒരുപാട് സന്യസ്തര്‍ ഈ ഭൂമിയില്‍ ഇന്നും ജീവിക്കുന്നു. തെരുവില്‍ അലയുന്നവരെ കോരിയെടുത്തു നെഞ്ചോട് ചേര്‍ത്തു സ്നേഹവും പ്രാത്ഥനയുടെ ഊര്‍ജ്ജവും നല്‍കി ആശ്വാസമായി മാറുന്നവര്‍; ഉറ്റവരും ഉടയവരും ഉപേക്ഷിച്ചു വ്രണങ്ങളും പുഴുക്കളുമരിക്കുന്ന ജീവച്ഛവങ്ങളെ അറപ്പോ വെറുപ്പോ കൂടാതെ പരിചരിക്കുന്ന നല്ല സമരിയാക്കാരായ ഒരുപാട് സന്യസ്തര്‍. പ്രസവിച്ചില്ലെങ്കിലും മുലയൂട്ടിയില്ലെങ്കിലും അമ്മത്വമെന്ന മഹാസാഗരത്തെ ഹൃദയത്തിലും ജീവിതത്തിലും ആവാഹിച്ച ഒരായുസ്സിന്‍റെ വ്രതമായേറ്റെടുത്തു അവന്‍റെയോ അവളുടെയോ കാവലാളായി പ്രാര്‍ത്ഥനയുടെയും വിശുദ്ധ സ്നേഹത്തിന്‍റെയും ചിറകിന്‍ കീഴില്‍ പൊതിഞ്ഞുപിടിക്കുന്ന ഒരുപാട് കാവല്‍ മാലാഖാമാരുണ്ടിവിടെ.

ഏകാന്തതയില്‍ കുരിശിന്‍റെ ചുവട്ടില്‍ കണ്ണുനീരൊഴുക്കി പ്രാര്‍ത്ഥിച്ചു രാവിനെ പകലാക്കുന്ന ജീവിക്കുന്ന വിശുദ്ധരേ, നിങ്ങളുടെ വിശുദ്ധ ചിന്തകള്‍ പ്രാര്‍ത്ഥനാ മലരുകളായി വിരിയപ്പെടുമ്പോള്‍ സഹനങ്ങളെയും വേദനകളെയും അവസാന മണിക്കൂറുകളില്‍ ക്രൂശിതന്‍ അനുഭവിച്ച വിഷമതകളും ദുഃഖങ്ങളും അവഹേളനങ്ങളും ജീവിതകാലം മുഴുവന്‍ അനുഭവിച്ച് അവിടുത്തെ പാതയില്‍ പുഞ്ചിരി മാത്രം കൈമുതലാക്കി കൈയ്യില്‍ ജപമണികളും ഹൃദയത്തില്‍ ക്രിസ്തുവിന്‍റെ മുഖദര്‍പ്പണവും പേറി നടന്നുനീങ്ങുന്ന നിങ്ങളെ എന്നും ബഹുമാനത്തോടെയല്ലാതെ നോക്കിക്കാണുവാനാകുന്നില്ല. വിശുദ്ധിയുടെ വെള്ള വസ്ത്രത്തില്‍ ഉത്ഥിതന്‍റെ ഉയര്‍പ്പിലുള്ള വിശ്വാസത്തിന്‍റെ വെണ്മ മാത്രമേയുള്ളുവെന്നു സ്വര്‍ഗ്ഗത്തിലെത്തിച്ചേരുന്ന നിങ്ങളുടെ നിലവിളികള്‍ക്കുത്തരം തരുന്ന ദൈവത്തെപോലെതന്നെ ചിലപ്പോളെങ്കിലും വിശ്വാസത്തോടെ ഉയരങ്ങളിലേക്ക് കരങ്ങളുയര്‍ത്തുന്ന ഞങ്ങള്‍ക്കുമറിയാം. അനേകര്‍ക്ക് വെളിച്ചമാകുന്ന, ഹൃദയം തകര്‍ന്നവരുടെ അത്താണിയായ 'അവനെ' സ്വന്തമാക്കുവാന്‍ നിങ്ങള്‍ കാണിച്ച വെമ്പലിനെ ഞങ്ങള്‍ ആദരിക്കുന്നു ബഹുമാനിക്കുന്നു. നിരാശയുടെ പടുകുഴിയിലാഴ്ന്നവര്‍ക്ക് കൈത്താങ്ങായ്, ഹൃദയം നുറുങ്ങിയവര്‍ക്ക് ആശ്വാസമായ്, സര്‍വ്വോപരി സര്‍വ്വവ്യാപിയായവന്‍റെ രൂപമായി മാറുവാന്‍ കഴിയട്ടെ ഓരോ സന്യസ്തര്‍ക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org